Tuesday, October 20, 2009

“നിന്റെയൊരുകാര്യം...“

ലൈം കോർഡിലും ലണ്ടൻബൂത്ത്സ് ജിന്നും
സമാസമം ചേർത്ത്
നീയൊരു ജിം ലറ്റുണ്ടാക്കി
ആശയങ്ങളും ലാവണ്യതന്ത്രങ്ങളും
വേണ്ടവിധത്തിൽ ചേർത്ത്
ഞാനൊരു കവിതയുമുണ്ടാക്കി
മഞ്ഞുകട്ടകൾ പൊടിച്ചിട്ടും
ചെറിപഴം പകുത്തുചേർത്തും
നീയതിന്റെ സ്വാദും സൌന്ദര്യവും
ലഹരിയൊരല്പം ബലികഴിച്ചും
ഒന്നുപൊലിപ്പിച്ചപ്പോൾ
ചമത്കാരങ്ങൾ ചാലിച്ചും
ഉപമകൾവിളക്കിയും
ഞാനെന്റെകവിതയുടെ
പ്രൌഢമായ പ്രാസഭംഗികൾ
അർഥമൊരല്പം ബലികഴിച്ചും
അലങ്കരിച്ചൊരുക്കി..
വടിവൊത്തപാനപാത്രങ്ങളിൽ നീയതുപകർന്നപ്പോൾ
നിന്റെ മദ്യം മോന്തിയതു ഞാൻ
അഴകുറ്റ അക്ഷരങ്ങളിൽ ഞാനിതു പകർന്നപ്പോൾ
എന്റെ കവിതവായിച്ചതു നീ
പിന്നെ നമ്മൾ ഒരുമിച്ചു പാടിയതിങ്ങനെ:
കവിതക്കും കള്ളിനും
കയ്പും ചവർപ്പും ഒരുപോലെ...
വീര്യവും ലഹരിയും ഒരു പോലെ
* * *
കവിത കള്ളിനോട് തുടർന്നു:
എന്റെ വാങ്മയ വർണ്ണങ്ങളെല്ലാം നീയെടുത്തു
പകരം ഒരു വാർമഴവില്ലെനിക്കുതന്നു..
ഒപ്പം എന്റെ വാചാലതയും നീയെടുത്തു.
പകരം തന്നത് കന്മതിലുകളുടെ കനത്ത മൌനം....
എന്റെ സൂര്യനെയും നീയെടുത്തു..
പകരം തന്നത് ഒരാകാശം നിറയെ നക്ഷത്രങ്ങൾ
നക്ഷത്രങ്ങളുടെ നീലവെളിച്ചവും നീതിരിച്ചെടുത്തു
പകരം തന്നത് അന്ധകാരത്തിന്റെ വിസ്മൃതി.

എന്റെ ഉറക്കവും നീ പാട്ടത്തിനെടുത്തു
അവിടെ സ്വപ്നങ്ങളുടെ കൃഷിയിറക്കി
ഇനിയീ സ്വപ്നങ്ങളെല്ലാം നിനക്കെടുക്കാം..
എനിക്കുവേണ്ടത് തികഞ്ഞ സ്വസ്ഥത..

14 comments:

Anil cheleri kumaran said...

good lines.

ശ്രീ said...

"കവിതക്കും കള്ളിനും
കയ്പും ചവർപ്പും ഒരുപോലെ...
വീര്യവും ലഹരിയും ഒരു പോലെ"

നന്നായി, മാഷേ

നരിക്കുന്നൻ said...

ഇവിടെ കയ്പും ചമർപ്പുമില്ലല്ലൊ.. മനസ്സിന്റെ ആഴത്തിലേക്കിറങ്ങുന്ന വീര്യം മാത്രം, തലച്ചോറിലേക്ക് ചിന്തകളെ തിരികൊളുത്തി വിടുന്ന ലഹരി മാത്രം.

നിന്റെ വരികളുള്ളപ്പോൽ അവിടെ അന്ധകാരം കേറിവരില്ല. അവിടെ അസ്വസ്ഥതയുടെ കാർമേഘമുണ്ടാവില്ല.. കുളിരുള്ള മഴനാരുപോലെ ഒലിച്ചിറങ്ങും.

khader patteppadam said...

അവരാണു ആത്മാര്‍ഥ സുഹ്രുത്തുക്കള്‍!അങ്ങനെയാണല്ലൊ വെപ്പ്.

hshshshs said...

ലഹരിയുള്ള ഈ വരികൾ വിരിഞ്ഞതും വീര്യമുള്ള വീഞ്ഞിന്റെ പിൻബലത്തിലാണെന്ന് തോന്നുന്നു !!
താരാകാ...‘നിന്റൊരു കാര്യേ !!’
നന്നായിട്ടുണ്ട് ആശംസകൾ !!

ഗീത said...

ഇനി കള്ള്‌ വേണ്ട.
കള്ള് എല്ലാം തട്ടിയെടുക്കും.
ചിലപ്പോള്‍ കവിതയേയും കൂടി.

ഷൈജു കോട്ടാത്തല said...

മദ്യപിക്കുമോ
(ചോദ്യം നിഷ്കളങ്കം)

VEERU said...

എന്താ ഷൈജൂ കൊച്ചു കുട്ടികളെപ്പോലെ ചോദിക്കുന്നേ??
വരികളിൽ നിറഞ്ഞു തുളുമ്പുന്ന ലഹരി കണ്ടാൽ അറിഞ്ഞൂടെ കള്ള് കയറാത്ത തലച്ചോറിൽ നിന്നും ഇതുപോലുള്ള കവിത വരില്ലാ എന്ന്...
എന്താ താരകാ ഞാൻ പറഞ്ഞതു നേരല്ലേ??

രാജീവ്‌ .എ . കുറുപ്പ് said...

കവിതക്കും കള്ളിനും
കയ്പും ചവർപ്പും ഒരുപോലെ...
വീര്യവും ലഹരിയും ഒരു പോലെ

കള്ള് ഒരു പ്രശനമാണ് അല്ലെ??
കവിത നന്നായി. ഇനി രണ്ടെണ്ണം വിടാം അല്ലെ

ഭൂതത്താന്‍ said...

കള്ള് മണക്കുന്ന കവിതയും ....കവിത മണക്കുന്ന കള്ളും.... ഗോള്ളാം താരക നിന്‍റെ കള്ളുകുടി ...അയ്യോ അല്ല കവിത

അഭിജിത്ത് മടിക്കുന്ന് said...

നന്നായി ഈ താരതമ്യം.
കള്ളും കവിതയും തമ്മിലുള്ള സംഭാഷണം.
കള്ളും കവിതയും സ്വസ്ഥത തന്നേക്കാം.പക്ഷേ കള്ളിന്റെ സ്വസ്ഥത താല്‍ക്കാലികമല്ലേ താരകാ..
കള്ളിന്റെ കുറവ് കവിതയ്ക്ക് നികത്താനാവട്ടെ എന്നാശംസിക്കുന്നു.നല്ല ലഹരിമുക്തമായ കവിത!!!
:)

Muralee Mukundan , ബിലാത്തിപട്ടണം said...

നല്ല വീര്യമുള്ള കവിതാസംഭാഷണങ്ങൾ..
നല്ല വീര്യമുള്ള കള്ളിനായുസ് ഒരൊറ്റദിനം !
നല്ല വീര്യമുള്ളകവിതയോയെന്നുമെന്നുമോർക്കും
നല്ല വീര്യമായിത്തന്നെയൊരായുസ്സുമുഴുവനും...

the man to walk with said...

kallu kudikkumpbol padaan oru puthiya kavithayaayi..
kollatto

Umesh Pilicode said...

ഇനിയീ സ്വപ്നങ്ങളെല്ലാം നിനക്കെടുക്കാം..
എനിക്കുവേണ്ടത് തികഞ്ഞ സ്വസ്ഥത..


മാഷെ നല്ല കവിത