Sunday, March 13, 2011

ക്രിസ്റ്റല്‍ വാലി

ക്രിസ്റ്റല്‍ വാലി
(അഭിമുഖം-1)
ഫ്രഡരിക് തോംസണ്‍..ഡോക്ടര്‍ ഫ്രഡറിക് തോംസണ്‍..."
സ്വല്പം നീരസത്തോടെ യാണ് അയ്യാള്‍ സ്വന്തം പേരു പറഞ്ഞത്..നീരസം പേരിനോടായിരുന്നില്ല
അഭിമുഖത്തിലെആദ്യത്തെ ചോദ്യത്തോടായിരുന്നു
തീര്‍ച്ച യായും
പ്രമുഖനായ ഒരു വ്യക്തിയോട് ഒരു ഇന്റര് വ്യൂവര്‍ ഒഴിവാക്കെണ്ട് ചോദ്യമായിരുന്നു അത്.അശ്രദ്ധമായ
വേഷ്ത്തിനുള്ളിലെ അസ്വസ്ഥമായ ചലനങ്ങള്‍ അയ്യാളുടെ അനിഷ്ടം വെളിപെടുത്തി.വെളിച്ചം മിന്നിപിടയുന്ന
കണ്ണടചില്ലുകളും,ചില്ലിനു പുറകിലെ ചെമ്പന്‍ നിറമുള്ള കണ്ണുകളും പക്ഷെ,ഒരു വിദേശ സിനിമയിലെ
ചുറുചുറുക്കുള്ള യുവ ശാസ്ത്രജ്ഞന്റെ പരിവേഷം അയ്യാള്‍ക്കു നല്‍കുന്നുണ്ടായിരുന്നു..ഏതാനും നിമിഷങ്ങള്‍ ഗൗരവം കലര്‍ന്ന ഒരു മൗനത്തിന്റെ
ചില്ലുപാളിക്കപ്പുറം അയ്യാള്‍ ഉള്‍ വലിഞ്ഞതു പോലെ കാണപെട്ടു..
എന്നാല്‍ , ജോലിയെ കുറിച്ചുള്ള അന്വേഷണം അയ്യാളെ വാചാലനാക്കി
മലനിരകള്‍ ചുറ്റും മതിലുകള്‍ തീര്‍ക്കുന്ന ഹരിതസുന്ദരമായ ഒരു താഴ്വരയില്‍ അനേകം ചതുരശ്രനാഴികകള്‍ പരന്നുകിടക്കുന്ന ക്രിസ്റ്റല്‍ വാലി(CRYSTAL VALLEY) എന്ന റിസേര്‍ച് കോം പ്ലക്സിന്റെ ഡയറക്ടര്‍ക്ക് തങ്ങളുടെ പ്രോജക്ടുകളെ
കുറിച്ചും പല ഡിപ്പാര്‍ട്ടുമെന്റു കളിലായി രാവെന്നോ പകലെന്നോ ഇല്ലാതെ ഗവേഷണത്തില്‍ ഏര്‍പെട്ടിരിക്കുന്ന
സഹപ്രവര്‍ത്തകരെ കുറിച്ചു മൊക്കെ പറയാന്‍ വല്ലാത്തൊരു ആവേശമായിരുന്നു..
അയ്യാളുടെ ഗവേഷണ നഗരിയുടെ പേര് മോഹന്‍ ദാസിനെ വല്ലാതെ ആകര്‍ഷിച്ചു.
ക്രിസ്റ്റല്‍ വാലി എന്ന് അയ്യാള്‍ ഇടക്കിടക്കിടെ ഉച്ചരിക്കുമ്പോഴെല്ലാം,ഒരു ചില്ലു പാത്രം വീണുടയുന്ന
പ്രതീതി ഉണ്ടായിരുന്നു...
“"ക്രിസ്റ്റല്‍ വാലി...വാട്ട് എ റൊമാന്റിക് നെയിം.. !!!" ചില്ലു കൊട്ടാരങ്ങളെ കണ്മുന്നില്‍ കാണുന്നതു പോലെ മോഹന്‍ ദാസ് ആശ്ചര്യപെട്ടു..
"അനേകം ചതുരശ്രനാഴികകള്‍ പരന്നു കിടക്കുന്ന ഈ റിസര്‍ച്ച് കോം പ്ലക്സിലെ ഓരോ കെട്ടിടവും
പണിതിട്ടുള്ളത് ശുദ്ധമായ ക്രിസ്റ്റലുകള്‍ കൊണ്ടാണ്.."
"ദാറ്റ് ഈസ് വണ്ടര്‍ ഫുള്‍... ക്രിസ്റ്റല്‍ നിര്‍മ്മിതമായ കെട്ടിട സമുച്ചയങ്ങള്‍..!!! ഇന്നലെ ഞാന്‍ വാങ്ങിയ ഒരു ക്രിസ്റ്റല്‍ പൂപാത്രത്തിന്
മുന്നൂറ് രൂപയോളം വിലയായി...അപ്പോള്‍ ക്രിസ്റ്റല്‍ വാലിയുടെ
നിര്‍മ്മാണത്തില്‍ നിങ്ങള്‍ എത്ര പണം ചിലവിട്ടുകാണും?
"അവിടെയാണ് നിങ്ങള്‍ അത്ഭുതപെടാന്‍ പോകുന്നത്. മറ്റാരോടും പറയാത്ത ഒരു രഹസ്യം ഞാനിപ്പോള്‍ നിങ്ങളോട് പറയാം . ക്രിസ്റ്റല്‍ ബ്രിക്കുകളുടെ പ്രോഡക്ഷന്
ഞങ്ങള്‍ക്ക് ആകെ ചിലവായത്...ഒരു പ്രഷര്‍ ചേംബറിന്റെ നിര്‍മ്മാണ
ത്തിനു വേണ്ട് പതിനായിരം രൂപമാത്രമാണ്..ഇതിനു വേണ്ട അസംസ്കൃത വസ്തു എന്നു
പറയുന്നത് വിലകൊടുക്കാതെ കിട്ടുന്ന ജലവും..
അതി മര്‍ദ്ദത്തിനു വിധേയമാകുന്ന ജലം
കടുപ്പമുള്ള ഖര പദാര്‍ഥമാകുന്നു എന്ന സയന്‍സ് തത്വം ആണ് ഞങ്ങള്‍ ഇവിടെ പ്രാവര്‍
ത്തികമാക്കിയിരിക്കുന്നത്...യെസ് ക്രിസ്റ്റല്‍ വാലി ഈസ് മെയ്ഡ് അപ് ഓഫ് വാട്ടര്‍ബ്രിക്സ് ,മാന്‍.. കല്ലിനേക്കാള്‍ കടുപ്പ മുള്ള മഞ്ഞിന്റെ വെണമയുള്ള,എന്നാല്‍ വെയിലത്തും ഉരുകാത്ത സാന്ദ്ര ജലം.ഡെന്‍സിറ്റി വണ്‍,മോഡുലസ്...
താഴ്വരയിലെ ശുദ്ധജല തടാകത്തില്‍ ഒരു മഴക്കാലത്ത് ഒഴുകിയെത്തിയ ആയിരകണക്കിന് ഗ്യാലണ്‍
ജലം ഞങ്ങള്‍ ഇഷ്ടികകള്‍ ആക്കിമാറ്റി...സെമി ട്രാന്‍സ്പാരന്റ് ബ്രിക്സ്...
ശരിക്കും ഒരു ആര്‍ക്കിടെക്റ്റ് വിപ്ലവം എന്നു തന്നെ പറയാം ..."
അഭിമുഖക്കാരന് നോട്സ് കുറിച്ചെടുക്കാനുള്ള സമയം നല്‍കി കൊണ്ട് ഫ്രെഡി തോംസണ്‍ അല്പനേരം
നിശ്ശബ്ദനായി..... വീണ്ടും തുടര്‍ന്നു.
"താങ്കള്‍ക്കറിയുമോ...വേള്‍ഡ് പോപ്പുലേഷന്‍ അരിത് മെറ്റിക് പ്രോഗ്രഷനിലാണ് വര്‍ധിച്ച് കൊണ്ടിരിക്കുന്നത്..
ആയിരത്തി അരുന്നൂറ് ഏ ഡിയിലെ ജനസംഖ്യ ഇരട്ടിയാവാനെടുത്തത് തൊള്ളായിരം വര്‍ഷങ്ങളാണെങ്കില്‍ീഇപ്പോഴത് കേവലം അമ്പത് വര്‍ഷങ്ങള്‍ക്ക് താഴേയാണ്..
അതായത് ഇന്നത്തെ അഞ്ഞൂറ് കോടി ,ആയിരം കോടിയാവാന്‍ അര നൂറ്റാണ്ട് തികച്ചും വേണ്ടെന്ന്
സാരം,രണ്ടായിരം കോടിയാകുന്നത് അതിലും വേഗത്തിലായിരിക്കും..
അടുത്ത ഭാവിയില്‍ നമ്മള്‍ നേരിടാന്‍ പോകുന്ന
ഏറ്റവും വലിയ പ്രശ്നം...പാര്‍പ്പിട പ്രശ്നമാണ്,അതെ പോലെ ഭക്ഷണപ്രശ്നവും.....
...ആകാശത്തിനു കീഴെ കിടന്നുറങ്ങിയാലും ഭക്ഷണമില്ലാതെ മനുഷ്യനു നില നില്‍ക്കാന്‍ കഴിയുകയില്ല.
ബി.ടി വഴുതനങ്ങയും പൊട്ടറ്റൊയുമൊക്കെമനുഷ്യന്റെ വിശപ്പിനു മുന്നില്‍ തോറ്റു തുന്നം പാടുന്ന കാലം അതിവിദൂരമല്ല..
ഭകഷ്യ
ഉത്പാദനംകൂട്ടുക എന്നതിനേക്കാള്‍ ഭകഷ്യ യോഗ്യമായവയുടെ റേഞ്ജ് കൂട്ടുക എന്നതാണ് ഒരു പോം വഴി.. സുഹൃത്തെ, താങ്കള്‍ ആലോചിച്ചിട്ടുണ്ടോ... കഴിക്കുന്ന ഭക്ഷണത്തിന്റെ അറുപതു ശതമാനം മാത്രമേ
നമ്മള്‍ ഉപയോഗിക്കുന്നുള്ളൂ......ബാക്കിയെല്ലാം വെയ്സ്റ്റ്..എല്ലാം എത്രയും പെട്ടെന്ന് വിസര്‍ജ്ജിച്ചുകളയേണ്ടവ... ഇതിന് വേണ്ടി എത്ര ഊര്‍ജ്ജമാണ് പാഴായി പോകുന്നത്..നൂറ് ശതമാനം യൂട്ടിലിറ്റി ആണ് നമ്മുടെ ആദ്യത്തെ
ലക്‌ഷ്യം
. കഴിക്കുന്നതെന്തും ദഹിക്കണം ..ഒന്നും ബാക്കിയാവരുത്...ഒരു തന്മാത്ര പോലും..
ഇതിനുവേണ്ട് യൂട്ടിലേസ്(UTILASE) എന്ന എന്‍സൈം പരീക്ഷണ ശാലയില്‍ തയ്യാറായി കഴിഞഞു... പരീക്ഷണവിധേയമായ
എലികളുടെ മൂന്നാം തലമുറ excretory organs ഒന്നും തന്നെയില്ലാതെയാണ് ഈയിടെ ജനിച്ചത്... that means..experiment is hundred percent successful....
വിസരജ്ജ്യമില്ലെങ്കില്‍ പിന്നെയെന്തിന്ന് വിസര്‍ജ്ജനാവയവങ്ങള്‍?
“RANGE - ന്റെ കാര്യം പറഞ്ഞ് നമ്മള്‍ യൂട്ടിലിറ്റിയിലണ് എത്തിയത്"
മോഹന്‍ ദാസ് ഇടക്ക് ഓര്‍മ്മിപ്പിച്ചു...
“യെസ് യെസ് ...പരിണാമത്തില്‍ മനുഷ്യരാശിക്കു സംഭവിച്ച ഏറ്റവുംവലിയ നഷ്ടം അവന്റെ ആഗ്നേയ ഗ്രന്ഥിയിലെ സെല്ലുലേയ്സ്(CELLULASE) എന്ന എന്‍സൈം ആണ്...അതോടെ മനുഷ്യനു പുല്ലും പച്ചിലകളുമൊന്നും പഥ്യമല്ലാതായി..
ഈ എന്‍സയിം പ്രോഡക്ഷനു വേണ്ടി മനുഷ്യരിലേ പാന്‍ ക്രിയാസിനെ സജ്ജമാക്കുക എന്നതാണ് ഇപ്പോള്‍
ഞങ്ങള്‍ നടത്തി കൊണ്ടിരിക്കുന്ന ഒരു പരീക്ഷണം..
അങ്ങനെയാകുമ്പോള്‍ നിങ്ങള്‍ക്ക് പുല്ലു തിന്നാം,ഇലകള്‍ തിന്നാം ...കടലാസും വൈക്കോലും വരെ തിന്നാം..
എല്ലാം രു ചികരമായിരിക്കും..എല്ലാം ദഹിക്കുകയും ചെയ്യും..."
“ഗ്രേറ്റ്.. സര്‍.. ഗ്രേറ്റ്..."
മോഹന്‍ ദാസ് പ്രോത്സാഹിപ്പിച്ചുകൊണ്ട് പറഞ്ഞു.

ഇതൊക്കെയായാലും ഭാവിയില്‍ മനുഷ്യന്റെ നിലനില്പിന്,പരിണാമത്തില്‍ ചില ഇടപെടലുകള്‍
നടത്തിയേ മതിയാവൂ...അതിന് ഇന്ന് നമ്മുടെ കയ്യിലുള്ള ഏറ്റവും ശക്തമായ ആയുധം GENETIC ENGINEERING ആണ്, ഇവിടെയും ക്രിസ്റ്റല്‍ വാലിയിലെ ശാസ്ത്ര ജ്ഞര്‍ ഒരു പാട്

മുന്നേറി എന്നു തന്നെ പറയാം.. അക്വേറിയത്തില്‍, ചെകിള പൂക്കളുള്ള ഗിനി പിഗുകള്‍ നീന്തി നടക്കുന്നതും..
മരങ്ങളില്‍, നെറ്റിപൂവുള്ള കുരങ്ങന്മാര്‍ ചാടി നടക്കുന്നതും ഇഴയുന്നതിനു പകരം കാലുകളില്‍ എഴുന്നേറ്റു നടക്കുന്ന പാമ്പുകളേയും
ഒക്കെ നിങ്ങള്‍ക്കിവിടെ കാണാം..."
"അതെ,..എല്ലാം ഒന്നു കാണണമെന്നുണ്ട് ,പിന്നീടൊരിക്കലാവട്ടെ.., ഇപ്പോള്‍ താങ്കള്‍ ഞങ്ങള്‍ക്ക്
ഇന്റര്‍ വ്യൂവിന് അനുവദിച്ച് തന്ന സമയം തീരുകയാണ്..വണ്‍സ് എഗയിന്‍ താങ്ക്യൂ ഡോക്റ്റര്‍
ഫ്രഡറിക് തോംസണ്‍… ഇനി ഞങ്ങള്‍ക്ക് സംസാരിക്കാനുള്ളത് മിസിസ് ഫ്രഡരിക് തോംസണു മായിട്ടാണ്"
യെസ് ഷീ ഇസ് വെയ്റ്റിംഗ് ഔട്സൈഡ്..."
(അഭിമുഖം-2)
കയ്യില്‍ കരുതിയിരുന്ന ചൂരല്‍ കുട്ട മടിയില്‍ ശ്രദ്ധാ പൂര്‍വ്വം വച്ചുകൊണ്ട്,അവര്‍ മോഹന്‍ ദാസിന്
അഭിമുഖമായി വന്നിരുന്നു. പ്രശസ്തനായ ഒരു ശാസ്ത്രജ്ഞന്റെ ഭാര്യയെന്ന അഭിമാനമോ അഹങ്കാരമോ ഒന്നുമില്ലാതെ വളരെ ലളിതമായ
വസ്ത്രങ്ങള്‍ ധരിച്ച മിസിസ് ഫ്രഡ്ഡി…..
ഭയമോ അങ്കലാപ്പോ എന്തോ ഒന്ന് പുറത്തുകാണിക്കാതിരിക്കാന്‍ അവര്‍ വളരെ
പണിപെടുന്നതു പോലെ തോന്നി. വയലറ്റുപൂക്കള്‍ തുന്നിയ ചുരിദാറിനു പകരം കുറച്ചു കൂടെ മോഡേണ്‍ വേഷമായിരുന്നെങ്കില്‍
അവര്‍ ഒരു പക്ഷെ ജൂലിയ റോബര്‍ട്സിനെ പോലെ ഇരുന്നേനെ.അല്പം ചരിവുള്ള നാസല്‍ ബ്രിഡ്ജ് പോലും
അതേ പോലെയുണ്ട്..
"ഞാന്‍ എവിടെ നിന്നാണ് തുടങ്ങേണ്ടത്?"
"ആദ്യം മുതല്‍ തന്നെ...."
"ആദ്യം ഞങ്ങള്‍ തമ്മില്‍ കാണുന്നത് കോളെജില്‍ പഠിക്കുമ്പോഴാണ്..എന്നേക്കാള്‍ ഒരു വര്‍ഷം
സീനിയറായിരുന്നു ഫ്രഡി...അന്ന് അദ്ദേഹം പെണ്‍കുട്ടികള്‍ക്കിടയില്‍ ഡികാപ്രിയോ എന്നാണ്
അറിയപെട്ടിരുന്നത്...ടൈറ്റാനിക് ഇറങ്ങിയത് ആയിടെ ആയീരുന്നു. ആണ്‍ കുട്ടികള്‍ കളിയായി
പാവങ്ങളുടെ ഡി കാപ്രിയോ എന്നും വിളിച്ചിരുന്നതായി ഞാന്‍ ഓര്‍ക്കുന്നു.ബുദ്ധിയും സൗന്ദര്യവും
വേണ്ടുവോളം ഉള്ളതു കൊണ്ട്, ഫ്രഡ്ഡിക്ക് ഇരുവിഭാഗത്തിലും പെട്ട ധാരാളം ആരാധകരുണ്ടായിരന്നു എന്നതാണ്
സത്യം..അന്നും ധാരാളം വായിക്കുമായീരുന്നു, ഫ്രഡി. പ്രത്യേകിച്ചും സയന്‍സ് ഫിക്ഷനുകള്‍ ,ഒരു
പക്ഷെ ഞങ്ങള്‍ അടുക്കാന്‍ നിമിത്തമായതും അതു തന്നെയാരിക്കാം.ജൂള്‍സ് വേണിന്റെ
AROUND THE WORLD IN EIGHTY DAYS ആണ്അദ്ദേഹം എനിക്കു തന്ന ആദ്യത്തെ പ്രേമലേഖനം .ലൈബ്രറിയില്‍ വച്ച് ആ പുസ്തകം എനിക്കു തരുമ്പോള്‍ ..അതില്‍ ഒരു കോഡ്
ഉണ്ടെന്നും അത് ബ്രേക്ക് ചെയ്യണമെന്നും പറഞ്ഞു. കോഡിംഗ് വളരെ സിമ്പിള്‍ ആയിരുന്നു. നോവലിലെ ചില വാക്കുകള്‍ അണ്ടര്‍ ലൈന്‍ ചെയ്ത് നമ്പറുകള്‍
കൊടുത്തീരിക്കുകയാണ്.എല്ലാം ചേര്‍ത്തു വായിച്ചപ്പോള്‍ അതിമനൊഹരമായ ഒരു പ്രേമലേഖനം!!പിന്നെ ഞാന്‍ തിരഞ്ഞത് ഒരേയൊരു വാക്കിനു വേണ്ടിയായിരന്നു.
ജൂള്‍സ് വേണിന്ന്റെ നോവലുകള്‍ മുഴുവന്‍ തിരഞ്ഞാലും ഒരു പക്ഷെ കണ്ടു കിട്ടാനിടയില്ലാത്ത ഒരുവാക്ക്.
അവസാനം എന്‍പത്തിയെട്ടാമത്തെ പേജില്‍ ആ വാക്ക് ഞാന്‍ കണ്ട് പിടിക്കുക തന്നെ ചെയ്തു.. അത് ചുവന്ന മഷികൊണ്ട് ഒരു ഹൃദയത്തിനുള്ളിലാക്കിയിരിക്കുന്നു.
പ്രണയം ഡീ കോഡ് ചെയ്യപെട്ട ആ മുഹൂര്‍ത്തത്തില്‍ പുസ്തകത്തിലെ വാക്കുകളെല്ലാം പൂമ്പാറ്റകളായി എനിക്കു
ചുറ്റും പാറി പറക്കാന്‍ തുടങ്ങിയതും
മുകളില്‍ നിന്ന് പുഷ്പവൃഷ്ടി ഉണ്ടായതും ഞാനിപ്പോഴും വ്യക്തമായി ഓര്‍ക്കുന്നു.
ഡിഗ്രി കോഴ്സ് ക്ഴിഞ്ഞ് അധികം വൈകാതെ
ഞങ്ങള്‍ വിവാഹിതരായി, വീട്ട് കാരുടെ സമ്മതമില്ലാതെ തന്നെ...
ഫ്രഡിക്ക് അപ്പോഴേക്കും ഒരു ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ നല്ലൊരു ജോലി
ലഭിച്ചിരുന്നു. ക്രിസ്റ്റല്‍ വാലിയില്‍ ജോയന്‍ചെയ്യുന്നതു വരെ ,ഒരു ഐഡിയല്‍ ഹസ്ബന്‍ഡ് ആയിരുന്നു ഫ്രഡി എന്ന് എനിക്കു പറയാന്‍ കഴിയും.പക്ഷെ
ഒരു ജോലിയിലും ഉറച്ച് നില്‍ക്കില്ല എന്നതായിരുന്നു ഒരു പ്രശ്നം..ക്രിയേടറ്റീവ് ആയി ഒന്നും ചെയ്യാന്‍
കഴിയുന്നില്ല എന്നാണ് എപ്പോഴുമുള്ള പരാതി. രണ്ണ്ട് വര്‍ഷത്തിനിടെ മുന്നു തവണ ജോലി മാറി
ഫൈസര്‍ കമ്പനിയുടെ ഏരിയ മാനേജരായും ,സിപ്ലയിലെ റിസര്‍ച്ച് assistant മായും ജോലി
ചെയ്തു... കാഡിലയില്‍ വര്‍ക്കു ചെയ്ത് കൊണ്ടിരിക്കുമ്പോഴാണ്, ക്രിസ്റ്റല്‍ വാലിയെ കുറിച്ച് ഫ്രഡി എന്നോട് പറയുന്നത്..
അവിടെ നിന്ന് നല്ല ഓഫര്‍ വന്നിട്ടുണ്ടെന്നും ഉടനെ അങ്ങോട്ട് മാറുകയാണെന്നും പറഞ്ഞു.താമസിയാതെ പഴയ
ഫ്രഡിയെ എനിക്കു നഷ്ടപെടുവാന്‍ തുടങ്ങി..നേരം വെളുക്കും മുന്‍പെ ജോലിക്കു പുറപെടും..തിരികെ എത്തുന്നത്
വളരെ താമസിച്ചും.. എ ട്രൂ വര്‍ക്കാഹോളിക്.. അതെ സമയം ഒരു തരം അന്തര്‍മുഖത്വവും പ്രകടമായിരുന്നു....ജോലിസ്ഥലത്തെ വിശേഷങ്ങള്‍ അന്വേഷിക്കുമ്പോള്‍ പതിവില്ലാതെ ഒഴിഞ്ഞു മാറ്റം,വീട്ടില്‍ വന്നാലും സദാ ഫോണില്‍ സഹപ്രവര്‍ത്തകരോട് രഹസ്യസ്വഭാവമുള്ള എന്തോക്കെയോ ഡിസ്കസ്
ചെയ്തുകൊണ്ടിരിക്കുക്... എന്തോ ഒരു പന്തികേട് എനിക്കു തോന്നി തുടങ്ങി.ഞാന്‍ അദ്ദേഹത്തിന്റെ സുഹൃത്തുക്കളെ വിളിച്ച് ക്രിസ്റ്റല്‍ വാലിയെ കുറിച്ച് തിരക്കി ..ആരും അങ്ങനയൊരു സ്ഥാപനത്തിനെ കുറിച്ച് കേട്ടിട്ടില്ലായിരുന്നു.
ഒരു ദിവസം ഫ്രഡ്ഡി അറിയാതെ
ഞാന്‍ അദ്ദേഹത്തെ ഫോളൊ ചെയ്തു ..ടൗണില്‍ നിന്ന് ഉള്‍മാറി കിടക്കുന്ന ഒരു സ്ഥലത്തേക്കാണ് ദിവസവും
അദ്ദേഹത്തിന്റെ യാത്ര .കാടു പിടിച്ചുകിടക്കുന്ന ഒരു വിജന പ്രദേശം .അവിടെ വര്‍ഷങ്ങള്‍ക്കു മുന്‍പെന്നോ
പൂട്ടിയ ഒരു കോട്ടണ്‍ മില്‍…! ഇടിഞ്ഞു തുടങ്ങിയ ചുറ്റുമതില്‍!! അതാണ്..അദ്ദേഹത്തിന്റെ ക്രിസ്റ്റല്‍ വാലി.. അകത്തേക്കു കയറിനോക്കാന്‍ എനിക്കു ധൈര്യം വന്നില്ല . അന്നു രാത്രി മുഴുവന്‍ ഞാന്‍ കരഞ്ഞു.
.എത്രയും പെട്ടന്ന് അദ്ദേഹത്തിനെ സൈക്ക്യാട്രിക്ക് ട്രീറ്റ്മെന്റിന് വിധേയമാക്കണമെന്ന് എനിക്ക് മനസ്സിലായി,പക്ഷെ അതിനു മുന്‍പ് ഒരു സൈക്കോളജിക്കല്‍ അനാലിസിസ് ആയിരിക്കും നല്ലതെന്ന് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കള്‍ ഉപദേശിച്ചു.അവരാണ് താങ്കളുടേ
പേര് സജസ്റ്റ് ചെയ്തത്... കുറച്ചുകാലമായി ഡെലൂഷന്റെയും ഹാലൂസിനേഷന്റെയും ഒരു ലോകത്താണ് അദ്ദേഹം എന്നത് അറിയാന്‍ ഞാന്‍ വളരെ വൈകിപോയി..

(നിഗമനങ്ങള്‍..)
മരുന്നു കമ്പനികളില്‍ ആദ്യം ഒരു മെഡിക്കല്‍ റെപ്പ് ആയും,പിന്നെ ലാബ് അസിസ്റ്റന്റുമായൊക്കെ ജോലി നോക്കിയ
ഫ്രഡി.ഇപ്പോള്‍ സ്വയമൊരു ലോകപ്രശസ്തനായ സയന്റിസ്റ്റ് ആയി ആണ് കരുതുന്നത്..അതും വലിയ ഒരു റിസേര്‍ച്ച് കോം പ്ലക്സിന്റെ
സാരഥി...().സൈക്യാട്രിയുടെ ഭാഷയില്‍ പറഞ്ഞാല്‍ delusion of grandeur.മനോരോഗങ്ങളിലെ അര്‍ബുദം എന്നറിയപെടുന്ന
സ്കിസോഫ്രീനിയയുടെ പ്രഥമ ലക്ഷണം..കൂടാതെ, hallucination, flight of ideas, തുടങ്ങിയ ലക്ഷണങ്ങളുമുണ്ട്..പക്ഷെ ലോജിക്കല്‍ തിങ്കിംഗിന് കാര്യമായ തകരാറു പറ്റിയിട്ടില്ല എന്നത് ഒരു അത്ഭുതമാണ്.
എന്നാലും എന്റെ നിഗമനം..."
"സര്‍ ,ഒരു സെക്കന്‍ഡ്..." മിസിസ് ഫ്രഡി,ഇടയില്‍ കയറികൊണ്ട് പറഞ്ഞു.
"യെസ്..."
'ഒരു നിഗമനത്തില്‍ എത്തുന്നതിന് മുന്‍പ് താങ്കള്‍ ഇത് കൂടെയൊന്നുകാണണം.”
“എന്തായിത്?!!”
ഇന്നെലെ, ഞങ്ങളുടെ
വെഡ്ഡിംഗ് ആനിവേഴ്സറി ആയിരുന്നു. ഫ്രെഡ്ഡി എനിക്കു തന്ന സമ്മാനം..." അവര്‍ മടിയില്‍ ശ്രദ്ധാ പൂര്‍വ്വം വച്ചിരുന്ന ചൂരല്‍ കുട്ടയുടെ
മൂടി തുറന്നുകൊണ്ട് പറഞ്ഞു. അതില്‍ നിന്ന് പൊടുന്നനെ ഒരു പൂച്ച കുഞ്ഞ് മേശപുറത്തേക്ക്
ചാടി മോഹന്‍ ദാസിനെ ഉറ്റു നോക്കി കൊണ്ട് ഇരിപ്പായി.!നീലനിറത്തിലുള്ള രോമങ്ങളും
മരതക കണ്ണുകളുമുള്ള ഒരു കൊച്ചു ശീമ പൂച്ച.!!തന്നെ നോക്കി അതൊന്ന് പുഞ്ചിരിച്ചുവെന്ന്
മോഹന്‍ദാസിനു തോന്നി. പിന്നെ അത് ഒതുക്കി വച്ചിരുന്ന,നീല ചിറകുകള്‍ വീശി മുകളിലേക്ക്
പറന്നു പൊന്തി.

Thursday, March 3, 2011

നിനക്ക്

ഒരു പിടി നക്ഷത്രങ്ങള്‍ക്ക് വേണ്ടി
പൊന്‍ സൂര്യനെ പണയം വച്ച
പകലിന്റെ ദുഃഖം ,രാവിനു തിരിയും...
അമ്പിളി കൊമ്പ് കുലുക്കി ആയിരം
നിലാ പൂക്കള്‍ മടിത്തട്ടില്‍ കൊഴിച്ച്ചിടുന്ന
ആകാശ കാറ്റിന്റെ പ്രണയ പ്രവേഗം
ഭൂമി ഏറ്റു വാങ്ങും ...
തീവിരല്‍ നീട്ടി തൊട്ടുനര്ത്തുന്ന
പുലരിയുടെ തിടുക്കം
പൂക്കളും അറിയും..
അത് പോലെ ...അത് പോലെ..
നീയെന്നെങ്കിലും എന്നെ മനസ്സിലാക്കുമോ...?

Monday, March 15, 2010

കഥയുടെ അനുബന്ധം......



(“മൽക്കുൽ മൌത്ത് “ എന്ന കഥയുടെ പ്രചോദന പാശ്ചാത്തലമായെഴുതിയ
ചിലകാര്യങ്ങളാണ് ഇത്.അനുബന്ധം അതീദീർഘമായെന്നു തോന്നിയ
തിനാൽ മറ്റൊരു പോസ്റ്റാക്കിയെന്നുമാത്രം)
ബാല്യകാലത്തിൽ നിന്നുള്ള ഒരു സന്ധ്യ എന്റെ ഓർമ്മയിൽ വീണ്ടും
തുടുക്കുന്നു.ബദർ യുദ്ധം കഴിഞ്ഞതു പോലെ രക്താഭമായ അസ്തമയത്തിനു
ശേഷം റംസാൻ രാവിന്റെ നീലിമപടരാൻ തുടങ്ങിയിരിക്കുന്ന ഒരു സന്ധ്യ...
പടിഞ്ഞാറൻ മാനത്ത്
യുദ്ധം കഴിഞ്ഞുള്ള സമാധാനത്തിന്റെ , മുനിഞ്ഞു കത്തുന്നഒരു അമ്പിളി നാളംമാത്രം
. മഗരിബ് നമസ്കാരത്തിനുശേഷം ഉമ്മൂമ
പടിഞ്ഞാറെ ഇറയത്ത് പുല്പായ വിരിച്ചു..
അറബി കഥകളിലെ പറക്കും പരവതാനി പോലെ ചിത്രപണികളുള്ള
ഒരു പേർഷ്യൻ പുല്പായ..അതിനു ശേഷം പാനീസു വിളക്കിന്റെ
വെളിച്ചത്തിലിരുന്ന് മുറുക്കുവാനുള്ള വട്ടം കൂട്ടി .ഓടുകൊണ്ടുണ്ടാക്കിയ
ഒരു കൊച്ചു സ്വർണ്ണ ഉരലിൽ നീറ്റടക്കയും വാസനപുകയിലും
ചേർത്തിടിക്കുന്ന ഠിം ഠിം ശബ്ദം എത്രയോ വർഷങ്ങൾക്കപ്പുറത്ത് നിന്ന്
ഇപ്പോഴും എന്റെ കാതിൽ മുഴങ്ങുന്നു. കൂടെ ഈണത്തിലുള്ള
പാട്ടുമുണ്ട്
“കാഫ് മലകണ്ട പൂങ്കാറ്റെ
കാണിക്ക നീകൊണ്ട് തന്നാട്ടെ
കാരക്ക പൂ‍ക്കുന്ന നാടിന്റെ
കിസ്സകളൊന്നു പറഞ്ഞാട്ടെ”
“മുത്തുമ്മാ ഇനി ജമീലയുടെ പാട്ട്...”എന്റെ സതീർഥ്യനായ ജലീൽ പറയുന്നു..
“അരയ്ക്കണ വയ്ക്കണ ജമീല
എന്താണ്ടി മോളെ കവുത്തീല്?”
“ഉപ്പാനോടുമ്മ പറയരുതേ..,ഇത്
ജബ്ബാറു കെട്ടിയ പൂത്താലി..
അള്ളാണെയുമ്മ പറയരുതെ..”
അപ്പോഴേക്കും ,ഗൃഹനാഥയായ ബിവിയുമ്മ എല്ലാവരെയും നോമ്പിറക്കലിന്
ക്ഷണിക്കുന്നു.. നെയ്പത്തിരി,വലിയ സാണുകളിൽ കൂമ്പാരം കൂട്ടിയിട്ടിരിക്കുന്ന
ബിരിയാണി,കോഴിക്കറി ,തണ്ണിമത്തൻ,കദളിപഴം,പൈനാപ്പീൾ, കാരക്ക...
മൃഷ്ടാന്നഭോജനത്തിനു ശേഷം വീണ്ടും പടിഞ്ഞാറ്റയിൽ ഒത്തുകൂടൽ..
രാവേറെ ചെല്ലുന്നതു വരെ കഥകൾ ,ജിന്നുകളുടെ,മലക്കുകളുടെ.......
* * * *
. മലക്കുകളെല്ലാം
ദൈവസന്നിധിയിലെ മാലാഖമാരാണെന്നതാണ് സങ്കല്പം.പലർക്കും
പല ജോലിയാണ്. മരണത്തിന്റെമാലാഖമാരാണ് മൽക്കുൽ മൌത്തും
‘അസ്രായീൽ ‘എന്ന മലക്കും...മരിച്ചവന്റെഖബറിൽ ചെന്ന് പടച്ചവന്റെ
ശിക്ഷാ നടപടികൾ നടപ്പാക്കുന്ന മലക്കുകളാണ് ‘മുൻ കർ’ ,‘നക്കീർ‘
തുടങ്ങിയവരൊക്കെ......
“ ഒരിടത്തൊരിടത്ത് ഒരു ധനികനുണ്ടായിരുന്നു....” ഉമ്മൂമ കഥ പറയുകയാണ്..
- അറുത്തകയ്യിന് ഉപ്പു തേക്കാത്ത ഒരു കംജൂസ്..അറുപിശക്കൻ
പാവങ്ങൾക്ക് അറിഞ്ഞ് ദാനം ചെയ്യാത്തവൻ ,പുണ്യറംസാനായാൽ സക്കാത്തുനട
ത്താത്തവൻ. ഒരിക്കൽ അവന്റെ മുറ്റത്ത് ഒരു നേരത്തെ ഭക്ഷണം ചോദിച്ചു കൊണ്ട്
ഒരു യാചകനെത്തി..അവൻ യാചകനെ ആട്ടിയോടിച്ചു . പക്ഷെ ധനികന്റെ
ഭാര്യ നല്ല സ്ത്രീയായിരുന്നു.അവർ യാചകനെ വീടിന്റെ പുറകിലേക്ക് വിളിച്ച്
രണ്ട് പത്തിരികൾ നൽകി....
കാലം കഴിഞ്ഞപ്പോൾ ധനികൻ മൌത്തായി..എന്നുവച്ചാൽ മരിച്ചു.
ആചാരപ്രകാരം അദ്ദേഹത്തെ പള്ളി പറമ്പിൽ കബറടക്കി.രാവേറെ ചെന്നപ്പോൾ
പാവങ്ങളെ സഹായിക്കാത്ത ധനികനുള്ള ശിക്ഷനടപ്പിലാക്കുവാൻ പടച്ചവന്റെ
സന്നിധിയിൽ നിന്ന്,കബറിനുള്ളീൽ മലക്കുകൾ എത്തി.വലിയ ഉരുളൻ വടി
കൊണ്ട് നൂറടിയായിരുന്നു അവനുള്ള ശിക്ഷ..മലക്കുകൾ അടിക്കാൻ തുടങ്ങിയതും
ആ അടിതടുക്കാൻ രണ്ടു പത്തിരികൾ കബറിനുള്ളിൽ പ്രത്യക്ഷപെട്ടു..
മലക്കുകളുടെ ഓരോ അടിയും ആ പത്തിരി പരിചകൾ തടുത്തു...അവനറിയാതെ
യാണെങ്കിലും ജീവിച്ചിരിക്കുമ്പോൾ അവൻ ദാനം ചെയ്ത പത്തിരികൾ...
“ മലക്കിനെ കണ്ടാൽ എങ്ങനെയിരിക്കും ? “ ഞാൻ ചോദിച്ചു..
“ നമ്മുടെ മുസ്ലിയാരില്ലെ വെളുത്ത താടീം,വെള്ളാരം കണ്ണും, താലേകെട്ടുമൊക്കെയുള്ള
അബ്ദുള്ളമുസ്ലിയാര്..അങ്ങേരെ പോലെയിരിക്കും..” ഉമ്മൂമ പറഞ്ഞു.
" കഴിഞ്ഞ വെള്ളിയാഴ്ച അദ്രമാന്റെ വീട്ടിൽ കത്തികുത്ത് റാത്തീബിന് വന്ന
മുസ്ലിയാരാ....!!”
“അദന്നെ...അങ്ങേരന്നെ....”
പിന്നീ‍ടൊരിക്കൽ പള്ളി പറമ്പിനോട് ചേർന്നുള്ള ഇടവഴി കൂടി ഞാൻ
സ്കൂളിൽ നിന്ന് തനിച്ച് മടങ്ങുകയായിരുന്നു. ഒരുവളവു തിരിഞ്ഞപ്പോൾ ഞാൻ
പെട്ടെന്ന് അബ്ദുള്ള മുസ്ലിയാരുടെ മുന്നിൽ ചെന്നു പെട്ടു...
ശുഭ്രവസ്ത്രങ്ങൾ ധരിച്ച് മെതിയടിപുറത്ത് നില്ക്കുന്ന ആജാനുബാഹുവായ മുസ്ലിയാരെ കണ്ടപ്പോൾ
ഞാൻ പേടി കൊണ്ട് മുട്ടിടിച്ചു നിന്നു പോയി. തന്നെ പ്രേതത്തെകണ്ടതു പോലെ
പകച്ചു നോക്കുന്ന കൊച്ചു പയ്യനെ കണ്ട് പ്പോൾ അദ്ദേഹവും എന്നെ സൂക്ഷിച്ചുകൊണ്ട്
നിശ്ചലനായി നിന്നു. അടുത്ത നിമിഷം നിന്നനില്പിൽ ഞാൻ നിക്കറിലൂ‍ടെ ശർ ശറേന്ന് പാത്തി....
പിന്നെ പുസ്തകവും സ്ലേറ്റുമൊക്കെ പൊന്തക്കാട്ടിലേക്ക് വലിച്ചെറിഞ്ഞ്
വലിയ വായിൽ കരഞ്ഞു കൊണ്ട് തിരിഞ്ഞോടി.
.” ഇന്നെ പിടിക്കാൻ മലക്കു വരുന്നേ....‘
നാട്ടാരെ രക്ഷിക്ക്വോ......................”“
നാട്ടിടവഴികൾ ഒരു നാലാം ക്ലാസ്സുകാരന്റെ നിലവിളി കേട്ട് വിറങ്ങലിച്ചു നിന്നു.......
* * * .

Thursday, March 11, 2010

മൽക്കുൽ മൌത്ത്..........



.
ഡോക്ടർ ഫൈസൽ മുഹമ്മദ് രാവിലെ തന്നെ ക്വാർട്ടെഴ്സ് പൂട്ടി ദൂരെ യുള്ള
തന്റെ വീട്ടിലേക്ക് പുറപെട്ടു .ഞായാറാഴ്ചയായതിനാൽ ഇന്ന് കൺസൾട്ടെഷനില്ല.
എല്ലാദിവസങ്ങളും രോഗികൾക്ക് വേണ്ടി മാറ്റി വച്ചിരിക്കുന്ന അദ്ദേഹം
ഈയൊരു ദിവസം നീക്കിവച്ചിരിക്കുന്നത് തന്റെ ബന്ധുക്കൾക്ക് വേണ്ടിയാണ്.ബാപ്പയും
ഉമ്മയും കല്ല്യാണം കഴിഞ്ഞ ഒരു സഹോദരിയും അവരുടെ ഇരട്ടകുട്ടികളായ ഷമീലും
ഷക്കീലും ഇത്രയും മായാൽ അദ്ദേഹത്തിന്റെ അടുത്ത ബന്ധുക്കളുടെ ലിസ്റ്റ് പൂർണ്ണമായി.
അളിയൻ അമീര്‍ അലി ഗൾഫിലാണ് .... അതുകൊണ്ട് സഹോദരിയും കുട്ടികളും
ഡോക്ടറുടെ വീട്ടിൽ തന്നെയാണ്.അവധി ദിവസങ്ങളിൽ എല്ലാവരെയും കൂട്ടി ഓമ്നി വാനിൽ
ബീച്ചിലും പാർക്കിലുമൊക്കെ പോവുക ഏതെങ്കിലും കാണാൻ കൊള്ളാവുന്ന സിനിമകൾ
കാണുക..ഷോപ്പിംഗ് ..റെസ്റ്റോറന്റ് ഭക്ഷണം ഇതൊക്കെയാ‍ണ് പതിവ് ..
എത്രയൊക്കെ തിരക്കുണ്ടെങ്കിലും അദ്ദേഹം ഈ ഞായാറാഴ്ചകൾ മിസ് ചെയ്യാതിരിക്കാൻ
ശ്രദ്ധിക്കാറുണ്ട്. ഇന്ന് പതിവിലും നേരത്തെ പുറപെട്ടത് അതുകൊണ്ടാണ്..
അദ്ദേഹം കാറിലെ സ്റ്റീരിയോ ഓൺ ചെയ്തു .....
“ദർദ് സെ മെരാ ദാമൻ ഭർ ദെ യാ അല്ലാഹ്
വർനാ‍ ദീവാനാ കർ ദെ യാ അല്ലാഹ്....”
നേർത്ത വിഷാദമുള്ള ഗസലിന്റെ വീചികൾ കാറിനുള്ളിൽ ഒഴുകി നടന്നു..
പെട്ടെന്നാണ് അദ്ദേഹം അതോർത്തത്...”ബാപ്പാക്ക് വേണ്ടി താൻ വാങ്ങിയ
‘പ്രവാചകന്റെ സൂക്തങ്ങൾ“ റൂമിൽ വെച്ച് മറന്നിരിക്കുന്നു..!!
അധികംദൂരം പിന്നിട്ടിട്ടില്ലാതിരുന്നതുകൊണ്ട് അദ്ദേഹം കാർ തിരിച്ചു.
ക്വാർട്ടെഴ്സിലെത്തിയപ്പോഴാണ് താൻ ഗേറ്റ് പൂട്ടാനും മറന്നുപോയ കാര്യം
അദ്ദേഹം ശ്രദ്ധിക്കുന്നത്.അതുകൊണ്ടാവാം “ ഞായാറാഴ്ച അവധി “ എന്ന
ബോർഡ് വച്ചിട്ടും ഡോക്ടറെ പ്രതീക്ഷിച്ച് ഒന്നു രണ്ടപേർ വരാന്തയിലിരിക്കുന്നുണ്ട്.
ഒരു സ്ത്രീയും കുട്ടിയും പിന്നെ അല്പം മാറി ഒരു വൃദ്ധനും..ഒരു പക്ഷെ സ്ത്രീയുടെ പിതാവാകാം..
കാറിന്റെ ഡോർ തുറന്നു പുറത്തിറങ്ങിയപ്പോൾ സ്ത്രീയും കുട്ടിയും ബഹുമാനത്തോടെ
എഴുന്നേറ്റു നിന്നു..പക്ഷെ വൃദ്ധൻ അദ്ദേഹത്തെ ശ്രദ്ധിക്കാതെ ദൂരെയെങ്ങൊ മിഴികൾ
നട്ടിരിപ്പാണ് . നരച്ചതാടിയും വെളുത്ത തലയിൽ കെട്ടും കണ്ണുകളിലെ ശാന്തതയും
അദ്ദേഹത്തിന് ഒരു മതപണ്ഡിതന്റെ ഭാവം നൽകുന്നുണ്ട്...
വൃദ്ധൻ തന്നെ ഗൌനിച്ചില്ലെന്കിലും ഡോക്ടർ ക്ക് അല്പം പോലും
നീരസം അയ്യാളുടെ നേരെ തോന്നിയില്ല... അയ്യളോടെന്നല്ല,തന്നോടിടപെടുന്ന ഒരു മനു
ഷ്യനൊടും അദ്ദേഹത്തിന് നീരസം തോന്നാറില്ല ,മാത്രമല്ല അപാരമായ കനിവാണ് താനും.
.ഈയൊരു ഗുണമാണ്
മറ്റു ഭിഷഗ്വരന്മാരിൽ നിന്ന് ഡോക്ടർ ഫൈസൽ മുഹമ്മദിനെ വ്യത്യസ്തനാക്കുന്നത്..
അതുകൊണ്ടെന്താ,നാട്ടിലെ ജനങ്ങൾക്ക് അദ്ദേഹം കഴിഞ്ഞെ ഒരു ഡോക്ടറുള്ളൂ....
മനുഷ്യർ മാത്രമല്ല ചിലപ്പോൾ മൃഗങ്ങളും അദ്ദേഹത്തിന്റെ ചികിത്സ തേടി എത്താറുണ്ട്.
ഒരിക്കൽ കൺസൾട്ടേഷൻ കഴിഞ്ഞ് മുറി പൂട്ടി ഇറങ്ങാൻ തുടങ്ങുമ്പോൾ അദ്ദേഹത്തിന്റെ
വീട്ട് മുറ്റത്ത് കാലൊടിഞ്ഞ ഒരു നായ നൊണ്ടി കൊണ്ട് വന്നതും അദ്ദേഹം അതിനെ
അസുഖം മാറുന്നതു വരെ വീട്ടിലെ കാർഷെഡിൽ തന്നെ കിടത്തിചികിത്സിച്ചതുമൊക്കെ
നാട്ടിൽ പാട്ടാണ്.....
ഡോക്ടർ,അവരോട് ഒഴിവു കഴിവുകളൊന്നും പറയാൻ നിൽക്കാതെ നേരെ കൺസൾട്ടെഷൻ
റൂം തുറന്ന് ഉള്ളിൽ കയറി.മേശവിരി നേരെയാക്കി,മറിഞ്ഞു വീണുകിടക്കുന്ന ഫ്ലവർ വെയ്സ്
നേരെ വച്ച് ഫാനും ഓൺ ചെയ്തതിനുശേഷം ബെല്ലടിച്ചു.സ്ത്രീയും കുട്ടിയും ഉള്ളിലേക്ക്
കടന്നു..സ്ത്രീ ധരിച്ചിരിക്കുന്നത് കറുത്ത ബുർഖയാണ് .പുറത്തു കാണുന്ന അവരുടെ ,
ക്ഷീണിച്ചതെങ്കിലും വെളുത്ത വട്ടമുഖം ,മുഹമ്മദ് റാഫിയുടെ ഒരു പാട്ടിനെ ഓർമ്മ
പെടുത്തി
“ചൌദവീ കാ ചാംന്ദ് ഹോ യാ അഫ്താബ് ഹോ
ജോ ഭീ ഹൊ തും ലാജവാബ് ഹോ...”
അവരെ എവിടെയോ കണ്ട് പരിചയമുണ്ട് ,പക്ഷെ ഓരോ രോഗികളെ കാണുമ്പോഴും
തനിക്കീയിടെയായി ഇതു തന്നെയാണ് തോന്നുന്നത് ..ഒരു തരം De javu...
സത്യത്തിൽ രോഗികളായ കുട്ടികളെയും കൊണ്ട് വരുന്ന എല്ലാ അമ്മ മാർക്കും
ഒരേ മുഖമാണ് ...ആധി പിടിച്ച മുഖം..
ഡോക്ടർ കുട്ടിയെ പരിശോധിക്കാന്‍.തുടങ്ങി.ഏഴുദിവസമായി പനിതുടങ്ങിയിട്ട്.
നാട്ടിലെ വൈദ്യൻ മാരെയും വിദഗ്ധ ഡോക്ടർ മാരെയും കാണിച്ചു .പനിക്ക്
കുറവൊന്നു മില്ല .അതുകൊണ്ടാണ് ഇത്രയും ദൂരം പിന്നിട്ട് കുട്ടികളുടെ ഡോക്ടറെകാണിക്കാൻ
കൊണ്ട് വന്നിരിക്കുന്നത്...അതുകൊണ്ടാണ് ഡോക്ടർ സ്ഥലം വിട്ടുവെന്നറിഞ്ഞിട്ടും
പ്രതീക്ഷകൈവിടാതെ പുറത്ത് കാത്തിരുന്നത്...
വിടർന്ന കണ്ണുകളൊടെ കൺസൾട്ടെഷൻ മുറിയിലെ ചുമരിൽ പതിച്ചിരിക്കുന്ന
ചിത്രങ്ങൾ നോക്കികാണുകയാണ് അവൻ ..വ്യാധിയുണ്ടെങ്കിലും അവന്റെ മുഖത്ത് ആധിയില്ല..
ഉള്ളത് തികഞ്ഞ നിഷ്കളങ്കതമാത്രം..”എല്ലാമൊരുണ്ണിയായ് കണ്ട് പഠിക്കാനിരുന്നവൻ..”
എന്ന കവിതപോലിരുന്നു അവന്റെ മുഖഭാവം .
ഡോക്ടർ കുട്ടിയെ നല്ലവണ്ണം പരിശോധിച്ചു.അതിനിടക്ക് അമ്മയോട് വിവരങ്ങൾ അന്വേഷിക്കുന്നു
മുണ്ട് .ഒടുവിൽ കുറച്ച് മരുന്നുകൾ കുറിച്ചുകൊണ്ട് അവരെ യാത്രയാക്കി..
പോകാൻ നേരം അദ്ദേഹം സ്ത്രീയോട് ചോദിച്ചു : “കൂടെ വന്നിരിക്കുന്നത് ബാപ്പയാണോ..”?
“ഇല്ല ഞങ്ങൾ തനിച്ചാണ് വന്നത്“ സ്ത്രീ പറഞ്ഞു.
അവർ ഇറങ്ങി കഴിഞ്ഞപ്പോൾ അദ്ദേഹം അടുത്ത രോഗിക്ക് വേണ്ടി ബെല്ലു മുഴക്കി...
കുറച്ച് സമയം കഴിഞ്ഞും ആരേയും കാണാതായപ്പോൾ വരാന്തയിൽ ഇറങ്ങി നോക്കി.
അവിടെയും ആരു മുണ്ടായിരുന്നില്ല,ശൂന്യമായ ചൂരൽ കസേരകൾ ഒഴികെ ...
* * * *
ഏതായാലും നേരം വൈകിയനിലക്ക് ഇനി ബ്രേക്ക്ഫാസ്റ്റ് കഴിച്ചിട്ടാവാം യാത്ര എന്നു
അദ്ദേഹം തീരുമാനിച്ചു. ഫ്രിഡ്ജിൽ നിന്ന് പാലെടുത്ത് ഇലക്ട്രിക് സ്റ്റൌവിന്മേൽ
ചൂടാക്കാൻ വച്ചു. ടിൻ തുറന്ന് ഒരു പിടി കോൺഫ്ലേക്സ് വാരി പ്ലേറ്റിലിട്ടു...
പെട്ടെന്ന് ക്വാർട്ടേഴ്സിന്റെ വാതിലിൽ ആരോ ധൃതിയിൽ മുട്ടുന്നതു കേട്ടു.അദ്ദേഹം
ഓടിചെന്നു വാതിൽ തുറന്നു. നേരത്തെ ഇറങ്ങി പോയ അമ്മയും കുട്ടിയുമാണ് .
അമ്മയുടെ ചുമലിൽ വാടി തളർന്നു കിടക്കുകയാണ് കുട്ടി...
അവരാകെ പരിഭ്രമിച്ചിരിക്കുന്നു.എന്തൊപറയാൻ ശ്രമിക്കുന്നുണ്ടെങ്കിലും വാക്കുകൾ
പുറത്ത് വരുന്നില്ല.. കണ്ണുകളിൽ നിശ്ശബ്ദമായ ഒരു നിലവിളി.
മെഡിക്കൽ ഷോപ്പിലെ വർഗീസും മരുന്നെടുത്തുകൊടുക്കാൻ നിൽക്കുന്ന ഗിരിജയുമുണ്ട് കൂടെ...
“മരുന്നുവാങ്ങാൻ നിൽക്കുമ്പോൾ കുട്ടി പെട്ടെന്നു കുഴഞ്ഞുവീഴുകയായിരുന്നു..“
വർഗീസ് പറഞ്ഞു.. “
ഡൊക്ടർ കുട്ടിയെ ഏറ്റുവാങ്ങികൊണ്ട് എക്സാമിനേഷൻ ടെബീളിൽ കിടത്തി.
മുഖത്തും കൈകാലുകളിലും നീലനിറം പാഞ്ഞിരിക്കുന്നു. കണ്ണിന്റെ കുഞ്ഞു വിടർന്നിട്ടുമുണ്ട്
അദ്ദേഹം സ്റ്റെതസ്കൊപ്പ് കുഞ്ഞിന്റെ നെഞ്ചിൽ ചേർത്തു കാതോർക്കുകായാണ്.ഒരു ജീവ
ശ്വാസത്തിനു വേണ്ടി..ഒരു കൊച്ചുമിടിപ്പിനു വേണ്ടി.. പക്ഷെ അദ്ദേഹത്തിന് അത്
കേൾക്കുവാൻ കഴിയുന്നില്ല....”
“....തമ്പുരാനെ അതെങ്ങിനെ സാധിക്കും...അല്പം മുൻപല്ലെ ഈ കുട്ടി ചിരിച്ചുകൊണ്ട്
യാത്ര പറഞ്ഞ് ഇവിടെ നിന്ന് ഇറങ്ങി പോയത്.....”
ഇല്ല നിന്റെ വിധി നടപ്പിലാക്കാൻ ഞാൻ സമ്മതിക്കില്ല.....നിനക്കുവേണമെങ്കിൽ എന്റെ
ആയുസ്സെടുക്കാം... “ ഇത്രയും നൊടിയിടയിൽ പ്രാർഥിച്ചുകൊണ്ട് അദ്ദേഹം പെട്ടെന്ന്
കർമ്മനിരതനായി. ആദ്യമായി, കുട്ടിയുടെഇടത്തുനെഞ്ചിൽ ശക്തിയായി അമർത്തികൊണ്ട് കാർഡിയാക്
മസ്സേജ് ചെയ്തു ...ഒപ്പം തന്നെ ഇടവിട്ടുകൊണ്ട് വായോട് വായ് ചെർത്ത് കൃത്രിമശ്വസോഛ്വാസവും..
ഇതിനിടെ ആശുപത്രിയിൽ നിന്ന് ചില ഉപകരണങ്ങൾ എടുത്തുകൊണ്ട് വരുവാൻ വർഗീസിനെ
പറഞ്ഞുവിട്ടു.. മുറിയുടെ ഒരു മൂലയിൽ കുഴഞ്ഞു വീണുകിടക്കുന്ന അമ്മയെ ശുശ്രൂഷിക്കാൻ ഗിരിജയെയും
ഏല്പിച്ചു..
സമയം കടന്നു പോവുകയാണ്.അടുത്തുള്ള ആശുപത്രിയിൽ നിന്നുള്ള ഓക്സിജൻ സിലിണ്ടറും ആർട്ടിഫിഷ്യൽ
റെസ്പിറേഷനു വേണ്ട് ഉപകരണങ്ങളും എത്തികഴിഞ്ഞു..ഇതുകൂടാതെ വില കൂടിയ ജീവൻ രക്ഷാ‍ ഔഷധങ്ങൾ
ഡ്രിപ്പിലൂടെ കയറുന്നു മുണ്ട് .പക്ഷെ കുട്ടിയുടെ നില മാറ്റമില്ലാതെ തുടരുകയാണ്.എല്ലാപ്രതീക്ഷകളും അസ്തമിക്കുക
കായാ‍ണോ.. ? ഡോക്ടർ തന്റെ റിവോൾവിംഗ് ചെയറിൽ തളർന്നിരുന്നു.. ഇപ്പോൾ കണസൾട്ടേഷൻ റൂമിൽ
അദ്ദേഹവു കുട്ടിയും മാത്രമേയുള്ളൂ.കരഞ്ഞുതളർന്ന അമ്മയെ ആശ്വസിപ്പിച്ചും കൊണ്ട് ഗിരിജയും വർഗ്ഗിസുമൊക്കെ
പുറത്ത് വരാന്തയിലാണ്.....
മറ്റൊന്നും ചെയ്യാനില്ലാത്തതുകൊണ്ട് ഡോക്ടർ ഹൃദയം നൊന്തു പ്രാർഥിക്കാൻ തുടങ്ങി...
“ പരമ കാരുണികനായ തമ്പുരാനെ ...ഈ കുട്ടിയല്ലാതെ ആ അമ്മക്ക് ഉറ്റവരാരുമായി
ആരുമില്ല..അതുകൊണ്ട്.........................”

പെട്ടെന്ന് ചാരിയിരുന്ന മുറിയുടെ വാതിൽ തുറക്കപെട്ടു .തുറന്നവാതിലിലൂടെ
നേരത്തെ കണ്ട വൃദ്ധൻ അകത്തുകടന്നു.ശുഭ്രവസ്ത്രങ്ങളും നരച്ച താടിയും തലയിൽ
കെട്ടുമുള്ള മതപണ്ഡിതനെ പോലെ തോന്നിക്കുന്ന ആവൃദ്ധൻ.....
എതിരെയുള്ള കസേരയിൽ ഇരുപ്പുറപ്പിച്ചുകൊണ്ട് അദ്ദേഹം കാരുണ്യപൂർവ്വം ഡോക്ടർ
ഫൈസൽ മുഹമ്മദിനെ വീക്ഷിച്ചു....
“ആരാണങ്ങ്.....?” ഡോക്ടർ ചോദിച്ചു.
“മൽക്കുൽ മൌത്ത്...ദീപങ്ങളുടെ കാവൽക്കാരൻ...”
“എന്നുവച്ചാൽ ..?”
“ ഭൂമിയിലെ ഓരോ ജീവനും എന്റെ കയ്യിലെ വിളക്കുകളാണ്... ആയുസ്സു തീ‍രുമ്പോൾ
ഓരോ തിരിയും ഞാൻ താഴ്ത്തുന്നു..വേറൊരു വിധത്തിൽ പറഞ്ഞാൽ ഞാൻ
തിരിതാഴ്ത്തുമ്പോൾ ഭൂമിയിൽ ഒരു ജീവൻ പൊലിയുന്നു....., അല്പം മുൻപ് തിരി
താഴ്ത്തിയ ഒരു ജീവനാണ് ഇപ്പോൾ ഡോക്ടറുടെ റൂമിൽ കിടക്കുന്ന ഈ കുഞ്ഞ്...
പക്ഷെ ഭൂമിയിലെ ഏറ്റവും
കാരുണ്യവാനായ ഒരു മനുഷ്യന്റെ പ്രാർഥന കേൾക്കാതെ എനിക്കു നിവൃത്തിയില്ല..
എന്നുവെച്ചാൽ ചിലനീക്കുപോക്കുകൾ സാധ്യമാണെന്നർ ഥം.....താങ്കൾ ഇപ്പോഴും
ആപ്രാർഥനയിൽ ഉറച്ചു നിൽക്കുന്നോ...?
“അതെ എന്റെ ആയുസ്സെടുത്ത് ഈ കുഞ്ഞിന് കൊടുക്കാൻ എനിക്കു സമ്മതമാണ്..”
ഡോക്ടർ ഉറച്ച സ്വരത്തിൽ പറഞ്ഞു..
പെട്ടെന്ന് മാന്ത്രികവിദ്യയിലെന്നതു പോലെ മേശപുറത്ത് രണ്ട് വിളക്കുകൾ പ്രത്യക്ഷപെട്ടു.
സ്പിരിറ്റ്ലാമ്പ് പോലെ തോന്നിക്കുന്നരണ്ട് സ്ഫടികവിളക്കുകൾ ..
ഒന്ന് എണ്ണവറ്റിചെറിയൊരു നീലനാളം മാത്രമായി മുനിഞ്ഞു കത്തുന്നത്....
മറ്റൊന്ന് പാതിയോളം എണ്ണയുമായി തെളിഞ്ഞു കത്തുന്നത്..
മൽക്കുൽ മൌത്ത് രണ്ടാമത്തെ വിളക്കിൽ നിന്ന് ആദ്യത്തെ വീളക്കിലേക്ക് മുഴുവൻ എണ്ണയും
പകർന്നു. പിന്നെ ഡോക്ടറോടായി പറഞ്ഞു.
എന്റെ കയ്യിലെ കിതാബ് പ്രകാരം ഡോക്ടർക്ക് എണ്പത് വർഷത്തെ ആയുസ്സാണ്.
അതിൽ താങ്കൾ നാല്പതുവർഷം ജീവിച്ചുകഴിഞ്ഞു ശേഷിച്ച നാല്പതുവർഷത്തെ ആയുസ്സാണ്
ഞാനിപ്പോൾ കുട്ടിയുടെ വിളക്കിലേക്ക് പകർന്നത്...ഭൂമിയിൽ താങ്കളുടെ
ദിനങ്ങൾ എണ്ണപെട്ടുവെന്നർഥം...
ഇപ്പോൾ ആദ്യത്തെ വിളക്ക് തെളിഞ്ഞുകത്താൻ തുടങ്ങി..രണ്ടാമത്തെ വിളക്കു എപ്പോൾ വേണമെന്കിലും
കെട്ടുപോകാവുന്ന ഒരു നേർത്തനീലനാളം മാത്രമായി....
* * * *
ഡോക്ടറുടെ മുറിയിൽ ആഹ്ലാദം അണപൊട്ടുകയാണ്.കുട്ടി ചിരിച്ചുകൊണ്ട് കൺ തുറന്നിരിക്കുന്നു.
ബോധം തെളിഞ്ഞപ്പോൾ അവൻ ആദ്യം ചെയ്തത് മുഖത്ത് വച്ചിരിക്കുന്ന ഓക്സിജൻ മാസ്ക് സ്വയം
എടുത്തു മാറ്റുകയായിരുന്നു. പിന്നെ അവൻ നീട്ടി വിളിച്ചു. “ഉമ്മാ .........“ഉമ്മ ഇപ്പോഴും വിതുമ്പികരയുകയാണ്
പക്ഷെ ഇപ്പോൾ സന്തോഷമടക്കാൻ കഴിയാതെയുള്ള കരച്ചിലാണെന്നുമാത്രം...ആ ആഹ്ലാദം പങ്കിടാൻ
എല്ലാവരുമുണ്ട്..വർഗീസുണ്ട് ..ഗിരിജയുണ്ട് ..എമർജൻസി കോൾ അറ്റെൻഡ് ചെയ്യാൻ ആശുപത്രിയിൽ
നിന്ന് ആമ്പുലൻസിൽ എത്തിചേർന്ന ഏതാനും നഴ്സുമാരുണ്ട്.. പിന്നെ കുറച്ച് വഴിപോക്കരും...
* * * *
പിറ്റെന്ന് ഡോക്ടർ ഫൈസൽ മുഹമ്മദിന്, ഡിസ്ട്രിക്ട് മെഡിക്കൽ ഓഫീസറുടെ സ്പെഷ്യൽ മെസ്സേജുമായി
ഒരു ദൂതനെത്തി.ആ സന്ദേശം ഡോക്ടർ അപ്പോൾ തന്നെപൊളിച്ചു വായിച്ചു. രണ്ടു ദിവസം കഴിഞ്ഞ്, മെക്കയിലേക്കു
പുറപെടുന്ന മെഡിക്കൽ സംഘത്തിൽ അദ്ദേഹത്തിനെ അടിയന്തിരമായി നിയമിച്ചുകൊണ്ടുള്ള ദൂതായിരുന്നു അത്..
.ദൂത് വായിച്ചു കഴിഞ്ഞതും ഡോക്ടർ ദൂതനെ മുഖമുയർത്തി
നോക്കി. മറ്റൊരു വേഷത്തിലും മൽക്കുൽ മൌത്തിനെ അദ്ദേഹം എളുപ്പം തിരിച്ചറിഞ്ഞു.
വളരെ വിശേഷപെട്ട ആ ദൂതിനു പ്രത്യുപകരമായി ഡോക്ടർ ഒരു പുഞ്ചിരി സമ്മാനിച്ചു.
“ നിങ്ങളുടെ വിളക്കിൽ എണ്ണയുടെ ഏഴുതുള്ളീകൾ ബാക്കിയുണ്ടായിരുന്നു..”ദൂതൻ പറഞ്ഞു.
“ അതായത്...?”
“അതായത് ... വിലപെട്ട ഏഴുദിവസങ്ങൾ.“
അതെ, വിലപെട്ട ഏഴുദിവസങ്ങൾ................................

Friday, February 19, 2010

ലീല


......
ഭാ‍രതിയമ്മയുടെ മടിയിൽ തലവെച്ചുകിടന്നുകൊണ്ട് ,കഥയെല്ലാം
കേട്ടുതീർന്നപ്പോൾ കൃഷ്ണൻ നായർ അടുത്ത ആവശ്യമുന്നയിച്ചു;
“ ഇനി നമുക്കു ഒളിച്ചു കളിക്കാം..”
വേദനിക്കുന്ന മുട്ടുകൾ തടവികൊണ്ട് ഭാരതിയമ്മ പറഞ്ഞു: “ശരി..”
“അണ്ടക്ക..മണ്ടക്ക ..ഡാമ...ഡൂമ ..ഡെസ്കനക്കണ ..കോക്കണക്കണ..”
തന്നെയും ഭാര്യയും മാറി മാറി തൊട്ടുകൊണ്ട് കൃഷ്ണൻ നായർ പാടി..
“ഡെയ്..” ഒടുവിൽ കൈവിരൽ സ്വന്തം നെഞ്ചിൽ കുത്തികൊണ്ട്
കിതപ്പോടെ അയ്യാൾ അവസാനിപ്പിച്ചു..”അപ്പോ നീയെണ്ണണം..”
“ശരി ശരി..പക്ഷെ വീടിന്നു പുറത്തും അപ്സ്റ്റെയറിലും ഒളിക്കാൻ പാടില്ല..”
ഭാരതിയമ്മ ഒരു കണ്ടീഷൻ മുന്നോട്ട് വച്ചു.
“സമ്മതിച്ചു...“
പുറത്തെക്കുള്ള വാതിലുകളെല്ലാം അടച്ചു കുറ്റിയിട്ട് സന്ദർശകമുറിയിലെ
അലങ്കാരതൂണിൽ കണ്ണുപൊത്തികൊണ്ട് ഭാരതിയമ്മ എണ്ണൽ ആരംഭിച്ചു..
.........നാല്പത്തെട്ട്,നാല്പൊത്തൊൻപത്, അമ്പത്..
അമ്പസ്താനി...
അമ്പസ്താനി...
അമ്പസ്താനി...
മൂന്നുതവണ ഉറക്കെ വിളിച്ചു കൂവി എണ്ണൽ അവസാനിപ്പിച്ച് അവർകണ്ണുതുറന്നു...
അപ്പോൾ പുറത്ത്ഉച്ച വെയിൽ മങ്ങിയതായും വീടിനുള്ളിൽ ഒരു നീലിമ
പടർന്നതായും അവർക്ക് തോന്നി.പുറത്ത് വെയില് നേർക്കുക മാത്രമല്ല
പൂത്തുനിൽക്കുന്ന ഗുൽമോഹർ ചില്ലകൈ ആട്ടി പൂവുകൾ വർഷിക്കുന്നതും
അതിൽ മൂന്നാലു വെൺപ്രാവുകൾ പറന്നുവന്നിരിക്കുന്നതും,നാളെക്ക്
വിരിയാൻ നിന്ന തോട്ടത്തിലെ പൂമൊട്ടുകളെല്ലാം പൊടുന്നനെ ഞെട്ടിവിടർന്നതുമൊന്നും
അവർ പക്ഷെ അറിഞ്ഞില്ല.....
ചുറ്റുമുള്ള പ്രകൃതിയിലെ അത്ഭുതകരമായ ഈ മാറ്റങ്ങളൊന്നുമറിയാതെ ,
അവർ വീട്ടിനുള്ളിലെ മുറിയിലെവിടെയോ ഒളിച്ചിരിക്കുന്ന
കൃഷ്ണൻ നായരെ കണ്ടുപിടിക്കാനായി അന്വേഷണം ആരംഭിച്ചു.ആദ്യം ബെഡ് റൂമിലും
വായനാമുറിയിലും നോക്കി ,കാണാതായപ്പോൾ അടുക്കളയിലും വർക്ക് ഏരിയായി
ലുമൊക്കെ നോക്കി..പക്ഷെ എവിടെയും കൃഷ്ണൻ നായരില്ല.!!!
പുറത്തേക്കുള്ള വാതിലുകൾ പരിശോധിച്ചു; ഇനി തന്നെ പറ്റിച്ച് പുറത്തേക്കെങ്ങാൻ
ഇറങ്ങി പോയോ?ഇല്ല! വാതിലുകളെല്ലാം ഉള്ളിൽ നിന്നുംപൂട്ടി കിടക്കുകയാണ്..ഒരിക്കൽ കൂടി
കട്ടിലുകൾക്കു ചുവട്ടിലും അളമാരികൾക്കു പിന്നിലും വാർഡ് റോബ് തുറന്ന് അതിനുള്ളി
ലുമൊക്കെ പരിശോധിച്ചു..... ഒടുവിൽ പഴയൊരു ചൊല്ല് ഓർത്തുകൊണ്ട് അടുക്കളയിലെ
ഫ്രിഡ്ജും തുറന്ന് പരിശോധിച്ചു..ഫ്രിഡ്ജ് തുറന്നപ്പോൾ കൃഷ്ണൻ നായർ ഇടക്കെടുത്ത്
തിന്നാൽ വേണ്ടി സൂക്ഷിച്ചുവച്ചിരുന്ന ചോക്ലേറ്റ് പായ്ക്കറ്റിൽ നിന്ന് ഒന്നുരണ്ടെണ്ണം താഴെ വീണു....
പക്ഷെ എങ്ങും കൃഷ്ണൻ നായർ ഇല്ല......!!!!!!!!!!!
ഇദ്ദേഹമിതെവിടെ പോയി?തുറന്നുകിടക്കുന്ന ജനലുകൾ വഴി പുറത്തേക്ക് പറന്നുപോയോ??!!!
ഭാരതിയമ്മയുടെ പരിഭ്രമം വർധിക്കുകയാണ് ,അവർ കിതക്കുകയും ചെയ്യുന്നുണ്ട്
“കൃഷ്ണാ... “ അവർ കൃഷ്ണൻ നായരെ പേരെടുത്തു ഉറക്കെ വിളിച്ചു.ആരും അടുത്തില്ലാത്തപ്പോൾ
അവർ ഭർത്താവിനെ അങ്ങനെയാണ് വിളിക്കുക.. മറുപടിയൊന്നുമില്ലാതായപ്പോൾ
വീണ്ടും ഉറക്കെ വിളിച്ചു കൂവി “ കൃഷ്ണാ ... ഞാൻ തോറ്റു പുറത്തുവാ..”
അതിനു മറുപടിയായി പുറത്തെതോ മണ്ണാത്തിപുള്ളിന്റെ മധുരകൂജനമുയർന്നതല്ലാതെ
മറ്റു ശബ്ദങ്ങളൊന്നുമില്ല,എങ്ങും...
അവർ ഓടി വീണ്ടും വിസിറ്റേഴ്സ് റൂമിൽ എത്തി .അവിടെ നിന്നാൽ ബാൽക്കണിയും
മുകളിലുള്ള രണ്ടു മുറികളുടെ താഴിട്ടു പൂട്ടിയിരിക്കുന്ന വാതിലുകളും കാണാം... ..
ഇനി അവിടെ മാത്രമേ നോക്കാനുള്ളൂ.പക്ഷെ അവപുറത്ത് നിന്ന് താഴിട്ടു പൂട്ടിയിരിക്കുക
യാണ്..എന്നാലും തന്നെ പറ്റിച്ച് ,അദ്ദേഹം ആ മുറികളിലേതിലോ ഒന്നിൽ ഒളിച്ചിരിക്കുന്നു
ണ്ടെന്ന് അവർ വിശ്വസിച്ചു...കാരണം അവിടെ മാത്രമേ ഇനിനോക്കാനുള്ളൂ..
പ്രായമായതിൽ പിന്നെ മുകളിലെക്ക് കയറുന്നത് വലിയബുദ്ധിമുട്ടാണ്.,
കാൽ മുട്ടുകൾക്ക് ഓസ്റ്റിയോ ആർത്രൈറ്റിസ് ബാധിച്ചതിനു ശേഷം കയറിയിട്ട്
വർഷങ്ങൾ തന്നെയായി....അവർ ഷോകെയ്സിൽ വച്ചിരിക്കുന്ന പൊൻ പറയിൽ
നിന്ന് താക്കോൽ കൂട്ടമെടുത്ത് ഗോവണിചുവട്ടിലെത്തി...മുകളിലേക്ക് മുപ്പത്
പടികളുണ്ട്...
പടിയിൽ തൊട്ട് നെറുകയിൽ വച്ചുകൊണ്ട് വീണ്ടും ഉറക്കെ വിളിച്ചു.
“കൃഷ്ണാ....“ പക്ഷെ ഇത്തവണ അവർ വിളിച്ചത് സാക്ഷാൽ ശ്രീകൃഷ്ണ ഭഗവാനെയാണ്....
അവർ ഉള്ളു നൊന്ത പ്രാർഥനയോടെ ആദ്യത്തെ പടിയിൽ കാൽ വച്ചതും ഭഗവാൻ തന്റെ
ലീലകൾ ആരംഭിച്ചു.()
ആദ്യമായി അവരുടെ കാൽ മുട്ടിലെ വേദന അപ്രത്യക്ഷമായി..പിന്നെ
അവർ ഓരൊ പടവിൽ കാൽ വക്കുമ്പോളും കാലചക്രം പിന്നോട്ടുതിരിയാൻ തുടങ്ങി.
ഓരോ പടവും ഓരോ വർഷങ്ങൾ.....ഇതു വരെ ജീവിച്ച ജീവിതം അവർ വീണ്ടും ഒരിക്കൽ കൂടി
ജീവിക്കുകയാണ്.അവരുടെ കാൽ ചുവട്ടിലൂടെ കാലം പുറകൊട്ട് ഒഴുകി കൊണ്ടിരുന്നു..
അങ്ങനെ അൾഷ്യമേഴ്സ് ബാധിതനായി ഒരു കൊച്ചു കുട്ടിയെ പോലെ പെരുമാറി കൊണ്ടിരിക്കുന്ന
തന്റെ ഭർത്താവിനെ ശുശ്രൂഷിച്ചും പരിചരിച്ചും
അവർ നാല്പത്തിയഞ്ചാമത്തെ വയസ്സിൽ എത്തിചേർന്നു.അതായത് അവർ അഞ്ച് പടവുകൾ
കയറികഴിഞ്ഞു....,അന്നേദിവസം നേരം പുലരുമ്പോൾ അവർക്ക് ഭർത്താവിനോട് പറയാൻ ഒരു വിശേഷമുണ്ട്
ചെറിയൊരു തലകറക്കം ,ഛർദ്ദി..ഈ ശ്വരാ അതു തന്നെയോ ?മാസം തോറും മുറതെറ്റാതെ
വന്നെത്തുന്ന മാസമുറ പതിവ് തെറ്റിച്ചിട്ട് രണ്ടാഴ്ച കഴിഞ്ഞിരിക്കുന്നു..
രണ്ട് പേരും കൂടി നേരെ അടുത്തുള്ള ശ്രീകൃഷ്ണ ക്ഷേത്രത്തിലേക്കാണ്ആദ്യം പോയത്.നട അടച്ചിരുന്നെങ്കിലും
പുറത്ത് നിന്ന് പ്രാർഥിച്ചു.ഭാരതിയമ്മയുടെ കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണീർ തുള്ളികൾ നടക്കല്ലിൽ
വീണു ചിതറി..
അവർ ഇവിടെ എത്രയോ നാളുകളായി പ്രാർഥിക്കുന്നു!
അവർ ഇവിടെ എത്രയെത്ര കണ്ണീരൊഴുക്കി...!!
അവിടെ നിന്ന് നേരെ ഡോക്ടർ സരളാ ദേവിയുടെ ക്ലീനിക്കിലേക്ക്...
വിശദമായി പരിശോധിച്ചതിന് ശേഷം ഡോക്ടർ പറഞ്ഞു....menopause! അതായത് ആർത്തവവിരാമം..
ഒരമ്മയാവമെന്ന അവസാനത്തെ പ്രതീക്ഷയും തീർന്നിരിക്കുന്നു..അതു കേട്ടപ്പോൾ
അവർ തളർന്നു.. കൃഷ്ണൻ നായർ തകരുകതന്നെ ചെയ്തു..ആദ്യം മനോവിഭ്രാന്തിയുടെ ലക്ഷണങ്ങൾ..
അതു മാറിയപ്പോൾ അൾഷിമേഴ്സ്....
അവർ വീണ്ടും പടവുകളീലൂടെ നീങ്ങുകയാണ്..ജീവിതത്തിൽ ഒരിക്കൽ അനുഭവിച്ച് തീർത്ത
സുഖദു:ഖങ്ങളൊക്കെ വീണ്ടും കണ്മുന്നിലൂടെ കടന്നുപോകുന്നു..,കമ്പനിയിലെ മികച്ച അഡ്മിനി
സ്ട്രേറ്റർക്കുള്ള അവാർഡ് അദ്ദേഹം ഏറ്റു വാങ്ങുന്നത്,പഴയതറവാട് പൊളിച്ച് ബംഗ്ലാവ് പണിയുന്നത്,

ഗൾഫിൽ നിന്ന് അദ്ദേഹത്തിനെ താൻ കത്തെഴുതിവരുത്തുന്നത് ,മാതൃകാ പരമായ ദാമ്പത്യം....
ദു:ഖഗാനം പോലെ ജീവിതത്തിന്റെ പാശ്ചാത്തലത്തിലെപ്പോഴുമുണ്ടായിരുന്ന അനപത്യതാ ദു:ഖം ,
ആർട്ടിഫിഷ്യൽ ഇൻസെമിനേഷനു വേണ്ടി ഡോക്ടർ മുഹമ്മദ് ഉപദെശിക്കുന്നത്...
അങ്ങനെ കഴിഞ്ഞു പോയ ജീവിത്തത്തിലെ സന്ധികളും പ്രതിസന്ധികളും പിന്നിട്ട്
അവർ ഇപ്പോൾ എത്തിനിൽക്കുന്നത് തന്റെ ജീവിതത്തിലെ ഏറ്റവും അനർഘസുന്ദരമായ
ഒരു മുഹൂർത്തതിലാണ്.....സ്റ്റെയർ കെയ്സിലെ മുപ്പതാമത്തെ പടിയിൽ.. അതായത്
ഇരുപതാം വയസ്സിൽ...............
അവരുടെ ആദ്യരാത്രി...സർവ്വാഭരണവിഭൂഷിതയായി
അവൾപാലുമായി മണിയറയിലേക്ക് പ്രവേശിക്കുന്നു..
പാല് ഗ്ലാസ്സ് വാങ്ങി മേശപുറത്ത് വച്ചശെഷം യുവാവായ കൃഷ്ണൻ നായർ അവളെ അരികിൽ
ചേർത്തിരുത്തി.. പിന്നെ ലഹരി പിടിപ്പിക്കുന്ന സ്വരത്തിൽ പറയുന്നു..“അഴിക്ക്...”
അവൾ ഞെട്ടി മുഖമുയർത്തുമ്പോൾ അയ്യാൾ കള്ളചിരിയോടെ വീണ്ടും പറയുന്നു; “ഈ ആഭര
ണങ്ങളെല്ലാം അഴിച്ചു മാറ്റ്...” അവൾ ആഭരണങ്ങൾ ഒന്നന്നായി അഴിച്ചു മാറ്റുമ്പോൾ,
ഇല്ലാത്ത ഉഷ്ണത്തെകുറ്റപെടുത്തി അയ്യാൾ തന്റെ സിൽക്ക് ജുബായും അഴിച്ചുമാറ്റി..
അപ്പോൾ അയ്യാളുടെ വലത്ത് മാറിടത്തിൽ ശ്രീലങ്കയുടെ മേപ്പ് പോലെ
പ്രത്യക്ഷപെട്ട ഇരുണ്ട അടയാളം കണ്ട് അവൾ ചോദിച്ചു:
..”എന്തായിത്...?”
“എന്റെ ബർത്ത് മാർക്ക്..ജനിച്ചപ്പോഴെയുള്ള കറുത്ത മറുക്..”
‘’ മറുക് വലത്ത് നെഞ്ചിലാകുമ്പോൾ അതിനെ "ശ്രീവത്സം" എന്നാണ് പറയുക..”
“ ഇഷ്ടമായോ ...?” അതിന് പക്ഷെ അവൾ മറുപടി പറഞ്ഞത് അയ്യാളുടെ മറുകിൽ
ചുംബിച്ചുകൊണ്ടാണ്...അതൊരു റിഫ്ലക്സ് ആക്ഷൻ പോലെയായിരുന്നു..
ആദ്യം ചുണ്ടുകൾ ഏറ്റുവാങ്ങേണ്ട് സമ്മാനം അങ്ങിനെ അയാളുടെ നെഞ്ചിലെ മറുകിനു
കിട്ടി..” കയ്യിൽ അവശേഷിച്ച ഒറ്റതടവളയും ഊരികൊണ്ട് അയ്യാൾ പറഞ്ഞു
“ഭാരതി, ഇനി നീ നിന്റെ പേരിൽ നിന്നൊരക്ഷരം അഴിച്ചു മാറ്റണം..”
“ഏതക്ഷരം..”
“ആദ്യത്തെ അക്ഷരം..”
“ ഇന്ന് രാത്രി മുഴുവൻ നീ ‘രതി‘ മാത്രമായിരിക്കും ..എന്റെ രതീദേവി..”
അയ്യാൾ മേശവിളക്ക് അണച്ചു കൊണ്ട് പറഞ്ഞു.ഇരുട്ടിൽ അല്പനിമിഷങ്ങൾ
നിശ്ശബ്ദമായി കടന്നു പോയി..പിന്നെ സ്ത്രീ പുരുഷ സമ്മിശ്രമായ സീൽക്കാര
സംഗിതമുയർന്നു..,അകമ്പടിയായി മണിയറ കട്ടിലിന്റെ സന്ധിബന്ധങ്ങൾ
താളാത്മക മായി ഞെരിഞ്ഞു....അങ്ങനെ,അവിടെ ആദ്യസംഗമത്തിന്റെ സംഗീതമേളം
നിറഞ്ഞു......
...പിറ്റെന്ന് പുലർന്നപ്പോൾ,ക്രീഡാലോലമായ രാവിന്റെ തിരുശേഷിപ്പു പോലെ ,തരംഗിത
മായ മെത്തവിരിപ്പിൽ,വാടിയമുല്ലപൂക്കൾക്കിടയിൽ ഒരു പനിനീരിതളുകണ്ടപ്പോൾ ,
അവളുടെ ഉള്ളിലെന്തൊ പിടഞ്ഞു.ഉഴുതുമറിക്കപെട്ട ക്ഷേത്രമണ്ണിൽ മുള പൊട്ടുന്ന
ഒരു വിത്തിന്റെ ഉൾ തുടിപ്പായി തന്റെ അടിവയറ്റിൽ ജീവന്റെ നാമ്പുകൾ
നങ്കൂരമിട്ടുകഴിഞ്ഞെന്നോ? പക്ഷെ..................
* * * * *
അത്ഭുതകരവും സ്വപ്നസന്നിഭവുമായ കാലാനുഭവത്തിൽ നിന്നുണരുമ്പോൾ
അവർ കോണിചുവട്ടിലിരിക്കുകയാണ്... മുകളിലേക്ക് കയറാതെ തന്നെ
കൃഷ്ണൻ നായർ അവിടെയെങ്ങുമില്ലെന്ന് അവർക്ക് ബോധോദയമുണ്ടായി.
പുറത്ത് ഉച്ചവെയിൽ നേർത്ത് നേർത്ത് നിലാവ് തന്നെയായിരിക്കുന്നു..
കുറുകുന്ന പ്രാവും വീശിയടിക്കുന്ന കാറ്റും ഇപ്പോൾ നിശ്ശ്ബ്ദമാണ്..
അപ്പോൾ,അപ്പോൾ ...വീടിനുള്ളീൽ ഒരു കരച്ചിൽ ഉയർന്നു...
വിശാലമായ തളത്തിലെ ഒരു കോണിൽ കിടന്നിരുന്ന നൂറ്റാണ്ടുകളുടെ
പഴക്കമുള്ള ചന്ദനതൊട്ടിലിൽ നിന്നാണ് ആ കരച്ചിലുയരുന്നത്..
ഒളിച്ചിരിക്കുന്ന ഭർത്താവിനു വേണ്ടി വീടു മുഴുവൻ അരിച്ച് പെറുക്കിയെങ്കിലും
അവർ നോക്കാതെ വിട്ടു പോയ ഒരു ഇടമായിരുന്നു അത്.....
തൊട്ടിലിൽ കൈകാലിട്ടടിച്ച് കരഞ്ഞു കൊണ്ടിരിക്കുകയാണ് ഓമനത്തം
തുളുമ്പുന്ന ഒരു കുഞ്ഞ്.അതിന്റെ വലത്തെ മാറിടത്തിൽ ഒരു കൊച്ചു മറുകും
അവർ കണ്ടു: ‘ശ്രീവത്സം”
അവർകുഞ്ഞിനെ വാരി മാറോടണച്ചു .പാൽ ചുരന്നു വിജൃംഭിച്ച
മുലകണ്ണ് കുഞ്ഞിന്റെ വായിലേക്ക് തിരുകി പാലൂട്ടുവാൻ ആരംഭിച്ചു..
അങ്ങനെയാണ് ഭാരതിയമ്മ അമ്പതാം വയസ്സിൽ ഭർത്താവിനെ
നഷ്ട പെടാതെ തന്നെ വിധവയായത്...
പ്രസവിക്കാതെ തന്നെ അമ്മയായത്..

Friday, February 12, 2010

അൽ വിദാ..........

അങ്ങനെ ഞാനും ആത്മകഥയെഴുതുന്നു. ആശയങ്ങളും എഴുതാനുള്ള ആത്മവിശ്വാസവും
തീർന്നാൽ ആത്മകഥ തന്നെ ശരണം,അല്ലെങ്കിൽ പിന്നെ മോഷ്ടിക്കണം,അഥവാ
മോഷണത്തിന്റെ രീതി ഒന്നു മാറ്റണം..
പക്ഷെ പലനാൾ കള്ളൻ ഒരു നാൾ പിടിക്കപെടുമെന്നല്ലെ...
അതുകൊണ്ടാണ് ആത്മകഥയെഴുതാൻ തീരുമാനിച്ചത്...ആത്മകഥ എന്ന്
ആദ്യമെ പറഞ്ഞത് ഒരു മുൻ കൂർ ജാമ്യം കൂടിയാണ്..എന്നു വച്ചാൽ ഇതിൽ
ത്രില്ലും ഹൊററുമൊന്നും പ്രതീക്ഷിക്കരുത്..ഒരല്പം ബോറടി പ്രതീക്ഷിക്കുകയും വേണം..
അപ്പോൾ തുടങ്ങാം..പക്ഷെ ഒരു പ്രശ്നം.സ്വന്തം കഥയാകുമ്പോൾ സ്വന്തം
പേരും ഊരു മൊക്കെയാണല്ലൊ ആദ്യം പറയേണ്ടത്..,ഞാൻ ശ്രീ-----,
കൊല്ലാ വർഷം ഇത്രമാണ്ട് ഇന്ന സ്ഥലത്ത് ഇന്ന ആൾക്കാരുടെ ഇത്രാ‍മത്തെ
പുത്രനായി ഭൂജാതനായി...അതൊക്കെയാണല്ലൊ അതിന്റെ രീതികൾ ..
എന്തു ചെയ്യാം ഞാൻ എന്റെ പേരും ഊരുമൊക്കെ മറന്നുപോയിരിക്കുന്നു..
ഒരു പേരിലെന്തിരിക്കുന്നു എന്ന് വില്ല്യം ഷേക്ക്സ്പിയർ
ചെയ്തതുപോലെ കൈമലർത്താനുമാകുന്നില്ല ,കാരണം മറന്നുപോയിരിക്കുന്നത്
സ്വന്തം പേരാണ്!! മാത്രമല്ല, ഒരു പേരിൽ
പലതു മിരിക്കുന്നെണ്ടെന്നാണ് ജീവിതം എന്നെ പഠിപ്പിച്ചിട്ടുള്ളത്...
ഉദ്ദാഹരണത്തിന് ,ഐശ്വര്യറായിയുടെ പേര് “ബസന്തി“യെന്നോ
‘ചമേലി’ എന്നോ ആയിരുന്നെങ്കിൽ അവർ ഒരിക്കലും മിസ് വേൾഡ് ആകുമായിരുന്നില്ല
എന്നാണ് എന്റെ വിശ്വാസം.മിസ് ഇന്ഡ്യ ആയിട്ട് വേണ്ടെ മിസ് വേൾഡ് ആവാൻ..!!
എന്തിന് എന്റെയടുത്ത ഒരു സുഹൃത്ത്, ഒരു പാട്ഡിഗ്രികളും ആവശ്യത്തിന് സ്മാർട്ട്നെസ്സുമുള്ള
ശ്രീ . നാരായാണൻ കുട്ടി,ആപേരും വച്ച് ഒരു ജോലി തെണ്ടി മടുത്ത് ഈയിടെമാത്രമാണ്
ഒരു ഐടി കമ്പനിയിൽ ഉദ്യോഗത്തിൽ പ്രവേശിച്ചത് ..മിസ്റ്റർ നാരായൺ എന്നപേരിൽ.
സ്വന്തം പേരു മറന്നാലും സ്വന്തം കഥ ഞാൻ മറന്നിട്ടില്ല അതുകൊണ്ട് നേരെ ആത്മകഥയിലേക്കു
കടക്കാം...
* * * *
എന്റെ ഏറ്റവും പഴക്കമുള്ള ഓർമ്മ മുറ്റത്തിരുന്ന് മണ്ണപ്പം ചുട്ടുകളിക്കുന്നതാണ്.
മുറ്റത്തെ മാഞ്ചുവടാണ് സ്ഥിരംവേദി.ആദ്യം വാവട്ടമുള്ള ഒരു കണ്ണൻ ചിരട്ടയിൽ ഒരല്പം
പഞ്ചാര പൂഴിയിടുന്നു.അതിനുശേഷം വക്കുവെരെ നനച്ച് കുഴച്ചമണ്ണ നിറക്കുന്നു..പിന്നെ
ഒരറ്റ കമിഴ്ത്ത്...മണ്ണപ്പം റെഡി.....
അന്ന്മണ്ണപ്പം ചുട്ടുകളിക്കാൻ എന്റെകൂടെ അയൽ വക്കത്തെ ഒരു കൊച്ചു പെൺകുട്ടിയും
വരുമായിരുന്നു..ഇന്ന് അവൾ എന്റെ അടുക്കളയിൽ അരിയപ്പം ചുടുന്നു...
അപ്പോൾ എന്റെ കഥ ബാല്യവും കൌമാരവും കടന്ന് നേരെ യൌവനത്തിലേക്കും
അടുത്തപടിയായ വിവാഹജീവിതത്തിലേക്കും എടുത്തുചാടിയിരിക്കുന്നു ..ജനിച്ചു,രമിച്ചു ,ജനിപ്പിച്ചു,മരിച്ചു..
...ഇതൊക്കെ തന്നെയാണ് മിക്ക ആത്മകഥകളുടെയും കാതൽ ..
ഒരു നിമിഷം... ,ഒരു ഓട്ടൊബയോഗ്രഫി ആകുമ്പോൾ ഒടുവിൽ പറഞ്ഞ പ്രസ്താവാം
ഒഴിവാക്കേണ്ടതല്ലെ എന്നു നിങ്ങൾ ക്ക് തോന്നാം...
അവിടെയാണ് കഥ മാറുന്നത്........
കാലം മാറുന്നത്.
* * *
ഏതൊരു സാമാന്യവത്കരണത്തിനും കാണും ചില അപവാദങ്ങൾ...
വീടും പൂന്തോട്ടവും ഭാര്യയും കുട്ടികളും നേരം വെളുത്താൽ ഒരുപാടു ജോലികളും രാത്രിയായാൽ
ഒരു പാടുതമാശകളും ഇടക്കൊരു ഔട്ടിംഗുമൊക്കെയായി ജീവിതം അങ്ങനെ പുതുമകളൊന്നുമില്ലാതെ
നീങ്ങി കൊണ്ടിരിക്കുമ്പോഴാണ് എനിക്ക് പെട്ടൊന്നൊരു തലവേദന...പതിവുള്ളതല്ല.എന്നാലും
ഡോക്ടറെയൊന്നും കാണാൻ പോയില്ല .ഒരു അനാസിൻ വാങ്ങികഴിച്ചു.വേദനയും മാറി.
വേദന തത്കാലം മാറിയെങ്കിലും ദുരിതങ്ങൾ തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ.പിറ്റേന്ന് ഇടത്തെകണ്ണു
മാത്രം കരയാൻ തുടങ്ങി.രണ്ട് ദിവസം വെയ്റ്റ് ചെയ്ത് നോക്കി.മൂന്നാം ദിവസം കുടുംബഡോക്ടറുടെ
സന്നിധിയിൽ...ചെറുപ്പകാലം മുതലേ ചികിത്സിക്കുന്ന ഡോക്ടർ ആണ്..ഡോക്ടർ ശങ്കരൻ..,അതെ
പ്രാക്ടീസ് കുറഞ്ഞപ്പോൾ അദ്ദേഹവും ഈയിടെയായി പേരു മാറ്റിയിരിക്കുന്നു; ഇപ്പോൾ ഡോക്ടർ ശങ്കർ.
.പേരു മാറിയെങ്കിലുംസ്ഥായീ‍ഭാവം കരുണം തന്നെ
.. അദ്ദെഹം കാരുണ്യത്തോടെ എന്നെ പരിശോധിക്കാൻ തുടങ്ങി ,ഇരുത്തിയും കിടത്തിയും
കണ്ണിലേക്ക് ലൈറ്റ് അടിച്ചുമൊക്കെ.....
അവസാനം അദ്ദേഹം പറഞ്ഞു : “ കുഴപ്പമൊന്നുംകാണുന്നില്ല...മൂന്നുദിവസം മരുന്നു കഴിച്ചു നോക്കാം...”
നോക്കാമെന്ന്!!എന്റെ നെഞ്ചിലൂടെ ഒരു കുഞ്ഞാറ്റകിളി കുരുത്തോലപെരുന്നാളു കൂടുവാൻ പറന്നു പോയി....
ഞാൻ നേരത്തെ പറഞ്ഞല്ലോ,ചെറുപ്പം മുതലേ ചികിത്സിക്കുന്ന ഡോക്ടറാണ്...അദ്ദേഹത്തിന്റെ
രീതികളൊക്കെ എനിക്കറിയാം...നോക്കാമെന്ന്!!‘ ഇതദ്ദേഹത്തിന്റെ ശൈലിയല്ല...
എന്നാലോ മൂന്നുദിവസം അദ്ദേഹത്തിന്റെ മരുന്നു കഴിച്ചപ്പോഴേക്കും കണ്ണിൽ നിന്നുള്ള വെള്ളംവരവ്
നിന്നു.പക്ഷെ മറ്റൊരപകടം ! ഇടത്തുകണ്ണിന്റെ കാഴ്ചക്കൊരു മങ്ങൽ! കാഴ്ച മങ്ങാൻ തുടങ്ങിയ
പ്പോൾ ഞാൻ ഓർത്തത് എന്നെ ചികിത്സിക്കുന്ന ഡോക്ടറെയല്ല,എന്റെ ജ്യോത്സ്യരെയാണ്
ശ്രീ കാണിപറമ്പിൽ മഹാദേവനെ...കാരണം ഡോക്ടർ മാരൊക്കെ കണ്ടുപിടിക്കുന്നതിന് വളരെ
മുൻപ് തന്നെ എന്റെ ഹൃദയത്തിലെ ഇടത്തും വലത്തും അറകളെ വേർതിരിക്കുന്ന ഭിത്തിയിൽ
ഒരു ദ്വാര മുണ്ടെന്ന് കണ്ട് പിടിച്ച മഹാനണദ്ദേഹം..എന്റെ ഒന്നാം പിറന്നാളിന് ജാതകമെഴുതുമ്പോഴാണ്
മഹത്തായ ആ കണ്ട് പിടുത്തം അദ്ദേഹം നടത്തിയത്..പിന്നെയും നാലുവർഷം കഴിഞ്ഞാണ്
ടൌണിലെ ഹാർട്ട് ഹൊസ്പ്റ്റലിലെ കാർഡിയോളജിസ്റ്റ് ഡോക്റ്റർ കൃഷ്ണനുണ്ണി
എ.എസ്.ഡി(atrial septal defect) എന്ന എന്റെ രോഗം സ്ഥിരീകരിക്കുന്നതും
ഒരു കാർഡിയാക് ഓപ്പറേഷനു വിധേയനാക്കുന്നതും..
അതുവരെ കാണിച്ച ഡോക്ടർമാരെല്ലാം പറഞ്ഞു; “ ഒരു കുഴപ്പവുമില്ല...”“.
അതുകൊണ്ട്,ജ്യോതിഷത്തിലൊന്നും എനിക്ക്
വിശ്വാസമില്ലെങ്കിലും ജ്യോത്സ്യരെ എനിക്ക് ദൃഢവിശ്വാസമാണ്.ഇനി അദ്ദേഹം തന്നെ അഭയം...
* * * * *
പനകളും പാലകളും മറ്റനവധി കാട്ടുവൃക്ഷങ്ങളും വളർന്ന് നിൽക്കുന്ന ഒരു വലിയ പറമ്പിന്റെ
യുള്ളിൽ ഒരു ശ്രീകോവിൽ പോലെയാണ് ജ്യോത്സ്യരുടെ വീട് നില കൊള്ളുന്നത്. ഒതുക്കുകല്ലു
കയറുമ്പോൾ ഒരു വലിയ മണിനാഗം എതിരെ ഇഴഞ്ഞുവരുന്നു...!! നല്ലകണി! ജ്യോത്സ്യരെ കാണുവാൻ
മനുഷ്യർ മാത്രമല്ല എത്താറ് എന്ന് നാട്ടിൽ പൊതുവെ ഒരു സംസാരമുണ്ട്...
ഞാൻ ചെല്ലുമ്പോൾ അദ്ദേഹം വരാന്തയിൽ ചമ്രം പടിഞ്ഞിരുന്ന് മണി നാഗത്തിന് വേണ്ടി നിരത്തിയ
കവിടികളെല്ലാം കൊച്ചു സഞ്ചിയിൽ വാരികെട്ടുകയാണ്...
ഞാൻ പേരും നാളും പറഞ്ഞ് സ്വയം പരിചയപെടുത്തി..എന്നെങ്കിലും കണ്ണു സംബന്ധമായ എന്തെങ്കിലും
രോഗമുണ്ടാവുകയാണെങ്കിൽ തന്നെ സമീപിക്കണമെന്ന് മുൻപ് ജ്യോത്സ്യർ എനിക്ക് നിർദേശം
തന്നിരുന്ന കാര്യവും ഓർമ്മപെടുത്തി.. അദ്ദേഹം വായിലെ താംബൂലമിശ്രിതം ഉമ്മറത്തേക്ക് നീട്ടി
തുപ്പി ഒന്ന് ഇരുത്തി മൂളി ..പിന്നെ എന്റെ ജാതകത്തിന്റെ ഓലകൾ മറിച്ചു നോക്കാൻ തുടങ്ങി
ഇതിനിടയിൽ ഭാര്യ കുട്ടികൾ കുടുംബം ഇതിനെകുറിച്ചൊക്കെ കുശലന്വേഷണം നടത്തുന്നുണ്ട്..
“എല്ലാവരും സുഖമായിരിക്കുന്നു...” ഞാൻ പറഞ്ഞു ..
ജാതകത്തിന്റെ ഒരു താളിൽ അദ്ദേഹത്തിന്റെകണ്ണുകൾ കുറെ നേരം ഉടക്കിനിന്നു.
പിന്നെ പൊടുന്നനെ എന്നെ നോക്കി ഒരു ചോദ്യം .
“നിങ്ങൾക്കിപ്പോൾ എന്ത് ബാങ്ക് ബാലൻസ് ഉണ്ട്?”
ഡോക്ടറും വക്കീലും ഇത് ചോദിച്ചാൽ ഞാൻ നേരു പറഞ്ഞില്ലെന്നിരിക്കും. പക്ഷെ
എന്റെ ജ്യോത്സ്യരോട് ഞാൻ കള്ളം പറയുകയില്ല.അതുകൊണ്ട് ഞാൻ
എന്റെ ബാങ്ക് ബാലൻസ് മുതലും പലിശയും അണപൈവിടാതെ പറഞ്ഞുകൊടുത്തു..
“എങ്കിൽ അതൊക്കെ വേഗം തന്നെ പിൻ വലിക്കണം .എന്നിട്ട് അത്രയും തുക പ്രീമിയം
അടച്ച് ഒരു ലൈഫ് പോളിസി എടുക്കണം.“”
അത്രയുവലിയ ഒരു തുകപ്രീമിയ മടച്ചാൽ അടുത്തവർഷം അതേ തുക അടക്കുവാൻ
ഞാൻ എന്തു ചെയ്യും? എന്റെ നാവിൻ തുമ്പോളം വന്ന ആ സംശയം ഞാൻ അങ്ങനെ
തന്നെ വിഴുങ്ങി. ..എനിക്കറിയാം ഇദ്ദേഹം ‘കാര്യം’ മാത്രം പറയുന്ന ആളാണ്.കാരണങ്ങൾ
തിരക്കുന്നത് അദ്ദേഹത്തിന് ഇഷ്ടമല്ല..
അദ്ദേഹം ജാതകം അടച്ചു .സെഷൻ കഴിഞ്ഞെന്നർഥം.
ഞാൻ ഷർട്ടിന്റെ പോക്കറ്റിൽ നിന്ന് ഒരു വെള്ളിരൂപ എടുത്തു...
“ദക്ഷിണ...”
“ഇപ്പോൾ വേണ്ട..” അദ്ദേഹം ശാന്തതയോടെ പറഞ്ഞു.
“ പിന്നെ??”
“”പോളിസികിട്ടിയിട്ടു മതി.........!!“”
* * * *
നാട്ടിലെ സ്പെഷ്യലിറ്റി ഹോസ്പിറ്റലുകളിലെല്ലാം കയറിയിറങ്ങി അവസാനം
തലയുടെ MRI scan ഉൾപ്പെടെ ഒരു കെട്ടു
ഫയലുമായി ഞാൻ വീണ്ടും എന്റെ കുടുംബഡോക്ടറുടെ മുന്നിൽ ഇരിക്കുകയാണ്..
ഫയലുകളെല്ലാം സമയമെടുത്ത് അവധാനതയോടെ പഠിച്ച ശേഷം എല്ലാവരും
പറഞ്ഞതുതന്നെ അദ്ദേഹവും പറഞ്ഞു. “ ഒരു കുഴപ്പവുമില്ല...”
അതും പറഞ്ഞ് കുറച്ച് വിറ്റാമിൻ ഗുളികകൾ കുറിക്കുവാനായി അദ്ദേഹം തന്റെ പ്രിസ്ക്രിപ്ഷൻ
പാഡിൽ നിന്ന് ഒരു താൾ വലിച്ചു കീറി............
പെട്ടെന്നെനിക്കൊരു കുസൃതി തോന്നി. ഞാൻ ചോദിച്ചു.
“ഡോക്ടർ , ഞാനിനി എത്രനാൾ ജീവിക്കും.........??”
അദ്ദേഹം എഴുതാനെടുത്ത പേനകടലാസിനുമുകളിൽ വച്ചു.അപൂർവ്വമായ ഒരു രോഗലക്ഷണം
ശ്രദ്ധയിൽ പെട്ടെതു പോലെ അദ്ദേഹത്തിന്റെ കണ്ണിൽ ക്ഷണനേരത്തേക്ക് ഒരു ഒളി മിന്നി..
പിന്നെ അദ്ദേഹം പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു;
“” ആ‍യുസ്സു തീരുന്നതുവരെ...............................”
അതിനുശേഷം മരുന്നെഴുതാനുള്ളതാളിൽ അദ്ദേഹം എന്റെ രോഗചരിത്രത്തിന്റെ സംക്ഷിപ്തമെഴു
താൻ തുടങ്ങി..എഴുതികഴിഞ്ഞപ്പോൾ അടിയിൽ നീട്ടിയൊരുപ്പുമിട്ട് കടലാസ് നാലായി മടക്കി
ഒരു കവറിൽ വച്ച് എനിക്ക് നീട്ടി...........
“എന്തായിത്......?”
“റഫറൻസ് ലെറ്ററാണ്..ഡോക്ടർ ഗുരുദത്തിന്..”
“ഗുരു ദത്തോ?? ആരാണദ്ദേഹം ?
“എന്റെ ഗുരു......”
* * * *
ഡോക്ടർ ഗുരുദത്ത് ചികിത്സ നടത്തുന്ന ഹോസ്പിറ്റലിനെ കുറിച്ചന്വേഷിച്ചപ്പോഴാണ് രസം..
എഴുത്തു തന്ന കുടുംബഡോക്ടർക്കു കൂടി അതെവിടെയാണെന്ന് ശരിക്കു പറഞ്ഞുതരാൻ കഴിഞ്ഞില്ല.
അന്വേഷിക്കുവിൻ കണ്ടെത്തും എന്നല്ലെ..അവസാനം കരുണ ഹോസ്പിറ്റലിന്റെ ഫോൺ നമ്പർ
ഡയറക്ടറിയിൽ നിന്ന് കണ്ടെടുത്തു.കുറെ നേരം ശ്രമിച്ചിട്ടാണ് കണക്ഷൺ കിട്ടിയത്.
“ കരുണ ഹോസ്പിറ്റലല്ലേ..” ഫൊൺ അറ്റന്റ് ചെയ്ത റിസ്പ്ഷനിസ്റ്റിനോട് ഞാൻ ചോദിച്ചു.
“അതെ...ഡോക്ടർ കരുണാകരൻ റഫർചെയ്തപേഷ്യന്റല്ലേ.” അവർ തിരിച്ചിങ്ങോട്ടൊരു ചോദ്യം.
അത് കേട്ടപ്പോൾ അത്ഭുതവും സന്തോഷവും എനിക്ക് ഒരു മിച്ചനുഭവപെട്ടു.എങ്കിലും അവർ
എന്നെമറ്റാരോ ആയി തെറ്റിദ്ധരിച്ചതായി എനിക്കു തോന്നി. ഞാൻ തിരുത്തി:
‘അല്ല. ഡോക്ടർ ശങ്കർ റഫർ ചെയ്ത പേഷ്യന്റാണ്..”
“അതെ..അതുതന്നെ ! ഡോക്ടർ ഗുരുദത്ത് അദ്ദേഹത്തെ കരുണാകരൻ എന്നാണ് വിളിക്കാറ്..”
“എങ്കിൽ ഇപ്പോൾ കരുൺ എന്ന് വിളിക്കണം “ഞാൻ പറഞ്ഞു..
അങ്ങേ തലക്കൽ പളുങ്ക് ചിതറുന്നതു പോലെ ഒരു ചിരി ഉടഞ്ഞു..
ആ തമാശ അവർ ആസ്വദിച്ചെന്നു തോന്നുന്നു.
“ ഡോക്ടർ ഗുരുദത്തിന് ഒരു അപ്പോയിൻ മെന്റ് ഫിക്സ് ചെയ്യാനാണ് ഞാൻ വിളിച്ചത്..”
“ മനസ്സിലായി..അതു ഫിക്സ് ചെയ്തു കഴിഞ്ഞു.” അവർ പറഞ്ഞു..
“ എങ്ങനെയാണ് ഹോസ്പിറ്റലിലേക്ക് എത്തുക..വഴിയൊന്നു പറഞ്ഞു തരണം..”
“ ഏതു വഴിക്ക് വന്നാലും നിങ്ങൾ ഇവിടെ എത്തും”
“ഞാൻ എപ്പോൾ ആണ് പുറപെടെണ്ടത്?”
“എപ്പോൾ പുറപെട്ടാലും നിങ്ങൾ സമയത്തിനു തന്നെ ഇവിടെ എത്തിചേരും”
എന്റെ സംശയങ്ങളെല്ലാം തീർന്നിരുന്നു..എന്നാലും ഞാൻ വെറുതെ ചോദിച്ചു:
“ഞാൻ എവിടെ നിന്നാണ് പുറപെടേണ്ടത്?” അതിനും അവർക്കു മറുപടിയുണ്ടായിരുന്നു...
“നിങ്ങൾ എവിടെ നിന്നു പുറപെട്ടാലും ഇവിടെയെത്തുമ്പോൾ തൃസന്ധ്യയാകും.........”.
അപ്പുറത്ത് ഫോൺ വെക്കുന്ന ശബ്ദം.അത് ചെറിയൊരു ആഘാതമായി എന്റെ ചെവിയിൽ
പതിക്കുന്നു..വലിയൊരു ഇടിമുഴക്കമായി എന്റെ തലക്കുള്ളിൽ മുഴങ്ങുന്നു...ശക്തമായ
തലവേദനയുടെ ആരംഭം....കാഴ്ച മങ്ങുന്നു ..ഓർമ്മകൾ മറയുന്നു......
* * *
ഓർമ്മവരുമ്പോൾ ഞാൻ വിശാലമായ ഒരു ആശു പത്രി മുറിയിലാണ്.ചുറ്റും കണ്ണഞ്ചിക്കുന്നവെണ്മ.
ചുമരിനും ജനൽ വിരിക്കും ഞാനിട്ടിരിക്കുന്ന ഹോസ്പിറ്റൽ യൂണിഫോമിനും മാത്രമല്ല മുറിയിലെ
ഫർണീച്ചറുകൾക്കും ഉപകരണങ്ങൾക്കും തലകീഴായി
സലൈൻ കുപ്പികൾ തൂങ്ങികിടക്കുന്ന ഡ്രിപ്പ് സ്റ്റാൻഡിനും വെളുത്തനിറം..കറുപ്പിന്റെ ഒരു പാടു പോലുമില്ല..
ഒരു രോഗാണുവും ആ പരിസരത്തെങ്ങുമില്ല.. അപ്പോഴാണ് മറ്റൊരു കാര്യം ശ്രദ്ധിക്കുന്നത്.
ഞാൻ കിടക്കുന്ന മുറിക്ക് വാതിലുകളൊന്നു മില്ല ..ഉള്ളത് മൂന്നുജനലുകളാണ്..അതാകട്ടെ അടഞ്ഞുകിടക്കുന്നു..
ഇപ്പോൾ നല്ല സുഖം തോന്നുന്നുണ്ട്..കാഴ്ചതെളിഞ്ഞിരിക്കുന്നു തലവേദന അനുഭവപെടുന്നേയില്ല...
പുറത്തെ കാഴ്ചകൾ നോക്കികാണുവാൻ എന്തെന്നില്ലാത്ത ഒരു ആഗ്രഹം.......
ഞാൻ മെല്ലെ എണീറ്റ് ആദ്യത്തെ ജനൽ തുറന്നു..പെട്ടെന്ന് വെളിച്ചവും കുളിരും നേർത്തസുഗന്ധവും
മുറിയിലേക്ക് ചൊരിഞ്ഞുവീണു..എത്രമനോഹരമായ കാഴ്ച..നോക്കെത്താദൂരം പരന്നുകിടക്കുന്ന
ഒരു താഴ്വാരം..താഴ്വരയിൽ നീലകടൽ പോലെ പൂത്തു കിടക്കുന്ന നീല കുറിഞ്ഞികൾ ...
പന്ത്രണ്ട് വർഷത്തിലൊരിക്കൽ മാത്രം പൂക്കുന്ന അതേ പൂക്കൾ ...പൂങ്കടലിനു മേലെ അനുഗ്രഹം
ചൊരിഞ്ഞുകൊണ്ട് ചക്രവാളത്തിൽ ചുവന്നു തുടുത്തു നിലകൊള്ളുകയാണ് ഉദയ സൂര്യൻ..........
ഇതെ കാഴ്ച മറ്റൊരു വീക്ഷണകോണിൽ നോക്കി കാണുവാൻ ഞാൻ അടുത്ത ജനൽ തുറന്നു..
പക്ഷെ അവിടെ ഞാൻ കണ്ടത് നക്ഷത്രഖചിതമായ രാത്രിമാനമാണ്.. ആകാശത്ത് ‘ശബരനും’(orione)
അവന്റെ വേട്ടനായയും(canis major) കൊലുത്തഴിഞ്ഞുകിടക്കുന്ന ഒരു പാദസരം പോലെ ‘കാർത്തികകൂട്ടവും..(plaedes)
അശ്വമുഖം പോലെ അശ്വതിയും നിരന്നു മിന്നുന്നു............അശ്വതി എന്റെ ജന്മ നക്ഷത്രം കൂടിയാണ്...എല്ലാം തണുപ്പുകാലത്തെ നക്ഷത്രങ്ങൾ!!
ഞാൻ വർദ്ധിച്ച കൌതുകത്തോടെ മൂന്നാമത്തെ ജനലും തുറന്നു ...തുറന്നത് വേനലിന്റെനീല വെളിച്ചം
വീണുകിടക്കുന്ന ഒരു വരാന്തയിലേക്ക്.........അതിന് ചുരുങ്ങിയത് ഒരു നാഴികയെങ്കിലും നീളം കാണും..
ഒരേ മുറിയിൽ നിന്നുള്ള ജാലകകാഴ്ചകൾ ഒന്നാവണമെന്നില്ല,എന്നാൽ ഒരേ സമയം
വ്യത്യസ്തമായ കാലവും കാലാവസ്ഥയുമൊക്കെ ആദ്യാനുഭവമാണ്!!
ദൂരെ വെളുത്ത ഓവർകോട്ട് ധരിച്ച ഡോക്ടറും സംഘവും പ്രത്യക്ഷപെട്ടപ്പോൾ ഞാൻ കട്ടിലിൽ വന്ന് കണ്ണുമടച്ച് കിടന്നു..
അല്പസമയം കഴിഞ്ഞപ്പോൾ മധുരമായ സ്വരത്തിൽ ആരോഎന്റെ പേരുചൊല്ലിവിളിച്ചു...
നെറ്റിയിൽ ചന്ദന കുറിയുമായി ചിരിച്ചുകൊണ്ട് നിൽക്കുന്ന ഡോക്ടർ ഗുരുദത്ത്..കൂടെ
സുന്ദരികളായ രണ്ട് നഴ്സ്മാരുമുണ്ട്.. ഡോക്ടർ ഗുരുദത്തിനെ കണ്ടപ്പോൾ എനിക്ക്
എന്തെന്നില്ലാത്ത ആശ്ചര്യമുണ്ടായി..അദ്ദേഹത്തിന് എന്റെ ജ്യോത്സ്യന്റെ അതേ മുഖഛായ..
സംശയം ഞാൻ മനസ്സിൽ വച്ചതെയുള്ളൂ.. പക്ഷെ ഉത്തരം അദ്ദേഹത്തിൽ നിന്ന്
പുറത്ത് വന്നു കഴിഞ്ഞു“ എനിക്ക് വൈദ്യവും അറിയാം.........” ദേവനാഗരിലിപിയിൽ സ്വന്തം
പേരെഴുതിവച്ചിരിക്കുന്ന ഓവർകോട്ടിന്റെ ഇടത്ത് ഭാഗത്ത് കുത്തിയിരിക്കുന്ന നെയിം പ്ലെറ്റിലേക്കും
കഴുത്തിൽ കിടക്കുന്ന ഇരട്ടകുഴൽ സ്റ്റെതസ്കോപ്പിലേക്കും ഞാൻ മാറി മാറി നോക്കി..
“ഞാൻ തന്നെ ...ജ്യോത്സ്യർ മഹാദേവൻ..ചികിത്സിക്കുമ്പോൾ ഡോക്ടർ ഗുരുദത്ത്..”
അദ്ദേഹം എന്റെ വലത്ത് കൈയിൽ വിരൽ ചേർത്ത് പിടിച്ച് നാഡി മിടിപ്പ്
പരിശോധിച്ചു ..
“എല്ലാം മാറിയല്ലോ...” അദ്ദേഹം പുഞ്ചിരിയോടെ പറഞ്ഞു.
അപ്പോഴാണ് എനിക്ക് എന്തെന്നില്ലാത്ത ഒരു അങ്കലാപ്പ് അനുഭവപെട്ടത്...
കയ്യിലെ പണമെല്ലാം കഴിഞ്ഞിരിക്കുന്നു..ലൈഫ് ഇൻഷ്വറൻസിന്റെ അടുത്ത് പ്രീമിയം
അടക്കുവാനുള്ള സമയവും അടുത്തെത്തിയിരിക്കുന്നു.അല്ലെങ്കിൽ അടച്ച തുക ലാപ്സായ
തു തന്നെ.........
എന്റെ പരിഭ്രമം ഒരു കുരുത്തംകെട്ട ചോദ്യമായാണ് പുറത്ത് വന്നത്..
“ ഡോക്ടർ ഞാൻ എപ്പോഴാണ് മരിക്കുക??”
“ചോദ്യം തെറ്റിപോയല്ലോ...” അദ്ദേഹം പുഞ്ചിരി കൈവിടാതെ പറഞ്ഞു.
“ഏതാണ് ശരിയായ ചോദ്യം..?”
“എപ്പോഴാണ് മരിച്ചത് എന്നാണ് ചോദിക്കേണ്ടത്...”
(THE END)
*****************************************************************

Tuesday, February 9, 2010

വിചാരണയില്ലാതെ......

മുറ്റത്തെ പതിനെട്ടാം പട്ടയുടെ ഉച്ചിയിൽ പച്ചോലപാമ്പുകളുടെ ചൂളം വിളിയുയരുന്നു.അകമ്പടിയായി,
കൊത്തുപണിചെയ്ത ഉമ്മറതൂണുകളിൽ പടർന്ന് പരിലസിച്ചിരുന്ന ബ്ലീഡിംഗ് ഹാർട്ടിന്റെ
പൂങ്കുലകൾക്കുള്ളിൽ നിന്ന് ഭയചകിതരായ സുചിമുഖികൾ ചിറകടിച്ചു പറക്കുന്നശബ്ദം...
പുറത്ത് അവർ എത്തി കഴിഞെന്ന്ഉമാദത്തനു മനസ്സിലായി.
എഴുതികൊണ്ടിരിക്കുന്ന ‘സ്വർണ്ണവലയുള്ള ചിലന്തി’ യുടെ സ്ക്രിപ്റ്റ്
മാറ്റിവച്ച് അയ്യാൾ ചാരുകസേരയിൽ നിന്നെഴുന്നേറ്റു...
വാതിൽ തുറന്നപ്പോൾ,വരാന്തയിൽ അവർ മൂന്നാലു പേരുണ്ട്. കൂട്ടത്തിൽ ജുബയും മുണ്ടും ധരിച്ച അവരുടെ
നേതാവെന്നു തോന്നിക്കുന്ന ആൾ സ്വയം പരിചയപെടുത്തി. “ ഞാൻ ..കുമാരമംഗലം
അമ്പലം കമ്മറ്റി പ്രസിഡണ്ട്..” നെറ്റിയിലെ ചന്ദനകുറിയും വെറ്റില കറപുരണ്ട പുഞ്ചിരിയും ആ
പ്രസ്താവനക്ക് റാൻ മൂളിയെങ്കിലും കണ്ണുകളിലെ ക്രൌര്യവും കൌശലവും അയ്യാളെ ഒറ്റുകൊടുത്തു...
ഇടുങ്ങിയ തളത്തിൽ കിടന്നിരുന്ന ചൂരൽ കസേരകളിലും സ്റ്റൂളുകളിലുമായി എല്ലാവരും ഉപവിഷ്ടരായി
കഴിഞ്ഞപ്പോൾ ഉമാദത്തൻ ചോദിച്ചു: “കുടിക്കാൻ ... ഹോട്ട് ഓർ ..കോൾഡ്?”
“ചായയായാലും സർബത്തായാലും ഞങ്ങൾക്ക് സന്തോഷം” അനുയായികളിൽ ഒരാൾ വലിയതമാശ
പൊട്ടിക്കും മട്ടിൽ പറഞ്ഞു.
“ ക്ഷമിക്കണം...കുടിക്കാൻ ചൂടുവെള്ളം വേണോ അതോ പച്ചവെള്ളം മതിയോ എന്നാണ്
ഉദ്ദേശിച്ചത്...ഞാനിവിടെ തനിച്ചാണ്”
“അതിനെന്താ...പക്ഷെ വെള്ളംകുടിക്കാനല്ല.. താങ്കളെ വെള്ളം കുടിപ്പിക്കാനാണ് ഞങ്ങൾ
വന്നിരിക്കുന്നത് ..കഴിഞ്ഞയാഴ്ച അക്കാദമിഹാളിൽ വച്ചുകണ്ട താങ്കളുടെ ‘ന്യായവിധി ‘
ഞങ്ങൾക്കത്രക്കും ഇഷ്ടപെട്ടുപോയി...“
ക.പ്ര. പറഞ്ഞു;
“ അതെ..എല്ലാവരും അതു തന്നെ പറയുന്നു..”
“”അപ്പോൾ നേരെ കാര്യത്തിലേക്കു കടക്കാം പത്തേ മാസം പന്ത്രണ്ടിനാണ് ഞങ്ങളുടെ ഉത്സവം.
ഉത്സവം കൊഴുപ്പിക്കാൻ നിങ്ങളുടെ നാടകം തന്നെ വേണം ..”“
“ പക്ഷെ ഈ മാസം ഡേറ്റൊന്നുമില്ലല്ല്ലോ..? “ ഉമാദത്തൻ നിസ്സഹായനായി പറഞ്ഞു.
“ അതു പിന്നെ ഞങ്ങൾക്കറിയരുതോ ..ധൃതിയില്ല ..അടുത്തവർഷം ഉത്സവത്തിനുവേണ്ടിയുള്ള
ബുക്കിംഗ് ആണ് ഞങ്ങൾ ഉദ്ദേശിച്ചത്... പക്ഷെ അതിനുമുൻപ് ആ നാടകത്തെകുറിച്ചു ഞങ്ങൾ
ക്കുള്ള സംശയനിവൃത്തി ഉണ്ടാക്കി തരണം”
“എക്സ്ക്യുസ് മി ..ഇവിടെ എവിടെയാണ് ബാത്ത് റൂം? “ അനുയായികളിൽ ഒരാൾ ഇടക്ക് കയറി
ചോദിച്ചു.
“ ഒന്നിനോ..രണ്ടിനോ?
“രണ്ടിനും...“
“എങ്കിൽ .. പുറത്തു തന്നെ പോകണം“
“ താങ്ക്യൂ...”
ഒഴിഞ്ഞ സീറ്റിൽ കയറി ഇരുന്നു കൊണ്ട് ഉമാദത്തൻ ക. പ്ര ന്റെ ചോദ്യങ്ങളെ നേരിടാൻ
തയ്യാറായി....
“കോടതിവിധിയും കാത്ത് ജയിലിൽ റിമാൻഡിൽ കഴിയുന്ന ഒരു ക്രിമിനലിനെ,കഥാനായകൻ വളരെ സാഹസികമായി
രക്ഷിക്കുന്നതും ഈ രാജ്യത്തിന്റെ നിയമവ്യവസ്ഥയേയും സാമൂഹികക്രമങ്ങളെയും കൊഞ്ഞനം
കാട്ടുന്നതുമൊക്കെയാണല്ലോ ‘ന്യായവിധി’യിലെ പ്രമേയം.. സത്യത്തിൽ താങ്കളുടെ ജീവിതവുമായി
ഈ നാടകത്തിന് എന്തെങ്കിലും ബന്ധമുണ്ടോ?
“ കാണുന്നവരെ കൊണ്ട് ഒരു പാട് ചോദ്യങ്ങൾ സ്വയം ചോദിപ്പിക്കുക എന്നത് ഈ നാടകത്തിന്റെ
ഹിഡൺ അജൻഡയിൽ പെടുന്നു. പക്ഷെ ,ഇത്തരം വ്യക്തിപരമായ ചോദ്യങ്ങൾ എഴുത്തുകാരൻ
എന്ന നിലയിൽ ഉത്തരം പറയാൻ എനിക്കു താത്പര്യമില്ല. എങ്കിലും ചോദിച്ച നിലക്ക് പറയാം..
ഇതിലെ പ്രതി നായകൻ ...തീർച്ചയായും ഞാൻ അല്ല..പക്ഷെ അവസരം കിട്ടുകയാണെങ്കിൽ
കഥാനായകനാകുന്നതിൽ വിരോധമില്ല..”
“ അങ്ങനെ വീരനായകൻ ചമയാനാണോ ,താങ്കൾ ലൈസൻസ്പുതുക്കാത്ത തോക്ക് ഇപ്പോഴും
കൈവശം വച്ചിരിക്കുന്നത്..”
“ നിങ്ങൾ പോലീസുകാരെ പോലെ സംസാരിക്കുന്നു...”
“തീർച്ചയായും ഞങ്ങൾ പോലീസുകാർ തന്നെ..മഫ്ടിയിലാണെന്നുമാത്രം. ഐ ആം എസ് ഐ സുബറാവു...”
തന്റെ പോക്കറ്റിൽ നിന്നുള്ള ഐഡന്റിറ്റി കാർഡ്
എടുത്തുകൊണ്ട് കമ്മറ്റി പ്രസിഡണ്ട് എന്ന് നേരത്തെ പരിചയപെടുത്തിയ ആൾ പറഞ്ഞു.
“”ഇനിയധികം വളച്ചുകെട്ടുന്നില്ല മിസ്റ്റർ ഉമാദത്തൻ...ഈയിടെ തടവു ചാടിയ രാം പ്രകാശ് എന്നപുള്ളിയെ
ഈ പരിസരത്ത് കണ്ടതായി ഞങ്ങൾക്ക് വിശ്വസനീയമായ കേന്ദ്രങ്ങളിൽ നിന്ന് ഇൻഫർമെഷൻ കിട്ടിയി
രിക്കുന്നു..ഏന്റ് യൂ നോ ഹീ ഈസ് എ ബോൺ ക്രിമിനൽ. പലതും ചേർത്തു വായിക്കുമ്പോൾ അയ്യാൾക്ക്
നിങ്ങൾ നിയമവിരുദ്ധമായി അഭയം നൽകിയിരിക്കുന്നു എന്ന് സംശയിക്കുന്നതിൽ അന്യായമൊന്നുമില്ല...
പിന്നെ എവിടെ ഒളിപ്പിച്ചാലും, അയ്യാളെ കോളറിൽ പിടിച്ച് പൊക്കുവാനാണ് ഞങ്ങൾ ഇറങ്ങി
പുറപെട്ടിരിക്കുന്നത്.ഏതു ഗർഭഗൃഹ
ത്തിലൊളിച്ചാലും അവനെ ഞങ്ങൾ പൊക്കിയിരിക്കും.
. ഞങ്ങൾക്ക് ഈ വീടൊന്ന് പരിശോധിക്കണം....”
“ഒരു വിരോധവുമില്ല, പക്ഷെ നിങ്ങൾ ഈ പറഞ്ഞ ക്രിമിനലിനെ കുറിച്ച് പേപ്പറിൽ
നിന്ന് വായിച്ച അറിവെ എനിക്കുള്ളൂ...അധികമൊന്നും പുറത്തിറങ്ങാത്തതുകൊണ്ട് അയ്യാൾ
ഈ പരിസരത്തിൽ ചുറ്റി തിരിഞ്ഞുട്ടെണ്ടെങ്കിൽ തന്നെ ഞാൻ കാണുവാൻ വഴിയില്ല.
പിന്നെ കണ്ണുവെട്ടിച്ച് അയ്യാൾ എന്റെ വീട്ടിൽ ഒളിച്ചിരിപ്പുണ്ടോ എന്ന കാര്യം എനിക്കും
ഉറപ്പീല്ല “ .ഉള്ളിലേക്ക് കയറിപോകുന്ന
അനുയായികളെ വീക്ഷിച്ചുകൊണ്ട് ഉമാദത്തൻ മനസ്സാന്നിധ്യം കൈവിടാതെ പറഞ്ഞു.
അപ്പോൾ,അകത്താരുടെയോ ചിലമ്പിച്ച ചുമ ഉയർന്നു കേട്ടു....
“ ഈ വീട്ടിൽ താങ്കൾ തനിച്ചാണെന്നല്ലേ പറഞ്ഞത്..?!“
“വിവാഹമൊന്നുംകഴിഞ്ഞിട്ടില്ല എന്നാ‍ണ് ഉദ്ദേശിച്ചത്..രണ്ട് ദിവസമായി
സുഖമില്ലാത്ത എന്റെ വകയിലൊരു വല്ല്യമ്മയും എത്തിയിട്ടുണ്ട് ..
പാവം വയസ്സാം കാലത്ത് അവരെ നോക്കാൻ ആരുമില്ല!
“ അവരെവിടെയാണ്? “
“അകത്തെ കട്ടിലിൽ വിശ്രമിക്കുന്നു...“
എങ്കിൽ അവരോടും ചിലത് ചോദിക്കാനുണ്ട്..?
അപ്പോഴേക്കും വടിയുംകുത്തിപിടിച്ച് വൃദ്ധ പുറത്തേക്ക് വേച്ച് വേച്ച് കടന്നു വന്നു..
“ആരാ അവിടെ? കുറെ നേരാമായല്ലൊ കിടന്നു തൊള്ളയിടുന്നു ..മനുഷ്യനൊരു
തൊയിരം തരില്ലാന്ന് വെച്ചാൽ.. വധൂരികള്.....” വിറക്കുന്ന സ്വരത്തിൽ അവർപറഞ്ഞു.
“”ഞങ്ങൾ ഒരാളെ അന്വേഷിച്ചിറങ്ങിയതാവല്ല്യമ്മെ .. .. ഇവിടെ അടുത്തെങ്ങാൻ
ഒരു ചെറുക്കൻ വന്നിരുന്നോ..?“”
“ കുറുക്കനോ? അതിനിവിടെയെവിടെയാ കോഴികള്? “
“വല്ല്യമ്മക്ക് ചെവി പതമാണ്..“
ഉമാദത്തൻ പറഞ്ഞു.
അപ്പോഴേക്കും മുറികളെല്ലാം കയറിയിറങ്ങി പരിശോധന കഴിഞ്ഞ് മറ്റനുയായികളെല്ലാം
തിരിച്ചെത്തിയിരുന്നു.പറമ്പും പരിസരവും നിരീക്ഷിക്കാൻ പോയ പോലീസ് കാരനും
തിരിച്ചെത്തി..
അവരുടെ മുഖത്തെല്ലാം ഒരു ഇഛാഭംഗം കാണപെട്ടു.
പക്ഷെ സബ് ഇൻസ്പെക്ടർ സുബറാവു അപ്പോഴും ഉത്സാഹത്തിലായിരുന്നു...
“ഉമാദത്തൻ ഞങ്ങളുടെ കൂടെ സ്റ്റേഷൻ വരെയൊന്നു വരേണ്ടി വരും..“
“എന്തിന്സാർ.!!.ഞാനിവിടെ ആരെയും ഒളിപ്പിച്ചിട്ടില്ലെന്ന് ബോധ്യപെട്ടതല്ലെ?“
“-ലൈസൻസ് പുതുക്കാത്ത തോക്ക് കൈവശം വക്കുന്നത് ഒരു കുറ്റമാണെന്ന്
അറിഞ്ഞുകൂടെ..അല്ലെങ്കിലും നിങ്ങളെപോലുള്ള ഒരു എഴുത്തുകാരന് എന്തിനാണ്
തോക്ക് ..നിങ്ങൾ ഒരു ക്രിമിനലോ നിയമപാലകനോഅല്ലാത്ത നിലക്ക്?
“ സാർ ഈ റിവോൾവർ പൈതൃകമായിട്ടാണ് എനിക്കുകിട്ടിയത്..എന്നെ
പോലൊരാൾക്ക് ആയുധം അടിസ്ഥാനപരമായി
ആത്മരക്ഷക്കാണ് ,അക്രമണത്തിനല്ല..
ലൈസൻസ് എല്ലാമൂന്നുവർഷം കൂടുമ്പോഴും
പുതുക്കുന്നുണ്ട്..പക്ഷെ സമയത്തിനപേക്ഷിച്ചാലും ലൈസൻസ് കിട്ടാൻ വൈകും ..അപ്പോഴൊക്കെ ജില്ലാകളക്ടറുടെ
സ്പെഷ്യൽ പെർമിഷൻ വാങ്ങി സൂക്ഷിക്കാറുണ്ട്..“”
കളക്ടർ പച്ചമഷിയിൽ ഒപ്പിട്ട കടലാസ് അലമാരിയിലെ ഫയലിൽ നിന്നും എടുത്തു നീട്ടികൊണ്ട് ഉമാദത്തൻ
പറഞ്ഞു. ഇപ്പോൾ അനുയായികളുടെ ഇഛാഭംഗം സുബറാവുവിന്റെ മുഖത്തും പടർന്നു..
“ശരി ..ഇപ്പോൾ ഞങ്ങൾ ഇറങ്ങുന്നു..പക്ഷെ പോലീസിനോട് കളിക്കുന്നത് സൂക്ഷിച്ചു വേണം ..ഓർമ്മയിരിക്കട്ടെ.”
ഇടിഞ്ഞു പൊളിഞ്ഞ മതിലിനുപിന്നിൽ നിർത്തിയിട്ടിരുന്ന ജീപ്പ് സ്റ്റാർട്ട് ചെയ്ത് പോലീസ് സംഘം പോയപ്പോൾ
ഉമാദത്തൻ വാതിൽ അടച്ചു തഴുതിട്ടു.. എന്നിട്ട് വല്ല്യമ്മക്ക് നേരെ തിരിഞ്ഞുകൊണ്ട് ഇങ്ങനെ ഉറക്കെ പ്രസ്താവിച്ചു.
“ രാം പ്രകാശ് ഒരു ഒന്നാംതരം നടനാണ് നീ .. ഒരുമികച്ച മിമിക്രികാരനും. നമ്മുടെ സ്ക്രിപ്റ്റിലില്ലാത്ത നിന്റെ
മനോധർമ്മ ഭാഷണങ്ങളും എനിക്കിഷ്ടപെട്ടു..”
അപ്പോൾ നരച്ച മുടിയുടെ വിഗ് ഊരിയെടുത്ത് രാം പ്രകാശ് തന്റെ കുറ്റിമുടിതല വെളിവാക്കി കൊണ്ട്
നിവർന്നു നിന്നു..
പക്ഷെ ,താങ്കളുടെ മേക്കപ്പ് ആണ് എന്നെ രക്ഷിച്ചത്...എഴുത്തുകാരനും സംവിധായകനും പ്രോഡ്യൂസറും മാത്രമല്ല
താങ്കൾ ഒരു ലോകോത്തര മേക്കപ്പ് മാൻ കൂടിയാണ്..” മുഖത്തെചുളിവുകൾകൂടി താങ്കൾ എത്ര നാച്വറലായി സൃഷ്ടിച്ചു.!!“”
അയ്യാൾ ചുമരിലെ കണ്ണാടിയിൽ സ്വന്തം മുഖം നോക്കികൊണ്ട് പറഞ്ഞു..
“- പറയൂ സുഹൃത്തെ ,ഇന്ന് രാത്രിയിലെ മുംബൈ എക്സ്പ്രസ്സിൽ ഞാൻ സ്ഥലം വിടും ..അതിന് മുമ്പ് എന്നെരക്ഷി
ച്ചതിന് ഞാൻ എങ്ങനെയാണ് നന്ദി പറയേണ്ടത്?
“”നന്ദി താങ്കൾ കയ്യിൽ വച്ചുകൊള്ളൂ, എനിക്ക് വേണ്ടത് പ്രതിഫലമാണ്...“”
“ ..അഴികൾക്കു പുറത്ത്, രാം പ്രകാശിന് എന്ത് പ്രത്യുപകാരവും ചെയ്യാൻ കഴിയും...പറയൂ‍,എന്ത് പ്രതിഫലമാണ്
വേണ്ടത്..”
“താങ്കളുടെ ജീവൻ...“ ഉമാദത്തൻ റിവോൾവർ തനിക്കു നേരെ ചൂണ്ടുന്നത് അയാൾ കണ്ണാടിയിൽ കണ്ടു.
************************************************************************
(ഇന്നത്തെ മനോരമയിൽ,(9-2-10) “വിചാരണയില്ലാത്ത ശിക്ഷ...“എന്ന അടികുറിപ്പോടെയുള്ള ചിത്രവും വാർത്തയുമാണ്
ഈ കഥയുടെ പരോക്ഷമായ പ്രചോദനം..അതുകൊണ്ട് ഇത് കഥമാത്രമല്ല,നേരിട്ട് ബന്ധമൊന്നുമില്ലെങ്കിലും
ആ വാർത്തയോടുള്ള പ്രതികരണം കൂടിയാണ്..)