Friday, July 31, 2009

പനിക്കിനാവുകൾ.....

ജാലകത്തിലൂടെ നോക്കുമ്പോൾ, പാടല വർണ്ണമുള്ളവെയിലിൽ സ്വർണ്ണകോളാമ്പികൾ
പൂത്തു നില്ക്കുന്നതു കാണുന്നു. നോക്കെത്താദൂരം പരന്നുകിടക്കുകയാണ് മഞ്ഞ നക്ഷത്ര
ങ്ങൾ പോലെയുള്ള ആപൂക്കൾ...ഇന്നലെയല്ലെ ഷൈലജയുടെ വീട്ടിൽ നിന്നും
കോളാമ്പി ചെടിയുടെ ഒരു കമ്പ് കൊണ്ട് കുഴിച്ചിട്ടത്.ഇന്നതെങ്ങിനെ പൂത്തുമറിഞ്ഞ ഒരു
കാടായി.? എ ഫോറസ്റ്റ് ഓഫ് അല്ലമാൻഡ!!
പൂക്കളിൽ ഘനീഭവിച്ച മഴതുള്ളികൾ പോക്കുവെയിലേറ്റ്
വൈഡൂര്യ മണികളായി തിളങ്ങി നില്ക്കുന്നതും കാണാം.മാനത്ത് അറബിക്കഥയിലെ
മലക്കുകളെപോലെ പറന്നു പോകുന്നവെണ് മേഘങ്ങൾ..അതോ മേഘങ്ങളെപോലെ
യുള്ളമലക്കുകളോ...നോക്കിനില്ക്കെ ചക്രവാളത്തിൽ നിന്നും പറന്നുവരികയാണ് ഒരു വലി
യ ചിത്രശലഭം.അത് മുറ്റത്ത് വന്നിറങ്ങിയതും ഒരു സുന്ദരി പെൺകുട്ടിയായി മാറി...താനെന്താ
സ്വപ്നം കാണുകയാണോ? താരകൻ സ്വന്തം കയ്യിൽ നുള്ളി നോക്കി..ഒട്ടും വേദനിക്കുന്നില്ല
ഒന്നുകിൽ ഇതൊരു സ്വപ്നം അല്ലെങ്കിൽ......ഏയ് അതാവാൻ വഴിയില്ല..
ഇതവളാണ് .ലൈബ്രററിയിൽ ഇടക്ക് നെരൂദയുടെയും മാർക്കേസിന്റെയും പുസ്തകങ്ങൾ
അന്വേഷിച്ച് വരാറുള്ള പെൺകുട്ടി.!
പെൺകുട്ടി തന്റെ നേരെ നോക്കുന്നു. വെറും നോട്ടമല്ല.പ്രണയത്തിന്റെ ഇന്ദ്രധനുസ്സിൽനിന്നും
തൊടുത്തുവിട്ട കുളിരമ്പു പോലെയുള്ള ഒരു കടാക്ഷം..അതിനല്പം പരിഭവത്തിന്റെ നനവുമുണ്ട്.
കണ്ടിട്ടെത്ര നാളായി..? അവൾ മിഴികൊണ്ട് മൊഴിയുന്നു..
എന്താപേര്? താരകൻ ചോദിക്കുന്നു..അവൾ കേൾക്കുന്നില്ല..താരകൻ ഉറക്കെ വീണ്ടും ചോ
ദിക്കുന്നു. എന്താ പേര്?? അവൾ കേട്ടാലും മിണ്ടുന്നില്ല..താരകനു ദേഷ്യം വരുന്നു.അവളെ
എന്തെക്കൊയോ ചീത്തവിളിക്കുന്നു..അപ്പോൾ പേടിച്ച് അരണ്ട് അങ്ങേയറ്റം പരുഷമായ
ശബ്ദത്തിൽ അവൾ വിളിക്കുന്നു..ചേട്ടാ...ചേട്ടാ‍...ശരിക്കും പാറപുറത്ത് ചിരട്ടയുരക്കുന്ന
ശബ്ദം.! എന്തൊരു ആന്റി ക്ലൈ മാക്സ് ..മാൻ പേടപോലെയിരിക്കുന്ന് പെൺകുട്ടിക്ക് മരത്തവളയുടെ
സ്വരം..താരകൻ പിന്നെയും എന്തൊ പറയുന്നു. അവൾ വീണ്ടും പരുഷസ്വരത്തിൽ ചേട്ടാ‍...ചേട്ടാ
എന്ന് വിളിച്ചുകൊണ്ട് താരകന്റെ കഴുത്തിന് കുത്തി പിടിക്കുവാനായി ജനലിലൂടേ കൈ നീട്ടുകയാ
ണ്.താരകൻ ഒരു നിലവിളിയോടെ ഉറക്കം ഞെട്ടിയുണർന്നു..അപ്പോഴും പരിഭ്രമത്തോടെ
ചേട്ടാ.. ചേട്ടാ..എന്ന് വിളിച്ചു കൊണ്ടിരിക്കുകയാണ് രമേശൻ.. മഞ്ഞകോളാമ്പി പൂക്കളും
ശലഭ പെൺകൊടിയും അപ്രത്യക്ഷമായിരിക്കുന്നു...
“കുറെ നേരമായി ചേട്ടൻ ഉറക്കത്തിൽ കിടന്നു പുലമ്പുന്നു. ഉണർത്താൻ നോക്കിയപ്പോൾ
വയലന്റാവാൻ തുടങ്ങി.ഞാൻ പേടിച്ചു പോയി ,ഇനി പനിയെങ്ങാൻ തലക്കടിച്ചോന്ന്...”
രണ്ട് ദിവസമായി പനി കൂടുതലാണ്.തീർത്തും കിടപ്പിൽ.മയങ്ങിയും ഉണർന്നും സ്വപ്നങ്ങൾ
കണ്ടും സമയം അങ്ങിനെ സ്ലോ മോഷനിൽ പൊയ്ക്കൊണ്ടിരിക്കുന്നു. വീണ്ടും ഒരു പാരസി
റ്റമോൾ എടുത്ത് കഴിച്ച് കൂജയിൽ നിന്ന് വെള്ളം കുടിച്ച് മൂടി പുതച്ച് കിടന്നു. കുറച്ച് കഴിഞ്ഞ്പ്പോൾ
അമ്മ വന്നു .പുറത്ത് ഒരു പഴയ സ്റ്റുഡന്റ് കാണാൻ വന്നിരിക്കുന്നെന്ന്.
“ഇങ്ങോട്ട് വരാൻ പറയട്ടെ..”
“ശരി”
താരകൻ ക്രൈസ്റ്റ് കോളജിൽ നിന്ന് ഡിഗ്രി പാസായതിനു ശേഷം ഒരു പ്രൈവറ്റ് കോ
ളേജിൽ ഒന്നു രണ്ട് വർഷം ട്യൂഷൻ എടുത്തിരുന്നു.വർഷങ്ങൾക്ക് മുൻപാണ് .വിദ്യാർഥിക
ളുമൊക്കെയായി നല്ല അടുപ്പമായിരുന്നു.ഇപ്പോഴും അവരിൽ പലരുടെയും ഗ്രീറ്റിംഗ് കാർഡ്സ്
ഒക്കെ കിട്ടാറുണ്ട്.അപൂർവ്വമായി ചിലർ ഇതു വഴി വരാറുമുണ്ട്.കല്ല്യാണം ക്ഷണിക്കാനൊ
വെറുതെ ഒന്നു കുശലം പറയാനോ. അവരിൽ സുന്ദരികളായ പെൺകുട്ടികളുടെയൊക്കെ
മുഖം താരകന്റെ മനസ്സിലൂടെ കടന്നു പോയി..മുട്ടറ്റം മുടിയുള്ള മൈത്രി.?നിണ്ട കണ്ണുള്ള
നീലിമ, അതോ സദാ പച്ച തട്ടമിട്ടു വരുന്ന ,എല്ലാവരും പച്ചകിളി എന്നുവിളിക്കുന്ന താഹി
റയോ? ആരാണ് രോഗ ശയ്യയിൽ തന്നെ കാണാനെത്തിയിരിക്കുന്ന പൂർവ്വവിദ്യാർഥി?
നേർത്ത ഒരു ചുമകേട്ട് വാതിൽ ക്കലേക്കു നോക്കി.മറ്റൊരു ആന്റിക്ലൈമാക്സ്!
വെളുത്തു വെൺചാമരം പോലെ മുടി നരച്ച ഒരു വൃദ്ധ. ഐശ്വര്യമുള്ള മുഖം .വാത്സല്യം
തുളുമ്പുന്ന പുഞ്ചിരി.... ഇവരാ‍ണൊ തന്റെ പഴയ സ്റ്റുഡന്റ് ! ശരിയാണല്ലൊ ദേവകിയമ്മ
അല്ലെ ഇത്.ഫൈനൽ പരീക്ഷക്ക് പത്ത് വാക്കുകൾ കേട്ടെഴുത്തെടുത്തപ്പോൾ പത്തിൽ
പത്തും മാർക്കുവാങ്ങി ക്ലാസ്സിന്റെ മുഴുവൻ അഭിനന്ദനവും ഏറ്റുവാങ്ങിയ ദേവകിയമ്മ!
രണ്ടാം സ്ഥാനം കോന്തുണ്ണിനായർക്കായിരുന്നു.പത്തിൽ ഒൻപത് മാർക്ക്.അദ്ദേഹം
തെറ്റിച്ചതോ എളുപ്പമുള്ള ഒരു വാക്കും. കാക്ക ‘ക്ക് പകരം ആളെഴുതി വച്ചത് കക്ക.
ഓർമ്മകൾ വർഷങ്ങൾക്കപ്പുറത്തേക്ക് പറന്ന് വായന ശാലയിൽതകൃതിയായി
നടക്കുന്ന സായാഹ്ന ക്ലാസ്സിൽ ലാൻഡ് ചെയ്തു.. സമ്പൂർണ്ണസാക്ഷരതാ യജ്ഞത്തിന്റെ
ഭാഗ മായി വയോജനങ്ങൾ ക്ക് വേണ്ടി നടത്തുന്ന ക്ലാസ്സാണ്..ഒരു മാസത്തെ ക്രാഷ് കോ
ഴ്സ്.പത്തോളം വിദ്യാർഥികൾ.പലർക്കും പ്രായം അമ്പതിനും അറുപതിനും ഇടയിൽ..
അവരുടെ പേരകുട്ടിയുടെ പ്രായമുള്ള ,പൊടി മീശയുള്ള ഗൌരവക്കാരനായ അധ്യാപകൻ
താൻ തന്നെ ...താരകൻ മാഷ്..
“....അപ്പോൾ ഞാൻ എവിടെയാണ് നിർത്തിയത്.. അതെ, അക്ഷരം അഗ്നിയാണ്....
സ്വാതന്ത്ര്യത്തിലേക്കുള്ള വെളിച്ചമാ‍ണ്. ശരി ഇനി നിങ്ങൾ പറയൂ വായിക്കാൻ പഠിച്ചാൽ
നിങ്ങളെന്തായിരിക്കും ചെയ്യുക...ആദ്യം ആമിനുമ്മ പറയൂ .
“ പേർഷ്യയിലുള്ള ഞമ്മടെ മോൻ ജബ്ബാറിനൊരു കത്തെഴുതും..സൊന്തം കയ്യോണ്ട്..സ്വന്തം പേനോണ്ട്..”
തലയിൽ നിന്ന് ഇഴുകിവീഴുന്ന തട്ടം നേരെയാക്കി കൊണ്ട് ആമിനുമ്മ പറഞ്ഞു.
“എനിക്കൊരു മോഹേ ഉള്ളൂ എഴുത്തഛന്റെ രാമായണം ഏഴുതാളു പകുത്ത് ഏഴുവരിതള്ളി ദിവസോം
വായിക്കാ .. “ ക്ലാസീലെ മിടുക്കിയായ ദേവകിയമ്മ പറഞ്ഞു.ഇപ്പോൾ തന്നെ അവർ തപ്പി പിടി
ച്ചുള്ള വായന തുടങ്ങിയിരുന്നു.

“ മനോരമയിലേയും മംഗളത്തിലേയും ഓരോരോ കഥകളൊക്കെ വായിക്കാനാ ഞാന്
അക്ഷരം പഠിക്കണത്..” മേനോത്തെ അമ്മിണിയമ്മപറഞ്ഞു.. ‘’മരുമോളാ എല്ലാം വായിച്ച്’
കഥ പറഞ്ഞ തരാറ്..ഇപ്പോ അവള് പ്രസവിക്കാൻ പോയിരിക്കാ..അതോണ്ടാ. അറുപത്
വയസ്സ് കഴിഞ്ഞോരെ ക്ലാസ്സിലെടുക്കണില്ലാന്ന പറഞ്ഞിട്ടും മെമ്പറ് പ്രസാദനെ കണ്ട്
ഞാന് ഈ ക്ലാസ്സില് അഡ്മിഷൻ വാങ്ങിയത്..” അമ്മിണിയമ്മയുടെ വർത്തമാനം കേൾക്കാൻ
നല്ല രസമുണ്ട്.. അങ്ങനെ ചിരിയും തമാ‍ശയുമായി കാര്യങ്ങൾ നീങ്ങുമ്പോഴാണ് അപ്രതീക്ഷിതമായ
ഒരു പരാതി..
“സാർ ഈ കുട്ടി എന്നെ നോക്കി കോക്രി കാണിക്കുന്നു...” പരാതിക്കാരി സാക്ഷാൽ ചക്കാംതൊടി
ദേവകിയമ്മ... പ്രതി അടുത്ത ബഞ്ചിലിരിക്കുന്ന കോന്തുണ്ണി നായരും..
“സ്റ്റാൻഡ് അപ്പ് ദേർ ‘’ താരകൻ രണ്ട് പേരോടുമായി പറഞ്ഞു..ങേ ഹേ ..രണ്ട് പേരും അനങ്ങുന്നില്ല.
അപ്പോഴാണ് അതൊരു കമ്മ്യൂണിക്കേഷൻ ഗ്യാപ്പാണെന്ന് മനസ്സിലായത്.. ഉടനെ തിരുത്തി
“ഉത്തിഷ്ഠത...ജാഗ്രത...” ഇല്ല. എന്നിട്ടുമില്ല അനക്കം .അവസാ‍നം പച്ച മലയാളത്തിൽ പറഞ്ഞു.
“രണ്ടാളും ഏന് റ്റ് നിക്കൂ...“ ന്യായാധിപന്റെ മുന്നിൽ വിറച്ച് നില്ക്കുന്ന വാദിയേയും പ്രതിയേയും
താരകൻ വിസ്തരിക്കാൻ തുടങ്ങി.’
ഞാനീ കേട്ടത് സത്യമാണോ മിസ്റ്റർ കോന്തുണ്ണിനായർ?
“അല്ല മാഷെ ഞാനങ്ങിനെ ചെയ്തിട്ടെയില്ല..“ നായർ കുറ്റം നിഷേധിക്കുകയാണ്.
ഉവ്വ് സാർ കോക്രികാണിക്കുക മാത്രമല്ല കണ്ണിറുക്കിയും കാണിച്ചു..
ദേവകിയമ്മ ഒരു കരച്ചിലിന്റെ വക്കത്താണ്..
അപ്പോഴാതാ..കോന്തുണ്ണി നായർ വീണ്ടും കോക്രി കാണിക്കുന്നു..ഇടക്കിടെ
കണ്ണടക്കുന്നുമുണ്ട്..കക്ഷി എന്തോ പറയാൻ വിമ്മിട്ടപെടുകയാണെന്നു തോന്നുന്നു.പക്ഷെ
വാക്കുകൾ പുറത്ത് വരുന്നില്ല...
“ റിലാക്സ് ..നായർ ..റിലാക്സ്..“
താരകൻ കോന്തുണ്ണിനായരെ ആശ്വസിപ്പിച്ചു..
അപ്പോൾ അദ്ദേഹം വിക്കി വിക്കി പറയാൻ തുടങ്ങി..
“ ..അഞ്ചുപത്ത് കൊല്ലായി എനിക്ക് കോട്ടുവാതത്തിന്റെ..അസുഖോണ്ട്...ദിവസോം മരുന്നു
കഴിക്കണം ..നമ്മടേ ശങ്കരൻ ഡോക്ടറുടെ ചികിത്സയാ..ജീവിതകാലം മുഴുവൻ മരുന്നു കഴിക്ക
ണംന്നാ അങ്ങേര് പറേണത്.. മരുന്ന് ഇന്ന് കഴിക്കാൻ വിട്ടുപോയി..ഒരു നേരം കഴിച്ചില്ലെങ്കി
ഇങ്ങനെയാ... “ അദ്ദേഹം മുഖം കോട്ടികൊണ്ട് പറഞ്ഞു...
ദേവകിയമ്മയെ കുറേനാളുകൾക്ക്ശേഷംവീണ്ടും കണ്ടപ്പോൾ താരകൻ അതൊക്കെ ഓർത്ത്പോയി.
“ഇരിക്കു ദേവകിയമ്മേ...” താരകൻ കസേരനീക്കിയിട്ടുകൊണ്ട് പറഞ്ഞു.
‘ഇരിക്കാനൊന്നും സമയമില്ല ..മോനസുഖമായി കിടക്ക്വാന്ന് കേട്ടിട്ട് വന്നതാ...ദൂരെ ഒരു
അമ്പലത്തിലേക്ക് പോകുന്നവഴിയാ.. ഇതു രാമായണമസമല്ലെ..നടയിലിരുന്ന് ഏഴുനാൾ
രാമായണം വായിക്കണം ..ദിവസോം ഏഴു താളു പകുത്ത് ഏഴുവരിതള്ളി...“
“അതിരിക്കട്ടെ താരകൻ പനിച്ചു കിടക്കാണെന്ന് ദേവകിയമ്മ എങ്ങിനെ അറിഞ്ഞു?”
ഓ ജയന്തൻ പറഞ്ഞിട്ടുണ്ടാകും അല്ലെ..“? ജയന്തൻ ദേവകിയമ്മയുടെ ഇളയമകനാണ്
രമേശന്റെ കൂട്ടുകാരൻ... അവർ പക്ഷെ അതിനു മറുപടിപറയാതെ താരകന്റെ നെറ്റിയിൽ
കൈ വച്ചു .അവരുടെ കൈതലത്തിന് വല്ലാത്തതണുപ്പ്...
“ നല്ല പനിയുണ്ടല്ലോ..”
ഒരു കാര്യം ചെയ്യാം അല്പസമയം ഞാനിവിടെയിരുന്നു രാമായണം ഉറക്കെ വായിക്കാം..
പനികുറയും..’ അവർകയ്യിലിരിക്കുന്ന പുസ്തകം തുറന്ന് വായനതുടങ്ങി..
അവരുടെ പെരുമാറ്റം വിചിത്രമായി തോന്നി താരകന്.. വായനതുടരവെ മുറിയിൽ ഇരുളു
പരക്കാൻ തുടങ്ങുന്നു...ഇരുളിൽ അവർഒരു നിഴലുപോലെ മായുന്നു.. പക്ഷെ ആശബ്ദം
കേൾക്കുന്നുണ്ട്..താളത്തിൽ..ഈണത്തിൽ..വല്ലാത്തൊരു മുഴക്കത്തിൽ...പിന്നെ
ആ ശബ്ദവും ഇല്ലാതായി...കാണുന്നില്ലെങ്കിലുംമുറിയിൽ അവരെവിടെയോ ഉണ്ട്..
.താരകന് എന്തെന്നില്ലാത്ത ഒരു ഭയം അനുഭവപെടുകയാണ്.. ..തൊണ്ട വരളുന്നു..
ഞെട്ടിയുണരുമ്പോൾ ശരീരമാകെ വിയർത്തു കുളിച്ച് പനിവിട്ടിരിക്കുന്നു. മുറിയിൽ
വിട പറയാനൊരുങ്ങി നിൽക്കുകയാണ് അന്തിവെളിച്ചവും..ഇനി കിടന്നാൽ ശരിയാവില്ല..
കണ്ണടച്ചാൽ സ്വപ്നങ്ങളാണ്.. താരകൻ ഷർട്ടെടുത്തിട്ട് താഴേക്ക് നടന്നു.
താഴെ രമേശൻ എങ്ങോട്ടൊ ധൃതിയിൽ പോകുവാനായി വണ്ടി സ്റ്റാർട്ടാക്കുന്നു.വരാന്ത
യിൽ പരിഭ്രമിച്ച മുഖവുമായി അമ്മയും നില്ക്കുന്നുണ്ട്.
“എവിടെക്കാ രമേശാ..? താരകൻ ചോദിച്ചു.
“ ജയന്തൻ വിളിച്ചിരുന്നു...ഉച്ചക്ക് ഊണ് കഴിഞ്ഞ് ഉറങ്ങാൻ കിടന്ന അമ്മ ഇപ്പോൾ
വിളിച്ചിട്ടെഴുന്നേൽക്കുന്നില്ലെന്ന്...മുൻപ് രണ്ട് അറ്റാക്ക് കഴിഞ്ഞ ആളാണ്.ഡോക്റ്റർ
ശങ്കരനേയും കൂട്ടി ഒന്നവിടം വരെ പോയിട്ടു വരട്ടെ.. കേട്ടിട്ട് ..എല്ലാം കഴിഞ്ഞ ലക്ഷ
ണമുണ്ട്...എന്തായാലും ദേവകിയമ്മക്ക് ഭാഗ്യമുണ്ട് ..ഇന്നവരുടെ സപ്തതി പ്രമാണിച്ച്
കുടുംബാംഗങ്ങളെല്ലാം ഒത്തുകൂടിയിരിക്കുകയായിരുന്നു..”‘
ഓ..ഗോഡ് ..എന്തൊക്കെയാണീ കേൾക്കുന്നത്..ഇനി ഇതുംസ്വപ്നമാണോ? താരകൻ
വീണ്ടും സ്വന്തം ശരീരത്തിൽ നുള്ളി നോക്കി...ഉവ്വ് ..വേദനിക്കുന്നുണ്ട്..





Wednesday, July 22, 2009

ഡോക്ടർ ശങ്കരന്റെ ഓ.പിയിൽ...

മഴയുടെ പൂരം കൊടികയറിയദിവസങ്ങളായിരുന്നല്ലൊ കടന്ന് പോയത്.
മഴകാറ്റിന്റെ തലോടലിൽ ആലവട്ടം വീശിനിൽക്കുന്ന വൃക്ഷതലപ്പുകൾ
നോക്കി കമ്പിളിയും പുതച്ച് തീയും കാഞ്ഞ് കയ്യിലൊരുപുസ്തകവുമായി ചടഞ്ഞു കൂടാൻ
ഇന്നലെ താരകന് പെട്ടൊന്നൊരു മോഹം.അതായിരുന്നു ആദ്യ ലക്ഷണം . പക്ഷെ
പറമ്പിൽ ചെയ്തു തീ‍ർക്കാൻ കുറച്ച് പണികളുണ്ടായിരുന്നു.കൃഷി ഭവനിൽ നിന്ന്
കഴിഞ്ഞ തിരുവാതിരയിൽ കൊണ്ട് വച്ച നേന്ത്രവാഴകളെല്ലാം കുലച്ച് നിൽക്കുകയാണ്.
ചിങ്ങം പിറക്കുമ്പോൾ വെട്ടി പഴുക്കാൻ വക്കേണ്ടഓണകുലകളാ‍ണ്.മഴയും കാറ്റും നീണ്ട് പിടിച്ചാൽ
എല്ലാം നിലം പൊത്തും.അങ്ങനെ വാഴകൾക്ക് ശീമകൊന്നതറിവെട്ടി താങ്ങു കൊടു
ക്കലായിരുന്നു ഇന്നലത്തെ പ്രധാനജോലി. ഇടക്കിടെ ചിണുങ്ങി പെയ്യുന്ന
മഴകൂട്ടാ‍ക്കാതെ തോമാച്ചനു മൊത്ത് ചാരപടുത്തി,കർപ്പൂരകദളി ,പാളേങ്കോടൻ തുടങ്ങിയവ ഉൾപെടെ
പത്തറുപത് വാഴകൾക്ക് വേണ്ട സപ്പോർട്ട് കൊടുത്ത് കഴിയുമ്പോഴേക്കും സമയം സന്ധ്യയായി.
അപ്പോഴേക്കും വല്ലാതെ കുളിരും ശരീരവേദനയും തുടങ്ങിയിരുന്നു. വൈറൽ പനിയുടെ ആരംഭം!
“വല്ലാതെ പൊള്ളുന്നുണ്ടല്ലോ“! അമ്മ നെറ്റിയിൽ പുറംകൈ വച്ചുകൊണ്ട് വേവലാതി പെട്ടു.
“സാരമില്ല നീർദോഷ പനിയുടെ ആരംഭമാണെന്നു തോന്നുന്നു” .താരകൻ പറഞ്ഞു.
“അങ്ങനെ നിസ്സാരമാക്കെണ്ട..നീർദോഷ പനിയാണ് ഇപ്പോൾ ചിക്കൻ ഗുനിയയും,ഡെങ്കി പനിയു
മൊക്കെയായി മാറുന്നത്“അതുകേട്ടുകൊണ്ട്, ട്രഷറിയിൽ നിന്ന് വരുന്ന വരവിൽ രമേശൻ പറഞ്ഞു.
‘’ ചേട്ടൻ നാളെതന്നെ ശങ്കരൻ ഡോക്ടറെ കണ്ടോളൂ. “
അങ്ങനെയാണ് താ‍രകൻ ശങ്കരൻ ഡോക്ടറുടെ വിദഗ്ദ
ചികിത്സക്കായി ഗവേണ്മെന്റ് ആശുപത്രിയിൽ എത്തിയത്.ഇവിടെ യാണെങ്കിൽ ഒരു സൂപ്പർസ്റ്റാർ
പടം റിലീസ് ചെയ്ത തിയ്യറ്ററിലെ പോലത്തെ തിരക്കാണ്.പനിയും ചുമയുമായി ആബാലവൃദ്ധം
ജനങ്ങളുടെ ഒരു നീണ്ട നിര...നേരത്തെ വന്നതുകൊണ്ട് വളരെ പിന്നിലല്ലാതെ വരിയിൽ ഒരു
സ്ഥാനം കിട്ടി.കൃത്യം പത്ത് മണിയായപ്പോൾ ശങ്കരൻ ഡൊക്ടർ റൌൻഡ്സ് കഴിഞ്ഞ് ഓ.പിയിലെത്തി.
തിയ്യറ്ററിൽ ടിക്കറ്റ് കൊടുക്കാൻ ബെല്ലടിക്കുമ്പോൾ പെട്ടെന്ന് ഒരു തിരക്കുണ്ടാകുന്നതുപോലെ വരിയിൽ
ഒരു ഉന്തുംതള്ളും അനുഭവപെട്ടു.‘സൈലൻസ്, സൈലൻസ് ‘എന്ന്ആക്രോശിച്ചുകൊണ്ട് ഡോക്ടർ
കസേരയിൽ ഇരുപ്പുറപ്പിച്ചു. അദ്ദേഹം മേശപുറത്ത് വച്ചിരിക്കുന്ന ഓപി ടിക്കറ്റുകൾ എടുത്ത് പേരു വിളി
ച്ച് തുടങ്ങി.” വേലു ചാമി, അറുപതുവയസ്സ്” വരിയിൽ നിന്ന് വടിയുംകുത്തിപിടിച്ച് ഒരു അണ്ണാച്ചി, ഡോക്ടർ
ക്കെതിരേയുള്ള സ്റ്റൂളിൽ വന്നിരുന്നു. “എന്നാസാമി?” കഴുത്തിൽ കിടക്കുന്ന കുഴലിൽ തെരുപിടിപ്പിച്ച്
ഡോക്ടർ അക്ഷമനായി. ‘’ തലസുത്തു,വയറു വലി,മൂക്ക് ഒളുകിറതു...സൂചിപോടുങ്കോ” രോഗവും
അവസാനം അതിനുള്ള ചികിത്സയും അണ്ണാച്ചി പറഞ്ഞു കളഞ്ഞു. ഇഞ്ചക്ഷൻ വേണമെന്ന് .
“മൂച്ച് വലിച്ച് വിട് സാമി.”ഡോക്ടർ കഴുത്തിലെ കുഴലിന്റെ അറ്റം രോഗിയുടെ നെഞ്ചിൽ ചേർത്ത്കൊണ്ട് പറഞ്ഞു.
“ആദ്യം ഞാനൊന്നു നോക്കട്ടെ .എന്നിട്ടു നിശ്ചയിക്കാം ഇഞ്ചക്ഷൻ വേണോ ഓപ്പറെഷൻ വേണൊന്ന്..”
അടുത്തതായി ഇരുന്നത് ഒരു അമ്മയും കുട്ടിയുമാണ്. “ഇവന് രണ്ട് ദിവസമായി പനി .ഇന്നലെ മുതൽ
ഒരു വസ്തുകഴിക്കുന്നില്ല.ഇന്ന് നോക്കുമ്പോൾ വായിൽ നിറച്ച് പൊളങ്ങൾ. കയ്യിന്റെ അടിയിലും
കാലിന്റെ അടിയിലും പൊന്തിയിട്ടുണ്ട്. “
പേടിക്കാനൊന്നു മില്ല ..ഇത് വൈറസ് മൂലമുണ്ടാകുന്ന പുതിയ ഒരു അസുഖമാണ്.ഹാൻഡ് ഫൂട് മൌത്ത് ഡിസീസ് ..
മരുന്നുകഴിച്ചാൽ ഒരൊറ്റ ആഴ്ചകൊണ്ട് മാറും,അല്ലെങ്കിൽ ഏഴുദിവസം വരെ പിടിക്കും...
“ സർ, തക്കാളി പനിയാണൊ?“ യുവതി സംശയം ചോദിച്ചു...
“ചില വിവരദോഷികൾ അങ്ങനെ യും വിളിക്കുന്നുണ്ട്..തക്കാളിയെന്നോ ഉരുളകിഴങ്ങെന്നോ എന്ത്
വേണെലും വിളിച്ചോളൂ. പക്ഷെ മൂന്നുദിവസംകുട്ടിക്ക് ദ്രവരൂപത്തിലുള്ള ആഹാരംകൊടുത്താൽ മതി..’
ഡോക്ടർ പ്രിസ്ക്രിപ്ഷൻ എഴുതുന്നതിനിടയിൽ പറഞ്ഞു.
പീറ്റർ ,ഇരുപത്തഞ്ച് വയസ്സ്..” ഡോകടർ അടുത്ത പേരു വിളിച്ചു.ജീൻസും ടീഷർട്ടും ധരിച്ച ചെറുപ്പ
ക്കാരൻ വരിയിൽ നിന്ന് മുന്നോട്ട് വന്നു.അയ്യാൾ ശബ്ദം താഴ്ത്തിയാണ് സംസാരിക്കുന്നത്.എന്തൊ
രഹസ്യമാണ്.”കല്ല്യാണം കഴിഞ്ഞതാണൊ?” ഡോക്ടർ ഉറക്കെ തന്നെ ചോദിച്ചു.
“അല്ല..”
“എത്രകുട്ടികളുണ്ട്..?
.ചെറുപ്പക്കാരൻ ഒന്ന് കണ്ണടച്ചുതുറന്നു.പിന്നെ പറഞ്ഞു :‘’സർ ,എന്റെ കല്ല്യാണം കഴിഞ്ഞതല്ല”
“അത് ആദ്യത്തെ ചോദ്യത്തിനുള്ള ഉത്തരമാണ്.എത്രകുട്ടികളുണ്ടെന്നതാണ്ഇപ്പോഴത്തെ ചോദ്യം .“
ഡൊക്ടർ ശങ്കരൻ ഫോമിലാവുകയാണ്.അദ്ദേഹത്തിന്റെ ഓപിയിൽ ഇത്തരം തമാശകൾ പതിവാ
ണെന്ന് ആളെ മുന് പരിചയമുള്ളത് കൊണ്ട് താരകന് നല്ലവണ്ണം അറിയാം..വട്ടൻ വൈദ്യൻ എന്നാണ്
അദ്ദേഹത്തിന്റെ നാട്ടിലുള്ളവിളിപേരുതന്നെ.എന്താ ഏതാ പറയാന്ന് ഒരു ലൈസൻസുമില്ല.പക്ഷെ
ആള് കൈപുണ്ണ്യമുള്ളവനായതു
കൊണ്ട് നാട്ടുകാർ അദ്ദേഹത്തെ സ്നേഹപൂർവ്വംസഹിക്കുന്നു.
“എന്റെ അറിവിൽ എനിക്ക് കുട്ടികളൊന്നു മില്ല “ ചെറുപ്പക്കാരൻ ഒന്ന് ചിന്തിച്ചതിനു ശേഷം പറഞ്ഞു.
നല്ല ഉത്തരം താരകനു മനസ്സിൽ തോന്നി. “വെരി ഗുഡ്” ഡോക്ടർ ശങ്കരനും ആ മറുപടി ഇഷ്ടപെട്ടു.
അല്ലെങ്കിലും കുട്ടികളുണ്ടാകാൻ കല്ല്യാണം കഴിക്കണമെന്ന് നിർബന്ധമില്ലെന്ന് അറിയാൻ വൈദ്യ
ശാസ്ത്രം പഠിക്കേണ്ട കാര്യമൊന്നുമില്ലല്ലോ.
അടുത്തരോഗി ഒരു ചെറുപ്പക്കാരിയായിരുന്നു.ഡോക്ടറുടെ രീതികൾ കണ്ട് അവൾ അല്പം
പരിഭ്രമിച്ച മട്ടുണ്ട്. അതു കൊണ്ട് ഡോക്ടർ അസുഖവിവരം ചോദിച്ചിട്ടും അവൾ മിണ്ടാതിരിക്കുകയാണ്.
ഡോക്ടർ ദേഷ്യപെടാൻ തുടങ്ങിയപ്പോൾ അവൾ അറച്ചറച്ച് പറഞ്ഞു.“ചൊറിച്ചിൽ..”
“എവിടെ ?” ഉത്തരം വീണ്ടും മൌനം .നോട്ടം മേശപുറത്ത് വച്ചിരിക്കുന്നസ്വന്തംകൈതലത്തിൽ.
“ വിരലിടയിലാണൊ.നോക്കട്ടെ .ഒന്നുംകാണുന്നില്ലല്ലോ..” രോഗിയുടെ നോട്ടം ഇപ്പോൾ സ്വന്തം കാൽ വിരലിൽ
“ഓ..കാൽ വിരലുകൾക്കിടയിലാണോ.എവിടെ,നോക്കട്ടെ.. ഇല്ലല്ലോ ഒന്നുമില്ലല്ലോ..നിങ്ങൾ
എന്തെങ്കിലും ഒന്നു പറയൂ .ഇവിടെ സമയം പോകുന്നു.” രോഗി മൌനം തന്നെ .ഇപ്പോൾ നോട്ടം ഭൂമിയും
തുളച്ച് താഴോട്ട് പോകുന്നു....പെട്ടെന്ന് ഡോക്ടർ ശങ്കരന്റെ മുഖം തെളിഞ്ഞു .അദ്ദേഹത്തിന്
കാര്യം പിടികിട്ടിയിരിക്കുന്നു. ‘“ തള്ളവിരലുകൾക്കിടയിലാണല്ലെ...” അദ്ദേഹം വളരെ ശബ്ദം താഴ്ത്തി
ചോദിക്കുന്നു. പക്ഷെ താരകൻ കേട്ടു.”അതെ..” രോഗിയുടെ മുഖത്ത് ആശ്വാസം. അദ്ദേഹം ചില
മരുന്നുകൾ എഴുതികൊടുത്തു.കുറവില്ലെങ്കിൽ ഒരു ഗൈനക്കോളജിസ്റ്റിനെ കാണാനും ഉപദേശിച്ചു.
“താരകൻ മുപ്പത് വയസ്സ്..“ അടുത്തത് താരകന്റെ ഊഴമായിരുന്നു. താരകൻ സ്റ്റൂളിൽ ഇരുന്നു.
“പനി,തൊണ്ടവേദന,ശരീരം വേദന..ഇടക്കിടെ കുളിരും” താരകൻ പറഞ്ഞു.
“ഇതു വെറും വൈറൽ പനിയാണെടോ..”കുഴലുവെച്ച് പരിശോധി ച്ചതിനു ശേഷം ഡോക്ടർ
പറഞ്ഞു. “പനിക്കും വേദനക്കും പാരസിറ്റമോൾ
മൂന്നു നേരം വച്ച് കഴിക്ക് ,ടൊൺസിലൈറ്റിസിന്റെ ആരംഭവുമുണ്ട് ..അതിന് ഈ ആന്റി ബയോട്ടിക്കും
കഴിക്ക് .പിന്നെ തലക്കനം കുറയാൻ പേരയില ഇട്ട് തിളപ്പിച്ചവെള്ളത്തിൽ ആവികൊള്ള്.രണ്ട് നേരം
കുടിക്കാൻ അല്പം ചുക്കുകാപ്പിയും അമ്മയോട് അടുപ്പത്തിടാ‍ൻ പറയ്.. (പിന്നെ ശബ്ദംതാഴ്ത്തി) താൻ
അവസാനമെന്താപറഞ്ഞത്...കുളിരെന്നോ ...അത് മാറ്റാനുള്ള വഴി താൻ തന്നെ കണ്ട് പിടിക്കെടോ
താരകൻ ചമ്മലോടെ മറ്റുള്ളവരെ നോക്കി ഇല്ല ആരും കേട്ടില്ലെന്നു തോന്നുന്നു...
എന്തായാലും ഒരു കാര്യം ചെയ്യ് ആശുപത്രി വരെ വന്നതല്ലെ..ആ ലാബിൽ പോയി രക്തവും മൂത്രവും
ഒന്നു പരിശോധിച്ചിട്ട് കാണിച്ചോളൂ.. ബ്ലഡും യൂറിനും ടെസ്റ്റ് ചെയ്ത് തിരികെ വരുമ്പോഴേക്കും
രോഗികളുടെ തിരക്ക് ഒഴിഞ്ഞിരുന്നു. പക്ഷെ മരുന്നു കമ്പനിക്കാർ കുറച്ച് പേർ അദ്ദേഹത്തെ
കണ്ട് കൊണ്ടിരിക്കുകയാണ് .ഒന്നു രണ്ട് മെഡിക്കൽ റെപ്സ് പുറത്തും വെയ്റ്റ് ചെയ്യുന്നുണ്ട്.
അവരിലൊരാളെ നല്ല മുഖ പരിചയം..അതെ ഒരു ബ്ലോഗ് പുലി. ഓ കക്ഷി മെഡിക്കൽ റെപ്പാണോ!
ബ്ലോഗിലെ...കത്തിചേട്ടനല്ലെ..സുഗുണൻ” ഞാൻ കേറിയങ്ങ് പരിചയപെട്ടു. “ഞാനൊരു പുതിയ ബ്ലോഗറാണ്
പേര് താരകൻ...കക്ഷിക്കു വലിയസന്തോഷം .പിന്നെ ബ്ലോഗ് വിശേഷങ്ങളായി ഞങ്ങളുടെ
സംസാരവിഷയം.“ചേട്ടന്റെ കമന്റുകൾ എല്ലാ ബ്ലോഗുകളിലും കാണാലോ. .ജോലിതിരക്കിനിടയിൽ
വായിക്കാനും കമന്റ്ടിക്കാനുമൊക്കെ എവിടന്ന് സമയം കിട്ടുന്നു..!
അതിനൊന്നും അധികം സമയം വേണ്ടടോ..പിന്നെ മറ്റു ബ്ലോഗുകളൊന്നും ഞാൻ വായിക്കാറില്ല
ഏതാനുംസെക്കന്റുകൾ വെറുതെ കണ്ണുകൊണ്ട് സ്കാൻ ചെയ്യുകയേ ഉള്ളൂ.. മിക്കവാറും ഒരേകദേശ
രൂപം അപ്പോഴേക്കും കിട്ടും അതുവെച്ചങ്ങ് ഒരു കമന്റിടും. അഥവാ പിടികിട്ടിയില്ലെങ്കിൽ
എവിടെയും തൊടാതെ ..”കൊള്ളാം..തുടരൂ..”എന്നൊക്കെ അങ്ങു കാച്ചൂം. ങാഹാ..കൊള്ളാമല്ലൊ
ഞാൻ മനസ്സിൽ പറഞ്ഞു. പിന്നെ താനൊരു ന്യൂകമറാണെന്നല്ലേ പറഞ്ഞത്. തന്റെ ബ്ലോഗ്
വിജ്ഞാ‍നം പരിശോധിക്കാൻ ഞാനൊരു ക്വിസ് നടത്തിയാലോ..നമുക്കു നേരവും പോയികിട്ടും.
ഡോക്ടറെ കാണാൻ കുറച്ച് സമയമെടുക്കും ..ആ സിപ്ലാക്കാരൻ റെപ്പാണ് ഉള്ളിൽ കയറിയിരിക്കുന്നത്.
ഒരു മണിക്കൂറെങ്കിലും കഴിയാതെ അവൻ പുറത്തിറങ്ങില്ല..അപ്പോ തുടങ്ങല്ലെ..
“ശരി ഞാൻ റെഡി..” വൈറൽ പനിയുടെ ക്ഷീണം മറന്നുകൊണ്ട് താരകൻ പറഞ്ഞു.
ഫസ്റ്റ് ക്വസ്റ്റിയൻ ..ബൂലോകത്തെ ഓമ്നി പ്രസന്റ്..അതായത് സർവ്വവ്യാപി.?
‘’ അരുൺ കായം കുളം..”
“അല്ല”
ഈസ് ഇറ്റ് ശ്രീ.?” “കറക്റ്റ് ഏൻസർ. വൺപോയന്റ്.“
“ആസ്ഥാനകവിപുംഗവൻ..?“
നാക്കില അനീഷ്..
“നോ”
“ദെൻ,വെട്ട്യാടൻ.രാമേട്ടൻ.” “കറക്ട്.അടുത്തത് റാപ്പിഡ് ഫയർ റൌണ്ടാണ് .നൊ സെക്കന്റ് ചാൻസ്”
“ പാവങ്ങളുടെ വാനമ്പാടി ? “
‌‌-‘സെറീന..”
ബ്ലോഗിലെ വിടുവായത്തം?
- ബി.ടി.(പേരിന്റെ ആദ്യാക്ഷരങ്ങൾ)
“ദ് അനാർക്കിസ്റ്റ്?”
-മിസ്റ്റർസൂരജ്.
ബുദ്ധിയില്ലാത്ത ബുദ്ധിജീവി,അതായത് സ്വന്തം പേരിന്റെ വിരോധാഭാസം?
-പാസ്സ്
"ബൂലോകത്തെ പോത്തൻ ഗാന്ധി?”
-പാസ്സ് .....
അവസാനത്തെ രണ്ട് ചോദ്യങ്ങൾക്ക് അറിഞ്ഞിട്ടും ഞാൻ ഉത്തരം പറഞ്ഞില്ലെങ്കിലും എന്റെ മൊത്തത്തിലു
ള്ള പ്രകടനത്തിൽ “സുഗുണൻ” (പേര് യഥാർഥമല്ല) വളരെ ഇമ്പ്രസ്ഡ് ആവുകയും മരുന്നു കമ്പനിയുടെ
വക ഒരു പേപ്പർ വെയ്റ്റ് എനിക്കു സമ്മാനിക്കുകയും ചെയ്തു.അതിപ്പോഴും എന്റെ മേശപുറത്തിരിക്കുന്നു.
ഉള്ളിൽ അരയന്നങ്ങളും നീലതാമരകളും നീർകുമികളുമുള്ള സ്ഫടികനിർമ്മിതമായ മനോഹരമായ ഒരു പേപ്പർ
വെയ്റ്റ്.....

Thursday, July 16, 2009

താരകന്റെ ഒരു ദിവസം...

തലേന്ന്,എത്രവൈകികിടന്നാലും താരകൻ ബ്രാഹ്മമുഹൂർത്തത്തിൽ തന്നെ എണീക്കും.
അതിനു ശേഷമേ കോഴി കൂവൂ.കിളികള് ചിലക്കൂ.അടുത്ത അമ്പലത്തില് നിന്നൊഴുകി
വരുന്ന പ്രഭാതകീർത്തനങ്ങൾ കേട്ടുകൊണ്ട് അമ്മ ഉണരുന്നതുപോലും അതിന്
ശേഷമാണ്. ലോകാ സമസ്താ സുഖിനോ ഭവന്തു എന്ന് പ്രാർഥിച്ചു കൊണ്ടാണ് കിട
ക്കയില്നിന്നും എഴുന്നേല്ക്കുക.പ്രാഥമികകർമ്മങ്ങള് നിർവ്വഹിച്ച
തിനു ശേഷം നേരെ ടെറസ്സിലേക്കു പോകും.അരമണിക്കൂ‍ർ നേരം യോഗയാണ്.ശല
ഭാസനം ,പതമാ‍സനം മുതലായ ചില ലളിതമായ അഭ്യാസങ്ങള്. അപ്പോഴേക്കും താഴെ
നിന്ന് ഇടം വലം മുട്ടിചിരിക്കുന്ന സ്റ്റീൽ പാത്രങ്ങളുടെ ശബ്ദമുയരും.അമ്മ പശുവിനെ
കറക്കുവാനുള്ള പാത്രങ്ങൾ കഴുകി എടുത്തുവക്കുകയാണ്. മൂന്നു ജഴ്സിപശുക്കളേയും
ഒറ്റയിരുപ്പിന്ന് കറക്കുന്നത് താരകനാണ്.പത്തിരുപത്തഞ്ച് ലിറ്റർ പാലുകിട്ടും നാ‍ലോ
അഞ്ചോ ലിറ്റർ പാല് അമ്മയെ ഏൽ‌പ്പിച്ചതിന്നു ശേഷം ബാ‍ക്കി പാല്പാത്രത്തിലാക്കി
തന്റെ LMLവെസ്പയിൽ കയറി നേരെ മാർക്കറ്റിലേക്കുവിടും .അവിടെ രണ്ട്
ഹോട്ടലുകൾ,ടയർ ഫാക്റ്ററിയിലെ ഉദ്യോഗസ്ഥർ താമസിക്കുന്ന ക്വോർട്ടേഴ്സ്,ആശുപത്രി
കാന്റീൻ എന്നിവിടങ്ങളിൽ പാലു കൊണ്ട് കൊടുത്തതിന് ശേഷം വീട്ടിൽ തിരിച്ചെ
ത്തും. തോട്ടത്തിലൂടെ അല്പനേരം ഉലാത്തും. ചെടികൾക്ക് വെള്ളമൊഴിക്കും. ഒരു ഹോബി
യായി തുടങ്ങിയ ഗാർഡനിങ്ങ് ഇപ്പോൾ താരകന് ഒരു വരുമാന മാർഗ്ഗം കൂടിയാണ്.
ഒരു ആധുനികനഴ്സറിയില് കാണുന്ന ചെടിയിനങ്ങളെല്ലാം ഇവിടെ ഉണ്ട്.സ്പൈഡർ,
ടൈഗർ എന്നൊക്കെ പേരുള്ള പത്തിരുപത്തിഞ്ചിനം ഓർക്കിഡുകൾ, അമ്പതിൽ പരം
റോസ് ഇനങ്ങൾ.. സീസൺസമയത്ത് ദിവസവും ആയിരക്കണക്കിന് രൂപക്ക് പൂവ്
ഇവിടെ നിന്നു കിട്ടും.
ടെറസ്സിലും അടുക്കളമുറ്റത്തു മായി ഒരു പച്ചക്കറി തോട്ടവുമുണ്ട്.അതിന്റെ ചാർജ് അമ്മക്കാണ്.
അത്യാവശ്യം തോട്ട പണിയൊക്കെ കഴിഞ്ഞതിന്ന് ശേഷമാണ് വിസ്തരിച്ചുള്ളകുളി.
കുളിമുറിയിൽ ബാത്ത്ടബിൽ പനിനീ‍രുപോലെ തണുത്തവെള്ളം. നീലഭൃംഗാദിഎണ്ണ.
ചന്ദനസോപ്പ്..കുളികഴിയുമ്പോഴേക്കും നേരം പരപരാവെളുത്തിട്ടുണ്ടായിരിക്കും.
.ഏഴുമണിയോടെ പ്രാതൽ കഴിച്ച് അന്നത്തെ പത്രവുമെടുത്ത് പിന്നെ ഒരു ഇരിപ്പാണ്
ഒരു മണിക്കൂർ പത്ര വായന.അങ്ങനെ പത്രപാരാ‍യണത്തിൽ മുഴുകി ഇരിക്കുമ്പോഴാണ് ഒരു
കോളിംഗ്ബെൽ.പുറത്ത് വരാന്തയിൽ രണ്ട് ചെറുപ്പക്കാർ.
“ഗുഡ് മോണിംഗ് സേർ,ഞങ്ങൾ എം ബി എ ക്കു പഠിക്കുന്നസ്റ്റുഡൻസ് ആണ്.ഫീൽഡ് ട്രെയി
നിംഗിന്റെ ഭാഗമായി ഞങ്ങൾ പാ‍ലക്കാട്ടെ ടീവീയെം കമ്പനിയുടെ ഒരു പ്രോഡക്റ്റ് ഇൻ ട്രോ
ഡ്യൂസ് ചെയ്യാൻ വന്നതാണ്..“ രണ്ട് പേരും നീറ്റ്ലി ഡ്രെസ്സ്ഡ് ആണ്.
“സേർ, ഇതാണ് ബയോഡിസ്ക്..’‘ ഒരാൾ കറുത്തബാഗിൽ നിന്ന് പപ്പടവട്ടത്തിലുള്ള ഒരു
സ്ഫടിക ചെപ്പ് പുറത്തെടുത്തുകൊണ്ട് പറഞ്ഞു. സേർ,വളരെ അത്ഭുതകരമായ മെഡിസിനൽ
പ്രോപ്പർട്ടിയുള്ളതാണ് ഈ ബയോഡിസ്ക്. ഈ ഗ്ലാസ്സ് ഈജിപ്തിലെ നൈൽ നദിയുടെ തീരത്തെ
മാഗനറ്റിക് പ്രോപ്പർട്ടിയുള്ള മണലിൽനിന്ന്സിന്തസൈസ് ചെയ്ത് എടുക്കുന്നതാണ്
ഇതിൽ ഒഴിച്ചുവെക്കുന്ന ജലം അന്തരീക്ഷത്തിലെ ഊർജ്ജകണങ്ങളെ അബ്സോർബ് ചെയ്ത്
ഒരറ്റ രാത്രി കൊണ്ട് ഔഷധഗുണമുള്ള ‘കാന്തിക ജലം ‘ആയി മാറും.പ്രശസ്തരായ പലരും ഉപയോ
ഗിച്ച് ബോധ്യം വന്നിട്ടുള്ളതാണ് സേർ, വിശ്വസമില്ലെങ്കിൽ ഈ സിഡി പരിശോധിക്കാം..
ഈ ഔഷധ ജലം രോഗമുള്ളവർക്ക് രോഗം മാറാനും രോഗമില്ലാത്തവർക്ക് രോഗം വരാതിരിക്കാനും
ഉപയോഗിക്കാം .ഒരു പ്രത്യേകതയെന്താണെന്നു വച്ചാൽ പ്രമേഹത്തിനോ പ്രഷറിനോ മരുന്നു
കഴിച്ചു കൊണ്ടിരിക്കുന്നവർ അതു പെട്ടെന്നു നിർത്തേണ്ടകാര്യമില്ല .പക്ഷെ ഈ ജലം സേവി
ച്ചു തുടങ്ങിയാൽ മരുന്നിന്റെ അളവ് കുറച്ചുകൊണ്ട് വന്ന് ഒരു മാസിനുള്ളിൽ പൂർണ്ണമായും നിറുത്താൻ
കഴിയുന്നതാണ് സേർ. ഇതല്പം വിലകൂടിയതായതിനാൽ അഫോർഡബിൾ ആയവരെ ഞങ്ങൾ
ഇപ്പോൾ അപ്രോച്ച് ചെയ്യുന്നുള്ളൂ. അപ്പോ ഒരെണ്ണമെടുക്കുകയല്ലെസേ...ർ? വാഗ്ധോരണിക്ക് വിരാമ
മിട്ടുകൊണ്ട് ചെറുപ്പക്കാരൻ ചോദിച്ചു.
നിങ്ങളീ പറയുന്നതൊക്കെ കണ്ണുമടച്ചു ഞാൻ വിശ്വസിക്കണം,അല്ലേ? താരകൻ ചോദിച്ചു.
വേണമെന്നില്ല സേർ, ഇപ്പോൾ ഇതിന്റെ പകുതി വിലതന്നാൽ മതി.ഉപയോഗിച്ച് ബോധ്യ പെട്ടതിനു
ശേഷം ,ഞങ്ങൾ അടുത്തമാസം ഇതിലെ വരുമ്പോൾ ബാക്കിവില തന്നാൽ മതി..
കൊള്ളാം പളുങ്ക് പാത്രം കാണാനൊരു കൌതുകമുണ്ട് .അമ്മക്ക് പൊട്ടിയ കുടുക്കുകളും ചില്ലറ പൈസയും
ഇട്ടുവക്കാൻ കൊടുക്കാം.. പത്തമ്പതുരൂപാ പറയുമായിരിക്കും .പകുതിവിലക്കുപേശാം.’
എന്താ ഇതിന്റെ വില?
“സേർ,ഞങ്ങൾ പറഞ്ഞല്ലോ, ഇപ്പോൾ എഞ്ചിനീയേഴ്സിനും ഡോക്ടേഴ്സിനുമൊക്കെയാണ് ഞങ്ങൾ
ഇത് സപ്ലൈ ചെയ്യുന്നത്. മാർക്കറ്റില് ഇതിന്റെ വില ഇരുപത്തായ്യായിരം രൂപയാണ്.സാറിനായതുകൊണ്ട്
ഞങ്ങൾ ഇരുപതിനായിരം രൂപക്ക് തരാം.ഇതിന്റെ ഉപയോഗം വച്ചു നോക്കുമ്പോൾ അതൊട്ടുംകൂടുതലല്ല
സേർ.”
ഓഹോ അങ്ങിനെയാണോ. എഞ്ചിനിയേഴ്സിനും ഡോക്ടെഴ്സിനും കൂടാതെ നിങ്ങൾ ഇത് പോലീസുകാർക്ക്
കൊടുക്കുമോ ,അനിയൻ സ്ഥലം ഡി വൈ എസ്പിയാണ് .അദ്ദേഹത്തിന് പ്രഷറിന്റെ ശല്ല്യമുണ്ട്.എപ്പോഴും
മൂക്കത്താണ് ദേഷ്യം.നിങ്ങളിരിക്ക് ,ഞാനദ്ദേഹത്തെ വിളിക്കട്ടെ, ഇത്തരക്കാരെ ഡീലുചെയ്യാൻ രമേശൻ
വളരെ മിടുക്കനാണ്. രമേശനേയും വിളിച്ച് പുറത്തേക്ക് വരുമ്പോൾ പക്ഷെ, അവരുടെ പൊടിപോലുമുണ്ടായി
രുന്നില്ല കണ്ട് പിടിക്കാൻ...
“ആ കമ്പനിയുടെ പേരെന്താന്നാ പറഞ്ഞത്..? രമെശൻ ചോദിച്ചു.
“ടീവിയെം..എന്നാന്നാ തോന്നുന്നെ ...“
“ഓ..അതു ശരി അപ്പോ അതുതന്നെ..”
ഏതുതന്നെ?
“തട്ടിപ്പ് വെട്ടിപ്പ് മത്തങ്ങ...“
അപ്പോഴേക്കും അമ്മ ഒരു നീണ്ട ലിസ്റ്റുമായെത്തി.ഇന്ന് മാർക്കറ്റ് ദിവസമാണ് .ചന്തയിൽ നിന്ന് ഒരു മാസത്തേക്കു
ള്ള സാധനങ്ങൾ വാങ്ങണം. മാർക്കറ്റിൽ നിന്ന് പെട്ടി ഓട്ടൊയിൽ സാധനങ്ങളുമായി തിരിച്ചെത്തുമ്പോൾ സമയം
പത്തര."പരിപ്പിനൊക്കെ ഇപ്പ എന്താവില!“ പലചരക്കുകടയിൽ നിന്നുള്ള ബില്ലുനോക്കി അമ്മ ആശ്ചര്യപെടും.
അപ്പോഴേക്കും താരകന്റെ മാൻ ഫ്രൈഡേ(നിങ്ങളൊക്കെ റോബിൻസൻ ക്രൂസൊ വായിച്ചിട്ടുണ്ടാകുമെന്ന്
കരുതുന്നു) ആയ തോമാച്ചൻ തോർത്തും തലയിൽ കെട്ടി തൊടിയിലേക്ക്
ഇറങ്ങിയിട്ടുണ്ടാവും.തറവാട്ടിലെ സ്ഥിരം പണിക്കാ‍രനാണ് തോമാച്ചൻ.രണ്ടേക്കർ വരുന്ന തെങ്ങിൻ തോട്ടത്തിൽ
ഇടവിളയായി,കപ്പ,മരച്ചീനി,കൂർക്ക,കൂവ ,പയർ തുടങ്ങിയ കൃഷിയുമുണ്ട്..തോമാച്ചന്റെ കൂടെകൂടി ഇതിനൊക്കെ കി
ളച്ചും കള പറിച്ചും വളമിട്ടും നേരം ഉച്ചയാകും .പിന്നെ മോരും കടുമാങ്ങയും മറ്റു വിഭവങ്ങളും,കൂട്ടി സമൃദ്ധമായ ഉച്ച
യൂണ്. അതിനു ശേഷം അരംണിക്കൂർ പൂച്ചമയക്കം.
.രണ്ട് രണ്ടരയോടെ ഉച്ചകറവ്.പാലുകൊണ്ട് കൊടുക്കൽ .അത്യാവശ്യം കറ
ങ്ങാനുള്ളസ്ഥലത്തൊക്കെ കറങ്ങൽ .വീട്ടിൽ തിരിച്ചെത്തുമ്പോൾ സമയം അഞ്ചുമണി .വീണ്ടും ഒരു കുളി കഴിഞ്ഞ്.
അല്പമൊന്ന് അണിഞ്ഞൊരുങ്ങി ഒരു ഈവനിംഗ് വാക്ക്. ചിലപ്പോൾ അടുത്തുള്ള ലൈ ബ്രററിയിലും ഒന്നു കയറും.
ഇറങ്ങാൻ നിക്കുമ്പോൾ രണ്ട് ദിവസം മുമ്പ് ലൈബ്രററിയിൽ നിന്ന് എടുത്തു കൊടുത്ത ഇന്ദുവിന്റെ ‘മൌന നൊ
മ്പരങ്ങളുമായി അടുത്ത വീട്ടിലെ ദേവികചേച്ചി എത്തി. ‘’താരക..ഇന്ദുവിന്റെ വേറെ പുസ്തകങ്ങൾ ഉണ്ടാവില്ലെ
ലൈബ്രറിയിൽ.നല്ല പുസ്തകം .വായിച്ചിട്ട് ഞാൻ ഇന്നലെ രാത്രി മുഴുവൻ കരഞ്ഞു.’‘രണ്ടുദിവസം മുൻപ് തിരിച്ചു
വാങ്ങിയ കാർഡ് നീട്ടി കൊണ്ട് ചേച്ചി പറഞ്ഞു. ഓ..അപ്പോൾ പിണക്കം അവസാനിച്ചു. താരകൻ വിചാരിച്ചു.
“നോക്കാം ചേച്ചി..പുസ്തകവും ലൈബ്രററി ടിക്കറ്റുംവാങ്ങുമ്പോൾ താരകൻ പറഞ്ഞു.ദേവിക ചേച്ചി അടുത്ത ഒരു
ബന്ധുവും അയൽക്കാ‍രിയുമാണ്.പ്ലസ് ടൂവിലും ,പത്താം തരത്തിലും പഠിക്കുന്നരണ്ട് കുട്ടികളുണ്ട് .ഭർത്താവ് ഗൾഫി
ലാണ്.കണ്ണിർ സീരിയലുകളുടെ പ്രളയകാ‍ലത്തും പൈങ്കിളിവായന ഉപേക്ഷിച്ചിട്ടില്ലാത്ത ഒരു വീട്ടമ്മയാണ്
ദേവികചേച്ചി.ജേസി ,ജോയ്സി,കാ‍നം,കമലാഗോവിന്ദ്..ഇവരൊക്കെയാണ് ചേച്ചിയുടെ ഇഷ്ടപെട്ട
എഴുത്തുകാർ.പൈങ്കിളിവായനയുടെ അധ:കൃതാവസ്ഥയിൽ നിന്ന് നിലവാരമുള്ള വായനയുടെ ഉന്നതകുലത്തിലേക്ക്.
ഒരു മതം മാറ്റത്തിന് താരകൻ ഒരിക്കൽ ആതമാർഥമായ ശ്രമം നടത്തിയതാണ്.ഇതിന്റെ ഭാഗമായി പതിവിൽ നിന്ന് വ്യത്യസ്ഥമായി
താരകൻ ഒരു ദിവസം ദേവികചേച്ചിക്ക് എസ്.കെ പൊറ്റേക്കാടിന്റെ ‘ഒരു ദേശത്തിന്റെ കഥ’ യാണ് ലൈബ്രററിയിൽ നിന്നും
കൊണ്ട് കൊടുത്തത്.‘ജ്ഞാന പീഠം അവാർഡ് കിട്ടിയ പുസ്തകമാണ് ചേച്ചി .ഇതൊന്ന് വായിച്ച് നോക്ക്’
മുഖത്ത് വലിയ താത്പര്യം കണ്ടില്ല.മൂന്നാലു ദിവസം കഴിഞ്ഞ് അതുപോലെ മടക്കി കൊണ്ട് വരികയും ചെയ്തു.
എങ്ങിനെയുണ്ട് പുസ്തകം ചേച്ചി? താരകൻ ചോദിച്ചു. നല്ലൊതൊക്കെ തന്നെയാണ് പക്ഷെ വായിക്കാൻ സമയം
കിട്ടിയില്ല. വല്ലാത്ത പണിതിരക്കായിരുന്നു. പിന്നെ എടുത്ത് കൊടുത്തത് മാധവികുട്ടിയുടെ ‘ബാല്യകാലസ്മരണകൾ’
ആണ് .താരകന് പൂർണ്ണമായവിശ്വാസമുണ്ടായിരുന്നു ‘ഇത് ചേച്ചിക്ക് ഇഷ്ടപെടാതിരിക്കില്ല...
പക്ഷെ പിറ്റെന്ന് തന്നെ ചേച്ചി പുസ്തകവുമായി തിരിച്ചെത്തി.അഭിപ്രായം ചോദിച്ചപ്പോൾ പറഞ്ഞു .“അങ്ങട്ട് പോര..
ചില അധ്യായങ്ങളെ വായിച്ചുള്ളൂ..ഇനി ഇത്തരം പുസ്തകങ്ങളൊന്നും വേണ്ടാട്ടൊ.നമ്മുടെ സ്ഥിരം ബ്രാൻഡ് മതി.’
അതുകേട്ടപ്പോൾ താരകനല്പം നൊന്തു.ങാ ഹാ..അത്രക്കായോ..അത്തവണ താരകൻ ദേവികചേച്ചിക്ക് ആനന്ദിന്റെ
‘മരുഭൂമികൾ ഉണ്ടാകുന്നത്.. ‘ എന്ന പുസ്തകമാ‍ണ് എടുത്തു കൊടുത്തത്. പിറ്റെ ദിവസം ചേച്ചി വന്നത് സ്വന്തം ലൈ
ബ്രറി കാർഡ് തിരിച്ചുവാങ്ങുവാനാണ്.ആദ്യമായി താരകനോട് കടുത്തഭാഷയിൽ സംസാരിക്കുകയും ചെയ്തു.
ചെറിയൊരു പീണക്കം .അന്നുതന്നെ താ‍രകൻ തന്റെ സ്വന്തം കാർഡിൽ ചേച്ചിക്ക് ‘മൌന നൊമ്പരങ്ങൾ’
സംഘടിപ്പിച്ചു...
ഭർത്താവ് ഗൾഫിൽ കഴിയുന്ന ഒരു ഭാര്യയുടെ കദന കഥ എന്ന് പുറം ചട്ടയിൽ വായിച്ചതുകൊണ്ടാണ് ഈ പുസ്തകം
തന്നെ സെലക്റ്റ് ചെയ്തത്. എന്തായാലും ചേച്ചിക്കതിഷ്ട പെട്ടിരിക്കുന്നു.പിണക്കവും മാറിയിരിക്കുന്നു..ഇന്ദൂ നന്ദി..
രാത്രി അത്താഴം (കഞ്ഞി പയറ് ചമ്മന്തി) കഴിച്ച് കിടക്കാൻ നേരം ലൈബ്രറിയിൽ വെച്ച് കണ്ട ചാരുതയാർന്ന ഒരു മുഖം
മനസ്സിലോക്കോടി വന്നു.ആ ചോദ്യവും : ‘നെരൂദയുടെ കവിതകളുണ്ടോ”.
ആ മുഖവും ആ ചോദ്യവും വർഷങ്ങൾക്ക് ശേഷം താരകനു കവിതയെഴുതാനൊരു പ്രചോദനമാവുകയാണോ?
വരവു ചിലവു കണക്കുകൾ എഴുതുന്ന പുസ്തകത്തിലെ പുറംതാളിൽ താരകൻ കവിതയുടെ ടൈറ്റിൽ എഴുതി: പ്രണയ ദുന്ദുഭി.
പിന്നെ ഉറക്കത്തിലേക്ക് വഴുതി.അങ്ങനെ ഒരു ദിവസം കൂടി അവസാനിച്ചു.

Thursday, July 9, 2009

ജോലിയില്ലാത്തവന്റെ സിക്ക് ലീവ്...


ഈ ..ഈസി ചെയറില്..തലവേദനയും വയറ്റില് സുഖമില്ലായ്മയും
അഭിനയിച്ച് ഇങ്ങനെ അലസമായി കിടക്കാന് .എന്തുസുഖം. ..
ഇടക്ക് അമ്മവന്ന് അസുഖവിവരം അന്വേഷിച്ചു പോയി..അനിയന്റെ നിഴല്
കണ്ടപ്പോള് താരകന് കണ്ണുമടച്ചൊന്നു ഞ്ഞെരങ്ങി..“ഹാവൂ ...അമ്മേ”
ചേട്ടാ അനാ‍സിന് വല്ലതും വേണോ?അല്ലെങ്കിൽ ശങ്കരൻ ഡോക്ടറെ കാണിക്കണോ?
വേണ്ടാ ...നിങ്ങളെല്ലാവരും എന്നെ ഒന്നു വെറുതെ വിട്ടാല് മതി..പ്ലീസ്’
ഒരു തലവേദനക്കാരന്റെ ദേഷ്യം അഭിനയിച്ചുകൊണ്ട് പറഞ്ഞു.
രാവിലെ തന്നെ പാലുകൊണ്ടകൊടുക്കാന് പറഞ്ഞതിന് അവന് അമ്മയുമായി .
ഒരങ്കം കഴിഞ്ഞിരിക്കുകയാണ്.അവന് തലയും ചൊറിഞ്ഞുകൊണ്ട് അവിടെ നിന്ന്
വലിഞ്ഞു...(ഈ ഡോക്ടർ ശങ്കരൻ എന്ന് പറഞ്ഞത് അടുത്തസർക്കാരാശുപത്രിയിലെ
ഡോക്ടറാണ്.കാര്യം വിദഗ്ദനൊക്കെയാണ്.പക്ഷെ ഭയങ്കര ഏബ്സന്റ് മൈൻഡഡ് ആണ്.
ഒരിക്കൽ പാസ്പോർട്ടിന്റെ മൂന്നാലു കോപ്പി അറ്റസ്റ്റ് ചെയ്യിക്കാന് ചെന്നപ്പോള്.കക്ഷി
എല്ലാത്തിലും ഒരു പുഞ്ചിരിയോടെ വേഗം ട്രൂകോപ്പി എന്നെഴുതി ഒപ്പിട്ടുതന്നു.എന്നിട്ട്
അവസനം പറയാ. ഇതൊക്കെ ഭക്ഷണത്തിനു ശേഷം കഴിക്കണംന്ന്.ഞാന് എന്താ..എന്താ
എന്ന് പരിഭ്രമിച്ചപ്പോള് ഒരു ചമ്മിയ ചിരിയോടെ അദ്ദേഹം പറഞ്ഞു. സോറി,എല്ലാം ഓഫീസില്
കൊണ്ട് സീലുവക്കു..)
അങ്ങനെ രംഗം ശാന്തമായപ്പോള്താരകന് ഈസി ചെയറില്ഒന്നുകൂടെ അമർന്ന്
വഴിയെ പോകുന്നസുന്ദരികളെയും,മാനത്തുകൂടെ പോകുന്ന പക്ഷികളെയും നോക്കി
ചില വാസര സ്വപ്നങ്ങളും കണ്ട് അങ്ങനെ ഇരിപ്പായി.
സ്വതവേ ഒരു ബിസി ബീ ആ‍യ താരകനിന്ന് എല്ലാത്തില് നിന്നും ഒരവധി..
ഭാവിയില്നല്ലൊരു ജോലി കിട്ടുമ്പോള് വേണം ഒരവധിയുമെടുത്ത് ഇതു പോലെ ആഘോഷിക്കാന്..
,ഇന്നലെ വരെ ഒരു പോത്തിനെ പോലെ പണിയെടുത്ത് ഓടി നടന്നിരുന്ന
താരകന് ഇന്നിങ്ങനെ പെട്ടെന്ന് സിക്ക് ലീവെടുക്കാന് ഒരു കാരണമുണ്ട്..
തറവാട്ടിലെ രണ്ടാണ്തരികളില് മൂത്തവനാ‍ണ് താരകന്.ഇളയവന് രമേശന്.ഇതുകൂടാതെ ഇടക്കൊക്കെ വന്നു
പോകുന്ന കെട്ടിച്ചുവിട്ട ഒരു പെങ്ങളും ഉണ്ട് .രമേശന് അടുത്ത ഒരു എയിഡഡ് സ്കൂളിലെ പിയൂണാണ്.പിയൂണാ
ണെന്ന് പറഞ്ഞിട്ട് കാര്യമില്ല. സ്കൂള് മാനേജരെക്കാള് ഗമയിലാണ് അവന്റെ നടപ്പ്.സോറി ,അവന് നടക്കാറില്ല.
അമ്മൂമ്മ പറയുന്നതുപോലെ തൂറാന് പോണെങ്കിലും അവന് കൂട്ടറ് വേണം.അതിന്മേലാണ് എപ്പഴും പറക്കല്.
പിന്നെ സ്വന്തമായി ഒരു ഗ്ലാമറസ് മുഖവും,അതിനൊക്കെ ഇണങ്ങുന്ന വേഷഭൂഷാദികളും അവനുണ്ട്..ഒരു നോക്കിയ
മോബൈലും.സർക്കാരിന്റെ എണ്ണിചുട്ട അപ്പം കൂടാതെ ചിലസൈഡ് ബിസിനസ്സുകളുമുണ്ട് അവന്.അതൊക്കെ പിന്നെ
പറയാം..
താരകന് ഇങ്ങനെയൊന്നുമല്ല ഒരു പാവമാണ്.അനിയനെ ക്കാള് പഠിപ്പുണ്ടെങ്കിലും ഒരു നല്ല ജോലി കയ്യിലില്ല.
പക്ഷെ,മെയ്യെനങ്ങി പണിയെടുക്കാന് ഒരു മടിയുമില്ല താരകന്..രണ്ടേക്കർ പറമ്പും അമ്പതു പറനിലവുമുള്ള
തറവാട്ടിലെ മൂത്തസന്താനമായ താരകന് ഒരു വൈറ്റ് കോളാറ് ജോബിന്റെ ആവശ്യം ഇന്നലെ വരെ തോന്നിയിരുന്നില്ല
എന്നതാണ് സത്തിയം..ഇന്നലെ വരെ..
കാഴ്ച്ചക്കും,നാലാ‍ളോടിടപഴകാനും രമേശന്റെ അത്ര പോര താരകന് .എന്ന് വച്ച് ഒരു തളത്തിൽ ദിനേശനൊന്നുമല്ല താരകന്.
എന്നാലും വീട്ടുകാർക്കും നാട്ടുകാർക്കും പകലന്തി പണിയെടുക്കുന്ന താരകനെ കഴിഞ്ഞുള്ളൂ‍ മറ്റാരും.,, എന്നായിരുന്നു തന്റെ
ഇന്നെലെ വരെയുള്ള ധാരണ...അതെ,ഇന്നലെ വരെ..
ഇന്നലെ ഉണക്കയടക്ക തല്ലിയതും വിറ്റ് ചന്തയില്നിന്ന് വരുമ്പോള് നേരം വളരെ വൈകിയിരുന്നു.
പോരും വഴിക്ക് അപ്സര ബാറില് കയറി.ചെറുതായൊന്നു മിനുങ്ങി.ഹേയ്...കാര്യമായിട്ടൊന്നുല്ല്യാന്നെ..ഒരു ടംബ്ലർ നിറയെ
ഗോൾഡൻ ബിയറ്..സന്ധ്യക്ക് വീട്ടില്കയറി വരുമ്പോള് അമ്മ വടക്കാപുറത്ത് നിന്ന് അമ്പുനായരുമായി എന്തൊ കുശുകുശുക്കുന്നു.
മെലിഞുണങി കാണാൻ ഒരു മെനയുമില്ലാത്ത മനിശനാണ് അമ്പുനായര്..എന്നിട്ടും ആളെകണ്ടപ്പോള്എനിക്ക് സഹിക്കാനാവാത്ത
സന്തോഷം തോന്നിയത് മറ്റൊന്നും കൊണ്ടല്ല..നാട്ടിലെ പ്രമുഖനായ ബ്രൊക്കറാണ് അയ്യാള്.
ഈ കർക്കിടകത്തില് മുപ്പതു തികഞ്ഞപ്പോള് അമ്മക്ക് ഞാനൊരു സൂചനകൊടുത്തിരുന്നു.“.മുപ്പതു തികഞ്ഞാ മൂക്കില് പല്ലുമുളക്കാൻ
അധികം താമസമില്ല” ഒരു പുതിയാ പഴഞ്ചൊല്ലും അമ്മക്ക് കേൾപ്പിച്ച് കൊടുത്തു..പണ്ടും അതൊക്കെ പറയുമ്പോ
അമ്മക്കുണ്ട് ഒരു ഉരുണ്ട് കളി... ഇപ്രവശ്യമെന്തായാലും അമ്മക്ക് സംഗതികളുടെ കാര്യഗൌരവം മനസ്സിലായിട്ടുണ്ട്.
അതിന്റെ ആഫ്ടർ ഇഫക്റ്റായി ഇതാ അമ്പു നായര് അടുക്കളമുറ്റത്തെത്തിയിരിക്കുന്നു.
താരകന് അവരുടെ സംഭഷണം അടുക്കള കിണറിന്റെ തൂണുമറഞ്ഞു നിന്ന് കാതോർത്തു.
“അപ്പോ മൂത്തവനിപ്പോ ആലോചിക്കാണ്ടാന്നാണൊ ..മാധവിയ്മ്മ പറയണത്.. “
“ അതേന്നെയ്..അവന് സമയാവുമ്പോ ഞാന് പറയാം നായരെ...ഒരു നല്ലജോലിയൊക്കെ ആവട്ടെന്ന്.
നിങ്ങളിപ്പോ രമേശന് ഞാന് പറഞ്ഞ കുട്ടിയെ ഒന്ന് ആലോചിക്ക്.. അമ്പാടി മാഷ്ടെ ആ ടി.ടി.സി
കഴിഞ്ഞിരിക്കുന്ന കുട്ടില്ല്യേ..” അമ്മേ..കുന്തീ ദേവീ ...ഇത്രയും ദുഷ്ടത്തരമാകാമൊ..“
താരകൻ നേരെ ചെന്നു കുർളോൺ കിടക്കയിൽ വീണു.പിന്നെ
തലവഴി പുതപ്പു മൂടി ഒരു നാടകത്തിന്റെ തിരശ്ശീലക്കുള്ളിൽ മിണ്ടാതെകിടന്നു.
‘ജോലിയില്ലാത്തവനെത്രെ...ഹും...കാണിച്ചുകൊടുക്കുന്നുണ്ട്..”
കുറച്ചു കഴിഞ്ഞ് അമ്മവന്ന് രംഗദീപം തെളിച്ചു:
ങ്ങാഹാ... ഇവിടെ വന്നു കിടപ്പാണോ..അടക്കവിറ്റി ട്ടെത്രകിട്ടിയെടാ...
“ഒന്നു പോകുന്നുണ്ടോ അവിടന്ന്..മനുഷ്യനിവിടെ തലവേദനയെടുത്ത് കിടക്കുമ്പോഴാ ഒരു പായാരം..”
നാടകത്തിലെ പ്രഥമ ഡയലോഗ് കേട്ട് അമ്മവിരണ്ടു... ബീ‍റിന്റെ ലഹരിയിൽ ചുവന്ന കണ്ണുകൾ
അമ്മ ആശങ്കയോടെ നോക്കി. ഭക്ഷണം കഴിക്കാൻ വിളിച്ചപ്പോൾ താരകൻ വേണ്ടെന്നു പറഞ്ഞു.വിശപ്പില്ല.
ആനയെ വിഴുങ്ങാനുള്ളവിശപ്പുണ്ടായിരുന്ന നേരത്താണ് ആനുണ പറഞ്ഞത്.. അതിനുള്ളത് രാത്രി വൈകിയപ്പോൾ
അനുഭവിക്കുകയും ചെയ്തു. എരിപൊരി സഞ്ചാ‍രം നിൽക്കകള്ളിയില്ലാതായി നേരെ അടുക്കളയിലേക്ക് നടന്നു.
അവിടെ ഒരു കലത്തിൽ വെള്ളത്തിലൊഴിച്ചിട്ടിരുന്ന തന്റെ ചോറ് ഊറ്റിയെടുത്ത് വാരിവാരി തിന്നു.
പിന്നെ ഒരു സ്വാഭാവികതക്കുവേണ്ടി ചോറ്റുകലം തട്ടി മറച്ചിട്ടു. വയറു നിറഞ്ഞ് ഉറങ്ങാൻ കിടക്കുമ്പോ ഒരുറച്ച തീരു
മാനം എടുത്തിരുന്നു.. നാളെ സിക്ക് ലീവ്..
പിറ്റെന്നു,
അമ്പലത്തില് നിന്നുള്ള പ്രഭാത കീർത്തനങ്ങൾക്കൊപ്പം അമ്മയുടെ പ്രാക്കും അടുക്കളയില് നിന്ന് കേട്ടു.
അയലോക്കത്തെ കണ്ടൻ പൂച്ചക്കിട്ടാണ് അമ്മ പ്രാകുന്നത്..സംഭവിച്ചതെന്താണെന്ന് നേരത്തെ അറിയാമായിരുന്നതു
കൊണ്ട് താരകനിടപെടാ‍ൻ പോയില്ല...ചുമ്മാതെ,മിണ്ടാതെ,അനങ്ങാതെ കണ്ണുമടച്ച് കിടന്നു. തൊഴുത്തിൽ നിന്ന് അകിടു
കഴച്ച ജഴ്സി പശുക്കൾ നല്ല ഐശ്വര്യത്തോടെ സൈറൺ മുഴക്കി കൊണ്ടിരുന്നു.
അമ്മവന്നു വാതിലിൽ മുട്ടി.. മോനെ താരകാ എഴുന്നേല്ക്കുന്നില്ലേ ...പശുവിനെ കറക്കേണ്ടെ..’
ഹൊ ..എന്തൊരു സ്നേഹം.. പക്ഷെ ഈ മകന് അതിലൊന്നും വീഴുമെന്നു കരുതേണ്ട..
ഇല്ലമ്മേ ...നല്ലസുഖമില്ല.. ആ വാസുകൈമളെയെങ്ങാ‍നും വിളിക്ക്..
‘എന്നാ മോൻ കിടന്നൊ...ഞാന് രമേശനെ വിളിക്കട്ടെ..’ കുറച്ച് കഴിഞ്ഞ്പ്പോ പ്രതീക്ഷതെറ്റിക്കാതെ രമേശന്റെ മുറീന്ന് പൊട്ടലും ചീറ്റലും കേട്ടു.
മുതലാളിയുടെ നിദ്രാഭംഗം വരുത്തിയതിന്റെ ദേഷ്യം.. എന്തായാലും പത്തുമിനിറ്റിനകം വാസുകൈമള് അവന്റെ സ്പ്ലെൻഡറിന്റെ
പുറകിലിരുന്ന് മുറ്റത്ത് ലാൻഡ് ചെയ്തു. . കറന്നു കൊണ്ടിരിക്കുമ്പോ അമ്മ വാസുകൈമളെ ഒരു പത്തു ദിവസത്തെക്ക്
ഏർപ്പാടാക്കുന്നതു കേട്ടു.ദിവസം അമ്പതു രൂപകൂലി..പത്ത് ദിവസത്തിന് അഞ്ഞൂറ്..അമ്മേ ,തുടങ്ങീട്ടെയുള്ളൂ ...
കൂട്ടി തുടങ്ങീക്കോളൂ. .. ഒരു മാസിന് കറവിനത്തില് തന്നെ രൂ പാ ആ‍യിരത്തഞ്ഞൂ‍റ്.. ഞാന് മനസ്സിൽ ഒരു
പ്രതികാരസുഖത്തോടെ പറഞ്ഞു. ‘’ പറ്റില്ല..പറ്റില്ല ..ലീവെടുക്കാനും പാലുകൊണ്ടകൊടുക്കാനുമൊന്നും എന്നെകിട്ടില്ല...ഇന്നെനിക്ക്
ട്രഷറിയിൽ പോകേണ്ട ദിവസാ...” രമേശനാണ്.
‘എന്ത് പറഞ്ഞാലുമുണ്ട് അവനൊരു ട്രഷറീ പോക്ക്..എല്ലാദിവസോം ശംബളല്ലെ..നീയെന്താദിവസകൂലിക്കാരനാ..’ അമ്മയും വിട്ടുകൊടുക്കുന്നില്ല.
പക്ഷെ കാര്യമില്ലമ്മേ..അമ്മരമേശനെ ഇന്നും ഇന്നലെയുമൊന്ന്വല്ലല്ലോ കാണാന് തുടങ്ങ്യയത്...
അങ്ങനെ പാലുകൊണ്ട കൊടുക്കാന് അടുത്ത വീട്ടിലെ പോക്കറിന്റെമകൻ ജബ്ബാറിനെയും ഏർപ്പാടാക്കി
അതിനവനു കൂലി..പത്ത്ദിവസത്തിന്.ദിവസം ഇരുപത്തഞ്ച് വച്ച് രുപാ ഇരുനൂറ്റമ്പത്... നേരത്തെ എഴുതിയ ആയിരത്തഞ്ഞൂറിന്നടിയിൽ
ഇതും എഴുതിവക്കമ്മെ... മാസിന് രുപാ എഴുന്നൂറ്റമ്പത്..
വെയില് നല്ലോണമുദിച്ചപ്പോള്താരകൻ മെല്ലെ എഴുന്നേറ്റ് വിറച്ച് വിറച്ച് ഒരു പുതപ്പും കഴുത്തിലൂടെ ചുറ്റി വരാന്തയിലെ
ഈസി ചെയറില് വന്നിരുന്നു.. പടികടന്ന് സരോജിനി വരുന്നതു കണ്ടു.ആവരവിന്റ് ഉദ്ദേശം താരകനുമനസ്സിലായി..
കഴിഞ്ഞ ഏതാനും മാസങ്ങളായി അമ്മക്ക് തണ്ടലുവേദനയായതിനാല് അത്യാവശ്യം വീട്ടു പണികളിലും അമ്മയെ സഹായിച്ചിരുന്നത്
താരകനായിരുന്നു..ഇനിയിപ്പോ ഒരാളെ നിർത്താതെ നിവൃത്തിയില്ല...ആ ഇനത്തിൽ മാസം മൂവായിരം..
കുറച്ച് കഴിഞ്ഞ് പൊടിയരി കഞ്ഞി സ്റ്റൂളിന്മെല്കൊണ്ട് വക്കുമ്പോൾ അമ്മ ആരോടെന്നില്ലാതെ പറഞ്ഞു.
“ ഇന്ന് കരണ്ട് ബില്ലും ഫോൺ ബില്ലുമൊക്കെ അടക്കേണ്ട അവസാന ദിവസമായിരുന്നു.അവധി തെറ്റിയാ രണ്ടുംകൂടി നൂറ് രൂപയോളം
ഫൈൻ വരും..”
“അമ്മ രമേശനോട് പറഞ്ഞില്ലേ ...ട്രഷറിയില് പോകുന്നവഴിയാണല്ലൊ ഈ ഓഫീസുകളൊക്കെ..”
“അവനിന്ന് ആവഴിക്കല്ല പോകുന്നേന്ന്..”
അപ്പോ ബില്ലവിടെ ഇരിക്കട്ടേ ...ഞാൻ അസുഖമൊക്കെ മാറി സൌകര്യമ്പോലെ ഒരുദിവസം പോയി അടച്ചോളം.അതിനിടക്ക്
അവര് ഫോണും കരന്റും കട്ടു ചെയ്ത അതു മായി” ഞാൻ അമ്മയുടെ മുഖത്ത് ഇടം കണ്ണിട്ടു നോക്കി കൊണ്ട് പറഞ്ഞു.സ്വാഭാവികതക്കു
വേണ്ടി ഇതൊക്കെ മൂളിയും ഞരങ്ങിയുമാണ് പറഞൊപ്പിച്ചതെന്ന് പ്രത്യേകം പറയേണ്ടല്ലൊ.താരകന്റെ തലവേദനകൊണ്ടുള്ള
യാതനകള് അധികനേരം കണ്ട് നില്ക്കാനാവാതെ അമ്മവീട്ടുപണികളിലേക്ക് തിരിഞ്ഞു..താരകന് വീണ്ടും ഒറ്റക്കായി..
ഇങ്ങനെ ഒറ്റക്കിരുന്നു ഓരോന്നു ചിന്തിക്കാനും കിനാവു കാണാനും എന്തൊരു സുഖം.താൻ കുഞ്ഞു കുട്ടി പരാധീനങ്ങളുമായി ജീവിക്കുന്ന
ത് കാണാന് അമ്മക്കു മീ‍ല്ലെ ആ‍ഗ്രഹം.. ജോലിയില്ല പോലും..ഹും..അതുകൊണ്ട് കല്ല്ല്യാണം ഇപ്പോവേണ്ടെന്ന്...’‘
എന്തായാലും വെറുതെയിരിക്കുന്നത് താ‍രകനിഷ്ടമല്ല .താരകൻ വെറുതെ ഇരുന്നാലും അവന്റെ തലവെറുതെയിരിക്കില്ല.
പൈങ്കിളി കിനാവുകൾ ഉപേക്ഷിച്ച് താരകനിപ്പോൾ കുറെ ഗൌരവമുള്ള കാര്യങ്ങളാണ് ചിന്തിക്കുന്നത്...
ഈ പ്രപഞ്ചത്തില് തന്റെസ്ഥാനമെന്ത്..തന്റെ നിയോഗമെന്ത്.. ചിന്തകള് അങ്ങിനെ പോകുന്നു.(ഈ ചിന്തകള് അധികം വൈകാതെ
പോസ്റ്റുന്ന ‘അലസതാ വിരചിതം ‘ എന്ന പോസ്റ്റില് വായിക്കാവുന്നതാണ്)
അതിനിടക്ക് വീട്ടില് തിരുവാതിരയില് തെങ്ങിൻ തടമെടുക്കാൻ പുറം പണിക്കാരുമെത്തി.സാധാരണ താരകനും അവരുടെ കൂടെകൂടി
ഒരു വല്ലി ലാഭിക്കാറുണ്ട്. പക്ഷെ ഇന്ന് താരകന് ഒന്നിനും വയ്യാതെ ഇരിപ്പാണല്ലൊ..’
അങ്ങനെ ഇരുന്നും ചിന്തിച്ചും നേരം ഉച്ചയായി .പിന്നെ സന്ധ്യയായി.ഉച്ചക്ക് അമ്മകാണ്കെ രണ്ടുരുളചോറും കാണാതെ അടുത്ത കടയില്
നിന്ന് ആളെ വിട്ട് വാങ്ങിപ്പിച്ച് ഒരു കൂടു ബ്രെഡും തിന്നു.സന്ധ്യയായതോടെ മൂത്തമകന്റെ
നിനച്ചിരിക്കാത്തരോഗം കൊണ്ട് വന്ന സാമ്പത്തിക ബാധ്യ
തകളെ പറ്റിയാലോചിച്ച് അമ്മ വിഷാദ വതിയായി ഇരിക്കുകയാണ്. അപ്പോൾ അതുവരെയാടിയ നാടകത്തിന്
പര്യവസാനംകുറിക്കാൻ താരകൻ നീണ്ട ഒരു ലിസ്റ്റുമായി അമ്മയെ സമീപിച്ചു.
അമ്മ ഇതൊന്ന് വായിക്ക് ..ഉറക്കെ വേണം.. അമ്മ കണ്ണടയെടുത്ത് വച്ച് ആലിസ്റ്റിലൂടെ ഒന്ന് കണ്ണോടിച്ചു.പിന്നെ സംശയപൂ‍ർവ്വം
മകനെ നോക്കി. ഇവനെന്താ തലവേദന മൂത്ത് വാട്ടായോ എന്റെ ഈശ്വരാ..എന്നമട്ടില്.
‘ വായിക്കമ്മെ ‘ ഞാൻ വീണ്ടും പറഞ്ഞു.എന്നെ ഇറിറ്റേറ്റു ചെയ്യേണ്ടെന്ന് വച്ചാവം അമ്മ പെട്ടെന്ന് ഉറക്കനെ വായനതുടങ്ങി.
പാല് കറവിന് ...1500
പാല് കൊണ്ട് കൊടുക്കാന്750
വീട്ട് പണിക്ക്...3000
പുറം പണിക്ക്..4000
സാധനങ്ങള് വാങ്ങാന് ആളെവിട്ടതിന്...250
...തീറ്റപുല്ല്...... .............................1000
...അല്ലറചില്ലറ........ ...................500
ഇനിയൊന്നു കൂട്ടിക്കേ...കറക്ട് . 12,000 രൂപാ..അതേ ഞാന് ഒരു മാ‍സം മിണ്ടാതിരുന്നാ...ഈ കുടുംബത്ത് ആ മാസം
ഉണ്ടാകുന്ന സാമ്പത്തിക ബാധ്യതതകളാണിതൊക്കെ..വേറൊരു വിധത്തില് പറഞ്ഞാ ഞാന്ജോലിയെടുത്ത് മാസം സമ്പാദിക്കുന്ന
ശംബളത്തിന്റെ കണക്കാണിത്.. ഇതു കൂടാതെയാണ് പാടത്തും പറമ്പിലും അദ്ധ്വാനിച്ചുണ്ടാക്കുന്നത്.പയറും പാവലും
കഴിഞ്ഞ മാർച്ചില് ക്വിന്റലു കണക്കിനല്ലെ വിറ്റത് .പിന്നെ എന്റെ കുറ്റി മുല്ല കൃഷി..രുപാ പതിനായിരമായിരുന്നു ഈ വർഷത്തെ ലാഭം.
കേക്കുന്നുണ്ടോ അമ്മ കൈകേയി...(ഞാനമ്മയെ സമയവുംസന്ദർഭവും അനുസരിച്ച് ഇങ്ങനെ ഓരോ പേരു വിളിക്കും
എന്നൊട് സ്നേഹം കാണിക്കുമ്പോ-കൌസല്യ, സ്നേഹം രമേശനോടാണെന്ന് എനിക്കു തോന്ന്യാ‌-കൈകേയി,
ഞാന് അടുക്കളയില് നിന്ന് വല്ലതും കട്ടുതിന്നുന്നതു കയ്യോടെ പിടിച്ചാ-യശോധ..അങ്ങനെ അങ്ങനെ)
അമ്മയുടെ മുഖത്ത് കുറ്റബോധത്തിന്റെ ലാഞ്ചനവല്ലതുമുണ്ടോന്നറിയാന് ഞാന് ഒളി കണ്ണിട്ടു
നോക്കി.ങേഹേ....അതിനിപ്പോ ഞാനെന്തു വേണം എന്ന മട്ടിലൊരു ഭാവമേ അവിടെ കാണാനുള്ളൂ..
“എന്നിട്ടല്ലെ അമ്മേ നിങ്ങള് താരകന് ജോലിയില്ലാത്തവനാണെന്നും അവനിപ്പോള് കല്ല്ല്യാണം ആലോചിക്കാണ്ടാന്നും ആ
എമ്പോക്കി നായരോട് പറഞ്ഞത്..” .ഞാന് നാടകത്തിലെ ക്ലൈമാക്സ് ഡൈലോഗ് ഉരുവിട്ടുണ്ട്കൊണ്ട് അമ്മയെ നോക്കി.
പാശ്ചാത്താപവിവശയായി ഇപ്പോൾ പൊട്ടികരയുമെന്നും അങ്ങനെ അത്രനേരവും ഞാന് കളിച്ച നടകം ശുഭപര്യവസാനിയാകുമെന്നും
ഞാന് വെറുതെ വിചാരിച്ചു. പക്ഷെ അമ്മ പൊട്ടി ചിരിക്കുകയാണ്.പൊട്ടി പൊട്ടി ചിരിക്കുകയാണ്..
പിന്നെ അമ്മ എന്നോട് ചിലകാര്യങ്ങൾ പറഞ്ഞു..ചിലകുടുംബരഹസ്യങ്ങളായതുകൊണ്ട് അതു മുഴുവനുംഞാനിവിടെ വിളമ്പുന്നില്ല്ല..
ചുരുക്കത്തില് അമ്മ തന്റെഭാവിക്കുവേണ്ടി കരുക്കള് നീക്കുകയാണെന്ന് താരകനു നൂറുശതമാനം ബോധ്യപെട്ടു.
എടാ പൊട്ടാ ,ഞാന് പറയണത് കേട്ടു നടന്നാ‍..നിനക്ക് നല്ലൊരു ജോലീം ..തറവാട്ടീന്ന് നല്ല തങ്കകുടമ്പോലത്തെ പെൺകുട്ടീനേം
എപ്പ കിട്ടീന്നു ചോദിച്ചാ മതി. അങ്ങനെ അമ്മയുടെ ഡയലൊഗോടെ നാടകമവസാനിക്കുമ്പോള് “അമ്മേ ഗാന്ധാ‍രി ഈ മകനോട്
പൊറുത്താലും ‘’ എന്ന നാടകത്തിന്റെ തിരക്കഥയിലില്ലാത്ത താരകന്റെ ഒരു ഡയലോഗോടെ രംഗത്തിനു തിരശ്ശീലവീണു.

Friday, July 3, 2009

ഹരിശ്രീ...

ഞാൻ ...താരകൻ..
ഈ ഭൂലോകത്ത് പൊറുതി തുടങിയിട്ട് ഇന്നേക്ക് മൂന്നു പതിറ്റാണ്ട് തികയുന്നു.
ബൂലോകത്തേക്ക് പിച്ചവക്കാന് ഈ ജന്മദിനം നല്ലമുഹൂർത്തമാണെന്നു എനിക്ക് തോന്നുന്നു.
ബൂലോകത്തിലെ തന്നെ ചിലകവികളുടെ ഭാഷകടം കൊണ്ടാല്, ആഷാഢത്തിലെ ആർദ്രമായ
മുഹൂർത്തം. ധാരാളം വായിക്കുമെങ്കിലും എഴുതുക എന്ന സാഹസത്തിന് അധികമൊന്നും മിനകെട്ടിട്ടില്ല.
ശ്രമിച്ചിട്ടില്ലെന്നല്ല.. പക്ഷെ ആദ്യശ്രമം തന്നെ ഒരു പരാജയമായിരുന്നു..അത് വർഷങൾ
ക്ക് വളരെ മുൻപാണ്. സ്കൂളില് യൂത്ത് ഫെസ്റ്റിവെല്ലിനോടനുബന്ധിച്ച് ഒരു കവിതാ മത്സരം.
വിഷയം ‘പൂന്തോട്ടം’.പങ്കെടുക്കാൻ താരകനുൾപെടെ മൂന്നു പേർമാത്രം.ഒരാള് എസ്റ്റാബ്ലിഷ്ഡ് കവിയായ പത്താം
തരത്തിലെ അനിൽകുമാറ്.മറ്റെയാൾ അതേഡിവിഷനിലെ എസ് .എഫ് .ഐ നേതാവും അറിയ്പെടുന്ന
തല്ലുകൊള്ളിയുമായ ശിവൻ.അങനെ മത്സരം തുടങും മുൻപ് തന്നെ താരകന് രണ്ടാം സമ്മാനം ഉറപ്പ് ആയിരുന്നു.
‘ചെത്തി,ചേമന്തി ...തുടങിയ സുരഭിലമായ വാക്കുകൾ എന്റെ പേനയിൽ നിന്ന് വാർന്നു വീണ്
അരപായ വെള്ള കടലാസ് ഒരു അക്ഷരപൂന്തോട്ടമായി..
സമ്മാനം പ്രഖ്യാപിക്കുന്ന ദിവസം താരകൻ സ്കൂള് അസംബ്ലിയില് അക്ഷമയോടെ കാത്തു നിന്നു..
എല്ലാ ഐറ്റത്തിനും ഒന്ന് ,രണ്ട്,മൂന്ന് സമ്മാനങള് ഉണ്ട്. സ്റ്റേജിതര ഐറ്റങളുടേ ഊഴമായി.
.ഒരു കവിയാണെന്ന് സ്വയമറിയാമെങ്കിലും നാലാളുടെ മുന്നില് അത് ഔദ്യോഗികമായി അനൌണ്സ്
ചെയ്യുന്ന ആ മുഹൂർത്തത്തിന് വേണ്ടി താരകൻ കാത്തുനിൽക്കുകയാണ്.......
...”കവിതാരചന...”. ഭാസ്കരൻ മാഷുടെ ശബ്ദത്തിന്ന് പെട്ടെന്ന് മുഴക്കംകൂടിയതുപോലെ തോന്നി.
"ഒന്നാം സമ്മാനം..ശിവൻ ടെന് ത്ത് ബി.".അതൊരു അട്ടിമറിതന്നെയാ‍യിരുന്നു. മാനത്തെ മഴക്കാരുമുഴുവൻ
അനില് കുമാറിന്റെ മുഖത്ത് വന്ന് ചേക്കേറുന്നത് കണ്ടു.
“ഓ‘ അറിയാതെ ആക്രോശിച്ചു. കുരുത്തംകൊള്ളിയായശിവൻ ഒരുകറുത്തകുതിരയെപോലെ വേദിയിലേക്ക് കയറി
ചെറിയൊരു ട്രോഫിയും, ഓയെന് വിയുടെ ‘ശാർങക പക്ഷികളും’ സമ്മാനം വാങുന്നു ...
ദുഷ്ടാ‍.. ഈങ്കിലാബ് വിളിക്കാൻ പോകുന്നപോലെ ആപുസ്തകം അങ്ങനെ ചുരുട്ടികൂട്ടാതെ ..ആ കുഞ്ഞു പക്ഷികൾക്ക്
വേദനിക്കും..”
“രണ്ടാം സമ്മാനം..’ മാസ്റ്ററുടെ അല്പനേരത്തെ മൌനത്തിനിടെ താരകന്റെ പ്രതീക്ഷകളുടെ പൂമരം പൂത്തുലഞ്ഞു .ഒരട്ടിമറികൂടി
പ്രതീക്ഷിക്കുന്നതിൽ തെറ്റില്ലല്ലോ..
“അനിൽ കുമാറ് ടെന് ത്ത് ബി.” ക്ഷണികമായവസന്തപുഷ്പങളെ തല്ലികൊഴിച്ചുകൊണ്ട് ഭാസ്കരൻ മാസ്റ്റർ ഒരു വില്ലന്റെ
ബാസ് ഉള്ളശബ്ദത്തിൽ പറഞ്ഞു.തേഡെങ്കിൽ തേഡ് ....സ്വന്തം പേരുവിളിക്കുന്നതും കാത്തുനിന്നപ്പോൾ
ശബ്ദത്തിൽ മാത്രമല്ല,ഭാവത്തിലും ഒരു ബാലൻ കെ നായരായി കൊപ്ര ഭാസ്കരൻ(അദ്ദേഹത്തിന്റെ ഇരട്ടപേര്.അധ്യാപനത്തിനുപുറമെ
കൊപ്രവെട്ട് സൈഡ് ബിസിനസ്സ്.)
പുഛംകലർന്ന ഒരു ചിരിയോടെ പറഞ്ഞു.
“മതിയായ നിലവാരമില്ലാത്തതിനാൽ കവിതാരചനയിൽ മൂന്നാംസമ്മാനമില്ല.....“
പിന്നീട് താരകൻ ശിവനെഴുതിയ കവിത കാണുവാനിടയായി...
പൂന്തോട്ടം എന്നവിഷയത്തെ ആസ്പദമാക്കി എഴുതിയ ആ കവിതയിൽ ഒരു പൂവിന്റെ പേരു പോലുമില്ലായിരുന്നു...
ജാതിയിലും പദവിയിലും വ്യത്യസ്തരായ കുട്ടികൾ പഠിക്കുന്ന ഒരു ക്ലാസ് റുമായിരുന്നു ശിവന്റ് പൂന്തോട്ടം..ക്ലാസ് അധ്യാപകൻ
ഉദ്യാന പാലകനും.ആരും ശ്രദ്ധിക്കാതെ മുരടിച്ച് നിന്ന ഒരു കുഞ്ഞ് ചെടിയെ പരിപാലിച്ച് അതിലേക്ക് ഒരു വസന്തത്തെ
ആവാഹിക്കുന്നതായിരുന്നു കവിതയുടെ ഇതിവൃത്തം. ആ ചെടി ,കവിതയെഴുതിയ ശിവൻ തന്നേയാണെന്ന്
മനസ്സിലാക്കാൻ എനിക്ക് പ്രയാസമുണ്ടായില്ല. അന്നാണ് “കവി’ആരാണെന്ന് എനിക്ക് മനസ്സിലായത്.പേനയെടുത്തവരെല്ലാം എഴുത്തുകാരല്ലെന്നും.
കവിത്വമില്ലാത്തവർക്കും സ്വാഗതമരുളുന്നു ബൂ‍ലോകം എന്ന ഒരു (തെറ്റി)ധാരണയാണ് ബ്ലോഗ് തുടങ്ങുവാനുള്ള എന്റെ പ്രചോദനം.
ഒരെഴുത്തുകാരന് അവശ്യം വേണ്ട മൂലധനം അനുഭവങ്ങളാണെന്ന് പറഞ്ഞ്കേട്ടിട്ടുണ്ട്.
അങ്ങനെ നോക്കുമ്പോൾ എന്റെ ബാങ്ക് ബാലൻസ് മിക്കവാറും കാലിയാണ്.
പത്തു മുപ്പതവർഷങ്ങളായിഇവിടെയൊക്കെയുണ്ടെങ്കിലും താരകൻ ഇതുവരെ ഒരു പ്രണയബന്ധത്തിൽ ഏർപെട്ടിട്ടില്ല.
അതുകൊണ്ട് എന്റെ കവിത ഒരു പാനീയമാണെങ്കിൽ അത് മധുരം അശേഷമില്ലാ‍ത്ത ഒന്നായിരിക്കും. പ്രണയിച്ചിട്ടില്ലെന്നു
മാത്രമല്ല മനംകുളിർക്കുന്ന നല്ലനാലുവാക്കുകൾ ആരോടെങ്കിലും പറയാനും എനിക്കറിഞ്ഞുകൂടാ..അതുകൊണ്ട് എന്റെ
സൃഷ്ടി ഒരു ഐസ് ക്രീമാണെങ്കിൽ അതിന് മധുരം മാത്രമല്ല തണുപ്പും ഉണ്ടായിരിക്കുകയില്ല...
പൊതുകാര്യങളിലും ഞാൻ തത്പരനല്ല.. അതുകൊണ്ട് എന്റെ എഴുത്തിന്റെ പരിപ്പുവടയിൽ രാഷ്ട്രീയത്തിന്റെ എരിവും കാണുകയില്ല.
പക്ഷെ ...പക്ഷെ....
പ്രണയിച്ചിട്ടില്ലെങ്കിലും എനിക്ക് പ്രണയ നൈരാശ്യമുണ്ട്..
പ്രകടിപ്പിക്കാനറിയില്ലെങ്കിലും എന്റെ മനസ്സിൽ സാന്ത്വനമുണ്ട്..
രാഷ്ട്രീയമില്ലെങ്കിലും അമർഷവും എതിർപ്പും എനിക്കുമുണ്ട്...
ഇതൊക്കെ തന്നെയാണ് താരകന്റെ മൂലധനം..
അങ്ങനെ ഇവിടെ ഹരിശ്രീ കുറിക്കുന്ന ഈ ശുഭ മുഹൂർത്തത്തില്ബൂലോകത്തില് നേരത്തെ താമസമാക്കിയ നിങളോരോരുത്തരില്
നിന്നും ഞാന്..താ‍രകൻ, അനുഗ്രഹാശിസ്സുകൾക്കായി ശിരസ് കുനിക്കുന്നു....ങ്ങ