(തിരക്കഥ)
പ്രഥമദൃശ്യം.
വെള്ളിതാലത്തിൽ വലിയൊരാപ്പിൾ
ശോണവർണം,ബാഷ്പ ലാളിതം
പോർസലൈൻ കപ്പിൽ പുറമെ
ശാന്തമെങ്കിലും ഉള്ളിലൊരു പ്രക്ഷുബ്ധതയൊതുക്കിയ
പാൽക്കടൽ..
(ദൃശ്യം -2)
മുറിയിലെ ഇരുളിൽ ചേർന്നിരിക്കുന്ന നിഴലുകൾ..
പാശ്ചാതലത്തിൽ അകലെയൊരമ്പലത്തിൽ
ദേവനെ തുയിലുണർത്തുന്ന തുടികൊട്ടോ
അതോ തീവ്രവികാരങ്ങളാൽ ത്വരിതമായ
ഹൃദയ ദുന്ദുഭി പോലെയോ ഒരു താളം..
പതിഞ്ഞ സ്വരത്തിൽ സംഭാഷണ ശകലങ്ങൾ.
ഇടക്കാത്മഭാഷണവും....
“നിന്റെ നിശ്വാസത്തിനേതോ നീർപൂവിന്റെ ഗന്ധം”
“നിങ്ങളുടെ വിയർപ്പിന് കൈതപൂവിലെ
മഞ്ഞുതുള്ളികളുടെ മണം”
“നിനക്കെന്റെ സിരകളിൽ കുതിച്ചൊഴുകുന്ന കാട്ടാറിന്റെ
കളരവം കാതോർക്കാം....”
നിങ്ങൾക്കെന്റെ നെഞ്ചിൽ പഞ്ചാരി മേളവും..
നിശ്ശബ്ദത..
നിശ്ശബ്ദതയിൽ സീൽക്കാരം പോലെ മുഴങ്ങുന്ന നെടുവീർപ്പുകൾ....
* * *
തുറന്ന ജാലകത്തിലൂടെ പ്രകൃതിയുടെ വിദൂരദൃശ്യം..
പടിഞ്ഞാറ് ചായുന്ന പാതിരാ ചന്ദ്രൻ.
രാത്രിയുടെ പാന പാത്രങ്ങളിൽ
നിർലോഭം നിലാവീഞ്ഞൊഴുക്കുന്ന
ഹേമാംഗനാം ഗഗന ചാരി...
അരികിലായ് രജസ്വലയായ ഒരു നക്ഷത്രം.
രംഗം ഇരുണ്ട് തെളിയുമ്പോൾ
അലയൊതുങ്ങിയ വെൺ വിരിപ്പീൽ
പുതുതായി വിരിഞ്ഞ ഒരു പനിനീർപൂവ്...
(ശുഭം)
Subscribe to:
Post Comments (Atom)
No comments:
Post a Comment