
ഡോക്ടർ രഘുറാം ക്ലിനിക് പൂട്ടി പുറത്തിറങ്ങാൻ തുടങ്ങുമ്പോൾ,
ആശുപത്രിമുറ്റത്ത് സഡൻ ബ്രേക്കിട്ടു നിർത്തിയ കാറിൽ നിന്ന്
നിന്ന് ഒരു ചെറുപ്പക്കാരൻ ധൃതിയിൽ പുറത്തിറങ്ങി...
.‘..താങ്ക് ഗോഡ്...ഡോക്ടർ സ്ഥലം വിട്ടുകാണുമെന്നാണ് ഞാൻ
കരുതിയത്...‘ അയ്യാൾ ആശ്വാസത്തോടെ പറഞ്ഞു...
‘ഇന്നത്തെ കൺസൾട്ടെഷൻ കഴിഞ്ഞു..എമർജൻസിയല്ലെങ്കിൽ
നാളെ വരൂ.....‘
ഡോക്റ്റർ ഒരു ശല്ല്യമൊഴിവാക്കുന്നമട്ടിൽ പറഞ്ഞു...
“...ഇല്ല ഡോക്ടർ ....ശ്വാസം മുട്ട് ഉച്ചയോടെ തുടങ്ങിയതാണ്..
നേരം വെളുപ്പിക്കുമെന്ന് തോന്നുന്നില്ല..”
തികച്ചും ആരോഗ്യവാനായ ഈ ചെറുപ്പക്കാരൻ എന്തൊക്കെയാണീ
പറയുന്നത്..
ശ്വാസം മുട്ടോ..ആർക്ക്? അദ്ദേഹം അലസോരം മറച്ചു വക്കാതെ
ചോദിച്ചു..
“മുത്തഛനാണ് ..സാർ.സ്ട്രോക്ക് ബാധിച്ച് അദ്ദേഹം കുറച്ചുനാളായി
കോമയിൽ കിടക്കുകയായിരുന്നു..ഇന്ന് രാവിലെ മുതൽ കണ്ടീഷൻ
മോശമാണ്.. “
അതു ശരി ,ഒരു ഹൌസ് കോളാണ്..
“സുഹൃത്തെ നിങ്ങൾ വല്ല ആശുപത്രിയിലും കൊണ്ട് പോയി അഡ്മിറ്റ്
ചെയ്യൂ...ഞാനീ രാത്രി വന്നിട്ടെന്തു ചെയ്യാനാണ്..”
“ഡോക്ടർ പ്ലീസ്...“
അയ്യാൾ വിടാനുള്ളഭാവമില്ല..അല്ലെങ്കിലും ആവശ്യക്കാരന് ഔചിത്യമില്ലല്ലോ.
കാര്യം കാണാൻ കാലിൽ വീണുകളയും..പിന്നീട് മറ്റൊരാവശ്യത്തിന്
ഇതേകാലുകൾ വാരാനും അവനു മടിയില്ല...
നാട്ടിൻപുറത്ത് പ്രാക്ടീസ് ചെയ്യുന്ന ഒരുഡോക്ടർക്ക് ഒഴിവാക്കാൻ പറ്റാത്തതാണ്
ഇത്തരം ഹൌസ് കോളുകൾ. ദീർഘകാലമായി ശയ്യാവലംബിയായ
ഒരാളായിരിക്കും മിക്കവാറും രോഗി. ഇത്തരം കേസുകളിൽ ,“കൂടുതലൊന്നും
ചെയ്യാനില്ല..“അല്ലെങ്കിൽ ,“അറിയിക്കേണ്ടവരെയൊക്കെ അറിയിച്ചോളൂ..“
തുടങ്ങിയ ഡയലോഗുകളായിരിക്കും രോഗിയുടെ ബന്ധുക്കൾ പ്രതീക്ഷിക്കുന്നത്.
വൈദ്യപരിശോധന വെറുമൊരു ഫോർമാലിറ്റി.
“എങ്കിൽ അങ്ങനെ തന്നെ..
പക്ഷെ നിങ്ങൾ എന്നെ ടൌണിൽ ഡ്രോപ് ചെയ്യണം ..രണ്ട് ദിവസമായി
കാർ വർക്ക് ഷോപ്പീലാണ്.വീടെത്തണമെങ്കിൽ ബസ്സ് പിടിക്കണം..”
“..ഷുവർ ഡോക്ടർ....” ഡോക്ടറുടെ കയ്യിൽനിന്ന് ബ്രീഫ് കെയ്സ് വാങ്ങി
കാറിന്റെ ഫ്രണ്ട് ഡോർ തുറന്നുപിടിച്ചുകൊണ്ട് അയ്യാൾ പറഞ്ഞു...
.കാർ നീങ്ങി തുടങ്ങിയപ്പോഴാണ് ഡോക്ടർ രഘുറാം ചെറുപ്പക്കാരന്റെ
സൈഡ് പ്രൊഫയിൽ ശ്രദ്ധിക്കുന്നത്. എവിടെയോ കണ്ട് പരിചയമുള്ള ഒരു രൂപം..
മുഖത്തെ കണ്ണട കണ്ണുകൾ മാത്രമല്ല..മറ്റേതോ ഒരു രഹസ്യം കൂടിമറക്കാൻ ശ്രമിക്കുന്നുണ്ടോ?!
ഇരുട്ടും തണുപ്പും വീണുകഴിഞ്ഞിട്ടും അയ്യാൾ
എന്തിനാണ് കറുത്തകണ്ണട ധരിച്ചിരിക്കുന്നത് എന്ന് രഘുറാം
കൌതുകത്തോടെ ഓർത്തു...............
“രാത്രി കൂളിംഗ് ഗ്ലാസ്സ് ധരിച്ചുകൊണ്ട് ഡ്രൈവ് ചെയ്യുവാൻ ബുദ്ധിമുട്ട് തോന്നുന്നില്ലേ..??”
ഡോക്ടർ ചോദിച്ചു.അപ്പോൾ ചെറുപ്പകാരന്റെ മുഖത്ത് ഒരു ചിരിപടർന്നു.
“ ഓ താങ്കൾക്കും.അതു മനസ്സിലായില്ല അല്ലേ ..!!ഐ ആം ബ്ലൈൻഡ് ...!!
അയ്യാൾ മുഖത്ത് നിന്ന് കണ്ണട എടുത്തുകൊണ്ട് ഡോക്ടർക്കു നേരെ മുഖം
തിരിച്ചു... അയ്യാളുടെ കണ്ണുകൾ പാടലവർണ്ണമുള്ള ഒരു സ്തരം കൊണ്ട്
മൂടപെട്ടതുപോലെ കാണപെട്ടു.. ഭയപെടുത്തുന്ന ഒരു കാഴ്ചയായിരുന്നു അത്.."
കൃഷ്ണമണിയില്ലാത്ത ആ കണ്ണുകൾക്ക് കാഴ്ചയില്ലെന്ന കാര്യത്തിൽ സംശയി
ക്കാനൊന്നുമില്ല.. പക്ഷെ തീർത്തും അന്ധനായ ഒരാൾ ഇത്രയും അനായാസ
മായി ഡ്രൈവ് ചെയ്യുന്നത് എങ്ങിനെയെന്നത് ഒരത്ഭുതം തന്നെയായിരുന്നു..
-“ കാഴ്ചയില്ലാഞ്ഞിട്ടും കണ്ണടവച്ചിരിക്കുന്നത് വൈരൂപ്യം മറക്കാൻ വേണ്ടിയല്ല
.. ഈ കണ്ണട വച്ചാൽ എനിക്കെല്ലാം കാണാം... “
അയ്യാൾ കണ്ണടവീണ്ടും മുഖത്തണിഞ്ഞുകൊണ്ട് പറഞ്ഞു....ഡോക്ടറുടെ ചുവന്ന
ബുഷ് ഷർട്ടും മുൻപിൽ നീണ്ട് കിടക്കുന്ന വഴിയുമൊക്കെ വ്യക്തമായി കാണാം..
മാത്രമല്ല, ഈ കണ്ണടധരിക്കുമ്പോൾ സാധാരണകാർക്ക് കാണുവാൻ കഴിയാത്ത
പല കാഴ്ചകളും എനിക്കു കാണുവാൻ കഴിയും....ഡോക്ടർ ഭയപെടില്ലെങ്കിൽ
ഒരു കാര്യം ഞാൻ പറയാം..”
സത്യത്തിൽ ഡോക്ടർ രഘുറാം ഇപ്പോൾ വല്ലാതെ ഭയപെടാൻ തുടങ്ങിയിരുന്നു..
ആ ചെറുപ്പക്കാരന്റെ കോമ്പല്ലുകൾ അല്പം കൂർത്തുനീണ്ടതാണെന്ന കാര്യവും അദ്ദേഹം
ഇതിനകം ശ്രദ്ധിച്ചിരുന്നു..
എങ്കിലും പറഞ്ഞു;
“പറയൂ...“
“ഓടികൊണ്ടിരിക്കുന്ന നമ്മുടെ ഈ കാറിനുമുൻപിലായി വെളുത്തളോഹയിട്ട ഒരു രൂപം
സഞ്ചരിക്കുന്നുണ്ട് ..കുറച്ചുനേരമായി ഞാൻ അയ്യാളെ കാണാൻ തുടങ്ങിയിട്ട് പക്ഷെ
ഇതു വരെ ഒപ്പമെത്താനൊ അയ്യാളെ മറികടക്കാനോ കഴിഞ്ഞിട്ടില്ല....“
തന്റെ നെഞ്ചിടിപ്പിന്റെ ശബ്ദം സ്വന്തം കാതിൽ മുഴങ്ങുന്നത്ഡോക്ടർക്ക് അനുഭവ
പെട്ടു. ഓടികൊണ്ടിരിക്കുന്ന ആ കാറിൽ നിന്ന് ചാടിയിറങ്ങണമെന്നുപോലും അദ്ദേഹം ഒരു
നിമിഷം ആഗ്രഹിച്ചു ..പക്ഷെ പുറത്തെ ഇരുട്ട് വല്ലാതെ ഭയപെടുത്തുന്നതായിരുന്നു
ഇരുണ്ട ആകാശത്ത് ചില്ലകൾ പടർത്തി നിൽക്കുന്ന വഴിയോരത്തെ മരങ്ങൾ
പ്രാചീനമായ ഗോത്തിക് ശില്പങ്ങളെ പോലെ തോന്നിച്ചു...
“ ഡോക്ടർ ഭയപെട്ടുവോ..? പക്ഷെ ഞാൻ ആദ്യമായല്ല ഇയ്യാളെകാണുന്നത്.
.. അടുത്തവളവു തിരിഞ്ഞാൽ ജൂതപള്ളിയുടെ ശ്മശാനമാണ് ..
അവിടത്തെ കല്ലറകളിലെ അന്തേവാസികളിൽ ആരോ ഒരാളാണ് ..നിലാവില്ലാത്തരാത്രികളിലൊക്കെ
ഇതുവഴിപോകുമ്പോൾ ഇദ്ദേഹം എന്റെകാറിനുമുൻപിൽ പ്രത്യക്ഷപെടുന്നു..ജുതപള്ളീകഴിയുന്നതോടെ
അപ്രത്യക്ഷ്മാവുകയും ചെയ്യും..”
ഡോക്ടർ ഡൂയു വാണ്ട് ടു ട്രൈ മൈ സ്പെക്ട്സ്....“
“ നോ ...” ഡോക്ടർ ഒരു വിലാപത്തിന്റെ സ്വരത്തിൽ പറഞ്ഞു...
തനിക്കല്പം ധൃതിയുണ്ടെന്നും തന്നെ എത്രയും പെട്ടെന്ന് ടൌണിൽ എത്തിക്കണമെന്നു
മൊക്കെ പറയാൻ അദ്ദേഹം ആഗ്രഹിച്ചു..പക്ഷെ പിന്നെ സംസാരിക്കാൻ
ശ്രമിച്ചപ്പോൾ വെറും കാറ്റുമാത്രമേ പുറത്തുവന്നുള്ളൂ.... അദ്ദേഹം കണ്ണുകൾ
മുറുകെ അടച്ച് ഇരുന്നു...പഠിച്ചതും പ്രാക്ടീസു ചെയ്യുന്നതുമായ വൈദ്യശാസ്ത്രത്തിന്റെ
യുക്തി ഭയം പോലെയുള്ള ശക്തമായവികാരങ്ങളുടെ മുന്നിൽ വളരെ ദുർബലമായ
ഒരായുധം മാത്രമാണെന്ന് അദ്ദേഹത്തിന് ബോധ്യപെട്ടു..അല്ലെങ്കിലും കണ്ണുകൾക്ക്
പകരമാണ് കണ്ണട എന്ന് താൻ എവിടെയും പഠിച്ചിട്ടില്ലല്ലോ..
പക്ഷെ ചെറുപ്പക്കാരൻ തന്റെ റണ്ണിംഗ് കമന്ട്രി തുടരുകയാണ് ...യെസ് ഡോക്ടർ
ഞാൻ പറഞ്ഞില്ലേ നമ്മൾ നേരത്തെ പറഞ്ഞ ആൾ അതാ ആ കല്ലറക്കു മുകളിൽ
ഇരു ന്നു കാറ്റുകൊള്ളുന്നു... “
ഡോക്ടർ വല്ലാതെ ഭയപെട്ടുഅല്ലേ..? സത്യത്തിൽ നമ്മൾ ഭയപെടേണ്ടത്
ജീവിച്ചിരിക്കുന്നവരെ അല്ലേ ?മരിച്ചവരെയല്ലല്ലോ... ??
ഒരു വലിയ പൊതുതത്വം പറഞ്ഞുകൊണ്ട് അയ്യാൾ അവസാനിപ്പിച്ചു.
....പിന്നെ തികഞ്ഞ നിശ്ശബ്ദതതയായിരുന്നു..
അയ്യാളുടെ വർത്തമാനം ഡോക്ടർ രഘുറാമിനെ ഭയപെടുത്തിയെങ്കിൽ ഇപ്പോഴത്തെ
മൌനം വല്ലാതെ ശ്വാസം മുട്ടിച്ചു....
അദ്ദേഹത്തിന്റെ മനസ്സിൽ ഒരു പാടുചോദ്യങ്ങൾ ഉത്തരത്തിനുവേണ്ടി തിരക്കുകൂട്ടുന്നുണ്ട്..
മരണാസന്നനായ രോഗിയെ കാണാൻ താൻ ക്ലിനിക്കിൽ നിന്ന് പുറപെട്ടിട്ട്
എത്രയോ സമയം കഴിഞ്ഞെന്നും ഈ യാത്ര ഒരിക്കലും അവസാനിക്കില്ലെന്നും
ഈ രാത്രി പുലരാനും പോകുന്നില്ലെന്നുമൊക്കെ അദ്ദേഹത്തിനു തോന്നി....
പക്ഷെ ഒറ്റപെട്ടുകിടക്കുന്ന ഒരു പഴയ ബംഗ്ലാവിനുമുൻപിൽ ആ യാത്ര അവസാനിക്കുക
തന്നെ ചെയ്തു...വീടാകെ ഇരുളിൽ മുങ്ങികിടക്കുകയാണ്..അകത്തെവിടെയോ
എരിയുന്നതിരിവെളിച്ചം വാതിൽ പഴുതിലൂടെ പുറത്ത് വീണുകിടപ്പുണ്ട്...
“വരൂ ഡോക്ടർ...”അയ്യാൾ മുൻ വാതിൽ
തള്ളി തുറന്നു...
“അതാ അവിടെയാണ് മുത്തഛൻ കിടക്കുന്നത് ..ഹാളിന്റെ അറ്റത്ത് വെളിച്ചം
മങ്ങികാണുന്ന മുറി ചൂണ്ടി കാണിച്ചുകൊണ്ട് ചെറുപ്പകാരൻ പറഞ്ഞു..
“ഡോക്ടർ നടന്നുകൊള്ളൂ...ഞാൻ മുകളിൽ നിന്ന് എമർജൻസി ലാമ്പ്
എടുത്തുകൊണ്ട് വരാം..”
രോഗി കിടക്കുന്ന മുറിയുടെ വാതിൽ പകുതിയേ ചാരിയിട്ടുണ്ടായിരുന്നുള്ളൂ..
അകത്തുനിന്ന് ശബ്ദമൊന്നുംകേൾക്കാനില്ല... ഡോക്ടർ തന്റെ
ബ്രീഫ് കെയ്സുമായി മുറിയിലേക്ക് നടന്നു.
മങ്ങിയമെഴുകുതിരിവെട്ടത്തിൽ കട്ടിലിൽ പുതപ്പുകൊണ്ട് മൂടികിടക്കുന്ന രൂപത്തിന്
ചലനമൊന്നുമുണ്ടായിരുന്നില്ല.....
തന്റെ വിദഗ്ദസഹായം ലഭിക്കും മുൻപ് തന്നെ രോഗി മരിച്ചുകഴിഞ്ഞെന്ന് ഡോക്ടർ
രഘുറാമിന് മനസ്സിലായി...
അദ്ദേഹം രോഗിയെ മൂടിയിരിക്കുന്ന കരിമ്പടം വലിച്ചു മാറ്റി ..
അറിയാതെ അദ്ദേഹത്തിൽ നിന്ന് ഒരു നിലവിളി ഉയർന്നു...
കട്ടിലിൽകിടക്കുന്നത് രോഗിയോ രോഗിയുടെ മൃതശരീരമോ ആയിരുന്നില്ല...........................
.
******* * * ************************
13-9-86
പ്രിയപെട്ട ഡോക്ടർ,
ഞാൻ ബാബുരാജ് .... ഈ പേരുകൊണ്ട് മാത്രം എന്നെ മനസ്സിലായില്ലെങ്കിൽ
ഞാൻ പരിചയപെടുത്താം.. ഡോക്ടർക്ക് ഭയത്തിന്റെ അവിസ്മരണീയ
മായ ഒരു രാത്രി ഒരുക്കിതന്ന അതേ ആൾ...നമ്മൾ അതിനും എത്രയോ
വർഷം മുൻപ് പരിചയപെട്ടിരുന്നു...താങ്കൾ എന്റെ മുഖം തിരയേണ്ടത് പത്ത് വർഷങ്ങൾ
ക്കപ്പുറമുള്ള മെഡിക്കൽ കോളേജ് ക്യാമ്പസിലെ ഒരു കൂട്ടം ജൂനിയേഴ്സിന്റെ ഇടയിലാണ്
അരക്ഷിതമായ ഭാവത്തോടെ ഹോസ്റ്റലിന്റെ ഇടനാഴികളിലൂടെ തനിച്ച് നടന്നിരുന്ന
അന്തർമുഖനായ ഒരു പയ്യന്റെ മുഖം ഓർത്തെടുക്കാൻ ഡോക്ടർക്ക് ബുദ്ധിമുട്ട് കാണില്ല..
സത്യത്തിൽ ഡോക്ടറെ ഒന്നു ഭയപെടുത്തണമെന്ന ഉദ്ദേശം മാത്രമേ എനിക്ക് ഉണ്ടായിരുന്നുള്ളൂ.
പന്ത്രണ്ട് വർഷങ്ങൾക്ക് മുൻപ് താങ്കൾ എന്നെ അനുഭവപെടുത്തിയ ഭയമെന്നതീവ്രവികാരത്തിന്റെ
ലഹരി താങ്കളെയും ഒന്ന് അനുഭവിപ്പിക്കുക...ഒരു ചെറിയപ്രതികാരം..
ആ ഭയം താങ്കളെ ഒരു ഹൃദയാഘാതത്തിലേക്ക് നയിക്കും എന്ന്
ഞാൻ പ്രതീക്ഷിച്ചതല്ല.. റാഗിംഗിന്റെ പേരിൽ അന്ന്, മെഡിക്കൽ കോളെജിലെ
ശവങ്ങൾ സൂക്ഷിച്ച് വച്ചിരിക്കുന്ന കഡാവർ റൂമിൽ ഒരു രാത്രി മുഴുവൻ എന്നെ പൂട്ടിയിട്ടപ്പോൾ താങ്കളും
വിചാരിച്ചുകാണില്ല..അതെന്റെ വൈദ്യശാസ്ത്രപഠനം തന്നെ അവസാനിക്കാൻ കാരണമാകുമെന്ന്..
തീവ്രമായ ഭയം അനുഭവിച്ച ആ രാത്രിമാത്രമല്ല..പിന്നീടുള്ള രാത്രികളിലൊന്നും എനിക്ക് ശരിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല
പഠനത്തിൽ ശ്രദ്ധിക്കാനും പറ്റിയില്ല...
സൈക്യാട്രിസ്റ്റിന്റെ ഉപദേശ പ്രകാരം മറ്റൊരുകോളേജിലേക്ക് സ്ഥലമാറ്റം വാങ്ങിയിട്ടും ഫലമൊന്നുമുണ്ടായില്ല.
ആറേഴുമാസംകൊണ്ട് ഞാൻ പഠനം നിറുത്തി. പക്ഷെ മെഡിസിൻ പഠിക്കാനായില്ലെങ്കിലും
ഞാനും ഇന്ന് ഒരു ഡോക്ടറാണ്..ക്രൈസ്റ്റ് കോളേജിൽ സുവോളജിയിൽ മാസ്റ്റർ ഡിഗ്രികം പ്ലീറ്റ് ചെയ്തതിനു
ശേഷം യൂണിവേഴ്സിറ്റിയിൽ തീസിസ് സമർപ്പിച്ച് പി എച്ച് ഡിയും നേടി ഞാൻ ഡോക്ടർ ബാബുരാജ് ആയി..
ഇപ്പോൾ അതേ കോളേജിൽ ലക്ചററായി വർക്ക് ചെയ്യുന്നു...
ഡോക്ടറുടെ നെയിം ബോർഡ് ഞാൻ യാദൃശ്ചികമായാണ് കണ്ടത് .
അന്വേഷിച്ചപ്പോൾ താങ്കൾ ഈ നാട്ടിലെ ഗവണ്മെന്റ് ആശുപത്രിയിൽ ചാർജെടുത്തിട്ട് അധികനാളായിട്ടില്ലെന്ന്
അറിഞ്ഞു. ഞാൻ ഇങ്ങനെയൊരവസരത്തിനുവേണ്ടി വർഷങ്ങളായി കാത്തിരിക്കുകയായിരുന്നു..
താങ്കളോട് പ്രതികാരം ചെയ്യുവാനുള്ള ഹൊറർ ഡ്രാമയുടെ സ്ക്രിപ്റ്റ് ഞാൻ തന്നെയുണ്ടാക്കി..
അതനുസരിച്ച് തന്നെയാണ് കാര്യങ്ങളെല്ലാം അവസാനം വരെ നീങ്ങിയത്...
റെഡ് കോൺ ടാക്ട് ലെൻസും ,ആർട്ടിഫിഷ്യൽ ഡെൻ ച്വറുംഇല്ലാത്ത കാഴ്ചകളുടെ വിവരണവുമൊക്കെ
ഞാൻ പ്രതീക്ഷിച്ചതിനേക്കാൾ ഇഫക്ടുകൾ സൃഷ്ടിച്ചു...
എന്നാൽ തന്നെയും അവസാനത്തെ ക്ലൈമാക്സ് പാളിപോകുമോ എന്ന ശങ്ക എനിക്കുണ്ടായിരുന്നു.
ഒരു സാധാരണക്കാരനെ ഭയപെടുത്താൻ എളുപ്പമാണ്..പക്ഷെ അതുപോലെയല്ലല്ലോ ഒരു ഡോക്ടർ !!
ആളൊഴിഞ്ഞ ബംഗ്ലാവിൽ വളരെ ബുദ്ധിമുട്ടിയാണ് സുവോളജി ലാബിൽ നിന്ന് ആ സ്പെസിമൻ ഞാൻ
എത്തിച്ചത്...ഒരു റിയൽ ഹ്യൂമൺ സ്കെലിട്ടൺ!! എന്നിട്ടത് ആ മുറിയിലെകട്ടിലിൽകിടത്തി മൂടി..
അതിന്റെ കൈകാലുകളിൽ നേർത്ത നൈലോൺ ചരടുകൾ കെട്ടിയിരുന്നു...അതിന്റെ അറ്റം തട്ടിൻ
മുകളിലേക്ക് നീട്ടിയിടുകയും ചെയ്തിരുന്നു... ഡോക്ടർ ആ മുറിയിൽ എത്തുമ്പോൾ അപ്രതീക്ഷിത
മായുള്ള ഒരു സ്കെലിട്ടൺ ഡാൻസ് ആയിരുന്നു ഉദ്ദേശിച്ചിരുന്നത്..
പക്ഷെ ടൈമിംഗ് അല്പം തെറ്റി പോയി...ഡോക്ടർ അതിനുമുൻപ് തന്നെ പുതപ്പ് വലിച്ചുമാറ്റുകയും
രോഗിക്കു പകരം അസ്ഥികൂടം കണ്ട് ബോധരഹിതനാവുകയും ..അങ്ങനെ ആ മനോഹരമായ
നൃത്തം കാണുവാനുള്ള അവസരം കളഞ്ഞുകുളിക്കുകയും ചെയ്തു...
കാര്യങ്ങൾ അതിന്റെ യഥാർഥരൂ പത്തിൽ മനസ്സിലാക്കുന്നത് താങ്കളുടെ മനോനില എത്രയും പെട്ടെന്ന്
നോർമലാകുന്നതിന്സഹായിക്കും എന്ന പ്രതീക്ഷയിലാണ് ഇപ്പോൾ ഇതെല്ലാം തുറന്നെഴുതുന്നത്..
നല്ലൊരു ഭാവി ജീവിതം ആശംസിച്ചുകൊണ്ട്.. .
ഡോക്ടർ ബാബുരാജ്
(ഒപ്പ്)