Tuesday, September 15, 2009

മഞ്ഞുവീട്ടിൽ...

പനി നീരിതളിന്റെ താഴ്വരയിൽ
സുതാര്യമായ ചില്ലുഭിത്തികളുള്ള
ഒരു തുഷാര ഗൃഹം....
അവിടുത്തെ പളുങ്കലമാരികളിൽ
ലോകത്തിന്നുവരെ എഴുതപെട്ട
സുന്ദരമായ കവിതകളെല്ലാം
ഒരു ശലഭോദ്യാനത്തിലെന്നപോലെ
സംരക്ഷിക്കപെട്ടിരുന്നു....
ഷെല്ലി ,ടാഗോർ,ബൈറൺ മുതൽ
ചില ബ്ലോഗ് കവിതകളും അവിടെയുണ്ടായിരുന്നു...
ആകാ‍ശം മുഖം മിനുക്കുന്ന അവിടത്തെ
കണ്ണാടികളിൽ ഏതാനും നക്ഷത്രങ്ങളും
ഒളിച്ചു പാർത്തിരുന്നു.
സന്ധ്യ പോക്കുവെയിലിന്റെ പൊന്നുളികൊണ്ട്
മേഘങ്ങളിൽ ശില്പവേല ചെയ്തു ചെയ്തൊടുവിൽ
ഒരു “പിയാത്തെ” ശില്പമുണ്ടാകുന്നതും
അതേ മേഘ ശൃംഗങ്ങളുടെ അടിവാരത്തിലൂടെ
മീവൽ പക്ഷികളുടെ സംഘം മഴവില്ലു ചമച്ചുകൊണ്ട്
ദേശാടനത്തിനുപോകുന്നതും ഞാനിവിടെയിരുന്നു
നോക്കി കണ്ടിട്ടുണ്ട്..
ഇവിടെ സദാ പ്രസരിക്കുന്ന സംഗീതമല്ലാതെ
മറ്റു ശബ്ദങ്ങളൊന്നും കേൾക്കുകയില്ല..
വെള്ളി പാത്രത്തിൽ വച്ചിരിക്കുന്ന തേനിന്റെ
നിറമുള്ള മുന്തിരികളല്ലാതെ ഭക്ഷിക്കാൻ
മറ്റൊന്നും കിട്ടുകയില്ല..
ചിന്തകളുടെ ഉഷ്ണം സഹിക്കവയ്യാതാകുമ്പോൾ
ശീതികരിച്ച ഈ വേനൽകാല വസതിയായിരുന്നു
എനിക്കഭയം...എന്നും..
ഞാനിവിടെ മൌനിയായി താമസിക്കുമ്പോൾ
ഒരു ഉന്മാദഗൃഹത്തിന്റെ ജാലകത്തിലൂടെയെന്നപോലെ
ലോകം എന്നെ എത്തി നോക്കി...

6 comments:

Muralee Mukundan , ബിലാത്തിപട്ടണം said...

കൊള്ളാം നല്ലയവതരണം.............

khader patteppadam said...

സ്വര്‍ഗ്ഗത്തിന്റെ ഒരു നേര്‍ച്ചിത്രമാണല്ലൊ വരച്ചുവെച്ചിരിക്കുന്നത്!

കണ്ണനുണ്ണി said...

നല്ല ഭാവന

വയനാടന്‍ said...

ചിന്തകളുടെ ഉഷ്ണം സഹിക്കവയ്യാതാകുമ്പോൾ
ശീതികരിച്ച ഈ വേനൽകാല വസതിയായിരുന്നു
എനിക്കഭയം...എന്നും..

ഈ മഞ്ഞു വീട്‌ ഒരിക്കലും താങ്കൾക്കു നഷ്ടമാവാതിരിക്കട്ടെ എന്നു പ്രാർത്ഥിക്കാം
:)

Jayesh/ജയേഷ് said...

കൊള്ളാം

siva // ശിവ said...

സുന്ദരം ഈ വരികള്‍....