Monday, January 16, 2012

റാദുഗ..ചില ചിത്രതാളുകള്‍

Svetlana,her father and Fyodor... in the shade of an apple tree...
ചില്ലു പാത്രത്തില്‍ , ഓര്‍മ്മ പൂക്കള്‍..
A naughty gang.....
മഞ്ഞു കാലം...
"our town of Arzamas was a quiet little place,all burried in gardens and orchards behind rickety
fences..."
ഒരു കഥയുടെ തുടക്കം....

"...one and all knew that they must live honourably,work hard,and love and cherish the vast,
happy land known as the Soviet union...."

Friday, January 13, 2012

റാദുഗ പബ്ലിഷേഴ്സ്...





ഒരു പക്ഷെ സോവ്യ്യറ്റ് യൂണിയന്റെ പതനത്തിനെ തുടര്‍ന്ന് ഇന്ത്യന്‍ പുസ്തകവിപണിയില്‍ നിന്ന് അപ്രത്യക്ഷമായ ഒരു പേരാണ് 'റാദുഗ പബ്ളിഷേഴ്സ്(RADUGA PUBLISHERS)'.എഴുപതുകളിലും എണ്‍പതുകളിലുമൊക്കെ മോസ്കൊയിലെ റാദുഗാ പബ്ലിഷേഴ്സ് പുറത്തിറക്കുന്ന ധാരാളം പുസ്തകങ്ങള്‍ ഇന്ത്യയില്‍ ലഭിച്ചിരുന്നു.കമനീയമായ കളര്‍ചിത്രങ്ങള്‍,മികച്ച അച്ചടി,ഗെറ്റ് അപ്,ബൈന്‍ഡിംഗ് - ഇതെല്ലാം റാദുഗ യുടെ പ്രത്യേകതകളാണ്. എത്രയോ ദൂരെ കിടക്കുന്ന ഭൂപ്രദേശങ്ങളും ജനങ്ങളുമൊക്കെ അന്നത്തെകുട്ടികള്‍ക്കു മുന്നില്‍ മിഴിവാര്‍ന്ന ജലചായ ചിത്രങ്ങളായി പ്രത്യക്ഷപെട്ടു.ഓരോ പുസ്തകവും വിസ്മയകരമായ സ്വപ്ന ലോകത്തിലേക്കുള്ള ജാലകങ്ങളായിരുന്നു.മഞ്ഞുകാലവും മഴവില്‍ പൂക്കളും ഹിമകരടികളും പൈന്‍ വൃഷങ്ങളും പിന്നെ ഫാക്ടറികളും തിരക്കേറിയ നഗരവീഥികളുമൊക്കെ യുള്ള ഒരു ലോകം...

സൊവ്യയറ്റ് യൂണിയന്‍എന്നു പേരുള്ള ഒരു മാഗസിനും മോസ്കോ ആസ്ഥാനമായുള്ള റാദുഗയില്‍ നിന്ന് അന്നു പ്രസിദ്ധീകരിച്ചിരുന്നു.ഇംഗ്ലീഷിലും മറ്റു ഇന്ത്യന്‍ ഭാഷകളിലും ഇതു നമുക്ക് ലഭ്യമായിരുന്നു.മലയാളത്തില്‍ ഈ മാഗസിന്‍' സോവ്യറ്റ് നാട്' എന്നപേരിലാണ് ഇറങ്ങിയത്..കമ്യൂണിസ്റ്റ് രാഷ്ട്രീയവുമായി ബന്ധമുള്ള പല വീടുകളിലും ഈ മാഗസിന്‍ അന്നുകാണാം. അമ്മാവന്റെ വീട്ടില്‍ വിരുന്നിന് പോകുമ്പോള്‍ ഈ മാഗസിനുകള്‍ അടുക്കായി എടുത്തു വച്ച് ചിത്രങ്ങള്‍ നോക്കുന്നത് എന്റെ ഒരു പ്രധാന ഹോബി ആയിരുന്നു .ആ താളുകളുടെ മിനുമിനുപ്പും നേര്‍ത്ത സുഗന്ധവും ഇപ്പോഴും അറിയുന്നതു പോലെ.

Raduga എന്ന റഷ്യന്‍ വാക്കിന്റെ അര്‍ഥം rain bow എന്നാണ് .' സയന്‍സ്,ജ്യോതിശാസ്ത്രം,ഫിക്ഷന്‍,,ഫാന്റ്സി, തുടങ്ങി പലമേഖലകളിലുമുള്ള പുസ്തകങ്ങള്‍

ഇവര്‍ പ്രസിദ്ധീകരിച്ചിരുന്നു. തലമുറകളെ ആഹ്ലാദിപ്പിക്കുകയും പഠിപ്പിക്കുകയുമൊക്കെ ചെയ്ത പുസ്തകങ്ങള്‍!

സയന്‍സ് പ്രത്യേകിച്ച് ഫിസിക്സ് എനിക്ക് പണ്ടേ ഇഷ്ടമായിരുന്നു,യാകോവ് പെരല്‍ മാന്റെ ' physics to entertain'

വായിച്ചതോടെ ഞാന്‍ ഒരു ഭൗതികപ്രേമി തന്നെ ആയി.

മോസ്കോയില്‍ നിന്നു നോക്കുമ്പോള്‍ ചന്ദ്രകല കുത്തനെയാണ് കാണപെടുകയെന്നും,നമ്മള്‍ വടക്കെ ആകാശചരിവില്‍ കാണുന്ന URSA MAJOR (സപ്തര്‍ഷികള്‍) എന്നതാരാഗണം അവര്‍ നേരെ തലക്കുമുകളിലായാണ് കാണുകയെന്നതും,ഒരുസ്റ്റീരിയോഗ്രാമില്‍ മറഞ്ഞിരിക്കുന്ന ത്രീ-ഡി ചിത്രം എങ്ങനേയാണ് നോക്കികാണേണ്ടത് എന്നുമൊക്കെഞാന്‍ റാദുഗയുടെ സചിത്രപുസ്തകങ്ങളില്‍ നിന്നു മനസ്സിലാക്കിയ വസ്തുതകളായിരുന്നു.

മേല്‍തരം വാട്ടര്‍കളര്‍ പെയിന്റ് ഉപയോഗിച്ച് ചെയ്യുന്ന illustration-നുകളോടെയുള്ള ചില്‍ഡ്രന്‍സ് വിഭാഗത്തില്‍ പെടുന്ന പുസ്തകങ്ങള്‍ അമൂല്യമായ കളിപാട്ടങ്ങള്‍ പോലെ ഇന്നും എന്റെ പുസ്തകശേഖരത്തിലുണ്ട്. പ്രധാനപെട്ടBOOK HOUSE-കളിലൊന്നും ഇപ്പോള്‍ റാദുഗാ പുസ്തകങ്ങള്‍ ലഭ്യമല്ല. വഴിയോരത്ത് നിരത്തിയിട്ടു വില്‍ക്കുന്ന പഴയ പുസ്തകങ്ങള്‍ക്കിടയില്‍ നിന്നോ സെക്കന്റ് ഹാന്‍ഡ് ബുക്ക് ഷോപ്പില്‍ നിന്നോ ഈ പുസ്തകങ്ങള്‍ വല്ലപ്പോഴും കിട്ടാം.

എന്റെ കളക്ഷനിലുള്ള പല പുസ്തകങ്ങളും ഇങ്ങനെ കിട്ടിയവയാണ്.പക്ഷെ ഒന്നിന്റെയും അരികുമടങ്ങുകയോ

കവര്‍ കീറുകയോ ചെയ്തിട്ടില്ല.ജലചായ ചിത്രങ്ങള്‍ അല്പം മങ്ങിയിട്ടുണ്ടെന്നെതൊഴിച്ചാല്‍ പുതുപുത്തന്‍.

പ്രഭാത് ബുക്സിന്റെ സഞ്ചരിക്കുന്ന പുസ്തകവാനില്‍ നിന്നും ആണ് വര്‍ഷങ്ങള്‍ക്കുമുന്‍പ് ഒരു റാദുഗാ പുസ്തകം അവസാനമായി എനിക്കുകിട്ടിയത്.Arkady gaidar-ന്റെ ഷോര്‍ട് സ്റ്റോറികളുടെ ഒരു കളക്‍ഷന്‍. ദി ബ്ലൂ കപ്,സ്കൂള്‍ തുടങ്ങിയ മനോഹരമായ കഥകളും ചിത്രങ്ങളും ഉള്ള പുസ്തകം ..പിന്നെ പത്തോ പന്ത്രണ്ടോ വയസ്സുള്ള കാലത്ത് ഞാന്‍ വളരെ ആസ്വദിച്ചു വായിച്ചിരുന്ന chuck and geck എന്ന കഥയും ഈ പുസ്തകത്തിലുണ്ട്.

ആ ഇരട്ടകുട്ടികളുടെ കൂടെ ,സദാ മുകളില്‍ ചുവപ്പുനക്ഷത്രമെരിയുന്ന മോസ്കോയില്‍ നിന്ന് അനേകം നാഴിക അകലെയുള്ള blue mountain -ന്റെ താഴ്വരയിലെ,അവരുടെ അച്ഛന്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്സിലേക്കുള്ള ആദ്യത്തെ തീവണ്ടിയാത്ര എങ്ങനെ മറക്കാന്‍!!സ്റ്റേഷനില്‍ നിന്ന് മഞ്ഞുവണ്ടിയില്‍ വിശാലമായ ടൈഗാ(taiga)

പ്രദേശത്തുകൂടെയുള്ള സഞ്ചാരം എത്ര സാഹസികമായിരുന്നു!ക്വാര്‍ട്ടേഴ്സില്‍ ചെല്ലുമ്പോഴാകട്ടെ ഒരു പട്ടികുഞ്ഞു പോലും കുരക്കാനുണ്ടായിരുന്നില്ല.അന്ന്അവര്‍ക്കൊപ്പം ഞാനും ഭയപെട്ടു.അതങ്ങിനെയെ വരുമെന്ന് എനിക്ക് നേരത്തെ അറിയാമായിരുന്നു.യാത്രമാറ്റിവയ്ക്കാന്‍ ആവശ്യപെട്ടുകൊണ്ടുള്ള അച്ഛന്റെ രണ്ടാമത്തെ ടെലഗ്രാം ഷൂപോളിഷ് ടിന്നില്‍ എടുത്തുവച്ച് പിന്നെ തല്ലുകൂടുന്നതിനിടയില്‍ അത് പുറത്തേക്ക് എറിഞ്ഞ് കളയുകയും,അത് മഞ്ഞില്‍ മൂടി പോവുകയും ചെയ്യുന്ന രംഗത്തിന് സാക്ഷിയായി ചുക്കിനും ഗെക്കിനുമൊപ്പം ഞാനും

ഉണ്ടായിരുന്നല്ലോ

!പക്ഷെ പാവം അമ്മ .അവര്‍ക്കൊന്നുമറിയില്ലായിരുന്നു.കാര്യങ്ങളുടെ കിടപ്പ് മനസ്സിലായപ്പോള്‍ അവര്‍ കരഞ്ഞില്ലെന്നെ ഉള്ളൂ.

1986 ല്‍ ആണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിട്ടുള്ളത്.എണ്‍പത്താറിനുശേഷം റാദുഗയില്‍ നിന്ന്

പുസ്തകങ്ങള്‍ ഒന്നും ഇറങ്ങിയിട്ടില്ല എന്നാണ് തോന്നുന്നത്.

ഓരോ റാദുഗാ പുസ്തകങ്ങളുടെയും അവസാനം ഇങ്ങനെ എഴുതിയിട്ടുണ്ടായിരിക്കും:

Raduga publishers would be glad to have your opinion of this book,its translation, and design and any suggestions you may have for future publication .

please send your comments to 17 ,zubovsky Boulevard,MOSCOW,USSR.

ദീര്‍ഘകാലമായി ഇവരുടെ പുസ്തകങ്ങള്‍ മാര്‍ക്കറ്റില്‍ നിന്ന് അപ്രത്യക്ഷമായപ്പോള്‍ ഞാനും ഒരിക്കല്‍ ഈ അഡ്രസ്സില്‍ എഴുതിയിരുന്നു(what happened to Raduga?!). പക്ഷെ ഒരിക്കലും മറുപടിവന്നില്ല എന്നു മാത്രം.അപ്പോഴേക്കും USSRന്റെ ശിഥിലീകരണം സംഭവിച്ചു കഴിഞ്ഞിരുന്നു.

കുട്ടികാലത്ത് ഇടയ്ക്കിടെ കാണുന്ന ഒരു സ്വപ്നമുണ്ട്.എപ്പോഴും സ്വപ്നം തുടങ്ങുന്നത് അടൂര്‍സിനിമയിലെ ഫ്രെയിം പോലെ വളരെ യാഥാര്‍ഥ്യ പ്രതീതിയോടെ ആണ്.ഞാന്‍ മുറിയില്‍ കട്ടിലില്‍ ചുരുട്ടിവച്ചിരിക്കുന്ന കിടക്കമേലിരുന്ന് 'അമ്പിളിഅമ്മാവന്‍' വായിക്കുന്നു. അടുത്ത് പഴയൊരു മേശ, മേശമേല്‍ ചിതറികിടക്കുന്ന വിസ്ഡം നോട്ട് ബുക്കുകള്‍, മുറിയുടെ മൂലയില്‍ ഒരു വെറ്റിലപെട്ടി , ഓട്ടുകോളാമ്പി....എവരിതിംഗ് വെരി ഒറിജിനല്‍.ഒരു സ്വപ്നത്തിന്റെ പരിവേഷമില്ലാത്ത തികച്ചും സാധാരണമായ ദൃശ്യങ്ങള്‍. അസാധാരണമായത് ഈ ദൃശ്യത്തിന്റെ sound track ആണ്. ഒരു സിംഫണിപോലെ കേള്‍ക്കുന്ന കളകൂജനം!.ജനലിലൂടെ നോക്കുമ്പോള്‍ അതിലും രസം... ! പുറത്ത് പൂത്തും തളിര്‍ത്തും ഒരു മഹാവനം!പന്നല്‍ ചെടികള്‍ ക്കിടയിലൂടെ ഒഴുകിവീഴുന്ന ജലധാര.ഒരു പൈന്‍ മരകൊന്‍പില്‍ ഇരുന്ന് മധുരകൂജനം ചെയ്യുകയാണ് ഒരു പക്ഷി .ഒരു അരയന്നത്തിനുമേല്‍ മഴവില്‍ നിറങ്ങള്‍ കുടഞ്ഞതുപോലെ മനോഹരം! ..മയിലിനെ പോലെ നീണ്ടവാലും ഉണ്ട് .!!.

സ്വപ്നം ഇത്രയേ ഉള്ളൂ. ഉണര്‍ന്നുനോക്കുമ്പോള്‍ ജനലപ്പുറം വൈക്കോല്‍ മേഞ്ഞതൊഴുത്തും ചമ്പതെങ്ങും ഒരു കശുമാവും മാത്രം.എന്തൊരു വിരസമായ കാഴ്ച!

ഇതേ സ്വപ്നം ഇടയ്ക്കിടെആവര്‍ത്തിച്ചു.പക്ഷെ അത്ഭുതം അതല്ല..ഒരിക്കല്‍ തൊടിയിലൂടെ നടക്കുമ്പോള്‍ എനിക്കൊരു തൂവല്‍ കിട്ടി. ആറേഴു വര്‍ണ്ണങ്ങളും എണ്ണിയെടുക്കാവുന്ന ഒരു തൂവല്‍ ..A Rare specimen.!!! ആരോ പറഞ്ഞു;അതൊരു പൊന്മാനിന്റെ തൂവലാണെന്ന്.പക്ഷെ,പൊന്മ തൂവലിനു ഇത്രയും നിറഭേദങ്ങള്‍ കാണുകയില്ല.

ആ സ്വപ്ന പക്ഷിയുടെ തൂവല്‍ ഒരു പാടുകാലം ഞാന്‍ സൂക്ഷിച്ചുവച്ചിരുന്നു.

പിന്നെ എപ്പോഴൊ അതു നഷ്ടമായി.ഈ തൂവല്‍ പോലെയാണ് റാദുഗാ പുസ്തകങ്ങള്‍ എന്ന് എനിക്ക് തോന്നാറുണ്ട്.. സ്വപ്നത്തിന്റെ ചിറകില്‍ നിന്നും ജീവിതത്തിന്റെ പരുക്കന്‍ വഴിതാരയില്‍ പാറിവീണ മഴവില്‍ തൂവല്‍