Friday, January 1, 2010

നാളത്തെ പത്രം......

ഇന്ന് മാർച്ച് മുപ്പത്തൊന്ന്,ഞായർ.നഗരത്തിൽ നിന്ന് പടിഞ്ഞാറുമാറി
കുന്നിൻ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈ ആശുപത്രികെട്ടിടത്തിലെ
അന്തേവാസിയായിട്ട് ഒരാഴ്ചതികയുന്നു.കടുത്ത നെഞ്ചുവേദന ആയിട്ടാണ്
ഇവിടത്തെ ഐസിയുവിൽ അഡ്മിറ്റായത്....
ഇസിജി ,ടി എം ടി മുതൽ എക്കോ,ആൻ ജിയോഗ്രാം ടെസ്റ്റുകൾവരെ ചെയ്തുകഴിഞ്ഞു.ഒന്നിലും ഒരു
കുഴപ്പവുമില്ല.മൂന്നു ദിവസത്തെ നിരീക്ഷണത്തിന് ശേഷം മുറിയിലേക്ക്മാറി..
വേദനകുറവുണ്ടെങ്കിലും വിട്ടു പോയിട്ടില്ല. പെട്ടിയും പ്രമാണ
ങ്ങളുമായി സ്ഥിരതാമസത്തിനെത്തിയ ബന്ധുവിനെ പോലെ അതെന്റെ
ഇടനെഞ്ചിൽ ഇരിപ്പിടം കണ്ടെത്തി കഴിഞ്ഞു..
ഡോക്ടറുടെ അഭിപ്രായത്തിൽ ഇതൊരു നോൺ കാർഡി
യാക് ചെസ്റ്റ് പെയിൻ(non cardiac chest pain) ആണ്.എന്നുവച്ചാൽ എന്റെ ഹൃദയത്തിന് സാങ്കേതിക തകരാറുകളൊന്നുമില്ലെന്നർഥം.ഇനിയും അത് വർഷങ്ങളോളം ആരോഗ്യത്തോടെ സ്പന്ദിച്ചുകൊണ്ടിരിക്കും.. വേറെ വിശേഷിച്ചൊന്നുമില്ലെങ്കിൽ
നാളെ ആശുപത്രിയിൽനിന്ന് ഡിസ്ചാർജാവാം.. ഇവിടെ സമയം പോയികിട്ടുവാനാണ് വലിയ
ബുദ്ധിമുട്ട്. ബഹുനില കെട്ടിടത്തിന്റെ ഏറ്റവും മുകളിലത്തെ നിലയാണ്.
അതുകൊണ്ട് ചൂടു കൂടുതൽ അനുഭവപെടുന്നുണ്ട്..ഇവിടെ നിന്നു നോക്കിയാൽ
കിഴക്കുള്ള നഗരത്തിന്റെ ആകാശവീക്ഷണത്തിന് അതിരിട്ടുകൊണ്ട് ചക്രവാള
ത്തിൽ നീലതിരമാലകൾ പോലെ മലനിരകളും കാണാം..
രാവിലെതന്നെ ആശുപത്രികാന്റീനിൽ നിന്നുള്ള കാപ്പിക്കൊപ്പം മാതൃഭൂമി പത്രവും
എത്തിയിരിക്കുന്നു.വാർത്തകളിലൂടെയൊക്കെ ഒന്നു വെറുതെ കണ്ണോടിച്ചു.
വേനൽ കെടുതികൾ ,വരൾച്ചയിൽ വിണ്ടുണങ്ങിയ പാടശേഖരങ്ങളുടെ
ചിത്രങ്ങൾ,വിലകയറ്റത്തിനെതിരെ പ്രതിപക്ഷത്തിന്റെ പ്രസ്താവനകൾ,
അപകടമരണങ്ങൾ ,ആത്മഹത്യകൾ.., അപകസർപ്പക നോവൽ
പോലെ ചുരുളഴിഞ്ഞുകൊണ്ടിരിക്കുന്ന ഒരു കൊലപാതകത്തിന്റെ റിപ്പോർട്ടുകൾ...
ഒന്നും പുതുമയുള്ള വാർത്തകളല്ലാ..
സ്പോർട്സ് പേജ് തുറന്നു.. ബാറ്റ് ഉയർത്തി ചിരിച്ചു കൊണ്ട് നിൽക്കുന്ന
സച്ചിന്റെ വലിയ ബഹുവർണ്ണ ചിത്രം.. ഓ , ഇന്ന് ഈഡൻ ഗാർഡനിൽ
ത്രിരാഷ്ട്ര ക്രിക്കറ്റിന്റെ ഫൈനൽ ആണ് ..ഇൻഡ്യയും ശ്രീലങ്കയും തമ്മിൽ..
കളി തുടങ്ങി കാണും .വേഗം തന്നെ ടിവി ഓൺ ചെയ്തു.. ഇന്ഡ്യയാണ്
ബാറ്റിംഗ്..സച്ചിനും സേവാഗും ഓപ്പൺ ചെയ്യുന്നു. ഓടിവരുന്ന ഗുണവർധനയുടെ ക്ലോസ് അപ് ഷോട്ട്..അയ്യാളുടെ
കയ്യിൽ നിന്ന് തീ പാറുന്ന ഒരു യോർക്കർ ..ഒരു നിമിഷം ശ്വാസം നിലച്ചു.
പക്ഷെ സച്ചിൻ അതു ഭംഗിയായി ഫ്രണ്ട് ഫൂട്ടിൽ ഡിഫന്റ് ചെയ്തു..
അടുത്തത്, രണ്ടാമത്തെ ഓവറിലെ.അവസാനത്തെ പന്ത് ..സച്ചിൻ അത് കേറിയടിക്കുമെന്നു
വിചാരിച്ചില്ല. ഒരു സ്വീപ് ഷോട്ട്. പക്ഷെ പന്തുകൊണ്ടത് ബാറ്റിന്റെ
എഡ്ജിൽ. പന്ത് പ്രതീക്ഷിക്കാത്ത ഒരു ആംഗിളിൽ ഉയർന്നു പൊന്തി..
ബൌണ്ടറിയിലേക്കാണ് പന്തിന്റെ പാച്ചിൽ.. ഫീൽഡർ പിന്നാലെ
യുണ്ട് .ഗാലറിയിൽ അപകടമരമായ ഒരു നിശ്ബ്ദത..നിശ്ചലമായ ഒരു
നിമിഷം............... പന്ത് വളരെ അനായാസം
ഫീൽഡറുടെ കയ്യിൽ ഒരു കോഴികുഞ്ഞിനെ പോലെ അമർന്നു..
...നെഞ്ചിൽ വീണ്ടും ഒരു കൊളുത്തിവലി അനുഭവപെടുന്നു .ഇനി കാണാൻ വയ്യ ....
.ടിവി ഓഫ് ചെയ്തു.എന്നെ സംബന്ധിച്ചിടത്തൊളം ഇൻഡ്യ തോറ്റുകഴിഞ്ഞു..
കഷ്ടമായി പോയി.സച്ചിൻ ഈ കളിയോടുകൂടി വൺ ഡേക്രിക്കറ്റിൽ നിന്ന്
വിരമിക്കുകയാണെന്നുള്ള പ്രഖ്യാപനം നേരത്തെ വന്നു കഴിഞ്ഞിരുന്നു.
തീർച്ചയായും അത് നിരാശയുടെ ആഴം വല്ലാതെകൂട്ടുന്നു..മാന്യമായ ഒരു സ്കോറിന്റെ
കാവ്യനീതി പ്രതീക്ഷിച്ചിരുന്നു....
തുറന്നിട്ട ജാലകത്തിലൂടെ വല്ലാതെ തണുത്തകാറ്റു വീശുന്നു..മേശപുറത്തിരിക്കുന്ന
ഒന്നു രണ്ട് വാരികകൾ ചിറകടിച്ചുകൊണ്ട് താഴേക്ക് പറന്നു വീണു.പുറത്ത് ആകാശം
ഇരുണ്ട് കഴിഞ്ഞു. ഇടികുടുക്കവും മിന്നലുമുണ്ട് ..ഒരു മഴക്കുള്ളലക്ഷണമുണ്ടെന്നു
തോന്നുന്നു.വളരെ നല്ലത് ..ചുട്ടുപൊള്ളുന്ന ഭൂമിക്ക് അത് എന്തൊരാശ്വാസമായിരിക്കും.!!
അപ്പോൾ ആരോ വാതിലിൽ മുട്ടി.വാതിൽ തുറന്നപ്പോൾ ഒരു പെൺകുട്ടിയാണ്
വെളുത്ത വസ്ത്രം ധരിച്ച അവൾ നഴ്സ് ആണെന്നാണ് ആദ്യം ധരിച്ചത് .പക്ഷെ
മുൻപ്കണ്ടിട്ടില്ല .നല്ലസൌന്ദര്യമുള്ള കുട്ടി . ചെമ്പിച്ച സമൃദ്ധമായ മുടി വല്ലാതെ
അഴിഞ്ഞുലഞ്ഞു കിടക്കുന്നു ..ചുണ്ടിൽ പുഞ്ചിരിയുണ്ടെ ങ്കിലും വിടർന്ന
കണ്ണുകളിൽ ഭയപെടുത്തുന്ന ഒരു ശൂന്യത.! അവൾ അന്ധയാണ്!!.
“ സാർ പത്രം..”
അവളുടെ കൈതണ്ടയിൽ പട്ടുവസ്ത്രങ്ങൾ പോലെ മടക്കിയിട്ടിട്ടുണ്ട്
മൂന്നു നാലു പത്രങ്ങൾ ....... ആശുപത്രിയിലെ ന്യൂസ് പേപ്പർ ഗേളാണ്.!!
“വേണ്ട കുട്ടീ ..ഇവിടെ പത്രം കിട്ടി കഴിഞ്ഞൂ‍ എന്ന് പറയാൻ തുടങ്ങുമ്പോഴേക്കും
അവൾ വീണ്ടും പറഞ്ഞു..
“ സാർ ഇത് “ നാളെ” ആ‍ണ് .. നാളത്തെ പത്രം..”
കൊള്ളാമല്ലോ ..നാളത്തെ പത്രമോ..ഞാൻ കൌതുകപൂർവ്വം അവൾ നീട്ടിയ
പത്രം വാങ്ങി പരിശോധിച്ചു.. വലിയ നീല അക്ഷരങ്ങളിൽ എഴുതിയിരിക്കുന്നപത്രത്തിന്റെ
പേരു വായിച്ചു..“നാളെ “ !!
താഴെ അത്രതന്നെ വലിപ്പമില്ലാത്ത അക്ഷരങ്ങളിൽ നാളത്തെ ദിവസവും
തിയ്യതിയും എഴുതിയിട്ടുണ്ട് ..ഏപ്രിൽ -ഒന്ന്-തിങ്കൾ!!!!!!!!!!!!!
വളരെ കൌതുകകരമായിരിക്കുന്നു.. എത്രയാണിതിന്റെ വില..?
ഞാൻ അവളൊട് ചോദിച്ചു .പക്ഷെ അപ്പോഴേക്കും അവൾ തിരിഞ്ഞു
നടന്നുതുടന്നിയിരുന്നു..അല്ലെങ്കിലും,ഇന്നു തന്നെ കിട്ടുന്ന ‘നാളത്തെ’ പത്രത്തിന്റെ
വില എന്തായിരിക്കും?..
“കുട്ടീ പൈസ വേണ്ടേ...?” ഞാൻ അല്പം ശബ്ദമുയർത്തി വിളിച്ചു ചോദിച്ചു..
പക്ഷെ അവൾ തിരിഞ്ഞുനോക്കിയില്ല!..അവൾ അന്ധമാത്രമല്ല ..ബധിരയും
കൂടി ആണെന്നു തോന്നുന്നു..!!അപ്പോഴാണ് എനിക്ക് മറ്റൊരു സംശയവും ഉദിച്ചത്..
അവൾ സത്യത്തിൽ എന്തെങ്കിലും സംസാരിക്കുകയുണ്ടായോ..അതോ വെറും
തോന്നലായിരുന്നോ..ആകാശത്തൊ നിന്നോമറ്റൊ വരുന്നത് പോലെയാണ്
അവളുടെ ശബ്ദം കേട്ടത് എന്ന് എനിക്ക് ഇപ്പോൾ തോന്നുന്നു..
ഞാൻ നോക്കിനിൽക്കെ അവൾവരാന്തയിലൂടെ നടന്ന് ,വടക്കെഅറ്റത്തുള്ള
മുറിയുടെ വാതിലിൽഅവൾ മുട്ടി..
അവിടെ അത്യാസന്നനിലയിലുള്ള ഒരു രോഗിയാണ് കിടക്കുന്നത്.....!!
ഞാൻ വാതിൽ അടച്ചു .പത്രവുമായി കിടക്കിയിലേക്കു ചാഞ്ഞു. അപ്പോഴേക്കും
പുറത്ത് ശക്തിയേറിയകാറ്റും മഴയും തുടങ്ങിയിരുന്നു..
പത്രം നിവർത്തിയപ്പോൾ ഹെഡ് ലൈൻ അതുതന്നെ.. ജില്ലയിൽ
കനത്ത വേനൽമഴയിൽ പരക്കെ നാശനഷ്ടങ്ങൾ.. ചിത്രങ്ങളുമുണ്ട്..
തൊട്ടു താഴെയുള്ള വാർത്ത വായിച്ചപ്പോഴാണ് ഞാൻ ശരിക്കും അത്ഭുതപെട്ടത്..
വിട പറയുന്ന നായകന് സെഞ്ച്വറി..ഇന്ത്യക്ക് ഉജ്ജ്വല വിജയം !!
വിശ്വസിക്കാനാവാതെ ഞാൻ ടിവി ഓൺ ചെയ്തു ..അഞ്ചാമത്തെ ഓവർ ആണ്
സ്കോർ മുപ്പത്തിരണ്ട് ..വൺ വിക്കറ്റ് ..പക്ഷെ സച്ചിൻ ക്രീസിൽ തന്നെയുണ്ട്..
ബൌൻഡറി ക്യാച്ചിന്റെ റീ പ്ലെ ഇടക്കിടക്ക് കാണിക്കുന്നു..ക്യാച്ച് ചെയ്യുമ്പോൾ
ഫീൽഡർ പൂർണ്ണമായും ബൌൻഡറി ലൈനു പുറത്തായിരുന്നു..
ശക്തമായ ഇടി മിന്നലുണ്ട് ..ഞാൻ ടിവിയും ലൈറ്റും ഓഫ് ചെയ്ത് പത്രവുമായി
പുറത്ത് ബാൽക്കണിയിലേക്ക് നടന്നു.. മഴശമിച്ചിരുന്നു... പക്ഷെ ഒരു മൂടൽമഞ്ഞ് നഗരത്തെ
പൊതിഞ്ഞിരിക്കുന്നു ...ഒന്നും കാണാൻ വയ്യ..
ബാൽ ക്കണിയിൽ സ്റ്റീൽ റെയിലിൽ ചാരി നിന്ന് വീണ്ടും വായനതുടങ്ങി..
നാളത്തെ വിശേഷങ്ങൾ അറിയാൻ എനിക്ക് വല്ലാത്തധൃതിയായിരിക്കുന്നു.
നഗരത്തിലെ ഷോപ്പിംഗ് കോം പ്ലക്സിൽ ഷോർട്ട് സർക്യൂട്ട് മൂലമുണ്ടായ
തീപിടിത്തമാണ് ഫ്രണ്ട് പേജിലെ മറ്റൊരു വാർത്ത.മുന്നു പേർ മരിക്കുകയും
നിരവധി പേർക്ക് പൊള്ളലേൽക്കുകയും ചെയ്തിട്ടുണ്ട്. ഇന്ന് സന്ധ്യക്ക് ആറു
മണിക്കാണ് ആ തീ പിടുത്തം സംഭവിക്കാൻ പോകുന്നത്..
സന്ധ്യയാവാൻ ഇനിയും എട്ടൊമ്പത് മണിക്കൂറുകൾ ബാക്കികിടക്കുന്നു ..അധികൃതർക്ക്
വേഗം തന്നെ വാണിംഗ് കൊടുക്കണം... പത്രത്തിന്റെ
നടു പേജ് തുറന്ന ഞാൻ ഒന്നു നടുങ്ങുകതന്നെ ചെയ്തു..ഒന്നാമത്തെകോളത്തിൽ
മധ്യത്തിലായി എന്റെ ഫോട്ടോ!! അത്ഭുതമായിരിക്കുന്നല്ലോ..
എന്തായിത്? എന്റെ കഥകൾക്ക് വല്ല അവാർഡെങ്ങാൻ കിട്ടിയോ? മങ്ങിയവെളിച്ചം
കാരണമായിരിക്കാം താഴെ എഴുതിയിരിക്കുന്നതു വ്യക്തമല്ല.. ഞാൻ സ്റ്റീൽ ബാരിക്കേഡിലേക്ക്
നല്ലവണ്ണം ചാരി പത്രം ഒന്നു കൂടെ അടുത്ത് പിടിച്ചു..പെട്ടെന്ന് ഞാൻ ചാരിനിൽക്കുന്ന
സ്റ്റീൽ അഴികളുടെ സന്ധി ബന്ധങ്ങൾ ഒരു ഞരക്കത്തൊടെ പൊട്ടുന്ന ശബ്ദമുയർന്നു..
ഒരു നിലവിളിക്കുപോലും പ്രസക്തിയില്ലാത്തസന്ദർഭമായിരുന്നുഅത്...എന്റെ കയ്യിൽ നിന്നു വേർപെട്ട
പത്രതാളുകൾ ഒരു മഴകാറ്റിൽ നൂലറ്റപട്ടം പോലെ അന്തരീക്ഷത്തിൽ പാറിനടന്നു...
അതായിരുന്നു അവസാനത്തെ കാഴ്ച....

25 comments:

താരകൻ said...

അന്ധയും ബധിരയും മുകയുമായ അവൾ..പിംഗള കേശിനി.....

Typist | എഴുത്തുകാരി said...

എന്നാലും അതു വേണ്ടായിരുന്നു.

ആര്‍ദ്ര ആസാദ് / Ardra Azad said...

“ഏപ്രില്‍ ഫൂള്‍” ആക്കിയതാണല്ലെ?

OAB/ഒഎബി said...

ഇതത്ര ഇഷ്ടമല്ലാത്ത ഒരു ക്ലൈമാക്സായിപ്പോയല്ലൊ.

നന്ദന said...

നമ്മളും അന്ദന്മാർ
നവവത്സരാശംസകള്‍ !!!
2010 ഏവര്‍ക്കും സ്നേഹവും സന്തോഷവും നിറഞ്ഞതാകട്ടെ

VEERU said...

ദുരൂഹതകൾ നിറഞ്ഞ വാർത്തയുമായെത്തിയ ‘നാളത്തെ പത്രം’ വായിച്ചു !!
പത്രവുമായെത്തിയ സുന്ദരിയും .. ..പ്രിയ നായകന്റെ ശതകത്തോടെയുള്ള വിടവാങ്ങലും സർവ്വോപരി നാളത്തെ വാർത്തയിലെ ചരമ കോളവും നിഗൂഡത നിറഞ്ഞ വായനയൊരുക്കിയിരിക്കുന്നു !!
നന്ദി ആശംസകൾ !!

Sapna Anu B.George said...

നല്ല കഥ

khader patteppadam said...

നല്ല കഥ

ഭായി said...

അപാര ഭാവന!

ഒരു സ്വപ്നമായിരിക്കാം അത് അല്ലേ...?!!
അഭിനന്ദനങള്‍.

ശ്രീ said...

കഥ നന്നാകുന്നു മാഷേ. ഓരൊ പോസ്റ്റിനും താങ്കള്‍ വ്യത്യസ്തത നില നിര്‍ത്തുന്നു. :)

പുതുവത്സരാശംസകള്‍!

ശ്രീ said...

ഒരു കാര്യം പറയാന്‍ വിട്ടു :)


"♫ഒടുവിലാ മംഗള ദര്‍ശിനിയായ്
ബധിരയായ് അന്ധയായ് മൂകയായ്
നിരുപമ പിംഗള കേശിനിയായ്
മരണം നിന്‍ മുന്നിലായ് വന്നു നില്‍ക്കും...♫"

ഈ ഗാനം ഒര്‍മ്മിപ്പിച്ചു, ആദ്യ കമന്റ്

താരകൻ said...

ഗാനം കൊള്ളാം ശ്രീ,
മരണത്തെകുറിച്ചുള്ള കന്യകാ സങ്കല്പം ബംഗാൾ സാഹിത്യത്തിൽ നിന്നാണ്.താരാശങ്കർ ബാനർജിയുടെ ആരോഗ്യനികേതനത്തിൽ അന്ധയും ബധിരയുമായ മൃത്യുകന്യകയെ കുറിച്ച് പറയുന്നുണ്ട്.ഈ മിത്തിൽ നിന്ന് പ്രചോദനമുൾകൊണ്ട് സുഗതകുമാരി“ (മരണത്തെ കണ്ണാൽ കണ്ടേനിന്നലെ“) സുന്ദരമായ ഒരു കവിതയും എഴുതിയിട്ടുണ്ട്..
കഥവായിച്ച വീരുവിനും മറ്റുള്ളവർക്കും നന്ദി പുതുവത്സരാശംസകൾ..

പട്ടേപ്പാടം റാംജി said...

കഥ എനിക്കിഷ്ടായി.
വാര്‍ത്തകളില്‍ പുതുമ തേടുമ്പോള്‍ മാദ്യമങ്ങള്‍ ചമക്കുന്ന നുണകള്‍ വിശ്വസിച്ചു പോകും.
നന്നായി പറഞ്ഞു,കഥ.
ആശംസകള്‍.

Rare Rose said...

തൃസന്ധ്യയിലെ കഥകള്‍ക്കൊക്കെ ഒരു പുതുമയുണ്ടല്ലോ:)
മരണകന്യകയെന്ന സങ്കല്പം നന്നേ ഇഷ്ടായി.മിണ്ടാതെ,പറയാതെയുള്ള മരണത്തിന്റെ അപ്രതീക്ഷിതമായ കടന്നു വരവു നന്നായി വരച്ചിട്ടിരിക്കുന്നു..

ശാന്ത കാവുമ്പായി said...

ഒരു മിസ്റ്റിക്‌ കഥ പോലെ തോന്നി.മനസ്സിൽ കൊണ്ടു.

Manoraj said...

ഭാവന! അപാരമായ ഭാവന! അഭിനന്ദനങള്‍. സച്ചിൻ സേഞ്ചുറി അടിച്ചില്ലായിരുന്നേൽ തങ്കളെ ഞാൻ തീർത്തേനേ... ഹ..ഹ..ഹ..

ഗീത said...

വേണ്ടാട്ടോ....

താരകൻ said...

ഗീത ടീച്ചറേ കഥ കാര്യമാക്കണ്ടാട്ടാ..
രാംജീ,മാധ്യമവിരോധത്തിന്റെ മഞ്ഞകണ്ണടയിലൂടെ
എഴുതാപുറം തന്നെവായിച്ചുകളഞ്ഞല്ലോ!
മനോ,റോസ്,ശാന്ത...താങ്ക്സ്..

പട്ടേപ്പാടം റാംജി said...
This comment has been removed by the author.
പട്ടേപ്പാടം റാംജി said...

"കൊലപാതകത്തിന്റെ റിപ്പോർട്ടുകൾ...
ഒന്നും പുതുമയുള്ള വാർത്തകളല്ലാ..
സ്പോർട്സ് പേജ് തുറന്നു.. ബാറ്റ് ഉയർത്തി ചിരിച്ചു കൊണ്ട് നിൽക്കുന്ന......"

തെറ്റിദ്ധരിക്കണ്ട മഷെ,
ഞാന്‍ അര്‍ഥമാക്കിയത് വാര്‍ത്തകളില്‍ പുതുമ തേടുമ്പോള്‍ വാര്‍ത്തകളിലെ കൂട്ടിച്ചേര്‍ക്കലുകള്‍ തിരിച്ചരിയാതെ പോകും എന്ന എന്റെ ആശങ്കയായിരുന്നു.
ഞാനുദ്ദ്യേശിച്ച ഭാഗം കമന്റിട്ടപ്പോള്‍ അതില്‍ സൂചിപ്പിക്കാതിരുന്നതാണ്‌ പറ്റിയ തെറ്റ്.
ക്ഷമിക്കണം...

താരകൻ said...

pattepadam,now it is ok..

വിനുവേട്ടന്‍ said...

കുറച്ച്‌ കടന്ന കൈ ആയിപ്പോയിട്ടോ...

പുതുവത്സരാശംസകള്‍...

Muralee Mukundan , ബിലാത്തിപട്ടണം said...

അതിഭാവുകഭാവനയാൽ ഭൂരിഭാഗം പേരും കൈവെക്കുവാൻ ധൈര്യപ്പെടാത്ത വിഷയം, വെറും അനായാസം ഭയങ്കരമായി വിവരിച്ചൊരു കഥയാണിത് കേട്ടൊ....
അഭിനന്ദനങ്ങൾ !
ഒപ്പം പുതുവർഷഭാവുകങ്ങളും നേർന്നുകൊള്ളുന്നൂ...

Irshad said...

മനോഹരം...

ഏപ്രില്‍ഫൂള്‍ ദിനത്തിലെ പത്രത്തിലെ വാര്‍ത്തകള്‍ നമ്മളെ ഫൂളാക്കുന്നതായിരിക്കുമെന്ന വിശ്വാസത്തില്‍ വായന നല്‍കിയ ഭയം അടക്കി.

അന്ധയും ബധിരയും മുകയുമായവള്‍, തീര്‍ച്ചയായും അതു നമ്മള്‍ തന്നെയാണല്ലോ? നാളെയെ കേള്‍ക്കാനും കാണാനും അതിനെക്കുറിച്ചു പറയാനും കഴിയാത്തവര്‍. നല്ല ഉശിരന്‍ ഭാവന.

ആശംസകള്‍... വീണ്ടും വരാം.

ഗൗരിനാഥന്‍ said...

നാളകളില്‍ നാമില്ല...ഇന്നുകളില്‍ മാത്രമേ ഉള്ളൂ അല്ലേ..