Wednesday, November 4, 2009

ദൃക്‌സാക്ഷി.........

‘ഒരപകടത്തിനു ദൃക്‌സാക്ഷിയാവുക...അതും തൊട്ടുമുന്നിൽ
സംഭവിച്ച ഒരു ടൂവീലർ-റ്റെമ്പോ ഹെഡ് ഓൺ കൊള്ളിഷൻ..
പതിവിൽ കൂടുതൽ തിരക്കുണ്ടായിരുന്നതിനാൽ ആശുപത്രിയിൽ നിന്ന്
വൈകി മടങ്ങുമ്പോഴാണ് സംഭവം.. ടൂവീ‍ലർ ഓടിച്ചിരുന്നയാൾ നല്ലസ്പീഡിലായിരുന്നു
എന്തായിരുന്നു അയ്യാൾക്കിത്ര ധൃതി ? എന്തായാലും കാതടപ്പിക്കുന്ന ശബ്ദത്തോടെ
സഡൺ ബ്രേക്കിട്ട് അയ്യാൾ വെട്ടിച്ചു മാറാൻ ഒരു അവസാന ശ്രമം നടത്തി.പക്ഷേ നേരേ
പോയത് ടെമ്പോയുടെ അടിയിലേക്കാണ്..അപ്പോൾ ചെറിയസ്പാർക്കുകൾ
ഉണ്ടായത് ഞാൻ നേരിട്ടുകണ്ടു.ആ തീപ്പൊരികളുടെ ചൂടുമറിഞ്ഞു.ഞാൻ തൊട്ടടുത്തായിരുന്നു..
.ഞെരിഞ്ഞൊടിഞ്ഞ വാഹനത്തിനൊപ്പം അയ്യാളുടെ
ശരീരത്തിന്റെ പകുതിഭാഗവും ടെമ്പോക്കടിയിൽ .. ഒരു നിലവിളി പോലും കേട്ടില്ല
പക്ഷെ പുറത്തുകാണുന്ന കാലുകൾ പിടച്ചുകൊണ്ടിരുന്നു..ആദ്യം പെട്രോളിന്റെ
മണം അന്തരീക്ഷത്തിലുയർന്നു പിന്നെ യതു രക്തത്തിന്റെ ഗന്ധവുമായി കൂടികലർന്നു..
അടുത്തകടകളിൽ നിന്നും വഴിയോരത്തു നിന്നും ആളുകൾ വലിയ
ഒച്ചയിട്ടുകൊണ്ട് ഓടിയടുക്കുന്നുണ്ട് . കുറച്ചു
നേരത്തേക്ക് എന്റെ ഓർമ്മയൊന്നു മറഞ്ഞിരിക്കണം.. പിന്നെ ഞാൻ കാണുന്നത്
ശ്വാസമടക്കിപിടിച്ചുനിൽക്കുന്ന വലിയ ഒരാൾകൂട്ടമാണ്..ടെമ്പോയുടെ മുൻഭാഗം വെട്ടിപൊളിച്ച് മരിച്ചയാളെ
പുറത്തെടുത്തു കഴിഞ്ഞു..പോലീസും എത്തിയിട്ടുണ്ട്
ശരീരത്തിനുമുകൾ ഭാഗം ഒരു റക്സിൻ ഷീറ്റുകൊണ്ട് മൂടിയിരിക്കുന്നു.
അപ്പോഴും കാലുകൾ പുറത്തുകാണം. സ്റ്റോൺ വാഷ് ജീൻസ്..കറുത്തുമിന്നുന്ന ആക്ഷൻ ഷൂസ്..
ഷൂവിൽ ഉച്ചസൂര്യന്റെ പ്രതിജ്വലനം...
.എനിക്കു വീണ്ടും ഒരു വല്ലായ്ക....
കാരണം അയ്യാൾക്ക് മിക്കവാറും എന്റെപ്രായമേ കാണൂ ...ഞാൻ ധരിച്ചിരിക്കുന്നതുപോലെ
അയ്യാളും ഇരുണ്ട വസ്ത്രങ്ങളാണ് ധരിച്ചിരിക്കുന്നത്...അയ്യാ‍ളുടെ പ്രിയപെട്ടവർ
എങ്ങനെയായിരിക്കും ഈ ദുരന്തം ഉൾക്കൊള്ളുക. അല്പസമയത്തിനുള്ളിൽ അടുത്തെവിടെയോ ഒരു
വീട്ടിൽ നിലവിളികളുയരും ..ഒരു ചിത എരിയും..
ഞാൻ നേരത്തെ പറഞ്ഞല്ലോ ആശുപത്രിയിൽ ഇന്ന് പതിവിൽ കൂടുതൽ തിരക്കായി
രുന്നു.ദൂരദേശങ്ങളിൽ നിന്നുപോലും രോഗികൾ കാൽ നടയായും പെട്ടിവണ്ടികളിലും
മൊക്കെയായി എത്തിയിരുന്നു. അനുസരണയില്ലാത്തവർ.. വിശപ്പില്ലാത്തവർ..
വേണ്ടവിധത്തിൽ പാലില്ലാത്തവർ...മറ്റൊരു കൂട്ടരാണെങ്കിൽ
പലതവണബന്ധപെട്ടിട്ടും ഗർഭം ധരിക്കാത്ത മച്ചികൾ..
അങ്ങനെ മൂന്നാലു castrations(യെസ്, റിമൂവൽ ഓഫ് ടെസ്റ്റിസ്)
അത്രയും തന്നെ ആർട്ടിഫിഷ്യൽ ഇൻസെമിനേഷൻ(artificial insemination)
ഇതൊക്കെ ചെയ്തുകഴിയുമ്പോഴേക്കും നേരം
വളരെ വൈകി..അതിനിടയിലാണ് ഒരു ഹൌസ് കോൾ..ഒരു കോം പ്ലികേറ്റഡ് പ്രസവകേസ്
.നേരത്തോടു നേരമെത്തിയിട്ടും കിടാവിന്റെ കാലുകൾ മാത്രമേ പുറത്ത് കാണാനുള്ളൂ
അവസാനം രണ്ടുകയ്യും കടത്തി കഴുത്തിൽ ചുറ്റികിടക്കുന്ന കൊടുവള്ളി മാറ്റി പുറത്തെ
ടുക്കുകയായിരുന്നു.ഭാഗ്യം തള്ളയും പിള്ളയും തികച്ചും സുരക്ഷിതർ
..തിരിച്ചു പോരുംവഴി മറ്റൊരു കെയ്സും അറ്റൻഡ് ചെയ്യേണ്ടിവന്നു.
പഴയരോഗിയാണ്.ഒരു ഹെഡ് ഇൻ ജ്വറി കേസ്. ഒരു മാസം മുൻപ് ചമ്പതെങ്ങിനു
ചുവട്ടിൽ നിൽക്കുമ്പോൾ തലയിൽ നാളികേരം വീണതാണ്.അന്നു തൊട്ടിന്നേവരെ
ഒരു കിടപ്പ് .വല്ലതും വായ്പൊളിച്ചു കൊടുത്താൽ കഴിച്ച് അതെല്ലാം അപ്പിയും
മൂത്രവുമാക്കുമെന്നല്ലാതെ ജീവിച്ചിരിക്കുന്നതിനു യാതൊരു തെളിവുമില്ല. ഇപ്പോഴവരുടെ
ആവശ്യം ഒരു സുഖമരണമാണ്.ഒരു ദയാവധം.യൂതനേഷ്യ...
തികച്ചും ന്യായമായ ആവശ്യം. ജീവൻ രക്ഷിക്കുകമാത്രമല്ല ചിലപ്പോൾ ജീവനെ നല്ല
രീതിയിൽ യാത്രയാക്കുന്നതും വൈദ്യ ധർമ്മത്തിൽ പെടുന്നു. ഒരല്പം വെള്ളം .ഒരു പിടി
മഗ്നീഷ്യം സൾഫേറ്റ്.ഒരു ഇരു പത് സിസി സിറിഞ്ച്. സുഖമരണത്തിനുള്ള സാമഗ്രികൾ
റെഡിയായി.കാഴ്ചകാണാൻ വീട്ടുകാരേ കൂടാതെ അയൽക്കാരും എത്തിയിട്ടുണ്ട്.
മഗനീഷ്യം സൾഫേറ്റ് ഇളം ചൂടുവെള്ളത്തിൽ കലക്കി. പിന്നെയതു മുഴുവനും സിറിഞ്ചിലാക്കി
കഴുത്തിൽ തടിച്ചുകിടക്കുന്ന സിരയിലേക്ക് ഇഞ്ചക്റ്റ് ചെയ്യുമ്പോൾ രോഗിയൊന്നു പിടഞ്ഞുവോ?
പക്ഷെ കണ്ണുകളിൽ വല്ലാത്ത ഒരു തിളക്കം അല്പനേരത്തെക്ക് പ്രത്യക്ഷപെട്ടു.നന്ദിയുടെ ബഹിർ
സ്ഫുരണം ..!! അല്പ സമയത്തിനുള്ളിൽ എല്ലാം ശാന്തമായി.വീട്ടുകാർ നീട്ടിയ ഫീസ് ഞാൻ
വാങ്ങിയില്ല .ഇത്തരം ദയാവധങ്ങൾക്ക് ഒരിക്കലും ഞാൻ ഫീസ് വാങ്ങാറില്ല.
അങ്ങനെ,ആ‍ശുപത്രിയിലായാലും ഹൌസ് കോൾ ആയാലും നൂറുകൂട്ടം കം പ്ലയിന്റുകളു
മായാണ് ആളുകൾ വരിക..പക്ഷെ വിരോധാഭാസമെന്തെന്നാൽ രോഗികൾ ഒരിക്കലും
സ്വയം പരാതി പറയാറില്ലെന്നതാണ്..കംപ്ലയിന്റ്സ് മുഴുവൻ ഉടമസ്ഥർക്കാണ്..
ബൈ ദ ബൈ I am doctor saththees ..a vet ...I mean a vetenary surgeon..
.. ടൌണിനോട് ചേർന്നുകിടക്കുന്ന മൃഗാശുപത്രിയിൽ
തന്നെയാണ് വർഷങ്ങളായി ജോലിചെയ്യുന്നത്..
എത്ര തിരക്കുണ്ടായാലും സാധാരണയായി ഞാൻ രണ്ട് മണിക്കുമുമ്പായി
ആശുപത്രിയിൽ നിന്നിറങ്ങാറുണ്ട്..ചിലപ്പോൾ അല്പം നേരത്തെയും
ഇറങ്ങാൻ ശ്രമിക്കും. പക്ഷെ നേരത്തെ ഇറങ്ങി എന്തെങ്കിലും അത്യാവശ്യമുള്ള
സമയങ്ങളിലാണ് ആശുപത്രിയിൽ തിരക്കുകൂടുക .അന്നു മിക്കവാറും വൈകും .അല്ലെങ്കിൽ നോക്കൂ
ഇന്ന് വീട്ടിൽ കുറച്ചു വിരുന്നുകാർ വരുന്നദിവസമാണ് .എനിക്ക് രണ്ട് മണിക്കെങ്കിലും വീട്ടിലെ
ത്തെണ്ടിയിരുന്നതാണ് .ഇതാ സമയം ഇപ്പോൾ മൂന്നുമണി കഴിഞ്ഞിരിക്കുന്നു
ഇതിനിടെ വീട്ടിൽ നിന്ന് രണ്ട് മൂന്നു തവണവിളിച്ചിരിക്കുന്നു. അവരെല്ലാം എത്തിയിരിക്കുന്നെന്ന്
ഓ,ഞാൻ പറഞ്ഞില്ലല്ലോ അല്ലേ. എന്റെ വിവാഹം അടുത്തെത്തിയിരിക്കുന്നു.ഒന്നു രണ്ട്
വർഷമായി കൊണ്ട് നടക്കുന്ന പ്രണയമാണ്.പെൺകുട്ടി ബി എസ്സി നഴ്സിംഗ് കഴിഞ്ഞ്
മെഡിക്കൽ കോളേജിൽ വർക്ക് ചെയ്യുന്നു. അവിടെ വച്ചു തന്നെയാണ് ഞങ്ങൾ ആദ്യമായി
പരിചയപെടുന്നതും.ഞാൻ ഇടത്തുകാലിൽ ഒരു കോമ്പൌണ്ട് ഫ്രാക്ചറായി(compound fracture)
കെ എച് ആർ വാർഡിൽഅഡ്മിറ്റായിരിക്കുന്നു.

സത്യത്തിൽ ഞങ്ങൾ അടുക്കുന്നതിനു മുൻപ് ഒന്നു ഉടക്കുകകയായിരുന്നു. ഒരിഞ്ചക്ഷനെ ചൊല്ലിയായി
രുന്നു തർക്കം. എളിക്കെടുക്കെണ്ട ഇഞ്ചക്ഷൻ കയ്യിലെടുത്താൽ മതിയെന്ന് പറഞ്ഞത് അവൾക്കിഷ്ട
പെട്ടില്ല. അത് തീരുമാനിക്കേണ്ടത് ഡോക്ടറും നഴ്സുമാരുമാണെന്നായി അവൾ.ഞാനും വിട്ടുകൊടുത്തില്ല
മൃഗങ്ങളെയാണ് ചികിത്സിക്കുന്നതെങ്കിലും ഞാനും ഒരു ഡോക്ടർ ആണല്ലോ...തർക്കത്തിൽ
അവൾ തോറ്റു,മൂന്നു ദിവസം അവൾ സ്വന്തം ഡ്യൂട്ടികൾ ഭംഗിയായി ചെയ്തുകൊണ്ടുതന്നെ
,എന്നോട് പിണങ്ങിനടന്നു.മൂന്നാം ദിവസം ഹോട്ട്സ്പഞ്ച് ബാത്തിനിടയിലാണ്
പിണക്കം അവസാനിച്ചതും പ്രണയം തുടങ്ങിയതും..ഇതാ അതിപ്പോൾ ഒരു വിരുന്നിലെത്തി നില്ക്കുകകയാണ്.
വിരുന്നു വെറും ഫോർമാലിറ്റി .വിവാഹം അടുത്തമാസാദ്യം ഏതെങ്കിലുമൊരുശുഭ മുഹൂർത്തത്തിൽ.
അവളൊട് പോലും പറയാത്ത ഒരു സർപ്രയിസ് ഞാനിപ്പോൾ നിങ്ങളുമായി പങ്കുവക്കുകകയാണ് .
മറ്റൊന്നുമല്ല .എന്റെ വിവാഹത്തിന് അഞ്ച് ഗജവീരന്മാരെ അണിനിരത്തും..അതിലൊന്ന് പാറമേക്കാവ്
ശിവരാജനായിരിക്കും..സത്യം പറയട്ടെ ഇതെന്റെ സുഹൃത്ത് താരകന്റെ ഐഡിയ ആണ്.ചെറുപ്പത്തിലെ
മുതൽ ചെണ്ടപുറത്ത് കോലു വക്കുന്നിടങ്ങളിലെല്ലാം ഒരു മിച്ച് പോയി ആനച്ചൂരും മണത്ത് പഞ്ചാരി മേളങ്ങൾക്ക്
തലയാട്ടി നിന്നിരുന്ന സുഹൃത്തുക്കളാണ് ഞങ്ങൾ..അതെല്ലാം മനസ്സിൽ കണ്ട് കൊണ്ട്
അല്പം മുൻപ് വരെ ഞാനെത്ര ആഹ്ലാദത്തിലായിരുന്നു. പക്ഷെ ആ അപകടത്തിനു ദൃക്‌സാക്ഷിയായതിനു
ശേഷം നിമിഷനേരം കൊണ്ട് ജീവിതത്തെകുറിച്ചുള്ള കാഴ്ചപാടുതന്നെ മാറിയിരിക്കുന്നു..എത്രക്ഷണിക
മാ‍ണെല്ലാം!!..മാത്രമല്ല ഞാൻ വല്ല്ലാത്തൊരു മാനസികാവസ്ഥയിലാണിപ്പോൾ ..ഒരു സ്ഥലകാല ഭ്രമം
പോലെ ..വഴികൾ തെറ്റുന്നു ..ഞാൻ ആരെന്നും ..എങ്ങോട്ടാണ് പോകുന്നതെന്നും ഇടക്കിടെ മറന്നു പോകുന്നു
അങ്ങനെ കുറെ നേരമായി പിന്നിട്ട വഴിയിലൂടെ വീണ്ടും വീണ്ടും ഞാൻ അലയുന്നു.ഇതിനിടെ ആക്സിഡന്റ്
നടന്ന സ്പോട്ടിലൂടെ ഞാൻ രണ്ട് തവണ കടന്നുപോയിരുന്നു.ബോഡി അവിടെനിന്നും നീക്കം ചെയ്യപെട്ടിരുന്നു
ആളുകളും ഗതാഗത കുരുക്കും ഒഴിഞ്ഞിരുന്നു. റോഡിൽ ചോരപാടുകൾ കറുത്തുകിടക്കുന്നുണ്ടെന്നതെഴിച്ചാൽ
അവിടെ അല്പം മുൻപ് ഒരാക്സിഡന്റ് നടന്ന ഒരു ലക്ഷണവുമില്ല..ജീവിതം പഴയപടി.തലങ്ങും വിലങ്ങും
തിരക്കിട്ട് പായുന്ന വാഹനങ്ങൾ..കാൽ നടക്കാർ. കച്ചവടം പൊടി പൊടിക്കുന്ന ഷോപ്പുകൾ...ഷോപ്പിംഗ്
കോം പ്ലക്സുകൾ...ഇതിലൊന്ന് ഞങ്ങളുടെ വകയാണ് .അഛനും ചെറിയഛനും ഉടമസ്ഥരായ
കരിമ്പിൻ കണ്ടത്തിൽ കോം പ്ലക്സ്...
പക്ഷെ ,അവിടെ ഇപ്പോൾ കടകളെല്ലാം അടഞ്ഞുകിടക്കുകയാണ് .എൻ ട്രസ് ഹാളിനുമുകളിൽ ഒരു കറുത്ത
കൊടി തൂങ്ങുന്നു ..ആരാണ് മരിച്ച ത്..അവിടത്തെ ഏതെങ്കിലും ജീവനക്കാരനോ ..അതോ.. ഓർത്തപ്പോൾ
എനിക്ക് വല്ലാത്ത അങ്കലാപ്പുതോന്നി..അഛൻ ബൈ പാസ് ഓപ്പറെഷൻ കഴിഞ്ഞിരിക്കുന്ന ഒരു ഹാർട്ട്
പേഷ്യന്റാണ്..എത്രയും പെട്ടെന്ന് വീട്ടിലെത്തണം..പക്ഷെ എത്രയോകാലം ഞാൻ ചുറ്റി നടന്ന ഈവഴികൾ
ഇപ്പോൾ എന്നെ ഒരു കെണിയിലെന്നപോലെ കുടുക്കിയിരിക്കുന്നു.ഞാൻ വീണ്ടും വീണ്ടും എത്തിപെടുന്നത്
ഈ സ്പോട്ടിൽ തന്നെ ..സന്ധ്യയായതോടെ ,വീട്ടിൽ തിരിച്ചെത്താമെന്ന
എന്റെ പ്രതീക്ഷയെല്ലാം അസ്തമിച്ചിരുന്നു.മാത്രമല്ല എന്താണ് സംഭവിച്ചിരിക്കുന്നതെന്നും എനിക്കു മനസ്സിലായി
കഴിഞ്ഞു.ഇപ്പോൾ വിസയുടെ കാലാവധി തീർന്നൊരാൾ അറബി പോലീസിനു മുന്നിൽ ചെന്നു
പെട്ടതുപോലെ ഒരു പരിഭ്രമം എന്നെ പിടികൂടിയിരിക്കുകയാണ്.അതെ ഇനിയിവിടെ അധികം സമയമില്ല..
അതിനു മുൻപ് ചിലകാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട്. എന്റെ അനുഭവങ്ങൾ എവിടെയെങ്കിലും ഒന്നെഴുതി
വക്കണം. അടുത്തുള്ള ഇന്റർ നെറ്റ് കഫെ കണ്ടപ്പോഴാണ് ഒരു ആശയം എനിക്ക് തോന്നിയത്..അതെ
ഇതൊക്കെ എഴുതി ഒന്നു പോസ്റ്റുക..എന്റെ സുഹൃത്ത് ,താരകൻ ബ്ലോഗിൽ ഒരു പോസ്റ്റ് ഇടുന്ന വിദ്യയൊക്കെ
നേരത്തെ എനിക്ക് പറഞ്ഞുതന്നിട്ടുണ്ട് ..അവന്റെ ത്രിസന്ധ്യ എന്ന ബ്ലോഗ് ഞാൻ ഇടക്ക് വായിക്കാറുമുണ്ട്.
അതിന്റെ പാസ് വേഡും എനിക്കറിയാം. അങ്ങനെയാണ് ത്രിസന്ധ്യനേരത്ത് ഞാൻ എന്റെ അനുഭവം
എഴുതിതുടങ്ങുന്നത്. ഇപ്പോൾ സമയം പാതിരയായിരിക്കുന്നു .ഉടമസ്ഥനാണെങ്കിൽ യാതൊരു
ധൃതി യുമില്ല .ഞാൻ ഒരു ക്ഷമാപണത്തോടെ നോക്കുമ്പോഴെല്ലാം അയ്യാൾ ടേക്ക് യുവർ ടൈം എന്ന
അർഥത്തിൽ ചിരിക്കുന്നു...അങ്ങനെ ഇതാ ഈ പോസ്റ്റ് ഞാൻ പബ്ലിഷ് ചെയ്യുകയാണ്.പോസ്റ്റ് ചെയ്യും
മുൻപാ‍ണ് ഞാൻ ഒരു കാര്യം ശ്രദ്ധിക്കുന്നത്..ഞാൻ എഴുതിയ അക്ഷരങ്ങൾക്ക് ചുറ്റും ഒരു പരിവേഷം.
അതെ, ഞാൻ ഈ എഴുതിയിരിക്കുന്നത് താരകനെന്നല്ല ജീവിച്ചിരിക്കുന്ന ഒരാൾ പോലും വായിക്കാൻ പോകുന്നില്ല..
പക്ഷെ അതുപോലെ എനിക്കുറപ്പുള്ള മറ്റൊരു കാര്യമാണ് ഈ ബ്ലൊഗും ബ്ലോഗിംഗുമൊന്നും ജീവിച്ചിരിക്കുന്നവർ
ക്കിടയിൽ മാത്രമല്ല ഉള്ളത്..അതുകൊണ്ട് ഞാനീ എഴുതുന്നതൊന്നും വായിക്കപെടാതെ പോകില്ലെന്ന് തീർച്ച.
ഇനി സത്യം പറയൂ !!നിങ്ങൾ ഇവിടം വരെ വായിച്ചുവോ? എങ്കിൽ...........................................................

18 comments:

nimishangal said...

OOOHHHHHHHHH.......
DON'T WORRY!..
athente deerkha niswaasam aayirunnu... serikkum anubhavippichu kalanju.. well done.. aa shping complexile karuttha kodi kandanerma serikkum enikku nenjil swaasam vilangi..

hshshshs said...

കഥയെഴുതുന്നെങ്കിൽ ഇങ്ങനെ എഴുതണമെടാ പിള്ളാരേ..
യെന്താ ഒരു ‘തിരിവളവൻ’ ഗതി..!!
ഓരോ വളവിലും തിരിവിലും ഉദ്വേഗങ്ങൾ ‘ഹോൺ’ അടിച്ചു മുട്ടാതെ തെന്നിപ്പോവുന്നു..
കരിമ്പിങ്കണ്ടത്ത് ഷോപ്പിംഗ് കോമ്പ്ലക്സിന്റെ മുന്നിലെത്തിയപ്പോൾ ‘ഉന്നം’ തെറ്റിയില്ല !!
‘കഥ’യുടെ ആക്സിഡെന്റൽ ക്രാഷ് ലാൻഡിംഗ് സൂപ്പർ !!
അവസാന വാചകം ഒഴിവാക്കിയിരുന്നെങ്കിലും കഥ യുടെ ഭംഗി കുറയില്ലായിരുന്നെന്നാണ് എനിക്കു തോന്നിയത്..

VEERU said...

കഥ നന്നായിട്ടാ..!
ഒട്ടും പ്രതീക്ഷിക്കാത്ത സംഭവപരമ്പരകളുടെ മനോഹരമായ സംയോജനം !!
“നേരത്തോടു നേരമെത്തിയിട്ടും കിടാവിന്റെ കാലുകൾ മാത്രമേ പുറത്ത് കാണാനുള്ളൂ” എറണാംകുളത്തിനു തെക്കോട്ടുള്ളവർക്ക് ‘വെറ്റിനറി സർജന്റെ സസ്പെൻസ്’ ഇവിടെ പൊളിയും ട്ടാ..കാരണം അവിടെ ‘കിടാവ്’ എന്നു പശുക്കുട്ടിയെ മാത്രമേ പറയൂ..പുതുമയുള്ള ഇത്തരം കഥകൾ താരകന്റെ സുഹൃത്തിൽ നിന്നും പ്രതീക്ഷിക്കുന്നു..പരേതൻ പാസ് വേഡ് മറക്കാതിരുന്നാൽ മതിയായിരുന്നു !!

khader patteppadam said...

കഥയാണല്ലെ...?

OAB/ഒഎബി said...

ഞാന്‍ അവസാനം വരെ വായിച്ചു. സത്യം!
ഇല്ലെങ്കില്‍ ഇതാ ഇങ്ങോട്ട് നോക്കൂ... എന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കൂ. നിങ്ങളാവുമ്പോള്‍ മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്ടാവില്ലല്ലോ?
എന്റെ പാസ് വേര്‍ഡ് ഞാന്‍ മറന്ന് പോയിരിക്കുന്നുവല്ലൊ!!!

കണ്ണനുണ്ണി said...

കഥയാണോ യാധാര്ത്യമാണോ എന്ന് കുറെ നേരം ആലോചിച്ചു നിന്നു

Typist | എഴുത്തുകാരി said...

മുഴുവനും വായിച്ചു. കഥ തന്നെയാണല്ലേ?

ശ്രീ said...

കഥ തന്നെ ആണെന്ന് സമാധാനിയ്ക്കുന്നു

ഭായി said...

അപ്പോള്‍ പരലോകത്ത് പോകുംബോഴും ലാപ്ടോപ്പുമായിട്ടൊക്കെ പോകണമല്ലേ..:-)

കഥ കൊള്ളാം!

ഇ.എ.സജിം തട്ടത്തുമല said...

ഇങ്ങനെ ഒരാൾ ഇവിടെ വന്നുപോയി!

ഈ പോസ്റ്റു വായിച്ചു. സന്തോഷമായി. ഇനിയും ഇടയ്ക്ക് വരാം; അല്ല വരും!

ഷൈജു കോട്ടാത്തല said...

താരക
ബലേ ഭേഷ്!!
കഥയും കവിതയുമായി ഇല്ലാത്ത ഗര്‍ഭം നടിയ്ക്കുന്ന ചില മച്ചിപശുക്കള്‍ ഇവിടെ വന്നു വായിക്കട്ടെ
എങ്ങനെ പറയണമെന്നും പറയുന്നത് എങ്ങനെ മറ്റുള്ളവര്‍ക്ക് മനസ്സിലവണമെന്നും.
(ക്ഷമിയ്ക്കണം ഞാന്‍ അല്പം നിയന്ത്രണം വിട്ടുപോയി !!!)

nalini said...

ഞാനീ കഥ നാലു പ്രാവശ്യം വായിച്ചു..
ആദ്യം എല്ലാ ബ്ലോഗർമാരെയും പോലെ വെറുതെ തുടക്കവും അവസാനവും മാത്രം..!!
പിന്നെ ചെറിയ അപാകത മണത്തപ്പോൾ , ഇല്ലാത്ത നേരം കയ്യിൽ പിടിച്ച്, ഒന്നു ഓടിച്ചു വായിച്ചു..
കൌതുകവും കൺഫ്യൂഷനും തോന്നിയപ്പോൾ ഒന്നു ശരിക്കും ഇരുത്തി വായിച്ചു..ഇഷ്ടം തോന്നിയപ്പോൾ അന്നാസ്വദിച്ചു വായിച്ചു..
കഥ കൊള്ളാം കേട്ടോ..ഉദ്വേഗങ്ങൾ ഇടമുറിയാതെ ഒഴുകുന്ന രചനാശൈലി നന്നായിട്ടുണ്ട് ..
ഇനിയും എഴുതുക ..
എല്ലാ വിധ ഭാവുകങ്ങളും !!

ഗീത said...

സത്യം പറയാം. ആദ്യത്തെ അഞ്ചാറു വരിയേ വായിച്ചുള്ളൂ. പിന്നെ വായിക്കാന്‍ കഴിഞ്ഞില്ല. ഒരിക്കലും കാണാനിടവരരുതേ എന്നു പ്രാര്ത്ഥിക്കുന്ന ഒരു ദൃശ്യം വരച്ചു വച്ചേയ്ക്കുകയല്ലേ? ഇനി ഇങ്ങനെ വേണ്ടാട്ടൊ.

താരകൻ said...

ഗീതേ ,ഇങ്ങനെ തൊട്ടാവാടിയാവരുതേ നമ്മൾ കണ്ണുകളടച്ചുപിടിച്ചിട്ട്
കാര്യമൊന്നുമില്ല.കാഴ്ചകൾ അവിടെ തന്നെ കാണും...
നളിനീ,നന്ദീ ..നല്ലവാക്കുകൾക്കു മാത്രമല്ല നാലു തവണവായിച്ചതിനും..

-‘ഇല്ലാത്ത ഗർഭം നടിക്കുന്ന മച്ചിപശുക്കൾ..” ഷൈജൂ കൊള്ളാമെടാ
കമന്റും നീ കവിതയാക്കി...
സജീം ..വായിച്ചു ദു:ഖിക്കുമെന്നാണ് ഞാൻ കരുതിയത്.
സാരമില്ല സന്തോഷിക്കുകയെങ്കിലും ചെയ്തല്ലോ..
ഭായ്,ഓയെബീ കൊള്ളാം...
ഖാദർ ,ടൈപിസ്റ്റ് ചേച്ചി,ശ്രീ... കമന്റ്സിനു നന്ദി,ഇനി സമയം
കിട്ടുമ്പോൾ ഒന്നു വായിക്കുകയും വേണേ.......
നിമിഷങ്ങൾ,വീരു ,എച്ച് എസ് ഫോർ, താങ്ക്സ്.
അവസാനം ‘ഇതു വരെ നിങ്ങൾ വായിച്ചുവോ? എങ്കിൽ..............”
എങ്കിൽ ഒരു കമന്റിടൂ...എന്നെഴുതാനാണ് ഉദ്ദേശിച്ചത്. പക്ഷെ
പൂരിപ്പിക്കാതെ വിടുകയാണെങ്കിൽ ഉണ്ടാവുന്ന സാധ്യതകളാണ് കൂടുതൽ
നല്ലെതെന്നു തോന്നി. സ്വാഭാവികമായും വായനക്കാരൻ പൂരിപ്പിക്കുക
ഇങ്ങനെയായിരിക്കും..“എങ്കിൽ,ഒന്നുകിൽ ഞാൻ ജീവിച്ചിരിപ്പുണ്ട്,അല്ലെങ്കിൽ
നിങ്ങൾ മരിച്ചു കഴിഞ്ഞു..” എന്തായാലും നിങ്ങളെല്ലാം ഇതെല്ലാം വായിച്ച നിലക്ക്
എന്റെ സുഹൃത്ത് ഡോക്ടർ സതീശ് മരിച്ചിട്ടില്ലെന്നും, ഒരു ആക്സിഡന്റിനു ദൃക്‌സാക്ഷിയാകെണ്ടി
വന്ന അയ്യാൾ ആ ഹതഭാഗ്യന്റെ സ്ഥാനത്ത് സ്വയം പ്രതിഷ്ഠിച്ചുകൊണ്ട് ഒരു താത്കാലിക
മായ മാനസികവിഭ്രമത്തിനു അടിമപെടുകയായിരുന്നെന്നും വിചാരിക്കാം..an extreme degree of
empathy. ..അപ്പോഴും മറിച്ചൊരു സാധ്യതയും ശേഷിക്കുന്നുണ്ട്..

Midhin Mohan said...

'എങ്കില്‍...................... '
നല്ല ഒഴുക്കുണ്ടായിരുന്നു താരകാ.....
ഇങ്ങനെ തന്നെയായിരിക്കണം കഥ. ആശംസകള്‍....

Anya said...

I can read it but it looks so funny curly :)))))

Patchikutty said...

ATHE SERIYAL PIDIKKAN VALLA UDHESHAVUM UNDO....ENIKKU THONNUNNU AA FIELDIL NANNAYI SHOBIKKUMM ENNU. KADHAYUDE THIRIVUM VALAVUM OKKE KOLLAM. MRUGA DOC ENNA SUSPENSE ETHIRIM KOODI SOOKSHICHU KAIKARYAM CHEYTHIRUNNENKIL MANOHARAMAYENE,
:-)

ചിതല്‍/chithal said...

ഇതിന്റെ തുടക്കത്തില്‍ പറഞ്ഞിട്ടുള്ളപോലെ ഒരു അപകടം ഞാന്‍ നേരിട്ടു കണ്ടിട്ടുണ്ട്‌. ബൈക്കിനു പകരം ചെറുപ്പക്കാരന്‍ ഓടിച്ചിരുന്നത്‌ ഒരു ട്രാക്ടര്‍ ആണെന്ന വ്യത്യാസം മാത്രം. ആ കാഴ്ച മറക്കാന്‍ പറ്റുന്നതല്ല.
കഥ നന്നായിട്ടുണ്ട്‌. എവിടെ തുടങ്ങി എവിടേക്കു പോകുന്നു എന്നിടക്കുവെച്ച്‌ ഒരു സംശയം തോന്നിയിരുന്നു. പക്ഷെ പുതുമയുള്ള അവതരണരീതി. ഇനിയും എഴുതുമല്ലോ? എല്ലാ ഭാവുകങ്ങളും നേരുന്നു.