Tuesday, February 9, 2010

വിചാരണയില്ലാതെ......

മുറ്റത്തെ പതിനെട്ടാം പട്ടയുടെ ഉച്ചിയിൽ പച്ചോലപാമ്പുകളുടെ ചൂളം വിളിയുയരുന്നു.അകമ്പടിയായി,
കൊത്തുപണിചെയ്ത ഉമ്മറതൂണുകളിൽ പടർന്ന് പരിലസിച്ചിരുന്ന ബ്ലീഡിംഗ് ഹാർട്ടിന്റെ
പൂങ്കുലകൾക്കുള്ളിൽ നിന്ന് ഭയചകിതരായ സുചിമുഖികൾ ചിറകടിച്ചു പറക്കുന്നശബ്ദം...
പുറത്ത് അവർ എത്തി കഴിഞെന്ന്ഉമാദത്തനു മനസ്സിലായി.
എഴുതികൊണ്ടിരിക്കുന്ന ‘സ്വർണ്ണവലയുള്ള ചിലന്തി’ യുടെ സ്ക്രിപ്റ്റ്
മാറ്റിവച്ച് അയ്യാൾ ചാരുകസേരയിൽ നിന്നെഴുന്നേറ്റു...
വാതിൽ തുറന്നപ്പോൾ,വരാന്തയിൽ അവർ മൂന്നാലു പേരുണ്ട്. കൂട്ടത്തിൽ ജുബയും മുണ്ടും ധരിച്ച അവരുടെ
നേതാവെന്നു തോന്നിക്കുന്ന ആൾ സ്വയം പരിചയപെടുത്തി. “ ഞാൻ ..കുമാരമംഗലം
അമ്പലം കമ്മറ്റി പ്രസിഡണ്ട്..” നെറ്റിയിലെ ചന്ദനകുറിയും വെറ്റില കറപുരണ്ട പുഞ്ചിരിയും ആ
പ്രസ്താവനക്ക് റാൻ മൂളിയെങ്കിലും കണ്ണുകളിലെ ക്രൌര്യവും കൌശലവും അയ്യാളെ ഒറ്റുകൊടുത്തു...
ഇടുങ്ങിയ തളത്തിൽ കിടന്നിരുന്ന ചൂരൽ കസേരകളിലും സ്റ്റൂളുകളിലുമായി എല്ലാവരും ഉപവിഷ്ടരായി
കഴിഞ്ഞപ്പോൾ ഉമാദത്തൻ ചോദിച്ചു: “കുടിക്കാൻ ... ഹോട്ട് ഓർ ..കോൾഡ്?”
“ചായയായാലും സർബത്തായാലും ഞങ്ങൾക്ക് സന്തോഷം” അനുയായികളിൽ ഒരാൾ വലിയതമാശ
പൊട്ടിക്കും മട്ടിൽ പറഞ്ഞു.
“ ക്ഷമിക്കണം...കുടിക്കാൻ ചൂടുവെള്ളം വേണോ അതോ പച്ചവെള്ളം മതിയോ എന്നാണ്
ഉദ്ദേശിച്ചത്...ഞാനിവിടെ തനിച്ചാണ്”
“അതിനെന്താ...പക്ഷെ വെള്ളംകുടിക്കാനല്ല.. താങ്കളെ വെള്ളം കുടിപ്പിക്കാനാണ് ഞങ്ങൾ
വന്നിരിക്കുന്നത് ..കഴിഞ്ഞയാഴ്ച അക്കാദമിഹാളിൽ വച്ചുകണ്ട താങ്കളുടെ ‘ന്യായവിധി ‘
ഞങ്ങൾക്കത്രക്കും ഇഷ്ടപെട്ടുപോയി...“
ക.പ്ര. പറഞ്ഞു;
“ അതെ..എല്ലാവരും അതു തന്നെ പറയുന്നു..”
“”അപ്പോൾ നേരെ കാര്യത്തിലേക്കു കടക്കാം പത്തേ മാസം പന്ത്രണ്ടിനാണ് ഞങ്ങളുടെ ഉത്സവം.
ഉത്സവം കൊഴുപ്പിക്കാൻ നിങ്ങളുടെ നാടകം തന്നെ വേണം ..”“
“ പക്ഷെ ഈ മാസം ഡേറ്റൊന്നുമില്ലല്ല്ലോ..? “ ഉമാദത്തൻ നിസ്സഹായനായി പറഞ്ഞു.
“ അതു പിന്നെ ഞങ്ങൾക്കറിയരുതോ ..ധൃതിയില്ല ..അടുത്തവർഷം ഉത്സവത്തിനുവേണ്ടിയുള്ള
ബുക്കിംഗ് ആണ് ഞങ്ങൾ ഉദ്ദേശിച്ചത്... പക്ഷെ അതിനുമുൻപ് ആ നാടകത്തെകുറിച്ചു ഞങ്ങൾ
ക്കുള്ള സംശയനിവൃത്തി ഉണ്ടാക്കി തരണം”
“എക്സ്ക്യുസ് മി ..ഇവിടെ എവിടെയാണ് ബാത്ത് റൂം? “ അനുയായികളിൽ ഒരാൾ ഇടക്ക് കയറി
ചോദിച്ചു.
“ ഒന്നിനോ..രണ്ടിനോ?
“രണ്ടിനും...“
“എങ്കിൽ .. പുറത്തു തന്നെ പോകണം“
“ താങ്ക്യൂ...”
ഒഴിഞ്ഞ സീറ്റിൽ കയറി ഇരുന്നു കൊണ്ട് ഉമാദത്തൻ ക. പ്ര ന്റെ ചോദ്യങ്ങളെ നേരിടാൻ
തയ്യാറായി....
“കോടതിവിധിയും കാത്ത് ജയിലിൽ റിമാൻഡിൽ കഴിയുന്ന ഒരു ക്രിമിനലിനെ,കഥാനായകൻ വളരെ സാഹസികമായി
രക്ഷിക്കുന്നതും ഈ രാജ്യത്തിന്റെ നിയമവ്യവസ്ഥയേയും സാമൂഹികക്രമങ്ങളെയും കൊഞ്ഞനം
കാട്ടുന്നതുമൊക്കെയാണല്ലോ ‘ന്യായവിധി’യിലെ പ്രമേയം.. സത്യത്തിൽ താങ്കളുടെ ജീവിതവുമായി
ഈ നാടകത്തിന് എന്തെങ്കിലും ബന്ധമുണ്ടോ?
“ കാണുന്നവരെ കൊണ്ട് ഒരു പാട് ചോദ്യങ്ങൾ സ്വയം ചോദിപ്പിക്കുക എന്നത് ഈ നാടകത്തിന്റെ
ഹിഡൺ അജൻഡയിൽ പെടുന്നു. പക്ഷെ ,ഇത്തരം വ്യക്തിപരമായ ചോദ്യങ്ങൾ എഴുത്തുകാരൻ
എന്ന നിലയിൽ ഉത്തരം പറയാൻ എനിക്കു താത്പര്യമില്ല. എങ്കിലും ചോദിച്ച നിലക്ക് പറയാം..
ഇതിലെ പ്രതി നായകൻ ...തീർച്ചയായും ഞാൻ അല്ല..പക്ഷെ അവസരം കിട്ടുകയാണെങ്കിൽ
കഥാനായകനാകുന്നതിൽ വിരോധമില്ല..”
“ അങ്ങനെ വീരനായകൻ ചമയാനാണോ ,താങ്കൾ ലൈസൻസ്പുതുക്കാത്ത തോക്ക് ഇപ്പോഴും
കൈവശം വച്ചിരിക്കുന്നത്..”
“ നിങ്ങൾ പോലീസുകാരെ പോലെ സംസാരിക്കുന്നു...”
“തീർച്ചയായും ഞങ്ങൾ പോലീസുകാർ തന്നെ..മഫ്ടിയിലാണെന്നുമാത്രം. ഐ ആം എസ് ഐ സുബറാവു...”
തന്റെ പോക്കറ്റിൽ നിന്നുള്ള ഐഡന്റിറ്റി കാർഡ്
എടുത്തുകൊണ്ട് കമ്മറ്റി പ്രസിഡണ്ട് എന്ന് നേരത്തെ പരിചയപെടുത്തിയ ആൾ പറഞ്ഞു.
“”ഇനിയധികം വളച്ചുകെട്ടുന്നില്ല മിസ്റ്റർ ഉമാദത്തൻ...ഈയിടെ തടവു ചാടിയ രാം പ്രകാശ് എന്നപുള്ളിയെ
ഈ പരിസരത്ത് കണ്ടതായി ഞങ്ങൾക്ക് വിശ്വസനീയമായ കേന്ദ്രങ്ങളിൽ നിന്ന് ഇൻഫർമെഷൻ കിട്ടിയി
രിക്കുന്നു..ഏന്റ് യൂ നോ ഹീ ഈസ് എ ബോൺ ക്രിമിനൽ. പലതും ചേർത്തു വായിക്കുമ്പോൾ അയ്യാൾക്ക്
നിങ്ങൾ നിയമവിരുദ്ധമായി അഭയം നൽകിയിരിക്കുന്നു എന്ന് സംശയിക്കുന്നതിൽ അന്യായമൊന്നുമില്ല...
പിന്നെ എവിടെ ഒളിപ്പിച്ചാലും, അയ്യാളെ കോളറിൽ പിടിച്ച് പൊക്കുവാനാണ് ഞങ്ങൾ ഇറങ്ങി
പുറപെട്ടിരിക്കുന്നത്.ഏതു ഗർഭഗൃഹ
ത്തിലൊളിച്ചാലും അവനെ ഞങ്ങൾ പൊക്കിയിരിക്കും.
. ഞങ്ങൾക്ക് ഈ വീടൊന്ന് പരിശോധിക്കണം....”
“ഒരു വിരോധവുമില്ല, പക്ഷെ നിങ്ങൾ ഈ പറഞ്ഞ ക്രിമിനലിനെ കുറിച്ച് പേപ്പറിൽ
നിന്ന് വായിച്ച അറിവെ എനിക്കുള്ളൂ...അധികമൊന്നും പുറത്തിറങ്ങാത്തതുകൊണ്ട് അയ്യാൾ
ഈ പരിസരത്തിൽ ചുറ്റി തിരിഞ്ഞുട്ടെണ്ടെങ്കിൽ തന്നെ ഞാൻ കാണുവാൻ വഴിയില്ല.
പിന്നെ കണ്ണുവെട്ടിച്ച് അയ്യാൾ എന്റെ വീട്ടിൽ ഒളിച്ചിരിപ്പുണ്ടോ എന്ന കാര്യം എനിക്കും
ഉറപ്പീല്ല “ .ഉള്ളിലേക്ക് കയറിപോകുന്ന
അനുയായികളെ വീക്ഷിച്ചുകൊണ്ട് ഉമാദത്തൻ മനസ്സാന്നിധ്യം കൈവിടാതെ പറഞ്ഞു.
അപ്പോൾ,അകത്താരുടെയോ ചിലമ്പിച്ച ചുമ ഉയർന്നു കേട്ടു....
“ ഈ വീട്ടിൽ താങ്കൾ തനിച്ചാണെന്നല്ലേ പറഞ്ഞത്..?!“
“വിവാഹമൊന്നുംകഴിഞ്ഞിട്ടില്ല എന്നാ‍ണ് ഉദ്ദേശിച്ചത്..രണ്ട് ദിവസമായി
സുഖമില്ലാത്ത എന്റെ വകയിലൊരു വല്ല്യമ്മയും എത്തിയിട്ടുണ്ട് ..
പാവം വയസ്സാം കാലത്ത് അവരെ നോക്കാൻ ആരുമില്ല!
“ അവരെവിടെയാണ്? “
“അകത്തെ കട്ടിലിൽ വിശ്രമിക്കുന്നു...“
എങ്കിൽ അവരോടും ചിലത് ചോദിക്കാനുണ്ട്..?
അപ്പോഴേക്കും വടിയുംകുത്തിപിടിച്ച് വൃദ്ധ പുറത്തേക്ക് വേച്ച് വേച്ച് കടന്നു വന്നു..
“ആരാ അവിടെ? കുറെ നേരാമായല്ലൊ കിടന്നു തൊള്ളയിടുന്നു ..മനുഷ്യനൊരു
തൊയിരം തരില്ലാന്ന് വെച്ചാൽ.. വധൂരികള്.....” വിറക്കുന്ന സ്വരത്തിൽ അവർപറഞ്ഞു.
“”ഞങ്ങൾ ഒരാളെ അന്വേഷിച്ചിറങ്ങിയതാവല്ല്യമ്മെ .. .. ഇവിടെ അടുത്തെങ്ങാൻ
ഒരു ചെറുക്കൻ വന്നിരുന്നോ..?“”
“ കുറുക്കനോ? അതിനിവിടെയെവിടെയാ കോഴികള്? “
“വല്ല്യമ്മക്ക് ചെവി പതമാണ്..“
ഉമാദത്തൻ പറഞ്ഞു.
അപ്പോഴേക്കും മുറികളെല്ലാം കയറിയിറങ്ങി പരിശോധന കഴിഞ്ഞ് മറ്റനുയായികളെല്ലാം
തിരിച്ചെത്തിയിരുന്നു.പറമ്പും പരിസരവും നിരീക്ഷിക്കാൻ പോയ പോലീസ് കാരനും
തിരിച്ചെത്തി..
അവരുടെ മുഖത്തെല്ലാം ഒരു ഇഛാഭംഗം കാണപെട്ടു.
പക്ഷെ സബ് ഇൻസ്പെക്ടർ സുബറാവു അപ്പോഴും ഉത്സാഹത്തിലായിരുന്നു...
“ഉമാദത്തൻ ഞങ്ങളുടെ കൂടെ സ്റ്റേഷൻ വരെയൊന്നു വരേണ്ടി വരും..“
“എന്തിന്സാർ.!!.ഞാനിവിടെ ആരെയും ഒളിപ്പിച്ചിട്ടില്ലെന്ന് ബോധ്യപെട്ടതല്ലെ?“
“-ലൈസൻസ് പുതുക്കാത്ത തോക്ക് കൈവശം വക്കുന്നത് ഒരു കുറ്റമാണെന്ന്
അറിഞ്ഞുകൂടെ..അല്ലെങ്കിലും നിങ്ങളെപോലുള്ള ഒരു എഴുത്തുകാരന് എന്തിനാണ്
തോക്ക് ..നിങ്ങൾ ഒരു ക്രിമിനലോ നിയമപാലകനോഅല്ലാത്ത നിലക്ക്?
“ സാർ ഈ റിവോൾവർ പൈതൃകമായിട്ടാണ് എനിക്കുകിട്ടിയത്..എന്നെ
പോലൊരാൾക്ക് ആയുധം അടിസ്ഥാനപരമായി
ആത്മരക്ഷക്കാണ് ,അക്രമണത്തിനല്ല..
ലൈസൻസ് എല്ലാമൂന്നുവർഷം കൂടുമ്പോഴും
പുതുക്കുന്നുണ്ട്..പക്ഷെ സമയത്തിനപേക്ഷിച്ചാലും ലൈസൻസ് കിട്ടാൻ വൈകും ..അപ്പോഴൊക്കെ ജില്ലാകളക്ടറുടെ
സ്പെഷ്യൽ പെർമിഷൻ വാങ്ങി സൂക്ഷിക്കാറുണ്ട്..“”
കളക്ടർ പച്ചമഷിയിൽ ഒപ്പിട്ട കടലാസ് അലമാരിയിലെ ഫയലിൽ നിന്നും എടുത്തു നീട്ടികൊണ്ട് ഉമാദത്തൻ
പറഞ്ഞു. ഇപ്പോൾ അനുയായികളുടെ ഇഛാഭംഗം സുബറാവുവിന്റെ മുഖത്തും പടർന്നു..
“ശരി ..ഇപ്പോൾ ഞങ്ങൾ ഇറങ്ങുന്നു..പക്ഷെ പോലീസിനോട് കളിക്കുന്നത് സൂക്ഷിച്ചു വേണം ..ഓർമ്മയിരിക്കട്ടെ.”
ഇടിഞ്ഞു പൊളിഞ്ഞ മതിലിനുപിന്നിൽ നിർത്തിയിട്ടിരുന്ന ജീപ്പ് സ്റ്റാർട്ട് ചെയ്ത് പോലീസ് സംഘം പോയപ്പോൾ
ഉമാദത്തൻ വാതിൽ അടച്ചു തഴുതിട്ടു.. എന്നിട്ട് വല്ല്യമ്മക്ക് നേരെ തിരിഞ്ഞുകൊണ്ട് ഇങ്ങനെ ഉറക്കെ പ്രസ്താവിച്ചു.
“ രാം പ്രകാശ് ഒരു ഒന്നാംതരം നടനാണ് നീ .. ഒരുമികച്ച മിമിക്രികാരനും. നമ്മുടെ സ്ക്രിപ്റ്റിലില്ലാത്ത നിന്റെ
മനോധർമ്മ ഭാഷണങ്ങളും എനിക്കിഷ്ടപെട്ടു..”
അപ്പോൾ നരച്ച മുടിയുടെ വിഗ് ഊരിയെടുത്ത് രാം പ്രകാശ് തന്റെ കുറ്റിമുടിതല വെളിവാക്കി കൊണ്ട്
നിവർന്നു നിന്നു..
പക്ഷെ ,താങ്കളുടെ മേക്കപ്പ് ആണ് എന്നെ രക്ഷിച്ചത്...എഴുത്തുകാരനും സംവിധായകനും പ്രോഡ്യൂസറും മാത്രമല്ല
താങ്കൾ ഒരു ലോകോത്തര മേക്കപ്പ് മാൻ കൂടിയാണ്..” മുഖത്തെചുളിവുകൾകൂടി താങ്കൾ എത്ര നാച്വറലായി സൃഷ്ടിച്ചു.!!“”
അയ്യാൾ ചുമരിലെ കണ്ണാടിയിൽ സ്വന്തം മുഖം നോക്കികൊണ്ട് പറഞ്ഞു..
“- പറയൂ സുഹൃത്തെ ,ഇന്ന് രാത്രിയിലെ മുംബൈ എക്സ്പ്രസ്സിൽ ഞാൻ സ്ഥലം വിടും ..അതിന് മുമ്പ് എന്നെരക്ഷി
ച്ചതിന് ഞാൻ എങ്ങനെയാണ് നന്ദി പറയേണ്ടത്?
“”നന്ദി താങ്കൾ കയ്യിൽ വച്ചുകൊള്ളൂ, എനിക്ക് വേണ്ടത് പ്രതിഫലമാണ്...“”
“ ..അഴികൾക്കു പുറത്ത്, രാം പ്രകാശിന് എന്ത് പ്രത്യുപകാരവും ചെയ്യാൻ കഴിയും...പറയൂ‍,എന്ത് പ്രതിഫലമാണ്
വേണ്ടത്..”
“താങ്കളുടെ ജീവൻ...“ ഉമാദത്തൻ റിവോൾവർ തനിക്കു നേരെ ചൂണ്ടുന്നത് അയാൾ കണ്ണാടിയിൽ കണ്ടു.
************************************************************************
(ഇന്നത്തെ മനോരമയിൽ,(9-2-10) “വിചാരണയില്ലാത്ത ശിക്ഷ...“എന്ന അടികുറിപ്പോടെയുള്ള ചിത്രവും വാർത്തയുമാണ്
ഈ കഥയുടെ പരോക്ഷമായ പ്രചോദനം..അതുകൊണ്ട് ഇത് കഥമാത്രമല്ല,നേരിട്ട് ബന്ധമൊന്നുമില്ലെങ്കിലും
ആ വാർത്തയോടുള്ള പ്രതികരണം കൂടിയാണ്..)

17 comments:

പട്ടേപ്പാടം റാംജി said...

പെട്ടെന്നെഴുതിയതിന്റെ കുറവുകള്‍ ഒന്നും എനിക്ക് തോന്നിയില്ല.
ഒരു വിവരണം പോലെ രസിച്ച് വായിക്കാനായി.
രാം പ്രകാശും, ഉമാദത്തനും തമ്മിലുള്ള രംഗങ്ങള്‍ നന്നായി.
മനോരമയിലെ വാര്‍ത്ത വായിക്കാത്തതിനാല്‍ തന്നെ കഥ പൂര്‍ണ്ണമായും ഉള്കൊണ്ടിട്ടില്ല ഞാന്‍.

ഒരു കഥ എന്ന രീതിയില്‍ നന്നായി തോന്നി.

Muralee Mukundan , ബിലാത്തിപട്ടണം said...

മനോരമ വാർത്തകണ്ടിലെങ്കിലും,‘വിചാരണയില്ലാതെ’തീരെ കുഴപ്പമില്ലാത്ത ഒരുഗ്രൻ കഥ തന്നെയായി അനുഭവപ്പെട്ടു കേട്ടൊ...
സസ്പെൻസ് അവസാനം വരെ നിലനിർത്തുകയും ചെയ്തു....അഭിനന്ദനങ്ങൾ.
പെട്ടെന്നെഴുതിയതാണെന്ന് ഒട്ടും തോന്നുകയില്ല!

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

കഥ ഇഷ്ടമായി. പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നെങ്കില്‍ കൂടി.

താരകൻ said...

ramji ,murali thanks...
രാമചന്ദ്രക്ലൈമാക്സ് തുടക്കം തൊട്ടേ മനസ്സിലായെങ്കിൽ ഒന്നുകിൽ നമ്മൾ ഒരെ വേവ് ലെങ്ങ്ത്തിൽ ചിന്തിച്ചതുകൊണ്ടാവാം...അല്ലെങ്കിൽ പിന്നെ പ്രതികൂട്ടിലാവുന്നത് ഈ കഥയുടെ പ്ലോട്ടും ക്രാഫ്റ്റുമൊക്കെയാണ്...

കിച്ചന്‍ said...

ഒരു ഹൊറര്‍ സ്റ്റൈലില്‍ തുടങ്ങി......ത്രില്ലെര്‍ സ്റ്റൈലില്‍ കൊണ്ട് തീര്‍ത്തു...
ഇനിയും ഇതുപോലുള്ള കഥക്കള്‍ പ്രതീഷിക്കുന്നു.....

ജീവി കരിവെള്ളൂർ said...

ക്ലൈമാക്സ് നന്നായിരിക്കുന്നു.പശ്ചാത്തപിക്കാന്‍ അവസരം കിട്ടുന്തോറും കുറ്റങ്ങള്‍ ആവര്‍ത്തിക്കുന്നവര്‍ ഒട്ടും കുറവല്ലല്ലോ നാട്ടില്‍ ,അപ്പൊ വിചാരണയും കാഴ്ചവസ്തുവായി മാറുന്നു .

ആര്‍ദ്ര ആസാദ് / Ardra Azad said...

ഇംഗ്ലീഷ് കൃതികളുടെ വിവര്‍ത്തനം വായിക്കുന്ന അനുഭവം നല്‍കാറുണ്ട് താങ്കളുടെ കഥകള്‍. ഭയമെന്ന വികാരത്തെയും ക്രൈമിനെയും വേണ്ടയളവില്‍ ഉപയോഗിക്കുന്നുണ്ട് ഒരോ കഥകളിലും.ദുരൂഹത കഥാവസാനം വരെ നിലനിര്‍ത്തുന്നു.ബ്ലോഗെഴുത്തില്‍ അപൂര്‍വ്വമായ ശൈലി.

khader patteppadam said...

താങ്കല്‍ എത്ര വേഗമാണു ഒരു നല്ല കഥ മെനഞ്ഞെടുത്ത്‌ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്‌..!

khader patteppadam said...

താങ്കല്‍ എത്ര വേഗമാണു ഒരു നല്ല കഥ മെനഞ്ഞെടുത്ത്‌ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്‌..!

ജയരാജ്‌മുരുക്കുംപുഴ said...

valare nannaayirikkunnu.................aashamsakal...............................

ശ്രീ said...

വൌ! നല്ല ഒരു കഥ. പഴുതുകളൊന്നുമില്ലാത്ത ഫിനിഷിങ്ങ്!

മനോരമയിലെ അങ്ങനെ ഒരു വാര്‍ത്ത വായിച്ചിട്ടില്ലെങ്കിലും ഈ കഥ നന്നായി ഇഷ്ടപ്പെട്ടു.

:)

Rare Rose said...

മനോരമയിലെ വാര്‍ത്തയേതെന്നു എനിക്കും മനസിലായില്ല.എന്തായാലും കഥ ഇഷ്ടപ്പെട്ടു.നിയമ വ്യവസ്ഥിതികള്‍ക്കു കുറ്റവാളിയെ വിട്ടു കൊടുക്കാതെ കഥാകാരന്‍ തന്നെ ശിക്ഷ വിധിച്ചു അല്ലേ..

jyo.mds said...

മനോ‍രമയിലെ വാര്‍ത്ത വായിച്ചില്ല--കഥ നന്നായി.

ഗീത said...

നിയമവ്യവസ്ഥക്ക് കുറ്റവാളിയെ വിട്ടുകൊടുത്താല്‍ രാഷ്ട്രീയ സ്വാധീനവും മറ്റുമൊക്കെ ഉപയോഗിച്ച് ശിക്ഷയില്‍ നിന്ന് അയാള്‍ രക്ഷപ്പെടുമെന്ന് ഉമാദത്തന് അറിയാമായിരിക്കും അല്ലേ? നല്ല കഥ. മനോരമയില്‍ ഉള്ള വാര്‍ത്ത വായിച്ചില്ല.
(ഭാവിയില്‍ വരാവുന്ന ഒരു സിനിമാപരസ്യം :
..... കഥ, തിരക്കഥ, സംഭാഷണം - താരകന്‍)

hshshshs said...

കഥ നന്നായിട്ടുണ്ട് !
പിന്നെ ഗീതേച്ചിയുടെ കമന്റ് വായിച്ചു..
അറിഞ്ഞാണെങ്കിലും അല്ലെങ്കിലും താരകന്റെ കഥയുടെ ‘ത്രെഡ്’ ഒരു സിനിമ തന്നെയാണ്..
നീരജ് പാണ്ഡേ സംവിധാനം ചെയ്ത “A Wednes Day" എന്ന ഹിന്ദി ചലചിത്രം(തമിഴിൽ ‘ഉന്നൈപ്പോൽ ഒരുവൻ’)ഇതിൽ എതാവതു ഒരു പടം കൂടെ പാ‍ത്തിരുക്കേന്നാ...താരാകാ..ഉങ്കളുടെ പ്ലോട്ടുക്കും ക്രാഫ്റ്റുക്കും ദണ്ഡന കട്ടായം !!!!!

താരകൻ said...

ഗീതെ,ശരിയാണ് ഒരു ജന്മത്തിൽ തന്നെ ഒരു പാടു ജന്മങ്ങൾ ജീവിക്കുവാൻ കൊതിക്കുന്നവരാണ്.അതിന്റെ ഭാഗമായാണ് എഴുത്തും വായനയുമൊക്കെ..സാധിച്ചാൽ ഒരു സിനിമയും ചെയ്യണമെന്നുണ്ട്...പക്ഷെ ഒരു ജന്മത്തിന്റെ പരിധികളെ കുറിച്ചും നമ്മൾ ബോധവാന്മാരാണ്...
എച് എസ് ഫോർ,
ഈ പറഞ്ഞസിനിമകൾ ഞാൻ കണ്ടിട്ടോ കഥ കേട്ടിട്ടോ ഇല്ല..അതുകൊണ്ട് ആ കഥയുടെ ഔട്ടലൈൻ ഒന്നു പോസ്റ്റിയാൽ കൊള്ളാം എത്രമാത്രം സാമ്യമുണ്ടെന്ന് അറിയാമല്ലോ..
റെയർ റോസ് താങ്ക്സ്.
കിച്ചൻ ജീവി ആർദ്ര ഖാദർ ശ്രീ താങ്ക്സ്...

ശ്രീ said...

മാഷേ...

സിനിമ എന്നത് തീര്‍ച്ചയായും താങ്കള്‍ക്ക് പയറ്റാന്‍ സാധിയ്ക്കുന്ന ഒരു മേഖല തന്നെയാണ് മാഷേ. ഗീതേച്ചി പറഞ്ഞതു പോലെ ആ പേര് അഭ്രപാളികളില്‍ തെളിയുന്നത് കാണാന്‍ ഞങ്ങളും കാത്തിരിയ്ക്കുന്നു.

പിന്നെ, ഉന്നൈപ്പോല്‍ ഒരുവനെ പറ്റി ഇവിടെ നിന്നു വായിയ്ക്കൂ.