
ദേശത്തെ അമ്പലകുളവുമായി ബന്ധപെട്ട ഒരു മിത്തിലെക്കാണ് ക്യാമറ
മിഴിതുറക്കുന്നത്. കന്മതിലുകളാൽ ചുറ്റപെട്ട ഈ സ്നാനഘട്ടത്തിൽ വല്ലപ്പോ
ഴുമൊരു “നീലോല്പലം’ വിടരും.. ഇവിടത്തെ കോവിലിലെ തൃപ്പടിമേൽ പണം
വച്ചു തൊഴുത ആരുടെയോ പ്രാർഥന ദേവൻ കൈകൊണ്ടിരിക്കുന്നു എന്നാണ്
അതിനർഥം.
അഥവാആ ഭക്തന്റെ ഉള്ളുരുകിയ ചോദ്യത്തിന് ദേവൻ ഒരു നീലനീർപൂവായ് വിടർന്ന്
കൊണ്ട് മറുപടി പറഞ്ഞിരിക്കുന്നു... നാട്ടുകാരുടെ വിശ്വാസമാണത്..
സിനിമ തുടങ്ങുമ്പോൾ ഈ വിശ്വാസത്തെ അടിസ്ഥാനപെടുത്തിയുള്ള ഒരു
ഡോക്യുമെന്ററിയുടെ ഷൂട്ടിംഗ് നടക്കുകയാണ് ...അപ്പോൾ കുളത്തിൽ
ഒരു നീലതാമരവിരിഞ്ഞിട്ടുണ്ട്.ക്യാമറ ഭക്തരിലേക്കും അമ്പലവാസികളിലേക്കുമൊക്കെ
തിരിയുന്നു.അവർ തങ്ങളുടെ അനുഭവങ്ങൾ,അറിവുകൾ പങ്കുവക്കുന്നു.
‘’ ഇത് താമരയൊന്നുമല്ല ..ചെങ്ങഴിനീർ പൂവാണ് ..ഈ പൂവു വിടരുമ്പോൾ
ആരോ പടിയിൽ പണം വച്ചു പ്രാർഥിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കാം..” കുടുമയും പൂണൂലുമുള്ള
ഒരാൾ പറയുന്നു.
എത്ര മനോഹരമായ സങ്കല്പം !! അന്യഥാ സാധാരണമായ ഒരു പ്രണയകഥക്ക്
കാവ്യാത്മകമായ ഒരു തലത്തിലെക്ക് ഉയർത്തുന്നു കഥാ പാശ്ചാത്തലത്തിലിഴ
ചേർന്നു നിൽക്കുന്ന ഈ ഐതിഹ്യം.. കഥ ഫ്ലാഷബാക്കിലാണെന്നറിയാമെന്നതു
കൊണ്ട് കുറച്ചു നേരത്തെക്കെങ്കിലും നമ്മുടെ ഭാവന ചിറകു വിടർത്തുന്നു..
ഇതിലെ നായിക തന്നെയാണോ ഈ നീലതാമര.? വർഷങ്ങൾക്ക് മുൻപ് വേലക്കു
നിന്ന വീട്ടിലെ കുബേരകുമാരനെ പ്രണയിക്കുകയും ഒടുവിൽ പ്രണയ നൈരാശ്യത്താൽ
അമ്പലകുളത്തിൽ ജീവനൊടുക്കുകയും ചെയ്ത അവളുടെ ആത്മാവായിരിക്കുമോ ഇങ്ങനെ
നീർപൂവായി വിടരുന്നത്? പക്ഷെ ..ഈ സങ്കല്പത്തിന് നൂറ്റാണ്ടുകളുടെ
പഴക്കമുണ്ട്.!!
കുടുംബത്തിലെ പ്രാരബ്ധം നിമിത്തം ഒരു പെൺകുട്ടി(കുട്ടിമാളു-അർച്ചനകവി)
വലിയ ഒരു തറവാട്ടിൽ വേലക്കു വരുന്നതും അവിടത്തെ പയ്യനുമായുള്ള
പ്രണയവും പ്രണയഭംഗവുമൊക്കെയാണ് ഏതാനുംവാക്കുകളിൽ പറഞ്ഞാൽ ഈ കഥയുടെ
ഇതിവൃത്തം .ഇങ്ങനെ, പ്രത്യക്ഷത്തിൽ സാധാരണമായ ഈ പ്ലോട്ടിന് എംടി എഴുത്തുകൊണ്ടും
ലാൽജോസ് ദൃശ്യങ്ങൾ കൊണ്ടും മറ്റുപലമാനങ്ങളും നൽകുന്നതാണ് ഈ സിനിമയെ വേറിട്ട ഒരു
അനുഭവമാക്കുന്നത്.
എഴുപതുകളും എണ്പതുകളുടെ തുടക്കവുമൊക്കെ കാല്പനികതയുടെ പൂക്കാലമായിരുന്നു..
വിപ്ലവസ്വപ്നങ്ങളും പ്രണയവുമൊക്കെ പരസ്പരം ശോഭയണച്ചുകൊണ്ട് അതിന്റെ
സകലപ്രൌഢികളോടെയും പൂത്തുനിന്നത് അന്നത്തെ ക്യാമ്പസുകളിലാണ്..
അത്തരം ഒരു ക്യാമ്പസിലെ ഹാർട്ട് ത്രോബ് ആണ് ഇതിലെ നായകൻ
എന്ന് ഏതാനും ഷോട്ടുകളിലൂടെ സംവിധായകൻ കാണിച്ചുതരുന്നു..
കുട്ടിമാളു അയാളുടെ മുറി അടിച്ചു വൃത്തിയാക്കുമ്പോൾ കിട്ടുന്ന
മഹാരാജാസിലെ മാഗസിൻ , പകൽ നക്ഷത്രങ്ങൾ എന്ന കവിത ,പ്രസംഗിച്ചുകൊണ്ട്
നിൽക്കുന്ന അയാളുടെ ഫോട്ടോ,(നിശ്ചയമായും ഒരു കോളെജ് യൂണിയൻ സെക്രട്ടറി
ആയിരിക്കണം കക്ഷി ) സിഗരറ്റ് പാക്കറ്റ് , ഹിന്ദി പാട്ടുകൾ ഒഴുകിവരുന്ന മർഫി സെറ്റ്,
(സിദ് ന കരോ...അബ് തോ രുകോ ..യെ രാത് നഹീ ആയെഗീ.. “ “ തും ഇതനാ ജൊ
മുസ്കുരാ രഹേ ഹൊ ക്യാ ഗം ഹെ ജിസ്കോ ചുപാ രഹെഹോ” തുടങ്ങിയ
നല്ല നല്ല റോമാന്റിക് ഗീതങ്ങൾ സന്ദർഭോചിതമായി കേൾപ്പിക്കുന്നു,
സംവിധായകൻ)..
ആ കാലഘട്ടത്തിലെ ടിപ്പിക്കൽ നായകസങ്കല്പങ്ങളെല്ലാം അടയാളപെടുത്തികൊടുക്കുക
യാണ് ഇവിടെ ഹരിദാസ് (കൈലേഷ്) എന്ന കഥാപാത്രത്തിന്..
....അയ്യാളെ നേരിട്ടുകാണും മുൻപെ അവൾ പ്രണയത്തിലേക്ക് വഴുതി വീഴുന്ന
ഈ സീനുകളെല്ലാം തന്നെ നന്നായിട്ടുണ്ട്. പിന്നീടാണ് അയ്യാൾ പരീക്ഷയെല്ലാം
കഴിഞ്ഞ് ഹോസ്റ്റലിൽനിന്ന് കെട്ടും പ്രമാണങ്ങളുമായി വിശാലമായ വയലും കടന്ന് തറവാട്ടിലേക്ക്
എത്തുന്നത് ...നേരിടുമ്പോൾ, അയ്യാളുടെ “ തിടുക്ക’ മുള്ളയൌവനതൃഷ്ണകൾക്ക്
വഴങ്ങി കൊടുക്കാതിരിക്കാൻ വല്ലാതെ പണിപെടേണ്ടി വരുന്നു അവൾക്ക് .
തെറ്റും ശരിയും തിരിച്ചറിയാൻ അവൾ അഭയം പ്രാപിക്കുന്നത് ,ഭക്തരുടെ ഭയാശങ്കകൾ
തീർക്കുവാൻ അമ്പലകുളത്തിൽ പൂവായി വിടർന്നുകൊണ്ട് അടയാളം നൽകുന്ന
ദേശത്തെ ദേവനെ തന്നെയാണ്..പണത്തിന് പകരം പടിമേൽ വക്കുവാൻ അവൾക്ക്
പ്രണയം കൊണ്ട് നൊന്ത പ്രാർഥന മാത്രമേ ഉള്ളൂ..
മനുഷ്യ ജീവിതത്തിലെക്ക് പ്രകൃതിയുടെ ഭാഷയെ സമർഥമായി വിളക്കിചേർക്കുന്ന
ഒരു മനോഹരമായ മുഹൂർത്തമാണ് ഇത്...
സിനിമയുടെ അന്ത്യം വരെ യാഥാർത്യബോധത്തോടെയാണ് ഈ മിത്ത്(myth)
കൈകാര്യം ചെയ്യപെട്ടിട്ടുള്ളത് എന്നത് വളരെ ശ്രദ്ധേയമാണ് .വിലയിരുത്തുകയോ
വിശകലനം ചെയ്യപെടുകയോ മഹത്വവത്കരിക്കപെടുകയോ ചെയ്യാതെ അത്
മിത്തായി തന്നെ തുടരുന്നു(നമ്മൾഎന്ത് വിശ്വസിക്കുന്നുവോ,അതാണ് നമ്മൾഎന്ന ഒരു
സമീപനമാണിവിടെ സ്വീകരിച്ചിരിക്കുന്നതെന്ന് തോന്നുന്നു)
മിത്തുകൾ പൊളിച്ചെഴുതികൊണ്ട് മഹാഭാരത ത്തിനെ പോലും മനുഷ്യകഥയാക്കിയ
ആളാണ് എംടി.അതേ എംടി ഇവിടെ ഒരു സാധാരണകഥക്ക് ഒരു മിത്തിന്റെ പൊലി
മ നൽകി അതിനെ മറ്റൊരു മാനത്തിലേക്ക് ഉയർത്തിയിരിക്കുന്നു..
അമ്പലപരിസരത്തിൽ നിന്ന് ഒഴുകിയെത്തുന്ന അഷടപദിക്കുപോലുമുണ്ട് അയാഥാർഥ്യത്തിന്റെ
പരിവേഷം.കുട്ടി മാളു തറവാട്ടിൽ താമസത്തിനെത്തുന്ന ആദ്യരാത്രിയിൽ അടുത്തുള്ള
ഒരു ഭാഗവതർ പാടുന്നതായാണ് നമ്മൾ ഇത് ആദ്യംകേൾക്കുന്നത് .പിന്നീട് അയ്യാളുടെ
സംസാരശേഷി നഷ്ടപെടുന്നരാത്രിയിലും അയാളുടെ മരണശേഷവും ഈ പാട്ട് തുടരുന്നു....!!!
.ഹരിതാഭമായഇടവഴികളും തൊടികളുംഅമ്പലപരിസരവുമൊക്കെ കണ്കുളിർപ്പിക്കുന്നദൃശ്യങ്ങളായി
ഒപ്പിയെടുത്തിട്ടുണ്ട് ക്യാമറമാൻവിജയ് ഉലക് നാഥ്,അതുപോലെ രഞ്ജൻ
എബ്രഹാമിന്റെ എഡിറ്റിംഗും കൊള്ളാം..
പ്രണയ ജോഡികളെ അവതരിപ്പിക്കുന്ന കൈലേഷും അർച്ചനാ കവിയും നല്ല
അഭിനയമാണ് കാഴ്ച വച്ചിരിക്കുന്നത്.റിമയുടെ ഷാരത്തെ അമ്മിണിയും ശ്രീദേവി
ഉണ്ണി അവതരിപ്പിച്ച തറവാട്ടമ്മയും സംവൃതാസുനിലുമൊക്കെ നല്ലവണ്ണം സപ്പോർട്ട്
ചെയ്തിട്ടുമുണ്ട്.
നവീനമായ ഗ്രാഫിക് സങ്കേതങ്ങളുപയോഗിച്ച് പഴയകാലത്തിന്റെ പ്രതീതി സൃഷ്ടിക്കുന്ന
ടൈറ്റിൽ സ് സീനുകളും നന്നായിട്ടുണ്ട് . ഒരു പ്രണയലേഖനം പാശ്ചാത്തലത്തിൽ
സ്കാൻ ചെയ്യ പെട്ടുകൊണ്ടിരിക്കുന്നതും ശ്രദ്ധേയമായി.
എഴുപതുകളിൽ എഴുതപെട്ട ഒരു ചെറുകഥയുടെ വായനാസുഖമാണ് ഈ സിനിമ
നമുക്കു തരുന്നത്. കഥ ആവശ്യപെടുന്ന മിതത്വത്തോടെയും കയ്യടക്കത്തോടെയും
കൈകാര്യം ചെയ്ത ലാൽ ജോസ് അഭിനന്ദനമർഹിക്കുന്നു.
എങ്കിലും അത് മികച്ച ഒരു സിനിമാ അനുഭവമാകാതെ പോകുന്നു.
കാരണങ്ങൾ പലതാണ്. ഇതുപോലൊരു സിനിമയിൽ പാട്ടുകൾ വളരെ പ്രധാനമെന്നിരിക്കെ
വിദ്യാസാഗറിന്റെ ചിരപരിചിതമായ ഈണങ്ങൾക്ക് വാക്കുകൾ കൊണ്ട് ഒരു
മേലങ്കി ചാർത്തുവാനെ ശരത് ചന്ദ്രവർമ്മയുടെ വരികൾക്ക് ആകുന്നുള്ളൂ .അതുപോലെ
കഥാപാത്രങ്ങളുടെ നൈരന്തര്യത്തിന്റെ കാര്യത്തിൽ ലാൽ ജോസ് ഭീമാബദ്ധം തന്നെ
കാട്ടിയിരിക്കുന്നു എന്നാണ്എന്റെ അഭിപ്രായം.തിരക്കഥയുടെ ആസൂത്രണത്തിലുണ്ടായ
ചില പാളിച്ചകൾ കഥാഗതിയിലൊരിടത്തുണ്ടാകുന്ന സസ്പെൻസ് വല്ലാതെ കുറച്ചുകളയുകയും
ചെയ്തു.ഇതെല്ലാം മാറ്റി നിർത്തിയാൽ നല്ലൊരു സിനിമ തന്നെയാണ് ‘നീലതാമര’