Monday, March 15, 2010

കഥയുടെ അനുബന്ധം......



(“മൽക്കുൽ മൌത്ത് “ എന്ന കഥയുടെ പ്രചോദന പാശ്ചാത്തലമായെഴുതിയ
ചിലകാര്യങ്ങളാണ് ഇത്.അനുബന്ധം അതീദീർഘമായെന്നു തോന്നിയ
തിനാൽ മറ്റൊരു പോസ്റ്റാക്കിയെന്നുമാത്രം)
ബാല്യകാലത്തിൽ നിന്നുള്ള ഒരു സന്ധ്യ എന്റെ ഓർമ്മയിൽ വീണ്ടും
തുടുക്കുന്നു.ബദർ യുദ്ധം കഴിഞ്ഞതു പോലെ രക്താഭമായ അസ്തമയത്തിനു
ശേഷം റംസാൻ രാവിന്റെ നീലിമപടരാൻ തുടങ്ങിയിരിക്കുന്ന ഒരു സന്ധ്യ...
പടിഞ്ഞാറൻ മാനത്ത്
യുദ്ധം കഴിഞ്ഞുള്ള സമാധാനത്തിന്റെ , മുനിഞ്ഞു കത്തുന്നഒരു അമ്പിളി നാളംമാത്രം
. മഗരിബ് നമസ്കാരത്തിനുശേഷം ഉമ്മൂമ
പടിഞ്ഞാറെ ഇറയത്ത് പുല്പായ വിരിച്ചു..
അറബി കഥകളിലെ പറക്കും പരവതാനി പോലെ ചിത്രപണികളുള്ള
ഒരു പേർഷ്യൻ പുല്പായ..അതിനു ശേഷം പാനീസു വിളക്കിന്റെ
വെളിച്ചത്തിലിരുന്ന് മുറുക്കുവാനുള്ള വട്ടം കൂട്ടി .ഓടുകൊണ്ടുണ്ടാക്കിയ
ഒരു കൊച്ചു സ്വർണ്ണ ഉരലിൽ നീറ്റടക്കയും വാസനപുകയിലും
ചേർത്തിടിക്കുന്ന ഠിം ഠിം ശബ്ദം എത്രയോ വർഷങ്ങൾക്കപ്പുറത്ത് നിന്ന്
ഇപ്പോഴും എന്റെ കാതിൽ മുഴങ്ങുന്നു. കൂടെ ഈണത്തിലുള്ള
പാട്ടുമുണ്ട്
“കാഫ് മലകണ്ട പൂങ്കാറ്റെ
കാണിക്ക നീകൊണ്ട് തന്നാട്ടെ
കാരക്ക പൂ‍ക്കുന്ന നാടിന്റെ
കിസ്സകളൊന്നു പറഞ്ഞാട്ടെ”
“മുത്തുമ്മാ ഇനി ജമീലയുടെ പാട്ട്...”എന്റെ സതീർഥ്യനായ ജലീൽ പറയുന്നു..
“അരയ്ക്കണ വയ്ക്കണ ജമീല
എന്താണ്ടി മോളെ കവുത്തീല്?”
“ഉപ്പാനോടുമ്മ പറയരുതേ..,ഇത്
ജബ്ബാറു കെട്ടിയ പൂത്താലി..
അള്ളാണെയുമ്മ പറയരുതെ..”
അപ്പോഴേക്കും ,ഗൃഹനാഥയായ ബിവിയുമ്മ എല്ലാവരെയും നോമ്പിറക്കലിന്
ക്ഷണിക്കുന്നു.. നെയ്പത്തിരി,വലിയ സാണുകളിൽ കൂമ്പാരം കൂട്ടിയിട്ടിരിക്കുന്ന
ബിരിയാണി,കോഴിക്കറി ,തണ്ണിമത്തൻ,കദളിപഴം,പൈനാപ്പീൾ, കാരക്ക...
മൃഷ്ടാന്നഭോജനത്തിനു ശേഷം വീണ്ടും പടിഞ്ഞാറ്റയിൽ ഒത്തുകൂടൽ..
രാവേറെ ചെല്ലുന്നതു വരെ കഥകൾ ,ജിന്നുകളുടെ,മലക്കുകളുടെ.......
* * * *
. മലക്കുകളെല്ലാം
ദൈവസന്നിധിയിലെ മാലാഖമാരാണെന്നതാണ് സങ്കല്പം.പലർക്കും
പല ജോലിയാണ്. മരണത്തിന്റെമാലാഖമാരാണ് മൽക്കുൽ മൌത്തും
‘അസ്രായീൽ ‘എന്ന മലക്കും...മരിച്ചവന്റെഖബറിൽ ചെന്ന് പടച്ചവന്റെ
ശിക്ഷാ നടപടികൾ നടപ്പാക്കുന്ന മലക്കുകളാണ് ‘മുൻ കർ’ ,‘നക്കീർ‘
തുടങ്ങിയവരൊക്കെ......
“ ഒരിടത്തൊരിടത്ത് ഒരു ധനികനുണ്ടായിരുന്നു....” ഉമ്മൂമ കഥ പറയുകയാണ്..
- അറുത്തകയ്യിന് ഉപ്പു തേക്കാത്ത ഒരു കംജൂസ്..അറുപിശക്കൻ
പാവങ്ങൾക്ക് അറിഞ്ഞ് ദാനം ചെയ്യാത്തവൻ ,പുണ്യറംസാനായാൽ സക്കാത്തുനട
ത്താത്തവൻ. ഒരിക്കൽ അവന്റെ മുറ്റത്ത് ഒരു നേരത്തെ ഭക്ഷണം ചോദിച്ചു കൊണ്ട്
ഒരു യാചകനെത്തി..അവൻ യാചകനെ ആട്ടിയോടിച്ചു . പക്ഷെ ധനികന്റെ
ഭാര്യ നല്ല സ്ത്രീയായിരുന്നു.അവർ യാചകനെ വീടിന്റെ പുറകിലേക്ക് വിളിച്ച്
രണ്ട് പത്തിരികൾ നൽകി....
കാലം കഴിഞ്ഞപ്പോൾ ധനികൻ മൌത്തായി..എന്നുവച്ചാൽ മരിച്ചു.
ആചാരപ്രകാരം അദ്ദേഹത്തെ പള്ളി പറമ്പിൽ കബറടക്കി.രാവേറെ ചെന്നപ്പോൾ
പാവങ്ങളെ സഹായിക്കാത്ത ധനികനുള്ള ശിക്ഷനടപ്പിലാക്കുവാൻ പടച്ചവന്റെ
സന്നിധിയിൽ നിന്ന്,കബറിനുള്ളീൽ മലക്കുകൾ എത്തി.വലിയ ഉരുളൻ വടി
കൊണ്ട് നൂറടിയായിരുന്നു അവനുള്ള ശിക്ഷ..മലക്കുകൾ അടിക്കാൻ തുടങ്ങിയതും
ആ അടിതടുക്കാൻ രണ്ടു പത്തിരികൾ കബറിനുള്ളിൽ പ്രത്യക്ഷപെട്ടു..
മലക്കുകളുടെ ഓരോ അടിയും ആ പത്തിരി പരിചകൾ തടുത്തു...അവനറിയാതെ
യാണെങ്കിലും ജീവിച്ചിരിക്കുമ്പോൾ അവൻ ദാനം ചെയ്ത പത്തിരികൾ...
“ മലക്കിനെ കണ്ടാൽ എങ്ങനെയിരിക്കും ? “ ഞാൻ ചോദിച്ചു..
“ നമ്മുടെ മുസ്ലിയാരില്ലെ വെളുത്ത താടീം,വെള്ളാരം കണ്ണും, താലേകെട്ടുമൊക്കെയുള്ള
അബ്ദുള്ളമുസ്ലിയാര്..അങ്ങേരെ പോലെയിരിക്കും..” ഉമ്മൂമ പറഞ്ഞു.
" കഴിഞ്ഞ വെള്ളിയാഴ്ച അദ്രമാന്റെ വീട്ടിൽ കത്തികുത്ത് റാത്തീബിന് വന്ന
മുസ്ലിയാരാ....!!”
“അദന്നെ...അങ്ങേരന്നെ....”
പിന്നീ‍ടൊരിക്കൽ പള്ളി പറമ്പിനോട് ചേർന്നുള്ള ഇടവഴി കൂടി ഞാൻ
സ്കൂളിൽ നിന്ന് തനിച്ച് മടങ്ങുകയായിരുന്നു. ഒരുവളവു തിരിഞ്ഞപ്പോൾ ഞാൻ
പെട്ടെന്ന് അബ്ദുള്ള മുസ്ലിയാരുടെ മുന്നിൽ ചെന്നു പെട്ടു...
ശുഭ്രവസ്ത്രങ്ങൾ ധരിച്ച് മെതിയടിപുറത്ത് നില്ക്കുന്ന ആജാനുബാഹുവായ മുസ്ലിയാരെ കണ്ടപ്പോൾ
ഞാൻ പേടി കൊണ്ട് മുട്ടിടിച്ചു നിന്നു പോയി. തന്നെ പ്രേതത്തെകണ്ടതു പോലെ
പകച്ചു നോക്കുന്ന കൊച്ചു പയ്യനെ കണ്ട് പ്പോൾ അദ്ദേഹവും എന്നെ സൂക്ഷിച്ചുകൊണ്ട്
നിശ്ചലനായി നിന്നു. അടുത്ത നിമിഷം നിന്നനില്പിൽ ഞാൻ നിക്കറിലൂ‍ടെ ശർ ശറേന്ന് പാത്തി....
പിന്നെ പുസ്തകവും സ്ലേറ്റുമൊക്കെ പൊന്തക്കാട്ടിലേക്ക് വലിച്ചെറിഞ്ഞ്
വലിയ വായിൽ കരഞ്ഞു കൊണ്ട് തിരിഞ്ഞോടി.
.” ഇന്നെ പിടിക്കാൻ മലക്കു വരുന്നേ....‘
നാട്ടാരെ രക്ഷിക്ക്വോ......................”“
നാട്ടിടവഴികൾ ഒരു നാലാം ക്ലാസ്സുകാരന്റെ നിലവിളി കേട്ട് വിറങ്ങലിച്ചു നിന്നു.......
* * * .

Thursday, March 11, 2010

മൽക്കുൽ മൌത്ത്..........



.
ഡോക്ടർ ഫൈസൽ മുഹമ്മദ് രാവിലെ തന്നെ ക്വാർട്ടെഴ്സ് പൂട്ടി ദൂരെ യുള്ള
തന്റെ വീട്ടിലേക്ക് പുറപെട്ടു .ഞായാറാഴ്ചയായതിനാൽ ഇന്ന് കൺസൾട്ടെഷനില്ല.
എല്ലാദിവസങ്ങളും രോഗികൾക്ക് വേണ്ടി മാറ്റി വച്ചിരിക്കുന്ന അദ്ദേഹം
ഈയൊരു ദിവസം നീക്കിവച്ചിരിക്കുന്നത് തന്റെ ബന്ധുക്കൾക്ക് വേണ്ടിയാണ്.ബാപ്പയും
ഉമ്മയും കല്ല്യാണം കഴിഞ്ഞ ഒരു സഹോദരിയും അവരുടെ ഇരട്ടകുട്ടികളായ ഷമീലും
ഷക്കീലും ഇത്രയും മായാൽ അദ്ദേഹത്തിന്റെ അടുത്ത ബന്ധുക്കളുടെ ലിസ്റ്റ് പൂർണ്ണമായി.
അളിയൻ അമീര്‍ അലി ഗൾഫിലാണ് .... അതുകൊണ്ട് സഹോദരിയും കുട്ടികളും
ഡോക്ടറുടെ വീട്ടിൽ തന്നെയാണ്.അവധി ദിവസങ്ങളിൽ എല്ലാവരെയും കൂട്ടി ഓമ്നി വാനിൽ
ബീച്ചിലും പാർക്കിലുമൊക്കെ പോവുക ഏതെങ്കിലും കാണാൻ കൊള്ളാവുന്ന സിനിമകൾ
കാണുക..ഷോപ്പിംഗ് ..റെസ്റ്റോറന്റ് ഭക്ഷണം ഇതൊക്കെയാ‍ണ് പതിവ് ..
എത്രയൊക്കെ തിരക്കുണ്ടെങ്കിലും അദ്ദേഹം ഈ ഞായാറാഴ്ചകൾ മിസ് ചെയ്യാതിരിക്കാൻ
ശ്രദ്ധിക്കാറുണ്ട്. ഇന്ന് പതിവിലും നേരത്തെ പുറപെട്ടത് അതുകൊണ്ടാണ്..
അദ്ദേഹം കാറിലെ സ്റ്റീരിയോ ഓൺ ചെയ്തു .....
“ദർദ് സെ മെരാ ദാമൻ ഭർ ദെ യാ അല്ലാഹ്
വർനാ‍ ദീവാനാ കർ ദെ യാ അല്ലാഹ്....”
നേർത്ത വിഷാദമുള്ള ഗസലിന്റെ വീചികൾ കാറിനുള്ളിൽ ഒഴുകി നടന്നു..
പെട്ടെന്നാണ് അദ്ദേഹം അതോർത്തത്...”ബാപ്പാക്ക് വേണ്ടി താൻ വാങ്ങിയ
‘പ്രവാചകന്റെ സൂക്തങ്ങൾ“ റൂമിൽ വെച്ച് മറന്നിരിക്കുന്നു..!!
അധികംദൂരം പിന്നിട്ടിട്ടില്ലാതിരുന്നതുകൊണ്ട് അദ്ദേഹം കാർ തിരിച്ചു.
ക്വാർട്ടെഴ്സിലെത്തിയപ്പോഴാണ് താൻ ഗേറ്റ് പൂട്ടാനും മറന്നുപോയ കാര്യം
അദ്ദേഹം ശ്രദ്ധിക്കുന്നത്.അതുകൊണ്ടാവാം “ ഞായാറാഴ്ച അവധി “ എന്ന
ബോർഡ് വച്ചിട്ടും ഡോക്ടറെ പ്രതീക്ഷിച്ച് ഒന്നു രണ്ടപേർ വരാന്തയിലിരിക്കുന്നുണ്ട്.
ഒരു സ്ത്രീയും കുട്ടിയും പിന്നെ അല്പം മാറി ഒരു വൃദ്ധനും..ഒരു പക്ഷെ സ്ത്രീയുടെ പിതാവാകാം..
കാറിന്റെ ഡോർ തുറന്നു പുറത്തിറങ്ങിയപ്പോൾ സ്ത്രീയും കുട്ടിയും ബഹുമാനത്തോടെ
എഴുന്നേറ്റു നിന്നു..പക്ഷെ വൃദ്ധൻ അദ്ദേഹത്തെ ശ്രദ്ധിക്കാതെ ദൂരെയെങ്ങൊ മിഴികൾ
നട്ടിരിപ്പാണ് . നരച്ചതാടിയും വെളുത്ത തലയിൽ കെട്ടും കണ്ണുകളിലെ ശാന്തതയും
അദ്ദേഹത്തിന് ഒരു മതപണ്ഡിതന്റെ ഭാവം നൽകുന്നുണ്ട്...
വൃദ്ധൻ തന്നെ ഗൌനിച്ചില്ലെന്കിലും ഡോക്ടർ ക്ക് അല്പം പോലും
നീരസം അയ്യാളുടെ നേരെ തോന്നിയില്ല... അയ്യളോടെന്നല്ല,തന്നോടിടപെടുന്ന ഒരു മനു
ഷ്യനൊടും അദ്ദേഹത്തിന് നീരസം തോന്നാറില്ല ,മാത്രമല്ല അപാരമായ കനിവാണ് താനും.
.ഈയൊരു ഗുണമാണ്
മറ്റു ഭിഷഗ്വരന്മാരിൽ നിന്ന് ഡോക്ടർ ഫൈസൽ മുഹമ്മദിനെ വ്യത്യസ്തനാക്കുന്നത്..
അതുകൊണ്ടെന്താ,നാട്ടിലെ ജനങ്ങൾക്ക് അദ്ദേഹം കഴിഞ്ഞെ ഒരു ഡോക്ടറുള്ളൂ....
മനുഷ്യർ മാത്രമല്ല ചിലപ്പോൾ മൃഗങ്ങളും അദ്ദേഹത്തിന്റെ ചികിത്സ തേടി എത്താറുണ്ട്.
ഒരിക്കൽ കൺസൾട്ടേഷൻ കഴിഞ്ഞ് മുറി പൂട്ടി ഇറങ്ങാൻ തുടങ്ങുമ്പോൾ അദ്ദേഹത്തിന്റെ
വീട്ട് മുറ്റത്ത് കാലൊടിഞ്ഞ ഒരു നായ നൊണ്ടി കൊണ്ട് വന്നതും അദ്ദേഹം അതിനെ
അസുഖം മാറുന്നതു വരെ വീട്ടിലെ കാർഷെഡിൽ തന്നെ കിടത്തിചികിത്സിച്ചതുമൊക്കെ
നാട്ടിൽ പാട്ടാണ്.....
ഡോക്ടർ,അവരോട് ഒഴിവു കഴിവുകളൊന്നും പറയാൻ നിൽക്കാതെ നേരെ കൺസൾട്ടെഷൻ
റൂം തുറന്ന് ഉള്ളിൽ കയറി.മേശവിരി നേരെയാക്കി,മറിഞ്ഞു വീണുകിടക്കുന്ന ഫ്ലവർ വെയ്സ്
നേരെ വച്ച് ഫാനും ഓൺ ചെയ്തതിനുശേഷം ബെല്ലടിച്ചു.സ്ത്രീയും കുട്ടിയും ഉള്ളിലേക്ക്
കടന്നു..സ്ത്രീ ധരിച്ചിരിക്കുന്നത് കറുത്ത ബുർഖയാണ് .പുറത്തു കാണുന്ന അവരുടെ ,
ക്ഷീണിച്ചതെങ്കിലും വെളുത്ത വട്ടമുഖം ,മുഹമ്മദ് റാഫിയുടെ ഒരു പാട്ടിനെ ഓർമ്മ
പെടുത്തി
“ചൌദവീ കാ ചാംന്ദ് ഹോ യാ അഫ്താബ് ഹോ
ജോ ഭീ ഹൊ തും ലാജവാബ് ഹോ...”
അവരെ എവിടെയോ കണ്ട് പരിചയമുണ്ട് ,പക്ഷെ ഓരോ രോഗികളെ കാണുമ്പോഴും
തനിക്കീയിടെയായി ഇതു തന്നെയാണ് തോന്നുന്നത് ..ഒരു തരം De javu...
സത്യത്തിൽ രോഗികളായ കുട്ടികളെയും കൊണ്ട് വരുന്ന എല്ലാ അമ്മ മാർക്കും
ഒരേ മുഖമാണ് ...ആധി പിടിച്ച മുഖം..
ഡോക്ടർ കുട്ടിയെ പരിശോധിക്കാന്‍.തുടങ്ങി.ഏഴുദിവസമായി പനിതുടങ്ങിയിട്ട്.
നാട്ടിലെ വൈദ്യൻ മാരെയും വിദഗ്ധ ഡോക്ടർ മാരെയും കാണിച്ചു .പനിക്ക്
കുറവൊന്നു മില്ല .അതുകൊണ്ടാണ് ഇത്രയും ദൂരം പിന്നിട്ട് കുട്ടികളുടെ ഡോക്ടറെകാണിക്കാൻ
കൊണ്ട് വന്നിരിക്കുന്നത്...അതുകൊണ്ടാണ് ഡോക്ടർ സ്ഥലം വിട്ടുവെന്നറിഞ്ഞിട്ടും
പ്രതീക്ഷകൈവിടാതെ പുറത്ത് കാത്തിരുന്നത്...
വിടർന്ന കണ്ണുകളൊടെ കൺസൾട്ടെഷൻ മുറിയിലെ ചുമരിൽ പതിച്ചിരിക്കുന്ന
ചിത്രങ്ങൾ നോക്കികാണുകയാണ് അവൻ ..വ്യാധിയുണ്ടെങ്കിലും അവന്റെ മുഖത്ത് ആധിയില്ല..
ഉള്ളത് തികഞ്ഞ നിഷ്കളങ്കതമാത്രം..”എല്ലാമൊരുണ്ണിയായ് കണ്ട് പഠിക്കാനിരുന്നവൻ..”
എന്ന കവിതപോലിരുന്നു അവന്റെ മുഖഭാവം .
ഡോക്ടർ കുട്ടിയെ നല്ലവണ്ണം പരിശോധിച്ചു.അതിനിടക്ക് അമ്മയോട് വിവരങ്ങൾ അന്വേഷിക്കുന്നു
മുണ്ട് .ഒടുവിൽ കുറച്ച് മരുന്നുകൾ കുറിച്ചുകൊണ്ട് അവരെ യാത്രയാക്കി..
പോകാൻ നേരം അദ്ദേഹം സ്ത്രീയോട് ചോദിച്ചു : “കൂടെ വന്നിരിക്കുന്നത് ബാപ്പയാണോ..”?
“ഇല്ല ഞങ്ങൾ തനിച്ചാണ് വന്നത്“ സ്ത്രീ പറഞ്ഞു.
അവർ ഇറങ്ങി കഴിഞ്ഞപ്പോൾ അദ്ദേഹം അടുത്ത രോഗിക്ക് വേണ്ടി ബെല്ലു മുഴക്കി...
കുറച്ച് സമയം കഴിഞ്ഞും ആരേയും കാണാതായപ്പോൾ വരാന്തയിൽ ഇറങ്ങി നോക്കി.
അവിടെയും ആരു മുണ്ടായിരുന്നില്ല,ശൂന്യമായ ചൂരൽ കസേരകൾ ഒഴികെ ...
* * * *
ഏതായാലും നേരം വൈകിയനിലക്ക് ഇനി ബ്രേക്ക്ഫാസ്റ്റ് കഴിച്ചിട്ടാവാം യാത്ര എന്നു
അദ്ദേഹം തീരുമാനിച്ചു. ഫ്രിഡ്ജിൽ നിന്ന് പാലെടുത്ത് ഇലക്ട്രിക് സ്റ്റൌവിന്മേൽ
ചൂടാക്കാൻ വച്ചു. ടിൻ തുറന്ന് ഒരു പിടി കോൺഫ്ലേക്സ് വാരി പ്ലേറ്റിലിട്ടു...
പെട്ടെന്ന് ക്വാർട്ടേഴ്സിന്റെ വാതിലിൽ ആരോ ധൃതിയിൽ മുട്ടുന്നതു കേട്ടു.അദ്ദേഹം
ഓടിചെന്നു വാതിൽ തുറന്നു. നേരത്തെ ഇറങ്ങി പോയ അമ്മയും കുട്ടിയുമാണ് .
അമ്മയുടെ ചുമലിൽ വാടി തളർന്നു കിടക്കുകയാണ് കുട്ടി...
അവരാകെ പരിഭ്രമിച്ചിരിക്കുന്നു.എന്തൊപറയാൻ ശ്രമിക്കുന്നുണ്ടെങ്കിലും വാക്കുകൾ
പുറത്ത് വരുന്നില്ല.. കണ്ണുകളിൽ നിശ്ശബ്ദമായ ഒരു നിലവിളി.
മെഡിക്കൽ ഷോപ്പിലെ വർഗീസും മരുന്നെടുത്തുകൊടുക്കാൻ നിൽക്കുന്ന ഗിരിജയുമുണ്ട് കൂടെ...
“മരുന്നുവാങ്ങാൻ നിൽക്കുമ്പോൾ കുട്ടി പെട്ടെന്നു കുഴഞ്ഞുവീഴുകയായിരുന്നു..“
വർഗീസ് പറഞ്ഞു.. “
ഡൊക്ടർ കുട്ടിയെ ഏറ്റുവാങ്ങികൊണ്ട് എക്സാമിനേഷൻ ടെബീളിൽ കിടത്തി.
മുഖത്തും കൈകാലുകളിലും നീലനിറം പാഞ്ഞിരിക്കുന്നു. കണ്ണിന്റെ കുഞ്ഞു വിടർന്നിട്ടുമുണ്ട്
അദ്ദേഹം സ്റ്റെതസ്കൊപ്പ് കുഞ്ഞിന്റെ നെഞ്ചിൽ ചേർത്തു കാതോർക്കുകായാണ്.ഒരു ജീവ
ശ്വാസത്തിനു വേണ്ടി..ഒരു കൊച്ചുമിടിപ്പിനു വേണ്ടി.. പക്ഷെ അദ്ദേഹത്തിന് അത്
കേൾക്കുവാൻ കഴിയുന്നില്ല....”
“....തമ്പുരാനെ അതെങ്ങിനെ സാധിക്കും...അല്പം മുൻപല്ലെ ഈ കുട്ടി ചിരിച്ചുകൊണ്ട്
യാത്ര പറഞ്ഞ് ഇവിടെ നിന്ന് ഇറങ്ങി പോയത്.....”
ഇല്ല നിന്റെ വിധി നടപ്പിലാക്കാൻ ഞാൻ സമ്മതിക്കില്ല.....നിനക്കുവേണമെങ്കിൽ എന്റെ
ആയുസ്സെടുക്കാം... “ ഇത്രയും നൊടിയിടയിൽ പ്രാർഥിച്ചുകൊണ്ട് അദ്ദേഹം പെട്ടെന്ന്
കർമ്മനിരതനായി. ആദ്യമായി, കുട്ടിയുടെഇടത്തുനെഞ്ചിൽ ശക്തിയായി അമർത്തികൊണ്ട് കാർഡിയാക്
മസ്സേജ് ചെയ്തു ...ഒപ്പം തന്നെ ഇടവിട്ടുകൊണ്ട് വായോട് വായ് ചെർത്ത് കൃത്രിമശ്വസോഛ്വാസവും..
ഇതിനിടെ ആശുപത്രിയിൽ നിന്ന് ചില ഉപകരണങ്ങൾ എടുത്തുകൊണ്ട് വരുവാൻ വർഗീസിനെ
പറഞ്ഞുവിട്ടു.. മുറിയുടെ ഒരു മൂലയിൽ കുഴഞ്ഞു വീണുകിടക്കുന്ന അമ്മയെ ശുശ്രൂഷിക്കാൻ ഗിരിജയെയും
ഏല്പിച്ചു..
സമയം കടന്നു പോവുകയാണ്.അടുത്തുള്ള ആശുപത്രിയിൽ നിന്നുള്ള ഓക്സിജൻ സിലിണ്ടറും ആർട്ടിഫിഷ്യൽ
റെസ്പിറേഷനു വേണ്ട് ഉപകരണങ്ങളും എത്തികഴിഞ്ഞു..ഇതുകൂടാതെ വില കൂടിയ ജീവൻ രക്ഷാ‍ ഔഷധങ്ങൾ
ഡ്രിപ്പിലൂടെ കയറുന്നു മുണ്ട് .പക്ഷെ കുട്ടിയുടെ നില മാറ്റമില്ലാതെ തുടരുകയാണ്.എല്ലാപ്രതീക്ഷകളും അസ്തമിക്കുക
കായാ‍ണോ.. ? ഡോക്ടർ തന്റെ റിവോൾവിംഗ് ചെയറിൽ തളർന്നിരുന്നു.. ഇപ്പോൾ കണസൾട്ടേഷൻ റൂമിൽ
അദ്ദേഹവു കുട്ടിയും മാത്രമേയുള്ളൂ.കരഞ്ഞുതളർന്ന അമ്മയെ ആശ്വസിപ്പിച്ചും കൊണ്ട് ഗിരിജയും വർഗ്ഗിസുമൊക്കെ
പുറത്ത് വരാന്തയിലാണ്.....
മറ്റൊന്നും ചെയ്യാനില്ലാത്തതുകൊണ്ട് ഡോക്ടർ ഹൃദയം നൊന്തു പ്രാർഥിക്കാൻ തുടങ്ങി...
“ പരമ കാരുണികനായ തമ്പുരാനെ ...ഈ കുട്ടിയല്ലാതെ ആ അമ്മക്ക് ഉറ്റവരാരുമായി
ആരുമില്ല..അതുകൊണ്ട്.........................”

പെട്ടെന്ന് ചാരിയിരുന്ന മുറിയുടെ വാതിൽ തുറക്കപെട്ടു .തുറന്നവാതിലിലൂടെ
നേരത്തെ കണ്ട വൃദ്ധൻ അകത്തുകടന്നു.ശുഭ്രവസ്ത്രങ്ങളും നരച്ച താടിയും തലയിൽ
കെട്ടുമുള്ള മതപണ്ഡിതനെ പോലെ തോന്നിക്കുന്ന ആവൃദ്ധൻ.....
എതിരെയുള്ള കസേരയിൽ ഇരുപ്പുറപ്പിച്ചുകൊണ്ട് അദ്ദേഹം കാരുണ്യപൂർവ്വം ഡോക്ടർ
ഫൈസൽ മുഹമ്മദിനെ വീക്ഷിച്ചു....
“ആരാണങ്ങ്.....?” ഡോക്ടർ ചോദിച്ചു.
“മൽക്കുൽ മൌത്ത്...ദീപങ്ങളുടെ കാവൽക്കാരൻ...”
“എന്നുവച്ചാൽ ..?”
“ ഭൂമിയിലെ ഓരോ ജീവനും എന്റെ കയ്യിലെ വിളക്കുകളാണ്... ആയുസ്സു തീ‍രുമ്പോൾ
ഓരോ തിരിയും ഞാൻ താഴ്ത്തുന്നു..വേറൊരു വിധത്തിൽ പറഞ്ഞാൽ ഞാൻ
തിരിതാഴ്ത്തുമ്പോൾ ഭൂമിയിൽ ഒരു ജീവൻ പൊലിയുന്നു....., അല്പം മുൻപ് തിരി
താഴ്ത്തിയ ഒരു ജീവനാണ് ഇപ്പോൾ ഡോക്ടറുടെ റൂമിൽ കിടക്കുന്ന ഈ കുഞ്ഞ്...
പക്ഷെ ഭൂമിയിലെ ഏറ്റവും
കാരുണ്യവാനായ ഒരു മനുഷ്യന്റെ പ്രാർഥന കേൾക്കാതെ എനിക്കു നിവൃത്തിയില്ല..
എന്നുവെച്ചാൽ ചിലനീക്കുപോക്കുകൾ സാധ്യമാണെന്നർ ഥം.....താങ്കൾ ഇപ്പോഴും
ആപ്രാർഥനയിൽ ഉറച്ചു നിൽക്കുന്നോ...?
“അതെ എന്റെ ആയുസ്സെടുത്ത് ഈ കുഞ്ഞിന് കൊടുക്കാൻ എനിക്കു സമ്മതമാണ്..”
ഡോക്ടർ ഉറച്ച സ്വരത്തിൽ പറഞ്ഞു..
പെട്ടെന്ന് മാന്ത്രികവിദ്യയിലെന്നതു പോലെ മേശപുറത്ത് രണ്ട് വിളക്കുകൾ പ്രത്യക്ഷപെട്ടു.
സ്പിരിറ്റ്ലാമ്പ് പോലെ തോന്നിക്കുന്നരണ്ട് സ്ഫടികവിളക്കുകൾ ..
ഒന്ന് എണ്ണവറ്റിചെറിയൊരു നീലനാളം മാത്രമായി മുനിഞ്ഞു കത്തുന്നത്....
മറ്റൊന്ന് പാതിയോളം എണ്ണയുമായി തെളിഞ്ഞു കത്തുന്നത്..
മൽക്കുൽ മൌത്ത് രണ്ടാമത്തെ വിളക്കിൽ നിന്ന് ആദ്യത്തെ വീളക്കിലേക്ക് മുഴുവൻ എണ്ണയും
പകർന്നു. പിന്നെ ഡോക്ടറോടായി പറഞ്ഞു.
എന്റെ കയ്യിലെ കിതാബ് പ്രകാരം ഡോക്ടർക്ക് എണ്പത് വർഷത്തെ ആയുസ്സാണ്.
അതിൽ താങ്കൾ നാല്പതുവർഷം ജീവിച്ചുകഴിഞ്ഞു ശേഷിച്ച നാല്പതുവർഷത്തെ ആയുസ്സാണ്
ഞാനിപ്പോൾ കുട്ടിയുടെ വിളക്കിലേക്ക് പകർന്നത്...ഭൂമിയിൽ താങ്കളുടെ
ദിനങ്ങൾ എണ്ണപെട്ടുവെന്നർഥം...
ഇപ്പോൾ ആദ്യത്തെ വിളക്ക് തെളിഞ്ഞുകത്താൻ തുടങ്ങി..രണ്ടാമത്തെ വിളക്കു എപ്പോൾ വേണമെന്കിലും
കെട്ടുപോകാവുന്ന ഒരു നേർത്തനീലനാളം മാത്രമായി....
* * * *
ഡോക്ടറുടെ മുറിയിൽ ആഹ്ലാദം അണപൊട്ടുകയാണ്.കുട്ടി ചിരിച്ചുകൊണ്ട് കൺ തുറന്നിരിക്കുന്നു.
ബോധം തെളിഞ്ഞപ്പോൾ അവൻ ആദ്യം ചെയ്തത് മുഖത്ത് വച്ചിരിക്കുന്ന ഓക്സിജൻ മാസ്ക് സ്വയം
എടുത്തു മാറ്റുകയായിരുന്നു. പിന്നെ അവൻ നീട്ടി വിളിച്ചു. “ഉമ്മാ .........“ഉമ്മ ഇപ്പോഴും വിതുമ്പികരയുകയാണ്
പക്ഷെ ഇപ്പോൾ സന്തോഷമടക്കാൻ കഴിയാതെയുള്ള കരച്ചിലാണെന്നുമാത്രം...ആ ആഹ്ലാദം പങ്കിടാൻ
എല്ലാവരുമുണ്ട്..വർഗീസുണ്ട് ..ഗിരിജയുണ്ട് ..എമർജൻസി കോൾ അറ്റെൻഡ് ചെയ്യാൻ ആശുപത്രിയിൽ
നിന്ന് ആമ്പുലൻസിൽ എത്തിചേർന്ന ഏതാനും നഴ്സുമാരുണ്ട്.. പിന്നെ കുറച്ച് വഴിപോക്കരും...
* * * *
പിറ്റെന്ന് ഡോക്ടർ ഫൈസൽ മുഹമ്മദിന്, ഡിസ്ട്രിക്ട് മെഡിക്കൽ ഓഫീസറുടെ സ്പെഷ്യൽ മെസ്സേജുമായി
ഒരു ദൂതനെത്തി.ആ സന്ദേശം ഡോക്ടർ അപ്പോൾ തന്നെപൊളിച്ചു വായിച്ചു. രണ്ടു ദിവസം കഴിഞ്ഞ്, മെക്കയിലേക്കു
പുറപെടുന്ന മെഡിക്കൽ സംഘത്തിൽ അദ്ദേഹത്തിനെ അടിയന്തിരമായി നിയമിച്ചുകൊണ്ടുള്ള ദൂതായിരുന്നു അത്..
.ദൂത് വായിച്ചു കഴിഞ്ഞതും ഡോക്ടർ ദൂതനെ മുഖമുയർത്തി
നോക്കി. മറ്റൊരു വേഷത്തിലും മൽക്കുൽ മൌത്തിനെ അദ്ദേഹം എളുപ്പം തിരിച്ചറിഞ്ഞു.
വളരെ വിശേഷപെട്ട ആ ദൂതിനു പ്രത്യുപകരമായി ഡോക്ടർ ഒരു പുഞ്ചിരി സമ്മാനിച്ചു.
“ നിങ്ങളുടെ വിളക്കിൽ എണ്ണയുടെ ഏഴുതുള്ളീകൾ ബാക്കിയുണ്ടായിരുന്നു..”ദൂതൻ പറഞ്ഞു.
“ അതായത്...?”
“അതായത് ... വിലപെട്ട ഏഴുദിവസങ്ങൾ.“
അതെ, വിലപെട്ട ഏഴുദിവസങ്ങൾ................................