Thursday, December 24, 2009

'അത്ഭുത' വാർത്തയുടെ 'അകപൊരുൾ..'.



എന്താണ് യഥാർഥത്തിൽ സംഭവിച്ചതെന്ന് ചിത്രത്തിൽ
നിന്ന് വ്യക്തമാണല്ലോ അല്ലേ..(,കഴിഞ്ഞ പോസ്റ്റിലെ
എച് എസ് ഫോർ,രഘുനാഥ് എന്നിവരുടെ കമന്റുകൾ കൂടി
നോക്കാം..)ഇഴജന്തുവിന്റെ ഇലാസ്തികതയുള്ള ശരീരം, മരണവെപ്രാളത്തിൽ
അതിൽ പഴുതുകൾസൃഷ്ടിച്ചുകൊണ്ട് പുറത്തുവന്ന ,വിഴുങ്ങപെട്ട
ഇരയുടെ കൈകാലുകളിലുള്ള സമാനമായ ജ്യോഗ്രഫിക്കൽ പാറ്റേണിലുള്ള
പുള്ളികൾ എന്നിവയാണ് പ്രഥമമായ കാഴ്ചയിൽ മൂന്നുകാലുള്ള
പാമ്പെന്ന് കാഴ്ചക്കാരിൽ തെറ്റിദ്ധാരണയുളവാക്കിയത് .Eyes do not
see what the mind doesn't know ..എന്ന പൊതുതത്വമനുസരിച്ച്
എക്സ് റെ പരിശോധിച്ച റേഡിയോളജിസ്റ്റും മറ്റൊരു ജീവിയുടെ സാന്നിധ്യം
സംശയിച്ചില്ല...
ലോകത്തിലെ ഏതൊരു അത്ഭുതചെപ്പിന്റേയും ,നിഗൂഢതകൊണ്ടു ചിത്ര
പണിചെയ്ത മൂടി മാറ്റുമ്പോൾ വെളിപെടുന്നത്,അതീവലളിതവും അതി
സാധാ‍രണവുമായ സത്യങ്ങളായിരിക്കുമെന്നതാണ് വസ്തുത..
ബർമൂഡ ട്രയാംഗിൾ മുതൽ ,പാല് തുമ്പി കൈ കൊണ്ട് കുടിക്കുന്ന ഗണപതിയും
മുറിവുകളിൽ നിന്ന് രക്തമൊഴുകുന്ന യേശു പ്രതിമയും ,കണ്ണിൽ നിന്ന് കണ്ണീരൊ
ഴുകി കൊണ്ടിരിക്കുന്ന കന്യാമറിയവും....അങ്ങനെ അത്ഭുത വാർത്തകൾക്ക്
പഞ്ഞമൊന്നുമില്ല... അത്ഭുതമെന്ന ഉരഗത്തിന്റെ ഉദരത്തിൽ മറഞ്ഞിരിക്കുന്ന മണ്ഡൂകസത്യങ്ങളെ പുറത്തുകൊണ്ട് വരുവാൻ പലപ്പോഴും സാമാന്യബോ ധത്തിന്റെ സ്കാൽ‌പ്പൽ(scalpal) കൊണ്ടൊന്നു കീറിപരിശോധിക്കുകമാത്രമേ വേണ്ടൂ...

Monday, December 21, 2009

മൂന്നുകാലുള്ള പാമ്പ്...


(കാഴ്ചക്കപ്പുറത്തെ ചിലസത്യങ്ങൾ....)
വഴിപോക്കരാ‍രോ ആണ് അത്കണ്ടത്.
പാതയോരത്തെ ആനതൊട്ടാവാടികൾക്കിടയിൽ ഒരുപാമ്പ്.
സാധാരണ പാമ്പല്ല്ല. മൂന്നുകാലുകളുള്ള ഒരു മണ്ണൂലി..!!
ജീവനുണ്ടെങ്കിലും ഒരു ജീ‍വഛവം പോലെയാണ് പാമ്പിന്റെ
കിടപ്പ്.ചുറ്റും ആളുകൾ കൂടിയിട്ടും അത് വെറുതെ വാലും
തലയും ചലിപ്പിക്കുന്നതല്ലാതെ ഇഴഞ്ഞുപോകാൻ ശ്രമിക്കുന്നില്ല
ഇടക്ക് കാലുകളും മെല്ലെ അനങ്ങുന്നുണ്ട്.
പാമ്പുകൾക്ക് കാലുള്ളതായി ആരും കേട്ടുകാണുകയില്ല. ഒരു
സയൻസ് പുസ്തകവും അങ്ങിനെ രേഖപെടുത്തിയതായും
അറിവില്ല..പിന്നെ , ഇതെങ്ങനെ സംഭവിച്ചു ?
“എറിക്സ് കോണിക്കസ്”(eryx conicus) ‌-ചുറ്റും കൂടിയവരിൽ ,എസ് എൻ കോളേജിൽ
സുവോളജി പഠിപ്പിക്കുന്ന പ്രൊഫസർ ഭാസ്കരൻ പാമ്പിനെ
ശാസ്ത്രീയ മായി തിരിച്ചറിഞ്ഞു..” പ്സ്യൂഡോ വൈപർ (pseudo viper)‘ എന്നും പറയാം.
ശരീരത്തിലെ പുള്ളികൾ കാരണം “രക്ത അണലി “(Russel viper) യുമായി ഇതിനെ
തെറ്റിദ്ധരിക്കാറുണ്ട്.പക്ഷെ ഇതൊരു നോൺ പോയ്സണസ്(non poisonous) പാമ്പാണ്
വിഷമുള്ളതായാലും ഇല്ലാത്തതയാലും ജീവശാസ്ത്രത്തിൽ ഒരു പാമ്പിനും
കാലുകൾ ഉള്ളതായി പറയുന്നില്ല. ഒരു പക്ഷെ കാലില്ലാത്ത ഉരഗങ്ങളിൽ നിന്ന്
പല്ലിവർഗ്ഗത്തിലേക്കുള്ളപരിണാമത്തിലെ വിട്ടുപോയ
ഒരു കണ്ണിയായിരിക്കാം ഇത്..അതു മല്ലെങ്കിൽ ഒരു പോയന്റ് മ്യൂട്ടേഷൻ..“
കാഴ്ച കാണാൻ ധാരാളം ആളുകൾ കൂടിയിരുന്നു..
പാമ്പിനെ കൂടുതൽ പഠിക്കുവാനായി സമീപത്തെ സ്കൂളിലെ സയൻസ്
ലാബിലേക്ക് മാറ്റുവാനുള്ള തീരുമാനമായി. അപ്പോഴേക്കും നിരവധി
ശാസ്ത്രകുതുകികളും സ്ഥലത്തെത്തിയിരുന്നു. അനേകംക്യാമറകളിലേക്ക്
മൂന്നുകാലുള്ള പാമ്പിന്റെ ചിത്രം പകർത്തപെട്ടു. കാലുകളിലെ അസ്ഥിയുടെ
ഘടന മനസ്സിലാക്കുവാൻ സമീപത്തെ ഹോസ്പിറ്റലിൽ നിന്ന് മൊബൈൽ
എക്സ് റെ യൂണിറ്റുമായി റേഡിയോളജിസ്റ്റുമെത്തി. പാമ്പിന്റെ ശരീരത്തിന്റെ
മധ്യത്തിലായാണ് മൂന്നുകാലുകളും കാണുന്നത്..ഇവിടെ സ്പൈനൽ കോ
ളത്തിന് (spinal column) കട്ടികൂടി ഇടുപ്പെല്ലുകൾ പോലെരൂപാന്തരപെട്ടിട്ടുണ്ടെന്നും ,എക്സ് റെയിൽ
കാലുകളിലെ തുടയസ്ഥി,(femur) കണങ്കാൽ അസ്ഥികൾ(tibia,fibula) ഇവയൊക്കെ വ്യക്തമായി
കാണുന്നെണ്ടെന്നും റേഡിയോളജിസ്റ്റ് അഭിപ്രായപെട്ടു...
കൂടുതൽ നിർദ്ദേശങ്ങൾക്കായി national institute of zoology യുമായി ബന്ധപെട്ടു.
അവരുടെ നിർദ്ദേശ പ്രകാരം തുടർന്നുള്ള പഠനങ്ങൾക്കുവേണ്ടി പാമ്പിനെ
ഫൊർമലിൻ ലായനിയിൽ സൂക്ഷിച്ചുവച്ചു .
പിറ്റേന്ന് എല്ലാ പത്രങ്ങളിലും മൂന്നുകാലുള്ള പാമ്പിനെ കണ്ടെത്തിയ വിവരം
വലിയൊരു വാർത്തയായിരുന്നു..

പക്ഷെ മൂന്നാം ദിവസം മൂന്നുകാലുള്ള പാമ്പിന്റെ രഹസ്യം വെളിപെട്ടു..
അത് എന്തായിരുന്നെന്ന് ഒരു പക്ഷെ ഈ വാർത്ത വായിച്ചിട്ടുള്ള
നിങ്ങൾ ഓർക്കുന്നുണ്ടോ ??...അഥവാ
ഈ വാർത്ത നിങ്ങളുടെ ശ്രദ്ധയിൽ പെട്ടിരുന്നില്ലെങ്കിൽ ,dear friends
this is a chance to apply your common sense ...(I would like to check
the commanality of common sense)

Tuesday, December 8, 2009

അപ്രതീക്ഷിതം.....

മലയാളിയായ കുര്യൻ തോമസിനെ ഞാൻ പരിചയപെടുന്നത് ഗോവയിൽ
വച്ചാണ്.പനാജിയിലെ റെഡ് റൂഫ് റെസ്റ്റോറന്റിൽ ബർഗറും സ്ക്രാമ്പിൾഡ്
എഗ്ഗും ഓർഡർ ചെയ്ത് ഹിന്ദു പത്രത്തിലൂടെ വെറുതെയൊന്ന് കണ്ണോടി
ച്ചുകൊണ്ടിരിക്കുമ്പോഴാണ്,എതിരെ മധ്യവയസ്കനായ ഒരു മനുഷ്യൻ
വന്നിരുന്നത് .മെറ്റൽഗ്രേ കളറിലുള്ള സഫാരി സ്യൂട്ടും ബ്രിൽ ക്രീമിന്റെ
ഗന്ധം പരത്തുന്ന പുറകോട്ടു ചീകിവച്ചിരിക്കുന്ന ചെമ്പൻ മുടിയും പൂച്ച
കണ്ണുകളുമുള്ള ആ മനുഷ്യൻ ഒറ്റനോട്ടത്തിൽ ഒരു ഗോവക്കാരനെ പോലെ
തോന്നിച്ചു.അതുകൊണ്ടാണ്,എന്റെ മുഖത്ത് സൂക്ഷിച്ചു നോക്കികൊണ്ട് അദ്ദേഹം
“നിങ്ങൾ താരാനാഥല്ലേ...“ എന്ന് ശുദ്ധ മലയാളത്തിൽ ചോദിച്ചപ്പോൾ
ഞാനൊന്നു ഞെട്ടിയത്...
ഞാൻ കുര്യൻ തോമസ്..ക്രൈസ്റ്റ് കോളെജിൽ നിങ്ങളുടെ ഒപ്പം പഠിച്ചിരുന്ന
സ്റ്റെല്ലയുടെ ഡാഡി... “ എന്റെമുഖത്തെ അമ്പരപ്പു കണ്ടാവാം അദ്ദേഹം
പെട്ടെന്നു തന്നെ സ്വയം പരിചയപെടുത്തി..
സ്റ്റെല്ല.!!..ഇല്ല! അങ്ങനെ ഒരാളെ ഞാനോർക്കുന്നില്ല....ക്രൈസ്റ്റ് കോളേജിൽ
അന്ന് എന്റെ കൂടെ ഡിഗ്രിക്ക് പതിനാറ് പെൺകുട്ടികളായിരുന്നു,ബാക്കി ഇരുപത്
ആൺകുട്ടികളും.എല്ലാവരുടെയും,
പേരും മുഖവുമൊക്കെ ഇന്നും മനസ്സിലുണ്ട്...പെൺകുട്ടികളുടെ പേരുകൾ വച്ച്
അന്ന് ഒരു ശ്ലോകം തന്നെയുണ്ടാക്കിയിരുന്നു...
“താര താഹിറ,തരുണി രമണി..
അല്ലി യംബിക ,ജലജ വനജ.. ഏയ് അതിലൊന്നും സ്റ്റെല്ല എന്ന പേര് വരു
ന്നതേയില്ല. കൂടെയുണ്ടായിരുന്ന ഒരേയൊരു ക്രിസ്ത്യാനി പെൺ കുട്ടി സ്പോർട്സ്
കോട്ടയിൽ അഡ്മിഷൻ കിട്ടിയ ലിസി മാത്യു ആയിരുന്നു..yes, there is some
misunderstanding..!! അതെങ്ങനെ തിരുത്തണമെന്ന് സംശയിച്ച് നിൽക്കെ
അദ്ദേഹം തുടർന്നു..
"അന്ന് നിങ്ങൾ കോളേജ് മാഗസിനിൽ താരകൻ എന്ന പേരിൽ കവിതകൾ
എഴുതുമായിരുന്നു അല്ലേ? പലതും വായിച്ചിട്ടുണ്ട്..സ്റ്റെല്ലയെ പോലെ ഞാനും
നിങ്ങളുടെ ഒരു ആരാധകനായിരുന്നു.."
ഇത്തവണ എനിക്ക് അമ്പരപ്പും അത്ഭുതവും ഒരുമിച്ച അനുഭവപെട്ടു..
ഇദ്ദേഹത്തിനെന്നെ വളരെ വ്യക്തമായി അറിയാം..താരകൻ എന്ന എന്റെ
അപരവ്യക്തിത്വം പോലും...കോളെജിൽ പഠിക്കുമ്പോൾ കവിതയെഴുത്ത്
ഒരു നാടൻ പ്രേമം പോലെ രഹസ്യമായി കൊണ്ട്
നടന്നിരുന്ന പരിപാടിയായിരുന്നു. അന്ന് അടുത്തസുഹൃത്തിന്റെ നിർബന്ധ
പ്രകാരം ഒരു കവിത കോളേജ് മാഗസിനിലിട്ടിരുന്നു..താരകൻ എന്ന പേരിൽ.
മറ്റാരും അത് അറിഞ്ഞതുമില്ല.. തീർച്ചയായും സ്റ്റെല്ല എന്ന് പേരുള്ളസുന്ദരി
കുട്ടി അതു വായിക്കുകയും അന്ന് അഭിനന്ദിക്കുകയും ചെയ്തിരുന്നെങ്കിൽ
എന്റെ യുള്ളിലെ സാഹിത്യാഭിരുചികൾ ഒരു പക്ഷെ അകാലത്തിൽ മുരടിച്ചു
പോകില്ലായിരുന്നു...പക്ഷെ ഒന്നുമുണ്ടായില്ലല്ലോ? എന്നിട്ടിപ്പോൾ..
“നിങ്ങൾക്ക് ആളെ തെറ്റിയിരിക്കുന്നു.ഞാൻ താ‍രാനാഥാണെന്നതും കവിതകൾ
എഴുതിയിട്ടുണ്ടെന്നതു മൊക്കെ സത്യം തന്നെ...പക്ഷെ സ്റ്റെല്ലയെ എനിക്കറിയില്ല...”
പെട്ടെന്ന് അദ്ദേഹത്തിന്റെ മുഖം മ്ലാനമായി..കണ്ണുകളിൽ അജ്ഞാതമായ ഒരു
ദു:ഖം വന്നു നിറഞ്ഞു..
“..നിങ്ങളെല്ലാവരും ഇതു തന്നെ പറയുന്നു..എന്റെ മകളെ ആർക്കുമറിയില്ല..വെളുത്തു
കൊലുന്നനെയുള്ള പെൺകുട്ടി..കൂടെ പഠിക്കുന്നവരെ സ്വന്തം കൂടപിറപ്പുകളെ
പോലെ സ്നേഹിച്ച... കോളെജിൽ നിന്നു വന്നാൽ അവരുടെ വിശേഷങ്ങൾ നാവിൽ
നിന്നു തോരാത്ത അവളെ ഇപ്പോൾ ആർക്കുമറിയില്ല..പരീക്ഷക്കിരിക്കാൻ പണമില്ലാതി
രുന്ന രാജീവിന് അവൾ മാലയുടെ ലോക്കറ്റ് പണയം വച്ചാണ് അന്ന് പണം കൊടുത്തത്..
ലോക്കറ്റ് കളഞ്ഞു പോയെന്ന് അവൾ വീട്ടിൽ കളവു പറയുകയും ചെയ്തു.എന്നിട്ട് ആ
രാജിവിനും അവളെ അറിയില്ല..വിദേശത്തു വച്ചാണ് അയ്യാളെ ഞാൻ കണ്ടത്..
ടൈഫോയ്ഡ് പിടിച്ച് ഒരു മാസം ക്ലാസ്സിൽ വരാതിരുന്ന വനജക്ക് നോട്ടുകൾ മുഴുവൻ
പകർത്തികൊടുത്തതും പാഠങ്ങൾ പറഞ്ഞു കൊടുത്തതും എന്റെ മകൾ സ്റ്റെല്ലയാണ്.
നൈനിത്തളിലെ റോസ് ഗാർഡനിൽ വച്ച് കണ്ടുമുട്ടിയപ്പോൾ അവൾക്കും ഓർമ്മയില്ല
അന്നത്തെ കൂട്ടുകാരിയെ..അവസാനത്തെ പ്രതീക്ഷനിങ്ങൾ മാത്രമായിരുന്നു..നിങ്ങളും
കൈവെടിഞ്ഞാൽ അവൾക്ക് നിസ്സഹയായി രോഗത്തിന് കീഴ് പെടുവാനെ നിവർത്തി
യുള്ളൂ...
“രോഗമോ? എന്തു രോഗം ?”
“അപ്ലാസ്റ്റിക് അനീമിയ..അസ്ഥി മജ്ജയിൽ രക്തകോശങ്ങൾ ഉത്പാദിപ്പിക്കപെടാത്ത
അവസ്ഥ.. വെല്ലൂര് കൊണ്ട് പോയി അസ്ഥി മജ്ജ മാറ്റി വക്കണമെന്നാണ് അവളെ
ചികിത്സിക്കുന്ന ഡോക്ടർ നൈനാ‍ൻ പറഞ്ഞിരിക്കുന്നത്..മൂന്നു മാസത്തിനകം വേണം
താനും..രണ്ട് ലക്ഷം രൂപയാണ് ചിലവു പ്രതീക്ഷിക്കുന്നത്..ഇപ്പോൾ തന്നെ കടത്തിൽ
മുങ്ങി നിൽക്കുന്ന എനിക്ക് മറ്റ് നിവൃത്തിയൊന്നുമില്ല.. ഇവിടത്തെ പബിലെ ജോലി കൊണ്ട്
കഷ്ടിച്ചു കഴിഞ്ഞു കൂടാനുള്ളതൊക്കെയെ കിട്ടൂ..”

“ ഒരു പക്ഷെ നിങ്ങൾ പറയുന്നത് ശരിയായിരിക്കാം..ഒരു സ്കൂട്ടർ ആക്സിഡന്റിൽ കഴിഞ്ഞ
വർഷം എനിക്ക് ഒരു ഹെഡ് ഇൻ ജ്വറി സംഭവിച്ചിരുന്നു.അതിനു ശേഷം എന്റെകാര്യം
ഇങ്ങനെയാണ്.. ..ഞാൻ പലതും മറന്നു പോകുന്നു.. “ ഞാൻ ഒരു ക്ഷമാപണത്തോടെ
പറഞ്ഞു.
സ്റ്റെല്ല ഇപ്പോൾ എവിടെയാണ് ? പക്ഷെ എന്റെ ചോദ്യത്തിന് മറുപടി പറയാതെ
അദ്ദേഹം എഴുന്നേറ്റു. വെയ്റ്റർ കൊണ്ടു വച്ച ലെമൺ ടീ യും കട്ലേറ്റും അങ്ങിനെ
തന്നെയിരുന്നു..എന്തോ പിറുപിറുത്തുകൊണ്ട് പിന്നാലെ ഓടിയ വെയ്റ്ററുടെ കയ്യിൽ
അയ്യാൾ ഏതാനും നോട്ടുകൾ തിരുകി കൊടുക്കുന്നതു കണ്ടു. പിന്നെ താഴേക്കുള്ള
ഗോവണി ഇറങ്ങി പെട്ടെന്ന് അപ്രത്യക്ഷനായി...
വല്ലാത്തൊരു പ്രതിസന്ധിതന്നെ.ഒരാൾ നമ്മുടെ ഭൂതകാലത്തിലെ സംഭവ
ങ്ങൾ എണ്ണിയെണ്ണി പറയുക..അത് ഒരു സർ റിയലിസ്റ്റിക് കഥയായി നമുക്കു തോന്നുക!!
ആരാണിയാൾ? ഒന്നുകിൽ ഒരു മനോരോഗി? അല്ലെങ്കിൽ പരിചയം നടിച്ച് പണം പിടുങ്ങാൻ
ശ്രമിക്കുന്ന ഒരു മറുനാടൻ മലയാളി.!
ഒരു പക്ഷെ ഗോവയിൽ നിന്ന് മടങ്ങി പോകും മുൻപ് അയ്യാളെ വീണ്ടും കണ്ടുമുട്ടുമായിരിക്കും..
വരട്ടെ നോക്കാം....
കുറച്ച് ബിസിനസ് ദൌത്യങ്ങളുമായി ഇവിടെ എത്തിയിട്ട് ഒരാഴ്ച കഴിഞ്ഞിരുന്നു..
ഞങ്ങളുടെ കമ്പനി യുണ്ടാക്കുന്ന ക്രേറ്ററുകൾക്ക് ഓർഡർ പിടിക്കുകയെന്നതായിരുന്നു
ഉദ്ദേശം.. ഇവിടെ വെർണ ഇൻഡസ്ട്രിയൽ ഏരിയായിലെ “സിപ്ല” കമ്പനിയിൽ വർക്ക്
ചെയ്യുന്ന എന്റെ സുഹൃത്ത് നിർമൽ കുമാറിന്റെ കൂടെയാണ് താമസം.
അന്നുരാത്രി ലഞ്ചിന്റെ സമയത്ത് വിവരങ്ങൾ പറഞ്ഞപ്പോൾ അവനു തമാശ..
“ മോനേ താരാനാഥാ..ഇതു സ്ഥലം ഗോവയാണ് പല തരത്തിൽ പെട്ടെവരേയും കണ്ടെന്ന് വരും ..
കീപ് ഡിസ്റ്റൻസ് ഫ്രം സച്ച് ഫ്രോഡ്സ്.. ഇനിയയാളെ എവിടെ വച്ചെങ്കിലും കാണുകയാ
ണെങ്കിൽ ജസ്റ്റ് ഗിവ് മി എ റിംഗ്. വീ വിൽ ഡീൽ ഇറ്റ്..”
പക്ഷെ തിരിച്ച് പോരും വരെ അയാളെ പിന്നെ കാണുകയുണ്ടായില്ല..ഇപ്പോൾ
ഞാൻ ഗോവയിൽ നിന്ന് വന്നിട്ട് മാസം രണ്ട് കഴിഞ്ഞു. നാട്ടിൽ വന്നപ്പോൾ ഞാൻ
ആ‍ദ്യം ചെയ്തത് കോളെജിലെ പഴയ ഗ്രൂപ്പ് ഫോട്ടോ എടുത്ത് നോക്കുകയായിരുന്നു
എങ്ങാനും ഞാൻ മറന്നു പോയ ഒരു മുഖമതിലുണ്ടോ.. !!!
പിന്നെ പഴയസുഹൃത്തായ രാജീവിനേയും രാജിയേയും കോൺ ടാക്ട് ചെയ്യുവാൻ
കുറെ ശ്രമിച്ചു .രാജീവിനെ പഠിക്കുന്ന കാലത്ത് ഞാനും കുറെ സഹായിച്ചിട്ടുള്ളതാണ്
രാജിക്കെന്നും സംശയങ്ങളായിരുന്നു..ഞങ്ങളുടെയൊക്കെ ഭൂതകാലം അറിയുന്ന കുര്യൻ
തോമസ് എന്ന് പേരുള്ള , ..ഗോവയിലെ ഏതോ പബിലെ ജോലിക്കാരനായ അയ്യാൾ
ആരാണ്? ഉത്തരം കിട്ടാൻ നിവൃത്തിയില്ലാത്തത് കൊണ്ട് തത്കാലം ആവഴിക്കുള്ള
അന്വേഷണങ്ങൾ ഉപേക്ഷിക്കുകയാ‍ണ് നല്ലതെന്ന് എനിക്ക് തോന്നി.
പക്ഷെ ഇന്നലെ വീണ്ടും ഒരു സംഭവമുണ്ടായി.തട്ടിൻ പുറം വൃത്തിയാക്കുമ്പോൾ
പഴയ ഡയറിയിൽ നിന്ന് എന്റെ പേരെഴുതിയ ഒരു ആശംസാ കാർഡ്
താഴെ വീണു . നൈന്റി ടൂ വിൽ അയച്ചിട്ടുള്ള
താണ് .. ഒരു ന്യൂ ഇയർ കാർഡ്! അയച്ചിരിക്കുന്നത് ഒരു സ്റ്റെല്ലാ കുര്യൻ !!.കവറിനു പുറത്ത്
പൂർണ്ണമായ അഡ്രസ്സുമുണ്ട് .. പഴശ്ശിനഗർ ഹൌസിംഗ് കോളനിയിൽ സിക്സ്ത്ത് ലൈ
നിൽ പന്ത്രണ്ടാമത്തെ വീട്..
അങ്ങനെയാണ് ഞാൻ എന്റെ താമസസ്ഥലത്തുനിന്ന് പത്തമ്പത് കിലൊമീറ്റർ
അകലെയുള്ള ഈ ഹൌസിംഗ് കോളനിയിൽ എത്തിയത്. വീട് കണ്ട് പിടിക്കാൻ
ബുദ്ധി മുട്ടുണ്ടായില്ല.മറ്റുവീടുകളിൽ നിന്ന് വ്യത്യസ്തമായി പന്ത്രണ്ടാം നമ്പർ വീട്
പിരിയൻ ഗോവണികളും വെനീഷ്യൻ വിൻഡോകളുമൊക്കെയായി ഫെയറി ടെയിൽ സിലെ
യക്ഷികൊട്ടാരം പോലെ തോന്നിച്ചു.മുറ്റത്തെ തോട്ടത്തിൽ പലതരത്തിലുള്ള ജെറേനിയം
പൂക്കൾ... വല്ലാത്തൊരു നെഞ്ചിടിപ്പോടെയാണ് കോളിംഗ് ബെൽ അമർത്തിയത്..
വെളുത്ത നൈറ്റി ധരിച്ച മധ്യവയസ്കയായ ഒരു സ്ത്രീ വാതിൽ തുറന്നു.
ഇത് സ്റ്റെല്ലയുടെ വീടല്ലെ..? ഞാൻ പരിഭ്രമം മറച്ചു വച്ചു കൊണ്ട് ചോദിച്ചു
“വരൂ.. ഞാൻ സ്റ്റെല്ലയുടെ അമ്മയാണ്..” അവർ എന്നെ അകത്തെക്ക് ക്ഷണി
ച്ചുകൊണ്ട് പറഞ്ഞു..” വിശാലമായ മുറിയിൽ അലങ്കാര പണികൾ ചെയ്തിട്ടുള്ള
ഒരു വലിയ മേശമേൽ ചില്ലിട്ടു വച്ചിരിക്കുന്ന ഛായ ചിത്രത്തിലാണ് എന്റെ കണ്ണുകൾ
ഉടക്കിയത്... അമ്മയുടെ അതേ മുഖഛായയുള്ള മകൾ...മുൻപിൽ എരിഞ്ഞു കൊണ്ടിരിക്കുന്ന
മെഴുകുതിരി...
“ഇരിക്കൂ... സ്റ്റെല്ലയുടെ പഴയ ക്ലാസ്സ് മേറ്റാണല്ലേ? അവർ ഇടർച്ചയോടെ ചോദിച്ചു...
അതിനെന്താണ് മറുപടി പറയുക എന്ന് ചിന്തിച്ചിരിക്കുമ്പോൾ അവർ പറഞ്ഞു തുടങ്ങി.
“ സഹായവുമായി എത്തുന്ന മൂന്നാമത്തെ ആളാണ് നിങ്ങൾ..ആദ്യം ഒരു രാജീവ്..
പിന്നെ രാജി... പക്ഷെ എല്ലാവരും വളരെ വൈകി പോയിരുന്നു..” അവരുടെ വാക്കുകൾ
ഒരത്ഭുതത്തൊടെയാണ് ഞാൻ കേട്ടത്...എന്റെ ആഗമനോദ്ദേശം ഇവരെങ്ങനെ
അറിഞ്ഞു..!!
“പത്താം ക്ലാസ്സ് കഴിഞ്ഞപ്പോൾ മഠത്തിൽ ചേർന്ന എന്റെ മകൾക്ക്
ക്രൈസ്റ്റ് കോളേജിൽ നിന്നുള്ള കൂട്ടുകാർ... !! പറയൂ..ഇദ്ദേഹമല്ലെ നിങ്ങളെ
ഇങ്ങോട്ടെക്ക് അയച്ചത് “ എന്റെ പുറകിലെ ഭിത്തിയിലേക്ക് പെട്ടെന്ന്
കൈവിരൽ ചൂണ്ടി കൊണ്ട് അവർ ചോദിച്ചു . ഞാൻ ഒരു നടുക്കത്തോടെ
തിരിഞ്ഞു നോക്കി. ഭിത്തിയിൽ ഒരു മധ്യവയസ്കന്റെ പഴയബ്ലാക്ക് ഏന്റ് വൈറ്റ്
ചിത്രം..ഡൈഡ് ഓൺ ഡിസംബർ 1990 .
പിന്നിലേക്ക് ഈരി വച്ചിരിക്കുന്ന മുടി ..ചാരനിറമുള്ള കണ്ണുകൾ..അന്ന് ഗോവയിലെ
റെസ്റ്റോറന്റിൽ വച്ചു കണ്ട അതേ മുഖം!!!