Friday, February 19, 2010

ലീല


......
ഭാ‍രതിയമ്മയുടെ മടിയിൽ തലവെച്ചുകിടന്നുകൊണ്ട് ,കഥയെല്ലാം
കേട്ടുതീർന്നപ്പോൾ കൃഷ്ണൻ നായർ അടുത്ത ആവശ്യമുന്നയിച്ചു;
“ ഇനി നമുക്കു ഒളിച്ചു കളിക്കാം..”
വേദനിക്കുന്ന മുട്ടുകൾ തടവികൊണ്ട് ഭാരതിയമ്മ പറഞ്ഞു: “ശരി..”
“അണ്ടക്ക..മണ്ടക്ക ..ഡാമ...ഡൂമ ..ഡെസ്കനക്കണ ..കോക്കണക്കണ..”
തന്നെയും ഭാര്യയും മാറി മാറി തൊട്ടുകൊണ്ട് കൃഷ്ണൻ നായർ പാടി..
“ഡെയ്..” ഒടുവിൽ കൈവിരൽ സ്വന്തം നെഞ്ചിൽ കുത്തികൊണ്ട്
കിതപ്പോടെ അയ്യാൾ അവസാനിപ്പിച്ചു..”അപ്പോ നീയെണ്ണണം..”
“ശരി ശരി..പക്ഷെ വീടിന്നു പുറത്തും അപ്സ്റ്റെയറിലും ഒളിക്കാൻ പാടില്ല..”
ഭാരതിയമ്മ ഒരു കണ്ടീഷൻ മുന്നോട്ട് വച്ചു.
“സമ്മതിച്ചു...“
പുറത്തെക്കുള്ള വാതിലുകളെല്ലാം അടച്ചു കുറ്റിയിട്ട് സന്ദർശകമുറിയിലെ
അലങ്കാരതൂണിൽ കണ്ണുപൊത്തികൊണ്ട് ഭാരതിയമ്മ എണ്ണൽ ആരംഭിച്ചു..
.........നാല്പത്തെട്ട്,നാല്പൊത്തൊൻപത്, അമ്പത്..
അമ്പസ്താനി...
അമ്പസ്താനി...
അമ്പസ്താനി...
മൂന്നുതവണ ഉറക്കെ വിളിച്ചു കൂവി എണ്ണൽ അവസാനിപ്പിച്ച് അവർകണ്ണുതുറന്നു...
അപ്പോൾ പുറത്ത്ഉച്ച വെയിൽ മങ്ങിയതായും വീടിനുള്ളിൽ ഒരു നീലിമ
പടർന്നതായും അവർക്ക് തോന്നി.പുറത്ത് വെയില് നേർക്കുക മാത്രമല്ല
പൂത്തുനിൽക്കുന്ന ഗുൽമോഹർ ചില്ലകൈ ആട്ടി പൂവുകൾ വർഷിക്കുന്നതും
അതിൽ മൂന്നാലു വെൺപ്രാവുകൾ പറന്നുവന്നിരിക്കുന്നതും,നാളെക്ക്
വിരിയാൻ നിന്ന തോട്ടത്തിലെ പൂമൊട്ടുകളെല്ലാം പൊടുന്നനെ ഞെട്ടിവിടർന്നതുമൊന്നും
അവർ പക്ഷെ അറിഞ്ഞില്ല.....
ചുറ്റുമുള്ള പ്രകൃതിയിലെ അത്ഭുതകരമായ ഈ മാറ്റങ്ങളൊന്നുമറിയാതെ ,
അവർ വീട്ടിനുള്ളിലെ മുറിയിലെവിടെയോ ഒളിച്ചിരിക്കുന്ന
കൃഷ്ണൻ നായരെ കണ്ടുപിടിക്കാനായി അന്വേഷണം ആരംഭിച്ചു.ആദ്യം ബെഡ് റൂമിലും
വായനാമുറിയിലും നോക്കി ,കാണാതായപ്പോൾ അടുക്കളയിലും വർക്ക് ഏരിയായി
ലുമൊക്കെ നോക്കി..പക്ഷെ എവിടെയും കൃഷ്ണൻ നായരില്ല.!!!
പുറത്തേക്കുള്ള വാതിലുകൾ പരിശോധിച്ചു; ഇനി തന്നെ പറ്റിച്ച് പുറത്തേക്കെങ്ങാൻ
ഇറങ്ങി പോയോ?ഇല്ല! വാതിലുകളെല്ലാം ഉള്ളിൽ നിന്നുംപൂട്ടി കിടക്കുകയാണ്..ഒരിക്കൽ കൂടി
കട്ടിലുകൾക്കു ചുവട്ടിലും അളമാരികൾക്കു പിന്നിലും വാർഡ് റോബ് തുറന്ന് അതിനുള്ളി
ലുമൊക്കെ പരിശോധിച്ചു..... ഒടുവിൽ പഴയൊരു ചൊല്ല് ഓർത്തുകൊണ്ട് അടുക്കളയിലെ
ഫ്രിഡ്ജും തുറന്ന് പരിശോധിച്ചു..ഫ്രിഡ്ജ് തുറന്നപ്പോൾ കൃഷ്ണൻ നായർ ഇടക്കെടുത്ത്
തിന്നാൽ വേണ്ടി സൂക്ഷിച്ചുവച്ചിരുന്ന ചോക്ലേറ്റ് പായ്ക്കറ്റിൽ നിന്ന് ഒന്നുരണ്ടെണ്ണം താഴെ വീണു....
പക്ഷെ എങ്ങും കൃഷ്ണൻ നായർ ഇല്ല......!!!!!!!!!!!
ഇദ്ദേഹമിതെവിടെ പോയി?തുറന്നുകിടക്കുന്ന ജനലുകൾ വഴി പുറത്തേക്ക് പറന്നുപോയോ??!!!
ഭാരതിയമ്മയുടെ പരിഭ്രമം വർധിക്കുകയാണ് ,അവർ കിതക്കുകയും ചെയ്യുന്നുണ്ട്
“കൃഷ്ണാ... “ അവർ കൃഷ്ണൻ നായരെ പേരെടുത്തു ഉറക്കെ വിളിച്ചു.ആരും അടുത്തില്ലാത്തപ്പോൾ
അവർ ഭർത്താവിനെ അങ്ങനെയാണ് വിളിക്കുക.. മറുപടിയൊന്നുമില്ലാതായപ്പോൾ
വീണ്ടും ഉറക്കെ വിളിച്ചു കൂവി “ കൃഷ്ണാ ... ഞാൻ തോറ്റു പുറത്തുവാ..”
അതിനു മറുപടിയായി പുറത്തെതോ മണ്ണാത്തിപുള്ളിന്റെ മധുരകൂജനമുയർന്നതല്ലാതെ
മറ്റു ശബ്ദങ്ങളൊന്നുമില്ല,എങ്ങും...
അവർ ഓടി വീണ്ടും വിസിറ്റേഴ്സ് റൂമിൽ എത്തി .അവിടെ നിന്നാൽ ബാൽക്കണിയും
മുകളിലുള്ള രണ്ടു മുറികളുടെ താഴിട്ടു പൂട്ടിയിരിക്കുന്ന വാതിലുകളും കാണാം... ..
ഇനി അവിടെ മാത്രമേ നോക്കാനുള്ളൂ.പക്ഷെ അവപുറത്ത് നിന്ന് താഴിട്ടു പൂട്ടിയിരിക്കുക
യാണ്..എന്നാലും തന്നെ പറ്റിച്ച് ,അദ്ദേഹം ആ മുറികളിലേതിലോ ഒന്നിൽ ഒളിച്ചിരിക്കുന്നു
ണ്ടെന്ന് അവർ വിശ്വസിച്ചു...കാരണം അവിടെ മാത്രമേ ഇനിനോക്കാനുള്ളൂ..
പ്രായമായതിൽ പിന്നെ മുകളിലെക്ക് കയറുന്നത് വലിയബുദ്ധിമുട്ടാണ്.,
കാൽ മുട്ടുകൾക്ക് ഓസ്റ്റിയോ ആർത്രൈറ്റിസ് ബാധിച്ചതിനു ശേഷം കയറിയിട്ട്
വർഷങ്ങൾ തന്നെയായി....അവർ ഷോകെയ്സിൽ വച്ചിരിക്കുന്ന പൊൻ പറയിൽ
നിന്ന് താക്കോൽ കൂട്ടമെടുത്ത് ഗോവണിചുവട്ടിലെത്തി...മുകളിലേക്ക് മുപ്പത്
പടികളുണ്ട്...
പടിയിൽ തൊട്ട് നെറുകയിൽ വച്ചുകൊണ്ട് വീണ്ടും ഉറക്കെ വിളിച്ചു.
“കൃഷ്ണാ....“ പക്ഷെ ഇത്തവണ അവർ വിളിച്ചത് സാക്ഷാൽ ശ്രീകൃഷ്ണ ഭഗവാനെയാണ്....
അവർ ഉള്ളു നൊന്ത പ്രാർഥനയോടെ ആദ്യത്തെ പടിയിൽ കാൽ വച്ചതും ഭഗവാൻ തന്റെ
ലീലകൾ ആരംഭിച്ചു.()
ആദ്യമായി അവരുടെ കാൽ മുട്ടിലെ വേദന അപ്രത്യക്ഷമായി..പിന്നെ
അവർ ഓരൊ പടവിൽ കാൽ വക്കുമ്പോളും കാലചക്രം പിന്നോട്ടുതിരിയാൻ തുടങ്ങി.
ഓരോ പടവും ഓരോ വർഷങ്ങൾ.....ഇതു വരെ ജീവിച്ച ജീവിതം അവർ വീണ്ടും ഒരിക്കൽ കൂടി
ജീവിക്കുകയാണ്.അവരുടെ കാൽ ചുവട്ടിലൂടെ കാലം പുറകൊട്ട് ഒഴുകി കൊണ്ടിരുന്നു..
അങ്ങനെ അൾഷ്യമേഴ്സ് ബാധിതനായി ഒരു കൊച്ചു കുട്ടിയെ പോലെ പെരുമാറി കൊണ്ടിരിക്കുന്ന
തന്റെ ഭർത്താവിനെ ശുശ്രൂഷിച്ചും പരിചരിച്ചും
അവർ നാല്പത്തിയഞ്ചാമത്തെ വയസ്സിൽ എത്തിചേർന്നു.അതായത് അവർ അഞ്ച് പടവുകൾ
കയറികഴിഞ്ഞു....,അന്നേദിവസം നേരം പുലരുമ്പോൾ അവർക്ക് ഭർത്താവിനോട് പറയാൻ ഒരു വിശേഷമുണ്ട്
ചെറിയൊരു തലകറക്കം ,ഛർദ്ദി..ഈ ശ്വരാ അതു തന്നെയോ ?മാസം തോറും മുറതെറ്റാതെ
വന്നെത്തുന്ന മാസമുറ പതിവ് തെറ്റിച്ചിട്ട് രണ്ടാഴ്ച കഴിഞ്ഞിരിക്കുന്നു..
രണ്ട് പേരും കൂടി നേരെ അടുത്തുള്ള ശ്രീകൃഷ്ണ ക്ഷേത്രത്തിലേക്കാണ്ആദ്യം പോയത്.നട അടച്ചിരുന്നെങ്കിലും
പുറത്ത് നിന്ന് പ്രാർഥിച്ചു.ഭാരതിയമ്മയുടെ കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണീർ തുള്ളികൾ നടക്കല്ലിൽ
വീണു ചിതറി..
അവർ ഇവിടെ എത്രയോ നാളുകളായി പ്രാർഥിക്കുന്നു!
അവർ ഇവിടെ എത്രയെത്ര കണ്ണീരൊഴുക്കി...!!
അവിടെ നിന്ന് നേരെ ഡോക്ടർ സരളാ ദേവിയുടെ ക്ലീനിക്കിലേക്ക്...
വിശദമായി പരിശോധിച്ചതിന് ശേഷം ഡോക്ടർ പറഞ്ഞു....menopause! അതായത് ആർത്തവവിരാമം..
ഒരമ്മയാവമെന്ന അവസാനത്തെ പ്രതീക്ഷയും തീർന്നിരിക്കുന്നു..അതു കേട്ടപ്പോൾ
അവർ തളർന്നു.. കൃഷ്ണൻ നായർ തകരുകതന്നെ ചെയ്തു..ആദ്യം മനോവിഭ്രാന്തിയുടെ ലക്ഷണങ്ങൾ..
അതു മാറിയപ്പോൾ അൾഷിമേഴ്സ്....
അവർ വീണ്ടും പടവുകളീലൂടെ നീങ്ങുകയാണ്..ജീവിതത്തിൽ ഒരിക്കൽ അനുഭവിച്ച് തീർത്ത
സുഖദു:ഖങ്ങളൊക്കെ വീണ്ടും കണ്മുന്നിലൂടെ കടന്നുപോകുന്നു..,കമ്പനിയിലെ മികച്ച അഡ്മിനി
സ്ട്രേറ്റർക്കുള്ള അവാർഡ് അദ്ദേഹം ഏറ്റു വാങ്ങുന്നത്,പഴയതറവാട് പൊളിച്ച് ബംഗ്ലാവ് പണിയുന്നത്,

ഗൾഫിൽ നിന്ന് അദ്ദേഹത്തിനെ താൻ കത്തെഴുതിവരുത്തുന്നത് ,മാതൃകാ പരമായ ദാമ്പത്യം....
ദു:ഖഗാനം പോലെ ജീവിതത്തിന്റെ പാശ്ചാത്തലത്തിലെപ്പോഴുമുണ്ടായിരുന്ന അനപത്യതാ ദു:ഖം ,
ആർട്ടിഫിഷ്യൽ ഇൻസെമിനേഷനു വേണ്ടി ഡോക്ടർ മുഹമ്മദ് ഉപദെശിക്കുന്നത്...
അങ്ങനെ കഴിഞ്ഞു പോയ ജീവിത്തത്തിലെ സന്ധികളും പ്രതിസന്ധികളും പിന്നിട്ട്
അവർ ഇപ്പോൾ എത്തിനിൽക്കുന്നത് തന്റെ ജീവിതത്തിലെ ഏറ്റവും അനർഘസുന്ദരമായ
ഒരു മുഹൂർത്തതിലാണ്.....സ്റ്റെയർ കെയ്സിലെ മുപ്പതാമത്തെ പടിയിൽ.. അതായത്
ഇരുപതാം വയസ്സിൽ...............
അവരുടെ ആദ്യരാത്രി...സർവ്വാഭരണവിഭൂഷിതയായി
അവൾപാലുമായി മണിയറയിലേക്ക് പ്രവേശിക്കുന്നു..
പാല് ഗ്ലാസ്സ് വാങ്ങി മേശപുറത്ത് വച്ചശെഷം യുവാവായ കൃഷ്ണൻ നായർ അവളെ അരികിൽ
ചേർത്തിരുത്തി.. പിന്നെ ലഹരി പിടിപ്പിക്കുന്ന സ്വരത്തിൽ പറയുന്നു..“അഴിക്ക്...”
അവൾ ഞെട്ടി മുഖമുയർത്തുമ്പോൾ അയ്യാൾ കള്ളചിരിയോടെ വീണ്ടും പറയുന്നു; “ഈ ആഭര
ണങ്ങളെല്ലാം അഴിച്ചു മാറ്റ്...” അവൾ ആഭരണങ്ങൾ ഒന്നന്നായി അഴിച്ചു മാറ്റുമ്പോൾ,
ഇല്ലാത്ത ഉഷ്ണത്തെകുറ്റപെടുത്തി അയ്യാൾ തന്റെ സിൽക്ക് ജുബായും അഴിച്ചുമാറ്റി..
അപ്പോൾ അയ്യാളുടെ വലത്ത് മാറിടത്തിൽ ശ്രീലങ്കയുടെ മേപ്പ് പോലെ
പ്രത്യക്ഷപെട്ട ഇരുണ്ട അടയാളം കണ്ട് അവൾ ചോദിച്ചു:
..”എന്തായിത്...?”
“എന്റെ ബർത്ത് മാർക്ക്..ജനിച്ചപ്പോഴെയുള്ള കറുത്ത മറുക്..”
‘’ മറുക് വലത്ത് നെഞ്ചിലാകുമ്പോൾ അതിനെ "ശ്രീവത്സം" എന്നാണ് പറയുക..”
“ ഇഷ്ടമായോ ...?” അതിന് പക്ഷെ അവൾ മറുപടി പറഞ്ഞത് അയ്യാളുടെ മറുകിൽ
ചുംബിച്ചുകൊണ്ടാണ്...അതൊരു റിഫ്ലക്സ് ആക്ഷൻ പോലെയായിരുന്നു..
ആദ്യം ചുണ്ടുകൾ ഏറ്റുവാങ്ങേണ്ട് സമ്മാനം അങ്ങിനെ അയാളുടെ നെഞ്ചിലെ മറുകിനു
കിട്ടി..” കയ്യിൽ അവശേഷിച്ച ഒറ്റതടവളയും ഊരികൊണ്ട് അയ്യാൾ പറഞ്ഞു
“ഭാരതി, ഇനി നീ നിന്റെ പേരിൽ നിന്നൊരക്ഷരം അഴിച്ചു മാറ്റണം..”
“ഏതക്ഷരം..”
“ആദ്യത്തെ അക്ഷരം..”
“ ഇന്ന് രാത്രി മുഴുവൻ നീ ‘രതി‘ മാത്രമായിരിക്കും ..എന്റെ രതീദേവി..”
അയ്യാൾ മേശവിളക്ക് അണച്ചു കൊണ്ട് പറഞ്ഞു.ഇരുട്ടിൽ അല്പനിമിഷങ്ങൾ
നിശ്ശബ്ദമായി കടന്നു പോയി..പിന്നെ സ്ത്രീ പുരുഷ സമ്മിശ്രമായ സീൽക്കാര
സംഗിതമുയർന്നു..,അകമ്പടിയായി മണിയറ കട്ടിലിന്റെ സന്ധിബന്ധങ്ങൾ
താളാത്മക മായി ഞെരിഞ്ഞു....അങ്ങനെ,അവിടെ ആദ്യസംഗമത്തിന്റെ സംഗീതമേളം
നിറഞ്ഞു......
...പിറ്റെന്ന് പുലർന്നപ്പോൾ,ക്രീഡാലോലമായ രാവിന്റെ തിരുശേഷിപ്പു പോലെ ,തരംഗിത
മായ മെത്തവിരിപ്പിൽ,വാടിയമുല്ലപൂക്കൾക്കിടയിൽ ഒരു പനിനീരിതളുകണ്ടപ്പോൾ ,
അവളുടെ ഉള്ളിലെന്തൊ പിടഞ്ഞു.ഉഴുതുമറിക്കപെട്ട ക്ഷേത്രമണ്ണിൽ മുള പൊട്ടുന്ന
ഒരു വിത്തിന്റെ ഉൾ തുടിപ്പായി തന്റെ അടിവയറ്റിൽ ജീവന്റെ നാമ്പുകൾ
നങ്കൂരമിട്ടുകഴിഞ്ഞെന്നോ? പക്ഷെ..................
* * * * *
അത്ഭുതകരവും സ്വപ്നസന്നിഭവുമായ കാലാനുഭവത്തിൽ നിന്നുണരുമ്പോൾ
അവർ കോണിചുവട്ടിലിരിക്കുകയാണ്... മുകളിലേക്ക് കയറാതെ തന്നെ
കൃഷ്ണൻ നായർ അവിടെയെങ്ങുമില്ലെന്ന് അവർക്ക് ബോധോദയമുണ്ടായി.
പുറത്ത് ഉച്ചവെയിൽ നേർത്ത് നേർത്ത് നിലാവ് തന്നെയായിരിക്കുന്നു..
കുറുകുന്ന പ്രാവും വീശിയടിക്കുന്ന കാറ്റും ഇപ്പോൾ നിശ്ശ്ബ്ദമാണ്..
അപ്പോൾ,അപ്പോൾ ...വീടിനുള്ളീൽ ഒരു കരച്ചിൽ ഉയർന്നു...
വിശാലമായ തളത്തിലെ ഒരു കോണിൽ കിടന്നിരുന്ന നൂറ്റാണ്ടുകളുടെ
പഴക്കമുള്ള ചന്ദനതൊട്ടിലിൽ നിന്നാണ് ആ കരച്ചിലുയരുന്നത്..
ഒളിച്ചിരിക്കുന്ന ഭർത്താവിനു വേണ്ടി വീടു മുഴുവൻ അരിച്ച് പെറുക്കിയെങ്കിലും
അവർ നോക്കാതെ വിട്ടു പോയ ഒരു ഇടമായിരുന്നു അത്.....
തൊട്ടിലിൽ കൈകാലിട്ടടിച്ച് കരഞ്ഞു കൊണ്ടിരിക്കുകയാണ് ഓമനത്തം
തുളുമ്പുന്ന ഒരു കുഞ്ഞ്.അതിന്റെ വലത്തെ മാറിടത്തിൽ ഒരു കൊച്ചു മറുകും
അവർ കണ്ടു: ‘ശ്രീവത്സം”
അവർകുഞ്ഞിനെ വാരി മാറോടണച്ചു .പാൽ ചുരന്നു വിജൃംഭിച്ച
മുലകണ്ണ് കുഞ്ഞിന്റെ വായിലേക്ക് തിരുകി പാലൂട്ടുവാൻ ആരംഭിച്ചു..
അങ്ങനെയാണ് ഭാരതിയമ്മ അമ്പതാം വയസ്സിൽ ഭർത്താവിനെ
നഷ്ട പെടാതെ തന്നെ വിധവയായത്...
പ്രസവിക്കാതെ തന്നെ അമ്മയായത്..

35 comments:

താരകൻ said...

അമ്പതാമത്തെ വയസ്സിൽ ,ഭാരതിയമ്മ
ഭർത്താവിരിക്കെ തന്നെ വിധവയായി..
പ്രസവിക്കാതെ തന്നെ അമ്മയായി...
എല്ലാം ...എല്ലാം...അവന്റെ ലീലകൾ!!

ശ്രീ said...

ആഹാ... എന്താ മാഷേ പറയേണ്ടത്? ഒരു ക്ലാസിക് കഥ!

സസ്പെന്‍സ്, ത്രില്ലര്‍, വെറൈറ്റി എല്ലാം ഒത്തു ചേര്‍ന്ന ഒന്ന്.

ചിന്തകള്‍ പോകുന്ന ഒരു പോക്ക്! സമ്മതിച്ചു :)

ഒരു നുറുങ്ങ് said...

ട്രൂകോപ്പി! congratz !

Panicker said...

തിരക്കുകൾ കാരണം ബ്ലോഗിൽ കുറച്ചു നാളായി അത്ര ആക്ടീവ്‌ ആയിരുന്നില്ല. അൽവിദാ പോസ്റ്റ്‌ ഇപ്പോഴാണു കണ്ടതു.

കഭി അൽവിദാ നാ കെഹനാ .. :)

"ലീല" വളരെ ഇഷ്ടപ്പെട്ടു. ഉയർന്ന ചിന്തയും സിമ്പോളിസവും ..

എഴുതിക്കൊണ്ടേയിരിക്കു.

വീകെ said...

നന്നായിരിക്കുന്നു കഥ...
അതിലേറെ ആഖ്യാന രീതി....
ഒരു പുത്തൻ അനുഭവം...

ആശംസകൾ...

Muralee Mukundan , ബിലാത്തിപട്ടണം said...

കുണ്ഡു..മാണി..സാറ..പീറ..ഗോഷ്...!
അൾഷ്യമേഴ്സിന്റേയും,മനോവിഭ്രാന്തികളൂടേയും ലീലവിലാസങ്ങൾ ,നല്ലയവതരണഭംഗിയോടെ;
സിംബോളിക്കായി - സിംബിളായി ചിത്രീകരിച്ചിരിക്കുന്നൂ....
അഭിനന്ദനങ്ങൾ ഭായി !

കിച്ചന്‍ said...

എന്താ ഇപ്പ പറയുക.....ഒരു ഭാര്യയുടെ, അമ്മയാകാന്‍ കഴിയാത്ത ഒരു സ്ത്രീയുടെ കഥ വളരെ നല്ല രീതിയില്‍ അവതരിപ്പിച്ചിരിക്കുന്നു......

Rare Rose said...

കൃഷ്ണ ലീലകള്‍ വായിച്ചു..
ഇത്രയും വിദഗ്ദമായി ഓരോന്നും ചേരേണ്ടയിടത്ത് തന്നെ ഇഴ ചേര്‍ക്കുന്ന എഴുത്തു കണ്ടത്ഭുതം തോന്നുന്നു.എന്തൊരു വ്യത്യസ്തമായ ചിന്തകള്‍.ആശംസകള്‍..

താരകൻ said...

rarerose that is a pleasing and encouraging observation as far as a writer is concerned especially from a poet herself...
sree thanks once again..
umesh,nurung,panicker,vk,bilathi,kichan
thannks

പട്ടേപ്പാടം റാംജി said...
This comment has been removed by the author.
പട്ടേപ്പാടം റാംജി said...

ചിത്രം ഞാന്‍ ഒരുപാട് നേരം നോക്കിയിരുന്നുപോയി.
അത്രയും എന്തോ ഒരിത് തോന്നി.
മാഷിന്‍റെ കഥകളിലെ വ്യത്യസ്ത്ഥത, അതെന്നെ വല്ലാതാകര്ഷിക്കുന്നു.

ആര്‍ദ്ര ആസാദ് / Ardra Azad said...

താങ്കളുടെ കഥകളിലെ ക്ലൈമാക്സ്സിലുള്ള ട്വസ്റ്റ് എന്നെ ആകര്‍ഷിച്ചിട്ടുണ്ട്. ‘ലീല’ വായിച്ചുതുടങ്ങിയപ്പോഴും ഇതെങ്ങനെ അവസാനിപ്പിക്കുമെന്ന നിറഞ്ഞ ആകാംഷയുണ്ടായിരുന്നു. പക്ഷെ ഉള്ളതു പറഞ്ഞാല്‍ അവസാന പാരഗ്രാഫിലെ സിം‌മ്പോളിസം എനിക്ക് ശരിക്കും മനസ്സിലായില്ല.

‘നന്ദന’ത്തിലെ കൃഷ്ണന്‍നായരുടെ ലീലകള്‍ തന്നെയായിരുന്നൊ താങ്കളും ഉദ്ദേശിച്ചത്?

jayanEvoor said...

വളരെ നന്നായിരിക്കുന്നു താരകാസുരാ!
വ്യത്യസ്തം;ഗംഭീരം!

(അൽഷിമേഴ്സ് രോഗം കണ്ടറിഞ്ഞിട്ടുള്ള ആളുകൾ ഇതു പൂർണമായി ഉൾക്കൊള്ളും, ആസ്വദിക്കും...

അല്ലാത്തവർ ഫാന്റസി മാത്രം ആസ്വദിക്കും.‌)

ജീവി കരിവെള്ളൂർ said...

വളരെ നന്നായിരിക്കുന്നു ലീലകള്‍

ഹംസ said...

നന്നായിരിക്കുന്നു. കഥയും മുകളിലെ ചിത്രവും.

ആശംസകള്‍

സുമേഷ് | Sumesh Menon said...

താരകന്‍ മാഷേ,
സത്യം പറഞ്ഞാല്‍ എനിക്കൊന്നും പറയാന്‍ കഴിയുന്നില്ല.. ഇവിടെ അഭിപ്രായം ഇടാന്‍ ഞാന്‍ അശക്തനാണ്...
എന്തൊരു സാധനമാ ഇതു..ഹൊ.ഗംഭീരം..!!

hshshshs said...

ഉദ്വേഗവും നർമ്മവും സമാസമം ചാലിച്ചെടുത്ത ഈ മനോഹര സൃഷ്ടി വായിക്കുകയായിരുന്നില്ല,ഞാൻ കാണുകയായിരുന്നു...
‘കൃഷ്ണാ ...’ എന്ന വിളിക്കു മറുപടിയായി പുറത്തെവിടെയോ മണ്ണാത്തിപ്പുള്ള് കരഞ്ഞതു ഞാനും കേട്ടു..ഭാരതിയമ്മ ആദ്യപടിയിൽ കാൽ വെച്ചതും ഭഗവാൻ തുടങ്ങി വെച്ച ലീലകൾ ഞാനും കണ്ടു.. ഇതിനെല്ലാം പുറമേ താരക രചനകളുടെ ആ സ്ഥായീഭാവം , വിഷാദം, മുകളിലെ ചിത്രത്തിലെന്ന പോലെ അവ്യക്തമായ രൂപഭാവങ്ങൾ തീർക്കുന്നതും ഞാനറിഞ്ഞു..in short beautiful !!!

താരകൻ said...

ഒരിക്കൽ ‘പാഞ്ഞാൾ’ എന്ന സ്ഥലത്തു വച്ച്
ഒരു നമ്പൂതിരി ഇല്ലത്ത് ഗൃഹസന്ദർശനത്തിനുള്ള
അവസരമുണ്ടായി...അവിടെ വച്ച് മേധാക്ഷയം
ബാധിച്ച ഭർത്താവിന്, അരികിലിരുന്ന് കാൽതടവികൊണ്ട്
രാമായണത്തിൽ നിന്നുള്ള കഥകൾ
പറഞ്ഞുകൊടുക്കുന്ന വൃദ്ധയെ കണ്ടു.
“മൂപ്പർക്കിപ്പോ ഇതാ നേരം പോക്ക് ...പഴയകഥകളൊക്കെ
വീണ്ടും കേൾക്കാ” അന്ന് അവർ പറഞ്ഞു.
പിന്നീട് വർഷങ്ങൾക്ക് ശേഷം അവരെ സന്ദർശിക്കുമ്പോൾ
വൃദ്ധന്റെ ഓർമ്മ പൂ‍ർണ്ണമായും നശിച്ചിരുന്നു,ഭക്ഷണം വാരികൊടുത്താലെ
കഴിക്കൂ..മൂത്രം പോകാൻ കത്തീറ്റർ’ ഇട്ടിരിക്കുന്നു.
അപ്പോഴും അയ്യാൾ ഒരാളെ മാത്രം തിരിച്ചറിഞ്ഞിരുന്നു.സദാ അരികിലിരുന്നു
ശുശ്രൂഷിക്കുന്ന ഭാര്യയെ ..ബിലീവ് ഇറ്റ് ഓർ നോട്ട്, അയ്യാൾ അവരെ ‘അമ്മ ‘എന്നാണ്
വിളിച്ചിരുന്നത്.വിശക്കുമ്പോഴും ,കിടക്കയിൽ തിരിഞ്ഞു കിടക്കണമെങ്കിലുമൊക്കെ
അയ്യാൾ വിളിക്കും.“.അമ്മേ...“
വായിക്കുകയും അഭിപ്രായം പറയുകയും ചെയ്ത എല്ലാവർക്കും നന്ദി.
ആർദ്ര...കഥകുറച്ചുകൂടെ വ്യക്തമായി എന്നു വിശ്വസിക്കുന്നു. ജയൻ ഏവൂർ,
എച് എസ് ഫോർ എന്നിവരുടെ അഭിപ്രായങ്ങൾ കൂടി നോക്കുക...

ഗീത said...

The unexpected twist at the end - so beautiful.
Classic ! Mystic !! Enigmatic !!!

sm sadique said...

വല്ലാതെ നൊമ്പരപെടുത്തുന്നു . കഥയുടെ അവസാനം അസ്സലായിരിക്കുന്നു .

ആര്‍ദ്ര ആസാദ് / Ardra Azad said...

കഥാന്ത്യം ചോദിച്ചറിയേണ്ടിവന്നതിൽ ഖേദിക്കുന്നു.
എന്റെ വായന കഥയെ കുറച്ചുകൂടി ഉൾകൊണ്ടാവണമായിരുന്നു.

...karthika... said...

nannaayirikkunnu. good symbolism n great narration. thoroughly enjoyed it. thank u:)

അഭി said...

വളരെ നന്നായിരിക്കുന്നു .......ഈ ശൈലി അതിലേറെ ഇഷ്ടപ്പെട്ടു

Shine Kurian said...

നല്ലൊരു വായനാനുഭവമായി ലീല. താരകന്റെ രചനകളില്‍ മികച്ചവയിലൊന്ന്..

വെഞ്ഞാറന്‍ said...

വളരെ നന്നായിരിക്കുന്നു. ‘ താരകാ, മിഴിയിതളില്‍ കണ്ണീരുമായി....’

mukthaRionism said...

നല്ല എഴുത്ത്...
ഒഴുക്കുള്ള ഭാഷ..
നന്നായിരിക്കുന്നു..

ഷൈജു കോട്ടാത്തല said...

നന്നായിരിക്കുന്നു..

ഒഴാക്കന്‍. said...

ചിത്രം,വല്ലാതാകര്ഷിക്കുന്നു!

ആശംസകള്‍

Unknown said...

കഥയുടെ അവതരണം മനോഹരമായി,
അതിനു തിരഞ്ഞെടുത്ത ചിത്രവും.
അഭിനന്ദനങ്ങള്‍

Sabu Kottotty said...

അതി മനോഹരം... ശക്തമായ ആശയം...
..ആശംസകള്‍..

ദൃശ്യ- INTIMATE STRANGER said...

nannayirikunnallo...

Readers Dais said...

hello tharaka sir,
missed a few of ur creations as i was not around in blogworld, any way im happy to have read this in my comeback, sir u really excel in ur style of writing, areally different and enjoyable style u have, thanks to the blog world which gave me access to your creations, u r really gifted and we are lucky to have u around...thanks dear

താരകൻ said...

thanks for all those who visited the blog...
shaiju kottathala,Readers daise welcomeback to the virtual world .
RD, how can you miss the previous creations which are only a click away...any way special thanks for the encouraging words...

Anonymous said...

നല്ല കഥ.എന്നാലും ന്റെ മാഷേ, നിങ്ങളെന്റെ കൃഷ്ണന്‍ നായരേം ഭാരതിയമ്മേനേം ഹൈജാക്ക് ചെയ്തു കളഞ്ഞല്ലോ..... സമയമുള്ളപ്പോള്‍
ഇവിടെയൊന്നു നോക്കിയേ...

mazhamekhangal said...

a classic one...