Saturday, September 26, 2009

പ്രണയ ലേഖനം...

ദൂരെ പട്ടണത്തിൽ നിന്നും നാട്ടിൻ പുറത്തെ
ബന്ധു വീട്ടിൽ വിരുന്നു പാർക്കാൻ വന്നകുട്ടീ,
പുസ്തകങ്ങൾ പുരാവസ്തുക്കളെ പോലെ
ഉറക്കം തൂങ്ങുന്ന,
നിശ്ശബ്ദതതയിൽ അക്ഷരങ്ങളുടെ കൂർക്കംവലി മുഴങ്ങുന്ന
ആളൊഴിഞ്ഞവായനശാലയിൽ വച്ചാണല്ലൊ
നമ്മളാദ്യം തമ്മിൽ കണ്ടത്...
ഒരു ടാഗോർ കവിതയിൽ നിന്ന്
ദേശാടനത്തിനു വന്ന കടൽ പക്ഷിയായിരുന്നു നീ
ഞാനോ, തിരകളാർക്കുന്ന തീരവും....
അലസം പിന്നിയിട്ട മുടിയും നിറപകിട്ടില്ലാത്ത
വേഷവുമാ‍യി സ്വന്തം സൌന്ദര്യത്തോട്
ഒരു ചിറ്റമ്മ നയവുമായി നടക്കുന്ന നിന്റെ
പേര് പക്ഷെ ലക്ഷ്മി എന്നായിരിക്കുമെന്ന് എനിക്ക് തോന്നി....
ആദ്യമായി നിന്റെ സ്വരം കേട്ടപ്പോൾ അത്
“സൌമ്യ “എന്നും ആവാമെന്ന് ഞാൻ കരുതി...
ലൈബ്രററി സൂക്ഷിപ്പുകാരനൊട് നീയെപ്പോഴും കവിതകൾ
ആവശ്യപെട്ടു..
അതുകൊണ്ടാവാം നീ നിലാവു മാത്രം ഭക്ഷിക്കുന്ന ഒരു ജീവിയെ
പോലെ വിളർത്തു കാണപെട്ടത്...
നമ്മൾ തമ്മിൽ തമ്മിൽ ഒന്നും മിണ്ടിയില്ല ,പക്ഷെ
പരസ്പര പ്രണയം പറയാതിരുന്നുമില്ല..
നിന്റെ കണ്ണിൽ പ്രത്യക്ഷപെടാൻ തുടങ്ങിയകരി മഷികറുപ്പിലും
മുടിയിൽ പുതുതായി വിടരാൻ തുടങ്ങിയ മുല്ലപൂവിൻ ഗന്ധത്തിലും
നിന്ന് ഞാനത് വായിച്ചെടുത്തു.. പക്ഷെ ഇടക്കുവച്ച്
നീ തീരമുപേക്ഷിച്ച് തിരികേപറക്കുകയായിരുന്നു...
അന്നു മുറിഞ്ഞ് പോയ വായന നാളുകൾക്ക് ശേഷം
ഒരു ലൈബ്രറി പുസ്തകത്തിൽ നിന്നും
ഇന്നു ഞാൻ കണ്ടെടുത്ത
നാലായി മടക്കി വച്ചിരിക്കുന്ന
ഒരു തുണ്ട് കടലാസിലെ
വരികളിലൂടെ പൂർണ്ണമാവുകയാണ്..
* * * ** * *** ***
“ താരകാ , താങ്കളൊരു തടവറയാണ് ..തടവു പുള്ളി ഞാനും
ഇന്നലെയുറക്കം വരാതെ അഴികൾക്കപ്പുറമിപ്പുറം
മിഴികളിൽ നോക്കിയിരുന്നൂ ഞങ്ങൾ;
അകത്തു ഞാനും പുറത്തെന്റെ നിഴലും
തടവറയുടെ താക്കോൽ എവിടെയെന്ന് ഞങ്ങൾ ക്കറിയില്ലായിരുന്നു....“

Wednesday, September 23, 2009

'ജുഗുപ്സ'

"മോന്റെ മോന്തെക്കെന്താ ‘തേജോ’ പുഛം?”
ഉച്ചത്തിലീ ചോദ്യമിതാരുടെതെന്ന്
മുഖമുയർത്തി നോക്കവെ-
മുന്നിലായ് വകയിലൊരു മാതുലൻ
-മധ്യവയസ്കൻ ,ഭാഷാപടു(അതോ,പീഡകനോ).
നെറ്റിയിൽ ചന്ദനം,ചുണ്ടിലോ പുഞ്ചിരി.
ചെവികളിൽ ചെത്തിപൂ,കല്ലിൻ കടുക്കനും.
കൺകളിൽ കള്ളിന്റെ ക്രാന്തഭാവം
വാക്കിലാ കള്ളിന്റെ കുഴയുമീണം...
“മകരം പിറക്കുമ്പോ മംഗലമാണങ്കിൾ
പെണ്ണ്, മാരാത്തെ മാമുവിൻ മൂത്തമോള്..”
മോദ നിദാനം മറച്ചില്ല ഞാനെന്റെ
നാണ ചിരിയും മുഖത്തണിഞ്ഞു
അതോ നിന്റെ “കദന കാരണം”
എങ്കിലൊരു കുപ്പിചിലവിന്നു തന്നെ...
പകലുമുഴുവൻ കുടിച്ചതു പോരാഞ്ഞ്
അന്തിക്കുറങ്ങുവാൻ വേറെ കള്ള്!!!.
എങ്കിലുമെന്റെ വകയിലമ്മാവാ ,
അന്നെന്റെയാഹ്ലാദ “ലജ്ജാ രസ‘ത്തിനെ
വിവരദോഷത്താൽ ‘വ്യസന‘മെന്നോതിയ
താങ്കൾ വലിയൊരു ദീർഘ ദർശി..
ഞാനിന്നെത്ര “ജുഗുപ്സാ തുന്ദിലൻ”

Tuesday, September 15, 2009

മഞ്ഞുവീട്ടിൽ...

പനി നീരിതളിന്റെ താഴ്വരയിൽ
സുതാര്യമായ ചില്ലുഭിത്തികളുള്ള
ഒരു തുഷാര ഗൃഹം....
അവിടുത്തെ പളുങ്കലമാരികളിൽ
ലോകത്തിന്നുവരെ എഴുതപെട്ട
സുന്ദരമായ കവിതകളെല്ലാം
ഒരു ശലഭോദ്യാനത്തിലെന്നപോലെ
സംരക്ഷിക്കപെട്ടിരുന്നു....
ഷെല്ലി ,ടാഗോർ,ബൈറൺ മുതൽ
ചില ബ്ലോഗ് കവിതകളും അവിടെയുണ്ടായിരുന്നു...
ആകാ‍ശം മുഖം മിനുക്കുന്ന അവിടത്തെ
കണ്ണാടികളിൽ ഏതാനും നക്ഷത്രങ്ങളും
ഒളിച്ചു പാർത്തിരുന്നു.
സന്ധ്യ പോക്കുവെയിലിന്റെ പൊന്നുളികൊണ്ട്
മേഘങ്ങളിൽ ശില്പവേല ചെയ്തു ചെയ്തൊടുവിൽ
ഒരു “പിയാത്തെ” ശില്പമുണ്ടാകുന്നതും
അതേ മേഘ ശൃംഗങ്ങളുടെ അടിവാരത്തിലൂടെ
മീവൽ പക്ഷികളുടെ സംഘം മഴവില്ലു ചമച്ചുകൊണ്ട്
ദേശാടനത്തിനുപോകുന്നതും ഞാനിവിടെയിരുന്നു
നോക്കി കണ്ടിട്ടുണ്ട്..
ഇവിടെ സദാ പ്രസരിക്കുന്ന സംഗീതമല്ലാതെ
മറ്റു ശബ്ദങ്ങളൊന്നും കേൾക്കുകയില്ല..
വെള്ളി പാത്രത്തിൽ വച്ചിരിക്കുന്ന തേനിന്റെ
നിറമുള്ള മുന്തിരികളല്ലാതെ ഭക്ഷിക്കാൻ
മറ്റൊന്നും കിട്ടുകയില്ല..
ചിന്തകളുടെ ഉഷ്ണം സഹിക്കവയ്യാതാകുമ്പോൾ
ശീതികരിച്ച ഈ വേനൽകാല വസതിയായിരുന്നു
എനിക്കഭയം...എന്നും..
ഞാനിവിടെ മൌനിയായി താമസിക്കുമ്പോൾ
ഒരു ഉന്മാദഗൃഹത്തിന്റെ ജാലകത്തിലൂടെയെന്നപോലെ
ലോകം എന്നെ എത്തി നോക്കി...

Thursday, September 10, 2009

ദുരന്ത ജീവിത തിരക്കഥചുരുൾ

“എണ്ണ വറ്റിയിട്ടല്ല..
തിരി തീർന്നിട്ടല്ല..
കാറ്റും മഴയും വന്നു തൊട്ടിട്ടല്ല..
സ്വയമെരിഞ്ഞും തിരളുന്ന വെളിച്ചം
ഒരു മിഴിയും തെളിച്ചില്ലെന്ന തിരിച്ചറിവിൽ..
തനിയെവിറച്ചുംവിതറുന്ന ചൂട്..
ഒരാളെയുംപുണർന്ന് തണുപ്പാറ്റിയില്ലെന്ന നിരാശയാൽ
ഞാനിതാ അണഞ്ഞസ്തമിക്കുന്നു..”
അത്രനേരവും പൊരുതിനിന്ന
ഇരുളിന്റെ ശത്രു സൈന്യത്തോട്
അടിയറവു പറഞ്ഞുകൊണ്ട്
ഒരു ദീപനാളം മൊഴിഞ്ഞു.
“ഒന്നുനിൽക്കണേ ഞാനിതാവന്നു
കഴിഞ്ഞു..” സാന്തനോക്തിയുമായി
എങ്ങു നിന്നോ പറന്നു വന്ന
ശലഭം വെളിച്ചത്തിനെ പുണർന്നു ...
ഇപ്പോൾ തിരശ്ശീലയിൽ ഇരുൾ
ഇരുൾ മാത്രം...

Tuesday, September 1, 2009

തിയറി ഓഫ് എവരിതിംഗ്..

ഈ പ്രപഞ്ചത്തെ നമ്മൾ കണ്ടിട്ടില്ലെന്നു തന്നെ വിചാരിക്കുക.അതിനെ കുറിച്ച്
മറ്റു അറിവുകളുമില്ല.അപ്പോഴാണ് വെറുതെ ബോറടിച്ചിരിക്കുന്ന നമ്മുടെ കയ്യിൽ
ഒരാൾ ഒരു പുസ്തകം..അല്ല ...പുസ്തകത്തിന്റെകേവലം ഒരു താൾ..കൊണ്ട്
തരുന്നത് ..അതിൽഏതാനും വാക്കുകളിൽ ഒരു നിയമസംഹിത..വളരെ ലളിതം.

ആ നിയമം വായിച്ചു മനസ്സിലാക്കി നമ്മൾ ഇതുവരെ കാണാത്ത പ്രപഞ്ചത്തെ
കണ്ടത്തുന്നു.പ്രത്യക്ഷത്തിൽ സങ്കീർണ്ണമെന്നു തോന്നുന്ന അതിലെ ഓരോ ചലനങ്ങ
ളെയും ബലങ്ങളേയും കരതലാമലകം പോലെ മനസ്സിലാക്കുന്നു!!പ്രപഞ്ചത്തിൽ
സംഭവിച്ചതും സംഭവിക്കാനിരിക്കുന്നതും ഉൾകൊള്ളുന്ന ഒരു ലളിതമായ നിയമം..!!
തിയറി ഒഫ് എവരിതിങ്ങ്.!! അതു നമ്മുടെ കയ്യകലത്താണെന്നാണ് സ്റ്റീഫൻ ഹോകിംങ്ങ്സിനെ
പോലുള്ള ശാസ്ത്രഞ്ജരുടെ അഭിപ്രായം.
ഓരോകളിക്കും ഓരൊ നിയമമുണ്ട്.അനിയമങ്ങളെല്ലാം നമുക്കറിയാം.പക്ഷെ നിയമങ്ങൾ
പൂർണ്ണമായി പിടികിട്ടിയിട്ടില്ലാത്ത നിഗൂഢവും മഹത്തുമായ ഒരു ഗെയിം ആണ് ഈ പ്രപഞ്ചം..
അവിരാമം തുടർന്നുകൊണ്ടിരിക്കുന്ന ഒരു ഗെയിം.നമ്മൾ ആകളിയുടെ നിയമങ്ങൾ മനസ്സിലാക്കാൻ
ശ്രമിക്കുന്നത് ആനിയമത്തിന്റെ ഒരു ഭാഗമായികൊണ്ടു മാത്രമേ സാധിക്കുകയുള്ളൂ...
എല്ലാം പ്രദിപാദിക്കുന്ന നിയമമുണ്ടെങ്കിൽ അത് എഴുതിസൂക്ഷിക്കുവാൻ ഒരു ലൈബ്രറിതന്നെ
വേണ്ടി വരുമെന്നാകും നമ്മൾ പ്രതീക്ഷിക്കുന്നത്.ജ്യോതിർ ഗോളങ്ങൾ ജന്മമെടുക്കുന്നത് ഭ്രമണപഥ
ങ്ങളിൽ ചലിക്കുന്നത്,ജന്തു ശരീരത്തിന്റെപ്രവർത്തനങ്ങൾ,ജീവജാലങ്ങൾ ത മ്മിലുള്ള ഇടപഴകൽ,
ആറ്റൊമികകണങ്ങൾ തമ്മിലുള്ള ആകർഷണവികർഷണങ്ങൾ..പിന്നെ,ജലം ഉറഞ്ഞ് ഐസ് ആകുന്നത്.
വിത്ത് വളർന്ന് മരമാകുന്നത്, ഒരു നായകുട്ടി കുരക്കുന്നത്..നിയമങ്ങൾക്കുള്ളിൽ നിയമങ്ങൾ വിവരിക്കുക
യാണെങ്കിൽ ഒരു ലൈബ്രറി പോരാ..ഇത്രയും സങ്കീർണ്ണമായ നിയമങ്ങളെ ലളിതസുന്ദരമായ നിയമത്തിലൊ
തുക്കുക എന്നത് പ്രായൊഗികം തന്നെയൊ?
പക്ഷെ നമ്മൾ പ്രപഞ്ചത്തെ ശാസ്ത്രീയമായി പഠിക്കാൻ തുടങ്ങിയ നാൾ നമ്മുക്ക് ബോധ്യപെട്ട ഒരു സംഗതിയുണ്ട്
പ്രത്യക്ഷത്തിൽ കാണുന്നത്രസങ്കീർണ്ണമല്ല പ്രപഞ്ചം.
ഉദാഹരണത്തിന് ആദ്യകാലത്ത് ,നമ്മൾ വേറെ വേറെ മനസ്സിലാക്കിയിരുന്ന ചലനം,താപം,ശബ്ദം..ഐസക്
ന്യൂട്ടൺ ചലനനിയമങ്ങൾ ആവിഷകരിച്ചതോടെ ഒന്നിന്റെ തന്നെ വ്യത്യസ്തഭാവങ്ങൾ മാത്രമാണെന്ന് വ്യക്ത
മാവുകയുണ്ടായി..പിന്നെ പ്രപഞ്ചത്തിലെ എല്ലാം നിർമ്മിച്ചിരിക്കുന്നത് ആറ്റങ്ങൾ എന്ന അടിസ്ഥാനകണങ്ങളെ
കൊണ്ടാണെന്ന് മനസ്സിലാക്കി.(അന്നുനമ്മൾ അറിയാതെ പാടിപോയി..ഒന്നായ നിന്നെയിഹ..) വൈകാതെ
ആ കണങ്ങൾക്കിടയിലുള്ള ശൂന്യതയെകുറിച്ചും ശൂന്യതയാണീ പ്രപഞ്ചത്തിന്റെ മുഖമുദ്ര എന്നും നമ്മൾ മനസ്സിലാക്കി
കണങ്ങളെ കൂടെ കീറിമുറിച്ച് അവസാനം ഉള്ളിക്കുള്ളിൽ വിത്തുകണ്ടെത്താൻ ശ്രമിച്ച് പരാജയപെട്ടതുപോലെ
കണങ്ങളും ശൂന്യതയുടെ മറ്റൊരു ഭാവമെന്ന് നമ്മൾ മനസ്സിലാക്കി..അതെ നമ്മൾ അടുത്തുകൊണ്ടിരിക്കുകയാണ്
പ്രപഞ്ചത്തിലെ എല്ലാം എല്ലാം വിശദീകരിക്കുന്ന ഒരൊറ്റ നിയമത്തിലേക്ക് ...തിയറി ഓഫ് എവരിതിംഗ് യാഥാർത്യ
മാകുവാൻ ഏതാനും ചുവടുകൾ മാത്രം..