Friday, February 19, 2010

ലീല


......
ഭാ‍രതിയമ്മയുടെ മടിയിൽ തലവെച്ചുകിടന്നുകൊണ്ട് ,കഥയെല്ലാം
കേട്ടുതീർന്നപ്പോൾ കൃഷ്ണൻ നായർ അടുത്ത ആവശ്യമുന്നയിച്ചു;
“ ഇനി നമുക്കു ഒളിച്ചു കളിക്കാം..”
വേദനിക്കുന്ന മുട്ടുകൾ തടവികൊണ്ട് ഭാരതിയമ്മ പറഞ്ഞു: “ശരി..”
“അണ്ടക്ക..മണ്ടക്ക ..ഡാമ...ഡൂമ ..ഡെസ്കനക്കണ ..കോക്കണക്കണ..”
തന്നെയും ഭാര്യയും മാറി മാറി തൊട്ടുകൊണ്ട് കൃഷ്ണൻ നായർ പാടി..
“ഡെയ്..” ഒടുവിൽ കൈവിരൽ സ്വന്തം നെഞ്ചിൽ കുത്തികൊണ്ട്
കിതപ്പോടെ അയ്യാൾ അവസാനിപ്പിച്ചു..”അപ്പോ നീയെണ്ണണം..”
“ശരി ശരി..പക്ഷെ വീടിന്നു പുറത്തും അപ്സ്റ്റെയറിലും ഒളിക്കാൻ പാടില്ല..”
ഭാരതിയമ്മ ഒരു കണ്ടീഷൻ മുന്നോട്ട് വച്ചു.
“സമ്മതിച്ചു...“
പുറത്തെക്കുള്ള വാതിലുകളെല്ലാം അടച്ചു കുറ്റിയിട്ട് സന്ദർശകമുറിയിലെ
അലങ്കാരതൂണിൽ കണ്ണുപൊത്തികൊണ്ട് ഭാരതിയമ്മ എണ്ണൽ ആരംഭിച്ചു..
.........നാല്പത്തെട്ട്,നാല്പൊത്തൊൻപത്, അമ്പത്..
അമ്പസ്താനി...
അമ്പസ്താനി...
അമ്പസ്താനി...
മൂന്നുതവണ ഉറക്കെ വിളിച്ചു കൂവി എണ്ണൽ അവസാനിപ്പിച്ച് അവർകണ്ണുതുറന്നു...
അപ്പോൾ പുറത്ത്ഉച്ച വെയിൽ മങ്ങിയതായും വീടിനുള്ളിൽ ഒരു നീലിമ
പടർന്നതായും അവർക്ക് തോന്നി.പുറത്ത് വെയില് നേർക്കുക മാത്രമല്ല
പൂത്തുനിൽക്കുന്ന ഗുൽമോഹർ ചില്ലകൈ ആട്ടി പൂവുകൾ വർഷിക്കുന്നതും
അതിൽ മൂന്നാലു വെൺപ്രാവുകൾ പറന്നുവന്നിരിക്കുന്നതും,നാളെക്ക്
വിരിയാൻ നിന്ന തോട്ടത്തിലെ പൂമൊട്ടുകളെല്ലാം പൊടുന്നനെ ഞെട്ടിവിടർന്നതുമൊന്നും
അവർ പക്ഷെ അറിഞ്ഞില്ല.....
ചുറ്റുമുള്ള പ്രകൃതിയിലെ അത്ഭുതകരമായ ഈ മാറ്റങ്ങളൊന്നുമറിയാതെ ,
അവർ വീട്ടിനുള്ളിലെ മുറിയിലെവിടെയോ ഒളിച്ചിരിക്കുന്ന
കൃഷ്ണൻ നായരെ കണ്ടുപിടിക്കാനായി അന്വേഷണം ആരംഭിച്ചു.ആദ്യം ബെഡ് റൂമിലും
വായനാമുറിയിലും നോക്കി ,കാണാതായപ്പോൾ അടുക്കളയിലും വർക്ക് ഏരിയായി
ലുമൊക്കെ നോക്കി..പക്ഷെ എവിടെയും കൃഷ്ണൻ നായരില്ല.!!!
പുറത്തേക്കുള്ള വാതിലുകൾ പരിശോധിച്ചു; ഇനി തന്നെ പറ്റിച്ച് പുറത്തേക്കെങ്ങാൻ
ഇറങ്ങി പോയോ?ഇല്ല! വാതിലുകളെല്ലാം ഉള്ളിൽ നിന്നുംപൂട്ടി കിടക്കുകയാണ്..ഒരിക്കൽ കൂടി
കട്ടിലുകൾക്കു ചുവട്ടിലും അളമാരികൾക്കു പിന്നിലും വാർഡ് റോബ് തുറന്ന് അതിനുള്ളി
ലുമൊക്കെ പരിശോധിച്ചു..... ഒടുവിൽ പഴയൊരു ചൊല്ല് ഓർത്തുകൊണ്ട് അടുക്കളയിലെ
ഫ്രിഡ്ജും തുറന്ന് പരിശോധിച്ചു..ഫ്രിഡ്ജ് തുറന്നപ്പോൾ കൃഷ്ണൻ നായർ ഇടക്കെടുത്ത്
തിന്നാൽ വേണ്ടി സൂക്ഷിച്ചുവച്ചിരുന്ന ചോക്ലേറ്റ് പായ്ക്കറ്റിൽ നിന്ന് ഒന്നുരണ്ടെണ്ണം താഴെ വീണു....
പക്ഷെ എങ്ങും കൃഷ്ണൻ നായർ ഇല്ല......!!!!!!!!!!!
ഇദ്ദേഹമിതെവിടെ പോയി?തുറന്നുകിടക്കുന്ന ജനലുകൾ വഴി പുറത്തേക്ക് പറന്നുപോയോ??!!!
ഭാരതിയമ്മയുടെ പരിഭ്രമം വർധിക്കുകയാണ് ,അവർ കിതക്കുകയും ചെയ്യുന്നുണ്ട്
“കൃഷ്ണാ... “ അവർ കൃഷ്ണൻ നായരെ പേരെടുത്തു ഉറക്കെ വിളിച്ചു.ആരും അടുത്തില്ലാത്തപ്പോൾ
അവർ ഭർത്താവിനെ അങ്ങനെയാണ് വിളിക്കുക.. മറുപടിയൊന്നുമില്ലാതായപ്പോൾ
വീണ്ടും ഉറക്കെ വിളിച്ചു കൂവി “ കൃഷ്ണാ ... ഞാൻ തോറ്റു പുറത്തുവാ..”
അതിനു മറുപടിയായി പുറത്തെതോ മണ്ണാത്തിപുള്ളിന്റെ മധുരകൂജനമുയർന്നതല്ലാതെ
മറ്റു ശബ്ദങ്ങളൊന്നുമില്ല,എങ്ങും...
അവർ ഓടി വീണ്ടും വിസിറ്റേഴ്സ് റൂമിൽ എത്തി .അവിടെ നിന്നാൽ ബാൽക്കണിയും
മുകളിലുള്ള രണ്ടു മുറികളുടെ താഴിട്ടു പൂട്ടിയിരിക്കുന്ന വാതിലുകളും കാണാം... ..
ഇനി അവിടെ മാത്രമേ നോക്കാനുള്ളൂ.പക്ഷെ അവപുറത്ത് നിന്ന് താഴിട്ടു പൂട്ടിയിരിക്കുക
യാണ്..എന്നാലും തന്നെ പറ്റിച്ച് ,അദ്ദേഹം ആ മുറികളിലേതിലോ ഒന്നിൽ ഒളിച്ചിരിക്കുന്നു
ണ്ടെന്ന് അവർ വിശ്വസിച്ചു...കാരണം അവിടെ മാത്രമേ ഇനിനോക്കാനുള്ളൂ..
പ്രായമായതിൽ പിന്നെ മുകളിലെക്ക് കയറുന്നത് വലിയബുദ്ധിമുട്ടാണ്.,
കാൽ മുട്ടുകൾക്ക് ഓസ്റ്റിയോ ആർത്രൈറ്റിസ് ബാധിച്ചതിനു ശേഷം കയറിയിട്ട്
വർഷങ്ങൾ തന്നെയായി....അവർ ഷോകെയ്സിൽ വച്ചിരിക്കുന്ന പൊൻ പറയിൽ
നിന്ന് താക്കോൽ കൂട്ടമെടുത്ത് ഗോവണിചുവട്ടിലെത്തി...മുകളിലേക്ക് മുപ്പത്
പടികളുണ്ട്...
പടിയിൽ തൊട്ട് നെറുകയിൽ വച്ചുകൊണ്ട് വീണ്ടും ഉറക്കെ വിളിച്ചു.
“കൃഷ്ണാ....“ പക്ഷെ ഇത്തവണ അവർ വിളിച്ചത് സാക്ഷാൽ ശ്രീകൃഷ്ണ ഭഗവാനെയാണ്....
അവർ ഉള്ളു നൊന്ത പ്രാർഥനയോടെ ആദ്യത്തെ പടിയിൽ കാൽ വച്ചതും ഭഗവാൻ തന്റെ
ലീലകൾ ആരംഭിച്ചു.()
ആദ്യമായി അവരുടെ കാൽ മുട്ടിലെ വേദന അപ്രത്യക്ഷമായി..പിന്നെ
അവർ ഓരൊ പടവിൽ കാൽ വക്കുമ്പോളും കാലചക്രം പിന്നോട്ടുതിരിയാൻ തുടങ്ങി.
ഓരോ പടവും ഓരോ വർഷങ്ങൾ.....ഇതു വരെ ജീവിച്ച ജീവിതം അവർ വീണ്ടും ഒരിക്കൽ കൂടി
ജീവിക്കുകയാണ്.അവരുടെ കാൽ ചുവട്ടിലൂടെ കാലം പുറകൊട്ട് ഒഴുകി കൊണ്ടിരുന്നു..
അങ്ങനെ അൾഷ്യമേഴ്സ് ബാധിതനായി ഒരു കൊച്ചു കുട്ടിയെ പോലെ പെരുമാറി കൊണ്ടിരിക്കുന്ന
തന്റെ ഭർത്താവിനെ ശുശ്രൂഷിച്ചും പരിചരിച്ചും
അവർ നാല്പത്തിയഞ്ചാമത്തെ വയസ്സിൽ എത്തിചേർന്നു.അതായത് അവർ അഞ്ച് പടവുകൾ
കയറികഴിഞ്ഞു....,അന്നേദിവസം നേരം പുലരുമ്പോൾ അവർക്ക് ഭർത്താവിനോട് പറയാൻ ഒരു വിശേഷമുണ്ട്
ചെറിയൊരു തലകറക്കം ,ഛർദ്ദി..ഈ ശ്വരാ അതു തന്നെയോ ?മാസം തോറും മുറതെറ്റാതെ
വന്നെത്തുന്ന മാസമുറ പതിവ് തെറ്റിച്ചിട്ട് രണ്ടാഴ്ച കഴിഞ്ഞിരിക്കുന്നു..
രണ്ട് പേരും കൂടി നേരെ അടുത്തുള്ള ശ്രീകൃഷ്ണ ക്ഷേത്രത്തിലേക്കാണ്ആദ്യം പോയത്.നട അടച്ചിരുന്നെങ്കിലും
പുറത്ത് നിന്ന് പ്രാർഥിച്ചു.ഭാരതിയമ്മയുടെ കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണീർ തുള്ളികൾ നടക്കല്ലിൽ
വീണു ചിതറി..
അവർ ഇവിടെ എത്രയോ നാളുകളായി പ്രാർഥിക്കുന്നു!
അവർ ഇവിടെ എത്രയെത്ര കണ്ണീരൊഴുക്കി...!!
അവിടെ നിന്ന് നേരെ ഡോക്ടർ സരളാ ദേവിയുടെ ക്ലീനിക്കിലേക്ക്...
വിശദമായി പരിശോധിച്ചതിന് ശേഷം ഡോക്ടർ പറഞ്ഞു....menopause! അതായത് ആർത്തവവിരാമം..
ഒരമ്മയാവമെന്ന അവസാനത്തെ പ്രതീക്ഷയും തീർന്നിരിക്കുന്നു..അതു കേട്ടപ്പോൾ
അവർ തളർന്നു.. കൃഷ്ണൻ നായർ തകരുകതന്നെ ചെയ്തു..ആദ്യം മനോവിഭ്രാന്തിയുടെ ലക്ഷണങ്ങൾ..
അതു മാറിയപ്പോൾ അൾഷിമേഴ്സ്....
അവർ വീണ്ടും പടവുകളീലൂടെ നീങ്ങുകയാണ്..ജീവിതത്തിൽ ഒരിക്കൽ അനുഭവിച്ച് തീർത്ത
സുഖദു:ഖങ്ങളൊക്കെ വീണ്ടും കണ്മുന്നിലൂടെ കടന്നുപോകുന്നു..,കമ്പനിയിലെ മികച്ച അഡ്മിനി
സ്ട്രേറ്റർക്കുള്ള അവാർഡ് അദ്ദേഹം ഏറ്റു വാങ്ങുന്നത്,പഴയതറവാട് പൊളിച്ച് ബംഗ്ലാവ് പണിയുന്നത്,

ഗൾഫിൽ നിന്ന് അദ്ദേഹത്തിനെ താൻ കത്തെഴുതിവരുത്തുന്നത് ,മാതൃകാ പരമായ ദാമ്പത്യം....
ദു:ഖഗാനം പോലെ ജീവിതത്തിന്റെ പാശ്ചാത്തലത്തിലെപ്പോഴുമുണ്ടായിരുന്ന അനപത്യതാ ദു:ഖം ,
ആർട്ടിഫിഷ്യൽ ഇൻസെമിനേഷനു വേണ്ടി ഡോക്ടർ മുഹമ്മദ് ഉപദെശിക്കുന്നത്...
അങ്ങനെ കഴിഞ്ഞു പോയ ജീവിത്തത്തിലെ സന്ധികളും പ്രതിസന്ധികളും പിന്നിട്ട്
അവർ ഇപ്പോൾ എത്തിനിൽക്കുന്നത് തന്റെ ജീവിതത്തിലെ ഏറ്റവും അനർഘസുന്ദരമായ
ഒരു മുഹൂർത്തതിലാണ്.....സ്റ്റെയർ കെയ്സിലെ മുപ്പതാമത്തെ പടിയിൽ.. അതായത്
ഇരുപതാം വയസ്സിൽ...............
അവരുടെ ആദ്യരാത്രി...സർവ്വാഭരണവിഭൂഷിതയായി
അവൾപാലുമായി മണിയറയിലേക്ക് പ്രവേശിക്കുന്നു..
പാല് ഗ്ലാസ്സ് വാങ്ങി മേശപുറത്ത് വച്ചശെഷം യുവാവായ കൃഷ്ണൻ നായർ അവളെ അരികിൽ
ചേർത്തിരുത്തി.. പിന്നെ ലഹരി പിടിപ്പിക്കുന്ന സ്വരത്തിൽ പറയുന്നു..“അഴിക്ക്...”
അവൾ ഞെട്ടി മുഖമുയർത്തുമ്പോൾ അയ്യാൾ കള്ളചിരിയോടെ വീണ്ടും പറയുന്നു; “ഈ ആഭര
ണങ്ങളെല്ലാം അഴിച്ചു മാറ്റ്...” അവൾ ആഭരണങ്ങൾ ഒന്നന്നായി അഴിച്ചു മാറ്റുമ്പോൾ,
ഇല്ലാത്ത ഉഷ്ണത്തെകുറ്റപെടുത്തി അയ്യാൾ തന്റെ സിൽക്ക് ജുബായും അഴിച്ചുമാറ്റി..
അപ്പോൾ അയ്യാളുടെ വലത്ത് മാറിടത്തിൽ ശ്രീലങ്കയുടെ മേപ്പ് പോലെ
പ്രത്യക്ഷപെട്ട ഇരുണ്ട അടയാളം കണ്ട് അവൾ ചോദിച്ചു:
..”എന്തായിത്...?”
“എന്റെ ബർത്ത് മാർക്ക്..ജനിച്ചപ്പോഴെയുള്ള കറുത്ത മറുക്..”
‘’ മറുക് വലത്ത് നെഞ്ചിലാകുമ്പോൾ അതിനെ "ശ്രീവത്സം" എന്നാണ് പറയുക..”
“ ഇഷ്ടമായോ ...?” അതിന് പക്ഷെ അവൾ മറുപടി പറഞ്ഞത് അയ്യാളുടെ മറുകിൽ
ചുംബിച്ചുകൊണ്ടാണ്...അതൊരു റിഫ്ലക്സ് ആക്ഷൻ പോലെയായിരുന്നു..
ആദ്യം ചുണ്ടുകൾ ഏറ്റുവാങ്ങേണ്ട് സമ്മാനം അങ്ങിനെ അയാളുടെ നെഞ്ചിലെ മറുകിനു
കിട്ടി..” കയ്യിൽ അവശേഷിച്ച ഒറ്റതടവളയും ഊരികൊണ്ട് അയ്യാൾ പറഞ്ഞു
“ഭാരതി, ഇനി നീ നിന്റെ പേരിൽ നിന്നൊരക്ഷരം അഴിച്ചു മാറ്റണം..”
“ഏതക്ഷരം..”
“ആദ്യത്തെ അക്ഷരം..”
“ ഇന്ന് രാത്രി മുഴുവൻ നീ ‘രതി‘ മാത്രമായിരിക്കും ..എന്റെ രതീദേവി..”
അയ്യാൾ മേശവിളക്ക് അണച്ചു കൊണ്ട് പറഞ്ഞു.ഇരുട്ടിൽ അല്പനിമിഷങ്ങൾ
നിശ്ശബ്ദമായി കടന്നു പോയി..പിന്നെ സ്ത്രീ പുരുഷ സമ്മിശ്രമായ സീൽക്കാര
സംഗിതമുയർന്നു..,അകമ്പടിയായി മണിയറ കട്ടിലിന്റെ സന്ധിബന്ധങ്ങൾ
താളാത്മക മായി ഞെരിഞ്ഞു....അങ്ങനെ,അവിടെ ആദ്യസംഗമത്തിന്റെ സംഗീതമേളം
നിറഞ്ഞു......
...പിറ്റെന്ന് പുലർന്നപ്പോൾ,ക്രീഡാലോലമായ രാവിന്റെ തിരുശേഷിപ്പു പോലെ ,തരംഗിത
മായ മെത്തവിരിപ്പിൽ,വാടിയമുല്ലപൂക്കൾക്കിടയിൽ ഒരു പനിനീരിതളുകണ്ടപ്പോൾ ,
അവളുടെ ഉള്ളിലെന്തൊ പിടഞ്ഞു.ഉഴുതുമറിക്കപെട്ട ക്ഷേത്രമണ്ണിൽ മുള പൊട്ടുന്ന
ഒരു വിത്തിന്റെ ഉൾ തുടിപ്പായി തന്റെ അടിവയറ്റിൽ ജീവന്റെ നാമ്പുകൾ
നങ്കൂരമിട്ടുകഴിഞ്ഞെന്നോ? പക്ഷെ..................
* * * * *
അത്ഭുതകരവും സ്വപ്നസന്നിഭവുമായ കാലാനുഭവത്തിൽ നിന്നുണരുമ്പോൾ
അവർ കോണിചുവട്ടിലിരിക്കുകയാണ്... മുകളിലേക്ക് കയറാതെ തന്നെ
കൃഷ്ണൻ നായർ അവിടെയെങ്ങുമില്ലെന്ന് അവർക്ക് ബോധോദയമുണ്ടായി.
പുറത്ത് ഉച്ചവെയിൽ നേർത്ത് നേർത്ത് നിലാവ് തന്നെയായിരിക്കുന്നു..
കുറുകുന്ന പ്രാവും വീശിയടിക്കുന്ന കാറ്റും ഇപ്പോൾ നിശ്ശ്ബ്ദമാണ്..
അപ്പോൾ,അപ്പോൾ ...വീടിനുള്ളീൽ ഒരു കരച്ചിൽ ഉയർന്നു...
വിശാലമായ തളത്തിലെ ഒരു കോണിൽ കിടന്നിരുന്ന നൂറ്റാണ്ടുകളുടെ
പഴക്കമുള്ള ചന്ദനതൊട്ടിലിൽ നിന്നാണ് ആ കരച്ചിലുയരുന്നത്..
ഒളിച്ചിരിക്കുന്ന ഭർത്താവിനു വേണ്ടി വീടു മുഴുവൻ അരിച്ച് പെറുക്കിയെങ്കിലും
അവർ നോക്കാതെ വിട്ടു പോയ ഒരു ഇടമായിരുന്നു അത്.....
തൊട്ടിലിൽ കൈകാലിട്ടടിച്ച് കരഞ്ഞു കൊണ്ടിരിക്കുകയാണ് ഓമനത്തം
തുളുമ്പുന്ന ഒരു കുഞ്ഞ്.അതിന്റെ വലത്തെ മാറിടത്തിൽ ഒരു കൊച്ചു മറുകും
അവർ കണ്ടു: ‘ശ്രീവത്സം”
അവർകുഞ്ഞിനെ വാരി മാറോടണച്ചു .പാൽ ചുരന്നു വിജൃംഭിച്ച
മുലകണ്ണ് കുഞ്ഞിന്റെ വായിലേക്ക് തിരുകി പാലൂട്ടുവാൻ ആരംഭിച്ചു..
അങ്ങനെയാണ് ഭാരതിയമ്മ അമ്പതാം വയസ്സിൽ ഭർത്താവിനെ
നഷ്ട പെടാതെ തന്നെ വിധവയായത്...
പ്രസവിക്കാതെ തന്നെ അമ്മയായത്..

Friday, February 12, 2010

അൽ വിദാ..........

അങ്ങനെ ഞാനും ആത്മകഥയെഴുതുന്നു. ആശയങ്ങളും എഴുതാനുള്ള ആത്മവിശ്വാസവും
തീർന്നാൽ ആത്മകഥ തന്നെ ശരണം,അല്ലെങ്കിൽ പിന്നെ മോഷ്ടിക്കണം,അഥവാ
മോഷണത്തിന്റെ രീതി ഒന്നു മാറ്റണം..
പക്ഷെ പലനാൾ കള്ളൻ ഒരു നാൾ പിടിക്കപെടുമെന്നല്ലെ...
അതുകൊണ്ടാണ് ആത്മകഥയെഴുതാൻ തീരുമാനിച്ചത്...ആത്മകഥ എന്ന്
ആദ്യമെ പറഞ്ഞത് ഒരു മുൻ കൂർ ജാമ്യം കൂടിയാണ്..എന്നു വച്ചാൽ ഇതിൽ
ത്രില്ലും ഹൊററുമൊന്നും പ്രതീക്ഷിക്കരുത്..ഒരല്പം ബോറടി പ്രതീക്ഷിക്കുകയും വേണം..
അപ്പോൾ തുടങ്ങാം..പക്ഷെ ഒരു പ്രശ്നം.സ്വന്തം കഥയാകുമ്പോൾ സ്വന്തം
പേരും ഊരു മൊക്കെയാണല്ലൊ ആദ്യം പറയേണ്ടത്..,ഞാൻ ശ്രീ-----,
കൊല്ലാ വർഷം ഇത്രമാണ്ട് ഇന്ന സ്ഥലത്ത് ഇന്ന ആൾക്കാരുടെ ഇത്രാ‍മത്തെ
പുത്രനായി ഭൂജാതനായി...അതൊക്കെയാണല്ലൊ അതിന്റെ രീതികൾ ..
എന്തു ചെയ്യാം ഞാൻ എന്റെ പേരും ഊരുമൊക്കെ മറന്നുപോയിരിക്കുന്നു..
ഒരു പേരിലെന്തിരിക്കുന്നു എന്ന് വില്ല്യം ഷേക്ക്സ്പിയർ
ചെയ്തതുപോലെ കൈമലർത്താനുമാകുന്നില്ല ,കാരണം മറന്നുപോയിരിക്കുന്നത്
സ്വന്തം പേരാണ്!! മാത്രമല്ല, ഒരു പേരിൽ
പലതു മിരിക്കുന്നെണ്ടെന്നാണ് ജീവിതം എന്നെ പഠിപ്പിച്ചിട്ടുള്ളത്...
ഉദ്ദാഹരണത്തിന് ,ഐശ്വര്യറായിയുടെ പേര് “ബസന്തി“യെന്നോ
‘ചമേലി’ എന്നോ ആയിരുന്നെങ്കിൽ അവർ ഒരിക്കലും മിസ് വേൾഡ് ആകുമായിരുന്നില്ല
എന്നാണ് എന്റെ വിശ്വാസം.മിസ് ഇന്ഡ്യ ആയിട്ട് വേണ്ടെ മിസ് വേൾഡ് ആവാൻ..!!
എന്തിന് എന്റെയടുത്ത ഒരു സുഹൃത്ത്, ഒരു പാട്ഡിഗ്രികളും ആവശ്യത്തിന് സ്മാർട്ട്നെസ്സുമുള്ള
ശ്രീ . നാരായാണൻ കുട്ടി,ആപേരും വച്ച് ഒരു ജോലി തെണ്ടി മടുത്ത് ഈയിടെമാത്രമാണ്
ഒരു ഐടി കമ്പനിയിൽ ഉദ്യോഗത്തിൽ പ്രവേശിച്ചത് ..മിസ്റ്റർ നാരായൺ എന്നപേരിൽ.
സ്വന്തം പേരു മറന്നാലും സ്വന്തം കഥ ഞാൻ മറന്നിട്ടില്ല അതുകൊണ്ട് നേരെ ആത്മകഥയിലേക്കു
കടക്കാം...
* * * *
എന്റെ ഏറ്റവും പഴക്കമുള്ള ഓർമ്മ മുറ്റത്തിരുന്ന് മണ്ണപ്പം ചുട്ടുകളിക്കുന്നതാണ്.
മുറ്റത്തെ മാഞ്ചുവടാണ് സ്ഥിരംവേദി.ആദ്യം വാവട്ടമുള്ള ഒരു കണ്ണൻ ചിരട്ടയിൽ ഒരല്പം
പഞ്ചാര പൂഴിയിടുന്നു.അതിനുശേഷം വക്കുവെരെ നനച്ച് കുഴച്ചമണ്ണ നിറക്കുന്നു..പിന്നെ
ഒരറ്റ കമിഴ്ത്ത്...മണ്ണപ്പം റെഡി.....
അന്ന്മണ്ണപ്പം ചുട്ടുകളിക്കാൻ എന്റെകൂടെ അയൽ വക്കത്തെ ഒരു കൊച്ചു പെൺകുട്ടിയും
വരുമായിരുന്നു..ഇന്ന് അവൾ എന്റെ അടുക്കളയിൽ അരിയപ്പം ചുടുന്നു...
അപ്പോൾ എന്റെ കഥ ബാല്യവും കൌമാരവും കടന്ന് നേരെ യൌവനത്തിലേക്കും
അടുത്തപടിയായ വിവാഹജീവിതത്തിലേക്കും എടുത്തുചാടിയിരിക്കുന്നു ..ജനിച്ചു,രമിച്ചു ,ജനിപ്പിച്ചു,മരിച്ചു..
...ഇതൊക്കെ തന്നെയാണ് മിക്ക ആത്മകഥകളുടെയും കാതൽ ..
ഒരു നിമിഷം... ,ഒരു ഓട്ടൊബയോഗ്രഫി ആകുമ്പോൾ ഒടുവിൽ പറഞ്ഞ പ്രസ്താവാം
ഒഴിവാക്കേണ്ടതല്ലെ എന്നു നിങ്ങൾ ക്ക് തോന്നാം...
അവിടെയാണ് കഥ മാറുന്നത്........
കാലം മാറുന്നത്.
* * *
ഏതൊരു സാമാന്യവത്കരണത്തിനും കാണും ചില അപവാദങ്ങൾ...
വീടും പൂന്തോട്ടവും ഭാര്യയും കുട്ടികളും നേരം വെളുത്താൽ ഒരുപാടു ജോലികളും രാത്രിയായാൽ
ഒരു പാടുതമാശകളും ഇടക്കൊരു ഔട്ടിംഗുമൊക്കെയായി ജീവിതം അങ്ങനെ പുതുമകളൊന്നുമില്ലാതെ
നീങ്ങി കൊണ്ടിരിക്കുമ്പോഴാണ് എനിക്ക് പെട്ടൊന്നൊരു തലവേദന...പതിവുള്ളതല്ല.എന്നാലും
ഡോക്ടറെയൊന്നും കാണാൻ പോയില്ല .ഒരു അനാസിൻ വാങ്ങികഴിച്ചു.വേദനയും മാറി.
വേദന തത്കാലം മാറിയെങ്കിലും ദുരിതങ്ങൾ തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ.പിറ്റേന്ന് ഇടത്തെകണ്ണു
മാത്രം കരയാൻ തുടങ്ങി.രണ്ട് ദിവസം വെയ്റ്റ് ചെയ്ത് നോക്കി.മൂന്നാം ദിവസം കുടുംബഡോക്ടറുടെ
സന്നിധിയിൽ...ചെറുപ്പകാലം മുതലേ ചികിത്സിക്കുന്ന ഡോക്ടർ ആണ്..ഡോക്ടർ ശങ്കരൻ..,അതെ
പ്രാക്ടീസ് കുറഞ്ഞപ്പോൾ അദ്ദേഹവും ഈയിടെയായി പേരു മാറ്റിയിരിക്കുന്നു; ഇപ്പോൾ ഡോക്ടർ ശങ്കർ.
.പേരു മാറിയെങ്കിലുംസ്ഥായീ‍ഭാവം കരുണം തന്നെ
.. അദ്ദെഹം കാരുണ്യത്തോടെ എന്നെ പരിശോധിക്കാൻ തുടങ്ങി ,ഇരുത്തിയും കിടത്തിയും
കണ്ണിലേക്ക് ലൈറ്റ് അടിച്ചുമൊക്കെ.....
അവസാനം അദ്ദേഹം പറഞ്ഞു : “ കുഴപ്പമൊന്നുംകാണുന്നില്ല...മൂന്നുദിവസം മരുന്നു കഴിച്ചു നോക്കാം...”
നോക്കാമെന്ന്!!എന്റെ നെഞ്ചിലൂടെ ഒരു കുഞ്ഞാറ്റകിളി കുരുത്തോലപെരുന്നാളു കൂടുവാൻ പറന്നു പോയി....
ഞാൻ നേരത്തെ പറഞ്ഞല്ലോ,ചെറുപ്പം മുതലേ ചികിത്സിക്കുന്ന ഡോക്ടറാണ്...അദ്ദേഹത്തിന്റെ
രീതികളൊക്കെ എനിക്കറിയാം...നോക്കാമെന്ന്!!‘ ഇതദ്ദേഹത്തിന്റെ ശൈലിയല്ല...
എന്നാലോ മൂന്നുദിവസം അദ്ദേഹത്തിന്റെ മരുന്നു കഴിച്ചപ്പോഴേക്കും കണ്ണിൽ നിന്നുള്ള വെള്ളംവരവ്
നിന്നു.പക്ഷെ മറ്റൊരപകടം ! ഇടത്തുകണ്ണിന്റെ കാഴ്ചക്കൊരു മങ്ങൽ! കാഴ്ച മങ്ങാൻ തുടങ്ങിയ
പ്പോൾ ഞാൻ ഓർത്തത് എന്നെ ചികിത്സിക്കുന്ന ഡോക്ടറെയല്ല,എന്റെ ജ്യോത്സ്യരെയാണ്
ശ്രീ കാണിപറമ്പിൽ മഹാദേവനെ...കാരണം ഡോക്ടർ മാരൊക്കെ കണ്ടുപിടിക്കുന്നതിന് വളരെ
മുൻപ് തന്നെ എന്റെ ഹൃദയത്തിലെ ഇടത്തും വലത്തും അറകളെ വേർതിരിക്കുന്ന ഭിത്തിയിൽ
ഒരു ദ്വാര മുണ്ടെന്ന് കണ്ട് പിടിച്ച മഹാനണദ്ദേഹം..എന്റെ ഒന്നാം പിറന്നാളിന് ജാതകമെഴുതുമ്പോഴാണ്
മഹത്തായ ആ കണ്ട് പിടുത്തം അദ്ദേഹം നടത്തിയത്..പിന്നെയും നാലുവർഷം കഴിഞ്ഞാണ്
ടൌണിലെ ഹാർട്ട് ഹൊസ്പ്റ്റലിലെ കാർഡിയോളജിസ്റ്റ് ഡോക്റ്റർ കൃഷ്ണനുണ്ണി
എ.എസ്.ഡി(atrial septal defect) എന്ന എന്റെ രോഗം സ്ഥിരീകരിക്കുന്നതും
ഒരു കാർഡിയാക് ഓപ്പറേഷനു വിധേയനാക്കുന്നതും..
അതുവരെ കാണിച്ച ഡോക്ടർമാരെല്ലാം പറഞ്ഞു; “ ഒരു കുഴപ്പവുമില്ല...”“.
അതുകൊണ്ട്,ജ്യോതിഷത്തിലൊന്നും എനിക്ക്
വിശ്വാസമില്ലെങ്കിലും ജ്യോത്സ്യരെ എനിക്ക് ദൃഢവിശ്വാസമാണ്.ഇനി അദ്ദേഹം തന്നെ അഭയം...
* * * * *
പനകളും പാലകളും മറ്റനവധി കാട്ടുവൃക്ഷങ്ങളും വളർന്ന് നിൽക്കുന്ന ഒരു വലിയ പറമ്പിന്റെ
യുള്ളിൽ ഒരു ശ്രീകോവിൽ പോലെയാണ് ജ്യോത്സ്യരുടെ വീട് നില കൊള്ളുന്നത്. ഒതുക്കുകല്ലു
കയറുമ്പോൾ ഒരു വലിയ മണിനാഗം എതിരെ ഇഴഞ്ഞുവരുന്നു...!! നല്ലകണി! ജ്യോത്സ്യരെ കാണുവാൻ
മനുഷ്യർ മാത്രമല്ല എത്താറ് എന്ന് നാട്ടിൽ പൊതുവെ ഒരു സംസാരമുണ്ട്...
ഞാൻ ചെല്ലുമ്പോൾ അദ്ദേഹം വരാന്തയിൽ ചമ്രം പടിഞ്ഞിരുന്ന് മണി നാഗത്തിന് വേണ്ടി നിരത്തിയ
കവിടികളെല്ലാം കൊച്ചു സഞ്ചിയിൽ വാരികെട്ടുകയാണ്...
ഞാൻ പേരും നാളും പറഞ്ഞ് സ്വയം പരിചയപെടുത്തി..എന്നെങ്കിലും കണ്ണു സംബന്ധമായ എന്തെങ്കിലും
രോഗമുണ്ടാവുകയാണെങ്കിൽ തന്നെ സമീപിക്കണമെന്ന് മുൻപ് ജ്യോത്സ്യർ എനിക്ക് നിർദേശം
തന്നിരുന്ന കാര്യവും ഓർമ്മപെടുത്തി.. അദ്ദേഹം വായിലെ താംബൂലമിശ്രിതം ഉമ്മറത്തേക്ക് നീട്ടി
തുപ്പി ഒന്ന് ഇരുത്തി മൂളി ..പിന്നെ എന്റെ ജാതകത്തിന്റെ ഓലകൾ മറിച്ചു നോക്കാൻ തുടങ്ങി
ഇതിനിടയിൽ ഭാര്യ കുട്ടികൾ കുടുംബം ഇതിനെകുറിച്ചൊക്കെ കുശലന്വേഷണം നടത്തുന്നുണ്ട്..
“എല്ലാവരും സുഖമായിരിക്കുന്നു...” ഞാൻ പറഞ്ഞു ..
ജാതകത്തിന്റെ ഒരു താളിൽ അദ്ദേഹത്തിന്റെകണ്ണുകൾ കുറെ നേരം ഉടക്കിനിന്നു.
പിന്നെ പൊടുന്നനെ എന്നെ നോക്കി ഒരു ചോദ്യം .
“നിങ്ങൾക്കിപ്പോൾ എന്ത് ബാങ്ക് ബാലൻസ് ഉണ്ട്?”
ഡോക്ടറും വക്കീലും ഇത് ചോദിച്ചാൽ ഞാൻ നേരു പറഞ്ഞില്ലെന്നിരിക്കും. പക്ഷെ
എന്റെ ജ്യോത്സ്യരോട് ഞാൻ കള്ളം പറയുകയില്ല.അതുകൊണ്ട് ഞാൻ
എന്റെ ബാങ്ക് ബാലൻസ് മുതലും പലിശയും അണപൈവിടാതെ പറഞ്ഞുകൊടുത്തു..
“എങ്കിൽ അതൊക്കെ വേഗം തന്നെ പിൻ വലിക്കണം .എന്നിട്ട് അത്രയും തുക പ്രീമിയം
അടച്ച് ഒരു ലൈഫ് പോളിസി എടുക്കണം.“”
അത്രയുവലിയ ഒരു തുകപ്രീമിയ മടച്ചാൽ അടുത്തവർഷം അതേ തുക അടക്കുവാൻ
ഞാൻ എന്തു ചെയ്യും? എന്റെ നാവിൻ തുമ്പോളം വന്ന ആ സംശയം ഞാൻ അങ്ങനെ
തന്നെ വിഴുങ്ങി. ..എനിക്കറിയാം ഇദ്ദേഹം ‘കാര്യം’ മാത്രം പറയുന്ന ആളാണ്.കാരണങ്ങൾ
തിരക്കുന്നത് അദ്ദേഹത്തിന് ഇഷ്ടമല്ല..
അദ്ദേഹം ജാതകം അടച്ചു .സെഷൻ കഴിഞ്ഞെന്നർഥം.
ഞാൻ ഷർട്ടിന്റെ പോക്കറ്റിൽ നിന്ന് ഒരു വെള്ളിരൂപ എടുത്തു...
“ദക്ഷിണ...”
“ഇപ്പോൾ വേണ്ട..” അദ്ദേഹം ശാന്തതയോടെ പറഞ്ഞു.
“ പിന്നെ??”
“”പോളിസികിട്ടിയിട്ടു മതി.........!!“”
* * * *
നാട്ടിലെ സ്പെഷ്യലിറ്റി ഹോസ്പിറ്റലുകളിലെല്ലാം കയറിയിറങ്ങി അവസാനം
തലയുടെ MRI scan ഉൾപ്പെടെ ഒരു കെട്ടു
ഫയലുമായി ഞാൻ വീണ്ടും എന്റെ കുടുംബഡോക്ടറുടെ മുന്നിൽ ഇരിക്കുകയാണ്..
ഫയലുകളെല്ലാം സമയമെടുത്ത് അവധാനതയോടെ പഠിച്ച ശേഷം എല്ലാവരും
പറഞ്ഞതുതന്നെ അദ്ദേഹവും പറഞ്ഞു. “ ഒരു കുഴപ്പവുമില്ല...”
അതും പറഞ്ഞ് കുറച്ച് വിറ്റാമിൻ ഗുളികകൾ കുറിക്കുവാനായി അദ്ദേഹം തന്റെ പ്രിസ്ക്രിപ്ഷൻ
പാഡിൽ നിന്ന് ഒരു താൾ വലിച്ചു കീറി............
പെട്ടെന്നെനിക്കൊരു കുസൃതി തോന്നി. ഞാൻ ചോദിച്ചു.
“ഡോക്ടർ , ഞാനിനി എത്രനാൾ ജീവിക്കും.........??”
അദ്ദേഹം എഴുതാനെടുത്ത പേനകടലാസിനുമുകളിൽ വച്ചു.അപൂർവ്വമായ ഒരു രോഗലക്ഷണം
ശ്രദ്ധയിൽ പെട്ടെതു പോലെ അദ്ദേഹത്തിന്റെ കണ്ണിൽ ക്ഷണനേരത്തേക്ക് ഒരു ഒളി മിന്നി..
പിന്നെ അദ്ദേഹം പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു;
“” ആ‍യുസ്സു തീരുന്നതുവരെ...............................”
അതിനുശേഷം മരുന്നെഴുതാനുള്ളതാളിൽ അദ്ദേഹം എന്റെ രോഗചരിത്രത്തിന്റെ സംക്ഷിപ്തമെഴു
താൻ തുടങ്ങി..എഴുതികഴിഞ്ഞപ്പോൾ അടിയിൽ നീട്ടിയൊരുപ്പുമിട്ട് കടലാസ് നാലായി മടക്കി
ഒരു കവറിൽ വച്ച് എനിക്ക് നീട്ടി...........
“എന്തായിത്......?”
“റഫറൻസ് ലെറ്ററാണ്..ഡോക്ടർ ഗുരുദത്തിന്..”
“ഗുരു ദത്തോ?? ആരാണദ്ദേഹം ?
“എന്റെ ഗുരു......”
* * * *
ഡോക്ടർ ഗുരുദത്ത് ചികിത്സ നടത്തുന്ന ഹോസ്പിറ്റലിനെ കുറിച്ചന്വേഷിച്ചപ്പോഴാണ് രസം..
എഴുത്തു തന്ന കുടുംബഡോക്ടർക്കു കൂടി അതെവിടെയാണെന്ന് ശരിക്കു പറഞ്ഞുതരാൻ കഴിഞ്ഞില്ല.
അന്വേഷിക്കുവിൻ കണ്ടെത്തും എന്നല്ലെ..അവസാനം കരുണ ഹോസ്പിറ്റലിന്റെ ഫോൺ നമ്പർ
ഡയറക്ടറിയിൽ നിന്ന് കണ്ടെടുത്തു.കുറെ നേരം ശ്രമിച്ചിട്ടാണ് കണക്ഷൺ കിട്ടിയത്.
“ കരുണ ഹോസ്പിറ്റലല്ലേ..” ഫൊൺ അറ്റന്റ് ചെയ്ത റിസ്പ്ഷനിസ്റ്റിനോട് ഞാൻ ചോദിച്ചു.
“അതെ...ഡോക്ടർ കരുണാകരൻ റഫർചെയ്തപേഷ്യന്റല്ലേ.” അവർ തിരിച്ചിങ്ങോട്ടൊരു ചോദ്യം.
അത് കേട്ടപ്പോൾ അത്ഭുതവും സന്തോഷവും എനിക്ക് ഒരു മിച്ചനുഭവപെട്ടു.എങ്കിലും അവർ
എന്നെമറ്റാരോ ആയി തെറ്റിദ്ധരിച്ചതായി എനിക്കു തോന്നി. ഞാൻ തിരുത്തി:
‘അല്ല. ഡോക്ടർ ശങ്കർ റഫർ ചെയ്ത പേഷ്യന്റാണ്..”
“അതെ..അതുതന്നെ ! ഡോക്ടർ ഗുരുദത്ത് അദ്ദേഹത്തെ കരുണാകരൻ എന്നാണ് വിളിക്കാറ്..”
“എങ്കിൽ ഇപ്പോൾ കരുൺ എന്ന് വിളിക്കണം “ഞാൻ പറഞ്ഞു..
അങ്ങേ തലക്കൽ പളുങ്ക് ചിതറുന്നതു പോലെ ഒരു ചിരി ഉടഞ്ഞു..
ആ തമാശ അവർ ആസ്വദിച്ചെന്നു തോന്നുന്നു.
“ ഡോക്ടർ ഗുരുദത്തിന് ഒരു അപ്പോയിൻ മെന്റ് ഫിക്സ് ചെയ്യാനാണ് ഞാൻ വിളിച്ചത്..”
“ മനസ്സിലായി..അതു ഫിക്സ് ചെയ്തു കഴിഞ്ഞു.” അവർ പറഞ്ഞു..
“ എങ്ങനെയാണ് ഹോസ്പിറ്റലിലേക്ക് എത്തുക..വഴിയൊന്നു പറഞ്ഞു തരണം..”
“ ഏതു വഴിക്ക് വന്നാലും നിങ്ങൾ ഇവിടെ എത്തും”
“ഞാൻ എപ്പോൾ ആണ് പുറപെടെണ്ടത്?”
“എപ്പോൾ പുറപെട്ടാലും നിങ്ങൾ സമയത്തിനു തന്നെ ഇവിടെ എത്തിചേരും”
എന്റെ സംശയങ്ങളെല്ലാം തീർന്നിരുന്നു..എന്നാലും ഞാൻ വെറുതെ ചോദിച്ചു:
“ഞാൻ എവിടെ നിന്നാണ് പുറപെടേണ്ടത്?” അതിനും അവർക്കു മറുപടിയുണ്ടായിരുന്നു...
“നിങ്ങൾ എവിടെ നിന്നു പുറപെട്ടാലും ഇവിടെയെത്തുമ്പോൾ തൃസന്ധ്യയാകും.........”.
അപ്പുറത്ത് ഫോൺ വെക്കുന്ന ശബ്ദം.അത് ചെറിയൊരു ആഘാതമായി എന്റെ ചെവിയിൽ
പതിക്കുന്നു..വലിയൊരു ഇടിമുഴക്കമായി എന്റെ തലക്കുള്ളിൽ മുഴങ്ങുന്നു...ശക്തമായ
തലവേദനയുടെ ആരംഭം....കാഴ്ച മങ്ങുന്നു ..ഓർമ്മകൾ മറയുന്നു......
* * *
ഓർമ്മവരുമ്പോൾ ഞാൻ വിശാലമായ ഒരു ആശു പത്രി മുറിയിലാണ്.ചുറ്റും കണ്ണഞ്ചിക്കുന്നവെണ്മ.
ചുമരിനും ജനൽ വിരിക്കും ഞാനിട്ടിരിക്കുന്ന ഹോസ്പിറ്റൽ യൂണിഫോമിനും മാത്രമല്ല മുറിയിലെ
ഫർണീച്ചറുകൾക്കും ഉപകരണങ്ങൾക്കും തലകീഴായി
സലൈൻ കുപ്പികൾ തൂങ്ങികിടക്കുന്ന ഡ്രിപ്പ് സ്റ്റാൻഡിനും വെളുത്തനിറം..കറുപ്പിന്റെ ഒരു പാടു പോലുമില്ല..
ഒരു രോഗാണുവും ആ പരിസരത്തെങ്ങുമില്ല.. അപ്പോഴാണ് മറ്റൊരു കാര്യം ശ്രദ്ധിക്കുന്നത്.
ഞാൻ കിടക്കുന്ന മുറിക്ക് വാതിലുകളൊന്നു മില്ല ..ഉള്ളത് മൂന്നുജനലുകളാണ്..അതാകട്ടെ അടഞ്ഞുകിടക്കുന്നു..
ഇപ്പോൾ നല്ല സുഖം തോന്നുന്നുണ്ട്..കാഴ്ചതെളിഞ്ഞിരിക്കുന്നു തലവേദന അനുഭവപെടുന്നേയില്ല...
പുറത്തെ കാഴ്ചകൾ നോക്കികാണുവാൻ എന്തെന്നില്ലാത്ത ഒരു ആഗ്രഹം.......
ഞാൻ മെല്ലെ എണീറ്റ് ആദ്യത്തെ ജനൽ തുറന്നു..പെട്ടെന്ന് വെളിച്ചവും കുളിരും നേർത്തസുഗന്ധവും
മുറിയിലേക്ക് ചൊരിഞ്ഞുവീണു..എത്രമനോഹരമായ കാഴ്ച..നോക്കെത്താദൂരം പരന്നുകിടക്കുന്ന
ഒരു താഴ്വാരം..താഴ്വരയിൽ നീലകടൽ പോലെ പൂത്തു കിടക്കുന്ന നീല കുറിഞ്ഞികൾ ...
പന്ത്രണ്ട് വർഷത്തിലൊരിക്കൽ മാത്രം പൂക്കുന്ന അതേ പൂക്കൾ ...പൂങ്കടലിനു മേലെ അനുഗ്രഹം
ചൊരിഞ്ഞുകൊണ്ട് ചക്രവാളത്തിൽ ചുവന്നു തുടുത്തു നിലകൊള്ളുകയാണ് ഉദയ സൂര്യൻ..........
ഇതെ കാഴ്ച മറ്റൊരു വീക്ഷണകോണിൽ നോക്കി കാണുവാൻ ഞാൻ അടുത്ത ജനൽ തുറന്നു..
പക്ഷെ അവിടെ ഞാൻ കണ്ടത് നക്ഷത്രഖചിതമായ രാത്രിമാനമാണ്.. ആകാശത്ത് ‘ശബരനും’(orione)
അവന്റെ വേട്ടനായയും(canis major) കൊലുത്തഴിഞ്ഞുകിടക്കുന്ന ഒരു പാദസരം പോലെ ‘കാർത്തികകൂട്ടവും..(plaedes)
അശ്വമുഖം പോലെ അശ്വതിയും നിരന്നു മിന്നുന്നു............അശ്വതി എന്റെ ജന്മ നക്ഷത്രം കൂടിയാണ്...എല്ലാം തണുപ്പുകാലത്തെ നക്ഷത്രങ്ങൾ!!
ഞാൻ വർദ്ധിച്ച കൌതുകത്തോടെ മൂന്നാമത്തെ ജനലും തുറന്നു ...തുറന്നത് വേനലിന്റെനീല വെളിച്ചം
വീണുകിടക്കുന്ന ഒരു വരാന്തയിലേക്ക്.........അതിന് ചുരുങ്ങിയത് ഒരു നാഴികയെങ്കിലും നീളം കാണും..
ഒരേ മുറിയിൽ നിന്നുള്ള ജാലകകാഴ്ചകൾ ഒന്നാവണമെന്നില്ല,എന്നാൽ ഒരേ സമയം
വ്യത്യസ്തമായ കാലവും കാലാവസ്ഥയുമൊക്കെ ആദ്യാനുഭവമാണ്!!
ദൂരെ വെളുത്ത ഓവർകോട്ട് ധരിച്ച ഡോക്ടറും സംഘവും പ്രത്യക്ഷപെട്ടപ്പോൾ ഞാൻ കട്ടിലിൽ വന്ന് കണ്ണുമടച്ച് കിടന്നു..
അല്പസമയം കഴിഞ്ഞപ്പോൾ മധുരമായ സ്വരത്തിൽ ആരോഎന്റെ പേരുചൊല്ലിവിളിച്ചു...
നെറ്റിയിൽ ചന്ദന കുറിയുമായി ചിരിച്ചുകൊണ്ട് നിൽക്കുന്ന ഡോക്ടർ ഗുരുദത്ത്..കൂടെ
സുന്ദരികളായ രണ്ട് നഴ്സ്മാരുമുണ്ട്.. ഡോക്ടർ ഗുരുദത്തിനെ കണ്ടപ്പോൾ എനിക്ക്
എന്തെന്നില്ലാത്ത ആശ്ചര്യമുണ്ടായി..അദ്ദേഹത്തിന് എന്റെ ജ്യോത്സ്യന്റെ അതേ മുഖഛായ..
സംശയം ഞാൻ മനസ്സിൽ വച്ചതെയുള്ളൂ.. പക്ഷെ ഉത്തരം അദ്ദേഹത്തിൽ നിന്ന്
പുറത്ത് വന്നു കഴിഞ്ഞു“ എനിക്ക് വൈദ്യവും അറിയാം.........” ദേവനാഗരിലിപിയിൽ സ്വന്തം
പേരെഴുതിവച്ചിരിക്കുന്ന ഓവർകോട്ടിന്റെ ഇടത്ത് ഭാഗത്ത് കുത്തിയിരിക്കുന്ന നെയിം പ്ലെറ്റിലേക്കും
കഴുത്തിൽ കിടക്കുന്ന ഇരട്ടകുഴൽ സ്റ്റെതസ്കോപ്പിലേക്കും ഞാൻ മാറി മാറി നോക്കി..
“ഞാൻ തന്നെ ...ജ്യോത്സ്യർ മഹാദേവൻ..ചികിത്സിക്കുമ്പോൾ ഡോക്ടർ ഗുരുദത്ത്..”
അദ്ദേഹം എന്റെ വലത്ത് കൈയിൽ വിരൽ ചേർത്ത് പിടിച്ച് നാഡി മിടിപ്പ്
പരിശോധിച്ചു ..
“എല്ലാം മാറിയല്ലോ...” അദ്ദേഹം പുഞ്ചിരിയോടെ പറഞ്ഞു.
അപ്പോഴാണ് എനിക്ക് എന്തെന്നില്ലാത്ത ഒരു അങ്കലാപ്പ് അനുഭവപെട്ടത്...
കയ്യിലെ പണമെല്ലാം കഴിഞ്ഞിരിക്കുന്നു..ലൈഫ് ഇൻഷ്വറൻസിന്റെ അടുത്ത് പ്രീമിയം
അടക്കുവാനുള്ള സമയവും അടുത്തെത്തിയിരിക്കുന്നു.അല്ലെങ്കിൽ അടച്ച തുക ലാപ്സായ
തു തന്നെ.........
എന്റെ പരിഭ്രമം ഒരു കുരുത്തംകെട്ട ചോദ്യമായാണ് പുറത്ത് വന്നത്..
“ ഡോക്ടർ ഞാൻ എപ്പോഴാണ് മരിക്കുക??”
“ചോദ്യം തെറ്റിപോയല്ലോ...” അദ്ദേഹം പുഞ്ചിരി കൈവിടാതെ പറഞ്ഞു.
“ഏതാണ് ശരിയായ ചോദ്യം..?”
“എപ്പോഴാണ് മരിച്ചത് എന്നാണ് ചോദിക്കേണ്ടത്...”
(THE END)
*****************************************************************

Tuesday, February 9, 2010

വിചാരണയില്ലാതെ......

മുറ്റത്തെ പതിനെട്ടാം പട്ടയുടെ ഉച്ചിയിൽ പച്ചോലപാമ്പുകളുടെ ചൂളം വിളിയുയരുന്നു.അകമ്പടിയായി,
കൊത്തുപണിചെയ്ത ഉമ്മറതൂണുകളിൽ പടർന്ന് പരിലസിച്ചിരുന്ന ബ്ലീഡിംഗ് ഹാർട്ടിന്റെ
പൂങ്കുലകൾക്കുള്ളിൽ നിന്ന് ഭയചകിതരായ സുചിമുഖികൾ ചിറകടിച്ചു പറക്കുന്നശബ്ദം...
പുറത്ത് അവർ എത്തി കഴിഞെന്ന്ഉമാദത്തനു മനസ്സിലായി.
എഴുതികൊണ്ടിരിക്കുന്ന ‘സ്വർണ്ണവലയുള്ള ചിലന്തി’ യുടെ സ്ക്രിപ്റ്റ്
മാറ്റിവച്ച് അയ്യാൾ ചാരുകസേരയിൽ നിന്നെഴുന്നേറ്റു...
വാതിൽ തുറന്നപ്പോൾ,വരാന്തയിൽ അവർ മൂന്നാലു പേരുണ്ട്. കൂട്ടത്തിൽ ജുബയും മുണ്ടും ധരിച്ച അവരുടെ
നേതാവെന്നു തോന്നിക്കുന്ന ആൾ സ്വയം പരിചയപെടുത്തി. “ ഞാൻ ..കുമാരമംഗലം
അമ്പലം കമ്മറ്റി പ്രസിഡണ്ട്..” നെറ്റിയിലെ ചന്ദനകുറിയും വെറ്റില കറപുരണ്ട പുഞ്ചിരിയും ആ
പ്രസ്താവനക്ക് റാൻ മൂളിയെങ്കിലും കണ്ണുകളിലെ ക്രൌര്യവും കൌശലവും അയ്യാളെ ഒറ്റുകൊടുത്തു...
ഇടുങ്ങിയ തളത്തിൽ കിടന്നിരുന്ന ചൂരൽ കസേരകളിലും സ്റ്റൂളുകളിലുമായി എല്ലാവരും ഉപവിഷ്ടരായി
കഴിഞ്ഞപ്പോൾ ഉമാദത്തൻ ചോദിച്ചു: “കുടിക്കാൻ ... ഹോട്ട് ഓർ ..കോൾഡ്?”
“ചായയായാലും സർബത്തായാലും ഞങ്ങൾക്ക് സന്തോഷം” അനുയായികളിൽ ഒരാൾ വലിയതമാശ
പൊട്ടിക്കും മട്ടിൽ പറഞ്ഞു.
“ ക്ഷമിക്കണം...കുടിക്കാൻ ചൂടുവെള്ളം വേണോ അതോ പച്ചവെള്ളം മതിയോ എന്നാണ്
ഉദ്ദേശിച്ചത്...ഞാനിവിടെ തനിച്ചാണ്”
“അതിനെന്താ...പക്ഷെ വെള്ളംകുടിക്കാനല്ല.. താങ്കളെ വെള്ളം കുടിപ്പിക്കാനാണ് ഞങ്ങൾ
വന്നിരിക്കുന്നത് ..കഴിഞ്ഞയാഴ്ച അക്കാദമിഹാളിൽ വച്ചുകണ്ട താങ്കളുടെ ‘ന്യായവിധി ‘
ഞങ്ങൾക്കത്രക്കും ഇഷ്ടപെട്ടുപോയി...“
ക.പ്ര. പറഞ്ഞു;
“ അതെ..എല്ലാവരും അതു തന്നെ പറയുന്നു..”
“”അപ്പോൾ നേരെ കാര്യത്തിലേക്കു കടക്കാം പത്തേ മാസം പന്ത്രണ്ടിനാണ് ഞങ്ങളുടെ ഉത്സവം.
ഉത്സവം കൊഴുപ്പിക്കാൻ നിങ്ങളുടെ നാടകം തന്നെ വേണം ..”“
“ പക്ഷെ ഈ മാസം ഡേറ്റൊന്നുമില്ലല്ല്ലോ..? “ ഉമാദത്തൻ നിസ്സഹായനായി പറഞ്ഞു.
“ അതു പിന്നെ ഞങ്ങൾക്കറിയരുതോ ..ധൃതിയില്ല ..അടുത്തവർഷം ഉത്സവത്തിനുവേണ്ടിയുള്ള
ബുക്കിംഗ് ആണ് ഞങ്ങൾ ഉദ്ദേശിച്ചത്... പക്ഷെ അതിനുമുൻപ് ആ നാടകത്തെകുറിച്ചു ഞങ്ങൾ
ക്കുള്ള സംശയനിവൃത്തി ഉണ്ടാക്കി തരണം”
“എക്സ്ക്യുസ് മി ..ഇവിടെ എവിടെയാണ് ബാത്ത് റൂം? “ അനുയായികളിൽ ഒരാൾ ഇടക്ക് കയറി
ചോദിച്ചു.
“ ഒന്നിനോ..രണ്ടിനോ?
“രണ്ടിനും...“
“എങ്കിൽ .. പുറത്തു തന്നെ പോകണം“
“ താങ്ക്യൂ...”
ഒഴിഞ്ഞ സീറ്റിൽ കയറി ഇരുന്നു കൊണ്ട് ഉമാദത്തൻ ക. പ്ര ന്റെ ചോദ്യങ്ങളെ നേരിടാൻ
തയ്യാറായി....
“കോടതിവിധിയും കാത്ത് ജയിലിൽ റിമാൻഡിൽ കഴിയുന്ന ഒരു ക്രിമിനലിനെ,കഥാനായകൻ വളരെ സാഹസികമായി
രക്ഷിക്കുന്നതും ഈ രാജ്യത്തിന്റെ നിയമവ്യവസ്ഥയേയും സാമൂഹികക്രമങ്ങളെയും കൊഞ്ഞനം
കാട്ടുന്നതുമൊക്കെയാണല്ലോ ‘ന്യായവിധി’യിലെ പ്രമേയം.. സത്യത്തിൽ താങ്കളുടെ ജീവിതവുമായി
ഈ നാടകത്തിന് എന്തെങ്കിലും ബന്ധമുണ്ടോ?
“ കാണുന്നവരെ കൊണ്ട് ഒരു പാട് ചോദ്യങ്ങൾ സ്വയം ചോദിപ്പിക്കുക എന്നത് ഈ നാടകത്തിന്റെ
ഹിഡൺ അജൻഡയിൽ പെടുന്നു. പക്ഷെ ,ഇത്തരം വ്യക്തിപരമായ ചോദ്യങ്ങൾ എഴുത്തുകാരൻ
എന്ന നിലയിൽ ഉത്തരം പറയാൻ എനിക്കു താത്പര്യമില്ല. എങ്കിലും ചോദിച്ച നിലക്ക് പറയാം..
ഇതിലെ പ്രതി നായകൻ ...തീർച്ചയായും ഞാൻ അല്ല..പക്ഷെ അവസരം കിട്ടുകയാണെങ്കിൽ
കഥാനായകനാകുന്നതിൽ വിരോധമില്ല..”
“ അങ്ങനെ വീരനായകൻ ചമയാനാണോ ,താങ്കൾ ലൈസൻസ്പുതുക്കാത്ത തോക്ക് ഇപ്പോഴും
കൈവശം വച്ചിരിക്കുന്നത്..”
“ നിങ്ങൾ പോലീസുകാരെ പോലെ സംസാരിക്കുന്നു...”
“തീർച്ചയായും ഞങ്ങൾ പോലീസുകാർ തന്നെ..മഫ്ടിയിലാണെന്നുമാത്രം. ഐ ആം എസ് ഐ സുബറാവു...”
തന്റെ പോക്കറ്റിൽ നിന്നുള്ള ഐഡന്റിറ്റി കാർഡ്
എടുത്തുകൊണ്ട് കമ്മറ്റി പ്രസിഡണ്ട് എന്ന് നേരത്തെ പരിചയപെടുത്തിയ ആൾ പറഞ്ഞു.
“”ഇനിയധികം വളച്ചുകെട്ടുന്നില്ല മിസ്റ്റർ ഉമാദത്തൻ...ഈയിടെ തടവു ചാടിയ രാം പ്രകാശ് എന്നപുള്ളിയെ
ഈ പരിസരത്ത് കണ്ടതായി ഞങ്ങൾക്ക് വിശ്വസനീയമായ കേന്ദ്രങ്ങളിൽ നിന്ന് ഇൻഫർമെഷൻ കിട്ടിയി
രിക്കുന്നു..ഏന്റ് യൂ നോ ഹീ ഈസ് എ ബോൺ ക്രിമിനൽ. പലതും ചേർത്തു വായിക്കുമ്പോൾ അയ്യാൾക്ക്
നിങ്ങൾ നിയമവിരുദ്ധമായി അഭയം നൽകിയിരിക്കുന്നു എന്ന് സംശയിക്കുന്നതിൽ അന്യായമൊന്നുമില്ല...
പിന്നെ എവിടെ ഒളിപ്പിച്ചാലും, അയ്യാളെ കോളറിൽ പിടിച്ച് പൊക്കുവാനാണ് ഞങ്ങൾ ഇറങ്ങി
പുറപെട്ടിരിക്കുന്നത്.ഏതു ഗർഭഗൃഹ
ത്തിലൊളിച്ചാലും അവനെ ഞങ്ങൾ പൊക്കിയിരിക്കും.
. ഞങ്ങൾക്ക് ഈ വീടൊന്ന് പരിശോധിക്കണം....”
“ഒരു വിരോധവുമില്ല, പക്ഷെ നിങ്ങൾ ഈ പറഞ്ഞ ക്രിമിനലിനെ കുറിച്ച് പേപ്പറിൽ
നിന്ന് വായിച്ച അറിവെ എനിക്കുള്ളൂ...അധികമൊന്നും പുറത്തിറങ്ങാത്തതുകൊണ്ട് അയ്യാൾ
ഈ പരിസരത്തിൽ ചുറ്റി തിരിഞ്ഞുട്ടെണ്ടെങ്കിൽ തന്നെ ഞാൻ കാണുവാൻ വഴിയില്ല.
പിന്നെ കണ്ണുവെട്ടിച്ച് അയ്യാൾ എന്റെ വീട്ടിൽ ഒളിച്ചിരിപ്പുണ്ടോ എന്ന കാര്യം എനിക്കും
ഉറപ്പീല്ല “ .ഉള്ളിലേക്ക് കയറിപോകുന്ന
അനുയായികളെ വീക്ഷിച്ചുകൊണ്ട് ഉമാദത്തൻ മനസ്സാന്നിധ്യം കൈവിടാതെ പറഞ്ഞു.
അപ്പോൾ,അകത്താരുടെയോ ചിലമ്പിച്ച ചുമ ഉയർന്നു കേട്ടു....
“ ഈ വീട്ടിൽ താങ്കൾ തനിച്ചാണെന്നല്ലേ പറഞ്ഞത്..?!“
“വിവാഹമൊന്നുംകഴിഞ്ഞിട്ടില്ല എന്നാ‍ണ് ഉദ്ദേശിച്ചത്..രണ്ട് ദിവസമായി
സുഖമില്ലാത്ത എന്റെ വകയിലൊരു വല്ല്യമ്മയും എത്തിയിട്ടുണ്ട് ..
പാവം വയസ്സാം കാലത്ത് അവരെ നോക്കാൻ ആരുമില്ല!
“ അവരെവിടെയാണ്? “
“അകത്തെ കട്ടിലിൽ വിശ്രമിക്കുന്നു...“
എങ്കിൽ അവരോടും ചിലത് ചോദിക്കാനുണ്ട്..?
അപ്പോഴേക്കും വടിയുംകുത്തിപിടിച്ച് വൃദ്ധ പുറത്തേക്ക് വേച്ച് വേച്ച് കടന്നു വന്നു..
“ആരാ അവിടെ? കുറെ നേരാമായല്ലൊ കിടന്നു തൊള്ളയിടുന്നു ..മനുഷ്യനൊരു
തൊയിരം തരില്ലാന്ന് വെച്ചാൽ.. വധൂരികള്.....” വിറക്കുന്ന സ്വരത്തിൽ അവർപറഞ്ഞു.
“”ഞങ്ങൾ ഒരാളെ അന്വേഷിച്ചിറങ്ങിയതാവല്ല്യമ്മെ .. .. ഇവിടെ അടുത്തെങ്ങാൻ
ഒരു ചെറുക്കൻ വന്നിരുന്നോ..?“”
“ കുറുക്കനോ? അതിനിവിടെയെവിടെയാ കോഴികള്? “
“വല്ല്യമ്മക്ക് ചെവി പതമാണ്..“
ഉമാദത്തൻ പറഞ്ഞു.
അപ്പോഴേക്കും മുറികളെല്ലാം കയറിയിറങ്ങി പരിശോധന കഴിഞ്ഞ് മറ്റനുയായികളെല്ലാം
തിരിച്ചെത്തിയിരുന്നു.പറമ്പും പരിസരവും നിരീക്ഷിക്കാൻ പോയ പോലീസ് കാരനും
തിരിച്ചെത്തി..
അവരുടെ മുഖത്തെല്ലാം ഒരു ഇഛാഭംഗം കാണപെട്ടു.
പക്ഷെ സബ് ഇൻസ്പെക്ടർ സുബറാവു അപ്പോഴും ഉത്സാഹത്തിലായിരുന്നു...
“ഉമാദത്തൻ ഞങ്ങളുടെ കൂടെ സ്റ്റേഷൻ വരെയൊന്നു വരേണ്ടി വരും..“
“എന്തിന്സാർ.!!.ഞാനിവിടെ ആരെയും ഒളിപ്പിച്ചിട്ടില്ലെന്ന് ബോധ്യപെട്ടതല്ലെ?“
“-ലൈസൻസ് പുതുക്കാത്ത തോക്ക് കൈവശം വക്കുന്നത് ഒരു കുറ്റമാണെന്ന്
അറിഞ്ഞുകൂടെ..അല്ലെങ്കിലും നിങ്ങളെപോലുള്ള ഒരു എഴുത്തുകാരന് എന്തിനാണ്
തോക്ക് ..നിങ്ങൾ ഒരു ക്രിമിനലോ നിയമപാലകനോഅല്ലാത്ത നിലക്ക്?
“ സാർ ഈ റിവോൾവർ പൈതൃകമായിട്ടാണ് എനിക്കുകിട്ടിയത്..എന്നെ
പോലൊരാൾക്ക് ആയുധം അടിസ്ഥാനപരമായി
ആത്മരക്ഷക്കാണ് ,അക്രമണത്തിനല്ല..
ലൈസൻസ് എല്ലാമൂന്നുവർഷം കൂടുമ്പോഴും
പുതുക്കുന്നുണ്ട്..പക്ഷെ സമയത്തിനപേക്ഷിച്ചാലും ലൈസൻസ് കിട്ടാൻ വൈകും ..അപ്പോഴൊക്കെ ജില്ലാകളക്ടറുടെ
സ്പെഷ്യൽ പെർമിഷൻ വാങ്ങി സൂക്ഷിക്കാറുണ്ട്..“”
കളക്ടർ പച്ചമഷിയിൽ ഒപ്പിട്ട കടലാസ് അലമാരിയിലെ ഫയലിൽ നിന്നും എടുത്തു നീട്ടികൊണ്ട് ഉമാദത്തൻ
പറഞ്ഞു. ഇപ്പോൾ അനുയായികളുടെ ഇഛാഭംഗം സുബറാവുവിന്റെ മുഖത്തും പടർന്നു..
“ശരി ..ഇപ്പോൾ ഞങ്ങൾ ഇറങ്ങുന്നു..പക്ഷെ പോലീസിനോട് കളിക്കുന്നത് സൂക്ഷിച്ചു വേണം ..ഓർമ്മയിരിക്കട്ടെ.”
ഇടിഞ്ഞു പൊളിഞ്ഞ മതിലിനുപിന്നിൽ നിർത്തിയിട്ടിരുന്ന ജീപ്പ് സ്റ്റാർട്ട് ചെയ്ത് പോലീസ് സംഘം പോയപ്പോൾ
ഉമാദത്തൻ വാതിൽ അടച്ചു തഴുതിട്ടു.. എന്നിട്ട് വല്ല്യമ്മക്ക് നേരെ തിരിഞ്ഞുകൊണ്ട് ഇങ്ങനെ ഉറക്കെ പ്രസ്താവിച്ചു.
“ രാം പ്രകാശ് ഒരു ഒന്നാംതരം നടനാണ് നീ .. ഒരുമികച്ച മിമിക്രികാരനും. നമ്മുടെ സ്ക്രിപ്റ്റിലില്ലാത്ത നിന്റെ
മനോധർമ്മ ഭാഷണങ്ങളും എനിക്കിഷ്ടപെട്ടു..”
അപ്പോൾ നരച്ച മുടിയുടെ വിഗ് ഊരിയെടുത്ത് രാം പ്രകാശ് തന്റെ കുറ്റിമുടിതല വെളിവാക്കി കൊണ്ട്
നിവർന്നു നിന്നു..
പക്ഷെ ,താങ്കളുടെ മേക്കപ്പ് ആണ് എന്നെ രക്ഷിച്ചത്...എഴുത്തുകാരനും സംവിധായകനും പ്രോഡ്യൂസറും മാത്രമല്ല
താങ്കൾ ഒരു ലോകോത്തര മേക്കപ്പ് മാൻ കൂടിയാണ്..” മുഖത്തെചുളിവുകൾകൂടി താങ്കൾ എത്ര നാച്വറലായി സൃഷ്ടിച്ചു.!!“”
അയ്യാൾ ചുമരിലെ കണ്ണാടിയിൽ സ്വന്തം മുഖം നോക്കികൊണ്ട് പറഞ്ഞു..
“- പറയൂ സുഹൃത്തെ ,ഇന്ന് രാത്രിയിലെ മുംബൈ എക്സ്പ്രസ്സിൽ ഞാൻ സ്ഥലം വിടും ..അതിന് മുമ്പ് എന്നെരക്ഷി
ച്ചതിന് ഞാൻ എങ്ങനെയാണ് നന്ദി പറയേണ്ടത്?
“”നന്ദി താങ്കൾ കയ്യിൽ വച്ചുകൊള്ളൂ, എനിക്ക് വേണ്ടത് പ്രതിഫലമാണ്...“”
“ ..അഴികൾക്കു പുറത്ത്, രാം പ്രകാശിന് എന്ത് പ്രത്യുപകാരവും ചെയ്യാൻ കഴിയും...പറയൂ‍,എന്ത് പ്രതിഫലമാണ്
വേണ്ടത്..”
“താങ്കളുടെ ജീവൻ...“ ഉമാദത്തൻ റിവോൾവർ തനിക്കു നേരെ ചൂണ്ടുന്നത് അയാൾ കണ്ണാടിയിൽ കണ്ടു.
************************************************************************
(ഇന്നത്തെ മനോരമയിൽ,(9-2-10) “വിചാരണയില്ലാത്ത ശിക്ഷ...“എന്ന അടികുറിപ്പോടെയുള്ള ചിത്രവും വാർത്തയുമാണ്
ഈ കഥയുടെ പരോക്ഷമായ പ്രചോദനം..അതുകൊണ്ട് ഇത് കഥമാത്രമല്ല,നേരിട്ട് ബന്ധമൊന്നുമില്ലെങ്കിലും
ആ വാർത്തയോടുള്ള പ്രതികരണം കൂടിയാണ്..)