Thursday, October 29, 2009

'ഹതാശം...”

ജീവിതമേ,
വസന്തങ്ങളെത്രയോ വാറ്റി
നീയെന്നും എന്റെ വീഞ്ഞു ഭരണികൾ നിറച്ചു..
സുന്ദരശില്പങ്ങൾ കൊത്തിയ ഗുഹാക്ഷേത്രത്തിലൂടെ
കൈ പിടിച്ചു നടത്തി,
എന്റെ രാത്രികളെ നീ
ഫാന്റ്സിയുടെ നീലപുൽ‌പ്പാടങ്ങളിലേക്ക്
അഴിച്ചു വിട്ടു....
പക്ഷെ എന്റെ പകലുകളെ നീ
സദാചാരത്തിന്റെ കൂരക്കുള്ളിൽ തന്നെ തൊഴുത്തണച്ചു..
ഞാൻ കവിത കൊണ്ട് കലഹിച്ചപ്പോൾ
നൃത്തം തുടങ്ങും മുൻപ്
നീയവളിൽ നിന്ന്കാല്പനികതയുടെ
കാൽ ചിലമ്പുകളൂ‍രി വാങ്ങി...
ആടകളും അലങ്കാരങ്ങളും അഴിച്ചെടുത്തു..
പിന്നെ നിർദയം വേദിയിൽ നിന്ന്
വേദനയുടെ വഴികളിലേക്കിറക്കിവിട്ടു...
നിന്റെ നഖപാടുകൾ എന്റെ ഹൃദയത്തിൽ
മുറിവിന്റെ അമ്പിളികലകളായി..
നീ നിലവിളക്കൂതിയിട്ടും
ഇവിടെ ശേഷിച്ച നേർത്ത വെളിച്ചം
ഒഴുകി പടർന്ന നിലാവല്ല,
എന്റെ നീലിച്ച രക്തമാണ്..
ഇതു തന്നെയാണ് ഇനി യെന്റെ തൂലികയിലെ മഷി..
ഇതുകൊണ്ടാണ് ഞാൻ നിനക്കിനി
പ്രേമലേഖനങ്ങളെഴുതാൻ പോകുന്നത്..
ഇതിൽ ,തുകലുപൊട്ടിയ ഒരു തബലയുടെ
ശിഥിലമായ അകമ്പടിതാളം നീ കേൾക്കും..
സിരകൾ മുറിഞ്ഞ സാരംഗിയുടെ
നോവുന്നൊരീണം നീയറിയും..
കണ്ണീർ കയത്തിൽ നിന്ന്
വലവീശിപിടിച്ച പരൽ മീനുകളെ പോലെ
നിന്റെ കാൽ കീഴിൽ കിടന്നുപിടക്കും ഇതിലെ
വാ‍ക്കുകളോരോന്നും...

Tuesday, October 20, 2009

“നിന്റെയൊരുകാര്യം...“

ലൈം കോർഡിലും ലണ്ടൻബൂത്ത്സ് ജിന്നും
സമാസമം ചേർത്ത്
നീയൊരു ജിം ലറ്റുണ്ടാക്കി
ആശയങ്ങളും ലാവണ്യതന്ത്രങ്ങളും
വേണ്ടവിധത്തിൽ ചേർത്ത്
ഞാനൊരു കവിതയുമുണ്ടാക്കി
മഞ്ഞുകട്ടകൾ പൊടിച്ചിട്ടും
ചെറിപഴം പകുത്തുചേർത്തും
നീയതിന്റെ സ്വാദും സൌന്ദര്യവും
ലഹരിയൊരല്പം ബലികഴിച്ചും
ഒന്നുപൊലിപ്പിച്ചപ്പോൾ
ചമത്കാരങ്ങൾ ചാലിച്ചും
ഉപമകൾവിളക്കിയും
ഞാനെന്റെകവിതയുടെ
പ്രൌഢമായ പ്രാസഭംഗികൾ
അർഥമൊരല്പം ബലികഴിച്ചും
അലങ്കരിച്ചൊരുക്കി..
വടിവൊത്തപാനപാത്രങ്ങളിൽ നീയതുപകർന്നപ്പോൾ
നിന്റെ മദ്യം മോന്തിയതു ഞാൻ
അഴകുറ്റ അക്ഷരങ്ങളിൽ ഞാനിതു പകർന്നപ്പോൾ
എന്റെ കവിതവായിച്ചതു നീ
പിന്നെ നമ്മൾ ഒരുമിച്ചു പാടിയതിങ്ങനെ:
കവിതക്കും കള്ളിനും
കയ്പും ചവർപ്പും ഒരുപോലെ...
വീര്യവും ലഹരിയും ഒരു പോലെ
* * *
കവിത കള്ളിനോട് തുടർന്നു:
എന്റെ വാങ്മയ വർണ്ണങ്ങളെല്ലാം നീയെടുത്തു
പകരം ഒരു വാർമഴവില്ലെനിക്കുതന്നു..
ഒപ്പം എന്റെ വാചാലതയും നീയെടുത്തു.
പകരം തന്നത് കന്മതിലുകളുടെ കനത്ത മൌനം....
എന്റെ സൂര്യനെയും നീയെടുത്തു..
പകരം തന്നത് ഒരാകാശം നിറയെ നക്ഷത്രങ്ങൾ
നക്ഷത്രങ്ങളുടെ നീലവെളിച്ചവും നീതിരിച്ചെടുത്തു
പകരം തന്നത് അന്ധകാരത്തിന്റെ വിസ്മൃതി.

എന്റെ ഉറക്കവും നീ പാട്ടത്തിനെടുത്തു
അവിടെ സ്വപ്നങ്ങളുടെ കൃഷിയിറക്കി
ഇനിയീ സ്വപ്നങ്ങളെല്ലാം നിനക്കെടുക്കാം..
എനിക്കുവേണ്ടത് തികഞ്ഞ സ്വസ്ഥത..

Tuesday, October 13, 2009

അർബുദ രാവ്...

പകലിന്റെ പ്രഭാനിർഭരമായ നിമിഷങ്ങളെ
പ്രോജ്വലമായ ഒരു സിന്ദൂരപൊട്ടിന്റെ
വിരാമ ചിഹ്നത്താൽ തടുത്തുനിർത്തി
രാവിന്റെ ഖണ്ഡികയിലേക്ക് സമയമതിക്രമിക്കുമ്പോൾ
ഇരുളിന്റെ മറപറ്റി ഒരിക്കലും വാക്കുതെറ്റിക്കാത്ത
വിശ്വസ്തയായ പെൺകുട്ടിയെപോലെ
അവളിന്നുംവന്നു;.....
വന്നെന്റെ വാതിലിൽമുട്ടി.
കണ്ണിർകല്ലുപതിച്ചമോതിരവിരലാൽ
വീണ്ടും വീണ്ടും മുട്ടി..
അനുവാദത്തിനുകാത്തുനിൽക്കാതെ അകത്തുകടന്നു....
അവളുടെ ഓരോ കാൽ വയ്പിലും
ജീർണ്ണജഡിലമായ എന്റെ അകത്തളങ്ങൾ പ്രകമ്പനം കൊണ്ടു..
ജീവതന്തുക്കൾ നിലവിളിയുടെ വൃന്ദവാദ്യം തീർത്തു..
അവൾക്കറിയാം അവളാണിനി ഇവിടത്തെ റാണി
അവളെ രാജ്യഭ്രഷ്ടയാക്കുവാനുള്ള
ഗൂഡ തന്ത്രം മോർഫിൻ ഗുളികകളായി
എന്റെ മേശവലിപ്പിലിരിക്കുന്നു..
കഴിവതും കഴിക്കാതെ നാളുകളായി കൂട്ടിവച്ച്
സംഘ ബലമാർജിച്ചവ..
മാറാരോഗങ്ങളെ ,മനോദു:ഖങ്ങളെ
ഒരു ഞൊടിയിൽ സുഖപെടുത്തുന്നവ
മരണമെന്ന മഹാവൈദ്യന് ഫീസുകൊടുക്കുവാനായി
ഞാൻ കൂട്ടി വച്ചവ..
ഒന്നിനു പകരം ഒരു പിടിയെടുത്ത്
വായിലേക്കിടാൻ തുടങ്ങുമ്പോൾ
ജാലകത്തിലൂടെ എത്തിനോക്കുന്ന കുഞ്ഞു നക്ഷത്രത്തിന്
പതിവുപോലെ കൺ നിറഞ്ഞു...
ആ കണ്ണീരു തുടക്കുവാനിനി വിരലുകൾ നിവർത്താതെ വയ്യ....
* * * *
(കവിതയല്ലെന്റെയീ കുത്തികുറിപ്പുകൾ
അവിടേക്ക് വെറുതെയൊരു വഴിതിരക്കൽ..
അവളെത്രയകലെയോ,വഴിയെത്ര ദുർഘടം!
എങ്കിലും തുടരുന്ന തീർഥ യാത്ര....)

Thursday, October 8, 2009

ആത്മരതി

വജ്രസൂചികൊണ്ട് ഗ്ലാസ്സ് മുറിക്കുന്നപോലെ
കത്തുന്ന തൃഷ്ണയുടെ മൂർച്ചയാൽ
ആകാശനീലിമ സമചതുരകഷണങ്ങളായി
മുറിച്ചെടുത്ത്,
വിലകൂടിയ ടൈൽസ് എന്ന
വ്യാജേന നിന്റെ നീരാട്ടു മുറിയിലെ
മച്ചിലും മസൃണമായ ഭിത്തിയിലും
പതിച്ചലങ്കരിച്ച്
നിരാർദ്രനീലമായ ഒരു കോണിൽ
നീർമുകിലായ് പതുങ്ങിനിന്ന്.
താഴെ ഉടയാടകളൂർന്ന നീയാം
നഗ്ന ഭൂവിൻ ഉർവ്വരതയിലേക്ക് പെയ്ത് വീണ്,
കുന്നിന്നുച്ചിയിൽചിന്നി ചിതറി,
ചരുവിലൂടെ കൂലം കുത്തി,
താഴ്വാരങ്ങളിലൂടെ ഒഴുകിയൊലിച്ച്
ചുഴിയിൽ തടാകമായ് തളം കെട്ടി,പിന്നെ തുളുമ്പി..
തരള തപ്തമാം , മേനിതൻ ഊഷ്മാവും കടം വാങ്ങി
ഉഷ്ണ ജല പ്രവാഹമായ് ...
നിന്നുപസ്ഥകേദാരങ്ങളിൽ വിലയിച്ചസ്തമിക്കവെ,
മുകളിലാകാ‍ശം പാതിരാതാരങ്ങളുടെ
പഞ്ചസാരത്തരികൾ വിതറിയ
ഒരു പ്ലം കേക്ക് പോലെ ഇരുണ്ടു...
താഴെ, കരുത്തുറ്റ കലപ്പകൊണ്ടുഴുതു മറിക്കപെട്ട
*ക്ഷേത്ര മണ്ണിന്റെ ഗന്ധം ഉയർന്നു....
* * * *
.ചിന്തകളജന്താ ശില്പങ്ങളായ് തുടിക്കുമീ
ഏകാന്തരാവിന്നിരുൾകോവിലിൽ
സ്വന്തം തന്ത്രികൾ സ്വയം മീട്ടിനിൽക്കും
സിരാവാദ്യമാവുകയാണ് ഞാൻ..
ഒടുവിലെന്റെ ആത്മഗാനം
തിരുനടയിലൊരു കുമ്പിൾ നൈവേദ്യമായർപ്പിച്ച്
സുഷുപ്തിയുടെ പടവുകളിറങ്ങട്ടെ....

Monday, October 5, 2009

ആദ്യരാത്രിയിൽ....

(തിരക്കഥ)
പ്രഥമദൃശ്യം.
വെള്ളിതാലത്തിൽ വലിയൊരാപ്പിൾ
ശോണവർണം,ബാഷ്പ ലാളിതം
പോർസലൈൻ കപ്പിൽ പുറമെ
ശാന്തമെങ്കിലും ഉള്ളിലൊരു പ്രക്ഷുബ്ധതയൊതുക്കിയ
പാൽക്കടൽ..
(ദൃശ്യം -2)
മുറിയിലെ ഇരുളിൽ ചേർന്നിരിക്കുന്ന നിഴലുകൾ..
പാശ്ചാതലത്തിൽ അകലെയൊരമ്പലത്തിൽ
ദേവനെ തുയിലുണർത്തുന്ന തുടികൊട്ടോ
അതോ തീവ്രവികാരങ്ങളാൽ ത്വരിതമായ
ഹൃദയ ദുന്ദുഭി പോലെയോ ഒരു താളം..
പതിഞ്ഞ സ്വരത്തിൽ സംഭാഷണ ശകലങ്ങൾ.
ഇടക്കാത്മഭാഷണവും....
“നിന്റെ നിശ്വാസത്തിനേതോ നീർപൂവിന്റെ ഗന്ധം”
“നിങ്ങളുടെ വിയർപ്പിന് കൈതപൂവിലെ
മഞ്ഞുതുള്ളികളുടെ മണം”
“നിനക്കെന്റെ സിരകളിൽ കുതിച്ചൊഴുകുന്ന കാട്ടാറിന്റെ
കളരവം കാതോർക്കാം....”
നിങ്ങൾക്കെന്റെ നെഞ്ചിൽ പഞ്ചാരി മേളവും..
നിശ്ശബ്ദത..
നിശ്ശബ്ദതയിൽ സീൽക്കാരം പോലെ മുഴങ്ങുന്ന നെടുവീർപ്പുകൾ....
* * *
തുറന്ന ജാലകത്തിലൂ‍ടെ പ്രകൃതിയുടെ വിദൂ‍രദൃശ്യം..
പടിഞ്ഞാറ് ചായുന്ന പാതിരാ ചന്ദ്രൻ.
രാത്രിയുടെ പാ‍ന പാത്രങ്ങളിൽ
നിർലോഭം നിലാവീഞ്ഞൊഴുക്കുന്ന
ഹേമാംഗനാം ഗഗന ചാരി...
അരികിലായ് രജസ്വലയായ ഒരു നക്ഷത്രം.
രംഗം ഇരുണ്ട് തെളിയുമ്പോൾ
അലയൊതുങ്ങിയ വെൺ വിരിപ്പീൽ
പുതുതായി വിരിഞ്ഞ ഒരു പനിനീർപൂവ്...
(ശുഭം)

ആദ്യരാത്രി...

(തിരക്കഥ)
പ്രഥമദൃശ്യം.
വെള്ളിതാലത്തിൽ വലിയൊരാപ്പിൾ
ശോണവർണം,ബാഷ്പ ലാളിതം
പോർസലൈൻ കപ്പിൽ പുറമെ
ശാന്തമെങ്കിലും ഉള്ളിലൊരു പ്രക്ഷുബ്ധതയൊതുക്കിയ
പാൽക്കടൽ..
(ദൃശ്യം -2)
മുറിയിലെ ഇരുളിൽ ചേർന്നിരിക്കുന്ന നിഴലുകൾ..
പാശ്ചാതലത്തിൽ അകലെയൊരമ്പലത്തിൽ
ദേവനെ തുയിലുണർത്തുന്ന തുടികൊട്ടോ
അതോ തീവ്രവികാരങ്ങളാൽ ത്വരിതമായ
ഹൃദയ ദുന്ദുഭി പോലെയോ ഒരു താളം..
പതിഞ്ഞ സ്വരത്തിൽ സംഭാഷണ ശകലങ്ങൾ.
ഇടക്കാത്മഭാഷണവും....
“നിന്റെ നിശ്വാസത്തിനേതോ നീർപൂവിന്റെ ഗന്ധം”
“നിങ്ങളുടെ വിയർപ്പിന് കൈതപൂവിലെ
മഞ്ഞുതുള്ളികളുടെ മണം”
“നിനക്കെന്റെ സിരകളിൽ കുതിച്ചൊഴുകുന്ന കാട്ടാറിന്റെ
കളരവം കാതോർക്കാം....”
നിങ്ങൾക്കെന്റെ നെഞ്ചിൽ പഞ്ചാരി മേളവും..
നിശ്ശബ്ദത..
നിശ്ശബ്ദതയിൽ സീൽക്കാരം പോലെ മുഴങ്ങുന്ന നെടുവീർപ്പുകൾ....
* * *
തുറന്ന ജാലകത്തിലൂ‍ടെ പ്രകൃതിയുടെ വിദൂ‍രദൃശ്യം..
പടിഞ്ഞാറ് ചായുന്ന പാതിരാ ചന്ദ്രൻ.
രാത്രിയുടെ പാ‍ന പാത്രങ്ങളിൽ
നിർലോഭം നിലാവീഞ്ഞൊഴുക്കുന്ന
ഹേമാംഗനാം ഗഗന ചാരി...
അരികിലായ് രജസ്വലയായ ഒരു നക്ഷത്രം.
രംഗം ഇരുണ്ട് തെളിയുമ്പോൾ
അലയൊതുങ്ങിയ വെൺ വിരിപ്പീൽ
പുതുതായി വിരിഞ്ഞ ഒരു പനിനീർപൂവ്...
(ശുഭം)