Thursday, July 9, 2009

ജോലിയില്ലാത്തവന്റെ സിക്ക് ലീവ്...


ഈ ..ഈസി ചെയറില്..തലവേദനയും വയറ്റില് സുഖമില്ലായ്മയും
അഭിനയിച്ച് ഇങ്ങനെ അലസമായി കിടക്കാന് .എന്തുസുഖം. ..
ഇടക്ക് അമ്മവന്ന് അസുഖവിവരം അന്വേഷിച്ചു പോയി..അനിയന്റെ നിഴല്
കണ്ടപ്പോള് താരകന് കണ്ണുമടച്ചൊന്നു ഞ്ഞെരങ്ങി..“ഹാവൂ ...അമ്മേ”
ചേട്ടാ അനാ‍സിന് വല്ലതും വേണോ?അല്ലെങ്കിൽ ശങ്കരൻ ഡോക്ടറെ കാണിക്കണോ?
വേണ്ടാ ...നിങ്ങളെല്ലാവരും എന്നെ ഒന്നു വെറുതെ വിട്ടാല് മതി..പ്ലീസ്’
ഒരു തലവേദനക്കാരന്റെ ദേഷ്യം അഭിനയിച്ചുകൊണ്ട് പറഞ്ഞു.
രാവിലെ തന്നെ പാലുകൊണ്ടകൊടുക്കാന് പറഞ്ഞതിന് അവന് അമ്മയുമായി .
ഒരങ്കം കഴിഞ്ഞിരിക്കുകയാണ്.അവന് തലയും ചൊറിഞ്ഞുകൊണ്ട് അവിടെ നിന്ന്
വലിഞ്ഞു...(ഈ ഡോക്ടർ ശങ്കരൻ എന്ന് പറഞ്ഞത് അടുത്തസർക്കാരാശുപത്രിയിലെ
ഡോക്ടറാണ്.കാര്യം വിദഗ്ദനൊക്കെയാണ്.പക്ഷെ ഭയങ്കര ഏബ്സന്റ് മൈൻഡഡ് ആണ്.
ഒരിക്കൽ പാസ്പോർട്ടിന്റെ മൂന്നാലു കോപ്പി അറ്റസ്റ്റ് ചെയ്യിക്കാന് ചെന്നപ്പോള്.കക്ഷി
എല്ലാത്തിലും ഒരു പുഞ്ചിരിയോടെ വേഗം ട്രൂകോപ്പി എന്നെഴുതി ഒപ്പിട്ടുതന്നു.എന്നിട്ട്
അവസനം പറയാ. ഇതൊക്കെ ഭക്ഷണത്തിനു ശേഷം കഴിക്കണംന്ന്.ഞാന് എന്താ..എന്താ
എന്ന് പരിഭ്രമിച്ചപ്പോള് ഒരു ചമ്മിയ ചിരിയോടെ അദ്ദേഹം പറഞ്ഞു. സോറി,എല്ലാം ഓഫീസില്
കൊണ്ട് സീലുവക്കു..)
അങ്ങനെ രംഗം ശാന്തമായപ്പോള്താരകന് ഈസി ചെയറില്ഒന്നുകൂടെ അമർന്ന്
വഴിയെ പോകുന്നസുന്ദരികളെയും,മാനത്തുകൂടെ പോകുന്ന പക്ഷികളെയും നോക്കി
ചില വാസര സ്വപ്നങ്ങളും കണ്ട് അങ്ങനെ ഇരിപ്പായി.
സ്വതവേ ഒരു ബിസി ബീ ആ‍യ താരകനിന്ന് എല്ലാത്തില് നിന്നും ഒരവധി..
ഭാവിയില്നല്ലൊരു ജോലി കിട്ടുമ്പോള് വേണം ഒരവധിയുമെടുത്ത് ഇതു പോലെ ആഘോഷിക്കാന്..
,ഇന്നലെ വരെ ഒരു പോത്തിനെ പോലെ പണിയെടുത്ത് ഓടി നടന്നിരുന്ന
താരകന് ഇന്നിങ്ങനെ പെട്ടെന്ന് സിക്ക് ലീവെടുക്കാന് ഒരു കാരണമുണ്ട്..
തറവാട്ടിലെ രണ്ടാണ്തരികളില് മൂത്തവനാ‍ണ് താരകന്.ഇളയവന് രമേശന്.ഇതുകൂടാതെ ഇടക്കൊക്കെ വന്നു
പോകുന്ന കെട്ടിച്ചുവിട്ട ഒരു പെങ്ങളും ഉണ്ട് .രമേശന് അടുത്ത ഒരു എയിഡഡ് സ്കൂളിലെ പിയൂണാണ്.പിയൂണാ
ണെന്ന് പറഞ്ഞിട്ട് കാര്യമില്ല. സ്കൂള് മാനേജരെക്കാള് ഗമയിലാണ് അവന്റെ നടപ്പ്.സോറി ,അവന് നടക്കാറില്ല.
അമ്മൂമ്മ പറയുന്നതുപോലെ തൂറാന് പോണെങ്കിലും അവന് കൂട്ടറ് വേണം.അതിന്മേലാണ് എപ്പഴും പറക്കല്.
പിന്നെ സ്വന്തമായി ഒരു ഗ്ലാമറസ് മുഖവും,അതിനൊക്കെ ഇണങ്ങുന്ന വേഷഭൂഷാദികളും അവനുണ്ട്..ഒരു നോക്കിയ
മോബൈലും.സർക്കാരിന്റെ എണ്ണിചുട്ട അപ്പം കൂടാതെ ചിലസൈഡ് ബിസിനസ്സുകളുമുണ്ട് അവന്.അതൊക്കെ പിന്നെ
പറയാം..
താരകന് ഇങ്ങനെയൊന്നുമല്ല ഒരു പാവമാണ്.അനിയനെ ക്കാള് പഠിപ്പുണ്ടെങ്കിലും ഒരു നല്ല ജോലി കയ്യിലില്ല.
പക്ഷെ,മെയ്യെനങ്ങി പണിയെടുക്കാന് ഒരു മടിയുമില്ല താരകന്..രണ്ടേക്കർ പറമ്പും അമ്പതു പറനിലവുമുള്ള
തറവാട്ടിലെ മൂത്തസന്താനമായ താരകന് ഒരു വൈറ്റ് കോളാറ് ജോബിന്റെ ആവശ്യം ഇന്നലെ വരെ തോന്നിയിരുന്നില്ല
എന്നതാണ് സത്തിയം..ഇന്നലെ വരെ..
കാഴ്ച്ചക്കും,നാലാ‍ളോടിടപഴകാനും രമേശന്റെ അത്ര പോര താരകന് .എന്ന് വച്ച് ഒരു തളത്തിൽ ദിനേശനൊന്നുമല്ല താരകന്.
എന്നാലും വീട്ടുകാർക്കും നാട്ടുകാർക്കും പകലന്തി പണിയെടുക്കുന്ന താരകനെ കഴിഞ്ഞുള്ളൂ‍ മറ്റാരും.,, എന്നായിരുന്നു തന്റെ
ഇന്നെലെ വരെയുള്ള ധാരണ...അതെ,ഇന്നലെ വരെ..
ഇന്നലെ ഉണക്കയടക്ക തല്ലിയതും വിറ്റ് ചന്തയില്നിന്ന് വരുമ്പോള് നേരം വളരെ വൈകിയിരുന്നു.
പോരും വഴിക്ക് അപ്സര ബാറില് കയറി.ചെറുതായൊന്നു മിനുങ്ങി.ഹേയ്...കാര്യമായിട്ടൊന്നുല്ല്യാന്നെ..ഒരു ടംബ്ലർ നിറയെ
ഗോൾഡൻ ബിയറ്..സന്ധ്യക്ക് വീട്ടില്കയറി വരുമ്പോള് അമ്മ വടക്കാപുറത്ത് നിന്ന് അമ്പുനായരുമായി എന്തൊ കുശുകുശുക്കുന്നു.
മെലിഞുണങി കാണാൻ ഒരു മെനയുമില്ലാത്ത മനിശനാണ് അമ്പുനായര്..എന്നിട്ടും ആളെകണ്ടപ്പോള്എനിക്ക് സഹിക്കാനാവാത്ത
സന്തോഷം തോന്നിയത് മറ്റൊന്നും കൊണ്ടല്ല..നാട്ടിലെ പ്രമുഖനായ ബ്രൊക്കറാണ് അയ്യാള്.
ഈ കർക്കിടകത്തില് മുപ്പതു തികഞ്ഞപ്പോള് അമ്മക്ക് ഞാനൊരു സൂചനകൊടുത്തിരുന്നു.“.മുപ്പതു തികഞ്ഞാ മൂക്കില് പല്ലുമുളക്കാൻ
അധികം താമസമില്ല” ഒരു പുതിയാ പഴഞ്ചൊല്ലും അമ്മക്ക് കേൾപ്പിച്ച് കൊടുത്തു..പണ്ടും അതൊക്കെ പറയുമ്പോ
അമ്മക്കുണ്ട് ഒരു ഉരുണ്ട് കളി... ഇപ്രവശ്യമെന്തായാലും അമ്മക്ക് സംഗതികളുടെ കാര്യഗൌരവം മനസ്സിലായിട്ടുണ്ട്.
അതിന്റെ ആഫ്ടർ ഇഫക്റ്റായി ഇതാ അമ്പു നായര് അടുക്കളമുറ്റത്തെത്തിയിരിക്കുന്നു.
താരകന് അവരുടെ സംഭഷണം അടുക്കള കിണറിന്റെ തൂണുമറഞ്ഞു നിന്ന് കാതോർത്തു.
“അപ്പോ മൂത്തവനിപ്പോ ആലോചിക്കാണ്ടാന്നാണൊ ..മാധവിയ്മ്മ പറയണത്.. “
“ അതേന്നെയ്..അവന് സമയാവുമ്പോ ഞാന് പറയാം നായരെ...ഒരു നല്ലജോലിയൊക്കെ ആവട്ടെന്ന്.
നിങ്ങളിപ്പോ രമേശന് ഞാന് പറഞ്ഞ കുട്ടിയെ ഒന്ന് ആലോചിക്ക്.. അമ്പാടി മാഷ്ടെ ആ ടി.ടി.സി
കഴിഞ്ഞിരിക്കുന്ന കുട്ടില്ല്യേ..” അമ്മേ..കുന്തീ ദേവീ ...ഇത്രയും ദുഷ്ടത്തരമാകാമൊ..“
താരകൻ നേരെ ചെന്നു കുർളോൺ കിടക്കയിൽ വീണു.പിന്നെ
തലവഴി പുതപ്പു മൂടി ഒരു നാടകത്തിന്റെ തിരശ്ശീലക്കുള്ളിൽ മിണ്ടാതെകിടന്നു.
‘ജോലിയില്ലാത്തവനെത്രെ...ഹും...കാണിച്ചുകൊടുക്കുന്നുണ്ട്..”
കുറച്ചു കഴിഞ്ഞ് അമ്മവന്ന് രംഗദീപം തെളിച്ചു:
ങ്ങാഹാ... ഇവിടെ വന്നു കിടപ്പാണോ..അടക്കവിറ്റി ട്ടെത്രകിട്ടിയെടാ...
“ഒന്നു പോകുന്നുണ്ടോ അവിടന്ന്..മനുഷ്യനിവിടെ തലവേദനയെടുത്ത് കിടക്കുമ്പോഴാ ഒരു പായാരം..”
നാടകത്തിലെ പ്രഥമ ഡയലോഗ് കേട്ട് അമ്മവിരണ്ടു... ബീ‍റിന്റെ ലഹരിയിൽ ചുവന്ന കണ്ണുകൾ
അമ്മ ആശങ്കയോടെ നോക്കി. ഭക്ഷണം കഴിക്കാൻ വിളിച്ചപ്പോൾ താരകൻ വേണ്ടെന്നു പറഞ്ഞു.വിശപ്പില്ല.
ആനയെ വിഴുങ്ങാനുള്ളവിശപ്പുണ്ടായിരുന്ന നേരത്താണ് ആനുണ പറഞ്ഞത്.. അതിനുള്ളത് രാത്രി വൈകിയപ്പോൾ
അനുഭവിക്കുകയും ചെയ്തു. എരിപൊരി സഞ്ചാ‍രം നിൽക്കകള്ളിയില്ലാതായി നേരെ അടുക്കളയിലേക്ക് നടന്നു.
അവിടെ ഒരു കലത്തിൽ വെള്ളത്തിലൊഴിച്ചിട്ടിരുന്ന തന്റെ ചോറ് ഊറ്റിയെടുത്ത് വാരിവാരി തിന്നു.
പിന്നെ ഒരു സ്വാഭാവികതക്കുവേണ്ടി ചോറ്റുകലം തട്ടി മറച്ചിട്ടു. വയറു നിറഞ്ഞ് ഉറങ്ങാൻ കിടക്കുമ്പോ ഒരുറച്ച തീരു
മാനം എടുത്തിരുന്നു.. നാളെ സിക്ക് ലീവ്..
പിറ്റെന്നു,
അമ്പലത്തില് നിന്നുള്ള പ്രഭാത കീർത്തനങ്ങൾക്കൊപ്പം അമ്മയുടെ പ്രാക്കും അടുക്കളയില് നിന്ന് കേട്ടു.
അയലോക്കത്തെ കണ്ടൻ പൂച്ചക്കിട്ടാണ് അമ്മ പ്രാകുന്നത്..സംഭവിച്ചതെന്താണെന്ന് നേരത്തെ അറിയാമായിരുന്നതു
കൊണ്ട് താരകനിടപെടാ‍ൻ പോയില്ല...ചുമ്മാതെ,മിണ്ടാതെ,അനങ്ങാതെ കണ്ണുമടച്ച് കിടന്നു. തൊഴുത്തിൽ നിന്ന് അകിടു
കഴച്ച ജഴ്സി പശുക്കൾ നല്ല ഐശ്വര്യത്തോടെ സൈറൺ മുഴക്കി കൊണ്ടിരുന്നു.
അമ്മവന്നു വാതിലിൽ മുട്ടി.. മോനെ താരകാ എഴുന്നേല്ക്കുന്നില്ലേ ...പശുവിനെ കറക്കേണ്ടെ..’
ഹൊ ..എന്തൊരു സ്നേഹം.. പക്ഷെ ഈ മകന് അതിലൊന്നും വീഴുമെന്നു കരുതേണ്ട..
ഇല്ലമ്മേ ...നല്ലസുഖമില്ല.. ആ വാസുകൈമളെയെങ്ങാ‍നും വിളിക്ക്..
‘എന്നാ മോൻ കിടന്നൊ...ഞാന് രമേശനെ വിളിക്കട്ടെ..’ കുറച്ച് കഴിഞ്ഞ്പ്പോ പ്രതീക്ഷതെറ്റിക്കാതെ രമേശന്റെ മുറീന്ന് പൊട്ടലും ചീറ്റലും കേട്ടു.
മുതലാളിയുടെ നിദ്രാഭംഗം വരുത്തിയതിന്റെ ദേഷ്യം.. എന്തായാലും പത്തുമിനിറ്റിനകം വാസുകൈമള് അവന്റെ സ്പ്ലെൻഡറിന്റെ
പുറകിലിരുന്ന് മുറ്റത്ത് ലാൻഡ് ചെയ്തു. . കറന്നു കൊണ്ടിരിക്കുമ്പോ അമ്മ വാസുകൈമളെ ഒരു പത്തു ദിവസത്തെക്ക്
ഏർപ്പാടാക്കുന്നതു കേട്ടു.ദിവസം അമ്പതു രൂപകൂലി..പത്ത് ദിവസത്തിന് അഞ്ഞൂറ്..അമ്മേ ,തുടങ്ങീട്ടെയുള്ളൂ ...
കൂട്ടി തുടങ്ങീക്കോളൂ. .. ഒരു മാസിന് കറവിനത്തില് തന്നെ രൂ പാ ആ‍യിരത്തഞ്ഞൂ‍റ്.. ഞാന് മനസ്സിൽ ഒരു
പ്രതികാരസുഖത്തോടെ പറഞ്ഞു. ‘’ പറ്റില്ല..പറ്റില്ല ..ലീവെടുക്കാനും പാലുകൊണ്ടകൊടുക്കാനുമൊന്നും എന്നെകിട്ടില്ല...ഇന്നെനിക്ക്
ട്രഷറിയിൽ പോകേണ്ട ദിവസാ...” രമേശനാണ്.
‘എന്ത് പറഞ്ഞാലുമുണ്ട് അവനൊരു ട്രഷറീ പോക്ക്..എല്ലാദിവസോം ശംബളല്ലെ..നീയെന്താദിവസകൂലിക്കാരനാ..’ അമ്മയും വിട്ടുകൊടുക്കുന്നില്ല.
പക്ഷെ കാര്യമില്ലമ്മേ..അമ്മരമേശനെ ഇന്നും ഇന്നലെയുമൊന്ന്വല്ലല്ലോ കാണാന് തുടങ്ങ്യയത്...
അങ്ങനെ പാലുകൊണ്ട കൊടുക്കാന് അടുത്ത വീട്ടിലെ പോക്കറിന്റെമകൻ ജബ്ബാറിനെയും ഏർപ്പാടാക്കി
അതിനവനു കൂലി..പത്ത്ദിവസത്തിന്.ദിവസം ഇരുപത്തഞ്ച് വച്ച് രുപാ ഇരുനൂറ്റമ്പത്... നേരത്തെ എഴുതിയ ആയിരത്തഞ്ഞൂറിന്നടിയിൽ
ഇതും എഴുതിവക്കമ്മെ... മാസിന് രുപാ എഴുന്നൂറ്റമ്പത്..
വെയില് നല്ലോണമുദിച്ചപ്പോള്താരകൻ മെല്ലെ എഴുന്നേറ്റ് വിറച്ച് വിറച്ച് ഒരു പുതപ്പും കഴുത്തിലൂടെ ചുറ്റി വരാന്തയിലെ
ഈസി ചെയറില് വന്നിരുന്നു.. പടികടന്ന് സരോജിനി വരുന്നതു കണ്ടു.ആവരവിന്റ് ഉദ്ദേശം താരകനുമനസ്സിലായി..
കഴിഞ്ഞ ഏതാനും മാസങ്ങളായി അമ്മക്ക് തണ്ടലുവേദനയായതിനാല് അത്യാവശ്യം വീട്ടു പണികളിലും അമ്മയെ സഹായിച്ചിരുന്നത്
താരകനായിരുന്നു..ഇനിയിപ്പോ ഒരാളെ നിർത്താതെ നിവൃത്തിയില്ല...ആ ഇനത്തിൽ മാസം മൂവായിരം..
കുറച്ച് കഴിഞ്ഞ് പൊടിയരി കഞ്ഞി സ്റ്റൂളിന്മെല്കൊണ്ട് വക്കുമ്പോൾ അമ്മ ആരോടെന്നില്ലാതെ പറഞ്ഞു.
“ ഇന്ന് കരണ്ട് ബില്ലും ഫോൺ ബില്ലുമൊക്കെ അടക്കേണ്ട അവസാന ദിവസമായിരുന്നു.അവധി തെറ്റിയാ രണ്ടുംകൂടി നൂറ് രൂപയോളം
ഫൈൻ വരും..”
“അമ്മ രമേശനോട് പറഞ്ഞില്ലേ ...ട്രഷറിയില് പോകുന്നവഴിയാണല്ലൊ ഈ ഓഫീസുകളൊക്കെ..”
“അവനിന്ന് ആവഴിക്കല്ല പോകുന്നേന്ന്..”
അപ്പോ ബില്ലവിടെ ഇരിക്കട്ടേ ...ഞാൻ അസുഖമൊക്കെ മാറി സൌകര്യമ്പോലെ ഒരുദിവസം പോയി അടച്ചോളം.അതിനിടക്ക്
അവര് ഫോണും കരന്റും കട്ടു ചെയ്ത അതു മായി” ഞാൻ അമ്മയുടെ മുഖത്ത് ഇടം കണ്ണിട്ടു നോക്കി കൊണ്ട് പറഞ്ഞു.സ്വാഭാവികതക്കു
വേണ്ടി ഇതൊക്കെ മൂളിയും ഞരങ്ങിയുമാണ് പറഞൊപ്പിച്ചതെന്ന് പ്രത്യേകം പറയേണ്ടല്ലൊ.താരകന്റെ തലവേദനകൊണ്ടുള്ള
യാതനകള് അധികനേരം കണ്ട് നില്ക്കാനാവാതെ അമ്മവീട്ടുപണികളിലേക്ക് തിരിഞ്ഞു..താരകന് വീണ്ടും ഒറ്റക്കായി..
ഇങ്ങനെ ഒറ്റക്കിരുന്നു ഓരോന്നു ചിന്തിക്കാനും കിനാവു കാണാനും എന്തൊരു സുഖം.താൻ കുഞ്ഞു കുട്ടി പരാധീനങ്ങളുമായി ജീവിക്കുന്ന
ത് കാണാന് അമ്മക്കു മീ‍ല്ലെ ആ‍ഗ്രഹം.. ജോലിയില്ല പോലും..ഹും..അതുകൊണ്ട് കല്ല്ല്യാണം ഇപ്പോവേണ്ടെന്ന്...’‘
എന്തായാലും വെറുതെയിരിക്കുന്നത് താ‍രകനിഷ്ടമല്ല .താരകൻ വെറുതെ ഇരുന്നാലും അവന്റെ തലവെറുതെയിരിക്കില്ല.
പൈങ്കിളി കിനാവുകൾ ഉപേക്ഷിച്ച് താരകനിപ്പോൾ കുറെ ഗൌരവമുള്ള കാര്യങ്ങളാണ് ചിന്തിക്കുന്നത്...
ഈ പ്രപഞ്ചത്തില് തന്റെസ്ഥാനമെന്ത്..തന്റെ നിയോഗമെന്ത്.. ചിന്തകള് അങ്ങിനെ പോകുന്നു.(ഈ ചിന്തകള് അധികം വൈകാതെ
പോസ്റ്റുന്ന ‘അലസതാ വിരചിതം ‘ എന്ന പോസ്റ്റില് വായിക്കാവുന്നതാണ്)
അതിനിടക്ക് വീട്ടില് തിരുവാതിരയില് തെങ്ങിൻ തടമെടുക്കാൻ പുറം പണിക്കാരുമെത്തി.സാധാരണ താരകനും അവരുടെ കൂടെകൂടി
ഒരു വല്ലി ലാഭിക്കാറുണ്ട്. പക്ഷെ ഇന്ന് താരകന് ഒന്നിനും വയ്യാതെ ഇരിപ്പാണല്ലൊ..’
അങ്ങനെ ഇരുന്നും ചിന്തിച്ചും നേരം ഉച്ചയായി .പിന്നെ സന്ധ്യയായി.ഉച്ചക്ക് അമ്മകാണ്കെ രണ്ടുരുളചോറും കാണാതെ അടുത്ത കടയില്
നിന്ന് ആളെ വിട്ട് വാങ്ങിപ്പിച്ച് ഒരു കൂടു ബ്രെഡും തിന്നു.സന്ധ്യയായതോടെ മൂത്തമകന്റെ
നിനച്ചിരിക്കാത്തരോഗം കൊണ്ട് വന്ന സാമ്പത്തിക ബാധ്യ
തകളെ പറ്റിയാലോചിച്ച് അമ്മ വിഷാദ വതിയായി ഇരിക്കുകയാണ്. അപ്പോൾ അതുവരെയാടിയ നാടകത്തിന്
പര്യവസാനംകുറിക്കാൻ താരകൻ നീണ്ട ഒരു ലിസ്റ്റുമായി അമ്മയെ സമീപിച്ചു.
അമ്മ ഇതൊന്ന് വായിക്ക് ..ഉറക്കെ വേണം.. അമ്മ കണ്ണടയെടുത്ത് വച്ച് ആലിസ്റ്റിലൂടെ ഒന്ന് കണ്ണോടിച്ചു.പിന്നെ സംശയപൂ‍ർവ്വം
മകനെ നോക്കി. ഇവനെന്താ തലവേദന മൂത്ത് വാട്ടായോ എന്റെ ഈശ്വരാ..എന്നമട്ടില്.
‘ വായിക്കമ്മെ ‘ ഞാൻ വീണ്ടും പറഞ്ഞു.എന്നെ ഇറിറ്റേറ്റു ചെയ്യേണ്ടെന്ന് വച്ചാവം അമ്മ പെട്ടെന്ന് ഉറക്കനെ വായനതുടങ്ങി.
പാല് കറവിന് ...1500
പാല് കൊണ്ട് കൊടുക്കാന്750
വീട്ട് പണിക്ക്...3000
പുറം പണിക്ക്..4000
സാധനങ്ങള് വാങ്ങാന് ആളെവിട്ടതിന്...250
...തീറ്റപുല്ല്...... .............................1000
...അല്ലറചില്ലറ........ ...................500
ഇനിയൊന്നു കൂട്ടിക്കേ...കറക്ട് . 12,000 രൂപാ..അതേ ഞാന് ഒരു മാ‍സം മിണ്ടാതിരുന്നാ...ഈ കുടുംബത്ത് ആ മാസം
ഉണ്ടാകുന്ന സാമ്പത്തിക ബാധ്യതതകളാണിതൊക്കെ..വേറൊരു വിധത്തില് പറഞ്ഞാ ഞാന്ജോലിയെടുത്ത് മാസം സമ്പാദിക്കുന്ന
ശംബളത്തിന്റെ കണക്കാണിത്.. ഇതു കൂടാതെയാണ് പാടത്തും പറമ്പിലും അദ്ധ്വാനിച്ചുണ്ടാക്കുന്നത്.പയറും പാവലും
കഴിഞ്ഞ മാർച്ചില് ക്വിന്റലു കണക്കിനല്ലെ വിറ്റത് .പിന്നെ എന്റെ കുറ്റി മുല്ല കൃഷി..രുപാ പതിനായിരമായിരുന്നു ഈ വർഷത്തെ ലാഭം.
കേക്കുന്നുണ്ടോ അമ്മ കൈകേയി...(ഞാനമ്മയെ സമയവുംസന്ദർഭവും അനുസരിച്ച് ഇങ്ങനെ ഓരോ പേരു വിളിക്കും
എന്നൊട് സ്നേഹം കാണിക്കുമ്പോ-കൌസല്യ, സ്നേഹം രമേശനോടാണെന്ന് എനിക്കു തോന്ന്യാ‌-കൈകേയി,
ഞാന് അടുക്കളയില് നിന്ന് വല്ലതും കട്ടുതിന്നുന്നതു കയ്യോടെ പിടിച്ചാ-യശോധ..അങ്ങനെ അങ്ങനെ)
അമ്മയുടെ മുഖത്ത് കുറ്റബോധത്തിന്റെ ലാഞ്ചനവല്ലതുമുണ്ടോന്നറിയാന് ഞാന് ഒളി കണ്ണിട്ടു
നോക്കി.ങേഹേ....അതിനിപ്പോ ഞാനെന്തു വേണം എന്ന മട്ടിലൊരു ഭാവമേ അവിടെ കാണാനുള്ളൂ..
“എന്നിട്ടല്ലെ അമ്മേ നിങ്ങള് താരകന് ജോലിയില്ലാത്തവനാണെന്നും അവനിപ്പോള് കല്ല്ല്യാണം ആലോചിക്കാണ്ടാന്നും ആ
എമ്പോക്കി നായരോട് പറഞ്ഞത്..” .ഞാന് നാടകത്തിലെ ക്ലൈമാക്സ് ഡൈലോഗ് ഉരുവിട്ടുണ്ട്കൊണ്ട് അമ്മയെ നോക്കി.
പാശ്ചാത്താപവിവശയായി ഇപ്പോൾ പൊട്ടികരയുമെന്നും അങ്ങനെ അത്രനേരവും ഞാന് കളിച്ച നടകം ശുഭപര്യവസാനിയാകുമെന്നും
ഞാന് വെറുതെ വിചാരിച്ചു. പക്ഷെ അമ്മ പൊട്ടി ചിരിക്കുകയാണ്.പൊട്ടി പൊട്ടി ചിരിക്കുകയാണ്..
പിന്നെ അമ്മ എന്നോട് ചിലകാര്യങ്ങൾ പറഞ്ഞു..ചിലകുടുംബരഹസ്യങ്ങളായതുകൊണ്ട് അതു മുഴുവനുംഞാനിവിടെ വിളമ്പുന്നില്ല്ല..
ചുരുക്കത്തില് അമ്മ തന്റെഭാവിക്കുവേണ്ടി കരുക്കള് നീക്കുകയാണെന്ന് താരകനു നൂറുശതമാനം ബോധ്യപെട്ടു.
എടാ പൊട്ടാ ,ഞാന് പറയണത് കേട്ടു നടന്നാ‍..നിനക്ക് നല്ലൊരു ജോലീം ..തറവാട്ടീന്ന് നല്ല തങ്കകുടമ്പോലത്തെ പെൺകുട്ടീനേം
എപ്പ കിട്ടീന്നു ചോദിച്ചാ മതി. അങ്ങനെ അമ്മയുടെ ഡയലൊഗോടെ നാടകമവസാനിക്കുമ്പോള് “അമ്മേ ഗാന്ധാ‍രി ഈ മകനോട്
പൊറുത്താലും ‘’ എന്ന നാടകത്തിന്റെ തിരക്കഥയിലില്ലാത്ത താരകന്റെ ഒരു ഡയലോഗോടെ രംഗത്തിനു തിരശ്ശീലവീണു.

17 comments:

The Eye said...

nannayirikkunnuuuu...

iniyum poratte...!

സായന്തനം said...

ഇതൊരു ഫിക്ക്ഷൻ ആണൊ, യാഥാർത്ഥ്യമാണൊ എന്നു സംശയിക്കത്തക്ക രീതിയിൽ എഴുതിയിരിക്കുന്നു..കുറച്ചു കൂടുതൽ പരത്തി പറഞ്ഞില്ലേ എന്നൊരു സംശയം ഇല്ലാതില്ല..ആദ്യത്തെ അത്രയും കയ്യൊതുക്കം കണ്ടില്ല..എന്തായാലും ഇനിയും മനൊഹരമായ പ്രമേയങ്ങൾ കൊണ്ടുവരൂ

താരകൻ said...

ഒരു സ്നാപ് ഷോട്ടിൽ കാഴ്ചയുടെ ഒരു അനുഭൂതി മണ്ഡലംസൃഷ്ടിക്കുന്ന
സുഹൃത്തിനും,ലളിതമായവാക്കുകളിൽ വ്യത്യസ്തമായലേഖനങ്ങൾ എഴു
തുന്ന, “സായന്തനത്തിനും“ സ്വാഗതം,നന്ദി...
സത്യത്തിന്റെ ‘ഗോതമ്പുമാവിൽ’സങ്കല്പത്തിന്റെ ‘ഉപ്പുവെള്ളം’ ഒഴിച്ച് കഥ
യുടെ വട്ടത്തിൽ പരത്തിയപ്പോൾ കുറച്ച് പരപ്പ് കൂടി പോയന്നെത് നേരാണ്
,പക്ഷെ ,ഈ ചപ്പാത്തിയുടെ ടേസ്റ്റിനെ കുറിച്ച് താങ്കൾ കമന്റൊന്നും
പറഞ്ഞില്ലല്ലോ സായന്തനാ..
പിന്നെ ഏതൊരു ആത്മ കഥയിലുമുണ്ടാകില്ല്ലെ അല്പം ഫിക്ഷൻ, ഏതൊരു
ഫിക്ഷനിലുമുണ്ടാകില്ലെ അല്പം ആത്മാംശം?

ശ്രീ said...

കുറച്ചു നീണ്ടു പോയെങ്കിലും കൊള്ളാം മാഷെ. കൂടുതല്‍ എഴുതൂ... ആശംസകള്‍

Typist | എഴുത്തുകാരി said...

ആത്മകഥയില്‍ ഫിക്ഷനാണെങ്കിലും, ഫിക്ഷനില്‍ ആത്മകഥയാണെങ്കിലും, എനിക്കിഷ്ടപ്പെട്ടു.

OAB/ഒഎബി said...

അപ്പോൾ അമ്മക്ക് താരകൻ തന്നെയാണ് താരം എന്ന് ചുരുക്കം.
ആരെങ്ങിനെ പറയുന്നു എന്നല്ല. എന്ത് പറയുന്നു എന്നാണ് ഞാൻ നോക്കിയത്. എന്റെ കാഴ്ച്ചപ്പാടിൽ നോക്കിയാൽ കുഴപ്പമില്ല.
നന്ദി.

khader patteppadam said...

കഥ(?)വായിച്ചു. ഒട്ടും ഒതുക്കം ഇല്ലാതെ പോയി. കൂടുതല്‍ നല്ലതിനായി കാത്തിരിക്കുന്നു.

അനില്‍@ബ്ലോഗ് // anil said...

ഒരുപാട് എഴുതൂ.
കൂടുതല്‍ പറയുന്ന കുറഞ്ഞ വാക്കുകളില്‍.
ആശംസകള്‍

Rani Ajay said...

കഥ, ടൈറ്റില്‍ രണ്ടും നന്നായി.... എല്ലാവരും പറഞ്ഞപോലെ ഇത്തിരി നീണ്ടു.. സാരമില്ല ..എന്നിട്ട് തങ്കകുടമ്പോലത്തെ പെണ്‍കുട്ടിയെ കിട്ടിയോ?

താരകൻ said...

ശ്രീ,എഴുത്തുകാരി,ഓബ്,ഖാദറിക്ക,റാണിചേച്ചി..
പോരായ്മകളുണ്ടെങ്കിലും രണ്ട് നല്ല വാക്കുകൾ പറായന് സന്മനസ്സുകാണിച്ച എല്ലാവർക്കും നന്ദി..

REMiz said...

സിക്ക് ലീവ് സ്ഥിരമായി എടുതോണ്ടിരുന്ന ഒരു ഓഫീസ് മാറ്റിനെ ഓര്‍മ വന്നു . ഒരു ദിവസം അവന്റെ സിസ്റ്റം ഫോര്‍മാറ്റ്‌ ചെയ്യാന്‍ നോക്കിയപ്പോ മെഡിക്കല്‍ സെര്ടിഫികാടിന്റെ സ്കാന്‍ ചെയ്തു വെച്ച കോപ്പി !

~R

Muralee Mukundan , ബിലാത്തിപട്ടണം said...

ആത്മകഥ പുതുരാമായണമാ‍യി ചിത്രീകരിച്ചതുനന്നായി കേട്ടോ...

വയനാടന്‍ said...

എഴുത്തു തുടരട്ടെ

Sureshkumar Punjhayil said...

Enthayalum sankaran Dr. nte aduthu sookshichu poyal mathi...!!!

Manoharam, Ashamsakal...!!!

എന്‍.മുരാരി ശംഭു said...

ശ്രീ താരകന്‍ എന്ന കുഴിമടിയനായ അധ്വാനിക്ക്,
കഥ രസകരമായിരുന്നു.ആ ഗാന്ധാരിയമ്മയുടെ-യശോദയുടെ-കുന്തിയുടെ ജാതകം ബഹുകേമം
വീണ്ടും പ്രതീക്ഷിക്കുന്നു.

Patchikutty said...

നല്ല പോസ്റ്റ്‌... നമ്മുടെ ചെറുപ്പക്കാര്‍ക്ക്‌ നല്ല ഒരു മെസ്സജും കൊള്ളാം.

najmu said...

enikku valarey adhikam ishttapettu........kuduthal nan prathikshikunnu........i wait for u///by najmup@hotmail.com