Thursday, December 24, 2009

'അത്ഭുത' വാർത്തയുടെ 'അകപൊരുൾ..'.



എന്താണ് യഥാർഥത്തിൽ സംഭവിച്ചതെന്ന് ചിത്രത്തിൽ
നിന്ന് വ്യക്തമാണല്ലോ അല്ലേ..(,കഴിഞ്ഞ പോസ്റ്റിലെ
എച് എസ് ഫോർ,രഘുനാഥ് എന്നിവരുടെ കമന്റുകൾ കൂടി
നോക്കാം..)ഇഴജന്തുവിന്റെ ഇലാസ്തികതയുള്ള ശരീരം, മരണവെപ്രാളത്തിൽ
അതിൽ പഴുതുകൾസൃഷ്ടിച്ചുകൊണ്ട് പുറത്തുവന്ന ,വിഴുങ്ങപെട്ട
ഇരയുടെ കൈകാലുകളിലുള്ള സമാനമായ ജ്യോഗ്രഫിക്കൽ പാറ്റേണിലുള്ള
പുള്ളികൾ എന്നിവയാണ് പ്രഥമമായ കാഴ്ചയിൽ മൂന്നുകാലുള്ള
പാമ്പെന്ന് കാഴ്ചക്കാരിൽ തെറ്റിദ്ധാരണയുളവാക്കിയത് .Eyes do not
see what the mind doesn't know ..എന്ന പൊതുതത്വമനുസരിച്ച്
എക്സ് റെ പരിശോധിച്ച റേഡിയോളജിസ്റ്റും മറ്റൊരു ജീവിയുടെ സാന്നിധ്യം
സംശയിച്ചില്ല...
ലോകത്തിലെ ഏതൊരു അത്ഭുതചെപ്പിന്റേയും ,നിഗൂഢതകൊണ്ടു ചിത്ര
പണിചെയ്ത മൂടി മാറ്റുമ്പോൾ വെളിപെടുന്നത്,അതീവലളിതവും അതി
സാധാ‍രണവുമായ സത്യങ്ങളായിരിക്കുമെന്നതാണ് വസ്തുത..
ബർമൂഡ ട്രയാംഗിൾ മുതൽ ,പാല് തുമ്പി കൈ കൊണ്ട് കുടിക്കുന്ന ഗണപതിയും
മുറിവുകളിൽ നിന്ന് രക്തമൊഴുകുന്ന യേശു പ്രതിമയും ,കണ്ണിൽ നിന്ന് കണ്ണീരൊ
ഴുകി കൊണ്ടിരിക്കുന്ന കന്യാമറിയവും....അങ്ങനെ അത്ഭുത വാർത്തകൾക്ക്
പഞ്ഞമൊന്നുമില്ല... അത്ഭുതമെന്ന ഉരഗത്തിന്റെ ഉദരത്തിൽ മറഞ്ഞിരിക്കുന്ന മണ്ഡൂകസത്യങ്ങളെ പുറത്തുകൊണ്ട് വരുവാൻ പലപ്പോഴും സാമാന്യബോ ധത്തിന്റെ സ്കാൽ‌പ്പൽ(scalpal) കൊണ്ടൊന്നു കീറിപരിശോധിക്കുകമാത്രമേ വേണ്ടൂ...

Monday, December 21, 2009

മൂന്നുകാലുള്ള പാമ്പ്...


(കാഴ്ചക്കപ്പുറത്തെ ചിലസത്യങ്ങൾ....)
വഴിപോക്കരാ‍രോ ആണ് അത്കണ്ടത്.
പാതയോരത്തെ ആനതൊട്ടാവാടികൾക്കിടയിൽ ഒരുപാമ്പ്.
സാധാരണ പാമ്പല്ല്ല. മൂന്നുകാലുകളുള്ള ഒരു മണ്ണൂലി..!!
ജീവനുണ്ടെങ്കിലും ഒരു ജീ‍വഛവം പോലെയാണ് പാമ്പിന്റെ
കിടപ്പ്.ചുറ്റും ആളുകൾ കൂടിയിട്ടും അത് വെറുതെ വാലും
തലയും ചലിപ്പിക്കുന്നതല്ലാതെ ഇഴഞ്ഞുപോകാൻ ശ്രമിക്കുന്നില്ല
ഇടക്ക് കാലുകളും മെല്ലെ അനങ്ങുന്നുണ്ട്.
പാമ്പുകൾക്ക് കാലുള്ളതായി ആരും കേട്ടുകാണുകയില്ല. ഒരു
സയൻസ് പുസ്തകവും അങ്ങിനെ രേഖപെടുത്തിയതായും
അറിവില്ല..പിന്നെ , ഇതെങ്ങനെ സംഭവിച്ചു ?
“എറിക്സ് കോണിക്കസ്”(eryx conicus) ‌-ചുറ്റും കൂടിയവരിൽ ,എസ് എൻ കോളേജിൽ
സുവോളജി പഠിപ്പിക്കുന്ന പ്രൊഫസർ ഭാസ്കരൻ പാമ്പിനെ
ശാസ്ത്രീയ മായി തിരിച്ചറിഞ്ഞു..” പ്സ്യൂഡോ വൈപർ (pseudo viper)‘ എന്നും പറയാം.
ശരീരത്തിലെ പുള്ളികൾ കാരണം “രക്ത അണലി “(Russel viper) യുമായി ഇതിനെ
തെറ്റിദ്ധരിക്കാറുണ്ട്.പക്ഷെ ഇതൊരു നോൺ പോയ്സണസ്(non poisonous) പാമ്പാണ്
വിഷമുള്ളതായാലും ഇല്ലാത്തതയാലും ജീവശാസ്ത്രത്തിൽ ഒരു പാമ്പിനും
കാലുകൾ ഉള്ളതായി പറയുന്നില്ല. ഒരു പക്ഷെ കാലില്ലാത്ത ഉരഗങ്ങളിൽ നിന്ന്
പല്ലിവർഗ്ഗത്തിലേക്കുള്ളപരിണാമത്തിലെ വിട്ടുപോയ
ഒരു കണ്ണിയായിരിക്കാം ഇത്..അതു മല്ലെങ്കിൽ ഒരു പോയന്റ് മ്യൂട്ടേഷൻ..“
കാഴ്ച കാണാൻ ധാരാളം ആളുകൾ കൂടിയിരുന്നു..
പാമ്പിനെ കൂടുതൽ പഠിക്കുവാനായി സമീപത്തെ സ്കൂളിലെ സയൻസ്
ലാബിലേക്ക് മാറ്റുവാനുള്ള തീരുമാനമായി. അപ്പോഴേക്കും നിരവധി
ശാസ്ത്രകുതുകികളും സ്ഥലത്തെത്തിയിരുന്നു. അനേകംക്യാമറകളിലേക്ക്
മൂന്നുകാലുള്ള പാമ്പിന്റെ ചിത്രം പകർത്തപെട്ടു. കാലുകളിലെ അസ്ഥിയുടെ
ഘടന മനസ്സിലാക്കുവാൻ സമീപത്തെ ഹോസ്പിറ്റലിൽ നിന്ന് മൊബൈൽ
എക്സ് റെ യൂണിറ്റുമായി റേഡിയോളജിസ്റ്റുമെത്തി. പാമ്പിന്റെ ശരീരത്തിന്റെ
മധ്യത്തിലായാണ് മൂന്നുകാലുകളും കാണുന്നത്..ഇവിടെ സ്പൈനൽ കോ
ളത്തിന് (spinal column) കട്ടികൂടി ഇടുപ്പെല്ലുകൾ പോലെരൂപാന്തരപെട്ടിട്ടുണ്ടെന്നും ,എക്സ് റെയിൽ
കാലുകളിലെ തുടയസ്ഥി,(femur) കണങ്കാൽ അസ്ഥികൾ(tibia,fibula) ഇവയൊക്കെ വ്യക്തമായി
കാണുന്നെണ്ടെന്നും റേഡിയോളജിസ്റ്റ് അഭിപ്രായപെട്ടു...
കൂടുതൽ നിർദ്ദേശങ്ങൾക്കായി national institute of zoology യുമായി ബന്ധപെട്ടു.
അവരുടെ നിർദ്ദേശ പ്രകാരം തുടർന്നുള്ള പഠനങ്ങൾക്കുവേണ്ടി പാമ്പിനെ
ഫൊർമലിൻ ലായനിയിൽ സൂക്ഷിച്ചുവച്ചു .
പിറ്റേന്ന് എല്ലാ പത്രങ്ങളിലും മൂന്നുകാലുള്ള പാമ്പിനെ കണ്ടെത്തിയ വിവരം
വലിയൊരു വാർത്തയായിരുന്നു..

പക്ഷെ മൂന്നാം ദിവസം മൂന്നുകാലുള്ള പാമ്പിന്റെ രഹസ്യം വെളിപെട്ടു..
അത് എന്തായിരുന്നെന്ന് ഒരു പക്ഷെ ഈ വാർത്ത വായിച്ചിട്ടുള്ള
നിങ്ങൾ ഓർക്കുന്നുണ്ടോ ??...അഥവാ
ഈ വാർത്ത നിങ്ങളുടെ ശ്രദ്ധയിൽ പെട്ടിരുന്നില്ലെങ്കിൽ ,dear friends
this is a chance to apply your common sense ...(I would like to check
the commanality of common sense)

Tuesday, December 8, 2009

അപ്രതീക്ഷിതം.....

മലയാളിയായ കുര്യൻ തോമസിനെ ഞാൻ പരിചയപെടുന്നത് ഗോവയിൽ
വച്ചാണ്.പനാജിയിലെ റെഡ് റൂഫ് റെസ്റ്റോറന്റിൽ ബർഗറും സ്ക്രാമ്പിൾഡ്
എഗ്ഗും ഓർഡർ ചെയ്ത് ഹിന്ദു പത്രത്തിലൂടെ വെറുതെയൊന്ന് കണ്ണോടി
ച്ചുകൊണ്ടിരിക്കുമ്പോഴാണ്,എതിരെ മധ്യവയസ്കനായ ഒരു മനുഷ്യൻ
വന്നിരുന്നത് .മെറ്റൽഗ്രേ കളറിലുള്ള സഫാരി സ്യൂട്ടും ബ്രിൽ ക്രീമിന്റെ
ഗന്ധം പരത്തുന്ന പുറകോട്ടു ചീകിവച്ചിരിക്കുന്ന ചെമ്പൻ മുടിയും പൂച്ച
കണ്ണുകളുമുള്ള ആ മനുഷ്യൻ ഒറ്റനോട്ടത്തിൽ ഒരു ഗോവക്കാരനെ പോലെ
തോന്നിച്ചു.അതുകൊണ്ടാണ്,എന്റെ മുഖത്ത് സൂക്ഷിച്ചു നോക്കികൊണ്ട് അദ്ദേഹം
“നിങ്ങൾ താരാനാഥല്ലേ...“ എന്ന് ശുദ്ധ മലയാളത്തിൽ ചോദിച്ചപ്പോൾ
ഞാനൊന്നു ഞെട്ടിയത്...
ഞാൻ കുര്യൻ തോമസ്..ക്രൈസ്റ്റ് കോളെജിൽ നിങ്ങളുടെ ഒപ്പം പഠിച്ചിരുന്ന
സ്റ്റെല്ലയുടെ ഡാഡി... “ എന്റെമുഖത്തെ അമ്പരപ്പു കണ്ടാവാം അദ്ദേഹം
പെട്ടെന്നു തന്നെ സ്വയം പരിചയപെടുത്തി..
സ്റ്റെല്ല.!!..ഇല്ല! അങ്ങനെ ഒരാളെ ഞാനോർക്കുന്നില്ല....ക്രൈസ്റ്റ് കോളേജിൽ
അന്ന് എന്റെ കൂടെ ഡിഗ്രിക്ക് പതിനാറ് പെൺകുട്ടികളായിരുന്നു,ബാക്കി ഇരുപത്
ആൺകുട്ടികളും.എല്ലാവരുടെയും,
പേരും മുഖവുമൊക്കെ ഇന്നും മനസ്സിലുണ്ട്...പെൺകുട്ടികളുടെ പേരുകൾ വച്ച്
അന്ന് ഒരു ശ്ലോകം തന്നെയുണ്ടാക്കിയിരുന്നു...
“താര താഹിറ,തരുണി രമണി..
അല്ലി യംബിക ,ജലജ വനജ.. ഏയ് അതിലൊന്നും സ്റ്റെല്ല എന്ന പേര് വരു
ന്നതേയില്ല. കൂടെയുണ്ടായിരുന്ന ഒരേയൊരു ക്രിസ്ത്യാനി പെൺ കുട്ടി സ്പോർട്സ്
കോട്ടയിൽ അഡ്മിഷൻ കിട്ടിയ ലിസി മാത്യു ആയിരുന്നു..yes, there is some
misunderstanding..!! അതെങ്ങനെ തിരുത്തണമെന്ന് സംശയിച്ച് നിൽക്കെ
അദ്ദേഹം തുടർന്നു..
"അന്ന് നിങ്ങൾ കോളേജ് മാഗസിനിൽ താരകൻ എന്ന പേരിൽ കവിതകൾ
എഴുതുമായിരുന്നു അല്ലേ? പലതും വായിച്ചിട്ടുണ്ട്..സ്റ്റെല്ലയെ പോലെ ഞാനും
നിങ്ങളുടെ ഒരു ആരാധകനായിരുന്നു.."
ഇത്തവണ എനിക്ക് അമ്പരപ്പും അത്ഭുതവും ഒരുമിച്ച അനുഭവപെട്ടു..
ഇദ്ദേഹത്തിനെന്നെ വളരെ വ്യക്തമായി അറിയാം..താരകൻ എന്ന എന്റെ
അപരവ്യക്തിത്വം പോലും...കോളെജിൽ പഠിക്കുമ്പോൾ കവിതയെഴുത്ത്
ഒരു നാടൻ പ്രേമം പോലെ രഹസ്യമായി കൊണ്ട്
നടന്നിരുന്ന പരിപാടിയായിരുന്നു. അന്ന് അടുത്തസുഹൃത്തിന്റെ നിർബന്ധ
പ്രകാരം ഒരു കവിത കോളേജ് മാഗസിനിലിട്ടിരുന്നു..താരകൻ എന്ന പേരിൽ.
മറ്റാരും അത് അറിഞ്ഞതുമില്ല.. തീർച്ചയായും സ്റ്റെല്ല എന്ന് പേരുള്ളസുന്ദരി
കുട്ടി അതു വായിക്കുകയും അന്ന് അഭിനന്ദിക്കുകയും ചെയ്തിരുന്നെങ്കിൽ
എന്റെ യുള്ളിലെ സാഹിത്യാഭിരുചികൾ ഒരു പക്ഷെ അകാലത്തിൽ മുരടിച്ചു
പോകില്ലായിരുന്നു...പക്ഷെ ഒന്നുമുണ്ടായില്ലല്ലോ? എന്നിട്ടിപ്പോൾ..
“നിങ്ങൾക്ക് ആളെ തെറ്റിയിരിക്കുന്നു.ഞാൻ താ‍രാനാഥാണെന്നതും കവിതകൾ
എഴുതിയിട്ടുണ്ടെന്നതു മൊക്കെ സത്യം തന്നെ...പക്ഷെ സ്റ്റെല്ലയെ എനിക്കറിയില്ല...”
പെട്ടെന്ന് അദ്ദേഹത്തിന്റെ മുഖം മ്ലാനമായി..കണ്ണുകളിൽ അജ്ഞാതമായ ഒരു
ദു:ഖം വന്നു നിറഞ്ഞു..
“..നിങ്ങളെല്ലാവരും ഇതു തന്നെ പറയുന്നു..എന്റെ മകളെ ആർക്കുമറിയില്ല..വെളുത്തു
കൊലുന്നനെയുള്ള പെൺകുട്ടി..കൂടെ പഠിക്കുന്നവരെ സ്വന്തം കൂടപിറപ്പുകളെ
പോലെ സ്നേഹിച്ച... കോളെജിൽ നിന്നു വന്നാൽ അവരുടെ വിശേഷങ്ങൾ നാവിൽ
നിന്നു തോരാത്ത അവളെ ഇപ്പോൾ ആർക്കുമറിയില്ല..പരീക്ഷക്കിരിക്കാൻ പണമില്ലാതി
രുന്ന രാജീവിന് അവൾ മാലയുടെ ലോക്കറ്റ് പണയം വച്ചാണ് അന്ന് പണം കൊടുത്തത്..
ലോക്കറ്റ് കളഞ്ഞു പോയെന്ന് അവൾ വീട്ടിൽ കളവു പറയുകയും ചെയ്തു.എന്നിട്ട് ആ
രാജിവിനും അവളെ അറിയില്ല..വിദേശത്തു വച്ചാണ് അയ്യാളെ ഞാൻ കണ്ടത്..
ടൈഫോയ്ഡ് പിടിച്ച് ഒരു മാസം ക്ലാസ്സിൽ വരാതിരുന്ന വനജക്ക് നോട്ടുകൾ മുഴുവൻ
പകർത്തികൊടുത്തതും പാഠങ്ങൾ പറഞ്ഞു കൊടുത്തതും എന്റെ മകൾ സ്റ്റെല്ലയാണ്.
നൈനിത്തളിലെ റോസ് ഗാർഡനിൽ വച്ച് കണ്ടുമുട്ടിയപ്പോൾ അവൾക്കും ഓർമ്മയില്ല
അന്നത്തെ കൂട്ടുകാരിയെ..അവസാനത്തെ പ്രതീക്ഷനിങ്ങൾ മാത്രമായിരുന്നു..നിങ്ങളും
കൈവെടിഞ്ഞാൽ അവൾക്ക് നിസ്സഹയായി രോഗത്തിന് കീഴ് പെടുവാനെ നിവർത്തി
യുള്ളൂ...
“രോഗമോ? എന്തു രോഗം ?”
“അപ്ലാസ്റ്റിക് അനീമിയ..അസ്ഥി മജ്ജയിൽ രക്തകോശങ്ങൾ ഉത്പാദിപ്പിക്കപെടാത്ത
അവസ്ഥ.. വെല്ലൂര് കൊണ്ട് പോയി അസ്ഥി മജ്ജ മാറ്റി വക്കണമെന്നാണ് അവളെ
ചികിത്സിക്കുന്ന ഡോക്ടർ നൈനാ‍ൻ പറഞ്ഞിരിക്കുന്നത്..മൂന്നു മാസത്തിനകം വേണം
താനും..രണ്ട് ലക്ഷം രൂപയാണ് ചിലവു പ്രതീക്ഷിക്കുന്നത്..ഇപ്പോൾ തന്നെ കടത്തിൽ
മുങ്ങി നിൽക്കുന്ന എനിക്ക് മറ്റ് നിവൃത്തിയൊന്നുമില്ല.. ഇവിടത്തെ പബിലെ ജോലി കൊണ്ട്
കഷ്ടിച്ചു കഴിഞ്ഞു കൂടാനുള്ളതൊക്കെയെ കിട്ടൂ..”

“ ഒരു പക്ഷെ നിങ്ങൾ പറയുന്നത് ശരിയായിരിക്കാം..ഒരു സ്കൂട്ടർ ആക്സിഡന്റിൽ കഴിഞ്ഞ
വർഷം എനിക്ക് ഒരു ഹെഡ് ഇൻ ജ്വറി സംഭവിച്ചിരുന്നു.അതിനു ശേഷം എന്റെകാര്യം
ഇങ്ങനെയാണ്.. ..ഞാൻ പലതും മറന്നു പോകുന്നു.. “ ഞാൻ ഒരു ക്ഷമാപണത്തോടെ
പറഞ്ഞു.
സ്റ്റെല്ല ഇപ്പോൾ എവിടെയാണ് ? പക്ഷെ എന്റെ ചോദ്യത്തിന് മറുപടി പറയാതെ
അദ്ദേഹം എഴുന്നേറ്റു. വെയ്റ്റർ കൊണ്ടു വച്ച ലെമൺ ടീ യും കട്ലേറ്റും അങ്ങിനെ
തന്നെയിരുന്നു..എന്തോ പിറുപിറുത്തുകൊണ്ട് പിന്നാലെ ഓടിയ വെയ്റ്ററുടെ കയ്യിൽ
അയ്യാൾ ഏതാനും നോട്ടുകൾ തിരുകി കൊടുക്കുന്നതു കണ്ടു. പിന്നെ താഴേക്കുള്ള
ഗോവണി ഇറങ്ങി പെട്ടെന്ന് അപ്രത്യക്ഷനായി...
വല്ലാത്തൊരു പ്രതിസന്ധിതന്നെ.ഒരാൾ നമ്മുടെ ഭൂതകാലത്തിലെ സംഭവ
ങ്ങൾ എണ്ണിയെണ്ണി പറയുക..അത് ഒരു സർ റിയലിസ്റ്റിക് കഥയായി നമുക്കു തോന്നുക!!
ആരാണിയാൾ? ഒന്നുകിൽ ഒരു മനോരോഗി? അല്ലെങ്കിൽ പരിചയം നടിച്ച് പണം പിടുങ്ങാൻ
ശ്രമിക്കുന്ന ഒരു മറുനാടൻ മലയാളി.!
ഒരു പക്ഷെ ഗോവയിൽ നിന്ന് മടങ്ങി പോകും മുൻപ് അയ്യാളെ വീണ്ടും കണ്ടുമുട്ടുമായിരിക്കും..
വരട്ടെ നോക്കാം....
കുറച്ച് ബിസിനസ് ദൌത്യങ്ങളുമായി ഇവിടെ എത്തിയിട്ട് ഒരാഴ്ച കഴിഞ്ഞിരുന്നു..
ഞങ്ങളുടെ കമ്പനി യുണ്ടാക്കുന്ന ക്രേറ്ററുകൾക്ക് ഓർഡർ പിടിക്കുകയെന്നതായിരുന്നു
ഉദ്ദേശം.. ഇവിടെ വെർണ ഇൻഡസ്ട്രിയൽ ഏരിയായിലെ “സിപ്ല” കമ്പനിയിൽ വർക്ക്
ചെയ്യുന്ന എന്റെ സുഹൃത്ത് നിർമൽ കുമാറിന്റെ കൂടെയാണ് താമസം.
അന്നുരാത്രി ലഞ്ചിന്റെ സമയത്ത് വിവരങ്ങൾ പറഞ്ഞപ്പോൾ അവനു തമാശ..
“ മോനേ താരാനാഥാ..ഇതു സ്ഥലം ഗോവയാണ് പല തരത്തിൽ പെട്ടെവരേയും കണ്ടെന്ന് വരും ..
കീപ് ഡിസ്റ്റൻസ് ഫ്രം സച്ച് ഫ്രോഡ്സ്.. ഇനിയയാളെ എവിടെ വച്ചെങ്കിലും കാണുകയാ
ണെങ്കിൽ ജസ്റ്റ് ഗിവ് മി എ റിംഗ്. വീ വിൽ ഡീൽ ഇറ്റ്..”
പക്ഷെ തിരിച്ച് പോരും വരെ അയാളെ പിന്നെ കാണുകയുണ്ടായില്ല..ഇപ്പോൾ
ഞാൻ ഗോവയിൽ നിന്ന് വന്നിട്ട് മാസം രണ്ട് കഴിഞ്ഞു. നാട്ടിൽ വന്നപ്പോൾ ഞാൻ
ആ‍ദ്യം ചെയ്തത് കോളെജിലെ പഴയ ഗ്രൂപ്പ് ഫോട്ടോ എടുത്ത് നോക്കുകയായിരുന്നു
എങ്ങാനും ഞാൻ മറന്നു പോയ ഒരു മുഖമതിലുണ്ടോ.. !!!
പിന്നെ പഴയസുഹൃത്തായ രാജീവിനേയും രാജിയേയും കോൺ ടാക്ട് ചെയ്യുവാൻ
കുറെ ശ്രമിച്ചു .രാജീവിനെ പഠിക്കുന്ന കാലത്ത് ഞാനും കുറെ സഹായിച്ചിട്ടുള്ളതാണ്
രാജിക്കെന്നും സംശയങ്ങളായിരുന്നു..ഞങ്ങളുടെയൊക്കെ ഭൂതകാലം അറിയുന്ന കുര്യൻ
തോമസ് എന്ന് പേരുള്ള , ..ഗോവയിലെ ഏതോ പബിലെ ജോലിക്കാരനായ അയ്യാൾ
ആരാണ്? ഉത്തരം കിട്ടാൻ നിവൃത്തിയില്ലാത്തത് കൊണ്ട് തത്കാലം ആവഴിക്കുള്ള
അന്വേഷണങ്ങൾ ഉപേക്ഷിക്കുകയാ‍ണ് നല്ലതെന്ന് എനിക്ക് തോന്നി.
പക്ഷെ ഇന്നലെ വീണ്ടും ഒരു സംഭവമുണ്ടായി.തട്ടിൻ പുറം വൃത്തിയാക്കുമ്പോൾ
പഴയ ഡയറിയിൽ നിന്ന് എന്റെ പേരെഴുതിയ ഒരു ആശംസാ കാർഡ്
താഴെ വീണു . നൈന്റി ടൂ വിൽ അയച്ചിട്ടുള്ള
താണ് .. ഒരു ന്യൂ ഇയർ കാർഡ്! അയച്ചിരിക്കുന്നത് ഒരു സ്റ്റെല്ലാ കുര്യൻ !!.കവറിനു പുറത്ത്
പൂർണ്ണമായ അഡ്രസ്സുമുണ്ട് .. പഴശ്ശിനഗർ ഹൌസിംഗ് കോളനിയിൽ സിക്സ്ത്ത് ലൈ
നിൽ പന്ത്രണ്ടാമത്തെ വീട്..
അങ്ങനെയാണ് ഞാൻ എന്റെ താമസസ്ഥലത്തുനിന്ന് പത്തമ്പത് കിലൊമീറ്റർ
അകലെയുള്ള ഈ ഹൌസിംഗ് കോളനിയിൽ എത്തിയത്. വീട് കണ്ട് പിടിക്കാൻ
ബുദ്ധി മുട്ടുണ്ടായില്ല.മറ്റുവീടുകളിൽ നിന്ന് വ്യത്യസ്തമായി പന്ത്രണ്ടാം നമ്പർ വീട്
പിരിയൻ ഗോവണികളും വെനീഷ്യൻ വിൻഡോകളുമൊക്കെയായി ഫെയറി ടെയിൽ സിലെ
യക്ഷികൊട്ടാരം പോലെ തോന്നിച്ചു.മുറ്റത്തെ തോട്ടത്തിൽ പലതരത്തിലുള്ള ജെറേനിയം
പൂക്കൾ... വല്ലാത്തൊരു നെഞ്ചിടിപ്പോടെയാണ് കോളിംഗ് ബെൽ അമർത്തിയത്..
വെളുത്ത നൈറ്റി ധരിച്ച മധ്യവയസ്കയായ ഒരു സ്ത്രീ വാതിൽ തുറന്നു.
ഇത് സ്റ്റെല്ലയുടെ വീടല്ലെ..? ഞാൻ പരിഭ്രമം മറച്ചു വച്ചു കൊണ്ട് ചോദിച്ചു
“വരൂ.. ഞാൻ സ്റ്റെല്ലയുടെ അമ്മയാണ്..” അവർ എന്നെ അകത്തെക്ക് ക്ഷണി
ച്ചുകൊണ്ട് പറഞ്ഞു..” വിശാലമായ മുറിയിൽ അലങ്കാര പണികൾ ചെയ്തിട്ടുള്ള
ഒരു വലിയ മേശമേൽ ചില്ലിട്ടു വച്ചിരിക്കുന്ന ഛായ ചിത്രത്തിലാണ് എന്റെ കണ്ണുകൾ
ഉടക്കിയത്... അമ്മയുടെ അതേ മുഖഛായയുള്ള മകൾ...മുൻപിൽ എരിഞ്ഞു കൊണ്ടിരിക്കുന്ന
മെഴുകുതിരി...
“ഇരിക്കൂ... സ്റ്റെല്ലയുടെ പഴയ ക്ലാസ്സ് മേറ്റാണല്ലേ? അവർ ഇടർച്ചയോടെ ചോദിച്ചു...
അതിനെന്താണ് മറുപടി പറയുക എന്ന് ചിന്തിച്ചിരിക്കുമ്പോൾ അവർ പറഞ്ഞു തുടങ്ങി.
“ സഹായവുമായി എത്തുന്ന മൂന്നാമത്തെ ആളാണ് നിങ്ങൾ..ആദ്യം ഒരു രാജീവ്..
പിന്നെ രാജി... പക്ഷെ എല്ലാവരും വളരെ വൈകി പോയിരുന്നു..” അവരുടെ വാക്കുകൾ
ഒരത്ഭുതത്തൊടെയാണ് ഞാൻ കേട്ടത്...എന്റെ ആഗമനോദ്ദേശം ഇവരെങ്ങനെ
അറിഞ്ഞു..!!
“പത്താം ക്ലാസ്സ് കഴിഞ്ഞപ്പോൾ മഠത്തിൽ ചേർന്ന എന്റെ മകൾക്ക്
ക്രൈസ്റ്റ് കോളേജിൽ നിന്നുള്ള കൂട്ടുകാർ... !! പറയൂ..ഇദ്ദേഹമല്ലെ നിങ്ങളെ
ഇങ്ങോട്ടെക്ക് അയച്ചത് “ എന്റെ പുറകിലെ ഭിത്തിയിലേക്ക് പെട്ടെന്ന്
കൈവിരൽ ചൂണ്ടി കൊണ്ട് അവർ ചോദിച്ചു . ഞാൻ ഒരു നടുക്കത്തോടെ
തിരിഞ്ഞു നോക്കി. ഭിത്തിയിൽ ഒരു മധ്യവയസ്കന്റെ പഴയബ്ലാക്ക് ഏന്റ് വൈറ്റ്
ചിത്രം..ഡൈഡ് ഓൺ ഡിസംബർ 1990 .
പിന്നിലേക്ക് ഈരി വച്ചിരിക്കുന്ന മുടി ..ചാരനിറമുള്ള കണ്ണുകൾ..അന്ന് ഗോവയിലെ
റെസ്റ്റോറന്റിൽ വച്ചു കണ്ട അതേ മുഖം!!!

Sunday, November 29, 2009

നീലതാമര



ദേശത്തെ അമ്പലകുളവുമായി ബന്ധപെട്ട ഒരു മിത്തിലെക്കാണ് ക്യാമറ
മിഴിതുറക്കുന്നത്. കന്മതിലുകളാൽ ചുറ്റപെട്ട ഈ സ്നാനഘട്ടത്തിൽ വല്ലപ്പോ
ഴുമൊരു “നീലോല്പലം’ വിടരും.. ഇവിടത്തെ കോവിലിലെ തൃപ്പടിമേൽ പണം
വച്ചു തൊഴുത ആരുടെയോ പ്രാർഥന ദേവൻ കൈകൊണ്ടിരിക്കുന്നു എന്നാണ്
അതിനർഥം.
അഥവാആ ഭക്തന്റെ ഉള്ളുരുകിയ ചോദ്യത്തിന് ദേവൻ ഒരു നീലനീർപൂവായ് വിടർന്ന്
കൊണ്ട് മറുപടി പറഞ്ഞിരിക്കുന്നു... നാട്ടുകാരുടെ വിശ്വാസമാണത്..
സിനിമ തുടങ്ങുമ്പോൾ ഈ വിശ്വാ‍സത്തെ അടിസ്ഥാനപെടുത്തിയുള്ള ഒരു
ഡോക്യുമെന്ററിയുടെ ഷൂട്ടിംഗ് നടക്കുകയാണ് ...അപ്പോൾ കുളത്തിൽ
ഒരു നീലതാമരവിരിഞ്ഞിട്ടുണ്ട്.ക്യാമറ ഭക്തരിലേക്കും അമ്പലവാസികളിലേക്കുമൊക്കെ
തിരിയുന്നു.അവർ തങ്ങളുടെ അനുഭവങ്ങൾ,അറിവുകൾ പങ്കുവക്കുന്നു.
‘’ ഇത് താമരയൊന്നുമല്ല ..ചെങ്ങഴിനീർ പൂവാണ് ..ഈ പൂവു വിടരുമ്പോൾ
ആരോ പടിയിൽ പണം വച്ചു പ്രാർഥിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കാം..” കുടുമയും പൂണൂലുമുള്ള
ഒരാൾ പറയുന്നു.
എത്ര മനോഹരമായ സങ്കല്പം !! അന്യഥാ സാധാരണമായ ഒരു പ്രണയകഥക്ക്
കാവ്യാത്മകമായ ഒരു തലത്തിലെക്ക് ഉയർത്തുന്നു കഥാ പാശ്ചാത്തലത്തിലിഴ
ചേർന്നു നിൽക്കുന്ന ഈ ഐതിഹ്യം.. കഥ ഫ്ലാഷബാക്കിലാണെന്നറിയാമെന്നതു
കൊണ്ട് കുറച്ചു നേരത്തെക്കെങ്കിലും നമ്മുടെ ഭാവന ചിറകു വിടർത്തുന്നു..
ഇതിലെ നായിക തന്നെയാണോ ഈ നീലതാമര.? വർഷങ്ങൾക്ക് മുൻപ് വേലക്കു
നിന്ന വീട്ടിലെ കുബേരകുമാരനെ പ്രണയിക്കുകയും ഒടുവിൽ പ്രണയ നൈരാശ്യത്താൽ
അമ്പലകുളത്തിൽ ജീവനൊടുക്കുകയും ചെയ്ത അവളുടെ ആത്മാവായിരിക്കുമോ ഇങ്ങനെ
നീർപൂവായി വിടരുന്നത്? പക്ഷെ ..ഈ സങ്കല്പത്തിന് നൂറ്റാണ്ടുകളുടെ
പഴക്കമുണ്ട്.!!
കുടുംബത്തിലെ പ്രാരബ്ധം നിമിത്തം ഒരു പെൺകുട്ടി(കുട്ടിമാളു-അർച്ചനകവി)
വലിയ ഒരു തറവാട്ടിൽ വേലക്കു വരുന്നതും അവിടത്തെ പയ്യനുമായുള്ള
പ്രണയവും പ്രണയഭംഗവുമൊക്കെയാണ് ഏതാനുംവാക്കുകളിൽ പറഞ്ഞാൽ ഈ കഥയുടെ
ഇതിവൃത്തം .ഇങ്ങനെ, പ്രത്യക്ഷത്തിൽ സാധാരണമായ ഈ പ്ലോട്ടിന് എംടി എഴുത്തുകൊണ്ടും
ലാൽജോസ് ദൃശ്യങ്ങൾ കൊണ്ടും മറ്റുപലമാനങ്ങളും നൽകുന്നതാണ് ഈ സിനിമയെ വേറിട്ട ഒരു
അനുഭവമാക്കുന്നത്.
എഴുപതുകളും എണ്പതുകളുടെ തുടക്കവുമൊക്കെ കാല്പനികതയുടെ പൂക്കാലമായിരുന്നു..
വിപ്ലവസ്വപ്നങ്ങളും പ്രണയവുമൊക്കെ പരസ്പരം ശോഭയണച്ചുകൊണ്ട് അതിന്റെ
സകലപ്രൌഢികളോടെയും പൂത്തുനിന്നത് അന്നത്തെ ക്യാമ്പസുകളിലാണ്..
അത്തരം ഒരു ക്യാമ്പസിലെ ഹാർട്ട് ത്രോബ് ആ‍ണ് ഇതിലെ നായകൻ
എന്ന് ഏതാനും ഷോട്ടുകളിലൂടെ സംവിധായകൻ കാണിച്ചുതരുന്നു..
കുട്ടിമാളു അയാളുടെ മുറി അടിച്ചു വൃത്തിയാക്കുമ്പോൾ കിട്ടുന്ന
മഹാരാജാസിലെ മാഗസിൻ , പകൽ നക്ഷത്രങ്ങൾ എന്ന കവിത ,പ്രസംഗിച്ചുകൊണ്ട്
നിൽക്കുന്ന അയാ‍ളുടെ ഫോട്ടോ,(നിശ്ചയമായും ഒരു കോളെജ് യൂണിയൻ സെക്രട്ടറി
ആയിരിക്കണം കക്ഷി ) സിഗരറ്റ് പാക്കറ്റ് , ഹിന്ദി പാട്ടുകൾ ഒഴുകിവരുന്ന മർഫി സെറ്റ്,
(സിദ് ന കരോ...അബ് തോ രുകോ ..യെ രാത് നഹീ ആയെഗീ.. “ “ തും ഇതനാ ജൊ
മുസ്കുരാ രഹേ ഹൊ ക്യാ ഗം ഹെ ജിസ്കോ ചുപാ രഹെഹോ” തുടങ്ങിയ
നല്ല നല്ല റോമാന്റിക് ഗീതങ്ങൾ സന്ദർഭോചിതമായി കേൾപ്പിക്കുന്നു,
സംവിധായകൻ)..
ആ കാലഘട്ടത്തിലെ ടിപ്പിക്കൽ നായകസങ്കല്പങ്ങളെല്ലാം അടയാളപെടുത്തികൊടുക്കുക
യാണ് ഇവിടെ ഹരിദാസ് (കൈലേഷ്) എന്ന കഥാപാത്രത്തിന്..
....അയ്യാളെ നേരിട്ടുകാണും മുൻപെ അവൾ പ്രണയത്തിലേക്ക് വഴുതി വീഴുന്ന
ഈ സീനുകളെല്ലാം തന്നെ നന്നായിട്ടുണ്ട്. പിന്നീടാണ് അയ്യാൾ പരീക്ഷയെല്ലാം
കഴിഞ്ഞ് ഹോസ്റ്റലിൽനിന്ന് കെട്ടും പ്രമാണങ്ങളുമായി വിശാലമായ വയലും കടന്ന് തറവാട്ടിലേക്ക്
എത്തുന്നത് ...നേരിടുമ്പോൾ, അയ്യാളുടെ “ തിടുക്ക’ മുള്ളയൌവനതൃഷ്ണകൾക്ക്
വഴങ്ങി കൊടുക്കാതിരിക്കാൻ വല്ലാതെ പണിപെടേണ്ടി വരുന്നു അവൾക്ക് .
തെറ്റും ശരിയും തിരിച്ചറിയാൻ അവൾ അഭയം പ്രാപിക്കുന്നത് ,ഭക്തരുടെ ഭയാശങ്കകൾ
തീർക്കുവാൻ അമ്പലകുളത്തിൽ പൂവായി വിടർന്നുകൊണ്ട് അടയാളം നൽകുന്ന
ദേശത്തെ ദേവനെ തന്നെയാണ്..പണത്തിന് പകരം പടിമേൽ വക്കുവാൻ അവൾക്ക്
പ്രണയം കൊണ്ട് നൊന്ത പ്രാർഥന മാത്രമേ ഉള്ളൂ..
മനുഷ്യ ജീവിതത്തിലെക്ക് പ്രകൃതിയുടെ ഭാഷയെ സമർഥമായി വിളക്കിചേർക്കുന്ന
ഒരു മനോഹരമായ മുഹൂർത്തമാണ് ഇത്...
സിനിമയുടെ അന്ത്യം വരെ യാഥാർത്യബോധത്തോടെയാണ് ഈ മിത്ത്(myth)
കൈകാര്യം ചെയ്യപെട്ടിട്ടുള്ളത് എന്നത് വളരെ ശ്രദ്ധേയമാണ് .വിലയിരുത്തുകയോ
വിശകലനം ചെയ്യപെടുകയോ മഹത്വവത്കരിക്കപെടുകയോ ചെയ്യാതെ അത്
മിത്തായി തന്നെ തുടരുന്നു(നമ്മൾഎന്ത് വിശ്വസിക്കുന്നുവോ,അതാണ് നമ്മൾഎന്ന ഒരു
സമീപനമാണിവിടെ സ്വീകരിച്ചിരിക്കുന്നതെന്ന് തോന്നുന്നു)
മിത്തുകൾ പൊളിച്ചെഴുതികൊണ്ട് മഹാഭാരത ത്തിനെ പോലും മനുഷ്യകഥയാക്കിയ
ആളാണ് എംടി.അതേ എംടി ഇവിടെ ഒരു സാധാരണകഥക്ക് ഒരു മിത്തിന്റെ പൊലി
മ നൽകി അതിനെ മറ്റൊരു മാനത്തിലേക്ക് ഉയർത്തിയിരിക്കുന്നു..
അമ്പലപരിസരത്തിൽ നിന്ന് ഒഴുകിയെത്തുന്ന അഷടപദിക്കുപോലുമുണ്ട് അയാഥാർഥ്യത്തിന്റെ
പരിവേഷം.കുട്ടി മാളു തറവാട്ടിൽ താമസത്തിനെത്തുന്ന ആദ്യരാത്രിയിൽ അടുത്തുള്ള
ഒരു ഭാഗവതർ പാടുന്നതായാണ് നമ്മൾ ഇത് ആദ്യംകേൾക്കുന്നത് .പിന്നീട് അയ്യാളുടെ
സംസാരശേഷി നഷ്ടപെടുന്നരാത്രിയിലും അയാളുടെ മരണശേഷവും ഈ പാട്ട് തുടരുന്നു....!!!
.ഹരിതാഭമായഇടവഴികളും തൊടികളുംഅമ്പലപരിസരവുമൊക്കെ കണ്കുളിർപ്പിക്കുന്നദൃശ്യങ്ങളായി
ഒപ്പിയെടുത്തിട്ടുണ്ട് ക്യാമറമാൻവിജയ് ഉലക് നാഥ്,അതുപോലെ രഞ്ജൻ
എബ്രഹാമിന്റെ എഡിറ്റിംഗും കൊള്ളാം..
പ്രണയ ജോഡികളെ അവതരിപ്പിക്കുന്ന കൈലേഷും അർച്ചനാ കവിയും നല്ല
അഭിനയമാണ് കാഴ്ച വച്ചിരിക്കുന്നത്.റിമയുടെ ഷാരത്തെ അമ്മിണിയും ശ്രീദേവി
ഉണ്ണി അവതരിപ്പിച്ച തറവാട്ടമ്മയും സംവൃതാസുനിലുമൊക്കെ നല്ലവണ്ണം സപ്പോർട്ട്
ചെയ്തിട്ടുമുണ്ട്.

നവീനമായ ഗ്രാഫിക് സങ്കേതങ്ങളുപയോഗിച്ച് പഴയകാലത്തിന്റെ പ്രതീതി സൃഷ്ടിക്കുന്ന
ടൈറ്റിൽ സ് സീനുകളും നന്നായിട്ടുണ്ട് . ഒരു പ്രണയലേഖനം പാശ്ചാത്തലത്തിൽ
സ്കാൻ ചെയ്യ പെട്ടുകൊണ്ടിരിക്കുന്നതും ശ്രദ്ധേയമായി.
എഴുപതുകളിൽ എഴുതപെട്ട ഒരു ചെറുകഥയുടെ വായനാസുഖമാണ് ഈ സിനിമ
നമുക്കു തരുന്നത്. കഥ ആവശ്യപെടുന്ന മിതത്വത്തോടെയും കയ്യടക്കത്തോടെയും
കൈകാര്യം ചെയ്ത ലാൽ ജോസ് അഭിനന്ദനമർഹിക്കുന്നു.
എങ്കിലും അത് മികച്ച ഒരു സിനിമാ അനുഭവമാകാതെ പോകുന്നു.
കാരണങ്ങൾ പലതാണ്. ഇതുപോലൊരു സിനിമയിൽ പാട്ടുകൾ വളരെ പ്രധാനമെന്നിരിക്കെ
വിദ്യാസാഗറിന്റെ ചിരപരിചിതമായ ഈണങ്ങൾക്ക് വാക്കുകൾ കൊണ്ട് ഒരു
മേലങ്കി ചാർത്തുവാനെ ശരത് ചന്ദ്രവർമ്മയുടെ വരികൾക്ക് ആകുന്നുള്ളൂ .അതുപോലെ
കഥാപാത്രങ്ങളുടെ നൈരന്തര്യത്തിന്റെ കാര്യത്തിൽ ലാൽ ജോസ് ഭീമാബദ്ധം തന്നെ
കാട്ടിയിരിക്കുന്നു എന്നാണ്എന്റെ അഭിപ്രായം.തിരക്കഥയുടെ ആസൂത്രണത്തിലുണ്ടായ
ചില പാളിച്ചകൾ കഥാഗതിയിലൊരിടത്തുണ്ടാകുന്ന സസ്പെൻസ് വല്ലാതെ കുറച്ചുകളയുകയും
ചെയ്തു.ഇതെല്ലാം മാറ്റി നിർത്തിയാൽ നല്ലൊരു സിനിമ തന്നെയാണ് ‘നീലതാമര’

Wednesday, November 25, 2009

ടോപ് ട്വന്റി ഇൻഡ്യൻ ക്ലാസ്സിക്സ്........

സിനിമയെന്ന സ്വപ്നവ്യാപാരത്തിന് ഇന്ത്യയിൽ ഒരു നൂറ്റാണ്ടിന്റെ പഴക്കമുണ്ട്.ദാദാഫാൽകെ
1913ൽ ആദ്യത്തെ മുഴുനീള സിനിമയായ രാജാഹരിശ്ചന്ദ്ര എടുത്തതിനു ശേഷം,ഇവിടെ ഉണ്ടായിട്ടുള്ള
സിനിമകളുടെ എണ്ണം പരിശോധിച്ചാൽ നമ്മുടെ രാജ്യമായിരിക്കും ലോകത്തിൽ ഒന്നാം സ്ഥാനത്ത് എന്നത്
തർക്കമില്ലാത്ത കാര്യമാണ്.(എണ്ണത്തിൽ നമ്മൾ എന്നും ഒന്നാമതായിരുന്നു(ജനസംഖ്യയിൽ,അതിൽ തന്നെ
തൊഴിലില്ലാത്തവർ,രോഗികൾ,ദരിദ്രർ എന്നിവരുടെ എണ്ണത്തിൽ,ഭാഷയുടെ എണ്ണത്തിൽ,നഗരങ്ങളുടെ ,ഗ്രാമങ്ങളുടെ..) ഗുണത്തിൽ ഏറ്റവും
പിറകിലും....). അതാതു രാജ്യങ്ങളിൽഇന്നു വരെ ഷൂട്ട് ചെയ്തിട്ടുള്ള ഫിലിം
റോളുകൾ നിവർത്തി ചേർത്തു വച്ചാൽ ഫ്രഞ്ച് കാർക്ക്
ഈ ഭൂമിയെ ഒന്നു രണ്ട് വട്ടം വലം വക്കാം.ഇംഗ്ലീഷ്കാർക്ക് ഒന്നു ചന്ദ്രനിൽ പോയി വരാം .
പക്ഷെ നമുക്ക് സൌരയൂഥവും കടന്നു പോകാം...
ഈ നവംബർ മുപ്പതിന് ഗോവയിൽ വെച്ച് നടക്കുന്ന അന്തരാഷ്ട്രചലചിത്ര മേളയിൽ
ഏറ്റവും മികച്ച ഇരുപത് ഇൻഡ്യൻ സിനിമകൾ- ഇരുപത് ക്ലാസ്സിക്കുകൾ, തിരഞ്ഞെടുക്കുന്നു.മറ്റുപ്രമുഖർ
ക്കൊപ്പം കേരളത്തിൽ നിന്ന് ശ്യാമപ്രസാദും, തമിഴ്നാട്ടിൽ നിന്ന് ചേരനുമുണ്ട്-ജുറിയംഗങ്ങളിൽ.
ഇൻഡ്യയിൽ കൂടുതൽ സിനിമകൾപ്രധാനമായും ഹിന്ദി ,ബംഗാളി
,മലയാളം,തമിൾ ,തെലുങ്ക് ഭാഷകളിൽ നിന്നാണ് ഉണ്ടായിട്ടുള്ളത്.
അങ്ങനെ പല ഭാഷകളിലായി ഒരു പാ‍ടു സിനിമകൾ ഇവിടെ ഉണ്ടായിട്ടുണ്ടെങ്കിലും,ഭൂരിഭാഗവും
സംഗീതം നൃത്തം ഫൈറ്റ് മെലോഡ്രാമ ഇതൊക്കെ ഒരു പ്രത്യേക ചേരുവകളിൽ ചേർന്ന കെട്ടുകാഴ്ചകൾ
മാത്രമായ മസാല പടങ്ങളാണ് എന്നതാണ് വസ്തുത. കാലത്തിനെ അതിജീവിക്കുന്നതാണല്ലൊ ക്ലാസ്സിക്.
ആ അർഥത്തിൽ ഇവിടെ വളരെ കുറച്ച് ‌-വിരലിലെണ്ണാവുന്ന- പടങ്ങളെ ഉണ്ടായിട്ടുള്ളൂ.
അതുകൊണ്ടാണ് മറ്റു ലോകരാഷ്ട്രങ്ങളിലൊക്കെ ബെസ്റ്റ് ഹൻഡ്രഡ് തിരഞ്ഞെടുക്കുമ്പോൾ
നമ്മളിവിടെ ബെസ്റ്റ് ട്വന്റിയിലൊതുങ്ങി പോയത്...
.. പക്ഷെ ,ഈ ഇരുപതു സിനിമകളില് നിന്നും ക്ലാസ്സിക് ഓഫ് ദ ക്ലാസിക്സ്
തിരഞ്ഞെടുക്കാൻ, അതായത് ടോപ്പ് വൺ തിരഞ്ഞെടുക്കാൻ ആർക്കും ബുദ്ധിമുട്ട് ഉണ്ടാകുമെന്ന്
തോന്നുന്നില്ല...തീർച്ചയായും അത് സത്യജിത് റേ യുടെ അപുത്രയത്തിലെ ‘പഥെർ പാഞ്ചലി’ആയിരിക്കും.
(എത്രയോ വർഷങ്ങൾക്ക് മുൻപ് കണ്ടതാണെങ്കിലും അതിലെ ഓരോ സീനുകളും ഇന്നും ഓർ
മ്മയിൽ മിന്നുന്നു.നിഷ്ചിന്തിപൂരിലെ, മിഠായി വില്പനകാരനും ബയോസ്കോപ്പുമായി “ദില്ലി ദേഖോ..
ആഗ്രാ ദേഖോ..” എന്നൊക്കെ വിളിച്ചുകൊണ്ട് പോകുന്ന ചിത്രപെട്ടികാരനും കടന്നു പോകുന്നതെരുവ്,
പെരുമഴയിൽ വീണു നനഞ്ഞുകിടക്കുന്ന നാളികേരം, പാൽകടൽ
പോലെ നോക്കെത്താദൂരം പൂത്തുകിടക്കുന്ന കാശപുൽ വയലിലൂടെ കുട്ടികൾ തീവണ്ടികാണു
വാനോടുന്നത്..ഭാദ്രമാസത്തിലെ മഴകാറ്റിൽ ഗണേശവിഗ്രഹം ഇളകുന്നത്.ഒടുവിൽ
ആളൊഴിഞ്ഞവീടിന്റെ വരാന്തയിലൂടെ അകത്തേക്ക് ഒരു വലിയസർപ്പമിഴഞ്ഞുമറിയുന്നതും..
അങ്ങനെ എത്രയെത്ര ക്ലാസിക് ഷോട്ടുകൾ...!!)
പിഷിയും സർബോജയും ,നിഷ്കളങ്കരായ അപുവും ദുർഗയും ഒന്നും
ഒരിക്കൽ ആ സിനിമ കണ്ടിട്ടുള്ള ആരുടെയും മനസ്സിൽ നിന്ന് മാഞ്ഞ് പോവുകയില്ല..
മലയാളത്തിൽ നിന്ന് ഒരു സിനിമയെങ്കിലും ഈ ടോപ് ട്വന്റിയിൽ ഇടം
കാ‍ണാതിരിക്കില്ല. ആദ്യത്തെ നറുക്ക് വീഴുന്നത് രാമുകാര്യാട്ടിന്റെ “ചെമ്മീനാ“യിരിക്കും
മികച്ച ഒരു സിനിമ എന്നതിലുപരി അതിന്റെ അണിയറ പ്രവർത്തകരിൽ ,സലീൽ ചൌധരി
ഋഷികേശ് മുഖർജീ എന്നി നോർത്തിഡ്യൻസിന്റെ സാന്നിധ്യം ആ സിനിമയുടെ ചാൻസ്
വർധിപ്പിക്കുന്നുണ്ട്. രാമുകാര്യാട്ട് സിനിമയെടുത്തുവെങ്കിലും എഡിറ്റിംഗ് ടേബിളിൽ ഋഷികേശ്
സിനിമ പുന:സൃഷ്ടിക്കുകയായിരുന്നല്ലോ!!
നിരവധി മികച്ച സിനിമകൾ ചെയ്തിട്ടുള്ള അടൂരിന്റെയോ അരവിന്ദന്റെയോ സിനിമകൾ
പരിഗണിക്കപെടുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല.ഒരു ക്ലാസ്സിക് സിനിമയായി പരിഗണിക്കപെടാൻ
സംവിധാന മികവിനേക്കാൾ പോപുലാരിറ്റി,സംഗീതം ഉൾപെടെ മറ്റുപല ഘടകങ്ങളും കണക്കിലെടു
ക്കേണ്ടി വരുമെന്നതിനാലാണിത്..ഇനി അഥവാ പരിഗണിക്കപെടുകയാണെങ്കിൽമിക്കവാറും അത് അടൂരിന്റെ ‘
“അനന്തരം“ആയിരിക്കും.
ഭരതൻ-എം ടി ടീമിന്റെ വൈശാലി’, എംടി-അജയൻ കൂട്ടുകെട്ടിന്റെ ‘പെരും തച്ചൻ
‘,അതു പോലെ ഫാസിലിന്റെ ‘മണിചിത്രതാഴ്’ എന്നീ സിനിമകൾക്കും സാധ്യതയുണ്ടെന്ന് ഞാൻ കരുതുന്നു.
(പുരാണത്തിൽ ,ഒന്നോരണ്ടൊ ശ്ലോകങ്ങളിൽ വെറുതെ സൂചിപ്പിക്കുന്ന ഒരു ഉപകഥ, സർഗ്ഗവിലാസത്താൽ
ഒരു അതിസുന്ദരമായ പ്രണയ കഥയായി മാറുന്ന കാഴ്ചയാണ് വൈശാലിയിൽ.ഒരു മിത്തിനെ സിനിമയിലെ
മുത്താക്കി മാറ്റുന്നു “പെരും തച്ചൻ“.വ്യത്യസ്തമായ ഒരു സൈക്കോളജിക്കൽ ത്രില്ലർ,ആസൂത്രിതമായതിരക്കഥ,
എടുത്ത എല്ലാ ഭാഷാകളിലും ഹിറ്റ്...ഇതൊക്കെയാണ് മണിചിത്രതാഴിന്റെ പ്ലസ് പോയന്റ്സ്..)
പിന്നെ ഹിന്ദിയിൽ നിന്ന് സാധ്യതയുള്ള ഫിലിമുകൾ ,പ്യാസാ(ഗുരുദത്ത്) മദർ ഇൻഡ്യ(മെഹ്ബൂബഖാൻ)
,ദോ ബീഗാ സമീൻ(ബിമൽ റോയ്), മുഗൾ എ ആസാം, കാഗസ് കെ ഫൂൽ .,ഷോലെ.
എന്നീ ചിത്രങ്ങൾക്കാണെന്നു തോന്നുന്നു . മറ്റൊരു ഷുവർ ചാൻസ് ഫിലിം അശുതോഷ്
ഗവാരെക്കറുടെ മോഡേൺ ക്ലാസിക് ആയ ലഗാൻ ആണ്.,
ബെനഗൽ , ഘട്ടക്,മൃണാൾ സെൻ ഇവരുടെ ഒന്നോരണ്ടോ ഫിലിമെങ്കിലും കാണാതിരിക്കില്ല..,അതു പോലെ കർണ്ണാടകത്തിൽ നിന്ന്
തബരനകഥ.. , (തമിഴിൽ നിന്ന് ഒരുപടം പോലും ഞാൻ പ്രതീക്ഷിക്കുന്നില്ല) പക്ഷെ ഇപ്പോഴും ഇരുപത്
ഫിലിം ആയിട്ടില്ല.. എന്റെ സിനിമാവിജ്ഞാനം പോരെന്നു തോന്നുന്നു .എങ്കിലും ഞാൻ സൂചിപ്പിച്ച സിനിമകളിൽ
എൺപത് ശതമാനവും മികച്ച ഇരു പതിൽ ഇടം കണ്ടെത്തും എന്ന് തന്നെയാണ് എന്റെവിശ്വാസം.ബൂലോഗത്ത്
നിരവധി ,ഫിലിം ബഫുകളുണ്ട്.ആരെങ്കിലും ഇതു വഴിവരികയാണെങ്കിൽ
വരുന്നതിങ്കളാഴ്ച(nov.30) പ്രഖ്യാപിക്കാൻ പോകുന്ന ഈ ഇരുപത് സിനിമകൾ മുൻ കൂട്ടി പ്രഖ്യാപിക്കാൻ( ഇരുപതു ഫിലിമുകളും
അക്കമിട്ടെഴുതണം) അവരെ ക്ഷണിക്കുന്നു.ബൂലോഗത്തെയും ഭൂലോകത്തെയും നിഗമനങ്ങൾ
എത്രമാത്രം ഒത്തുപോകുന്നു എന്നുകൂടി അറിയാനുള്ള കൌതുകം കൊണ്ടാണ്.

Friday, November 20, 2009

ഓ എൻ വി വിമർശിക്കപെടുന്നു. (വാർത്ത‌- മാതൃഭൂമി)

പഴശ്ശിരാജയിലെ ഗാന രചനയുടെ പേരിൽ ഓ എൻ വി വിമർശിക്കപെടുന്നു!
വിമർശിക്കുന്നത് അദ്ദേഹത്തിന്റെ കവിതയെ സംഗീതസുരഭിലമാക്കിയ ഇളയ
രാജ!!. കാട്ടിൽ ഒളിവിൽ കഴിയുന്നപഴശ്ശിരാജയുടെ മനസംഘർഷങ്ങളെ കൂടി
ആദിയുഷസ്സന്ധ്യ..എന്ന കവിതയിലെ
വരികൾക്ക് ഉൾക്കൊള്ളനായില്ല എന്നതാണ് ഇളയരാജയുടെ പരാതി.
സംഗീതവും സാഹിത്യവും സരസ്വതിയുടെ സ്തനദ്വയങ്ങളാണെന്ന് പണ്ടെപ്പോഴോ
സംസ്കൃതം ക്ലാസ്സിൽ പഠിച്ചത് ഓർത്തു പോകുന്നു.ഈ മുലകളുടെ സിമ്മട്രിയാണ്
ഒരു ഗാനത്തിനെ മികച്ചതാക്കുന്നത് എന്ന് പറയാം.ഒന്ന് ഒന്നിനേക്കാൾ മുഴുത്തതാവാൻ
പാടില്ല .മറ്റൊരുവിധത്തിൽ പറഞ്ഞാൽ സംഗീതവും സാഹിത്യവും പരസ്പരപൂരക
ങ്ങളായി വർത്തിക്കണം ,ഒരു ഗാനശില്പത്തിൽ.പഴയ ഗാനരചയിതാക്കളും സംഗീതസം
വിധായകരും ഈയൊരു ലാവണ്യ തന്ത്രമുൾക്കൊണ്ടാണ് പാട്ടുകൾ സൃഷ്ടിച്ചിരുന്നത്
അതുകൊണ്ടാണ് ആ പാട്ടുകൾ ഇന്നും നമ്മളിഷ്ടപെടുന്നത്.
പിന്നെ പിന്നെ പാട്ടിന്റെകാര്യത്തിൽ സ്തനദ്വയങ്ങളിൽ ഒന്നായ സാഹിത്യം ശോഷി
ച്ചു വരുന്ന കാഴ്ചയാണ് നമ്മൾ കണ്ടത്. ട്യൂണിട്ടതിനു ശേഷം വരികളെഴുതുന്ന
സമ്പ്രദായം ഈ സാഹിത്യ ശോഷണത്തിന് ആക്കം കൂട്ടി. പലപാട്ടുകളിലും മ്യൂസിക്കിനനുസരിച്ച്
അക്കം പക്കം അച്ചാം പീച്ചാം എന്നിങ്ങനെയൊക്കെ എന്തെങ്കിലും വാക്കുകൾ
കുത്തിതിരുകുന്ന ഒരു ടെക്നീഷ്യൻ മാത്രമായി ഗാനരചയിതാവ്. പക്ഷെ ഇങ്ങനെയൊക്കെ
യാണെങ്കിലും കൈതപ്രം, ഗിരിഷ്,റഫീക് ,അനിൽ പനച്ചൂരാൻ എന്നിവരുടെ
തൂലികയിൽനിന്നും ഇന്നും നല്ല നല്ലഗാനങ്ങളുണ്ടാവുന്നുണ്ട്.വല്ലപ്പോഴും ,“എന്തിനേ കൊട്ടി
യടക്കുന്നു കാലമെൻ ഇന്ദ്രിയ ജാലകങ്ങൾ ..”(പാടുക സൈഗാൾ ...ആൽബം)
എന്നെഴുതിയതിനുശേഷവും ഓ എൻ വിയും സിനിമക്കുവേണ്ടി ഗാനങ്ങൾ രചിക്കുന്നുണ്ട്
.അങ്ങനെ വർഷങ്ങൾക്കുശേഷം വന്നെത്തിയ ഒരു നീലകുറിഞ്ഞിവസന്തമായിരുന്നു
പഴശ്ശിരാജയിലെ “ആദിയുഷ:സന്ധ്യ പൂത്തതിവിടെ..” എന്ന ഗാനം.
ആ ഗാനമാണിവിടെ വിമർശിക്കപെട്ടിരിക്കുന്നത്.ഗാനം സന്ദർഭത്തിന്റെയോ കഥാ പാത്ര
ത്തിന്റെയോ സംഗീതത്തിന്റെയോ പോലും വികാരം ഉൾക്കൊള്ളുന്നില്ലെന്നാണ്
ഇളയ രാജയുടെ ആരോപണം. ഇതു ശരിയല്ലെന്നാണ് ഒരു പ്രേക്ഷകനെന്ന
നിലയിൽ എനിക്കുതോന്നുന്നത്. ഒരു പക്ഷെ സിനിമയുടെ ഹൈലൈറ്റ് എന്നു പറയുവാന്നതു
കൂടിയാണ് ഈ ഗാനം ..
കഥാ സന്ദർഭം ഉൾക്കൊണ്ടും കഥാപാത്രങ്ങളോട് താ‍ദാത്മ്യം പ്രാപിച്ചും സംഗീതത്തിനോട് നീതിപുലർത്തിയും
സിനിമാഗാനങ്ങൾ രചിക്കുവാൻ ഓൻ വി യോളം കഴിവുള്ളവർ സിനിമാഗാനരചനാ രംഗത്ത്
വളരെ കുറവാണ്.“പ്രിയസഖി ഗംഗേ പറയൂ..പ്രിയമാനസനെവിടെ............
മാനസസരസ്സിനക്കരയോ ഒരു മായായവനികയ്ക്കപ്പുറമോ
താരകൾ തൊഴുതുവലം വക്കുന്നൊരു താണ്ഡവനർത്തനമേടയിലോ“
എന്ന് കുമാരസംഭവത്തിൽ പാർവ്വതിയെ കൊണ്ട് പാടിക്കുന്നതു മുതൽ
“കേവല മർത്യഭാഷകേൾക്കാത്ത ദേവദൂതികയാണു നീ ‘എന്നും
നിന്റെ ശാലീന മൌനമാകുമീ പൊൻ മണിചെപ്പിനുള്ളിലായ്
മൂടിവെച്ച നിഗൂഢഭാവങ്ങൾ പൂക്കളായ് ശലഭങ്ങളായ് ...എന്നുമൊക്കെ ‘നഖക്ഷതങ്ങളിലെ
ബധിരമൂകയായ നായികയെ കുറിച്ച് പാടുന്നതും..വൈശാലിയിൽ
തന്റെ ഇന്ദ്രനീലകണ്ണുകളിൽ മുഖം നോക്കിനിൽക്കുന്ന മുനികുമാരനോട്
കുന്നത്തെ കോകിലത്തിൻ ആലാപശ്രുതികേൾക്കെ പെണ്കുയിൽ ചിറകടിച്ചതിന്റെയും
ഹംസങ്ങളിണചേരുന്നമാലിനീ തടങ്ങളിൽ കൺചിമ്മിവനജ്യോത്സന മറഞ്ഞതിന്റേയും
പൊരുളൊന്നും നിനക്കറിയില്ലല്ലോ എന്നു വൈശാലി അനുതപിക്കുന്നതുപോലെയുള്ള ഒരു പാടു സന്ദർഭങ്ങൾ
പരിശോധിച്ചാൽ ആർക്കും ഇതു ബോധ്യമാകുന്നതാണ്.
ഓൻ വി -ദേവരാജൻ(കല്ലോലിനീ വനകല്ലോലിനീ,എന്തീനീചിലങ്കകൾ) ,ജോൺസൺ(ആടിവാ കാറ്റേ
പാടിവാകാറ്റേ,എന്റെമൺ വീണയിൽകൂടണയാനൊരു മൌനം പറന്നുവന്നു),ഇളയരാജ (തുമ്പീ വാ
തുമ്പകുടത്തിൻ തുഞ്ചത്തായ്, വേഴാമ്പൽ കേഴും വേനൽ കുടീരം നീ) ..ഈ കൂട്ടുകെട്ടുകളിൽ പിറന്ന
നിസ്തുല സുന്ദരമായ ഗാനങ്ങൾ എത്രവേണമെങ്കിലുമുണ്ട്...പക്ഷെ, ഓൻ വിയുടെ കവിതയിലന്തർലീന
മായ സംഗീത ചാരുതയെ ഒരു മഴവില്ലുപോലെ വിടർത്തികാണിച്ചുതന്ന സംഗീതസംവിധായകനാണ്
എം ബി ശ്രീനിവാസൻ. ഉൾ കടലിലെ ‘ശരതിന്ദു മലർദീപനാളം മീട്ടി ..” കൃഷ്ണതുളസീകതിരുകൾ
ചൂടിയ അശ്രുകുടീരം ഞാൻ.. ‘ ചില്ലിലെ “ഒരുവട്ടം കൂടിയെൻ ഓർമ്മകൾ മേയുന്ന ‘’,പോക്കുവെയിൽ
പൊന്നുരുകി പുഴയിൽ വീണു..“ എന്നീ ഗാനങ്ങൾ ഉദാഹരണം.ട്യൂണിട്ടശേഷം പാട്ടെഴുതുന്നതായാലും
നേരെ തിരിച്ചായാലും ഓ എൻ വിയുടെ ഗീതികൾ,സിനിമാ ഗാനമെന്നതുപോലെ മികച്ചകവിതയായും
സ്വതന്ത്രമായ നിലനില്പുള്ളവയാണ്.
വിമർശനവിധേയമായ പ്രസ്തുതഗാനമാകട്ടെ ഓഎൻ വിയുടെ മറ്റൊരു മനോഹര സൃഷ്ടിയാ
ണെന്നതിൽ സംശയമൊന്നും വേണ്ട. ആ കവിതയിതാ:
ആദിയുഷ:സ്സന്ധ്യപൂത്തതിവിടെ..ആഹാ
..ആദിസർഗ്ഗതാളമാർന്നതിവിടെ..
ബോധനിലാ പാൽകറന്നും മാമുനിമാർ തപം ചെയ്തും
നാദഗംഗയൊഴുകിവന്നതിവിടെ ...
ആരിവിടെ കൂരിരുളിൻ മടകൾ തീർത്തൂ..
ആരിവിടെ തേൻ കടന്നൽകൂടുതകർത്തൂ..
ആരിവിടെ ചുരങ്ങൾ താണ്ടി ചൂളമടിച്ചൂ..
ആനകേറാമാമലതൻ മൌനമുടച്ചൂ..
സ്വാതന്ത്ര്യം മേലെ ..നീലാകാശം പോലെ ..
പാടുന്നതാരോ ..കാറ്റോ കാട്ടരുവികളോ.
(ആദിയുഷ..)
ഏതുകൈകൾ അരണികോൽ കടഞ്ഞിരുന്നൂ..
ചേതനയിൽ അറിവിന്റെ അഗ്നിയുണർന്നൂ..
സൂരതേജസ്സാർന്നവർ തൻ ജീവതാളം പോൽ..
നൂറുമലർ വാകകളിൽ ജ്വാലയുണർന്നൂ
സ്വാതന്ത്ര്യം മേലെ ..നീലാകാശം പോലെ ..
പാടുന്നതാരോ ..കാറ്റോ കാട്ടരുവികളോ.
(ആദിയുഷ..)
പഴശ്ശിരാജാ കാട്ടിൽ ഒളിവിൽ പാർത്തുകൊണ്ട് ബ്രിട്ടീഷുകാർക്കെതിരെ ഒളിയുദ്ധത്തിനുള്ളതയ്യാറെടുപ്പുകൾ
കാണിക്കുന്നതാണ് പാട്ടിന്റെ സംന്ദർഭം.കാടിവിടെ ഒരു കഥാപാത്രം കൂടിയാണ്
ആരണ്യകത്തിനെ അഭിസംബോധന ചെയ്തുതുടങ്ങുന്ന ഗാനം,കഥാസന്ദർഭത്തിന്റെ
സങ്കുചിതത്വം കൈവെടിച്ച് ആർഷഭാരതസംസ്കൃതിയെ തന്നെ പുൽകിപടരുകയാണിവിടെ.
പോരാട്ടവീര്യവും ദേശഭക്തിയും വിപ്ലവവും ഒക്കെ ഈ ഗാനത്തിലുണ്ട്.
നല്ലകഥ, സംവിധാനം,അഭിനയം ,സംഗീതം അങ്ങനെ പലപലഘടകങ്ങൾ ഒത്തുവരുമ്പോഴാണ്
ഒരു സിനിമ സൂപ്പർ ഹിറ്റാവുന്നത്. പഴശ്ശിരാജായെ പോലൊരു സിനിമായിൽ ഗാനത്തിന് വലിയ
പ്രസക്തിയൊന്നുമില്ലെങ്കിലും വളരെ മികച്ചസംഗീതം ജനങ്ങളെ തിയ്യറ്ററിലേക്ക് ആകർഷിക്കുന്ന
ഒരു പരസ്യമെങ്കിലും ആകുമായിരുന്നു.പക്ഷെ അതിവിടെ ഉണ്ടായില്ല. ഇളയരാജയുടെ സംഗീതം
കൊള്ളാം എന്നല്ല്ലാതെ എക്സെപ്ഷണൽ എന്നു പറയാൻ പറ്റില്ല. ആ കുറ്റബോധം കൊണ്ടായിരിക്കാം
അദ്ദേഹം പാവം ഓ എൻ വിക്കു നേരെ തിരിഞ്ഞത്..
പിന്നെ ഈയിടെയാണ് സൌണ്ട് ഓഫ് മ്യൂസിക് എന്ന പഴയ ക്ലാസ്സിക്ചിത്രം വീണ്ടുംകണ്ടത്.സിനിമതുടങ്ങുമ്പോഴുണ്ട് വളരെ
പരിചിതമായ ഒരു ട്യൂൺ... തന്നന്നം താളത്തിൽ...അതെ യാത്ര എന്നസിനിമയിലെ ഇളയരാജയുടെ വളരെ പ്ര
ശസ്തമായ ഗാനം .sound of music-ലെ ''roses with dewdrops,brown copper kettles ..these are
a few of my favorite things .'' എന്ന ഗാനത്തിന്റെ തന്നെട്യൂണാണിത് ..എന്തു മനോഹരമായ പകൽ കൊള്ള!!!

Friday, November 13, 2009

“അർദ്ധവിരാമത്തിനു ശേഷം.......”

( കഴിഞ്ഞ പോസ്റ്റിൽ ഒരു അർദ്ധവിരാമത്തിൽ
അപൂർണ്ണമാവുക വഴി അവാസ്തവികതയുടെ തലത്തിലേക്ക് തെന്നി തെറിച്ച
“അസമയത്തെ അതിഥി” എന്ന കഥയിതാ മുഴുവനും...)
വെയിൽ ചാഞ്ഞതോടെ ആരംഭിച്ച തുലവർഷമഴ അല്പം മുമ്പാണ്
തോർന്നത്.ഇടിവെട്ടും കാറ്റുമുണ്ടായിരുന്നു.സന്ധ്യായായിട്ടും കറണ്ട്
വന്നിട്ടില്ല..ആകാശം തെളിഞ്ഞു; അപ്പോഴേക്കും സൂര്യൻ മറയാൻ
തുടങ്ങിയിരുന്നു. വെയിലില്ല എങ്കിലും വെളിച്ചമുണ്ട് .പക്ഷെ മുറിയിൽ
ഇരുട്ടും ഉഷ്ണവും അഭയാർഥികളെപൊലെ വന്നെത്തികഴിഞ്ഞു.
മെഴുകുതിരിയൊന്നും തപ്പിയിട്ട് കാണത്തതിനാൽ പഴയനിലവിളക്കിൽ
എണ്ണയൊഴിച്ച് കത്തിച്ചു.മുറിയിൽ പരന്ന അരണ്ടവെളിച്ചത്തിനൊപ്പം
ചുമരിൽ ഭയപെടുത്തുന്ന നിഴലുകളും പ്രത്യക്ഷപെട്ടു. വാലും,വലിയ തലയും
വവ്വാൽ ചിറകും ദംഷ്ട്രകളുമൊക്കെയുള്ള രൂപങ്ങൾ......
ഇരുട്ടായിരുന്നു ഇതിലും ഭേദം...
പുറത്ത് വാതിലിൽ ആരോ മുട്ടിയോ...? ഞാൻ വാതിലിലെ സ്പൈ ഗ്ലാസ്സിലൂടെ
പുറത്തേക്ക് നോക്കി ...ഇല്ല .പുറത്താരുമില്ല .
ഞാൻ തിരിച്ചു നടക്കാൻ തുടങ്ങുമ്പോൾ വീണ്ടും മുട്ടുകേട്ടു..
എന്തോ എനിക്ക് പതിവില്ലാത്ത ഒരു ഭയം അനുഭവപെട്ടു.ആരോ പുറത്തുണ്ട്.
സന്ധ്യയാകുമ്പോഴേക്കും ഇതാണവസ്ഥയെങ്കിൽ ഞാനീ രാത്രി എങ്ങനെ
കഴിച്ചു കൂട്ടും..
ആരായിരിക്കും ഈ അസമയത്തെ അതിഥി?വാതിൽ തുറക്കാനൊരു മടി
വീണ്ടും സ്പൈ ഗ്ലാസിലൂടെ തന്നെ എത്തിനോക്കി..ഇല്ല..ആരുമില്ല..ഗേറ്റ് വരെ
കാണാം ..അതടഞ്ഞു കിടക്കുകയാണ്..പക്ഷേ, വരാന്തയിലെ ചൂരൽ
കസേരയിൽ എന്തോഅനങ്ങുന്നുണ്ട്..ഒരു പൂച്ചയാണ് .കസേരയിൽ സുഖമായി
ഇരിപ്പാണ് ചങ്ങാതി.വാതിൽ തുറന്ന് അതിനെ ഓടിച്ചു വിടണോ? വേണ്ട പൂച്ചയാണെങ്കിലും
ഈ അസമയത്ത് ഒരു കൂട്ടായി അതവിടെ ഇരിക്കട്ടെ..
ഏതായാലും വിളക്കു കത്തിച്ചു വച്ചതല്ലെ ..ഒന്നു പ്രാർഥിക്കാം. പതിവുള്ളതല്ല..പക്ഷെ
ഒറ്റക്കാവുമ്പോൾ പല പതിവുകളും തെറ്റിക്കേണ്ടി വരുമല്ലോ.....
“....അർജുനൻ ,ഫൽഗുനൻ ,പാർഥൻ .....”
അർജുനന്റെ പത്തുനാമങ്ങളും കൃത്യം എണ്ണി കഴിഞ്ഞപ്പോൾ ,വീണ്ടും പുറത്ത് മുട്ട് കേട്ടു.ഇത്തവണ
വളരെ ഉച്ചത്തിലും വ്യക്തവുമാണ്..മൂന്നു തവണ മുട്ടി..ഒരു പൂച്ചയോ മറ്റോ വാതിലിൽ മാന്തി
ശബദമുണ്ടാക്കുന്നതു പോലെയല്ല..വിരൽ മടക്കി ആരോ അക്ഷമയോടെ മുട്ടിയതാണ്.
വാതിൽ തുറക്കുകതന്നെ.ബോൾട്ടിൽ കയ് വച്ച് ഒരല്പനേരം ശങ്കിച്ചു നിന്നതിനു ശേഷം
ഞാൻ പെട്ടെന്ന് വാതിൽ വലിച്ചു തുറന്നു.. അപ്പോൾ....................,
അപ്പോൾ എന്റെ മുഖത്ത് തറച്ചു നോക്കി നിൽക്കുകകയാണ് വർഷങ്ങൾക്ക്
മുൻപ് മരിച്ചുപോയ സർവ്വശ്രീ ഗോപാലൻ നായർ,രാഘവൻ നായർ എന്നീ
മുൻ കാല പാർട്ടി പ്രവർത്തകരുടെ അനന്തരവനും ചിറ്റേഴത്ത് രാമൻ നായരുടെ
സീമന്തപുത്രനും ഇപ്പോഴത്തെ കരയോഗം പ്രസിഡണ്ടുമായ എന്റെ സ്വന്തം അ
മ്മായച് ഛൻ ഗോവിന്ദൻ നായർ .അദ്ദേഹം എന്തിനുള്ള പുറപ്പാടാണ്?അന്നു രാവിലെ
തന്റെ സ്വന്തം മകളെ കരണത്തടിച്ച് ഇറക്കിവിട്ട കശ്മലനെ ഒരു ദ്വന്ദ യുദ്ധത്തിന്
വെല്ലുവിളിക്കുകയാണോ അതോ....
പഴയ ഗുസ്തികാരനാണ് .ഈ പ്രായത്തിലും എന്നെ നിമിഷനേരം കൊണ്ട്
മലർത്തിയടിക്കാൻ അദ്ദേഹത്തിന് പ്രയാസവുമുണ്ടെന്ന് തോന്നുന്നില്ല..ഒരു കോം പ്രമൈസ്
ആണ് ബുദ്ധി..അല്ലെങ്കിലും ഇന്നു രാവിലത്തെ കലഹം എന്തിനുവേണ്ടിയായിരുന്നു.കലഹത്തിനൊടുവിൽ
കൈ നീട്ടി അവളെ കരണത്തടിച്ചത് ഓർമ്മയുണ്ട്.ഉടനെ അവൾ ബാഗും പെട്ടിയും പായ്ക്ക് ചെയ്ത്
ഇറങ്ങി പോവുകയും ചെയ്തു...
.......അമ്മാവാ ..ഞാൻ ...ഞാൻ അവളെ വെറുതെ ദേ ..ദിങ്ങനെയൊന്നു തൊട്ടതെയുള്ളൂ‍...അതിനാ
അവള്...”
“ നീ തൊട്ടതും പിടിച്ചതുമൊന്നും അവളു പറഞ്ഞില്ല... ഇരുട്ടായാ നിനക്കു വല്ല്യ പേടിയാണെന്നും
പറഞ്ഞ് എന്റെ സ്വൈര്യംകെടുത്തിയതു കൊണ്ടാ ഞാനിപ്പോ വന്നേ...”
അതും പറഞ്ഞ് അമ്മാവൻ കയ്യിലിരിക്കുന്ന കുട ഒരൊറ്റവീശ്.. ശൂ...........
കസേരയിൽ സുഖസുഷുപ്തിയിലായിരുന്ന വഴിപോക്കൻപൂച്ച
പ്രതിഷേധസ്വരം പുറപെടുവിച്ചുകൊണ്ട് ഇറങ്ങിയോടി...
“ അപ്പോ.. അവള് ?“ സംയമനം വീണ്ടെടുത്തുകൊണ്ട് ഞാൻ ചോദിച്ചു..
“എന്തായാലും പിണക്കിവിട്ടതല്ലെ ..ഇനി നീചെന്നു വിളിക്കാതെ വരില്ല“
“ ഓ ..അതു ശരി ..എന്നാ ഇപ്പോ തന്നെ പോയി വിളിച്ചേക്കാം ..അമ്മാവനിരിക്കുന്നോ
അതോ പോരുന്നോ...” ഉടുത്തിരിക്കുന്ന മുണ്ട് മാറ്റി പാന്റ്സ് ഇടാൻ തുടങ്ങുമ്പോൾ
ഞാൻ ചോദിച്ചു..
“ അതിന് നീ അണിഞ്ഞൊരു കുകേം മറ്റും വേണ്ട അവളാ മതിലിനപ്പുറത്ത് ഓട്ടോറിക്ഷയിലിരിപ്പുണ്ട്
പോയി എതിരേറ്റോ..“
രാത്രി കിടക്കുമ്പോൾ അവൾ ചോദിച്ചു.
“ഞാനിന്നു വന്നില്ലെങ്കിൽ എന്തു ചെയ്യുമായിരുന്നു..?
“ ഒന്നു രണ്ട് സിനിമകളുടെ .സിഡി എടുത്തിരുന്നു ..അതൊക്കെ കാണാനുള്ള പരിപാടിയായിരുന്നു..“
“ഏത് പടങ്ങൾ..?”
“രാം ഗോപാൽ വർമ്മയുടെ “tarna zaroori ഹെ..” പിന്നെ ..exorcist....