തൃപ്രയാര്‍ തൃപ്പടിയും കടന്ന് മുറ്റിച്ചൂര്‍ പാലവും കയറിയിറങ്ങി,പെരിങ്ങോട്ടുകരക്കും കാഞ്ഞാണിക്കും ഇടയില്‍ കിടക്കുന്ന നാട്ടിന്‍ പുറത്തെ ഇടവഴികളിലൂടെ ഞങ്ങളുടെ ഒപാല്‍ ആസ്ട്ര ഒഴുകാന്‍ തുടങ്ങി. തോലു പൊട്ടിയ തബലയില്‍ കൊട്ടുന്നതുപോലെ ഗ്രാമത്തിന്റെ തനതു താളം കേള്‍ക്കുന്നു-;തെങ്ങിന്‍ മണ്ടയില്‍ ഏതോ ഈഴവന്റെ കള്ളുചെത്ത്! മൂ വന്തിനേരം.അന്തിക്കള്ളിന്റെ ഗന്ധം.സ്ഥലം അന്തിക്കാടു തന്നെ.. കാറില്‍ ബോണീയെം നൊസ്റ്റാള്‍ജിയ അലയടിച്ചുകൊണ്ടിരിക്കുന്നു. we kill the world ..,sad movies always make me cry...ഇതെല്ലാം കഴിഞ്ഞ് ഇപ്പോള്‍ country roads take me home എന്നഗാനം. വെസ്റ്റേണ്‍ മ്യൂസിക് പൊതുവെ താത്പര്യം കുറവാണ്..എന്നാല്‍ ബോണീയെം ഇപ്പോഴും ഒരു ലഹരിയാണ്-;(മദ്യം കഴിക്കാത്തവനും 'മധുരക്കള്ള്' ഇഷ്ട പെടുന്നതു പോലെ..) പുറത്തെ ദൃശ്യങ്ങള്‍ ,ഒരു ഇംഗ്ലീഷ്
സിനിമയിലെ സ്പാന്നിംഗ് ഷോട്ട് പോലെയാണ് കാണപെടുന്നത്.നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ഇടിമിന്നലില്‍ നിന്നു തിരികൊളുത്തിയ കെടാവിളക്ക് സൂക്ഷിച്ച് വച്ചിരിക്കുന്ന ഇല്ലവും, ദിവസവും രാവിലെ പതിനായിരത്തൊന്നു പൂക്കള്‍ വിരിയുന്ന താമരപാടവും പിന്നിട്ട് ഒരു ചെറിയ ഉള്‍പാടവും കഴിഞ്ഞപ്പോള്‍ പഞ്ചാരമണ്ണില്‍ ചുവന്ന കാര്‍പെറ്റ് വിരിച്ചിട്ടിരിക്കുന്ന രവിചേട്ടന്റെ വീട്ടു മുറ്റത്തെത്തി.മുകളിലേക്ക് നോക്കിയപ്പോള്‍ ചിത്രപണിചെയ്ത പന്തലും ഉള്ളിലേക്ക് കയറിയപ്പോള്‍ പട്ടു വസ്ത്രമണിഞ്ഞ അതിഥികളും,അതിഥികള്‍ ക്കിടയില്‍ മണവാട്ടിയുംപ്രത്യക്ഷപെട്ടു.കല്യാണപെണ്ണിനെ കണ്ടതും ഞാന്‍ അന്ധാളിച്ചുപോയി. ഈ അടുത്തുവരെ ടോട്ടോ ചാനെ പോലെ ഇരുന്ന പെണ്‍കുട്ടിയാണ്.ഇന്നവള്‍ നാളത്തെ നവവധു!!അപ്പോഴേക്കും രവിചേട്ടനും വീട്ടുകാരും സീനാന്റി വന്നില്ലേ ...രേഷ്മയെ കൂട്ടാമായിരുന്നില്ലേ തുടങ്ങിയ പരിഭവങ്ങളുമായിഎത്തി.തുടര്‍ന്ന് സമ്മാനദാനം, ഫൈവ് കോഴ്സ് ഫീസ്റ്റ്,നിറഞ്ഞുതുളുമ്പുന്ന കട്ട് ഗ്ലാസ്സ്...എല്ലാം എല്ലാം.. ഒരു ലൈവ് സിനിമ ആസ്വദിക്കുന്ന മട്ടില്‍ ഞാന്‍ ഇരുന്നു.... പെട്ടെന്ന് പുറത്തൊരു വാന്‍ വന്നുനിന്നു.വാനില്‍ നിന്നു മോഡല്‍സിനെ പോലെ തോന്നിക്കുന്ന ഏതാനും പെണ്‍കുട്ടികളും ആണ്‍കുട്ടികളും ക്യാറ്റ് വാക്കു നടത്തികൊണ്ട് ഇറങ്ങി വന്നു.
കയ്യില്‍ വലിയ ലഗേജുകള്‍.മുഖത്ത് ദീര്‍ഘയാത്രയുടെ ക്ഷീണം.എല്ലാവരും ബാംഗ്ലൂരില്‍ പഠിക്കുന്ന രവിചേട്ടന്റെ മകളുടെ സഹപാഠികള്‍. "വൗ.(wow).", "നൈസ്" തുടങ്ങിചെറിയൊരു കോലാഹലത്തിനുശേഷം വിസിറ്റിംഗ് റൂം ശാന്തമായി.ഇപ്പോള്‍ ബഹളം അപ്സ്റ്റയറിലാണ്.
പിന്നെ ഡോക്ടര്‍ ശങ്കരനും കുടുംബവും എത്തി." എയ്ഡ്സിനു വരെ മരുന്നായി..ഇതുവരെ കഷണ്ടിക്ക് മരുന്നൊന്നും
കണ്ട് പിടിച്ചില്ലേ ഡോക്ടറെ?! വയസ്സ് മുപ്പതു കഴിയും മുന്‍പ് മുഴുകഷണ്ടിയായി മാറിയ ഒരു ബന്ധു ഡോക്ടറോട്
കുശലം ചോദിച്ചു.." കഷണ്ടിക്കു മരുന്നൊന്നുമില്ല...പക്ഷെ ചികിത്സയുണ്ട്..."
"ഉവ്വോ..എന്ത് ചികിത്സ"
"അസൂയ മനസ്സില്‍ നിന്നും പാടെ മാറ്റുക...പ്രത്യേകിച്ചും മുടിയുള്ളവരോടുള്ള അസൂയ" ചായം തേച്ചു കറുപ്പിച്ചതെങ്കിലും സമൃദ്ധമായ തന്റെ മുടിയിലൂടെ വിരലോടിച്ച് കൊണ്ട് അദ്ദേഹം പറഞ്ഞു.
സമയം പൊയ്കൊണ്ടിരുന്നു. പലരും വരുന്നു; പോകുന്നു.മറ്റുകൗതുകങ്ങളൊന്നു മില്ലാതെയായപ്പോള്‍ എന്റെ ശ്രദ്ധ മുറിയില്‍ പാടികൊണ്ടിരുന്ന സ്റ്റീരിയോയിലേക്ക് തിരിഞ്ഞു."താമര കുരുവിക്ക് തട്ട മിട്...,തങ്കകിനാവിന്റെ കമ്മലിട്.."
എന്നൊക്കെ കുറെ നേരമായി ഗായിക ആവശ്യപെടുന്നു.മൃദുലമായ ശബ്ദത്തിലാണെങ്കിലും അതൊരു ആജ്ഞയായിരുന്നു.പക്ഷെ ആരും അവരെ മൈന്റ് ചെയ്യുന്നതായി തോന്നിയില്ല..
അങ്ങനെയിരിക്കുമ്പോള്‍ " സത്യന്‍...സത്യന്‍.'' എന്ന് മൂന്നോ നാലോ തവണ ഉരുവിട്ടുകൊണ്ട്
..രവിചേട്ടന്‍ പന്തലില്‍ നിന്നും ഓടിവന്നു.പിന്നാലെ,ഒരല്പം സ്ലോ മോഷനില്‍,സാക്ഷാല്‍ സത്യന്‍ അന്തിക്കാടും അദ്ദേഹത്തിന്റെ ഭാര്യ നിമ്മിയും വാതില്‍ പടിയും കടന്ന് എത്തി.വന്നിരുന്നതും ചിരപരിചിതനായ ഒരു കുടുംബ
സുഹൃത്തിനെ പോലെ അദ്ദേഹം സംഭാഷണം തുടങ്ങി.സത്യത്തില്‍ അങ്ങനെ തന്നെ ആയിരുന്നു താനും .പക്ഷെ എനിക്കറിയില്ലായിരുന്നു എന്നു മാത്രം.രവിചേട്ടന്റെ അയല്‍ കാരന്‍,സഹ പാഠി,എന്നു മാത്രമല്ല രവിചേട്ടന്റെ കസിന്‍ അദ്ദേഹത്തിന്റെ സംഭവ ബഹുലമായപ്രണയ കഥയില്‍ സഹായിയുടെ റോളും നിര്‍ വഹിച്ചിട്ടുണ്ട്.
കോള്‍ പാടത്തെ കൃഷിയെ കുറിച്ചാണ് സത്യന്‍ അന്തിക്കാട് സംഭാഷണം ആരംഭിച്ചത്. (രവിചേട്ടനും കുടുംബവും നല്ല കൃഷികാരും കൂടിയാണ്.പറമ്പില്‍ ആനകൊന്‍പ് വലിപ്പമുള്ള നേന്ത്രവെണ്ടയും ക്രിക്കറ്റ് ബോളിനോളം പോന്ന തക്കാളിയുമെല്ലാം കായ്ചു നില്‍ക്കുന്നത് ഇവിടിരുന്നു നോക്കുമ്പോള്‍ ജനനിലൂടെ കാണാം...).പക്ഷെ അവിടെ കൂടിയിരുന്നവര്‍ക്ക് സിനിമയെ കുറിച്ച് സംസാരിക്കാനായിരുന്നു താത്പര്യം...എനിക്കും അങ്ങനെ തന്നെ ,പക്ഷെ ഒരു proper entry ക്കു വേണ്ടി ഞാന്‍ വെയ്റ്റ് ചെയ്യുകയാണ്.എനിക്ക് പരിചയമുള്ള ബന്ധുക്കള്‍ പലരും അദ്ദേഹത്തെ "സത്യന്‍ ...സത്യേട്ടന്‍ '' എന്നൊക്കെ വിളിക്കുന്നത് തെല്ലൊരു അസഹിഷ്ണുതയോടെ ഞാന്‍ കേട്ടിരുന്നു.
"ഞാന്‍..ഞന്‍ ..'' എന്ന് വിക്കികൊണ്ട് അവരുടെ സംഭാഷണത്തിനിടക്ക് കയറാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. അദ്ദേഹം അപ്പോള്‍ 'ലാല്‍ അമേരിക്കയില്‍ പോയതു കൊണ്ട് ഷൂട്ടിംഗിന്ന് ബ്രേക്ക് വന്നതും ...നല്ല തിരക്കഥകള്‍ക്കുള്ള ക്ഷാമത്തെ കുറിച്ചു മൊക്കെ വിവരിക്കുകയായിരുന്നു. "ഇപ്പോള്‍ നാട്ടിലുണ്ടല്ലേ! "ഒരു ചെറിയ ഗ്യാപ് കിട്ടിയപ്പോള്‍ ഞാന്‍ ഇടക്കു കയറി.
" ഇപ്പോഴെന്നല്ല, എപ്പോഴും നാട്ടില്‍ തന്നെ.ഇടക്ക് വല്ലപ്പോഴും ഷൂട്ടിംഗ് ഉള്ളപ്പോള്‍ മാത്രം പുറത്ത്" അന്തിക്കാടു പറഞ്ഞു
.അപ്പോഴേക്കും രവി ചേട്ടന്‍ എന്നെ പരിചയ പെടുത്തി:
"കുഞ്ഞാപ്പന്റെ മരുമോന്‍..." പരിചയപെടുത്തല്‍ കഴിഞ്ഞപ്പോള്‍ എന്റെ വര്‍ക്കിനേക്കാളും എന്റെ വര്‍ക്കിംഗ് പ്ലേസ് അദ്ദേഹത്തിന്റെ താത്പര്യ മുണര്‍ത്തി.."ഉവ്വ് ...ഞാന്‍ പലതവണവന്നിട്ടുണ്ട്..കുന്നും മലയും വിശാലമായ റബര്‍ എസ്റ്റേറ്റുകളുമുള്ള സ്ഥലമല്ലേ...". “അതെ.. മനോഹരമായ ലൊക്കേഷന്‍ ആണ് …..ഇപ്പോള്‍ പാട്ടുകള്‍ എഴുതാറില്ലേ?..." ഞാന്‍ ചോദിച്ചു.
അപ്പോള്‍ എല്ലാവരും പരക്കെ അംഗീകരിച്ചിട്ടുള്ള സത്യന്‍ അന്തിക്കാട് എന്ന സം വിധായകനെക്കാള്‍ lyricist ആയ അന്തിക്കാടിനെ അഭിസംബോധന ചെയ്യാന്‍ ആണ് ഞാന്‍ ആഗ്രഹിച്ചത്. കൂട്ടത്തില്‍ അല്പം വ്യത്യസ്തമാവാന്‍ അതാണ് നല്ലതെന്നു തോന്നി...
" പാട്ടുകള്‍ ശ്രദ്ധിക്കാറുണ്ടോ?
അന്തിക്കാട് മറുചോദ്യം ചോദിച്ചു.
“(.നീലാംബരത്തിലെ നീരദ കന്യകള്‍ നിന്‍ നീല മിഴി കണ്ടു മുഖം കുനിച്ചു)..
(ഒരു പ്രേമ ഗാനം പാടി ..ഇളം തെന്നലെന്നെ ഉറക്കി..,)(ദൂരെ പ്രണയ കവിത എഴുതുന്നു വാനം.)..ഇതൊക്കെ എസ്റ്റാബ്ലിഷ്ഡ് കവികളുടെ സൃഷ്ടി ആണെന്നാണ്..
ഞാന്‍ ആദ്യം വിചാരിച്ചിരുന്നത്..." ഒറ്റശ്വാസത്തില്‍ എല്ലാം പറഞ്ഞു കഴിഞ്ഞപ്പോള്‍ ഞാന്‍ കിതച്ചു.
" ആദ്യത്തെ പാട്ടെഴുതിയത് ഇരുപത്തൊന്ന് വയസ്സുള്ളപ്പോഴാണ്..." അദ്ദേഹത്തിന്റെ ശബ്ദം പെട്ടെന്ന് മൃദുവായതു പോലെയും കണ്ണില്‍ ഓര്‍മ്മകള്‍ ഒളിചിന്നിയതു പോലെയും എനിക്ക് തോന്നി.
"(ഓ മൃദുലേ...ഹൃദയ മുരളിയിലൊഴുകി വാ..,)(താരകേ മിഴിയതളില്‍ കണ്ണീരുമായി..താഴെ തിരയുവതാരെ)( രജനീ പറയൂ പൂനിലാവിന്‍ പരിലാളനത്താല്‍ നൊമ്പരങ്ങള്‍ മായുമോ...").."
ഒരു സ്കൂള്‍ കുട്ടിയുടെ അഭിമാനത്തോടെ കാണാ പാഠം ചൊല്ലികൊണ്ട് അന്തിക്കാടിന്റെ എല്ലാ പാട്ടുകളും
എനിക്കറിയാമെന്ന് ഞാന്‍ തെളിയിച്ചു.പിന്നീട് സിനിമാ ഫീല്‍ഡിലെ മറ്റു പാട്ടെഴുത്തുകാരെ കുറിച്ചായി
വര്‍ത്തമാനം.
"റഫീക് അഹമ്മദിന്റെ വരികള്‍ വളരെ കാവ്യാത്മകമാണ്.."
" വളരെ ശരിയാണ്... 'ഏഴാം ബഹറിന്റെ ചെമ്പക പൂവിതള്‍ വീണു കുളിര്‍ത്ത വെള്ളം എന്ന വരികളാണ് ഞാന്‍ ആദ്യം ശ്രദ്ധിച്ചത്.; പറയാന്‍ മറന്ന പരിഭവങ്ങളൊക്കെ അതിനു മുന്‍പ് എഴുതിയതാണെങ്കിലും. പിന്നെ ഋതുവിലെ ആ മനോഹരമായ പാട്ട്..(വേനല്‍ കാറ്റില്‍ നമ്മില്‍ പൂക്കല്‍ പോലെ ഓര്‍മ്മകള്‍...) എല്‍സമ്മ എന്ന ആണ്‍കുട്ടിയില്‍ ...(ആയിരം പാടെഴും പൂഴിയില്‍ ഞാന്‍ നിന്റെ കാലടി മാത്രമെ കണ്ടൂ..)."
പക്ഷെ ഈ സംഭാഷണം ഇങ്ങനെ തുടരാന്‍ നിവര്‍ത്തിയുണ്ടായിരുന്നില്ല.അതിഥികളില്‍ പലരും ഓരോരുത്തരായി എത്തി .എന്റേതുള്‍ പെടെ എല്ലാവരുടെയും കത്തി സഹിക്കാന്‍ വയ്യാഞ്ഞിട്ടാണൊ എന്നറിയില്ല അന്തിക്കാട് പോകാന്‍ തിരക്കുകൂട്ടി. പോകാന്‍ നേരം അന്തിക്കാട് എനിക്ക് ഷേക്ക് ഹാന്‍ഡ് തന്നോ എന്നു വ്യക്തമായി ഞാന്‍ ഇപ്പോള്‍ ഓര്‍ക്കുന്നില്ല. പക്ഷെ ഭാര്യ നിമ്മിയോട് പറയുന്നതു കേട്ടു... " കക്ഷി പാട്ടിന്റെ വരികള്‍ ആസ്വദിക്കുന്ന ആളാണ്..".
july 9.അപ്പോള്‍ തന്നെ ആദിവസം ഞാന്‍ സുവര്‍ണ്ണ ലിപികളില്‍ കുറിച്ചിട്ടു.മറ്റെ വിടെയുമല്ല-മനസ്സില്‍ തന്നെ.!പ്രശസ്തനായ ഒരു സംവിധായകനോട് രണ്ട് വാക്കുകള്‍ നേരിട്ട് സംസാരിച്ച ദിവസം.!!
ഞാന്‍ അപ്പോള്‍ ആലോചിച്ചത് സത്യന് അന്തിക്കാട് എന്നെ എന്നെങ്കിലും എവിടേയെങ്കിലും വച്ചുകണ്ടാല്‍ തിരിച്ചറിയുമോ എന്നാണ്.തീര്ച്ചയായും അടുത്തുതന്നെ വീണ്ടും ഞാന്‍ അദ്ദേഹത്തിനെ കണ്ടു.കല്ല്യാണ സ്റ്റെജില്‍ വച്ചായിരുന്നു അത്.മുഖാ മുഖം വന്നപ്പോള്‍ ഞാന്‍ പറഞ്ഞു; 'ഹായ്..'അദ്ദേഹം മുഖത്ത് നേര്ത്ത ഒരു ചിരി വിടര്ത്തുകയും ഗൗരവത്തില്‍ തലയിളക്കുകയും ചെയ്തു.പക്ഷെ ആലുവാ മണപുറത്തു വച്ചുകണ്ട പരിചയം അവിടെ ഉണ്ടായിരുന്നില്ല. .അത് മനപൂര് വ്വമായിരുന്നില്ല താനും.മറവിയുടെ സത്യസന്ധത മുഖത്ത് വ്യക്തമായിരുന്നു. സത്യന് സത്യമായും എന്നെ മറന്നു കഴിഞ്ഞിരുന്നു.
‘രവിചേട്ടന്റെ... ഭാര്യയുടെ.. കുഞ്ഞാപ്പന്റെ ..’എന്നൊക്കെ പറഞ്ഞ് വീണ്ടും പരിചയം പുതുക്കാമായിരുന്നു. പക്ഷെ അപ്പോഴേക്കും പ്രമുഖരായ പലരും പരിചയപെടാനും കൂടെ നിന്ന് ഫോട്ടോ എടുക്കാനുമൊക്കെ തിരക്കികൊണ്ടെത്തി.അതു കഴിഞ്ഞതും അന്തികാട് അപ്രത്യക്ഷമാവുകയും ചെയ്തു.