Friday, April 8, 2011

ഉറുമി

ഗ്രീറ്റിംഗ് കാര്‍ഡിന്റെ,അല്ലെങ്കില്‍ ക്ലാസ്സിക് പെയിന്റിങ്ങിന്റെ ഭംഗിയുള്ള ഫ്രെയിമുകള്‍ പണ്ടെന്നോ കണ്ട സ്വപ്നത്തില്‍ നിന്ന് ഒപ്പയെടുത്തുത് പോലെയുള്ള സ്ഥലകാലങ്ങള്‍... അനുയോജ്യരായ അഭിനേതാക്കള്‍... കാതിനിമ്പമാര്‍ന്ന സംഗീതം..... ചടുലമായ എഡിറ്റിംഗ്... ഗുഡ് ഗ്രാഫിക്സ്....., - ഉറുമി എന്ന സിനിമക്ക് ഒരു സാധാരണ പ്രേക്ഷകന്‍ നല്‍കുന്ന പ്ലസ്+ മാര്‍ക്കുകള്‍ നിരവധിയായിരിക്കും... പക്ഷെ തിരക്കഥ..,സം വിധാനം...ഈ കാര്യങ്ങളിലേക്ക് കടക്കുമ്പോളാണ് നമ്മള്‍ പഴയൊരു ചൊല്ല് ഓര്‍ത്ത് പോവുക..."ഏറെ ചിത്രം..ഓട്ട പാത്രം.." പതിനഞ്ചാം നൂറ്റാണ്ടില്‍ വാസ്കോഡ ഗാമ,കോഴിക്കൊട് കടപ്പുറത്തെ പഞ്ചാരമണലില്‍ കാലുകുത്തിയ ചരിത്രമുഹൂര്‍ത്തത്തില്‍ നിന്നാണ് 'ഉറുമി'യുടെ കഥ തുടങ്ങുന്ന ത്.പാശ്ചാത്തലം ചരിത്രമാണെങ്കിലും കഥ തികച്ചും സാങ്കല്പികമാണ്...ഒരു ഡോക്യുമെന്ററിയല്ല,എന്നതിനാല്‍ അതൊരു പോരായ്കയല്ല... ചരിത്രത്തിലൂന്നികൊണ്ട് തന്നെ മിഴിവുള്ള കെട്ടുകഥകള്‍ അടുത്ത്,ലഗാനിലും ജോധാ അക്ബറിലു മൊക്കെ നമ്മള്‍ കണ്ടതുമാണല്ലോ.ഇതുകൂടാതെ’ ഗ്ലാഡിയെറ്റര്‍’ മുതല്‍ ‘ട്രോയ്’ വരെയുള്ള ഹോളിവുഡ് ചിത്രങ്ങള്‍, അടുത്തിറങ്ങിയ ‘പഴശ്ശിരാജ ‘തുടങ്ങിയവയുംഉറുമിക്ക് മുന്മാതൃക ക കാട്ടുകയോ അല്ലെങ്കില്‍ പ്രചോദന മാവുകയോ ചെയ്തിട്ടുണ്ടെന്ന് സംശയിക്കുന്നതില്‍ തെറ്റില്ല .. അതൊരുകുറ്റവുമല്ല. ഗൂഗിളിന്റെ ഹോം പേജില്‍ നിന്ന് തുടങ്ങുന്ന ക്യാമറയുടെ പ്രയാണം,നൈറ്റ് ക്ലബിലേക്കും പിന്നെ കൊടും കാട്ടിലേക്കും അവിടെ നിന്ന് കാലത്തിലൂടെ അഞ്ച് നൂറ്റാണ്ടുകള്‍ പുറകിലേക്കും നീങ്ങുന്നത് നമ്മള്‍ അല്പം കൗതുകത്തോടെ തന്നെയായിരിക്കും കണ്ടിരിക്കുക...നായകനെ introduce ചെയ്യുമ്പോള്‍ കാട്ടുമുയലിനെ ചെയ്സ് ചെയ്യുന്ന സീനിലൂടെ ലഗാന്‍ എന്നസിനിമയോടുള്ള കൂറ്(ലഗാനില്‍ അമീര്‍ഖാന്‍ കൃഷ്ണമൃഗത്തിനു പിന്നാലെ.. ) നമ്മള്‍ കണ്ടില്ലെന്നു നടിച്ചാലും ആര്യയുടെ കളരിയാശാന്‍ ജലപരപ്പിനു മുകളില്‍ പൊന്തി വന്ന് ഇടം വലം ഒരു കിരുകിരുപ്പോടെ കഴുത്ത് ചരിക്കുന്ന സീന്‍ കാണുന്നതോടെ സിനിമയെ കുറിച്ചുള്ള expectation line വരക്കേണ്ടത് എവിടെയാണെന്ന് നമുക്ക് പിടികിട്ടും...തുടര്‍ന്ന് ഈ ലൈനില്‍ നിന്ന് ഒരിക്കലും സം വിധായകന്‍ പുറകൊട്ട് പോകുന്നില്ലെന്നത് വലിയൊരുകാര്യം തന്നെ.. തിരക്കഥാകൃത്ത് കഥനടക്കുന്ന കാലത്തെ കുറിച്ച് കുറെ ഗവെഷണങ്ങള്‍ നടത്തിയിരുന്നെന്ന് എവിടെയോ വായിച്ചിരുന്നു..അതുകൊണ്ടാണോ എന്ന് അറിയില്ല സാമൂതിരിയും ഗാമയുമൊക്കെ വേഷ-രൂപങ്ങളില്‍ ചരിത്രപുസ്തക താളുകളില്‍ നിന്ന് ഇറങ്ങി വന്നതു പോലെ തോന്നും.അതിനപ്പുറം ചരിത്രം ഖനം ചെയ്ത് ശങ്കര്‍ രാമകൃഷ്ണന്‍ - എന്താണ് കണ്ടെത്തിയത് എന്ന് ആശ്ചര്യപെടാതിരിക്കാനാവുന്നില്ല...ഗാമയുടെ ഇടത്തെ ചെറുവിരല്‍ ഒടിഞ്ഞതായിരുന്നെന്നോ?സമയമറിയാന്‍ അന്ന് മണല്‍ ഘടികാരമാണ് ഉപയോഗിച്ചിരുന്നതെന്നോ? തീതുപ്പുന്ന പറങ്കി തുപ്പാക്കിയുടെ പ്രവര്‍ത്തനരീതിയോ? ഒരു പക്ഷെ ,ഗവേഷണം കൊണ്ടല്ലെങ്കില്‍ ഭാവന കൊണ്ടെങ്കിലും പഴയ മലബാര്‍ സ്ലാങുള്ള ഒരു ഭാഷ തിരക്കഥാ കൃത്ത് ഉപയോഗിച്ചിരുന്നെങ്കില്‍ സിനിമക്ക് അത് ഒരു മുതല്‍ കൂട്ടാവുമായിരുന്നു.പക്ഷെ അതിനു മിനകെടാതെ വികലമായ തമിഴ് മലയാളവും നൂറ്റൊന്നാവര്‍ത്തിച്ച മണിപ്രവാളവുമൊക്കെയാണ് കഥാപാത്രങ്ങളുടെ നാവില്‍.... ....( എം ടി ശൈലിയില്‍ "രക്ഷിക്കുന്നവരെ തന്നെവേണോ ശിക്ഷിക്കാന്‍,?"മുതല്‍ "പല്ലിവാലുപോലെയുള്ള നിന്റെ ആണത്തം" എന്ന് സുരേഷ് ഗോപി സ്റ്റൈലിലുള്ള ഡയലോഗുകളും ഇതില്‍ ഉള്‍പെടുന്നു) . തിരക്കഥാകൃത്ത് വിട്ടുപോയ ഈ ഔചിത്യം പക്ഷെ കൈതപ്രത്തിന്റെ "മിന്നിമിന്നി ചിമ്മി തെളങ്ങണ വാലിട്ട കണ്ണെനക്ക്, പൂവരശുപൂത്തകണക്കനെ അഞ്ചുന്ന ചേലനെക്ക്... പൂരം കൊടിയേറീറ്റും, പൂരകളിയാടീറ്റും...." എന്ന ഗാനത്തിലെ പദവിന്യാസത്തിലുണ്ട്.. പടം സംഭവ ബഹുലമാണെങ്കിലും നേരത്തെ സൂചിപിച്ച pre-model സിനിമകളിലേതു പോലെ ഓര്‍ത്തുവക്കാവുന്ന രംഗങ്ങള്‍ ,ഫൊര്‍ എക്സാമ്പിള്‍, ജോധാ അക്ബറില്‍ ഭാര്യയുടെ മുന്നില്‍ താന്‍ നിരക്ഷരനാണെന്ന് വെളിപെടുത്തേണ്ടി വരുന്ന അക്ബര്‍ ചക്രവര്‍ത്തിയുടെ രാജ ലജ്ജ,പഴശ്ശിരാജയില്‍ വെള്ള തളികയില്‍ ഉറുമിയൊളിപ്പിച്ച് ഭര്‍ത്താവിനെത്തിക്കുന്ന മാക്കത്തിന്റെ മിടുക്ക്....അതുപോലെയൊക്കെയുള്ള കഥാസന്ദര്‍ഭങ്ങള്‍ വിരളം(few )എന്ന് പറയേണ്ടി വരും.. കഥാ പാത്രങ്ങളുടെ കാര്യമാണെങ്കില്‍..... നായകനെ തന്നെ ആദ്യമെടുക്കാം...കേളുനായനാരെ അവതരിപ്പിക്കുന്ന പൃഥ്വിരാജ് ആകാരസൗഷ്ഠവം കൊണ്ടും സിംഹനടകൊണ്ടും TROY സിനിമയിലെ ബ്രാഡ് പിറ്റിനെ ഓര്‍മ്മിപ്പിക്കുന്നുണ്ട്.മേത്ത ചെറുക്കനായ വവ്വാലിയായി പ്രഭു ദേവയും വളരെ മോശമാക്കിയിട്ടില്ല.എന്നാലും മൊത്തത്തില്‍ പറഞ്ഞാല്‍എല്ലാക്യാരക്ടേഴ്സും two dimensional ആണ്.അതിനുമപ്പുറം അവര്‍ മറ്റൊരു 'മാനം' തേടുന്നുണ്ടെങ്കില്‍ അത് ‘അപമാനം’ മാത്രമാണ്.. പതിനഞ്ചാം നൂറ്റാണ്ടിലെ സാഹസികനായ സഞ്ചാരി ഗാമക്ക് ഷാജികൈലാസിന്റെ സിനിമകളിലും മറ്റും കാണുന്ന വില്ലന്‍ പ്രതിഛായ വരുന്നതും കണ്‍കോണുകൊണ്ട് ആജ്ഞാപിക്കാന്‍ കഴിവുള്ള തമ്പുരാട്ടി കാണെ കാണെ മേത്തചെറുക്കന്റെ മുന്നില്‍ പ്രണയവിവശയായ കൊഞ്ചി പെണ്ണാകുന്നതും , കുടില തന്ത്രജ്ഞന് സ്ത്രൈണ ഭാവവുമൊക്കെ അപമാന മല്ലെങ്കില്‍, ഓര്‍ ക്യാ ഹെ? ഡൈറക്ടറുടെ അശ്രദ്ധ എടുത്തു കാണിക്കുന്ന രംഗങ്ങളും ധാരാളമുണ്ട് സിനിമയില്‍.. ഉദാഹരണത്തിന് ,തുടക്കത്തില്‍ ബാല തമ്പുരാട്ടി കാവില്‍ തൊഴാന്‍ വരുന്ന ഒരു രംഗമുണ്ട്.മരമുകളില്‍ ഇലചാര്‍ത്തുകള്‍ക്കിടയില്‍ മറഞ്ഞിരുന്ന് കേളുനായരും വവ്വാലിയും അതുകാണുന്നു.ഇവര്‍ ആരുടെയോ നെറ്റിയില്‍ നിന്ന് ഒരു വിയര്‍പ്പുമണി കൃത്യമായി താഴെ തൊഴുതുനില്‍ക്കുന്ന തമ്പുരാട്ടിയുടെ വലം ചുമലില്‍ വീണു ചിതറുന്നു.അടര്‍ന്നു വീഴുന്ന വിയര്‍പ്പുകണം projectile motion-ല്‍ സഞ്ചരിച്ചാലല്ലാതെ ഇതു സാധ്യമാവില്ലെന്ന് ആ സീന്‍ കാണുന്ന ആര്‍ക്കും മനസ്സിലാകും. കാലം മാറുന്നു.കോലങ്ങളും മാറുന്നു.(കാലത്തിലൂടെ കോലം മാറാതെ തുടരുന്ന ഒരു കഥാപാത്രവും ഇതിലുംണ്ട്-ലോര്‍ഡ് ഒഫ് റിംഗ്സിന്‍ലെ gollum-ത്തിനെ ഓര്‍മ്മിപ്പിക്കുന്ന ഒരു ക്യാരക്ടര്‍) എന്നാല്‍ അധിനിവേശ കഥ തുടരുകയാണ്.മള്‍ട്ടി നാഷണല്‍ കമ്പനികളുടെ രൂപത്തില്‍ അതിന്റെ വിഷവേരുകള്‍ ഭൂഗര്‍ഭ ജലം വരെ ചെന്നെത്തിയിരിക്കുന്നു.ഈയൊരു കാലിക പ്രസക്തിയിലേക്കും ചിന്തയെറിഞ്ഞുകൊണ്ടാണ് സിനിമ അവസാനിക്കുന്നത്. പല പോരായ്മകളുണ്ടെങ്കിലും "ഉറുമി" ദൃശ്യ സമ്പന്നമായ ഒരു സിനിമയാണ്.പഴയ മലബാറ് ആയി അവതരിപ്പിക്കപെട്ടിരിക്കുന്ന മഹാരാഷ്ട്രയിലെ ഹരിശ്ചന്ദ്രഘട്ടിലെ പ്രകൃതി ദൃശ്യങ്ങള്‍ കണ്‍കുളിര്‍പ്പിക്കുന്നു. ചെമ്പട താളത്തിന്റെ അകമ്പടിയില്‍,ഒരു സീല്‍ക്കാരത്തോടെ ചുരുളഴിയുന്ന പൊന്നുറുമി..... നീരൊഴുക്കുകൊണ്ട് തിരശീലയിട്ട ഒരു ഗുഹയുടെ കവാടം.... "ആരോ...നീ ആരോ"എന്നു തുടങ്ങുന്ന ഗാന ചിത്രീകരണം... പഞ്ചവര്‍ണ്ണകിളിയും കാടിന്റെ പച്ചപ്പും.... പോത്തും കാക്കകളും.. ഫോകസ് ചെയ്യപെട്ടില്ലെങ്കിലും കാലത്തെ അതിജീവിച്ചു നില്‍ക്കുന്ന കല്‍തൂണുകള്‍’’ മനസ്സില്‍ തങ്ങുന്ന ഫ്രെയിമുകള്‍ ധാരാളമുണ്ട്... after all cinema is an art of scenes.... അതു കൊണ്ട് പണം മുടക്കി, പടം കാണുന്നത് വെറുതെയാവില്ല എന്നു തന്നെയാണ് പറയാനുള്ളത്....

6 comments:

താരകൻ said...

എന്തായാലും കണ്ടു.എന്നാല്‍ പിന്നെ ഒന്നു നിരൂപിക്കാം എന്നു കരുതി...

ആര്‍ദ്ര ആസാദ് / Ardra Azad said...

ഉറുമി കാണണം.

"സാമൂതിരിയും ഗാമയുമൊക്കെ വേഷ-രൂപങ്ങളില്‍ ചരിത്രപുസ്തക താളുകളില്‍ നിന്ന് ഇറങ്ങി വന്നതു പോലെ തോന്നും".

പക്ഷെ വിക്കിയിൽ ഗാമയെ തിരഞ്ഞപ്പോൾ കിട്ടിയ ചിത്രങ്ങൾ നൽകുന്നത് മറ്റൊരു കാഴ്ച്ച.

http://ml.wikipedia.org/wiki/വാസ്കോ_ഡ_ഗാമ

Muralee Mukundan , ബിലാത്തിപട്ടണം said...

ഈ നിരൂപിക്കൽ ഇഷ്ട്ടപ്പെട്ടു.
ലണ്ടനിൽ ഇന്നാണ് ഈ പടം റിലീസ്
എന്തായാലും നമ്മുടെ അധിനിവേശചരിത്രങ്ങൾ ഒന്ന് പോയി കാണണം

ശ്രീജ എന്‍ എസ് said...

കണ്ണിനൊരു വിരുന്നു തന്നെ ആയിരുന്നു ഈ സിനിമ.പിഴവുകള്‍ പലതും ഉണ്ടെങ്കിലും.action രംഗങ്ങള്‍ പഴശ്ശി രാജയിലെതിനെക്കാള്‍ മികച്ചതായിരുന്നു.നല്ല നിരൂപണം

ശ്രീ said...

എന്തായാലും ചിത്രം ഒന്നു കാണുന്നുണ്ട്...

ജയരാജ്‌മുരുക്കുംപുഴ said...

aashamsakal.........