Saturday, February 9, 2013

കേസ് ഡയറി




പേര്:     അലക്സ്
വയസ്സ്: 35
തൊഴില്‍: മെഡിക്കല്‍ റെപ്
പെഴ്സണല്‍ ഹിസ്റ്ററി: ആരോഗ്യവാന്‍.വല്ലപ്പോഴും ഒരു ഡ്രിങ്ക്സ് കഴിക്കുമെന്നതൊഴിച്ചാല്‍  മറ്റുദുശ്ശീലങ്ങള്‍
 ഒന്നും തന്നെയില്ല.അല്ലൊപതിക്‍ മെഡിസിനുകളുടെ റെപ് ആയി ആണ് വര്‍ക്കു ചെയ്യുന്നതെങ്കിലും  പനിവരുമ്പൊള്‍ ഒരു പാരസിറ്റമൊള്‍ പോലും അനാവിശ്യമായി കഴിക്കാറില്ല.അത്രയും 'ഹെല്‍ത്ത് കോണ്‍ഷ്യസ്'.അവിവഹിതന്‍'
ഫാമിലി ഹിസ്റ്ററി: അപ്പനും അമ്മയും വിവാഹിതയായ ഒരു സഹോദരിയും.എല്ലാവരും ആരോഗ്യവാന്മാര്‍.
 പ്രഷര്‍ കൊളസ്ട്റോള്‍ തുടങ്ങിയ അസുഖങ്ങളോ ശാരീരികമോ മാനസ്സികമോ ആയ പാരമ്പര്യ അസുഖങ്ങളോ  ആര്‍ക്കുമില്ല   
രോഗ ചരിത്രം: കുറച്ചുനാള്‍ മുമ്പ് കൂട്ടുകാരുമൊത്ത് 'സാള്‍ട്ട് ഏന്‍ഡ് പെപ്പര്‍' സിനിമക്ക് ടിക്കറ്റെടുക്കാന്‍ ക്യൂ നില്‍ക്കുമ്പോള്‍ ആണ് ആദ്യത്തെ രോഗലക്ഷണം അനുഭവപെട്ടത്.പട്ടാണികടലകൊറിക്കുന്നുണ്ടായിരുന്നു.ഒരു കടല മണി അണയ്ക്കല്‍ വച്ചുകടിച്ചതും ചെവിയിലൊരു ഇരമ്പല്‍.ടി വികണ്ടുകൊണ്ടിരിക്കുമ്പോള്‍ പെട്ടെന്ന്
സിഗ്നല്‍ നഷ്ടപെടുമ്പോഴുള്ള ശബ്ദം പോലയോ അല്ലെങ്കില്‍ നോബ് തിരിച്ച് റേഡിയോസ്റ്റേഷന്‍ ട്യൂണ്‍ ചെയ്യുമ്പോഴോ
 ഉള്ള ഒരു സ്വരം പോലെയോ ആയിരുന്നു അത്. കുറച്ചുസെക്കന്‍ഡുകളേ അതു നീണ്ടു നിന്നുള്ളൂ.മറ്റാരും ആ ശബ്ദം കേള്‍ക്കാത്തതിനാല്‍ സ്
മറ്റാര്‍ക്കും ആ ശബ്ദം കേള്‍ക്കാന്‍ കഴിയാത്തതിനാല്‍ സ്വന്തം തലക്കുള്ളിലാണ് അതിന്റെ പ്രഭവസ്ഥാനം എന്ന്
അനുമാനിക്കുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ.സുഹൃത്തുക്കള്‍ അഭിപ്രായപെട്ടതു പോലെ കടലമണി കടിച്ചപ്പോള്‍
ചെവിക്കല്ലിളകിയതാകാനാണ് സാധ്യത.ഫീല്‍ഡില്‍ പോകുമ്പോ വേണമെങ്കില്‍ നാളെതന്നെ ഇ ന്‍ ടി ഡോക്ടറെ ഒന്നു
കാണിക്കാം.സിനിമകണ്ട് വീട്ടിലെത്തുന്നതു വരെ പിന്നെ പ്രശനമൊന്നു മുണ്ടായില്ല.പക്ഷെ ഭക്ഷണം കഴിക്കുമ്പോള്‍
വീണ്ടും ഇടക്ക് ഇതേ അനുഭവമുണ്ടായി.അന്ന് നേരത്തെ ഉറങ്ങാന്‍ കിടന്നു.സുഖമായി ഉറങ്ങുകയും ചെയ്തു.ഉറക്കമുണര്‍ന്നത് സാള്‍ട്ട് ആന്‍ഡ് പെപ്പറിലെ ആസിഫ് അലിയും മൈഥിലിയും ചേര്‍ന്നുള്ള പാട്ട് സീന്‍ സ്വപ്നം കണ്ടാണ്.ഉണര്‍ന്നപ്പോള്‍ സ്വപ്നം മാഞ്ഞു. പക്ഷെ ചെവിയില്‍  പാട്ട് തുടര്‍ന്നുകേള്‍ക്കുകയാണ്. വളരെ വ്യക്തമായി. വിത്ത് ബാക്ഗ്രൗണ്ട് മ്യൂസിക്.... "സ്നേഹിക്കുമ്പോള്‍ നീയും ഞാനും  നീരില്‍ വീഴും പൂക്കള്‍...."
അലക്സ് എണീറ്റ് ലയിറ്റ് ഇട്ടു.ടീവിയോ പൊടിപിടിച്ച്  കിടക്കുന്ന പഴയ  റേഡിയോവോ മറ്റോ ഓണായി കിടക്കുന്നുണ്ടോഎന്ന് പരിശോധിച്ചു.മൊബയില്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു.പക്ഷെ പാട്ട് ഇപ്പോഴും തുടരുകായാണ്.ഏതോ പഴയ ഒരു സിനിമാഗാനം...ഇപ്പോഴാണ് അയ്യാള്‍ ശരിക്കും പരിഭ്രമിച്ചു പോയത്.മെഡിക്കല്‍ ലിറ്റ്റേച്ച്റുകള്‍ കുറച്ചൊക്കെ വായിച്ചിട്ടുള്ളതിനാല്‍ ഇങ്ങനെ ഇല്ലാത്തതു കാണുകയും കേള്‍ക്കുകയും ചെയ്യുന്നത്
നല്ല ലക്ഷണമല്ലെന്ന് അയ്യാള്‍ക്കറിയാം...ഒന്നുകില്‍ ചെവിക്കെന്തോ കാര്യമായ തകരാറ്..അല്ലെങ്കില്‍ ഭ്രാന്തിന്റെ തുടക്കം...എന്തുകൊണ്ടും അതൊരു ഇ എന്‍ ടി പ്രോബ്ലം ആയിരിക്കുന്നതാണ് നല്ലത്...പക്ഷെ തത്കാലം തന്റെ  കമ്പനിയുടെ പ്രോഡക്റ്റ് ആയ ഒരു ഉറക്കഗുളികകഴിച്ചു അയ്യാള്‍ ഉറങ്ങാന്‍ കിടന്നു.
……………………………………………………
ഇ എന്‍ ടി ഡോക്ടര്‍ സുകുമാരന്‍ അയ്യാളുടെ രോഗ ലക്ഷണങ്ങള്‍  ചോദിച്ച് മനസ്സിലാക്കി വിശദമായി പരിശോധിച്ചു.കേള്വിശക്ത്തിക്ക് എന്തെങ്കിലും തകരാറുണ്ടോ എന്നറിയാന്‍ ഓഡിയോമെട്രി ടെസ്റ്റ് നടത്തുകയും ചെയ്തു. എല്ലാം  നോര്‍മല്‍ ആയിരുന്നു.
 " ചെവിയിലെ പ്രോബ്ലെം കൊണ്ടുണ്ടാകുന്ന ശബ്ദങ്ങള്‍ ഒരു മുഴക്കം പോലയോ മൂളിച്ച പോലയോ ആണ് അനുഭവപെടുക....." ഡോക്ടര്‍ പറഞ്ഞു:"..പക്ഷെ അലക്സ് കേള്‍ക്കുന്നത് വ്യക്തമായ വാക്കുകളും മ്യൂസിക്കും ഒക്കെയാണ്, അല്ലേ?" 
"അതെ ശരിക്കും റേഡിയോ സ്റ്റേഷന്‍ തുറന്നതു പോലെ..."അലക്സ് പറഞ്ഞു.
"എനിക്ക് തോന്നുന്നത്..ഇത് ഓഡിറ്ററി ഹാലുസിനേഷന്‍ ആണ്.അതായത് നിങ്ങള്‍ ഇല്ലാത്ത ശബ്ദ്മാണ് കേട്ടുകൊണ്ടിരിക്കുന്നത്..ഇതിന്റെ ഉറവിടം ചെവിയല്ല ...തലച്ചോറാണ്..."
" ഹാലൂസിനേഷന്‍ എന്നു പറയുമ്പോള്‍ അത് ഭ്രാന്തിന്റെ ലക്ഷണമല്ലെ...!" അലക്സ് തന്റെ ആകാംക്ഷ മറച്ചുവച്ചില്ല..
"അങ്ങനനെ   ആവണമെന്നില്ല അലെക്സ്...."ഡോക്ടര്‍ സമാധാനിപ്പിച്ചു.." പക്ഷെ നിങ്ങള്‍ ഒരു സൈക്യാട്രിസ്റ്റിനെ
കണ്ടേ മതിയാകൂ"
 പിന്നെ അദ്ദേഹം  ധൃതിയില്‍ ടൗണിലെ പ്രശസ്തനായ സൈക്യാട്രിസ്റ്റിന് റഫറന്‍സ് ലെറ്റര്‍ എഴുതാന്‍ തുടങ്ങി.
 ഇറങ്ങാന്‍  നേരം ഡോക്ടര്‍ സുകുമാരന്‍ വീണ്ടും ചോദിച്ചു..
 "നിങ്ങള്‍ ഇപ്പോഴും ശബ്ദങ്ങള്‍ കേള്‍ക്കുന്നുണ്ടോ?"
 "ഉണ്ട്..."
"ഇപ്പോള്‍ എന്താണ് കേള്‍ക്കുന്നത്...?"
"ആരോ വാര്‍ത്തവായിക്കുകയാണ്...."
      *       *               *
ഡോക്ടര്‍ ഉലഹന്നാന്‍  അലക്സിനെ പരിശോധിച്ചില്ല.പക്ഷെ ഒരു പാട് ചോദ്യങ്ങള്‍ ചോദിച്ചു.സൈക്യാട്രിസ്റ്റ് എപ്പോഴും ചോദ്യങ്ങള്‍ കൊണ്ടാണ് ഒരു രോഗിയെ പരിശോധിക്കുന്നത്.
ഡോക്ടര്‍ ഒരു പാടു കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു.കുട്ടികാലം ,സുഹൃത്തുക്കള്‍,സാമൂഹ്യ ബന്ധങ്ങള്‍,കുടുംബാംഗങ്ങളുടെ മാനസികാരോഗ്യം,ഹോബികള്‍,പ്രണയം,സെക്സ്,തൊഴില്‍...അങ്ങനെയങ്ങനെ..അവസാനം മാത്രമാണ് അദ്ദേഹം രോഗചരിത്രത്തിലേക്ക് കടന്നത്..രോഗലക്ഷണങ്ങള്‍ മുഴുവന്‍ സശ്രദ്ധം കേട്ടതിനു ശേഷം അദ്ദേഹവും ഡോക്ടര്‍ സുകുമാരന്‍ അവസാനം ചോദിച്ച അതേ ചോദ്യം ആവര്‍ത്തിച്ചു.:
"നിങ്ങള്‍ ഇപ്പോഴും ശബ്ദങ്ങള്‍ കേള്‍ക്കുന്നുണ്ടോ?"
"ഉണ്ട്..."
"എന്താണ് കേള്‍ക്കുന്നത്...?"
 "ഒരു ഹിന്ദി പാട്ടാണ്..ഗസലാണെന്നു തോന്നുന്നു.."
" മുന്‍പ് കേട്ടിട്ടുള്ളതാണോ?"
 "അല്ല..."
"കേള്‍ക്കുന്ന വരികള്‍ എഴുതാന്‍ ശ്രമിക്കു.." പേനയും റൈറ്റിംഗ് പാഡും അലക്സിനുനേരെ നീട്ടി കൊണ്ട് ഡോക്ടര്‍
പറഞ്ഞു."
"മേ തൊ ഏക് ഹ്വാബ് ഹൂം ..ജിസ് ഹ്വാബ് സെ തും പ്യാര് ന കര്‍..."
*          *             *
ഇപ്പോള്‍ അലക്സ് ഇരിക്കുന്നത് പ്രശസ്ത ന്യൂറോളജിസ്റ്റ് ഡോകടര്‍ ഹരിദാസിന്റെ കണ്‍സള്‍ട്ടേഷന്‍ മുറിയിലാണ്.
അയ്യാളുടെ രോഗലക്ഷണം ഓഡിറ്ററി ഹാലൂസിനേഷന്‍ തന്നെയായിരുന്നെങ്കിലും സൈക്യാട്രി കെയ്സുകളില്‍ കാണുന്നതരമുള്ള ഒരു മിഥ്യാ ഭ്രമമായിരുന്നില്ല അത്. സ്കിസോഫ്രീനിയാ, മാനിയ തുടങ്ങിയ രോഗങ്ങളില്‍ കാണുന്ന ഓഡിറ്ററി ഹാലൂസിനേഷന് ഇത്രയും ക്ലാരിറ്റിയും വ്യക്തതയും ഒന്നും കാണുകയില്ല.മിക്കവാറും അത് അവ്യക്തമായ പുലമ്പുലകളോ ഏതാനും വാക്കുകളോ ഒക്കെ മാത്രമായിരിക്കും.  അതുകൊണ്ടാണ് ഡോക്ടര്‍ ഉലഹന്നാന്‍ ഒരു ന്യൂറോളജിക്കല്‍ പ്രോബ്ലം സസ്പെക്ട് ചെയ്തതും ന്യൂറോളജിസ്റ്റിന് റഫര്‍ ചെയ്തതും.
ഡോക്ടര്‍ ഹരിദാസ് അയ്യാളെ വിശദമായി എക്സാമിന്‍ ചെയ്തു. കയ്യിലേയും കാലിലേയും പേശികളില്‍ തട്ടി റിഫ്ലക്സുകള്‍ നോക്കി.കണ്ണില്‍ ടോര്‍ച്ചടിച്ചു പരിശോധിച്ചു.കണ്ണിലെ ഫണ്ട്സ് ടെസ്റ്റ് ചെയ്തു....എല്ലാം എല്ലാം നോര്‍മല്‍ തന്നെ...രോഗചരിത്രംകേട്ട് അദ്ദേഹം എത്തിയിരിക്കുന്ന നിഗമനത്തെ ബാധിക്കുന്നതായിരുന്നില്ല പക്ഷെ
അതൊന്നും...
 അദ്ദേഹം ഒരു തടിച്ച ന്യൂറോളജി ടെക്സ്റ്റ് ബുക്ക് തുറന്നു.അതില്‍ ബ്രെയിനിന്റെ ഒരു രേഖാ ചിത്രം അലക്സിനു
കാണിച്ചുകൊടുത്തു." നോക്കൂ ഇതാണ്..ടെമ്പറല്‍ ലോബ്...കേള്വിയെ വിവേചിച്ചറിയുന്നത് ബ്രയിന്റെ ഈ ഭാഗമാണ്...പണ്ടത്തെ ഓര്‍മ്മകളെല്ലാം ഇവിടെ ഉറങ്ങി കിടക്കുന്നു..ഒരു ഫിലിം സ്പൂളിലെന്നതു പോലെ ..ചെറിയ ഒരു ഇലക്ട്രിക് സ്പാര്‍ക്ക് മതി ഒരു ചലചിത്രം പോലെ എല്ലാം തെളിഞ്ഞു വരും...കഴിഞ്ഞുപോയരംഗന്‍ങള്‍ കാണും കേള്‍ക്കും.... അല്ലെങ്കില്‍ ചിലപ്പോള്‍ അനുഭൂതികളും ദര്‍ശനങ്ങളു മൊക്കെയായിരിക്കും അനുഭവപെടുക...."
 "ഡോക്ടര്‍ പറഞ്ഞു വരുന്നത് ടെമ്പറല്‍ ലോബ് എപിലെപ്സിയെ(temporal lobe epilepsy) കുറിച്ചാണോ..." അലക്സ് ആ രോഗത്തെ കുറിച്ച് എവിടെയോ വായിച്ചിട്ടുണ്ട്...രാമകൃഷ്ണ പരമ ഹംസന്റെ  ആത്മീയ ദര്‍ശനങ്ങള്‍ക്കും ദസ്തേയ് വ്സ്കിയുടെ സര്‍ഗപ്രതിഭക്കും ഒക്കെ നിദാനമായി പറയപെടുന്നത് ഈ രോഗമാണ്. "എക്സാക്ട്ലി...പക്ഷെ രോഗം കണ്‍ഫേം ചെയ്യാന്‍  ചില ടെസ്റ്റുകള്‍ വേണ്ടി വരും.. ഇ ഇ ജി, എം ആര്‍ ഐ..."
ഇനിയാണ് പോക്കറ്റിന്റെ കനം കുറയാന്‍ പോകുന്നത്...അലക്സ് വിചാരിച്ചു.


* *                   **
 അന്നുരാത്രി അയ്യാള്‍ ഉറക്കമൊഴിച്ചിരുന്നു ഗൂഗിള്‍ സെര്‍ച്ച് ചെയ്തു..മൂസിക്കല്‍ ഓഡിറ്ററി ഹാലൂസിനേഷന്‍,,ബ്രയിന്റെ ഫിസിയോളജി,ടെമ്പറല്‍ ലോബ് എപിലെപ്സി തുടങ്ങിയവിഷയങ്ങള്‍ നെറ്റിലെ മെഡിക്കല്‍ ജേണലുകളില്‍ പരതി...ന്യൂറോളജിക്കല്‍ കെയ്സുകള്‍ ബ്രിട്ടീഷ് മെഡിക്കല്‍ ജേണലില്‍ഒരു ഗവേഷണം തന്നെ നടത്തി.ലോക പ്രശസ്ത ന്യൂറോളജിസ്റ്റുകളായ ഡോക്ടര്‍ ഒലിവര്‍ സാക്ക്,പെന്‍ ഫീല്‍ഡ്,തുടങ്ങിയ പേരുകളൊക്കെ പരിചയപെട്ടു.സമാനമായ പല കേസുകളും ബ്രിട്ടീഷ് മെഡിക്കല്‍ ജേണലിന്റെ ലക്കങ്ങളില്‍ അയ്യാള്‍ കണ്ടെത്തി.ഒരു കെയ്സ് ഡിസ്കഷനിലെ രോഗി ഒരു വൃദ്ധയാണ്.അവര്‍ക്ക് കിടന്നുറങ്ങുമ്പോഴാണ് പെട്ടെന്ന് സംഗീതാത്മകമായ അനുഭവമുണ്ടായത്..കുട്ടികാലത്ത് കേട്ടു മറന്ന ഐറിഷ് ഗാനങ്ങള്‍  പെട്ടെന്ന് അവരുടെ ചെവിയില്‍ മുഴങ്ങാന്‍ തുടങ്ങി..പക്ഷെ അവര്‍ കേട്ടത് ഒന്നോരണ്ടോ ഗാനങ്ങള്‍ മാത്രമാണ്..അതും മണിക്കൂറുകള്‍ ഇടവിട്ട്..അവര്‍ക്ക് സി ടി സ്കാനില്‍ ടെമ്പറല്‍ ലോബില്‍ ചെറിയൊരു സ്ട്രോക്ക്
 ഉണ്ടായതായി കണ്ടെത്തി..അതായിരുന്നു അവരുടെ ടെമ്പറല്‍ ലോബ് എപിലെപ്സിയുടെകാരണം.
 മറ്റൊരു കേസ് പ്രശസ്തനായ ഒരു റഷ്യന്‍ മ്യൂസിക് ഡൈറക്ടറുടേതാണ്.ഒരിക്കല്‍ അദ്ദേഹത്തിന്റെ തലക്കുള്ളില്‍ വെടിയുണ്ടയുടെ ഒരു ലോഹചീളു തുളച്ചുകയറി .തലച്ചോറിലെ രക്തകുഴലുകളേയൊന്നും മുറിവേല്പിക്കാതെ   അത്  സേഫ് ആയിചെന്നു ലാന്‍ഡ് ചെയ്തത് വലത്തെ ടെമ്പറല്‍ ലോബിനുള്ളിലെ വെന്‍ ട്രിക്കിള്‍ എന്നറിയപെടുന്ന അറക്കുള്ളിലാണ്.പിന്നീട്,അദ്ദേഹം തലതിരിക്കുമ്പോള്‍ ലോഹകഷണം ടെമ്പറല്‍ ലോബിനെ ഉത്തേജിപ്പിച്ചുകൊണ്ടിരുന്നു.അപ്പോഴൊക്കെ അദ്ദേഹത്തിന്റെ തലക്കുള്ളില്‍ അന്നുവരെ ആരും കേട്ടിട്ടില്ലാത്ത സ്വര്‍ഗ്ഗീയ സംഗീതം മുഴങ്ങി...അദ്ദേഹം അതൊക്കെ മ്യൂസിക്കല്‍ ഇന്‍സ്ട്രുമെന്റിലേക്ക് ആവാഹിച്ച് പ്രശസ്തനാവുകയും ചെയ്തു.മറ്റൊരു ആര്‍ട്ടിക്കീളിലെ രോഗി ലണ്ടനില്‍ താമസിക്കുന്ന ഒരു ഇന്ത്യന്‍ പെണ്‍കുട്ടി ആയിരുന്നു.പക്ഷെ അവള്‍ക്കനുഭവപെട്ടത് വിഷ്വല്‍ ഹാലുസിനേഷനായിരുന്നു.ലണ്ടനിലെ ആശുപത്രിയില്‍ കിടക്കുമ്പോള്‍ അവള്‍ കുട്ടികാലത്തു കണ്ടു മറന്ന ഇന്ത്യന്‍ ഗ്രാമങ്ങളൊക്കെ  ഒരു സിനിമാ വിഷ്വല്‍ പോലെ കണ്മുന്നില്‍ കാണാന്‍ തുടങ്ങി.കാണുന്ന കാഴ്ചകളൊക്കെ അവള്‍ അപ്പോഴപ്പോള്‍ തന്റെ ഡോക്ടര്‍ക്ക് വിവരിച്ചുകൊടുത്തു.അത് ഒരു തരം ഇരട്ട ബോധം (മെന്റല്‍ ഡിപ്ലോപിയ) എന്നാണ് വിശേഷിപ്പിക്കപെട്ടിരിക്കുന്നത്.
ടെമ്പറല്‍ ലോബില്‍ ചെറിയൊരു ട്യൂമര്‍ ആണ് അവള്‍ക്ക് ദൃശ്യാനുഭവത്തിന്റെ അപസ്മാരം ഉണ്ടാക്കിയത്.
കൂടുതല്‍ മനസ്സിലാക്കും തോറും അലക്സിന് ഒരു കാര്യം വ്യക്തമായി..തന്റെ ഓഡിറ്ററി ഹാലുസിനേഷന്‍ തികച്ചും
വ്യത്യസ്തമായ ഒന്നാണ്...അതുകൊണ്ട് കൂടുതല്‍ ഇന്‍ വെസ്റ്റിഗേഷനുകള്‍ക്ക് മുതിരും മുന്‍പ് എന്തായാലും ജനറല്‍ പ്രാക്ടീഷണറായ ഡോക്ടര്‍ ശങ്കരനെ ഒന്നു കാണാമെന്ന് അയ്യാള്‍ തീര്‍ച്ച് പെടുത്തി.സ്പെഷ്യലൈസ് ചെയ്തിട്ടില്ലെങ്കിലും
പല അപൂര്‍വ രോഗങ്ങളും അദ്ദേഹം കണ്ട് പിടിച്ചിട്ടുണ്ട്.
ഒഴിവു സമയം കിട്ടുമ്പോഴൊക്കെ മെഡിക്കല്‍ പുസ്തങ്ങള്‍ ആര്‍ത്തിയോടെ വായിക്കുന്ന ‍ ചുരുക്കം ഡോക്ടറ്മാരില്‍ ഒരാളാണ് അദ്ദേഹം.

.*               *                   *
  " ഓം സഹനാവവതു, സഹനൗ ഭുനക്തു...
 സഹവീര്യം കരവാവഹൈ..
ഓം ശാന്തി..ശാന്തി..."
സംസ്കൃതം പഠിച്ചിട്ടില്ലാത്ത അലക്സ് ഡോക്ടര്‍ ശങ്കരന്‍ ആവശ്യപെട്ടതനുസരിച്ച്  താന്‍ ഇപ്പോള്‍  കേട്ടു കൊണ്ടിരിക്കുന്ന ശ്ലോകം ഏറ്റു ചൊല്ലി...
ഡോക്ടര്‍ ശങ്കരന്‍ തന്റെ കയ്യിലിരിക്കുന്ന മൊബൈലിന്റെ ഹെഡ് സെറ്റ് ചെവിയില്‍ തിരുകി എഫ്.എം റേഡിയോ
സ്റ്റേഷനുകള്‍ ട്യൂണ്‍ ചെയ്യാന്‍ തുടങ്ങി..ഏതാനും മിനിറ്റുകള്‍ കടന്നു പോയി..അദ്ദേഹത്തിന്റെ മുഖത്ത് ഒരു കുസൃതി ചിരിയുടെ പ്രകാശം തെളിഞ്ഞു...മറ്റൊരു ഡോക്ടര്‍ മാരില്‍ നിന്നും ഉണ്ടാകാത്ത ഒരു സമീപനമായിരുന്നു അത്..അലക്സിന്റെ മനസ്സില്‍ പ്രതീക്ഷ നിറഞ്ഞു.
പെട്ടെന്ന് ഡോക്ടര്‍ ശങ്കരന്‍ ചിരിക്കാന്‍ തുടങ്ങി...അതെ ,അദ്ദേഹം രോഗം കണ്ടു പിടിച്ചിരിക്കുന്നു!
അദ്ദേഹം അടുത്തു വന്ന് വായ് തുറക്കുവാന്‍ ആവശ്യപെട്ടു...പിന്നെ ടോര്‍ച്ച് അടിച്ച് അലക്സിന്റെ പല്ലുകള്‍
പരിശോധിച്ചു...താഴത്തെ അണപല്ലിന്റെ പല്ലിന്റെ പോട് അടച്ചിരിക്കുന്നത്(dental filling ) അദ്ദേഹം കണ്ട് പിടിച്ചു.അതുതന്നെയായിരുന്നു അദ്ദേഹം നോക്കിയതും.ആ ഡെന്റല്‍ ഫില്ലിംഗ് സ്വല്പം ഇളകി കിടക്കുന്നു " ആ ഡെന്റല്‍ ഫില്ലിംഗ് സ്വല്പം ഇളകി കിടക്കുന്നുണ്ട്..

അദ്ദേഹം അതൊരു ചെറിയ ഫോര്‍സെപ്സുകൊണ്ട് എടുത്തു...അതോടെ ഏതാനും ദിവസങ്ങളായി അലക്സിന്റെ ചെവിയില്‍ മുഴങ്ങിയിരുന്ന കലാ പരിപാടികള്‍ അപ്രത്യക്ഷമായി."വളരെ അത്യപൂര്‍ വ്വം കേസുകളില്‍ dentalfilling  ഒരു ക്രിസ്റ്റല്‍ റേഡിയോ ആയി പ്രവര്‍ത്തിക്കാറുണ്ട്.." ഡോക്ടര്‍ ശങ്കരന്‍ പറഞ്ഞു. പിന്നെ അദ്ദേഹം താന്‍ വായിച്ചു കൊണ്ടിരുന്ന the man who mistook his wife for a hat..എന്ന പുസ്തകം എടുത്ത് വീണ്ടും വായിക്കാന്‍ തുടങ്ങി....

Monday, January 16, 2012

റാദുഗ..ചില ചിത്രതാളുകള്‍

Svetlana,her father and Fyodor... in the shade of an apple tree...
ചില്ലു പാത്രത്തില്‍ , ഓര്‍മ്മ പൂക്കള്‍..
A naughty gang.....
മഞ്ഞു കാലം...
"our town of Arzamas was a quiet little place,all burried in gardens and orchards behind rickety
fences..."
ഒരു കഥയുടെ തുടക്കം....

"...one and all knew that they must live honourably,work hard,and love and cherish the vast,
happy land known as the Soviet union...."

Friday, January 13, 2012

റാദുഗ പബ്ലിഷേഴ്സ്...





ഒരു പക്ഷെ സോവ്യ്യറ്റ് യൂണിയന്റെ പതനത്തിനെ തുടര്‍ന്ന് ഇന്ത്യന്‍ പുസ്തകവിപണിയില്‍ നിന്ന് അപ്രത്യക്ഷമായ ഒരു പേരാണ് 'റാദുഗ പബ്ളിഷേഴ്സ്(RADUGA PUBLISHERS)'.എഴുപതുകളിലും എണ്‍പതുകളിലുമൊക്കെ മോസ്കൊയിലെ റാദുഗാ പബ്ലിഷേഴ്സ് പുറത്തിറക്കുന്ന ധാരാളം പുസ്തകങ്ങള്‍ ഇന്ത്യയില്‍ ലഭിച്ചിരുന്നു.കമനീയമായ കളര്‍ചിത്രങ്ങള്‍,മികച്ച അച്ചടി,ഗെറ്റ് അപ്,ബൈന്‍ഡിംഗ് - ഇതെല്ലാം റാദുഗ യുടെ പ്രത്യേകതകളാണ്. എത്രയോ ദൂരെ കിടക്കുന്ന ഭൂപ്രദേശങ്ങളും ജനങ്ങളുമൊക്കെ അന്നത്തെകുട്ടികള്‍ക്കു മുന്നില്‍ മിഴിവാര്‍ന്ന ജലചായ ചിത്രങ്ങളായി പ്രത്യക്ഷപെട്ടു.ഓരോ പുസ്തകവും വിസ്മയകരമായ സ്വപ്ന ലോകത്തിലേക്കുള്ള ജാലകങ്ങളായിരുന്നു.മഞ്ഞുകാലവും മഴവില്‍ പൂക്കളും ഹിമകരടികളും പൈന്‍ വൃഷങ്ങളും പിന്നെ ഫാക്ടറികളും തിരക്കേറിയ നഗരവീഥികളുമൊക്കെ യുള്ള ഒരു ലോകം...

“സൊവ്യയറ്റ് യൂണിയന്‍”എന്നു പേരുള്ള ഒരു മാഗസിനും മോസ്കോ ആസ്ഥാനമായുള്ള റാദുഗയില്‍ നിന്ന് അന്നു പ്രസിദ്ധീകരിച്ചിരുന്നു.ഇംഗ്ലീഷിലും മറ്റു ഇന്ത്യന്‍ ഭാഷകളിലും ഇതു നമുക്ക് ലഭ്യമായിരുന്നു.മലയാളത്തില്‍ ഈ മാഗസിന്‍' സോവ്യറ്റ് നാട്' എന്നപേരിലാണ് ഇറങ്ങിയത്..കമ്യൂണിസ്റ്റ് രാഷ്ട്രീയവുമായി ബന്ധമുള്ള പല വീടുകളിലും ഈ മാഗസിന്‍ അന്നുകാണാം. അമ്മാവന്റെ വീട്ടില്‍ വിരുന്നിന് പോകുമ്പോള്‍ ഈ മാഗസിനുകള്‍ അടുക്കായി എടുത്തു വച്ച് ചിത്രങ്ങള്‍ നോക്കുന്നത് എന്റെ ഒരു പ്രധാന ഹോബി ആയിരുന്നു .ആ താളുകളുടെ മിനുമിനുപ്പും നേര്‍ത്ത സുഗന്ധവും ഇപ്പോഴും അറിയുന്നതു പോലെ.

Raduga എന്ന റഷ്യന്‍ വാക്കിന്റെ അര്‍ഥം rain bow എന്നാണ് .' സയന്‍സ്,ജ്യോതിശാസ്ത്രം,ഫിക്ഷന്‍,,ഫാന്റ്സി, തുടങ്ങി പലമേഖലകളിലുമുള്ള പുസ്തകങ്ങള്‍

ഇവര്‍ പ്രസിദ്ധീകരിച്ചിരുന്നു. തലമുറകളെ ആഹ്ലാദിപ്പിക്കുകയും പഠിപ്പിക്കുകയുമൊക്കെ ചെയ്ത പുസ്തകങ്ങള്‍!

സയന്‍സ് പ്രത്യേകിച്ച് ഫിസിക്സ് എനിക്ക് പണ്ടേ ഇഷ്ടമായിരുന്നു,യാകോവ് പെരല്‍ മാന്റെ ' physics to entertain'

വായിച്ചതോടെ ഞാന്‍ ഒരു ഭൗതികപ്രേമി തന്നെ ആയി.

മോസ്കോയില്‍ നിന്നു നോക്കുമ്പോള്‍ ചന്ദ്രകല കുത്തനെയാണ് കാണപെടുകയെന്നും,നമ്മള്‍ വടക്കെ ആകാശചരിവില്‍ കാണുന്ന URSA MAJOR (സപ്തര്‍ഷികള്‍) എന്നതാരാഗണം അവര്‍ നേരെ തലക്കുമുകളിലായാണ് കാണുകയെന്നതും,ഒരുസ്റ്റീരിയോഗ്രാമില്‍ മറഞ്ഞിരിക്കുന്ന ത്രീ-ഡി ചിത്രം എങ്ങനേയാണ് നോക്കികാണേണ്ടത് എന്നുമൊക്കെഞാന്‍ റാദുഗയുടെ സചിത്രപുസ്തകങ്ങളില്‍ നിന്നു മനസ്സിലാക്കിയ വസ്തുതകളായിരുന്നു.

മേല്‍തരം വാട്ടര്‍കളര്‍ പെയിന്റ് ഉപയോഗിച്ച് ചെയ്യുന്ന illustration-നുകളോടെയുള്ള ചില്‍ഡ്രന്‍സ് വിഭാഗത്തില്‍ പെടുന്ന പുസ്തകങ്ങള്‍ അമൂല്യമായ കളിപാട്ടങ്ങള്‍ പോലെ ഇന്നും എന്റെ പുസ്തകശേഖരത്തിലുണ്ട്. പ്രധാനപെട്ടBOOK HOUSE-കളിലൊന്നും ഇപ്പോള്‍ റാദുഗാ പുസ്തകങ്ങള്‍ ലഭ്യമല്ല. വഴിയോരത്ത് നിരത്തിയിട്ടു വില്‍ക്കുന്ന പഴയ പുസ്തകങ്ങള്‍ക്കിടയില്‍ നിന്നോ സെക്കന്റ് ഹാന്‍ഡ് ബുക്ക് ഷോപ്പില്‍ നിന്നോ ഈ പുസ്തകങ്ങള്‍ വല്ലപ്പോഴും കിട്ടാം.

എന്റെ കളക്ഷനിലുള്ള പല പുസ്തകങ്ങളും ഇങ്ങനെ കിട്ടിയവയാണ്.പക്ഷെ ഒന്നിന്റെയും അരികുമടങ്ങുകയോ

കവര്‍ കീറുകയോ ചെയ്തിട്ടില്ല.ജലചായ ചിത്രങ്ങള്‍ അല്പം മങ്ങിയിട്ടുണ്ടെന്നെതൊഴിച്ചാല്‍ പുതുപുത്തന്‍.

പ്രഭാത് ബുക്സിന്റെ സഞ്ചരിക്കുന്ന പുസ്തകവാനില്‍ നിന്നും ആണ് വര്‍ഷങ്ങള്‍ക്കുമുന്‍പ് ഒരു റാദുഗാ പുസ്തകം അവസാനമായി എനിക്കുകിട്ടിയത്.Arkady gaidar-ന്റെ ഷോര്‍ട് സ്റ്റോറികളുടെ ഒരു കളക്‍ഷന്‍. ദി ബ്ലൂ കപ്,സ്കൂള്‍ തുടങ്ങിയ മനോഹരമായ കഥകളും ചിത്രങ്ങളും ഉള്ള പുസ്തകം ..പിന്നെ പത്തോ പന്ത്രണ്ടോ വയസ്സുള്ള കാലത്ത് ഞാന്‍ വളരെ ആസ്വദിച്ചു വായിച്ചിരുന്ന chuck and geck എന്ന കഥയും ഈ പുസ്തകത്തിലുണ്ട്.

ആ ഇരട്ടകുട്ടികളുടെ കൂടെ ,സദാ മുകളില്‍ ചുവപ്പുനക്ഷത്രമെരിയുന്ന മോസ്കോയില്‍ നിന്ന് അനേകം നാഴിക അകലെയുള്ള blue mountain -ന്റെ താഴ്വരയിലെ,അവരുടെ അച്ഛന്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്സിലേക്കുള്ള ആദ്യത്തെ തീവണ്ടിയാത്ര എങ്ങനെ മറക്കാന്‍!!സ്റ്റേഷനില്‍ നിന്ന് മഞ്ഞുവണ്ടിയില്‍ വിശാലമായ ടൈഗാ(taiga)

പ്രദേശത്തുകൂടെയുള്ള സഞ്ചാരം എത്ര സാഹസികമായിരുന്നു!ക്വാര്‍ട്ടേഴ്സില്‍ ചെല്ലുമ്പോഴാകട്ടെ ഒരു പട്ടികുഞ്ഞു പോലും കുരക്കാനുണ്ടായിരുന്നില്ല.അന്ന്അവര്‍ക്കൊപ്പം ഞാനും ഭയപെട്ടു.അതങ്ങിനെയെ വരുമെന്ന് എനിക്ക് നേരത്തെ അറിയാമായിരുന്നു.യാത്രമാറ്റിവയ്ക്കാന്‍ ആവശ്യപെട്ടുകൊണ്ടുള്ള അച്ഛന്റെ രണ്ടാമത്തെ ടെലഗ്രാം ഷൂപോളിഷ് ടിന്നില്‍ എടുത്തുവച്ച് പിന്നെ തല്ലുകൂടുന്നതിനിടയില്‍ അത് പുറത്തേക്ക് എറിഞ്ഞ് കളയുകയും,അത് മഞ്ഞില്‍ മൂടി പോവുകയും ചെയ്യുന്ന രംഗത്തിന് സാക്ഷിയായി ചുക്കിനും ഗെക്കിനുമൊപ്പം ഞാനും

ഉണ്ടായിരുന്നല്ലോ

!പക്ഷെ പാവം അമ്മ .അവര്‍ക്കൊന്നുമറിയില്ലായിരുന്നു.കാര്യങ്ങളുടെ കിടപ്പ് മനസ്സിലായപ്പോള്‍ അവര്‍ കരഞ്ഞില്ലെന്നെ ഉള്ളൂ.

1986 ല്‍ ആണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിട്ടുള്ളത്.എണ്‍പത്താറിനുശേഷം റാദുഗയില്‍ നിന്ന്

പുസ്തകങ്ങള്‍ ഒന്നും ഇറങ്ങിയിട്ടില്ല എന്നാണ് തോന്നുന്നത്.

ഓരോ റാദുഗാ പുസ്തകങ്ങളുടെയും അവസാനം ഇങ്ങനെ എഴുതിയിട്ടുണ്ടായിരിക്കും:

Raduga publishers would be glad to have your opinion of this book,its translation, and design and any suggestions you may have for future publication .

please send your comments to 17 ,zubovsky Boulevard,MOSCOW,USSR.

ദീര്‍ഘകാലമായി ഇവരുടെ പുസ്തകങ്ങള്‍ മാര്‍ക്കറ്റില്‍ നിന്ന് അപ്രത്യക്ഷമായപ്പോള്‍ ഞാനും ഒരിക്കല്‍ ഈ അഡ്രസ്സില്‍ എഴുതിയിരുന്നു(what happened to Raduga?!). പക്ഷെ ഒരിക്കലും മറുപടിവന്നില്ല എന്നു മാത്രം.അപ്പോഴേക്കും USSRന്റെ ശിഥിലീകരണം സംഭവിച്ചു കഴിഞ്ഞിരുന്നു.

കുട്ടികാലത്ത് ഇടയ്ക്കിടെ കാണുന്ന ഒരു സ്വപ്നമുണ്ട്.എപ്പോഴും സ്വപ്നം തുടങ്ങുന്നത് അടൂര്‍സിനിമയിലെ ഫ്രെയിം പോലെ വളരെ യാഥാര്‍ഥ്യ പ്രതീതിയോടെ ആണ്.ഞാന്‍ മുറിയില്‍ കട്ടിലില്‍ ചുരുട്ടിവച്ചിരിക്കുന്ന കിടക്കമേലിരുന്ന് 'അമ്പിളിഅമ്മാവന്‍' വായിക്കുന്നു. അടുത്ത് പഴയൊരു മേശ, മേശമേല്‍ ചിതറികിടക്കുന്ന വിസ്ഡം നോട്ട് ബുക്കുകള്‍, മുറിയുടെ മൂലയില്‍ ഒരു വെറ്റിലപെട്ടി , ഓട്ടുകോളാമ്പി....എവരിതിംഗ് വെരി ഒറിജിനല്‍.ഒരു സ്വപ്നത്തിന്റെ പരിവേഷമില്ലാത്ത തികച്ചും സാധാരണമായ ദൃശ്യങ്ങള്‍. അസാധാരണമായത് ഈ ദൃശ്യത്തിന്റെ sound track ആണ്. ഒരു സിംഫണിപോലെ കേള്‍ക്കുന്ന കളകൂജനം!.ജനലിലൂടെ നോക്കുമ്പോള്‍ അതിലും രസം... ! പുറത്ത് പൂത്തും തളിര്‍ത്തും ഒരു മഹാവനം!പന്നല്‍ ചെടികള്‍ ക്കിടയിലൂടെ ഒഴുകിവീഴുന്ന ജലധാര.ഒരു പൈന്‍ മരകൊന്‍പില്‍ ഇരുന്ന് മധുരകൂജനം ചെയ്യുകയാണ് ഒരു പക്ഷി .ഒരു അരയന്നത്തിനുമേല്‍ മഴവില്‍ നിറങ്ങള്‍ കുടഞ്ഞതുപോലെ മനോഹരം! ..മയിലിനെ പോലെ നീണ്ടവാലും ഉണ്ട് .!!.

സ്വപ്നം ഇത്രയേ ഉള്ളൂ. ഉണര്‍ന്നുനോക്കുമ്പോള്‍ ജനലപ്പുറം വൈക്കോല്‍ മേഞ്ഞതൊഴുത്തും ചമ്പതെങ്ങും ഒരു കശുമാവും മാത്രം.എന്തൊരു വിരസമായ കാഴ്ച!

ഇതേ സ്വപ്നം ഇടയ്ക്കിടെആവര്‍ത്തിച്ചു.പക്ഷെ അത്ഭുതം അതല്ല..ഒരിക്കല്‍ തൊടിയിലൂടെ നടക്കുമ്പോള്‍ എനിക്കൊരു തൂവല്‍ കിട്ടി. ആറേഴു വര്‍ണ്ണങ്ങളും എണ്ണിയെടുക്കാവുന്ന ഒരു തൂവല്‍ ..A Rare specimen.!!! ആരോ പറഞ്ഞു;അതൊരു പൊന്മാനിന്റെ തൂവലാണെന്ന്.പക്ഷെ,പൊന്മ തൂവലിനു ഇത്രയും നിറഭേദങ്ങള്‍ കാണുകയില്ല.

ആ സ്വപ്ന പക്ഷിയുടെ തൂവല്‍ ഒരു പാടുകാലം ഞാന്‍ സൂക്ഷിച്ചുവച്ചിരുന്നു.

പിന്നെ എപ്പോഴൊ അതു നഷ്ടമായി.ഈ തൂവല്‍ പോലെയാണ് റാദുഗാ പുസ്തകങ്ങള്‍ എന്ന് എനിക്ക് തോന്നാറുണ്ട്.. സ്വപ്നത്തിന്റെ ചിറകില്‍ നിന്നും ജീവിതത്തിന്റെ പരുക്കന്‍ വഴിതാരയില്‍ പാറിവീണ മഴവില്‍ തൂവല്‍

Saturday, December 24, 2011

അന്തിക്കാടും ഞാനും


തൃപ്രയാര്‍ തൃപ്പടിയും കടന്ന് മുറ്റിച്ചൂര്‍ പാലവും കയറിയിറങ്ങി,പെരിങ്ങോട്ടുകരക്കും കാഞ്ഞാണിക്കും ഇടയില്‍ കിടക്കുന്ന നാട്ടിന്‍ പുറത്തെ ഇടവഴികളിലൂടെ ഞങ്ങളുടെ ഒപാല്‍ ആസ്ട്ര ഒഴുകാന്‍ തുടങ്ങി. തോലു പൊട്ടിയ തബലയില്‍ കൊട്ടുന്നതുപോലെ ഗ്രാമത്തിന്റെ തനതു താളം കേള്‍ക്കുന്നു-;തെങ്ങിന്‍ മണ്ടയില്‍ ഏതോ ഈഴവന്റെ കള്ളുചെത്ത്! മൂ വന്തിനേരം.അന്തിക്കള്ളിന്റെ ഗന്ധം.സ്ഥലം അന്തിക്കാടു തന്നെ.. കാറില്‍ ബോണീയെം നൊസ്റ്റാള്‍ജിയ അലയടിച്ചുകൊണ്ടിരിക്കുന്നു. we kill the world ..,sad movies always make me cry...ഇതെല്ലാം കഴിഞ്ഞ് ഇപ്പോള്‍ country roads take me home എന്നഗാനം. വെസ്റ്റേണ്‍ മ്യൂസിക് പൊതുവെ താത്പര്യം കുറവാണ്..എന്നാല്‍ ബോണീയെം ഇപ്പോഴും ഒരു ലഹരിയാണ്-;(മദ്യം കഴിക്കാത്തവനും 'മധുരക്കള്ള്' ഇഷ്ട പെടുന്നതു പോലെ..) പുറത്തെ ദൃശ്യങ്ങള്‍ ,ഒരു ഇംഗ്ലീഷ്

സിനിമയിലെ സ്പാന്നിംഗ് ഷോട്ട് പോലെയാണ് കാണപെടുന്നത്.നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ഇടിമിന്നലില്‍ നിന്നു തിരികൊളുത്തിയ കെടാവിളക്ക് സൂക്ഷിച്ച് വച്ചിരിക്കുന്ന ഇല്ലവും, ദിവസവും രാവിലെ പതിനായിരത്തൊന്നു പൂക്കള്‍ വിരിയുന്ന താമരപാടവും പിന്നിട്ട് ഒരു ചെറിയ ഉള്‍പാടവും കഴിഞ്ഞപ്പോള്‍ പഞ്ചാരമണ്ണില്‍ ചുവന്ന കാര്‍പെറ്റ് വിരിച്ചിട്ടിരിക്കുന്ന രവിചേട്ടന്റെ വീട്ടു മുറ്റത്തെത്തി.മുകളിലേക്ക് നോക്കിയപ്പോള്‍ ചിത്രപണിചെയ്ത പന്തലും ഉള്ളിലേക്ക് കയറിയപ്പോള്‍ പട്ടു വസ്ത്രമണിഞ്ഞ അതിഥികളും,അതിഥികള്‍ ക്കിടയില്‍ മണവാട്ടിയുംപ്രത്യക്ഷപെട്ടു.കല്യാണപെണ്ണിനെ കണ്ടതും ഞാന്‍ അന്ധാളിച്ചുപോയി. ഈ അടുത്തുവരെ ടോട്ടോ ചാനെ പോലെ ഇരുന്ന പെണ്‍കുട്ടിയാണ്.ഇന്നവള്‍ നാളത്തെ നവവധു!!അപ്പോഴേക്കും രവിചേട്ടനും വീട്ടുകാരും സീനാന്റി വന്നില്ലേ ...രേഷ്മയെ കൂട്ടാമായിരുന്നില്ലേ തുടങ്ങിയ പരിഭവങ്ങളുമായിഎത്തി.തുടര്‍ന്ന് സമ്മാനദാനം, ഫൈവ് കോഴ്സ് ഫീസ്റ്റ്,നിറഞ്ഞുതുളുമ്പുന്ന കട്ട് ഗ്ലാസ്സ്...എല്ലാം എല്ലാം.. ഒരു ലൈവ് സിനിമ ആസ്വദിക്കുന്ന മട്ടില്‍ ഞാന്‍ ഇരുന്നു.... പെട്ടെന്ന് പുറത്തൊരു വാന്‍ വന്നുനിന്നു.വാനില്‍ നിന്നു മോഡല്‍സിനെ പോലെ തോന്നിക്കുന്ന ഏതാനും പെണ്‍കുട്ടികളും ആണ്‍കുട്ടികളും ക്യാറ്റ് വാക്കു നടത്തികൊണ്ട് ഇറങ്ങി വന്നു.

കയ്യില്‍ വലിയ ലഗേജുകള്‍.മുഖത്ത് ദീര്‍ഘയാത്രയുടെ ക്ഷീണം.എല്ലാവരും ബാംഗ്ലൂരില്‍ പഠിക്കുന്ന രവിചേട്ടന്റെ മകളുടെ സഹപാഠികള്‍. "വൗ.(wow).", "നൈസ്" തുടങ്ങിചെറിയൊരു കോലാഹലത്തിനുശേഷം വിസിറ്റിംഗ് റൂം ശാന്തമായി.ഇപ്പോള്‍ ബഹളം അപ്സ്റ്റയറിലാണ്.

പിന്നെ ഡോക്ടര്‍ ശങ്കരനും കുടുംബവും എത്തി." എയ്ഡ്സിനു വരെ മരുന്നായി..ഇതുവരെ കഷണ്ടിക്ക് മരുന്നൊന്നും

കണ്ട് പിടിച്ചില്ലേ ഡോക്ടറെ?! വയസ്സ് മുപ്പതു കഴിയും മുന്‍പ് മുഴുകഷണ്ടിയായി മാറിയ ഒരു ബന്ധു ഡോക്ടറോട്

കുശലം ചോദിച്ചു.." കഷണ്ടിക്കു മരുന്നൊന്നുമില്ല...പക്ഷെ ചികിത്സയുണ്ട്..."

"ഉവ്വോ..എന്ത് ചികിത്സ"

"അസൂയ മനസ്സില്‍ നിന്നും പാടെ മാറ്റുക...പ്രത്യേകിച്ചും മുടിയുള്ളവരോടുള്ള അസൂയ" ചായം തേച്ചു കറുപ്പിച്ചതെങ്കിലും സമൃദ്ധമായ തന്റെ മുടിയിലൂടെ വിരലോടിച്ച് കൊണ്ട് അദ്ദേഹം പറഞ്ഞു.

സമയം പൊയ്കൊണ്ടിരുന്നു. പലരും വരുന്നു; പോകുന്നു.മറ്റുകൗതുകങ്ങളൊന്നു മില്ലാതെയായപ്പോള്‍ എന്റെ ശ്രദ്ധ മുറിയില്‍ പാടികൊണ്ടിരുന്ന സ്റ്റീരിയോയിലേക്ക് തിരിഞ്ഞു."താമര കുരുവിക്ക് തട്ട മിട്...,തങ്കകിനാവിന്റെ കമ്മലിട്.."

എന്നൊക്കെ കുറെ നേരമായി ഗായിക ആവശ്യപെടുന്നു.മൃദുലമായ ശബ്ദത്തിലാണെങ്കിലും അതൊരു ആജ്ഞയായിരുന്നു.പക്ഷെ ആരും അവരെ മൈന്റ് ചെയ്യുന്നതായി തോന്നിയില്ല..

അങ്ങനെയിരിക്കുമ്പോള്‍ " സത്യന്‍...സത്യന്‍.'' എന്ന് മൂന്നോ നാലോ തവണ ഉരുവിട്ടുകൊണ്ട്

..രവിചേട്ടന്‍ പന്തലില്‍ നിന്നും ഓടിവന്നു.പിന്നാലെ,ഒരല്പം സ്ലോ മോഷനില്‍,സാക്ഷാല്‍ സത്യന്‍ അന്തിക്കാടും അദ്ദേഹത്തിന്റെ ഭാര്യ നിമ്മിയും വാതില്‍ പടിയും കടന്ന് എത്തി.വന്നിരുന്നതും ചിരപരിചിതനായ ഒരു കുടുംബ

സുഹൃത്തിനെ പോലെ അദ്ദേഹം സംഭാഷണം തുടങ്ങി.സത്യത്തില്‍ അങ്ങനെ തന്നെ ആയിരുന്നു താനും .പക്ഷെ എനിക്കറിയില്ലായിരുന്നു എന്നു മാത്രം.രവിചേട്ടന്റെ അയല്‍ കാരന്‍,സഹ പാഠി,എന്നു മാത്രമല്ല രവിചേട്ടന്റെ കസിന്‍ അദ്ദേഹത്തിന്റെ സംഭവ ബഹുലമായപ്രണയ കഥയില്‍ സഹായിയുടെ റോളും നിര്‍ വഹിച്ചിട്ടുണ്ട്.

കോള്‍ പാടത്തെ കൃഷിയെ കുറിച്ചാണ് സത്യന്‍ അന്തിക്കാട് സംഭാഷണം ആരംഭിച്ചത്. (രവിചേട്ടനും കുടുംബവും നല്ല കൃഷികാരും കൂടിയാണ്.പറമ്പില്‍ ആനകൊന്‍പ് വലിപ്പമുള്ള നേന്ത്രവെണ്ടയും ക്രിക്കറ്റ് ബോളിനോളം പോന്ന തക്കാളിയുമെല്ലാം കായ്ചു നില്‍ക്കുന്നത് ഇവിടിരുന്നു നോക്കുമ്പോള്‍ ജനനിലൂടെ കാണാം...).പക്ഷെ അവിടെ കൂടിയിരുന്നവര്‍ക്ക് സിനിമയെ കുറിച്ച് സംസാരിക്കാനായിരുന്നു താത്പര്യം...എനിക്കും അങ്ങനെ തന്നെ ,പക്ഷെ ഒരു proper entry ക്കു വേണ്ടി ഞാന്‍ വെയ്റ്റ് ചെയ്യുകയാണ്.എനിക്ക് പരിചയമുള്ള ബന്ധുക്കള്‍ പലരും അദ്ദേഹത്തെ "സത്യന്‍ ...സത്യേട്ടന്‍ '' എന്നൊക്കെ വിളിക്കുന്നത് തെല്ലൊരു അസഹിഷ്ണുതയോടെ ഞാന്‍ കേട്ടിരുന്നു.

"ഞാന്‍..ഞന്‍ ..'' എന്ന് വിക്കികൊണ്ട് അവരുടെ സംഭാഷണത്തിനിടക്ക് കയറാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. അദ്ദേഹം അപ്പോള്‍ 'ലാല്‍ അമേരിക്കയില്‍ പോയതു കൊണ്ട് ഷൂട്ടിംഗിന്ന് ബ്രേക്ക് വന്നതും ...നല്ല തിരക്കഥകള്‍ക്കുള്ള ക്ഷാമത്തെ കുറിച്ചു മൊക്കെ വിവരിക്കുകയായിരുന്നു. "ഇപ്പോള്‍ നാട്ടിലുണ്ടല്ലേ! "ഒരു ചെറിയ ഗ്യാപ് കിട്ടിയപ്പോള്‍ ഞാന്‍ ഇടക്കു കയറി.

" ഇപ്പോഴെന്നല്ല, എപ്പോഴും നാട്ടില്‍ തന്നെ.ഇടക്ക് വല്ലപ്പോഴും ഷൂട്ടിംഗ് ഉള്ളപ്പോള്‍ മാത്രം പുറത്ത്" അന്തിക്കാടു പറഞ്ഞു

.അപ്പോഴേക്കും രവി ചേട്ടന്‍ എന്നെ പരിചയ പെടുത്തി:

"കുഞ്ഞാപ്പന്റെ മരുമോന്‍..." പരിചയപെടുത്തല്‍ കഴിഞ്ഞപ്പോള്‍ എന്റെ വര്‍ക്കിനേക്കാളും എന്റെ വര്‍ക്കിംഗ് പ്ലേസ് അദ്ദേഹത്തിന്റെ താത്പര്യ മുണര്‍ത്തി.."ഉവ്വ് ...ഞാന്‍ പലതവണവന്നിട്ടുണ്ട്..കുന്നും മലയും വിശാലമായ റബര്‍ എസ്റ്റേറ്റുകളുമുള്ള സ്ഥലമല്ലേ...". “അതെ.. മനോഹരമായ ലൊക്കേഷന്‍ ആണ് …..ഇപ്പോള്‍ പാട്ടുകള്‍ എഴുതാറില്ലേ?..." ഞാന്‍ ചോദിച്ചു.

അപ്പോള്‍ എല്ലാവരും പരക്കെ അംഗീകരിച്ചിട്ടുള്ള സത്യന്‍ അന്തിക്കാട് എന്ന സം വിധായകനെക്കാള്‍ lyricist ആയ അന്തിക്കാടിനെ അഭിസംബോധന ചെയ്യാന്‍ ആണ് ഞാന്‍ ആഗ്രഹിച്ചത്. കൂട്ടത്തില്‍ അല്പം വ്യത്യസ്തമാവാന്‍ അതാണ് നല്ലതെന്നു തോന്നി...

" പാട്ടുകള്‍ ശ്രദ്ധിക്കാറുണ്ടോ?

അന്തിക്കാട് മറുചോദ്യം ചോദിച്ചു.

“(.നീലാംബരത്തിലെ നീരദ കന്യകള്‍ നിന്‍ നീല മിഴി കണ്ടു മുഖം കുനിച്ചു)..

(ഒരു പ്രേമ ഗാനം പാടി ..ഇളം തെന്നലെന്നെ ഉറക്കി..,)(ദൂരെ പ്രണയ കവിത എഴുതുന്നു വാനം.)..ഇതൊക്കെ എസ്റ്റാബ്ലിഷ്ഡ് കവികളുടെ സൃഷ്ടി ആണെന്നാണ്..

ഞാന്‍ ആദ്യം വിചാരിച്ചിരുന്നത്..." ഒറ്റശ്വാസത്തില്‍ എല്ലാം പറഞ്ഞു കഴിഞ്ഞപ്പോള്‍ ഞാന്‍ കിതച്ചു.

" ആദ്യത്തെ പാട്ടെഴുതിയത് ഇരുപത്തൊന്ന് വയസ്സുള്ളപ്പോഴാണ്..." അദ്ദേഹത്തിന്റെ ശബ്ദം പെട്ടെന്ന് മൃദുവായതു പോലെയും കണ്ണില്‍ ഓര്‍മ്മകള്‍ ഒളിചിന്നിയതു പോലെയും എനിക്ക് തോന്നി.

"(ഓ മൃദുലേ...ഹൃദയ മുരളിയിലൊഴുകി വാ..,)(താരകേ മിഴിയതളില്‍ കണ്ണീരുമായി..താഴെ തിരയുവതാരെ)( രജനീ പറയൂ പൂനിലാവിന്‍ പരിലാളനത്താല്‍ നൊമ്പരങ്ങള്‍ മായുമോ...").."

ഒരു സ്കൂള്‍ കുട്ടിയുടെ അഭിമാനത്തോടെ കാണാ പാഠം ചൊല്ലികൊണ്ട് അന്തിക്കാടിന്റെ എല്ലാ പാട്ടുകളും

എനിക്കറിയാമെന്ന് ഞാന്‍ തെളിയിച്ചു.പിന്നീട് സിനിമാ ഫീല്‍ഡിലെ മറ്റു പാട്ടെഴുത്തുകാരെ കുറിച്ചായി

വര്‍ത്തമാനം.

"റഫീക് അഹമ്മദിന്റെ വരികള്‍ വളരെ കാവ്യാത്മകമാണ്.."

" വളരെ ശരിയാണ്... 'ഏഴാം ബഹറിന്റെ ചെമ്പക പൂവിതള്‍ വീണു കുളിര്‍ത്ത വെള്ളം എന്ന വരികളാണ് ഞാന്‍ ആദ്യം ശ്രദ്ധിച്ചത്.; പറയാന്‍ മറന്ന പരിഭവങ്ങളൊക്കെ അതിനു മുന്‍പ് എഴുതിയതാണെങ്കിലും. പിന്നെ ഋതുവിലെ ആ മനോഹരമായ പാട്ട്..(വേനല്‍ കാറ്റില്‍ നമ്മില്‍ പൂക്കല്‍ പോലെ ഓര്‍മ്മകള്‍...) എല്‍സമ്മ എന്ന ആണ്‍കുട്ടിയില്‍ ...(ആയിരം പാടെഴും പൂഴിയില്‍ ഞാന്‍ നിന്റെ കാലടി മാത്രമെ കണ്ടൂ..)."

പക്ഷെ ഈ സംഭാഷണം ഇങ്ങനെ തുടരാന്‍ നിവര്‍ത്തിയുണ്ടായിരുന്നില്ല.അതിഥികളില്‍ പലരും ഓരോരുത്തരായി എത്തി .എന്റേതുള്‍ പെടെ എല്ലാവരുടെയും കത്തി സഹിക്കാന്‍ വയ്യാഞ്ഞിട്ടാണൊ എന്നറിയില്ല അന്തിക്കാട് പോകാന്‍ തിരക്കുകൂട്ടി. പോകാന്‍ നേരം അന്തിക്കാട് എനിക്ക് ഷേക്ക് ഹാന്‍ഡ് തന്നോ എന്നു വ്യക്തമായി ഞാന്‍ ഇപ്പോള്‍ ഓര്‍ക്കുന്നില്ല. പക്ഷെ ഭാര്യ നിമ്മിയോട് പറയുന്നതു കേട്ടു... " കക്ഷി പാട്ടിന്റെ വരികള്‍ ആസ്വദിക്കുന്ന ആളാണ്..".

july 9.അപ്പോള്‍ തന്നെ ആദിവസം ഞാന്‍ സുവര്‍ണ്ണ ലിപികളില്‍ കുറിച്ചിട്ടു.മറ്റെ വിടെയുമല്ല-മനസ്സില്‍ തന്നെ.!പ്രശസ്തനായ ഒരു സംവിധായകനോട് രണ്ട് വാക്കുകള്‍ നേരിട്ട് സംസാരിച്ച ദിവസം.!!

ഞാന്‍ അപ്പോള്‍ ആലോചിച്ചത് സത്യന്‍ അന്തിക്കാട് എന്നെ എന്നെങ്കിലും എവിടേയെങ്കിലും വച്ചുകണ്ടാല്‍ തിരിച്ചറിയുമോ എന്നാണ്.തീര്‍ച്ചയായും അടുത്തുതന്നെ വീണ്ടും ഞാന്‍ അദ്ദേഹത്തിനെ കണ്ടു.കല്ല്യാണ സ്റ്റെജില്‍ വച്ചായിരുന്നു അത്.മുഖാ മുഖം വന്നപ്പോള്‍ ഞാന്‍ പറഞ്ഞു; 'ഹായ്..'അദ്ദേഹം മുഖത്ത് നേര്‍ത്ത ഒരു ചിരി വിടര്‍ത്തുകയും ഗൗരവത്തില്‍ തലയിളക്കുകയും ചെയ്തു.പക്ഷെ ആലുവാ മണപുറത്തു വച്ചുകണ്ട പരിചയം അവിടെ ഉണ്ടായിരുന്നില്ല. .അത് മനപൂര്‍ വ്വമായിരുന്നില്ല താനും.മറവിയുടെ സത്യസന്ധത മുഖത്ത് വ്യക്തമായിരുന്നു. സത്യന്‍ സത്യമായും എന്നെ മറന്നു കഴിഞ്ഞിരുന്നു.

‘രവിചേട്ടന്റെ... ഭാര്യയുടെ.. കുഞ്ഞാപ്പന്റെ ..’എന്നൊക്കെ പറഞ്ഞ് വീണ്ടും പരിചയം പുതുക്കാമായിരുന്നു. പക്ഷെ അപ്പോഴേക്കും പ്രമുഖരായ പലരും പരിചയപെടാനും കൂടെ നിന്ന് ഫോട്ടോ എടുക്കാനുമൊക്കെ തിരക്കികൊണ്ടെത്തി.അതു കഴിഞ്ഞതും അന്തികാട് അപ്രത്യക്ഷമാവുകയും ചെയ്തു.