Friday, July 31, 2009

പനിക്കിനാവുകൾ.....

ജാലകത്തിലൂടെ നോക്കുമ്പോൾ, പാടല വർണ്ണമുള്ളവെയിലിൽ സ്വർണ്ണകോളാമ്പികൾ
പൂത്തു നില്ക്കുന്നതു കാണുന്നു. നോക്കെത്താദൂരം പരന്നുകിടക്കുകയാണ് മഞ്ഞ നക്ഷത്ര
ങ്ങൾ പോലെയുള്ള ആപൂക്കൾ...ഇന്നലെയല്ലെ ഷൈലജയുടെ വീട്ടിൽ നിന്നും
കോളാമ്പി ചെടിയുടെ ഒരു കമ്പ് കൊണ്ട് കുഴിച്ചിട്ടത്.ഇന്നതെങ്ങിനെ പൂത്തുമറിഞ്ഞ ഒരു
കാടായി.? എ ഫോറസ്റ്റ് ഓഫ് അല്ലമാൻഡ!!
പൂക്കളിൽ ഘനീഭവിച്ച മഴതുള്ളികൾ പോക്കുവെയിലേറ്റ്
വൈഡൂര്യ മണികളായി തിളങ്ങി നില്ക്കുന്നതും കാണാം.മാനത്ത് അറബിക്കഥയിലെ
മലക്കുകളെപോലെ പറന്നു പോകുന്നവെണ് മേഘങ്ങൾ..അതോ മേഘങ്ങളെപോലെ
യുള്ളമലക്കുകളോ...നോക്കിനില്ക്കെ ചക്രവാളത്തിൽ നിന്നും പറന്നുവരികയാണ് ഒരു വലി
യ ചിത്രശലഭം.അത് മുറ്റത്ത് വന്നിറങ്ങിയതും ഒരു സുന്ദരി പെൺകുട്ടിയായി മാറി...താനെന്താ
സ്വപ്നം കാണുകയാണോ? താരകൻ സ്വന്തം കയ്യിൽ നുള്ളി നോക്കി..ഒട്ടും വേദനിക്കുന്നില്ല
ഒന്നുകിൽ ഇതൊരു സ്വപ്നം അല്ലെങ്കിൽ......ഏയ് അതാവാൻ വഴിയില്ല..
ഇതവളാണ് .ലൈബ്രററിയിൽ ഇടക്ക് നെരൂദയുടെയും മാർക്കേസിന്റെയും പുസ്തകങ്ങൾ
അന്വേഷിച്ച് വരാറുള്ള പെൺകുട്ടി.!
പെൺകുട്ടി തന്റെ നേരെ നോക്കുന്നു. വെറും നോട്ടമല്ല.പ്രണയത്തിന്റെ ഇന്ദ്രധനുസ്സിൽനിന്നും
തൊടുത്തുവിട്ട കുളിരമ്പു പോലെയുള്ള ഒരു കടാക്ഷം..അതിനല്പം പരിഭവത്തിന്റെ നനവുമുണ്ട്.
കണ്ടിട്ടെത്ര നാളായി..? അവൾ മിഴികൊണ്ട് മൊഴിയുന്നു..
എന്താപേര്? താരകൻ ചോദിക്കുന്നു..അവൾ കേൾക്കുന്നില്ല..താരകൻ ഉറക്കെ വീണ്ടും ചോ
ദിക്കുന്നു. എന്താ പേര്?? അവൾ കേട്ടാലും മിണ്ടുന്നില്ല..താരകനു ദേഷ്യം വരുന്നു.അവളെ
എന്തെക്കൊയോ ചീത്തവിളിക്കുന്നു..അപ്പോൾ പേടിച്ച് അരണ്ട് അങ്ങേയറ്റം പരുഷമായ
ശബ്ദത്തിൽ അവൾ വിളിക്കുന്നു..ചേട്ടാ...ചേട്ടാ‍...ശരിക്കും പാറപുറത്ത് ചിരട്ടയുരക്കുന്ന
ശബ്ദം.! എന്തൊരു ആന്റി ക്ലൈ മാക്സ് ..മാൻ പേടപോലെയിരിക്കുന്ന് പെൺകുട്ടിക്ക് മരത്തവളയുടെ
സ്വരം..താരകൻ പിന്നെയും എന്തൊ പറയുന്നു. അവൾ വീണ്ടും പരുഷസ്വരത്തിൽ ചേട്ടാ‍...ചേട്ടാ
എന്ന് വിളിച്ചുകൊണ്ട് താരകന്റെ കഴുത്തിന് കുത്തി പിടിക്കുവാനായി ജനലിലൂടേ കൈ നീട്ടുകയാ
ണ്.താരകൻ ഒരു നിലവിളിയോടെ ഉറക്കം ഞെട്ടിയുണർന്നു..അപ്പോഴും പരിഭ്രമത്തോടെ
ചേട്ടാ.. ചേട്ടാ..എന്ന് വിളിച്ചു കൊണ്ടിരിക്കുകയാണ് രമേശൻ.. മഞ്ഞകോളാമ്പി പൂക്കളും
ശലഭ പെൺകൊടിയും അപ്രത്യക്ഷമായിരിക്കുന്നു...
“കുറെ നേരമായി ചേട്ടൻ ഉറക്കത്തിൽ കിടന്നു പുലമ്പുന്നു. ഉണർത്താൻ നോക്കിയപ്പോൾ
വയലന്റാവാൻ തുടങ്ങി.ഞാൻ പേടിച്ചു പോയി ,ഇനി പനിയെങ്ങാൻ തലക്കടിച്ചോന്ന്...”
രണ്ട് ദിവസമായി പനി കൂടുതലാണ്.തീർത്തും കിടപ്പിൽ.മയങ്ങിയും ഉണർന്നും സ്വപ്നങ്ങൾ
കണ്ടും സമയം അങ്ങിനെ സ്ലോ മോഷനിൽ പൊയ്ക്കൊണ്ടിരിക്കുന്നു. വീണ്ടും ഒരു പാരസി
റ്റമോൾ എടുത്ത് കഴിച്ച് കൂജയിൽ നിന്ന് വെള്ളം കുടിച്ച് മൂടി പുതച്ച് കിടന്നു. കുറച്ച് കഴിഞ്ഞ്പ്പോൾ
അമ്മ വന്നു .പുറത്ത് ഒരു പഴയ സ്റ്റുഡന്റ് കാണാൻ വന്നിരിക്കുന്നെന്ന്.
“ഇങ്ങോട്ട് വരാൻ പറയട്ടെ..”
“ശരി”
താരകൻ ക്രൈസ്റ്റ് കോളജിൽ നിന്ന് ഡിഗ്രി പാസായതിനു ശേഷം ഒരു പ്രൈവറ്റ് കോ
ളേജിൽ ഒന്നു രണ്ട് വർഷം ട്യൂഷൻ എടുത്തിരുന്നു.വർഷങ്ങൾക്ക് മുൻപാണ് .വിദ്യാർഥിക
ളുമൊക്കെയായി നല്ല അടുപ്പമായിരുന്നു.ഇപ്പോഴും അവരിൽ പലരുടെയും ഗ്രീറ്റിംഗ് കാർഡ്സ്
ഒക്കെ കിട്ടാറുണ്ട്.അപൂർവ്വമായി ചിലർ ഇതു വഴി വരാറുമുണ്ട്.കല്ല്യാണം ക്ഷണിക്കാനൊ
വെറുതെ ഒന്നു കുശലം പറയാനോ. അവരിൽ സുന്ദരികളായ പെൺകുട്ടികളുടെയൊക്കെ
മുഖം താരകന്റെ മനസ്സിലൂടെ കടന്നു പോയി..മുട്ടറ്റം മുടിയുള്ള മൈത്രി.?നിണ്ട കണ്ണുള്ള
നീലിമ, അതോ സദാ പച്ച തട്ടമിട്ടു വരുന്ന ,എല്ലാവരും പച്ചകിളി എന്നുവിളിക്കുന്ന താഹി
റയോ? ആരാണ് രോഗ ശയ്യയിൽ തന്നെ കാണാനെത്തിയിരിക്കുന്ന പൂർവ്വവിദ്യാർഥി?
നേർത്ത ഒരു ചുമകേട്ട് വാതിൽ ക്കലേക്കു നോക്കി.മറ്റൊരു ആന്റിക്ലൈമാക്സ്!
വെളുത്തു വെൺചാമരം പോലെ മുടി നരച്ച ഒരു വൃദ്ധ. ഐശ്വര്യമുള്ള മുഖം .വാത്സല്യം
തുളുമ്പുന്ന പുഞ്ചിരി.... ഇവരാ‍ണൊ തന്റെ പഴയ സ്റ്റുഡന്റ് ! ശരിയാണല്ലൊ ദേവകിയമ്മ
അല്ലെ ഇത്.ഫൈനൽ പരീക്ഷക്ക് പത്ത് വാക്കുകൾ കേട്ടെഴുത്തെടുത്തപ്പോൾ പത്തിൽ
പത്തും മാർക്കുവാങ്ങി ക്ലാസ്സിന്റെ മുഴുവൻ അഭിനന്ദനവും ഏറ്റുവാങ്ങിയ ദേവകിയമ്മ!
രണ്ടാം സ്ഥാനം കോന്തുണ്ണിനായർക്കായിരുന്നു.പത്തിൽ ഒൻപത് മാർക്ക്.അദ്ദേഹം
തെറ്റിച്ചതോ എളുപ്പമുള്ള ഒരു വാക്കും. കാക്ക ‘ക്ക് പകരം ആളെഴുതി വച്ചത് കക്ക.
ഓർമ്മകൾ വർഷങ്ങൾക്കപ്പുറത്തേക്ക് പറന്ന് വായന ശാലയിൽതകൃതിയായി
നടക്കുന്ന സായാഹ്ന ക്ലാസ്സിൽ ലാൻഡ് ചെയ്തു.. സമ്പൂർണ്ണസാക്ഷരതാ യജ്ഞത്തിന്റെ
ഭാഗ മായി വയോജനങ്ങൾ ക്ക് വേണ്ടി നടത്തുന്ന ക്ലാസ്സാണ്..ഒരു മാസത്തെ ക്രാഷ് കോ
ഴ്സ്.പത്തോളം വിദ്യാർഥികൾ.പലർക്കും പ്രായം അമ്പതിനും അറുപതിനും ഇടയിൽ..
അവരുടെ പേരകുട്ടിയുടെ പ്രായമുള്ള ,പൊടി മീശയുള്ള ഗൌരവക്കാരനായ അധ്യാപകൻ
താൻ തന്നെ ...താരകൻ മാഷ്..
“....അപ്പോൾ ഞാൻ എവിടെയാണ് നിർത്തിയത്.. അതെ, അക്ഷരം അഗ്നിയാണ്....
സ്വാതന്ത്ര്യത്തിലേക്കുള്ള വെളിച്ചമാ‍ണ്. ശരി ഇനി നിങ്ങൾ പറയൂ വായിക്കാൻ പഠിച്ചാൽ
നിങ്ങളെന്തായിരിക്കും ചെയ്യുക...ആദ്യം ആമിനുമ്മ പറയൂ .
“ പേർഷ്യയിലുള്ള ഞമ്മടെ മോൻ ജബ്ബാറിനൊരു കത്തെഴുതും..സൊന്തം കയ്യോണ്ട്..സ്വന്തം പേനോണ്ട്..”
തലയിൽ നിന്ന് ഇഴുകിവീഴുന്ന തട്ടം നേരെയാക്കി കൊണ്ട് ആമിനുമ്മ പറഞ്ഞു.
“എനിക്കൊരു മോഹേ ഉള്ളൂ എഴുത്തഛന്റെ രാമായണം ഏഴുതാളു പകുത്ത് ഏഴുവരിതള്ളി ദിവസോം
വായിക്കാ .. “ ക്ലാസീലെ മിടുക്കിയായ ദേവകിയമ്മ പറഞ്ഞു.ഇപ്പോൾ തന്നെ അവർ തപ്പി പിടി
ച്ചുള്ള വായന തുടങ്ങിയിരുന്നു.

“ മനോരമയിലേയും മംഗളത്തിലേയും ഓരോരോ കഥകളൊക്കെ വായിക്കാനാ ഞാന്
അക്ഷരം പഠിക്കണത്..” മേനോത്തെ അമ്മിണിയമ്മപറഞ്ഞു.. ‘’മരുമോളാ എല്ലാം വായിച്ച്’
കഥ പറഞ്ഞ തരാറ്..ഇപ്പോ അവള് പ്രസവിക്കാൻ പോയിരിക്കാ..അതോണ്ടാ. അറുപത്
വയസ്സ് കഴിഞ്ഞോരെ ക്ലാസ്സിലെടുക്കണില്ലാന്ന പറഞ്ഞിട്ടും മെമ്പറ് പ്രസാദനെ കണ്ട്
ഞാന് ഈ ക്ലാസ്സില് അഡ്മിഷൻ വാങ്ങിയത്..” അമ്മിണിയമ്മയുടെ വർത്തമാനം കേൾക്കാൻ
നല്ല രസമുണ്ട്.. അങ്ങനെ ചിരിയും തമാ‍ശയുമായി കാര്യങ്ങൾ നീങ്ങുമ്പോഴാണ് അപ്രതീക്ഷിതമായ
ഒരു പരാതി..
“സാർ ഈ കുട്ടി എന്നെ നോക്കി കോക്രി കാണിക്കുന്നു...” പരാതിക്കാരി സാക്ഷാൽ ചക്കാംതൊടി
ദേവകിയമ്മ... പ്രതി അടുത്ത ബഞ്ചിലിരിക്കുന്ന കോന്തുണ്ണി നായരും..
“സ്റ്റാൻഡ് അപ്പ് ദേർ ‘’ താരകൻ രണ്ട് പേരോടുമായി പറഞ്ഞു..ങേ ഹേ ..രണ്ട് പേരും അനങ്ങുന്നില്ല.
അപ്പോഴാണ് അതൊരു കമ്മ്യൂണിക്കേഷൻ ഗ്യാപ്പാണെന്ന് മനസ്സിലായത്.. ഉടനെ തിരുത്തി
“ഉത്തിഷ്ഠത...ജാഗ്രത...” ഇല്ല. എന്നിട്ടുമില്ല അനക്കം .അവസാ‍നം പച്ച മലയാളത്തിൽ പറഞ്ഞു.
“രണ്ടാളും ഏന് റ്റ് നിക്കൂ...“ ന്യായാധിപന്റെ മുന്നിൽ വിറച്ച് നില്ക്കുന്ന വാദിയേയും പ്രതിയേയും
താരകൻ വിസ്തരിക്കാൻ തുടങ്ങി.’
ഞാനീ കേട്ടത് സത്യമാണോ മിസ്റ്റർ കോന്തുണ്ണിനായർ?
“അല്ല മാഷെ ഞാനങ്ങിനെ ചെയ്തിട്ടെയില്ല..“ നായർ കുറ്റം നിഷേധിക്കുകയാണ്.
ഉവ്വ് സാർ കോക്രികാണിക്കുക മാത്രമല്ല കണ്ണിറുക്കിയും കാണിച്ചു..
ദേവകിയമ്മ ഒരു കരച്ചിലിന്റെ വക്കത്താണ്..
അപ്പോഴാതാ..കോന്തുണ്ണി നായർ വീണ്ടും കോക്രി കാണിക്കുന്നു..ഇടക്കിടെ
കണ്ണടക്കുന്നുമുണ്ട്..കക്ഷി എന്തോ പറയാൻ വിമ്മിട്ടപെടുകയാണെന്നു തോന്നുന്നു.പക്ഷെ
വാക്കുകൾ പുറത്ത് വരുന്നില്ല...
“ റിലാക്സ് ..നായർ ..റിലാക്സ്..“
താരകൻ കോന്തുണ്ണിനായരെ ആശ്വസിപ്പിച്ചു..
അപ്പോൾ അദ്ദേഹം വിക്കി വിക്കി പറയാൻ തുടങ്ങി..
“ ..അഞ്ചുപത്ത് കൊല്ലായി എനിക്ക് കോട്ടുവാതത്തിന്റെ..അസുഖോണ്ട്...ദിവസോം മരുന്നു
കഴിക്കണം ..നമ്മടേ ശങ്കരൻ ഡോക്ടറുടെ ചികിത്സയാ..ജീവിതകാലം മുഴുവൻ മരുന്നു കഴിക്ക
ണംന്നാ അങ്ങേര് പറേണത്.. മരുന്ന് ഇന്ന് കഴിക്കാൻ വിട്ടുപോയി..ഒരു നേരം കഴിച്ചില്ലെങ്കി
ഇങ്ങനെയാ... “ അദ്ദേഹം മുഖം കോട്ടികൊണ്ട് പറഞ്ഞു...
ദേവകിയമ്മയെ കുറേനാളുകൾക്ക്ശേഷംവീണ്ടും കണ്ടപ്പോൾ താരകൻ അതൊക്കെ ഓർത്ത്പോയി.
“ഇരിക്കു ദേവകിയമ്മേ...” താരകൻ കസേരനീക്കിയിട്ടുകൊണ്ട് പറഞ്ഞു.
‘ഇരിക്കാനൊന്നും സമയമില്ല ..മോനസുഖമായി കിടക്ക്വാന്ന് കേട്ടിട്ട് വന്നതാ...ദൂരെ ഒരു
അമ്പലത്തിലേക്ക് പോകുന്നവഴിയാ.. ഇതു രാമായണമസമല്ലെ..നടയിലിരുന്ന് ഏഴുനാൾ
രാമായണം വായിക്കണം ..ദിവസോം ഏഴു താളു പകുത്ത് ഏഴുവരിതള്ളി...“
“അതിരിക്കട്ടെ താരകൻ പനിച്ചു കിടക്കാണെന്ന് ദേവകിയമ്മ എങ്ങിനെ അറിഞ്ഞു?”
ഓ ജയന്തൻ പറഞ്ഞിട്ടുണ്ടാകും അല്ലെ..“? ജയന്തൻ ദേവകിയമ്മയുടെ ഇളയമകനാണ്
രമേശന്റെ കൂട്ടുകാരൻ... അവർ പക്ഷെ അതിനു മറുപടിപറയാതെ താരകന്റെ നെറ്റിയിൽ
കൈ വച്ചു .അവരുടെ കൈതലത്തിന് വല്ലാത്തതണുപ്പ്...
“ നല്ല പനിയുണ്ടല്ലോ..”
ഒരു കാര്യം ചെയ്യാം അല്പസമയം ഞാനിവിടെയിരുന്നു രാമായണം ഉറക്കെ വായിക്കാം..
പനികുറയും..’ അവർകയ്യിലിരിക്കുന്ന പുസ്തകം തുറന്ന് വായനതുടങ്ങി..
അവരുടെ പെരുമാറ്റം വിചിത്രമായി തോന്നി താരകന്.. വായനതുടരവെ മുറിയിൽ ഇരുളു
പരക്കാൻ തുടങ്ങുന്നു...ഇരുളിൽ അവർഒരു നിഴലുപോലെ മായുന്നു.. പക്ഷെ ആശബ്ദം
കേൾക്കുന്നുണ്ട്..താളത്തിൽ..ഈണത്തിൽ..വല്ലാത്തൊരു മുഴക്കത്തിൽ...പിന്നെ
ആ ശബ്ദവും ഇല്ലാതായി...കാണുന്നില്ലെങ്കിലുംമുറിയിൽ അവരെവിടെയോ ഉണ്ട്..
.താരകന് എന്തെന്നില്ലാത്ത ഒരു ഭയം അനുഭവപെടുകയാണ്.. ..തൊണ്ട വരളുന്നു..
ഞെട്ടിയുണരുമ്പോൾ ശരീരമാകെ വിയർത്തു കുളിച്ച് പനിവിട്ടിരിക്കുന്നു. മുറിയിൽ
വിട പറയാനൊരുങ്ങി നിൽക്കുകയാണ് അന്തിവെളിച്ചവും..ഇനി കിടന്നാൽ ശരിയാവില്ല..
കണ്ണടച്ചാൽ സ്വപ്നങ്ങളാണ്.. താരകൻ ഷർട്ടെടുത്തിട്ട് താഴേക്ക് നടന്നു.
താഴെ രമേശൻ എങ്ങോട്ടൊ ധൃതിയിൽ പോകുവാനായി വണ്ടി സ്റ്റാർട്ടാക്കുന്നു.വരാന്ത
യിൽ പരിഭ്രമിച്ച മുഖവുമായി അമ്മയും നില്ക്കുന്നുണ്ട്.
“എവിടെക്കാ രമേശാ..? താരകൻ ചോദിച്ചു.
“ ജയന്തൻ വിളിച്ചിരുന്നു...ഉച്ചക്ക് ഊണ് കഴിഞ്ഞ് ഉറങ്ങാൻ കിടന്ന അമ്മ ഇപ്പോൾ
വിളിച്ചിട്ടെഴുന്നേൽക്കുന്നില്ലെന്ന്...മുൻപ് രണ്ട് അറ്റാക്ക് കഴിഞ്ഞ ആളാണ്.ഡോക്റ്റർ
ശങ്കരനേയും കൂട്ടി ഒന്നവിടം വരെ പോയിട്ടു വരട്ടെ.. കേട്ടിട്ട് ..എല്ലാം കഴിഞ്ഞ ലക്ഷ
ണമുണ്ട്...എന്തായാലും ദേവകിയമ്മക്ക് ഭാഗ്യമുണ്ട് ..ഇന്നവരുടെ സപ്തതി പ്രമാണിച്ച്
കുടുംബാംഗങ്ങളെല്ലാം ഒത്തുകൂടിയിരിക്കുകയായിരുന്നു..”‘
ഓ..ഗോഡ് ..എന്തൊക്കെയാണീ കേൾക്കുന്നത്..ഇനി ഇതുംസ്വപ്നമാണോ? താരകൻ
വീണ്ടും സ്വന്തം ശരീരത്തിൽ നുള്ളി നോക്കി...ഉവ്വ് ..വേദനിക്കുന്നുണ്ട്..

11 comments:

നരിക്കുന്നൻ said...

രാവിലെ എണീറ്റ് കുളിച്ചൊരുങ്ങി ഓഫീസിലേക്ക് പോകാനിരിക്കുകയാ. ഇനിയും മുക്കാൽ മണിക്കൂർ ബാക്കിയുണ്ട്. അപ്പോൾ പിന്നെ ഒന്ന് രണ്ട് ബ്ലോഗ് വായിക്കാം എന്ന് കരുതി ആദ്യം തുറന്നത് തൃസന്ധ്യ. ഒരിക്കലും കണി മോശമാക്കിയില്ല.

എപ്പോഴും ആന്റി ക്ലൈമാക്സ് തന്നെ. എങ്കിലും പനിമാറ്റാൻ രാമായണം ഓതിത്തന്നത് സ്വപ്നമായിരുന്നോ... ആയിരുന്നെങ്കിൽ ആ സ്വപ്നത്തിലേക്ക് പഴയ വിദ്യാർത്ഥി തന്നെ വന്നെത് എന്ത് കൊണ്ടായിരിക്കും. എനിക്ക് പോകാൻ സമയമായി എന്ന് പ്രിയപ്പെട്ട അദ്യാപകനോട് യാത്രചോദിക്കാൻ സ്വപ്നത്തിലെങ്കിലും വന്ന് പോയിരിക്കുന്നു അവർ.

വളരെ നല്ല അവതരണം.

raadha said...

എന്റെമ്മോ..അവസാനം വരെ ശ്വാസം അടക്കി പിടിച്ചാണ് വായിച്ചത്‌. പനി വന്നപ്പോള്‍ തീരെ പതിവില്ലാതെ ശിഷ്യയെ സ്വപ്നം കാണുക...അവര്‍ അപ്പോഴേക്കും പരലോകത്തേക്കുള്ള യാത്രയില്‍..ഇനി പോകുന്ന വഴി മാഷിനെ കൂടി ഒന്ന് കണ്ടു കളയാം എന്ന് കരുതിയതാവം. എന്തായാലും ഒരു ചരട് ജപിച്ചു കൈയ്യില്‍ കെട്ടുക. :) അതോ ഇപ്പോഴും പനി വിട്ടു മാറിയില്ലേ?

ramanika said...

ഇപ്പോഴും പനിമാറിയില്ലേ?

വളരെ നല്ല അവതരണം!

വയനാടന്‍ said...

വായിച്ചു തീർത്തുകഴിഞ്ഞു നജ്ജനുമൊന്നു തലയിൽ നുള്ളി നോക്കി. ഇല്ല ഭ്രാന്ത്‌ തുടങ്ങിയിട്ടില്ല.

ഇ.എ.സജിം തട്ടത്തുമല said...

ഇതു കൊള്ളാമല്ലോ!

ശ്രീ said...

പേടിപ്പിയ്ക്കല്ലേ മാഷേ.

വായിച്ചു കഴിഞ്ഞപ്പോള്‍ ആകെയൊരു... ഒരിത്.

എഴുത്ത് പതിവു പോലെ നന്നായിരിയ്ക്കുന്നു.

khader patteppadam said...

പതിവുപോലെ വശ്യമായ രചന.

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ഒരു പനിക്കിടക്കയിലെന്ന തോന്നല്‍..

OAB/ഒഎബി said...

ആദ്യമാദ്യം രസിച്ചു വായിച്ചു.പിന്നെ എന്തായിത് കഥയെന്നായി. പിന്നെ ഒരു തരം അയ്യോ..എന്താന്നറിവീല.

നല്ലൊരെഴുത്തിന് ആശംസകളോടെ...

വരവൂരാൻ said...

നല്ല അവതരണം...ഇഷ്ടപ്പെട്ടു, ആശംസകൾ

Anil cheleri kumaran said...

നല്ല അവതരണമാൺ തുടരുക..