Wednesday, August 26, 2009

ചോർന്നൊലിക്കുന്ന ഒരു ഹൃദയം....


പിറന്നുവീണപ്പോൾ എന്റെ ഹൃദയത്തിൽ
ഒരു വിടവുണ്ടെന്ന് കുട്ടികളുടെ ഡോക്ടർ
ഇട്ടിമാണി സാക്ഷ്യം പറഞ്ഞു
അടുത്തടുത്ത രണ്ടറകളുടെ സ്വകാര്യതയാണ്
അത് നഷ്ടപെടുത്തിയത്,
എന്റെ ഉറ്റവരുടെ സ്വസ്ഥതയും.
“വെറുതെ വിട്ടാൽ തനിയെ മാറുന്നതാണ്,
പക്ഷെ ഇടക്ക് ചെക്കപ്പു വേണം..”
ഡോക്ടറുടെ സാന്ത്വനവും അവർക്കാശ്വാസം പകർന്നില്ല..
എന്റെ ഹൃദയഭിത്തിയിലെ ദ്വാരം പരലോകത്തേക്ക്
തുറന്നു കിടക്കുന്ന ഒരു കവാടമാണെന്ന് അവർ വെറുതെ ഭയപെട്ടു..
അതടച്ചു തഴുതിടാതെ അവർക്കുറങ്ങാനാവില്ല...
അങ്ങനെ ,വർഷാ വർഷം വൈദ്യസന്നിധിയിലേക്ക് തീർഥാടനം..
ഒടുവിൽ എനിക്കഞ്ചു വയസ്സു തികഞ്ഞപ്പോൾ
ഒരു പിറന്നാൾ സമ്മാനം പോലെ എന്റെതോളിൽ തട്ടി
ഇട്ടിമാണി പറഞ്ഞു..”നൌ യു ആർ ഓൾ റൈറ്റ്
ദ്വാരമടഞ്ഞിരിക്കുന്നു..”
അതിനു ശേഷം കാലം പലകുറി പൌർണ്ണമി താളുകൾ മറിച്ചിട്ടു..
അത്രയും അമാവാസി താളുകളും..
എന്റെ നിദ്രയുടെ നീല ചില്ലു പാത്രത്തിൽ രതിസ്വപ്നങ്ങളുടെ
സോമരസം പകർന്നുകൊണ്ട് കൌമാരവും പിറകെ യൌവനവും വന്നു..
പക്ഷെ....
ഈയിടെയായി എന്റെ നിഖില ഹർഷങ്ങളിൽ നിഴലു വീഴ്ത്തുകയാണ്
ഏതൊക്കെയോ ദു:ഖങ്ങൾ...
ഞാനറിയുന്നു; ഹൃദയഭിത്തിയിലെ പഴയദ്വാരം അടഞ്ഞു പോയിട്ടില്ല!
അതു സ്ഥാനം മാറുക മാത്രമേ ചെയ്തിട്ടുള്ളൂ...
ഹൃദയത്തിന്റെ ഇടഭിത്തിയിൽ നിന്ന് മേൽക്കൂരയിലേക്ക്..
ഒരു സ്കാനിംഗിലും അതു തെളിയുകയില്ല
ഒരു ഡോക്ടർക്കും അതു കണ്ട് പിടിക്കാനാവില്ല.!
പുറത്ത് കണ്ണീർ മഴപെയ്യുമ്പോഴെല്ലാം ഇവിടെ ചോർന്നൊലിക്കുന്നു
അറകളിൽ എന്റേതല്ലാത്ത സങ്കടം തളം കെട്ടുന്നു..!
അതുകൊണ്ട് ഞാനെന്നും പ്രാർഥിക്കുകയാണ് :
“ലോകാ സമസ്താ സുഖിനോ ഭവന്തു..”

17 comments:

പാവപ്പെട്ടവൻ said...

ഇത് വായിച്ചു അഭിപ്രായം പറയാന്‍ എനിക്ക് കഴിയുന്നില്ല കാരണം ആ പോസ്റ്റിന്റെ കളറുതന്നെ കടും ചുവപ്പ്. കണ്ണിനു ഇത്രെയും ദുരിത പ്രവര്‍ത്തനം കൊടുക്കാന്‍ കഴിയില്ല ക്ഷമിക്കണം
നിറഞ്ഞ ഓണാശംസകള്‍

രഞ്ജിത് വിശ്വം I ranji said...

താരകാ.. വിങ്ങുന്ന ഹ്രുദയരക്തം വീണതുകൊണ്ടാണോ ബ്ലോഗിലെ അക്ഷരങ്ങള്‍ക്കിത്ര ചുവപ്പ്.. ശ്രദ്ധയോടെ വായിക്കാന്‍ കഴിഞ്ഞില്ല.. കണ്ണുകള്‍ക്ക് വേദനിക്കുന്നുവെന്ന് അവ പരാതിപ്പെടുന്നു...
ഓണാശംസകള്‍

ശ്രീ said...

“ലോകാ സമസ്താ സുഖിനോ ഭവന്തു..”


ഫോണ്ടിന്റെ ചുവപ്പു കളര്‍ ഇത്തിരി ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്, കേട്ടോ മാഷേ.

ഓണാശംസകള്‍...

താരകൻ said...

നിറം ഒരു ധ്വനിയായിരുന്നു..ഇതാ അതു ചോർത്തിയിരിക്കുന്നു..

ramanika said...

“ലോകാ സമസ്താ സുഖിനോ ഭവന്തു..”
happy onam!

Anonymous said...

HAPPY ONAM

khader patteppadam said...

ശരിക്കും... ?

Junaiths said...

ഒരിക്കല്‍ ഇട്ടിമാണി പറഞ്ഞ പോലെ,
നവ് യു ആര്‍ ഓള്‍ റൈറ്റ് എന്ന് പറയട്ടെ..
മനോഹരം..

Typist | എഴുത്തുകാരി said...

ശരിക്കും ചോര്‍ച്ചയുണ്ടോ ഹൃദയത്തിലിപ്പോള്‍. ഇല്ലല്ലോ.

Steephen George said...

vayichu pp

താരകൻ said...

ഖാദർ,റ്റൈപിസ്റ്റ്,
‘നുണയല്ല കൂട്ടരെ നേരുതന്നെ..
പണ്ടെന്റെ ഹൃദയത്തിനിടഭിത്തിയിൽ
ഒരു കൊച്ചു ദ്വാരമുണ്ടായിരുന്നു..
രണ്ടു വെൻ ട്രിക്കിളറകളെ വേർതിരിക്കും
ഭിത്തി രൻ ന്ധ്രത്തിനു വൈദ്യഭാഷ്യം
‘വീയെഡി‘യെന്നാതെണെന്റെയോർമ്മ..
പാവത്താനെ ,
ചുവപ്പ് കണ്ടപ്പോൾ പിണങ്ങിപോയോ.?
അതോ കവിത യുടെ പ്രത്യയശാസ്ത്രം ഇഷ്ട്പെട്ടില്ലെന്നുണ്ടോ..
ജോർജ്,
എന്താണീ പിപി..പിന്നെ പറയാമെന്നോ,അതൊ പക്ഷെ പോരാന്നോ?
എല്ലാവർക്കും നന്ദി ,ഓണാശംസകൾ..

കാപ്പിലാന്‍ said...

“ലോകാ സമസ്താ സുഖിനോ ഭവന്തു..”

naakila said...

ചോരുന്ന ഹൃദയം വേദനിപ്പിക്കുന്നു
ഓണാശംസകള്‍

ഒരു നുറുങ്ങ് said...

താരകാ!ഹ്രുദയരസം അനുസ്യൂതമൊഴുക്കൂ..ആ തുളയടക്കരുതേ,പ്ലീസ്!വെള്ളം കടക്കാത്ത അറകളില്‍ സസുഖം വാഴുന്ന,മന്നവന്‍റെ സ്വാസ്ഥ്യം കെടും..
വെറുതെ,തുളയടക്കാന്‍ മെനക്കെടാതെ..

“ലോകാ സമസ്താ സുഖിനോ ഭവന്തു!”
.....ഓണാശംസകള്‍.....

Deepa Bijo Alexander said...

Really touching..!

വളരെ നല്ല ആശയം..പക്ഷേ വരികളിൽ കവിത കുറഞ്ഞു പോയോ? അൽപം കൂടി ശ്രദ്ധയോടെ മിനുക്കിയെടുത്തിരുന്നെങ്കിൽ കുറച്ചു കൂടി മനോഹരമായേനേ.....

Vinodkumar Thallasseri said...

അടിയന്തരമായി ആ ദ്വാരം അടയ്കുക. എന്നിട്ട്‌ മറ്റുള്ളവരെപ്പോലെ ജീവിക്കുക. 'താനേ സമസ്താ സുഖിനോ ഭവന്തു'.

മീര അനിരുദ്ധൻ said...

ലോകാസമസ്താ സുഖിനോ ഭവന്തു. നല്ല കവിത.ഓണാശംസകൾ