Wednesday, July 22, 2009

ഡോക്ടർ ശങ്കരന്റെ ഓ.പിയിൽ...

മഴയുടെ പൂരം കൊടികയറിയദിവസങ്ങളായിരുന്നല്ലൊ കടന്ന് പോയത്.
മഴകാറ്റിന്റെ തലോടലിൽ ആലവട്ടം വീശിനിൽക്കുന്ന വൃക്ഷതലപ്പുകൾ
നോക്കി കമ്പിളിയും പുതച്ച് തീയും കാഞ്ഞ് കയ്യിലൊരുപുസ്തകവുമായി ചടഞ്ഞു കൂടാൻ
ഇന്നലെ താരകന് പെട്ടൊന്നൊരു മോഹം.അതായിരുന്നു ആദ്യ ലക്ഷണം . പക്ഷെ
പറമ്പിൽ ചെയ്തു തീ‍ർക്കാൻ കുറച്ച് പണികളുണ്ടായിരുന്നു.കൃഷി ഭവനിൽ നിന്ന്
കഴിഞ്ഞ തിരുവാതിരയിൽ കൊണ്ട് വച്ച നേന്ത്രവാഴകളെല്ലാം കുലച്ച് നിൽക്കുകയാണ്.
ചിങ്ങം പിറക്കുമ്പോൾ വെട്ടി പഴുക്കാൻ വക്കേണ്ടഓണകുലകളാ‍ണ്.മഴയും കാറ്റും നീണ്ട് പിടിച്ചാൽ
എല്ലാം നിലം പൊത്തും.അങ്ങനെ വാഴകൾക്ക് ശീമകൊന്നതറിവെട്ടി താങ്ങു കൊടു
ക്കലായിരുന്നു ഇന്നലത്തെ പ്രധാനജോലി. ഇടക്കിടെ ചിണുങ്ങി പെയ്യുന്ന
മഴകൂട്ടാ‍ക്കാതെ തോമാച്ചനു മൊത്ത് ചാരപടുത്തി,കർപ്പൂരകദളി ,പാളേങ്കോടൻ തുടങ്ങിയവ ഉൾപെടെ
പത്തറുപത് വാഴകൾക്ക് വേണ്ട സപ്പോർട്ട് കൊടുത്ത് കഴിയുമ്പോഴേക്കും സമയം സന്ധ്യയായി.
അപ്പോഴേക്കും വല്ലാതെ കുളിരും ശരീരവേദനയും തുടങ്ങിയിരുന്നു. വൈറൽ പനിയുടെ ആരംഭം!
“വല്ലാതെ പൊള്ളുന്നുണ്ടല്ലോ“! അമ്മ നെറ്റിയിൽ പുറംകൈ വച്ചുകൊണ്ട് വേവലാതി പെട്ടു.
“സാരമില്ല നീർദോഷ പനിയുടെ ആരംഭമാണെന്നു തോന്നുന്നു” .താരകൻ പറഞ്ഞു.
“അങ്ങനെ നിസ്സാരമാക്കെണ്ട..നീർദോഷ പനിയാണ് ഇപ്പോൾ ചിക്കൻ ഗുനിയയും,ഡെങ്കി പനിയു
മൊക്കെയായി മാറുന്നത്“അതുകേട്ടുകൊണ്ട്, ട്രഷറിയിൽ നിന്ന് വരുന്ന വരവിൽ രമേശൻ പറഞ്ഞു.
‘’ ചേട്ടൻ നാളെതന്നെ ശങ്കരൻ ഡോക്ടറെ കണ്ടോളൂ. “
അങ്ങനെയാണ് താ‍രകൻ ശങ്കരൻ ഡോക്ടറുടെ വിദഗ്ദ
ചികിത്സക്കായി ഗവേണ്മെന്റ് ആശുപത്രിയിൽ എത്തിയത്.ഇവിടെ യാണെങ്കിൽ ഒരു സൂപ്പർസ്റ്റാർ
പടം റിലീസ് ചെയ്ത തിയ്യറ്ററിലെ പോലത്തെ തിരക്കാണ്.പനിയും ചുമയുമായി ആബാലവൃദ്ധം
ജനങ്ങളുടെ ഒരു നീണ്ട നിര...നേരത്തെ വന്നതുകൊണ്ട് വളരെ പിന്നിലല്ലാതെ വരിയിൽ ഒരു
സ്ഥാനം കിട്ടി.കൃത്യം പത്ത് മണിയായപ്പോൾ ശങ്കരൻ ഡൊക്ടർ റൌൻഡ്സ് കഴിഞ്ഞ് ഓ.പിയിലെത്തി.
തിയ്യറ്ററിൽ ടിക്കറ്റ് കൊടുക്കാൻ ബെല്ലടിക്കുമ്പോൾ പെട്ടെന്ന് ഒരു തിരക്കുണ്ടാകുന്നതുപോലെ വരിയിൽ
ഒരു ഉന്തുംതള്ളും അനുഭവപെട്ടു.‘സൈലൻസ്, സൈലൻസ് ‘എന്ന്ആക്രോശിച്ചുകൊണ്ട് ഡോക്ടർ
കസേരയിൽ ഇരുപ്പുറപ്പിച്ചു. അദ്ദേഹം മേശപുറത്ത് വച്ചിരിക്കുന്ന ഓപി ടിക്കറ്റുകൾ എടുത്ത് പേരു വിളി
ച്ച് തുടങ്ങി.” വേലു ചാമി, അറുപതുവയസ്സ്” വരിയിൽ നിന്ന് വടിയുംകുത്തിപിടിച്ച് ഒരു അണ്ണാച്ചി, ഡോക്ടർ
ക്കെതിരേയുള്ള സ്റ്റൂളിൽ വന്നിരുന്നു. “എന്നാസാമി?” കഴുത്തിൽ കിടക്കുന്ന കുഴലിൽ തെരുപിടിപ്പിച്ച്
ഡോക്ടർ അക്ഷമനായി. ‘’ തലസുത്തു,വയറു വലി,മൂക്ക് ഒളുകിറതു...സൂചിപോടുങ്കോ” രോഗവും
അവസാനം അതിനുള്ള ചികിത്സയും അണ്ണാച്ചി പറഞ്ഞു കളഞ്ഞു. ഇഞ്ചക്ഷൻ വേണമെന്ന് .
“മൂച്ച് വലിച്ച് വിട് സാമി.”ഡോക്ടർ കഴുത്തിലെ കുഴലിന്റെ അറ്റം രോഗിയുടെ നെഞ്ചിൽ ചേർത്ത്കൊണ്ട് പറഞ്ഞു.
“ആദ്യം ഞാനൊന്നു നോക്കട്ടെ .എന്നിട്ടു നിശ്ചയിക്കാം ഇഞ്ചക്ഷൻ വേണോ ഓപ്പറെഷൻ വേണൊന്ന്..”
അടുത്തതായി ഇരുന്നത് ഒരു അമ്മയും കുട്ടിയുമാണ്. “ഇവന് രണ്ട് ദിവസമായി പനി .ഇന്നലെ മുതൽ
ഒരു വസ്തുകഴിക്കുന്നില്ല.ഇന്ന് നോക്കുമ്പോൾ വായിൽ നിറച്ച് പൊളങ്ങൾ. കയ്യിന്റെ അടിയിലും
കാലിന്റെ അടിയിലും പൊന്തിയിട്ടുണ്ട്. “
പേടിക്കാനൊന്നു മില്ല ..ഇത് വൈറസ് മൂലമുണ്ടാകുന്ന പുതിയ ഒരു അസുഖമാണ്.ഹാൻഡ് ഫൂട് മൌത്ത് ഡിസീസ് ..
മരുന്നുകഴിച്ചാൽ ഒരൊറ്റ ആഴ്ചകൊണ്ട് മാറും,അല്ലെങ്കിൽ ഏഴുദിവസം വരെ പിടിക്കും...
“ സർ, തക്കാളി പനിയാണൊ?“ യുവതി സംശയം ചോദിച്ചു...
“ചില വിവരദോഷികൾ അങ്ങനെ യും വിളിക്കുന്നുണ്ട്..തക്കാളിയെന്നോ ഉരുളകിഴങ്ങെന്നോ എന്ത്
വേണെലും വിളിച്ചോളൂ. പക്ഷെ മൂന്നുദിവസംകുട്ടിക്ക് ദ്രവരൂപത്തിലുള്ള ആഹാരംകൊടുത്താൽ മതി..’
ഡോക്ടർ പ്രിസ്ക്രിപ്ഷൻ എഴുതുന്നതിനിടയിൽ പറഞ്ഞു.
പീറ്റർ ,ഇരുപത്തഞ്ച് വയസ്സ്..” ഡോകടർ അടുത്ത പേരു വിളിച്ചു.ജീൻസും ടീഷർട്ടും ധരിച്ച ചെറുപ്പ
ക്കാരൻ വരിയിൽ നിന്ന് മുന്നോട്ട് വന്നു.അയ്യാൾ ശബ്ദം താഴ്ത്തിയാണ് സംസാരിക്കുന്നത്.എന്തൊ
രഹസ്യമാണ്.”കല്ല്യാണം കഴിഞ്ഞതാണൊ?” ഡോക്ടർ ഉറക്കെ തന്നെ ചോദിച്ചു.
“അല്ല..”
“എത്രകുട്ടികളുണ്ട്..?
.ചെറുപ്പക്കാരൻ ഒന്ന് കണ്ണടച്ചുതുറന്നു.പിന്നെ പറഞ്ഞു :‘’സർ ,എന്റെ കല്ല്യാണം കഴിഞ്ഞതല്ല”
“അത് ആദ്യത്തെ ചോദ്യത്തിനുള്ള ഉത്തരമാണ്.എത്രകുട്ടികളുണ്ടെന്നതാണ്ഇപ്പോഴത്തെ ചോദ്യം .“
ഡൊക്ടർ ശങ്കരൻ ഫോമിലാവുകയാണ്.അദ്ദേഹത്തിന്റെ ഓപിയിൽ ഇത്തരം തമാശകൾ പതിവാ
ണെന്ന് ആളെ മുന് പരിചയമുള്ളത് കൊണ്ട് താരകന് നല്ലവണ്ണം അറിയാം..വട്ടൻ വൈദ്യൻ എന്നാണ്
അദ്ദേഹത്തിന്റെ നാട്ടിലുള്ളവിളിപേരുതന്നെ.എന്താ ഏതാ പറയാന്ന് ഒരു ലൈസൻസുമില്ല.പക്ഷെ
ആള് കൈപുണ്ണ്യമുള്ളവനായതു
കൊണ്ട് നാട്ടുകാർ അദ്ദേഹത്തെ സ്നേഹപൂർവ്വംസഹിക്കുന്നു.
“എന്റെ അറിവിൽ എനിക്ക് കുട്ടികളൊന്നു മില്ല “ ചെറുപ്പക്കാരൻ ഒന്ന് ചിന്തിച്ചതിനു ശേഷം പറഞ്ഞു.
നല്ല ഉത്തരം താരകനു മനസ്സിൽ തോന്നി. “വെരി ഗുഡ്” ഡോക്ടർ ശങ്കരനും ആ മറുപടി ഇഷ്ടപെട്ടു.
അല്ലെങ്കിലും കുട്ടികളുണ്ടാകാൻ കല്ല്യാണം കഴിക്കണമെന്ന് നിർബന്ധമില്ലെന്ന് അറിയാൻ വൈദ്യ
ശാസ്ത്രം പഠിക്കേണ്ട കാര്യമൊന്നുമില്ലല്ലോ.
അടുത്തരോഗി ഒരു ചെറുപ്പക്കാരിയായിരുന്നു.ഡോക്ടറുടെ രീതികൾ കണ്ട് അവൾ അല്പം
പരിഭ്രമിച്ച മട്ടുണ്ട്. അതു കൊണ്ട് ഡോക്ടർ അസുഖവിവരം ചോദിച്ചിട്ടും അവൾ മിണ്ടാതിരിക്കുകയാണ്.
ഡോക്ടർ ദേഷ്യപെടാൻ തുടങ്ങിയപ്പോൾ അവൾ അറച്ചറച്ച് പറഞ്ഞു.“ചൊറിച്ചിൽ..”
“എവിടെ ?” ഉത്തരം വീണ്ടും മൌനം .നോട്ടം മേശപുറത്ത് വച്ചിരിക്കുന്നസ്വന്തംകൈതലത്തിൽ.
“ വിരലിടയിലാണൊ.നോക്കട്ടെ .ഒന്നുംകാണുന്നില്ലല്ലോ..” രോഗിയുടെ നോട്ടം ഇപ്പോൾ സ്വന്തം കാൽ വിരലിൽ
“ഓ..കാൽ വിരലുകൾക്കിടയിലാണോ.എവിടെ,നോക്കട്ടെ.. ഇല്ലല്ലോ ഒന്നുമില്ലല്ലോ..നിങ്ങൾ
എന്തെങ്കിലും ഒന്നു പറയൂ .ഇവിടെ സമയം പോകുന്നു.” രോഗി മൌനം തന്നെ .ഇപ്പോൾ നോട്ടം ഭൂമിയും
തുളച്ച് താഴോട്ട് പോകുന്നു....പെട്ടെന്ന് ഡോക്ടർ ശങ്കരന്റെ മുഖം തെളിഞ്ഞു .അദ്ദേഹത്തിന്
കാര്യം പിടികിട്ടിയിരിക്കുന്നു. ‘“ തള്ളവിരലുകൾക്കിടയിലാണല്ലെ...” അദ്ദേഹം വളരെ ശബ്ദം താഴ്ത്തി
ചോദിക്കുന്നു. പക്ഷെ താരകൻ കേട്ടു.”അതെ..” രോഗിയുടെ മുഖത്ത് ആശ്വാസം. അദ്ദേഹം ചില
മരുന്നുകൾ എഴുതികൊടുത്തു.കുറവില്ലെങ്കിൽ ഒരു ഗൈനക്കോളജിസ്റ്റിനെ കാണാനും ഉപദേശിച്ചു.
“താരകൻ മുപ്പത് വയസ്സ്..“ അടുത്തത് താരകന്റെ ഊഴമായിരുന്നു. താരകൻ സ്റ്റൂളിൽ ഇരുന്നു.
“പനി,തൊണ്ടവേദന,ശരീരം വേദന..ഇടക്കിടെ കുളിരും” താരകൻ പറഞ്ഞു.
“ഇതു വെറും വൈറൽ പനിയാണെടോ..”കുഴലുവെച്ച് പരിശോധി ച്ചതിനു ശേഷം ഡോക്ടർ
പറഞ്ഞു. “പനിക്കും വേദനക്കും പാരസിറ്റമോൾ
മൂന്നു നേരം വച്ച് കഴിക്ക് ,ടൊൺസിലൈറ്റിസിന്റെ ആരംഭവുമുണ്ട് ..അതിന് ഈ ആന്റി ബയോട്ടിക്കും
കഴിക്ക് .പിന്നെ തലക്കനം കുറയാൻ പേരയില ഇട്ട് തിളപ്പിച്ചവെള്ളത്തിൽ ആവികൊള്ള്.രണ്ട് നേരം
കുടിക്കാൻ അല്പം ചുക്കുകാപ്പിയും അമ്മയോട് അടുപ്പത്തിടാ‍ൻ പറയ്.. (പിന്നെ ശബ്ദംതാഴ്ത്തി) താൻ
അവസാനമെന്താപറഞ്ഞത്...കുളിരെന്നോ ...അത് മാറ്റാനുള്ള വഴി താൻ തന്നെ കണ്ട് പിടിക്കെടോ
താരകൻ ചമ്മലോടെ മറ്റുള്ളവരെ നോക്കി ഇല്ല ആരും കേട്ടില്ലെന്നു തോന്നുന്നു...
എന്തായാലും ഒരു കാര്യം ചെയ്യ് ആശുപത്രി വരെ വന്നതല്ലെ..ആ ലാബിൽ പോയി രക്തവും മൂത്രവും
ഒന്നു പരിശോധിച്ചിട്ട് കാണിച്ചോളൂ.. ബ്ലഡും യൂറിനും ടെസ്റ്റ് ചെയ്ത് തിരികെ വരുമ്പോഴേക്കും
രോഗികളുടെ തിരക്ക് ഒഴിഞ്ഞിരുന്നു. പക്ഷെ മരുന്നു കമ്പനിക്കാർ കുറച്ച് പേർ അദ്ദേഹത്തെ
കണ്ട് കൊണ്ടിരിക്കുകയാണ് .ഒന്നു രണ്ട് മെഡിക്കൽ റെപ്സ് പുറത്തും വെയ്റ്റ് ചെയ്യുന്നുണ്ട്.
അവരിലൊരാളെ നല്ല മുഖ പരിചയം..അതെ ഒരു ബ്ലോഗ് പുലി. ഓ കക്ഷി മെഡിക്കൽ റെപ്പാണോ!
ബ്ലോഗിലെ...കത്തിചേട്ടനല്ലെ..സുഗുണൻ” ഞാൻ കേറിയങ്ങ് പരിചയപെട്ടു. “ഞാനൊരു പുതിയ ബ്ലോഗറാണ്
പേര് താരകൻ...കക്ഷിക്കു വലിയസന്തോഷം .പിന്നെ ബ്ലോഗ് വിശേഷങ്ങളായി ഞങ്ങളുടെ
സംസാരവിഷയം.“ചേട്ടന്റെ കമന്റുകൾ എല്ലാ ബ്ലോഗുകളിലും കാണാലോ. .ജോലിതിരക്കിനിടയിൽ
വായിക്കാനും കമന്റ്ടിക്കാനുമൊക്കെ എവിടന്ന് സമയം കിട്ടുന്നു..!
അതിനൊന്നും അധികം സമയം വേണ്ടടോ..പിന്നെ മറ്റു ബ്ലോഗുകളൊന്നും ഞാൻ വായിക്കാറില്ല
ഏതാനുംസെക്കന്റുകൾ വെറുതെ കണ്ണുകൊണ്ട് സ്കാൻ ചെയ്യുകയേ ഉള്ളൂ.. മിക്കവാറും ഒരേകദേശ
രൂപം അപ്പോഴേക്കും കിട്ടും അതുവെച്ചങ്ങ് ഒരു കമന്റിടും. അഥവാ പിടികിട്ടിയില്ലെങ്കിൽ
എവിടെയും തൊടാതെ ..”കൊള്ളാം..തുടരൂ..”എന്നൊക്കെ അങ്ങു കാച്ചൂം. ങാഹാ..കൊള്ളാമല്ലൊ
ഞാൻ മനസ്സിൽ പറഞ്ഞു. പിന്നെ താനൊരു ന്യൂകമറാണെന്നല്ലേ പറഞ്ഞത്. തന്റെ ബ്ലോഗ്
വിജ്ഞാ‍നം പരിശോധിക്കാൻ ഞാനൊരു ക്വിസ് നടത്തിയാലോ..നമുക്കു നേരവും പോയികിട്ടും.
ഡോക്ടറെ കാണാൻ കുറച്ച് സമയമെടുക്കും ..ആ സിപ്ലാക്കാരൻ റെപ്പാണ് ഉള്ളിൽ കയറിയിരിക്കുന്നത്.
ഒരു മണിക്കൂറെങ്കിലും കഴിയാതെ അവൻ പുറത്തിറങ്ങില്ല..അപ്പോ തുടങ്ങല്ലെ..
“ശരി ഞാൻ റെഡി..” വൈറൽ പനിയുടെ ക്ഷീണം മറന്നുകൊണ്ട് താരകൻ പറഞ്ഞു.
ഫസ്റ്റ് ക്വസ്റ്റിയൻ ..ബൂലോകത്തെ ഓമ്നി പ്രസന്റ്..അതായത് സർവ്വവ്യാപി.?
‘’ അരുൺ കായം കുളം..”
“അല്ല”
ഈസ് ഇറ്റ് ശ്രീ.?” “കറക്റ്റ് ഏൻസർ. വൺപോയന്റ്.“
“ആസ്ഥാനകവിപുംഗവൻ..?“
നാക്കില അനീഷ്..
“നോ”
“ദെൻ,വെട്ട്യാടൻ.രാമേട്ടൻ.” “കറക്ട്.അടുത്തത് റാപ്പിഡ് ഫയർ റൌണ്ടാണ് .നൊ സെക്കന്റ് ചാൻസ്”
“ പാവങ്ങളുടെ വാനമ്പാടി ? “
‌‌-‘സെറീന..”
ബ്ലോഗിലെ വിടുവായത്തം?
- ബി.ടി.(പേരിന്റെ ആദ്യാക്ഷരങ്ങൾ)
“ദ് അനാർക്കിസ്റ്റ്?”
-മിസ്റ്റർസൂരജ്.
ബുദ്ധിയില്ലാത്ത ബുദ്ധിജീവി,അതായത് സ്വന്തം പേരിന്റെ വിരോധാഭാസം?
-പാസ്സ്
"ബൂലോകത്തെ പോത്തൻ ഗാന്ധി?”
-പാസ്സ് .....
അവസാനത്തെ രണ്ട് ചോദ്യങ്ങൾക്ക് അറിഞ്ഞിട്ടും ഞാൻ ഉത്തരം പറഞ്ഞില്ലെങ്കിലും എന്റെ മൊത്തത്തിലു
ള്ള പ്രകടനത്തിൽ “സുഗുണൻ” (പേര് യഥാർഥമല്ല) വളരെ ഇമ്പ്രസ്ഡ് ആവുകയും മരുന്നു കമ്പനിയുടെ
വക ഒരു പേപ്പർ വെയ്റ്റ് എനിക്കു സമ്മാനിക്കുകയും ചെയ്തു.അതിപ്പോഴും എന്റെ മേശപുറത്തിരിക്കുന്നു.
ഉള്ളിൽ അരയന്നങ്ങളും നീലതാമരകളും നീർകുമികളുമുള്ള സ്ഫടികനിർമ്മിതമായ മനോഹരമായ ഒരു പേപ്പർ
വെയ്റ്റ്.....

25 comments:

ശ്രീ said...

ഹഹ. മൊത്തത്തില്‍ അങ്ങ് രസിപ്പിച്ചു, മാഷേ.

പിന്നെ, സര്‍വ്വ വ്യാപി എന്നും പറഞ്ഞ് (ആക്കിയതാണോ) എന്നെയും ഉള്‍പ്പെടുത്തി അല്ലേ? :)

ഡോ. ശങ്കരനെയും ഇഷ്ടമായി. ഇപ്പോ പനിയെല്ലാം മാറിയോ?

കാലചക്രം said...

സത്യത്തില്‍,
ശ്രീ.. താന്‍ ഒരു ഒരു അത്ഭുതപ്രതിഭാസം തന്നെ..
താരകന്‍ പറഞ്ഞത്‌ കറകറക്ട്‌..
ഞാന്‍ ഇവിടെയെത്തിയിട്ട്‌ അധികം കാലമായിട്ടില്ലെങ്കിലും
പോയിടത്തെല്ലാം കണ്ട
ഒരു പേരാണ്‌ ശ്രീ..
എങ്ങനെ സാധിക്കുന്നു???
ഏതായാലും നല്ലതുതന്നെ..നമുക്കോ പറ്റുന്നില്ല..
അരുണിന്‌ തന്നെയാവും രണ്ടാസ്ഥാനം..
ഓ..ഇപ്പോപ്പിന്നെ പുള്ളി രാമായണത്തിന്റെ
തിരക്കിലായതോണ്ട്‌ റാങ്ക്‌ താഴോട്ടായിക്കാണും അല്ലേ!!!!!!!
താരകന്റെ പനി എങ്ങനുണ്ട്‌..
ഇപ്പോഴത്തെ പനി അങ്ങനങ്ങ്‌ പോയിക്കിട്ടൂല മാഷേ...

മാണിക്യം said...

താരകാ അതു കലക്കി,
സുഗുണന്‍ പറഞ്ഞതു മുഴുവന്‍ പറയാരുന്നു എങ്കില്‍ ഇത് ഹിറ്റ് വരുന്ന ഒരു വിവാദ പോസ്റ്റും കൂടിയാകുമായിരുന്നു.. എന്തായലും താരകന്റെ ദിവസങ്ങള്‍ വായിക്കാന്‍ നല്ല രസമുണ്ട് ,, പണ്ട് മിലിറ്ററിയില്‍ നിന്നു റിട്ടയര്‍ ചെയ്ത ചാക്കോ ഡോക്‌ടര്‍ ഉണ്ടായിരുന്നു ആളിനു അല്‍പം കേള്വി കുറവും മുന്‍ശുണ്ഡി അല്‍പം കൂടുതലും മേമ്പടിക്ക് പട്ടാളചിട്ടയും പിന്നെ പറയണോ പൂരം എന്നാലും അദ്ദേഹത്തിന്റെ "പൊടിയും മിച്ചറും" ഒന്നു മാത്രം മതി പനി പമ്പകടക്കാന്‍. അതുകോണ്ട് എന്നും സിനിമാ തീയറ്ററിലേക്കാള്‍ തിരക്കാണ്..
എനിക്ക് എല്ലാ ബ്ലോഗും വായിക്കാന്‍ നേരം കിട്ടത്തിന്റെ കാര്യം പിടി കിട്ടി വായിച്ചതിന്റെ മുറ്റത്ത് പന്തലും കെട്ടി ഇരിക്കും അതേ ചുറ്റി പറ്റി ചിന്ത [ഡോട്ട് കോം അല്ല]അങ്ങു പോകും ...

ഞാന്‍ ഇന്നുമുതല്‍ ബുലോകത്ത് മൂന്നാം കൊല്ലം അഘോഷത്തില്‍ പങ്കേടുക്കൂ .താരകനില്ലതെ എന്താഘോഷം?
http://maaanikyamisin.blogspot.com/2009/07/blog-post_20.html

Typist | എഴുത്തുകാരി said...

എന്നിട്ടു പനി മാറിയോ മാഷേ? സൂപ്പര്‍ താരങ്ങളുടെ സിനിമക്കു് ഇപ്പോ അത്ര വലിയ തിരക്കൊന്നൂല്യാട്ടോ.

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

താരകാ.....
മ്മ്ക്ക് ട്ടും പണിതൂലേ...?

;)

താരകൻ said...

ശ്രീകുട്ടാ,താങ്ക്യൂ ഫോർ ടേക്കിംഗ് എവരിതിംഗ് ഇൻ എ ഹ്യൂമറസ് സ്പിരിട്ട്.പിന്നെ ഏതൊരു നവാഗത ബ്ലോഗർക്കും സപ്പോർട്ട് നൽകാൻതാങ്കളെ കഴിഞ്ഞുള്ളൂ‍ മറ്റാരും.ബൂലോഗത്ത് ഒരു ഇലക്ഷൻ നടക്കുകയാണെങ്കിൽ താങ്കളായിരിക്കും “ദ വിന്നർ” എന്ന കാര്യത്തിൽ എനിക്ക് സംശയ്മൊന്നുമില്ല.പിന്നെ,ഒരു സുപ്രഭാതത്തിൽ ഓരോ ബ്ലൊഗിലേയും കമന്റുകളെല്ലാം തത്തുല്ല്യമായ സ്വർണ്ണനാളയങ്ങളാക്കുവാൻ ഒരു ദിവസം “ഗൂഗിൾ” തീരുമാനിക്കുകയാണെങ്കിൽ ബൂലോകത്തിലെ ഏറ്റവും വലിയ ധനവാൻ താങ്കളായിരിക്കുമെന്ന കാര്യത്തിലും എനിക്കു സംശയമേതുമില്ല...
മാണിക്യം,മറ്റുള്ളവരുടെ സൃഷ്ടികൾ നിങ്ങളെ പോലെ ആത്മാർഥമായി വായിക്കുന്നവർവളരെ കുറവുതന്നെ..ഞാൻ നമിക്കുന്നു.
കാലചക്രം, ,രാമചന്ദ്രൻ,എഴുത്തുകാരി...താങ്കയൂ ഫോർ ദ കമന്റ്സ്....

ശംഖു പുഷ്പം said...

രസിച്ചു താരകൻ...
ശ്രീ യെ പറ്റി പറഞ്ഞതിനോടു പൂര്‍ണ്ണമായും യോജിക്കുന്നു..

രാജീവ്‌ .എ . കുറുപ്പ് said...

ഏതാനുംസെക്കന്റുകൾ വെറുതെ കണ്ണുകൊണ്ട് സ്കാൻ ചെയ്യുകയേ ഉള്ളൂ.. മിക്കവാറും ഒരേകദേശ
രൂപം അപ്പോഴേക്കും കിട്ടും അതുവെച്ചങ്ങ് ഒരു കമന്റിടും. അഥവാ പിടികിട്ടിയില്ലെങ്കിൽ
എവിടെയും തൊടാതെ ..”കൊള്ളാം..തുടരൂ..”എന്നൊക്കെ അങ്ങു കാച്ചൂം.

അത് കലക്കി താരകന്‍ കൊട് കൈ. നന്നായി എഴുതിയിരിക്കുന്നു, ”കൊള്ളാം..തുടരൂ..” എന്നെഴുതണോ????

Anil cheleri kumaran said...

..ഏതാനുംസെക്കന്റുകൾ വെറുതെ കണ്ണുകൊണ്ട് സ്കാൻ ചെയ്യുകയേ ഉള്ളൂ..
ആളു പുലിയാണല്ലോ.. ഇത്ര ചെറിയ പ്രായത്തിൽ തന്നെ എമ്മാതിരി അലക്കാണു!!
(എന്തെങ്കിലും കമന്റെഴുതാൻ തന്നെ പേടിയാകുന്നു.)
ആശംസകൾ..!

സബിതാബാല said...

മെഡിക്കല്‍ റെപ്പ് ബ്ലോഗറോട് പറയൂ മറ്റുള്ളവരും അങനെ ചെയ്യുമായിരിക്കും അദ്ദേഹത്തിന്റെ പോസ്റ്റ് വായിക്കുമ്പോളും എന്ന്...
വായിക്കാന്‍ ഒരുപാടിഷ്ടമായതിനാല്‍ മാത്രം ബ്ലോഗ് തുടങ്ങിയ ആളാണ് ഞാന്‍...അതുകൊണ്ട് തന്നെ കമന്റ് ഇട്ടില്ലെങ്കിലും ഒരുവിധം പോസ്റ്റ്കളൊക്കെ വായിക്കാന്‍ ശ്രമിക്കും...പുതിയ ശൈലികളും ആശയങ്ങളും അങ്ങനെയല്ലേ അറിയുക...

OAB/ഒഎബി said...

നോക്കൂ ഇവിടെയും അഭിപ്രായം പറയാൻ ആദ്യമെത്തിയത് ശ്രീമാൻ ശ്രീ തന്നെ..

പിന്നെ താരകൻ, ഡോക്ടറുടെ പരിശോദനയുടെ നീളം കുറച്ച് റപ്പർ ബ്ലോഗറുമായി കൂടുതൽ ക്വസ്റ്റൻ ആൻസർ എഴുതിയിരുന്നെങ്കിൽ താങ്കൾക്ക് ഈ ഹിറ്റ് ഒരു സൂപ്പർ ഹിറ്റ് ആക്കാമായിരുന്നു.(എന്റെ തോന്നലാണെ):)

താരകൻ said...

പരിഹസിച്ച് കൊണ്ടോ ,വേദനിപ്പിച്ചുകൊണ്ടോ ഒരു സൂപ്പർഹിറ്റ് സൃഷ്ടിക്കാൻ താത്പര്യമില്ലാ‍ത്തതുകൊണ്ടാണ്,സുഗുണനുമായുള്ള ചോദ്യോത്തരങ്ങളിൽ മനസ്സാക്ഷിയെന്ന സെൻസർ ബോർഡിന്റെ കത്രികവീണത്.(ബ്ലോഗിലെ സുന്ദരവിഡ്ഢി,ഗതികിട്ടാ പ്രേതം,‘ഇതാ ഒരു ധിക്കാരി..തുടങ്ങിയ ചോദ്യോഹ്ത്തരങ്ങൾ അങ്ങനെയാണ് ഒഴിവാക്കിയത്.).ശംഖു പുഷ്പം,കെ.കെ.പി,കുമാർജീ,സബിത,ഓയെബി..താങ്ക്സ് ഫോർ വിസിറ്റിംഗ്..b

raadha said...

അപ്പൊ ഇങ്ങനെ ഒക്കെ ആണ് കാര്യങ്ങള്‍ അല്ലെ? :)

Sapna Anu B.George said...

നല്ല കാര്യം

Anonymous said...

നല്ല പോസ്‌റ്റുകള്‍.നാട്ടുമണമുണ്ട്‌,ജാടയില്ല.പിന്നെ എവിടാ കൃഷിസ്ഥലം.ഒന്നു വന്നു കാണണമെന്നുണ്ട്‌.കൃഷി ചെയ്യാതെ കൃഷിയെ സ്‌നേഹിക്കുന്ന പലരിലൊരാളാണേ ഞാനും.ഉള്ള കുറച്ചു സ്ഥലത്ത്‌ പച്ചക്കറി കൃഷി ചെയ്‌ത്‌ തോറ്റമ്പി.രാസവളം ഉപയോഗിക്കാതെ ചെയ്യാനായിരുന്നു ശ്രമം.മുഴുവന്‍ പുഴുക്കള്‍ തിന്നു.ഇനിയും കാണാം.
is this word veri required?

mini//മിനി said...

ഏതായാലും താരകന്റെ ബ്ലോഗില്‍ പനിവൈറസ്സ് കടന്നിട്ടില്ല, ഭാഗ്യം.

സായന്തനം said...

താരകാ...
വളരെ സ്വാഭാവികമായ ഹ്യൂമർ താങ്കളുടെ എഴുത്തിന്റെ ആകർഷകമാക്കുന്നുണ്ട്‌..നിരീക്ഷണങ്ങൾ വളരെ സൂക്ഷ്മവുമാണു..
പിന്നെ ഞാൻ ഇടക്ക്‌ ബ്ലോഗ്‌ എഴുത്ത്‌ നിർത്തിയിരുന്നു, കാരണം, കൂടുതലും ആത്മനിഷ്ഠമായിപ്പോകുന്നു എന്ന തോന്നലിൽ നിന്നു..
പുതിയ പ്രമേയങ്ങളുമായി തുടരുക..

Anonymous said...

ഒന്നു പറയാന്‍ മറന്നു.ത്രിസന്ധ്യയല്ലേ മാഷേ ശരി?തൃമധുരം,തൃതീയ.ത്രിസന്ധ്യ -മൂന്നു സന്ധ്യകള്‍-പ്രഭാതം,മദ്ധ്യാഹ്നം,സായാഹ്നം എന്ന്‌ ശബ്ദതാരാവലി.മലയാളം മുന്‍ഷിയൊന്നുമല്ല കേട്ടോ.എന്നാലും ....

താരകൻ said...

മൈത്രേയീ,എന്റെ ഫീൽഡിലേക്കും ഫാമിലേക്കും സ്വാഗതം..ഇവിടെ വന്ന് കൃഷിയുടെ പാഠങ്ങളും പഠിക്കാം..പിന്നെ തൃസന്ധ്യ തീർത്തും തെറ്റു തന്നെയോ?

khader patteppadam said...

പോസ്റ്റിലൂടെ ഒരോട്ട പ്രദക്ഷിണം നടത്തുകയല്ല ചെയ്തത്‌, ശരിക്കുമങ്ങു വയിച്ചു. പൊട്ടീച്ചിരിച്ചില്ല,പക്ഷെ വായന കഴിഞ്ഞു ഏറെ നേരം ചെന്നിട്ടും ചുണ്ടുകള്‍ വിടര്‍ന്നു തന്നെയിരുന്നു. നല്ല എഴുത്ത്‌ (മുഖസ്തുതിയല്ല കേട്ടൊ -അക്കാര്യത്തില്‍ ഞാന്‍ വളരെ പിശുക്കനാണു)

Anonymous said...

ക്ഷണത്തിനു നന്ദി.പിന്നെ ത്രിസന്ധ്യയാണ്‌ ശരി എന്നാണ്‌ അഭിജ്ഞമതം.ഇപ്പോള്‍ പക്ഷേ പത്രങ്ങളില്‍ പോലും ധാരാളം പ്രയോഗവ്യത്യാസങ്ങള്‍ കാണാറുണ്ട്‌.

ഷിനില്‍ നെടുങ്ങാട് said...

സരസമായ രചന നന്നായിരിക്കുന്നു

താരകൻ said...

മൈത്രേയി,തിരുത്തിനു നന്ദി..
തെറ്റെന്നറിഞ്ഞിട്ടും തിരുത്താനാവാത്ത ചിലതെറ്റുകൾ ഉണ്ട്.ഇത് പക്ഷെ തിരുത്താ‍നാവുമെങ്കിലും ഇഷ്ടപെട്ട ഒരു പേരായി പോയി..തത്കാലം അതങ്ങിനെ കിടക്കട്ടെ.(മേലിൽ ആവർത്തിക്കാതിരിക്കാം) വൺസ് എഗെയിൻ താങ്ക്സ്...

മാഹിഷ്മതി said...

താരാകാസുരാആആആആആആആആ‍ാ..........:) :) ഇന്നാണ് കണ്ടു പിടിച്ചത് ഇങ്ങനൊരാളെ. ഒറ്റയിരിപ്പിനു എല്ലാ പോസ്റ്റും വായിച്ചു. ഓടിച്ചു പോയതൊന്നുമല്ല ശരിക്കും വായിച്ചു ഇഷ്ടപ്പെട്ടു....എല്ലാം ഒന്നിനൊന്നു ഗംഭീരം.

വരവൂരാൻ said...

ആദ്യമായിട്ടാണു ഇവിടെ എല്ലാം വായിച്ചു.... ഇഷ്ടപ്പെട്ടു. മനോഹരമായ അവതരണം..ആശംസകൾ