Friday, August 28, 2009

ഓർ...സം

സ്വേദകണങ്ങളാർദ്രമാക്കിയ ഉടലുരസി തളർന്നു
കിടക്കുമ്പോൾ ,ഇടക്കു മുറിഞ്ഞുപോയ സ്വകാര്യ സംഭാഷണം
ഞങ്ങൾ വീണ്ടും തുടർന്നു...
“മഴമുകിലും പോക്കുവെയിലും മാനത്തിണചേരുമ്പോൾ
മഴവില്ലുദിക്കുന്നതു കണ്ടിട്ടില്ലെ...
അതുപോലെയാണത്,പെട്ടെന്ന് നിറങ്ങളേഴും തെളിഞ്ഞു മിന്നി
പിന്നെ മെല്ലെ മങ്ങി മാഞ്ഞ്....
പ്രണയസിംഹാസനത്തിൽ പ്രതിഷ്ഠിക്കുമ്പോൾ അത്
അനുഭൂതികളുടെ പ്രജാപതി...
പൂക്കളിലാവുമ്പോൾ പൂന്തേനിന്റെ മധുരിമ..
പുൽക്കൊടി തുമ്പിൽ മഞ്ഞിൻ കുളിർമ്മ..”
അവൾ പറഞ്ഞു; ഞാൻ തുടർന്നു:
അമാവാസിയുടെ കരി നീല പട്ടിൽ
വൈശാഖം വിലകൂടിയ വൈഡൂര്യങ്ങൾ കൊണ്ട്
അലങ്കാരതുന്നൽ നടത്തുമ്പോൾ
അവക്കിടയിലൂടെ നാഗമാണിക്യവുമേന്തി
എയ്ത്തു നക്ഷത്രങ്ങൾ പാഞ്ഞ് മറയുന്നതു കണ്ടിട്ടില്ലേ
അത്രയും ക്ഷണികമാണത്..
തുലാമാസത്തിലെ തണുത്ത സന്ധ്യകളിൽ അത്
ഊഷ്മളതയോടെ പുളഞ്ഞൊടുങ്ങുന്ന ഒരു തൂമിന്നൽ..
സദാചാരത്തിന്റെ തൊഴുത്തിൽ നിന്ന് കൂച്ചുവിലങ്ങ്
പൊട്ടിച്ച് കുതിക്കുന്ന ഒരു കൂറ്റൻ രിഷഭം..
തടസ്സങ്ങളുടെ അണകെട്ടുകൾ തല്ലിതകർത്ത്
കൂലം കുത്തിയൊഴുകുന്ന ഒരു പ്രവാഹം...
അനുഭൂതികളുടെ ഗിരിശൃംഗങ്ങളിൽ നിന്ന്
പുഴയായി അത് ഒഴുകിമറയുന്നത് ആത്മാവിലേക്കാണ്..
ഇനിയും നിനക്ക് പിടികിട്ടിയില്ലെ ഞങ്ങളുടെ
സംഭാഷണവിഷയം..!
എങ്കിൽ ടൈറ്റിൽ സോങ്ങിലെ രണ്ട് പദങ്ങൾക്കിടയിലെ
വിടവിനെ ഒരു “ഗാന്ധാര” സ്വരം കൊണ്ട് പൂരിപ്പിക്കുക....

Wednesday, August 26, 2009

ചോർന്നൊലിക്കുന്ന ഒരു ഹൃദയം....


പിറന്നുവീണപ്പോൾ എന്റെ ഹൃദയത്തിൽ
ഒരു വിടവുണ്ടെന്ന് കുട്ടികളുടെ ഡോക്ടർ
ഇട്ടിമാണി സാക്ഷ്യം പറഞ്ഞു
അടുത്തടുത്ത രണ്ടറകളുടെ സ്വകാര്യതയാണ്
അത് നഷ്ടപെടുത്തിയത്,
എന്റെ ഉറ്റവരുടെ സ്വസ്ഥതയും.
“വെറുതെ വിട്ടാൽ തനിയെ മാറുന്നതാണ്,
പക്ഷെ ഇടക്ക് ചെക്കപ്പു വേണം..”
ഡോക്ടറുടെ സാന്ത്വനവും അവർക്കാശ്വാസം പകർന്നില്ല..
എന്റെ ഹൃദയഭിത്തിയിലെ ദ്വാരം പരലോകത്തേക്ക്
തുറന്നു കിടക്കുന്ന ഒരു കവാടമാണെന്ന് അവർ വെറുതെ ഭയപെട്ടു..
അതടച്ചു തഴുതിടാതെ അവർക്കുറങ്ങാനാവില്ല...
അങ്ങനെ ,വർഷാ വർഷം വൈദ്യസന്നിധിയിലേക്ക് തീർഥാടനം..
ഒടുവിൽ എനിക്കഞ്ചു വയസ്സു തികഞ്ഞപ്പോൾ
ഒരു പിറന്നാൾ സമ്മാനം പോലെ എന്റെതോളിൽ തട്ടി
ഇട്ടിമാണി പറഞ്ഞു..”നൌ യു ആർ ഓൾ റൈറ്റ്
ദ്വാരമടഞ്ഞിരിക്കുന്നു..”
അതിനു ശേഷം കാലം പലകുറി പൌർണ്ണമി താളുകൾ മറിച്ചിട്ടു..
അത്രയും അമാവാസി താളുകളും..
എന്റെ നിദ്രയുടെ നീല ചില്ലു പാത്രത്തിൽ രതിസ്വപ്നങ്ങളുടെ
സോമരസം പകർന്നുകൊണ്ട് കൌമാരവും പിറകെ യൌവനവും വന്നു..
പക്ഷെ....
ഈയിടെയായി എന്റെ നിഖില ഹർഷങ്ങളിൽ നിഴലു വീഴ്ത്തുകയാണ്
ഏതൊക്കെയോ ദു:ഖങ്ങൾ...
ഞാനറിയുന്നു; ഹൃദയഭിത്തിയിലെ പഴയദ്വാരം അടഞ്ഞു പോയിട്ടില്ല!
അതു സ്ഥാനം മാറുക മാത്രമേ ചെയ്തിട്ടുള്ളൂ...
ഹൃദയത്തിന്റെ ഇടഭിത്തിയിൽ നിന്ന് മേൽക്കൂരയിലേക്ക്..
ഒരു സ്കാനിംഗിലും അതു തെളിയുകയില്ല
ഒരു ഡോക്ടർക്കും അതു കണ്ട് പിടിക്കാനാവില്ല.!
പുറത്ത് കണ്ണീർ മഴപെയ്യുമ്പോഴെല്ലാം ഇവിടെ ചോർന്നൊലിക്കുന്നു
അറകളിൽ എന്റേതല്ലാത്ത സങ്കടം തളം കെട്ടുന്നു..!
അതുകൊണ്ട് ഞാനെന്നും പ്രാർഥിക്കുകയാണ് :
“ലോകാ സമസ്താ സുഖിനോ ഭവന്തു..”

Monday, August 24, 2009

സോഫ്റ്റ് വെയർ..

ഒരു കവിതയെഴുതണം, കുറച്ചു നാളായി വിചാരിക്കുന്നു.
അതിനോ നല്ലവാക്കുകൾ വേണം..
ബാല്യത്തിന്റെ വാടിയിൽ വിരിഞ്ഞുനിന്നിരുന്ന
നന്ത്യാർവട്ടങ്ങൾ പോലെ നിഷ്കളങ്കമായ ചിലവാക്കുകൾ....
പ്രണയത്തിന്റെ പഞ്ചസാരപാനിയിൽ
ചെറിപഴം പോലെ ശോണിമയാർന്നു നീന്തി തുടിച്ച ചിലവാക്കുകൾ....
ഒരു സ്വപ്നത്തിന്റെ മലരിൽ പൂന്തേനായി കിനിഞ്ഞ ചിലവാക്കുകൾ...
നിരാർദ്രമൊരു നീണ്ട പകലൊടുവിൽ
ആകാശത്തിന്റെ ജലനീലിമയിൽ അസ്തമയ സിന്ദൂരമായി പടർന്ന
അമൂർത്തമായ വാക്കുകൾ...
ഇരുളിൽ ആരോ ഒഴുക്കിവിട്ട ആരതീദീപങ്ങൾ പോലെയുള്ള
നക്ഷത്രവാക്കുകൾ...
അപ്പോൾ വാക്കുകൾക്കു ക്ഷാമമില്ല
പക്ഷെ കവിതയെഴുതും മുൻപൊരാളെ കാണണം;പ്രപഞ്ചശില്പിയെ....
കേവലമൊരു മണിവിത്തിനുള്ളിൽ മന്വന്തരങ്ങൾക്ക് മുൻപ്
ഒരു മഹാവനത്തിന്റെ പ്രോഗ്രാം എഴുതിവച്ച
ആ വിദ്യകൂടി മനസ്സിലാക്കണം...
എന്നിട്ടു വേണം ഒരൊറ്റ വാക്കുമാത്രമുള്ള ഒരു കവിതരചിക്കുവാൻ
അതു വീണ്ടും വീണ്ടും വായിക്കപെടുമ്പോൾ ഒരു വികാരപ്രപഞ്ചം
ഇതൾ വിടർത്തി കൊണ്ടിരിക്കണം....