.jpg)
(“മൽക്കുൽ മൌത്ത് “ എന്ന കഥയുടെ പ്രചോദന പാശ്ചാത്തലമായെഴുതിയ
ചിലകാര്യങ്ങളാണ് ഇത്.അനുബന്ധം അതീദീർഘമായെന്നു തോന്നിയ
തിനാൽ മറ്റൊരു പോസ്റ്റാക്കിയെന്നുമാത്രം)
ബാല്യകാലത്തിൽ നിന്നുള്ള ഒരു സന്ധ്യ എന്റെ ഓർമ്മയിൽ വീണ്ടും
തുടുക്കുന്നു.ബദർ യുദ്ധം കഴിഞ്ഞതു പോലെ രക്താഭമായ അസ്തമയത്തിനു
ശേഷം റംസാൻ രാവിന്റെ നീലിമപടരാൻ തുടങ്ങിയിരിക്കുന്ന ഒരു സന്ധ്യ...
പടിഞ്ഞാറൻ മാനത്ത്
യുദ്ധം കഴിഞ്ഞുള്ള സമാധാനത്തിന്റെ , മുനിഞ്ഞു കത്തുന്നഒരു അമ്പിളി നാളംമാത്രം
. മഗരിബ് നമസ്കാരത്തിനുശേഷം ഉമ്മൂമ
പടിഞ്ഞാറെ ഇറയത്ത് പുല്പായ വിരിച്ചു..
അറബി കഥകളിലെ പറക്കും പരവതാനി പോലെ ചിത്രപണികളുള്ള
ഒരു പേർഷ്യൻ പുല്പായ..അതിനു ശേഷം പാനീസു വിളക്കിന്റെ
വെളിച്ചത്തിലിരുന്ന് മുറുക്കുവാനുള്ള വട്ടം കൂട്ടി .ഓടുകൊണ്ടുണ്ടാക്കിയ
ഒരു കൊച്ചു സ്വർണ്ണ ഉരലിൽ നീറ്റടക്കയും വാസനപുകയിലും
ചേർത്തിടിക്കുന്ന ഠിം ഠിം ശബ്ദം എത്രയോ വർഷങ്ങൾക്കപ്പുറത്ത് നിന്ന്
ഇപ്പോഴും എന്റെ കാതിൽ മുഴങ്ങുന്നു. കൂടെ ഈണത്തിലുള്ള
പാട്ടുമുണ്ട്
“കാഫ് മലകണ്ട പൂങ്കാറ്റെ
കാണിക്ക നീകൊണ്ട് തന്നാട്ടെ
കാരക്ക പൂക്കുന്ന നാടിന്റെ
കിസ്സകളൊന്നു പറഞ്ഞാട്ടെ”
“മുത്തുമ്മാ ഇനി ജമീലയുടെ പാട്ട്...”എന്റെ സതീർഥ്യനായ ജലീൽ പറയുന്നു..
“അരയ്ക്കണ വയ്ക്കണ ജമീല
എന്താണ്ടി മോളെ കവുത്തീല്?”
“ഉപ്പാനോടുമ്മ പറയരുതേ..,ഇത്
ജബ്ബാറു കെട്ടിയ പൂത്താലി..
അള്ളാണെയുമ്മ പറയരുതെ..”
അപ്പോഴേക്കും ,ഗൃഹനാഥയായ ബിവിയുമ്മ എല്ലാവരെയും നോമ്പിറക്കലിന്
ക്ഷണിക്കുന്നു.. നെയ്പത്തിരി,വലിയ സാണുകളിൽ കൂമ്പാരം കൂട്ടിയിട്ടിരിക്കുന്ന
ബിരിയാണി,കോഴിക്കറി ,തണ്ണിമത്തൻ,കദളിപഴം,പൈനാപ്പീൾ, കാരക്ക...
മൃഷ്ടാന്നഭോജനത്തിനു ശേഷം വീണ്ടും പടിഞ്ഞാറ്റയിൽ ഒത്തുകൂടൽ..
രാവേറെ ചെല്ലുന്നതു വരെ കഥകൾ ,ജിന്നുകളുടെ,മലക്കുകളുടെ.......
* * * *
. മലക്കുകളെല്ലാം
ദൈവസന്നിധിയിലെ മാലാഖമാരാണെന്നതാണ് സങ്കല്പം.പലർക്കും
പല ജോലിയാണ്. മരണത്തിന്റെമാലാഖമാരാണ് മൽക്കുൽ മൌത്തും
‘അസ്രായീൽ ‘എന്ന മലക്കും...മരിച്ചവന്റെഖബറിൽ ചെന്ന് പടച്ചവന്റെ
ശിക്ഷാ നടപടികൾ നടപ്പാക്കുന്ന മലക്കുകളാണ് ‘മുൻ കർ’ ,‘നക്കീർ‘
തുടങ്ങിയവരൊക്കെ......
“ ഒരിടത്തൊരിടത്ത് ഒരു ധനികനുണ്ടായിരുന്നു....” ഉമ്മൂമ കഥ പറയുകയാണ്..
- അറുത്തകയ്യിന് ഉപ്പു തേക്കാത്ത ഒരു കംജൂസ്..അറുപിശക്കൻ
പാവങ്ങൾക്ക് അറിഞ്ഞ് ദാനം ചെയ്യാത്തവൻ ,പുണ്യറംസാനായാൽ സക്കാത്തുനട
ത്താത്തവൻ. ഒരിക്കൽ അവന്റെ മുറ്റത്ത് ഒരു നേരത്തെ ഭക്ഷണം ചോദിച്ചു കൊണ്ട്
ഒരു യാചകനെത്തി..അവൻ യാചകനെ ആട്ടിയോടിച്ചു . പക്ഷെ ധനികന്റെ
ഭാര്യ നല്ല സ്ത്രീയായിരുന്നു.അവർ യാചകനെ വീടിന്റെ പുറകിലേക്ക് വിളിച്ച്
രണ്ട് പത്തിരികൾ നൽകി....
കാലം കഴിഞ്ഞപ്പോൾ ധനികൻ മൌത്തായി..എന്നുവച്ചാൽ മരിച്ചു.
ആചാരപ്രകാരം അദ്ദേഹത്തെ പള്ളി പറമ്പിൽ കബറടക്കി.രാവേറെ ചെന്നപ്പോൾ
പാവങ്ങളെ സഹായിക്കാത്ത ധനികനുള്ള ശിക്ഷനടപ്പിലാക്കുവാൻ പടച്ചവന്റെ
സന്നിധിയിൽ നിന്ന്,കബറിനുള്ളീൽ മലക്കുകൾ എത്തി.വലിയ ഉരുളൻ വടി
കൊണ്ട് നൂറടിയായിരുന്നു അവനുള്ള ശിക്ഷ..മലക്കുകൾ അടിക്കാൻ തുടങ്ങിയതും
ആ അടിതടുക്കാൻ രണ്ടു പത്തിരികൾ കബറിനുള്ളിൽ പ്രത്യക്ഷപെട്ടു..
മലക്കുകളുടെ ഓരോ അടിയും ആ പത്തിരി പരിചകൾ തടുത്തു...അവനറിയാതെ
യാണെങ്കിലും ജീവിച്ചിരിക്കുമ്പോൾ അവൻ ദാനം ചെയ്ത പത്തിരികൾ...
“ മലക്കിനെ കണ്ടാൽ എങ്ങനെയിരിക്കും ? “ ഞാൻ ചോദിച്ചു..
“ നമ്മുടെ മുസ്ലിയാരില്ലെ വെളുത്ത താടീം,വെള്ളാരം കണ്ണും, താലേകെട്ടുമൊക്കെയുള്ള
അബ്ദുള്ളമുസ്ലിയാര്..അങ്ങേരെ പോലെയിരിക്കും..” ഉമ്മൂമ പറഞ്ഞു.
" കഴിഞ്ഞ വെള്ളിയാഴ്ച അദ്രമാന്റെ വീട്ടിൽ കത്തികുത്ത് റാത്തീബിന് വന്ന
മുസ്ലിയാരാ....!!”
“അദന്നെ...അങ്ങേരന്നെ....”
പിന്നീടൊരിക്കൽ പള്ളി പറമ്പിനോട് ചേർന്നുള്ള ഇടവഴി കൂടി ഞാൻ
സ്കൂളിൽ നിന്ന് തനിച്ച് മടങ്ങുകയായിരുന്നു. ഒരുവളവു തിരിഞ്ഞപ്പോൾ ഞാൻ
പെട്ടെന്ന് അബ്ദുള്ള മുസ്ലിയാരുടെ മുന്നിൽ ചെന്നു പെട്ടു...
ശുഭ്രവസ്ത്രങ്ങൾ ധരിച്ച് മെതിയടിപുറത്ത് നില്ക്കുന്ന ആജാനുബാഹുവായ മുസ്ലിയാരെ കണ്ടപ്പോൾ
ഞാൻ പേടി കൊണ്ട് മുട്ടിടിച്ചു നിന്നു പോയി. തന്നെ പ്രേതത്തെകണ്ടതു പോലെ
പകച്ചു നോക്കുന്ന കൊച്ചു പയ്യനെ കണ്ട് പ്പോൾ അദ്ദേഹവും എന്നെ സൂക്ഷിച്ചുകൊണ്ട്
നിശ്ചലനായി നിന്നു. അടുത്ത നിമിഷം നിന്നനില്പിൽ ഞാൻ നിക്കറിലൂടെ ശർ ശറേന്ന് പാത്തി....
പിന്നെ പുസ്തകവും സ്ലേറ്റുമൊക്കെ പൊന്തക്കാട്ടിലേക്ക് വലിച്ചെറിഞ്ഞ്
വലിയ വായിൽ കരഞ്ഞു കൊണ്ട് തിരിഞ്ഞോടി.
.” ഇന്നെ പിടിക്കാൻ മലക്കു വരുന്നേ....‘
നാട്ടാരെ രക്ഷിക്ക്വോ......................”“
നാട്ടിടവഴികൾ ഒരു നാലാം ക്ലാസ്സുകാരന്റെ നിലവിളി കേട്ട് വിറങ്ങലിച്ചു നിന്നു.......
* * * .