പഴശ്ശിരാജയിലെ ഗാന രചനയുടെ പേരിൽ ഓ എൻ വി വിമർശിക്കപെടുന്നു!
വിമർശിക്കുന്നത് അദ്ദേഹത്തിന്റെ കവിതയെ സംഗീതസുരഭിലമാക്കിയ ഇളയ
രാജ!!. കാട്ടിൽ ഒളിവിൽ കഴിയുന്നപഴശ്ശിരാജയുടെ മനസംഘർഷങ്ങളെ കൂടി
ആദിയുഷസ്സന്ധ്യ..എന്ന കവിതയിലെ
വരികൾക്ക് ഉൾക്കൊള്ളനായില്ല എന്നതാണ് ഇളയരാജയുടെ പരാതി.
സംഗീതവും സാഹിത്യവും സരസ്വതിയുടെ സ്തനദ്വയങ്ങളാണെന്ന് പണ്ടെപ്പോഴോ
സംസ്കൃതം ക്ലാസ്സിൽ പഠിച്ചത് ഓർത്തു പോകുന്നു.ഈ മുലകളുടെ സിമ്മട്രിയാണ്
ഒരു ഗാനത്തിനെ മികച്ചതാക്കുന്നത് എന്ന് പറയാം.ഒന്ന് ഒന്നിനേക്കാൾ മുഴുത്തതാവാൻ
പാടില്ല .മറ്റൊരുവിധത്തിൽ പറഞ്ഞാൽ സംഗീതവും സാഹിത്യവും പരസ്പരപൂരക
ങ്ങളായി വർത്തിക്കണം ,ഒരു ഗാനശില്പത്തിൽ.പഴയ ഗാനരചയിതാക്കളും സംഗീതസം
വിധായകരും ഈയൊരു ലാവണ്യ തന്ത്രമുൾക്കൊണ്ടാണ് പാട്ടുകൾ സൃഷ്ടിച്ചിരുന്നത്
അതുകൊണ്ടാണ് ആ പാട്ടുകൾ ഇന്നും നമ്മളിഷ്ടപെടുന്നത്.
പിന്നെ പിന്നെ പാട്ടിന്റെകാര്യത്തിൽ സ്തനദ്വയങ്ങളിൽ ഒന്നായ സാഹിത്യം ശോഷി
ച്ചു വരുന്ന കാഴ്ചയാണ് നമ്മൾ കണ്ടത്. ട്യൂണിട്ടതിനു ശേഷം വരികളെഴുതുന്ന
സമ്പ്രദായം ഈ സാഹിത്യ ശോഷണത്തിന് ആക്കം കൂട്ടി. പലപാട്ടുകളിലും മ്യൂസിക്കിനനുസരിച്ച്
അക്കം പക്കം അച്ചാം പീച്ചാം എന്നിങ്ങനെയൊക്കെ എന്തെങ്കിലും വാക്കുകൾ
കുത്തിതിരുകുന്ന ഒരു ടെക്നീഷ്യൻ മാത്രമായി ഗാനരചയിതാവ്. പക്ഷെ ഇങ്ങനെയൊക്കെ
യാണെങ്കിലും കൈതപ്രം, ഗിരിഷ്,റഫീക് ,അനിൽ പനച്ചൂരാൻ എന്നിവരുടെ
തൂലികയിൽനിന്നും ഇന്നും നല്ല നല്ലഗാനങ്ങളുണ്ടാവുന്നുണ്ട്.വല്ലപ്പോഴും ,“എന്തിനേ കൊട്ടി
യടക്കുന്നു കാലമെൻ ഇന്ദ്രിയ ജാലകങ്ങൾ ..”(പാടുക സൈഗാൾ ...ആൽബം)
എന്നെഴുതിയതിനുശേഷവും ഓ എൻ വിയും സിനിമക്കുവേണ്ടി ഗാനങ്ങൾ രചിക്കുന്നുണ്ട്
.അങ്ങനെ വർഷങ്ങൾക്കുശേഷം വന്നെത്തിയ ഒരു നീലകുറിഞ്ഞിവസന്തമായിരുന്നു
പഴശ്ശിരാജയിലെ “ആദിയുഷ:സന്ധ്യ പൂത്തതിവിടെ..” എന്ന ഗാനം.
ആ ഗാനമാണിവിടെ വിമർശിക്കപെട്ടിരിക്കുന്നത്.ഗാനം സന്ദർഭത്തിന്റെയോ കഥാ പാത്ര
ത്തിന്റെയോ സംഗീതത്തിന്റെയോ പോലും വികാരം ഉൾക്കൊള്ളുന്നില്ലെന്നാണ്
ഇളയ രാജയുടെ ആരോപണം. ഇതു ശരിയല്ലെന്നാണ് ഒരു പ്രേക്ഷകനെന്ന
നിലയിൽ എനിക്കുതോന്നുന്നത്. ഒരു പക്ഷെ സിനിമയുടെ ഹൈലൈറ്റ് എന്നു പറയുവാന്നതു
കൂടിയാണ് ഈ ഗാനം ..
കഥാ സന്ദർഭം ഉൾക്കൊണ്ടും കഥാപാത്രങ്ങളോട് താദാത്മ്യം പ്രാപിച്ചും സംഗീതത്തിനോട് നീതിപുലർത്തിയും
സിനിമാഗാനങ്ങൾ രചിക്കുവാൻ ഓൻ വി യോളം കഴിവുള്ളവർ സിനിമാഗാനരചനാ രംഗത്ത്
വളരെ കുറവാണ്.“പ്രിയസഖി ഗംഗേ പറയൂ..പ്രിയമാനസനെവിടെ............
മാനസസരസ്സിനക്കരയോ ഒരു മായായവനികയ്ക്കപ്പുറമോ
താരകൾ തൊഴുതുവലം വക്കുന്നൊരു താണ്ഡവനർത്തനമേടയിലോ“
എന്ന് കുമാരസംഭവത്തിൽ പാർവ്വതിയെ കൊണ്ട് പാടിക്കുന്നതു മുതൽ
“കേവല മർത്യഭാഷകേൾക്കാത്ത ദേവദൂതികയാണു നീ ‘എന്നും
നിന്റെ ശാലീന മൌനമാകുമീ പൊൻ മണിചെപ്പിനുള്ളിലായ്
മൂടിവെച്ച നിഗൂഢഭാവങ്ങൾ പൂക്കളായ് ശലഭങ്ങളായ് ...എന്നുമൊക്കെ ‘നഖക്ഷതങ്ങളിലെ
ബധിരമൂകയായ നായികയെ കുറിച്ച് പാടുന്നതും..വൈശാലിയിൽ
തന്റെ ഇന്ദ്രനീലകണ്ണുകളിൽ മുഖം നോക്കിനിൽക്കുന്ന മുനികുമാരനോട്
കുന്നത്തെ കോകിലത്തിൻ ആലാപശ്രുതികേൾക്കെ പെണ്കുയിൽ ചിറകടിച്ചതിന്റെയും
ഹംസങ്ങളിണചേരുന്നമാലിനീ തടങ്ങളിൽ കൺചിമ്മിവനജ്യോത്സന മറഞ്ഞതിന്റേയും
പൊരുളൊന്നും നിനക്കറിയില്ലല്ലോ എന്നു വൈശാലി അനുതപിക്കുന്നതുപോലെയുള്ള ഒരു പാടു സന്ദർഭങ്ങൾ
പരിശോധിച്ചാൽ ആർക്കും ഇതു ബോധ്യമാകുന്നതാണ്.
ഓൻ വി -ദേവരാജൻ(കല്ലോലിനീ വനകല്ലോലിനീ,എന്തീനീചിലങ്കകൾ) ,ജോൺസൺ(ആടിവാ കാറ്റേ
പാടിവാകാറ്റേ,എന്റെമൺ വീണയിൽകൂടണയാനൊരു മൌനം പറന്നുവന്നു),ഇളയരാജ (തുമ്പീ വാ
തുമ്പകുടത്തിൻ തുഞ്ചത്തായ്, വേഴാമ്പൽ കേഴും വേനൽ കുടീരം നീ) ..ഈ കൂട്ടുകെട്ടുകളിൽ പിറന്ന
നിസ്തുല സുന്ദരമായ ഗാനങ്ങൾ എത്രവേണമെങ്കിലുമുണ്ട്...പക്ഷെ, ഓൻ വിയുടെ കവിതയിലന്തർലീന
മായ സംഗീത ചാരുതയെ ഒരു മഴവില്ലുപോലെ വിടർത്തികാണിച്ചുതന്ന സംഗീതസംവിധായകനാണ്
എം ബി ശ്രീനിവാസൻ. ഉൾ കടലിലെ ‘ശരതിന്ദു മലർദീപനാളം മീട്ടി ..” കൃഷ്ണതുളസീകതിരുകൾ
ചൂടിയ അശ്രുകുടീരം ഞാൻ.. ‘ ചില്ലിലെ “ഒരുവട്ടം കൂടിയെൻ ഓർമ്മകൾ മേയുന്ന ‘’,പോക്കുവെയിൽ
പൊന്നുരുകി പുഴയിൽ വീണു..“ എന്നീ ഗാനങ്ങൾ ഉദാഹരണം.ട്യൂണിട്ടശേഷം പാട്ടെഴുതുന്നതായാലും
നേരെ തിരിച്ചായാലും ഓ എൻ വിയുടെ ഗീതികൾ,സിനിമാ ഗാനമെന്നതുപോലെ മികച്ചകവിതയായും
സ്വതന്ത്രമായ നിലനില്പുള്ളവയാണ്.
വിമർശനവിധേയമായ പ്രസ്തുതഗാനമാകട്ടെ ഓഎൻ വിയുടെ മറ്റൊരു മനോഹര സൃഷ്ടിയാ
ണെന്നതിൽ സംശയമൊന്നും വേണ്ട. ആ കവിതയിതാ:
ആദിയുഷ:സ്സന്ധ്യപൂത്തതിവിടെ..ആഹാ
..ആദിസർഗ്ഗതാളമാർന്നതിവിടെ..
ബോധനിലാ പാൽകറന്നും മാമുനിമാർ തപം ചെയ്തും
നാദഗംഗയൊഴുകിവന്നതിവിടെ ...
ആരിവിടെ കൂരിരുളിൻ മടകൾ തീർത്തൂ..
ആരിവിടെ തേൻ കടന്നൽകൂടുതകർത്തൂ..
ആരിവിടെ ചുരങ്ങൾ താണ്ടി ചൂളമടിച്ചൂ..
ആനകേറാമാമലതൻ മൌനമുടച്ചൂ..
സ്വാതന്ത്ര്യം മേലെ ..നീലാകാശം പോലെ ..
പാടുന്നതാരോ ..കാറ്റോ കാട്ടരുവികളോ.
(ആദിയുഷ..)
ഏതുകൈകൾ അരണികോൽ കടഞ്ഞിരുന്നൂ..
ചേതനയിൽ അറിവിന്റെ അഗ്നിയുണർന്നൂ..
സൂരതേജസ്സാർന്നവർ തൻ ജീവതാളം പോൽ..
നൂറുമലർ വാകകളിൽ ജ്വാലയുണർന്നൂ
സ്വാതന്ത്ര്യം മേലെ ..നീലാകാശം പോലെ ..
പാടുന്നതാരോ ..കാറ്റോ കാട്ടരുവികളോ.
(ആദിയുഷ..)
പഴശ്ശിരാജാ കാട്ടിൽ ഒളിവിൽ പാർത്തുകൊണ്ട് ബ്രിട്ടീഷുകാർക്കെതിരെ ഒളിയുദ്ധത്തിനുള്ളതയ്യാറെടുപ്പുകൾ
കാണിക്കുന്നതാണ് പാട്ടിന്റെ സംന്ദർഭം.കാടിവിടെ ഒരു കഥാപാത്രം കൂടിയാണ്
ആരണ്യകത്തിനെ അഭിസംബോധന ചെയ്തുതുടങ്ങുന്ന ഗാനം,കഥാസന്ദർഭത്തിന്റെ
സങ്കുചിതത്വം കൈവെടിച്ച് ആർഷഭാരതസംസ്കൃതിയെ തന്നെ പുൽകിപടരുകയാണിവിടെ.
പോരാട്ടവീര്യവും ദേശഭക്തിയും വിപ്ലവവും ഒക്കെ ഈ ഗാനത്തിലുണ്ട്.
നല്ലകഥ, സംവിധാനം,അഭിനയം ,സംഗീതം അങ്ങനെ പലപലഘടകങ്ങൾ ഒത്തുവരുമ്പോഴാണ്
ഒരു സിനിമ സൂപ്പർ ഹിറ്റാവുന്നത്. പഴശ്ശിരാജായെ പോലൊരു സിനിമായിൽ ഗാനത്തിന് വലിയ
പ്രസക്തിയൊന്നുമില്ലെങ്കിലും വളരെ മികച്ചസംഗീതം ജനങ്ങളെ തിയ്യറ്ററിലേക്ക് ആകർഷിക്കുന്ന
ഒരു പരസ്യമെങ്കിലും ആകുമായിരുന്നു.പക്ഷെ അതിവിടെ ഉണ്ടായില്ല. ഇളയരാജയുടെ സംഗീതം
കൊള്ളാം എന്നല്ല്ലാതെ എക്സെപ്ഷണൽ എന്നു പറയാൻ പറ്റില്ല. ആ കുറ്റബോധം കൊണ്ടായിരിക്കാം
അദ്ദേഹം പാവം ഓ എൻ വിക്കു നേരെ തിരിഞ്ഞത്..
പിന്നെ ഈയിടെയാണ് സൌണ്ട് ഓഫ് മ്യൂസിക് എന്ന പഴയ ക്ലാസ്സിക്ചിത്രം വീണ്ടുംകണ്ടത്.സിനിമതുടങ്ങുമ്പോഴുണ്ട് വളരെ
പരിചിതമായ ഒരു ട്യൂൺ... തന്നന്നം താളത്തിൽ...അതെ യാത്ര എന്നസിനിമയിലെ ഇളയരാജയുടെ വളരെ പ്ര
ശസ്തമായ ഗാനം .sound of music-ലെ ''roses with dewdrops,brown copper kettles ..these are
a few of my favorite things .'' എന്ന ഗാനത്തിന്റെ തന്നെട്യൂണാണിത് ..എന്തു മനോഹരമായ പകൽ കൊള്ള!!!
Subscribe to:
Post Comments (Atom)
48 comments:
the last statement is right... thannannam is a pirated tune!
പഴശ്ശിരാജയിലെ ഗാനങ്ങള്‍ അത്രതന്നെ catchy ആയില്ല എന്നാണ് എനിക്കും തോന്നിയത്. ഓ.എന്‍.വി സാറിന്റെ കവിതയെ ആര്‍ക്ക് നിഷേധിക്കാനാവും? ആ കഥാസന്ദര്‍ഭത്തിന് യോജിച്ച വരികള്‍ തന്നെയല്ലേ അത്?
(ദൈവമേ ഇങ്ങനെയൊരു അഭിപ്രായം പോലും പറയാന്‍ അര്‍ഹതയില്ല എനിക്കൊന്നും.)ആ മഹാകവിയെ എന്നും മനസ്സാ വണങ്ങിയിട്ടേയുള്ളു.
എന്തുമാത്രം നല്ല നല്ല പാട്ടുകള്‍/കവിതകള്‍ തന്നിരിക്കുന്നു നമുക്ക് ഒ എന്‍ വി. പഴശ്ശിരാജയിലെ ഈ വരികളും മികച്ചതു തന്നെ. അദ്ദേഹത്തെ മനസ്സുകൊണ്ട് വണങ്ങുന്നു. ഇളയരാജ എന്തുകൊണ്ടാണാവോ ഇങ്ങനെ പറഞ്ഞതു് (വാര്‍ത്ത വായിച്ചില്ല)
താരകാ...ഒരു detailed research തന്നെ നടത്തിയിട്ടുണ്ടല്ലോ..ഇതിൽ പറഞ്ഞ പല സിനിമാഗാനങ്ങളും എഴുതിയതു ഓ എൻ വി ആണെന്നറിഞ്ഞതു തന്നെ ഞാനിപ്പോളാണ്..
നിരീക്ഷണം നന്നായിരിക്കുന്നു !!
ആശംസകൾ
അഭിപ്രായസ്വാതന്ത്ര്യം ആര്‍ക്കുമുള്ളതാണ്. പക്ഷേ, എപ്പോള്‍ പറഞ്ഞു എന്നത് (ടൈമിങ്) അഭിപ്രായത്തിന്റ്റെ ഉദ്ദേശ്യശുദ്ധിയുമായി കൂട്ടിവായിക്കേണ്ടതാണ്. ഒരുഗാനം ഏതുവിധത്തിലും മെച്ചപ്പെടുത്തുക എന്ന ലക്ഷ്യമുള്ള സംഗീതസംവിധായകന്, വരികള്‍ മാറ്റണം എന്നതു പാട്ടുചിട്ടപ്പെടുത്തുമ്പോള് തന്നെ പറയേണ്ടതായിരുന്നു. അല്ലാതെ തമിഴില്‍ പഴശ്ശിരാജായുടെ ഓഡിയോ പുറത്തിറക്കിയവേളയില് പറഞ്ഞതുകൊണ്ട് എന്താണു കാര്യം?
മലയാളിയായ ഒരു സംവിധായകന്--ഹരിഹരന്-- ചിത്രീകരിച്ച സിനിമയില്‍ ഒരു ഗാനം പോരാ എന്നു ആദ്യം തോന്നേണ്ടത് ആ സംവിധായകനാണ്. അതോ ഓ.എന്‍.വി എഴുതിപ്പോയില്ലേ, ഇനിയെങ്ങനെ വേണ്ടെന്നുവെയ്ക്കും എന്നോര്‍ത്തിട്ടാണോ ഗാനത്തിനു പച്ചക്കൊടികാട്ടിയത് എന്നു വ്യക്തമാക്കേണ്ടത് സംവിധായകന് തന്നെയാണ്.
"ആദിയുഷസന്ധ്യ" എന്ന അവതരണഗാനം കേട്ടപ്പോഴും കണ്ടപ്പോഴും വളരെ നന്നായിത്തോന്നി (വരികള്‍ പ്രത്യേകിച്ചും) .
ഒരുദാഹരണം:
"സൂരതേജസ്സാര്‍ന്നവര്‍ തന് ജീവനാളം പോലേ
നൂറു മലര്‍വാകകളില്‍ ജ്വാലയുണര്ന്നൂ"
ഇവിടെ കാനനജ്വാല, വാകയാണ്. വേനലിന്റ്റെ (വൈദേശ ശക്തികള്‍) കാഠിന്യത്തിനിടയില്‍ പൂക്കുന്ന വാക. ഈ ബിംബങ്ങളൊക്കെ മനസ്സിലാക്കിയിട്ടാവുമോ ശ്രീ. ഇളയരാജ അഭിപ്രായം പറഞ്ഞത്?
അവസരോചിതമായ ഈ പോസ്റ്റിനു നന്ദി....
ഇളയരാജ ഒരു ട്യൂൺ ഉണ്ടാക്കി അതനുസരിച്ച് ഗാനം രചിക്കുമെന്നു പ്രതീക്ഷിച്ചു. ഗാനരചയിതാവ് ഓ.എൻ.വി യാണു. അദ്ദേഹം അദ്ദേഹത്തിന്റേതായ കവിത രചിച്ചു. അതിനു ഇളയരാജക്ക് ട്യൂൺ ചെയ്യേണ്ടിവന്നു. ഇളയരാജ കൊടുത്ത ട്യൂണിനനുസരിച്ച ഗാനം ഉണ്ടായില്ല. അതാണു യഥാർത്ഥ കാരണം.
ഇളയരാജയുടെ സംഗീതം നാം ആവോളം ആസ്വദിച്ചവരാണ്.തുടര്‍ന്നും സത്യന് അന്തിക്കാടിനെ പോലുള്ള സംവിധായകരിലൂടെ നമുക്ക് അത് ലഭിയ്ക്കുകയും ചെയ്യും.
തിരക്കഥയുടെ മുഴുവന്‍ ഉദ്ദേശ്യവും ഉള്‍ക്കൊണ്ടാവനം കവി ഗാനരചന നിര്‍വഹിച്ചത് എന്നാല്‍ ഇത്തരം ഒരു സിനിമയില്‍ കൂടുതല്‍ ചെയ്യാന്‍ കഴിയും എന്ന ലക്ഷ്യം ഇളയരാജയ്ക്ക് നഷ്ടപ്പെട്ടിട്ടുണ്ടാവും എപ്പോഴെങ്കിലും,അതിന്റെ തുടര്‍ച്ച ആണ് നാം ആ പുല്ലാംകുഴലുകാരന്റെ നാവില്‍ നിന്ന് കേട്ടത്.
സമ്പന്നമായ മലയാള ഗാന ശാഖയ്ക്ക് മികച്ച ചില ഗാനങ്ങള്‍ ലഭിച്ചുവെന്ന സന്തോഷത്തിനു മേല്‍ കരി വാരി എറിയപ്പെട്ടു നിര്‍ഭാഗ്യവശാല്‍..
ഈയടുത്ത് ഒരു ചാനല്‍ അഭിമുഖത്തില്‍ ജോണ്സന് മാഷ് പറഞ്ഞിട്ടുണ്ട് രാഗങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ അറിയാതെ ഗാനങ്ങള്‍ക്ക് സാദൃശ്യങ്ങള്‍ കടന്നു കൂടാമെന്ന്.അത്തരത്തില്‍ ദയവായി ന്യയീകരിക്കൂ 'പകല്‍ കൊള്ള' എന്ന വിശേഷണത്തെ.
'നാം കാണുന്ന പുഴയെ അല്ല തൊടുന്നത്
തൊടുന്ന പുഴയെ അല്ല കൈക്കുമ്പിളില്‍ എടുക്കുന്നത്'
എന്നിങ്ങനെ എഴുതിയ കവി കൂടിയാണ് ഇളയരാജാ
mukku,typist -thanks.
teacher,വിനയം നല്ലതു തന്നെ.hs4 - ഈ ലേഖനമെഴുതാൻ പ്രത്യേകിച്ചൊരു റിസേർച്ചുംചെയ്തിട്ടില്ല..എല്ലാം പണ്ടേക്കു പണ്ടേ നിരീക്ഷിച്ചു വച്ചിട്ടുള്ളകാര്യങ്ങൾ...
ബൈജു പറഞ്ഞതിനോട് യോജിക്കുന്നു.കഥാപാശ്ചാത്തലം കാടായിരിക്കുമ്പോൾ,വെയിലിൽ തീക്കനൽ പോലെ പൂവുകൾ ചൂടുന്നതിനാൽ flame of the forestഎന്നറിയപെടുന്ന
മലർവാക,എത്രസ്വാഭാവികവും ഔചിത്യവുമുള്ള ബിംബകല്പനയായിരിക്കുന്നു ഈ വരികളിൽ..!!
അങ്കിൾ താങ്ക്സ്,കാര്യങ്ങളുടെ നിജസ്ഥിതി കുറച്ചുകൂടി വ്യക്തമായി പറഞ്ഞതിന്.പക്ഷെ അതു ഇളയരാജയുടെ പ്രസ്താവനയെ ന്യായീകരിക്കുന്നില്ല.
ഷൈജൂ,മ്യുസിക് ഡൈറക്ഷനെ കുറിച്ച് ആധികാരികമായി പറയുവാനുള്ള വിവരം എനിക്കില്ല.ഒരേ രാഗത്തെ ബേസ് ചെയ്തുള്ളഗാനങ്ങൾ അവയുടെ ട്യൂൺകൊണ്ട് മാത്രം സാധാരണ ക്ലാസ്സിക്കൽ ജ്ഞാനമില്ലാത്ത് ഒരാൾക്ക് തിരിച്ചറിയാൻ പറ്റില്ല എന്നാണ് എനിക്ക് തോന്നുന്നത്.. ഞാൻ പറഞ്ഞസംഭവത്തിൽ..“തന്നന്നം താളത്തിൽ “ എന്ന ട്യൂൺ വളരെ വ്യക്തമാണ്.
അതുപോലെ ജയചന്ദ്രന്റെ(മ്യൂസിക്ഡൈറക്റ്റർ)
“ജനുവരിയിൽ വിടരുമോ “ (ശ്യാമപ്രസാദിന്റെ ഫിലിം.പേരുപെട്ടെന്നു മറന്നുപോയി) എന്ന ഗാനം വ്യക്തമായ് മറ്റൊരു പകൽ കൊള്ളയാണ്.ഡിസ്നി ചാനലിലോ മറ്റൊ ഒരു കാർട്ടൂൺ പ്രോഗ്രാമിന്റെ ടൈറ്റിൽ മ്യൂസിക് ആണത്..
മറ്റൊന്ന് പെട്ടെന്ന് ഓർമ്മവരുന്നത്.രാജാ എന്ന സിനിമയിലെ ..നസർമിലെ...ലൌവയുരാജാ എന്ന പാട്ടാണ് ..ആട്യുൺ യാതൊരു വ്യത്യാസവുമില്ലാതെ അടിച്ചു മാറ്റിയിരിക്കുന്നത് റോക്ക് ഹഡ്സൺ നായകനായ ‘കം സെം പറ്റമ്പർ’ എന്ന സിനിമയിൽ നിന്നാണ്..
വളരെ നല്ല നിരീക്ഷണം..പഴശ്ശി രാജായില് ഇഷ്ടമായത് ഈ ഒരു ഗാനം മാത്രമാണ് ..എന്ത് കൊണ്ടോ മറ്റൊന്നും മനസ്സിലേയ്ക്ക് കയറിയില്ല എന്നതാണ് സത്യം. o n v യും ഇളയരാജയും ചേര്‍ത്ത് വയ്ക്കാന്‍ പറ്റുന്ന ഒരു combination ആണെന്ന് എന്ത് കൊണ്ടോ തോന്നിയില്ല..എത്രയോ മനോഹരമായ കവിതകളും സിനിമ ഗാനങ്ങളും സമ്മാനിച്ച കവിക്ക് നേരെയുള്ള ആരോപണം മനസ്സിനെ നോവിച്ചു..അതെന്തിന് വേണ്ടി ആയിരുന്നെങ്കിലും
ഇളയരാജായുടെ ഈ പ്രതികരണം വരുന്നതിനു മുൻപു തന്നെ പലർക്കും തോന്നിയത് നേരേ മറിച്ചാണ്. ഓ. എൻ. വിയുടെ ഉജ്ജ്വലമായ വരികളുടെ ശക്തി മുഴുവൻ ചോർത്തിക്കളയുന്ന സംഗീതം എന്ന്. ചില ആൽബങ്ങങ്ങളൊക്കെ കമ്പോസ് ചെയ്തിട്ടുള്ള ഒരു സംഗീതജ്ഞനും പറഞ്ഞു, ഏറ്റവും മോശം കമ്പൊസിങ് ഈ പാട്ടായിപ്പോയി എന്ന്. നേരെ മറിച്ച് പഴയ പഴശ്ശിരാജയിലെ അത്ര ഗംഭീരമൊന്നുമല്ലാത്ത വരികൾക്ക് പ്രൊജ്വലമായ സംഗീതം നൽകപ്പെട്ട് ആ ഗാനത്തെ ഉയരങ്ങളിൽ എത്തിച്ചത് നമുക്ക് പരിചയമുണ്ടു താനും “ചൊട്ട മുതൽ ചുടല വരെ ചുമടും താങ്ങി ദുഃഖത്തിൻ തണ്ണീർപ്പന്തലിൽ നിൽക്കുന്നവരേ” എന്നത് അതിസാധാരണ വരികൾ. ആർ. കെ. ശേഖറിന്റെ കയ്യിൽ അതിനു വന്ന ശക്തി ശ്രദ്ധിയ്ക്കുക.
പാട്ട് മോശമായെന്ന് ആരെങ്കിലും ഇളയ രാജായോട് പറഞ്ഞുകാണും .അത് ഓ. എൻ. വിയുടെ തലയിൽ ഇരിയ്ക്കട്ടെ എന്ന് അദ്ദേഹവും കരുതിക്കാണണം. പക്ഷെ ഇങ്ങനെയൊക്കെ പറയുന്ന ആളല്ലായിരുന്നല്ലൊ ഇളയരാജാ?
“അകലെ”...”ജനുവരിയിൽ...” മൊസാർടിന്റെ ഒക്കെ സംഗീതം അതേപടി പകർത്തിയതാൺ. അതു സംഗീതം ചെയ്തവർ സമ്മതിച്ചിട്ടുമുണ്ട്. അതിനെ കട്ടെടുക്കലായി കരുതാനാവില്ല. അതു പോലെ ‘തന്നന്നം താനന്നം....’ സൌൻഡ് ഓഫ് മ്യൂസിക്ക് ഇലെ “ദീസ് ആർ തെ ഫ്യൂ ഓഫ് മൈ ഫേവറിറ്റ് തിങ്സ്” ബോധപൂർവ്വം എടുത്തതാണ്. എല്ലാവരും അത് അറിയുമെന്നറിഞ്ഞു കൊണ്ടു തന്നെ. കട്ടെടുക്കൽ ആകുന്നില്ല അത്. ഒറിജിനലിനു നൽകുന്ന സമർപ്പണം (tribute) എന്നു പറയാം.
സത്യം പറയാമല്ലോ;
പഴശ്ശിരാജയിലെ പാട്ടുകളുടെ ഈണമാകട്ടെ,വരികളാവട്ടെ-ഒന്നും നന്നായി എന്നെനിക്കു തോന്നിയില്ല.ഈ പരാമർശവിധേയമായ പാട്ട് അറുവഷളായിട്ടാണ് തോന്നിയതും.കുറേ എഴുതിത്തഴക്കം വന്ന കയ്യുകൾക്ക് ഒരു കാറ്റിനങ്ങനെ പിടിച്ചാൽ ഒരെഴുത്തുവരും.അതാണിപ്പോൾ ഒ.എൻ.വി ചെയ്യുന്ന പരിപാടി.ഇളയരാജയാണ് ആ പാട്ടുകൾ ചെയ്തതെന്ന് അദ്ദേഹത്തിനു തന്നെ അതൊരിക്കൽ മുഴുവനായി ഇരുന്നു കേട്ടാൽ വിശ്വാസം വരുമോ എന്തോ?
ഒരു വടക്കൻ വീരഗാഥ ഇറങ്ങിയപ്പോൾ എന്റെ നാട്ടിലെ പിച്ചക്കാർ വരെ ‘ഇന്ദുലേഖ കൺതുറന്നൂ”എന്നു പാടിയാണ് തെണ്ടിയിരുന്നത്.പഴശ്ശിപ്പാട്ടുകൾ സാമാന്യബോധമുള്ള ഒരു പിച്ചക്കാരൻ പോലും പാടുമെന്നു പ്രതീക്ഷയില്ല.ഇളയരാജക്ക് കള്ളൻ പോയതിന്റെ എട്ടാം പക്കം വരുന്ന ഈ ബോധോദയത്തിന് ഒരു മറുപടിയും അർഹിക്കുന്നില്ല.ഒ.എൻ.വിയുടെ പാട്ടാണോ രാജയുടെ സംഗീതമാണ് വഷളാവുന്നതിൽ ഒന്നാംസ്ഥാനത്തെത്തിയത് എന്ന കോംമ്പിറ്റീഷനാണെങ്കിലും രാജ ഒന്നാംസ്ഥാനത്തെത്തും.”കൊമ്പും അമ്പും വില്ലും”ന്നോ എന്തൊക്കെയോ പറഞ്ഞിട്ട് ഒരു ആദിവാസിപ്പാട്ടില്ലേ?അതാണ് ആകെ അതിൽ കേട്ടിരിക്കാനെങ്കിലും കൊള്ളാവുന്നതായി ഉള്ളത്.
ശ്രീദേവീ,താങ്ക്സ്.
എതിരവൻ കതിരവൻ,
ബീഥൊവൻ,മൊസാർട്തുടങ്ങിയവരുടെ ക്ലാസ്സിക്കൽ സിംഫണികളെ
അടിസ്ഥാനപെടുത്തി ഒരു പാട് വെസ്റ്റേൺ മെലഡീസ് സൃഷ്ടിക്കപെട്ടിട്ടുണ്ട്.
ഒരേ ക്ലാസ്സിക്കൽ നൊട്ടെഷനുകളിൽ നിന്ന് വ്യത്യസ്തമായ ‘ട്യൂണു’കൾ സൃഷ്ടിക്കാൻ
പറ്റും.ഇവിടെയാണെങ്കിൽ ഒരേ രാഗങ്ങളെ അടിസ്ഥാനപെടുത്തി എത്രയെത്രവ്യത്യസ്ത
മായ പാട്ടുകളാണ് സൃഷ്ടിക്കപെട്ടിട്ടുള്ളത്..ഉദാഹരണത്തിന് ഒരേകടൽ എന്ന
ചിത്രത്തിലെ എല്ലാ പാട്ടുകളും ഒരൊറ്റരാഗത്തിനെ ബേസ് ചെയ്താണ് ഉണ്ടാക്കിയിരിക്കുന്നത്.
പക്ഷെ ഒരു സാധാരണ ശ്രോതാവിന് എത്ര വ്യത്യസ്തമായാണ് ഓരോ പാട്ടും അനുഭവപെടുക!
ഇങ്ങനെ സർഗാത്മകമായി സൃഷ്ടിച്ചെടുക്കുന്ന ട്യൂണിന്റെ അവകാശം പൂർണ്ണമായും
ആ മ്യുസിക് ഡൈറക്ടറുടെ സ്വന്തമാണ്..ഈ ട്യൂൺ കടം വാങ്ങി സ്വന്തം ലേബലിൽ
പ്രേഷക സമക്ഷം സമർപ്പിക്കുന്നത് ശരിയല്ല എന്നാണ് എനിക്കു തോന്നുന്നത്..
വികടശിരോമണി,
മ്യൂസിക് സെൻസിന് സോഷ്യോ ഇകണോമിക് സ്ട്രാറ്റയുമായി
ബന്ധപെടുത്തുന്നതിൽ അർഥമൊന്നുമില്ല.. ഭിക്ഷക്കാരൻ വരെ പാടി നടക്കുന്ന പാട്ട്!!
അത്രയും പോപ്പുലർ ..എന്നാണ് ഉദ്ദേശിച്ചതെങ്കിൽ ഓകെ. പക്ഷെ പോപ്പുലാരിറ്റി മാത്രമല്ല
പാട്ടിന്റെ സ്റ്റാൻഡേർഡ് നിശ്ചയിക്കുന്നത്.. ഉദാഹരണത്തിന് “ പ്രണയ സന്ധ്യയൊരു
വിൺ സൂര്യന്റെ വിരഹമറിയുന്നുവോ..” എന്ന് ഒരു ഭിക്ഷകാരനും പാടിനടക്കാൻ വഴിയില്ല..
പക്ഷെ ആ പാട്ട് ഒരു പരാജയമണെന്ന് പറയുവാൻ അല്പം സംഗീതബോധവും സാഹിത്യ
ബോധവുമുള്ള ഒരാൾക്ക് പറയുവാൻ കഴിയുമോ..
പിന്നെ, ആദിയുഷസന്ധ്യ എന്ന പാട്ടിന്റെ കാര്യത്തിൽ മ്യൂസിക് മോശമാണെന്ന
അഭിപ്രായം എനിക്കില്ല.. പല്ലവിയിലെ....” ഇവിടെ..” എന്ന് ആവർത്തിക്ക്കുന്ന
ഭാഗത്തു മാത്രമാണ് സംഗതികൾ വല്ലാതെ പാളിയതായി തോന്നിയത്.
ഓൻ വിയുടെ കവിതയുടെ ന്യൂനതയെന്താണെന്ന് താങ്കൾ വ്യക്തമാക്കിയില്ല
പ്രിയ താരകൻ,
വിഷയം വിപുലമാണ്,എന്റെ കയ്യിൽ സമയം തുച്ഛവും.എങ്കിലും പറയാതെ പോകാനാവുന്നില്ല.
സാഹിത്യവീക്ഷണങ്ങളെ കാലാനുസൃതമായി അപ്ഡേറ്റ് ചെയ്ത ഏതു സഹൃദയത്തിനും,ഒ.എൻ.വി.മാഷിന്റെ കാവ്യജീവിതത്തിലെ അടയാളപ്പെടുത്താവുന്ന കാലം ഏതെന്ന് ലളിതമായി മനസ്സിലാക്കാനാവും.കമ്യൂണിസത്തിന്റെ പുതുഭാവുകത്വം വിടരുന്ന ഇരുപതാംനൂറ്റാണ്ടിന്റെ പകുതികളിൽ ആണ് മാഷിന്റെ കവിതയും ഗാനവും ഉയർന്നുവന്നത്.പുതിയ ആകാശത്തോടും ഭൂമിയോടുമുള്ള പ്രതീക്ഷാനിർഭരമായ സ്വപ്നങ്ങൾ നിറയുന്ന ആ വരികൾക്കു മുന്നിൽ മലയാളിയുടെ മനസ്സ് തലകുനിച്ചത് അതുകൊണ്ടുതന്നെയായിരിക്കണം.പത്തൊമ്പതാം വയസ്സിൽ തന്നെ ഒരു ജന്മത്തിന്റെ ജോലികൾ തീർത്തിരിക്കയാണിദ്ദേഹം എന്ന് മുണ്ടശ്ശേരിമാസ്റ്റർ എഴുതിവെക്കുന്ന കാലത്ത് കെ.പി.എ.സിയുമായി ചേർന്ന് ജനകീയസംഗീതത്തിന്റെ പുതിയൊരു പ്ലാറ്റ്ഫോം നിർമ്മിക്കുകയായിരുന്നു ഒ.എൻ.വിയും ദേവരാജനും.എല്ലാ നാടകഗാനങ്ങളിലും സിനിമാഗാനങ്ങളിലും കവിതളിലും വേലുക്കുറുപ്പ് എന്ന ചെറുപ്പക്കാരനിൽ തുടിച്ചു നിൽക്കുന്ന കാൽപ്പനികമധുരമായ വിപ്ലവസ്വപ്നങ്ങൾ പ്രസ്തുതവർത്തമാനത്തോട് നേർക്കുനേർ സംവദിക്കുകയായിരുന്നു.പൊന്നരിവാളമ്പിളിയിൽ കണ്ണെറിഞ്ഞു കൊണ്ട് ആ മരത്തിൻ പൂന്തണലിൽ വാടി നിൽക്കുവളും സമരപുളകങ്ങാൾ തൻ സിന്ദൂരമാലകൾ ചൂടുമെന്ന ആ സ്വപ്നത്തിലാണ് ഒ.എൻ.വിക്കവിതയുടെ വസന്തം വിടരുന്നത്.ക്രമേണ കേരളത്തിന്റെ രാഷ്ട്രീയപശ്ചാത്തലം മാറുന്നു;എല്ലാ വിപ്ലവസ്വപ്നങ്ങളും നരച്ചുപോയ കാലം ജനിക്കുന്നു-സ്വാഭാവികമായും ഏറ്റവും കടുത്തനിരാശയിലാണ്ടത് ഒ.എൻ.വി.മാഷിന്റെ തൂലികതന്നെയാണ്.തുടർന്നു വന്ന എല്ലാ സർഗ്ഗക്രിയകളിലും ആ കടുത്ത നിരാശ-ഞങ്ങൾ കണ്ട ആ പുതു ലോകം വെറുമൊരു പാഴ്ക്കിനാവല്ലേ എന്ന രോദനം-മാഷിൽ മുഖമുദ്രയായി.ഖാണ്ഡവവനത്തിലകപ്പെട്ട ശാർങ്ങ്കപക്ഷികളായും,മൃതശാന്തിഗീതങ്ങളായും മാറിയ ഒ.എൻ.വിക്കവിതയുടെ ഈ സർവ്വതലസ്പർശിയായ നൈരാശ്യം,ആയിരം കിനാക്കളും പോയി മറഞ്ഞ തീവ്രമായ അനുഭവം-ആണ് വാസ്തവത്തിൽ ഏറ്റവും ശക്തമായ കവിതകൾ മാഷിനെക്കൊണ്ട് എഴുതിക്കുന്നത്.വേദനകൊണ്ടു പിടയുമ്പോഴാണ് ഒരു കവി കവിയാവുന്നത് എന്നുണ്ടല്ലോ.മുലപ്പാൽക്കടലിൽ മുങ്ങിമരിക്കുന്ന അമ്മയുടെ ആ തീഷ്ണചിത്രം-ഉപ്പ് എന്ന മലയാളകവിതകണ്ട ഏറ്റവും നിസർഗസുന്ദരമായ ചിത്രം-ആ കഠിനവ്യഥയുടെ ഏറ്റവും മൂർത്തമായ ആവിഷ്കാരമായിരുന്നു.
എന്നാൽ മലയാളത്തിന്റെ കവിത മറ്റനേകം മൂശകളിൽ പുതുലോകം പണിയുകയായിരുന്നു.പാരമ്പര്യത്തിന്റെ ജീർണ്ണവസ്ത്രങ്ങൾ ഓരോന്നായിഅഴിഞ്ഞുവീണ്,മാധവൻ അയ്യപ്പത്തിൽ തുടങ്ങി കക്കാടിലൂടെ,അയ്യപ്പപ്പണിക്കരിലൂടെ,സച്ചിതാനന്ദനിലൂടെ,ബാലചന്ദ്രനിലൂടെ കവിതയുടെ ഭാവരൂപങ്ങൾ കൂടുമാറി.എന്നാൽ,മാഷിന് തന്റെ ലോകത്തുനിന്ന് വിട്ടുപോരിക എളുപ്പമായിരുന്നില്ല(അത് അനിവാര്യവുമായിരുന്നില്ല) “ആടിമേഘത്തെ പ്രേമദൂതിനായ് നിയോഗിക്കും ഏതോ യക്ഷനായ് തീർന്ന കവിതൽ കാൽപ്പാടുകൾ”തേടി സഞ്ചരിക്കുന്ന ഒരു മാനസികമായ അവധൂതത്വം മാഷിൽ നിറഞ്ഞു.നിരന്തരം ആവർത്തിച്ചു ചെടിച്ച പദാവലിയും ബിംബസമുച്ചയങ്ങളും പ്രതീകങ്ങളും മാഷിന്റെ കവിതകളിൽ കാണാൻ തുടങ്ങി.ക്രമേണ സിനിമാഗാനരചനയിൽ നിന്ന് മാഷ് ഏറെക്കുറേ പിൻവലിയുകയും ചെയ്തു.
എന്നാൽ,മലയാളഗാനശാഖയാകട്ടെ,കേരളത്തിൽ നടന്ന ഒരു നവീനഭാവപരിണാമത്തോടും പ്രത്യക്ഷേണ സംവദിച്ചില്ല.പി.ഭാസ്കരനും ഒ.എൻ.വിക്കും വയലാറിനും ശേഷം മലയാളചലച്ചിത്രങ്ങളിൽ ഗാനരചനക്കു നിയുക്തരായവർ യൂസഫലിയും ഗിരീഷ് പുത്തഞ്ചേരിയും പോലുള്ള അൽപ്പവിഭവരാണ്.അവർക്ക് പുതിയ ഭാവുകത്വം പോയിട്ട് പഴയതിന്റെ പാരഡിക്കുപോലും കെൽപ്പുകുറവായിരുന്നു.സിനിമാഗാനരചന എന്ന ടെക്നിക്ക് കൊണ്ടു മാത്രം പിടിച്ചു നിന്നവർ ഏറെ.രമേശൻ നായരെപ്പോലെയുള്ളവർ ചെയ്ത ദ്രോഹങ്ങൾ പറഞ്ഞു നീട്ടേണ്ടതില്ല.അപ്പോൾ,ഒരു ചരിത്ര സിനിമ ചെയ്യുമ്പോൾ നമുക്ക് വീണ്ടും ആ പഴയകയ്യിലേക്കു തന്നെ തിരിഞ്ഞു മടങ്ങാൻ തോന്നുന്നു,ആ കയ്യിൽ നിന്ന് എന്തു വരുമെന്ന് മനസ്സിലാക്കാൻ സാമാന്യബുദ്ധി മതി.“ആദിയുഷസ്സന്ധ്യ”യും “അരണി”യും ഒക്കെ നിരക്കുന്ന ആ വരികൾ ഒരു ഫലിതമായേ എനിക്കു തോന്നുന്നുള്ളു.എന്നും മാഷിന്റെ ആരാധകനും പ്രിയശിഷ്യനും ആയിരുന്നിട്ടും.
പക്ഷേ,അതും മനസ്സിലാക്കാനുള്ള അന്തം ഇളയരാജക്കില്ലാതെ പോയി എന്നതാണ് ഏറ്റവും നല്ല തമാശ:)
ഇനി സംഗീതത്തെക്കുറിച്ച്:
ഭിക്ഷക്കാർ പാടുന്ന പാട്ട് എന്ന പ്രയോഗം സിനിമ പഴശ്ശിരാജയാതുകൊണ്ട് ആണ് ഉപയോഗിച്ചത്.ശുഭപന്തുവരാളിയുടെ സാദ്ധ്യതകളെ നവീനമായ ഘടനയിൽ പുനർനിർമ്മിക്കുന്ന ഒരേകടലിന്റെ സംഗീതനിലയല്ലല്ലോ പഴശ്ശിക്കുള്ളത്.എല്ലാ പാട്ടുകളും പിച്ചക്കാർ പാടിനടക്കുമെന്നോ,പിച്ചക്കാർ പാടിയെന്നതുകൊണ്ടു മാത്രം ഒരു പാട്ടു കേമമാണെന്നോ അല്ല അതിന്റെ അർത്ഥം.പഴശ്ശിരാജ ഒരേകടൽ പോലെ,സംവിധായകന്റെ ആഴമേറിയ ഒരു ചലച്ചിത്രഭാഷണമേ അല്ല.ചരിത്രാഖ്യായിക എന്ന പേരുപയോഗിച്ച്,കുറേ കാശുമുടക്കി,ആളെക്കൂട്ടാനാവശ്യമായ പല നമ്പറുകളും ചേർത്തുണ്ടാക്കിയ ഒരു ചിത്രം.അളന്നു തൂക്കിയുള്ള എം.ടി.തിരക്കഥയുടെ രാജസഭംഗിയെ ചൂഷണം ചെയ്തു നിർമ്മിക്കുന്ന ഒരു ചിത്രമാണത്.സ്വാഭാവികമായും അതിലെ ഗാനങ്ങളും അത്തരത്തിലേ പ്രതീക്ഷിക്കേണ്ടതുള്ളു.പണ്ടത്തെപ്പോലെ ഏതു മോശമായ സിനിമയിലും മികച്ച സംഗീതം നിറയ്ക്കുന്ന വഴി എന്നേ പോയിരിക്കുന്നു.അപ്പോൾ നമ്മൾ പ്രതീക്ഷിക്കുന്നത്,പഴശ്ശിരാജ പോലുള്ള ഒരു സിനിമയിലെ ഗാനങ്ങൾ പോപ്പുലർ ആവണം എന്നു തന്നെയാണ്.വടക്കൻ വീരഗാഥ എന്ന ഉദാഹരണം തന്നെ എടുത്തത് അതുകൊണ്ട് അതുകൊണ്ടു തന്നെയാണ്.എന്നാൽ ഒരു പാട്ടും ആരും പാടിനടക്കാത്ത വിധം എല്ലാ ഗാനങ്ങളും വൃത്തികേടാണ് എന്നാണ് എനിക്കവ കേൽക്കുമ്പോൾ ബോധ്യമാവുന്നത്.ചരിത്രത്തെ പൊളിച്ചെഴുതി നിർമ്മിച്ച വീരഗാഥയുടെ സംഗീതം ഇന്നും അനേകരുടെ കയ്യിൽ ഉണ്ട്,ഇന്നും അവ കേൽക്കുന്നവരുണ്ട്.വെറും ഒരു വർഷം കഴിഞ്ഞോട്ടെ-ആരുടെയെല്ലാം മനസ്സിൽ ഈ ആദിയുഷസ്സന്ധ്യപൂത്തുനിൽക്കും എന്നു നമുക്കു കാണാം.
പിന്നെ,സംഗതി എവിടെ പോയി എന്നൊക്കെ പറയാൻ ഞാൻ ഇവിടെ മിനക്കെടുന്നില്ല.അതിന്റെ ആവശ്യവും തോന്നുന്നില്ല.ഇന്ത്യ കണ്ട സംഗീതസംവിധായകരിൽ എന്റെ കണ്ണിൽ ആദ്യ അഞ്ചിൽ വരുന്നവരാണ് ഇളയരാജയും ദേവരാജനുമൊക്കെ.അതുകൊണ്ടു തന്നെ ഇതു പറയാതിരിക്കാനുമാവുന്നില്ല.
നന്ദി.
താരകന്റെ പ്രതികരണം ഉചിതമായി.
ഒഴുക്കിനൊപ്പം നീന്തുകയാണ് സൗകര്യം, പലപ്പോഴും സുരക്ഷിതവും. ഒരു ഗാനമുണ്ടാക്കാന്‍ ഒന്നുകില്‍ വരികള്ക്കീണമിടാം അല്ലെങ്കില്‍ ഈണങ്ങള്‍ക്ക് വരികളെഴുതാം. പരസ്പര ധാരണയോടെ വരികളിലും ഈണങ്ങളിലും വ്യതിയാനം വരുത്തി കൂടുതല്‍ മികച്ചതാക്കാനും ശ്രമിക്കാം. ഇത് മൂന്നുമല്ലാതെ വരുമ്പോള്‍ ഗാനങ്ങള്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്നു. പ്രതീക്ഷക്കൊപ്പം വരാതെ പോയ പഴശ്ശിരാജയിലെ പാട്ടുകളെ ചൊല്ലി ഇളയരാജ പരസ്യമായി ഈണമിട്ടു കഴിഞ്ഞു. ഓഎന്‍വീ അതിനു മറുപടി വരികള്‍ എഴുതുമോ എന്ന് കാത്തിരിക്കാം.
@ Tharakan...I think "Januvary yil vitarumo" is a music of Bethovan...I heared lot of music composed by Bethovan in Indian film and album songs :-)
ഇത് ഇളയരാജയുടെ ചൊരുക്ക് തന്നെയാണ് .
ഇത്ര പരസ്യമായി വിമര്‍ശിക്കാന്‍ മാത്രം മോശമല്ല ആ വരികള്‍.
മനോഹരമായ സംഗീതം സൃഷ്ടിച്ചിട്ടുള്ള ആളാണ് രാജ. എന്നാല്‍ ചവറുകളും ധാരാളം പടച്ച്ചിട്ടുണ്ട്.
അതൊക്കെ എണ്ണി പ്പറഞ്ഞു അദ്ദേഹത്തെ ആരെങ്കിലും താഴ്ത്തിക്കെട്ടുന്നുന്നില്ലല്ലോ...
ആ മാന്യത മനസ്സിലാക്കിയാല്‍ അദ്ദേഹത്തിനു നല്ലത്.
ആരും എല്ലാം തികഞ്ഞവരല്ല.
ബിനോയ് യൂ ആർ റൈറ്റ്,ജയൻ you said it...
വികടശിരോമണി നിങ്ങൾ എന്തുകൊണ്ടാണ് ആ ലിറിക്സിന്റെ ഭംഗി കാണാതെ പോയത് എന്ന് ഇപ്പോൾ മനസ്സിലായി.മുൻ വിധിയുടെ ഒരു കണ്ണട..ഒരല്പം മങ്ങിയ ചുവപ്പുള്ളകണ്ണട നിങ്ങളുടെ മുഖത്തുണ്ട്.. ഒരു പൂവിന്റെ ഭംഗി ആസ്വദിക്കാൻ പൂവിനെ മാത്രമേ ,നഗ്നനേത്രംകൊണ്ടു നോക്കേണ്ടതുള്ളൂ,ചെടിയുടെ ബോട്ടാണിക്കൽ നെയിം തൊട്ട്,അതു വേരോടിയിരിക്കുന്നമണ്ണിന്റെ നിറം, വളക്കൂറ് ചരിത്രം ഇതൊന്നും അന്വേഷിക്കേണ്ടതില്ല..
കവിതയുടെ സ്വാതന്ത്ര്യം പാട്ടിലില്ല എന്ന കാര്യവും നമ്മളോർക്കണ്ടെ
സ്വന്തം കൊട്ടാരം വെടിഞ്ഞ് കാട്ടില്‍ അഭയം പ്രാപിക്കേണ്ടിവന്ന പഴശ്ശീരാജയുടെ ആത്മവേദന തുളുമ്പുന്നില്ല ഈ വരികളില്‍ എന്നാണ് ഇളയരാജയുടെ പരാതി. ഒരു പക്ഷേ, ഇതായിരിക്കണം ഗാനത്തിന്റെ തീം എന്ന് ചിത്രത്തിന്റെ സംവിധായകന് ഓ.എന്‍.വി. സാറിനെ ധരിപ്പിച്ചിട്ടില്ലായിരുന്നിരിക്കണം. ഇളയരാജയാകട്ടേ അങ്ങനെയൊരു ഗാനത്തിന്റെ സംഗീതസംവിധാനം ആയിരുന്നിരിക്കണം മനസ്സില്‍ കണ്ടിരുന്നത്. ചിത്രസംവിധായകന്‍, ഗാനരചയിതാവ്, സംഗീതസംവിധായകന് - ഇവരുടെ ഇടയില്‍ ഒരു കമ്മ്യൂണിക്കേഷന്‍ ഗ്യാപ്പ് ഉണ്ടായോ?
ആരും എല്ലാം തികഞ്ഞവരല്ല. nothing more
വിമര്‍ശിക്കപ്പെടുക എന്നുള്ളത് മോശമായ ഒന്നാണോ?
[അങ്കിള്‍ said...
ഇളയരാജ ഒരു ട്യൂൺ ഉണ്ടാക്കി അതനുസരിച്ച് ഗാനം രചിക്കുമെന്നു പ്രതീക്ഷിച്ചു. ഗാനരചയിതാവ് ഓ.എൻ.വി യാണു. അദ്ദേഹം അദ്ദേഹത്തിന്റേതായ കവിത രചിച്ചു. അതിനു ഇളയരാജക്ക് ട്യൂൺ ചെയ്യേണ്ടിവന്നു. ഇളയരാജ കൊടുത്ത ട്യൂണിനനുസരിച്ച ഗാനം ഉണ്ടായില്ല. അതാണു യഥാർത്ഥ കാരണം.]
ഇതാണ് യഥാര്‍ത്ഥകാരണമെന്ന് അങ്കിളിനോട് ആരു പറഞ്ഞു? എന്ത് ആധികാരികതയാണ് അതിനുള്ളത്? “ഗാനരചയിതാവ് ഓ.എൻ.വി യാണു.“ എന്നതില്‍ ഒരു വിഗ്രഹവത്കരണം ഉണ്ടല്ലോ അങ്കിളേ? ഒ എന്‍ വി ട്യൂണിനരുസരിച്ച് എഴുതില്ല എന്നാണോ ധ്വനി? എങ്കില്‍ തെറ്റിപ്പോയി, സലില്‍ ചൌധരിക്കും ബോംബെ രവിക്കും നൌഷാദിനും വേണ്ടി ഒ എന്‍ വി ഒരുപാട് എഴുതിയിട്ടുണ്ട്, ട്യൂണ്‍ നല്‍കിയതിനു ശേഷം. പിന്നെ ഒരിക്കല്‍ പത്മരാജന്റെ ചിത്രത്തില്‍ ട്യൂണിനരുസരിച്ച് ഞാന്‍ എഴുതില്ല എന്ന് വാശി പിടിച്ചിട്ടുണ്ട്. കാരണം അതിന്റെ സംഗീതം പെരുമ്പാവൂര്‍ ജി. രവീന്ദ്രനാഥ് ആയിരുന്നു. ആളിനും ആളിന്റ്റെ വലിപ്പത്തിനുമനുസരിച്ച് ഓ എന്‍ വി പലപ്പോഴും പെരുമാറിയിട്ടുണ്ട്. (അതെ അഹങ്കാരം കൊണ്ടു തന്നെ)
ഇളയരാജ പറഞ്ഞത് അദ്ദേഹത്തിന്റെ ഫീല്‍ കൊണ്ടു തന്നെയാകണം. ആ വരികളില്‍ ഉള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. അതൊരു പക്ഷെ തെറ്റാകാം. അതിനെക്കുറീച്ച് ആധികാരികമായി പറയാന്‍ പറ്റുക പക്ഷേ, ഈ ചിത്രത്തിന്റെ സംവിധായകനും ഗാനരചയിതാവിനും മാത്രമായിരിക്കും. പക്ഷെ ഇവരുടെ മൌനം കാണുമ്പോള്‍ എനിക്കു തോന്നുന്നത് മറ്റൊരു കാര്യമാണ് :
പഴശ്ശിരാജ എന്ന ചിത്രം തമിഴില്‍ ഹിറ്റ് ആക്കാന്‍ വേണ്ടി എല്ലാവരും ചേര്‍ന്നു നടത്തുന്ന ഒരു നാടകമല്ലേ എന്ന്. കാരണം തമിഴ് സിനിമാപ്രസിദ്ധീകരണങ്ങളിലും ന്യൂസ് ചാനലുകളിലും ഇത് ഇപ്പോള്‍ ഒരു ഹോട്ട് ന്യൂസ് ആണ്.
വികടശിരോമണിയുടെ അഭിപ്രായങ്ങളും നിരീക്ഷണങ്ങളും നന്നായി. അഭിനന്ദാര്‍ഹമായ നിരീക്ഷണങ്ങള്‍.
പ്രീയ നാസെ,
ഓ.എൻ.വി. കവിത എഴുതുന്ന ആളാണെന്നു നിങ്ങളെപോലെ തന്നെ എനിക്കും അറിയാം. അദ്ദേഹം സിനിമക്ക് വേണ്ടിയും കവിത രചിക്കാറുണ്ട്. ആ കവിതകൾ സിനിമയുടെ സന്ദർഭത്തിനനുസരിച്ചാണെന്നാണു എന്റെ അറിവ്. ഏതെങ്കിലും ട്യൂൺ ഉണ്ടാക്കിയിട്ട് അതനുസരിച്ച് ഗാനം രചിക്കാറില്ലെന്നാണു അദ്ദേഹത്തോടടുത്ത് നിൽക്കുന്ന പലരിൽ നിന്നും ഞാൻ അറിഞ്ഞിട്ടുള്ളത്. (അദ്ദേഹത്തിന്റെ അഹങ്കാരം കൊണ്ടാകാം). ഏതായാലും, ഒരു കാര്യം അറിയാം. അദ്ദേഹം സിനിമക്ക് വേണ്ടി ഗാനം എഴുതാമെന്ന അഭ്യർത്ഥനയുമായി സിനിമാലോകത്തിലേക്ക് വന്നയാളല്ല. ആ രംഗത്തേക്ക് അദ്ദേഹത്തെ പലരും കൂട്ടികൊണ്ടുവന്നതാണു. കൂടുതൽ എഴുതുന്നില്ല. നാസിനറിയാവുന്നതു തന്നെയാവും കാര്യങ്ങളെല്ലാം.
പ്രീയ നാസേ,
ഒരു കാര്യം വിട്ടുപോയി. ഇളയരാജയുടെ നേരിട്ടുള്ള സംസാരം ഞാൻ ടി.വി യിൽ കൂടെയും കേൾക്കുകയുണ്ടായി. ആ സംസാരത്തിന്റെ സ്വരത്തിൽ തീർച്ചയായും അദ്ദേഹത്തിന്റെ ട്യൂണിനനുസരിച്ച് ഗാനം ഉണ്ടാക്കിയില്ലെന്ന പരാതി മുഴച്ച് നിന്നിരുന്നു.
യേൻ കടവുളേ...കാപ്പാത്തുങ്കോ..
മാറ്ററെല്ലാം കൈ വിട്ടു പോയാച്ചല്ലോ..
നാൻ ഇന്ത നാട്ട് പശലേ അല്ലൈ..!!
@ അങ്കിള്‍
“ഏതെങ്കിലും ട്യൂൺ ഉണ്ടാക്കിയിട്ട് അതനുസരിച്ച് ഗാനം രചിക്കാറില്ലെന്നാണു അദ്ദേഹത്തോടടുത്ത് നിൽക്കുന്ന പലരിൽ നിന്നും ഞാൻ അറിഞ്ഞിട്ടുള്ളത്.“
ഒ എന്‍ വി തീര്‍ച്ചയായും ട്യൂണുകള്‍ക്കനുസരിച്ച് വരികള്‍ എഴുതിയിട്ടുണ്ട്. ബോംബെ രവിയുടെ പല ഗാനങ്ങള്‍ക്കും അദ്ദേഹം ട്യൂണ്‍ കിട്ടിയതിനു ശേഷം തന്നെയാണ് കവിത (ഗാനം) എഴുതിയിട്ടുള്ളത്. ട്യൂണ്‍ നല്‍കിയിട്ട് ഗാനം എഴുതുന്നത് മോശം പ്രവൃത്തിയൊന്നുമല്ല. അതും നല്ല കാര്യമാണ്. മലയാളത്തിലെ ഒരുപാട് നല്ല ഗാനങ്ങള്‍ അങ്ങിനെ പിറവിയെടുത്തതുതന്നെയാണ്. ട്യൂണ്‍ നല്കി ഗാനം എഴുതുന്നത് മോശവും , എഴുതിയ വരികള്‍ക്ക് ട്യൂണ്‍ കൊടുക്കുന്നത് മികച്ചതും എന്നൊരു ധ്വനി അങ്കിളിന്റെ കമന്റിലുള്ളതുകൊണ്ടാണ് ഇങ്ങിനെ എടുത്തു പറയുന്നത്. (ഇളയരാജയുടെ ഈ വിവാദ പ്രസ്താവനയില്‍ തന്നെ, മുന്‍പ് പലപ്പോഴും ഓ എന്‍ വി തന്റെ ട്യൂണിനനുസരിച്ച് നല്ല ഗാനങ്ങള്‍ എഴുതിയീട്ടുണ്ട് [ഉദാ-തുമ്പീ വാ] എന്നു എടുത്തു പറഞ്ഞിരുന്നു)
ഇളയരാജ മലയാളത്തെക്കുറിച്ചോ മലയാളം അക്ഷരങ്ങളെക്കുറിച്ചോ അറിവില്ലാത്ത ആളൊന്നുമല്ല എന്ന് മുന്‍പ് തെളിയിക്കപ്പെട്ടിട്ടുള്ളതാണല്ലോ. സത്യന് അന്തിക്കാടിന്റെ ഒരു അഭിമുഖത്തില്‍ അത് വ്യക്തമായി പറയുന്നുണ്ട്, അദ്ദേഹത്തിന്റെ ‘രസതന്ത്രം’ എന്ന ചിത്രത്തിനു വേണ്ടി ‘ആറ്റിന് കരയോരത്തെ..’ എന്ന ഗാനം ചിട്ടപ്പെടുത്തിയപ്പോള്‍ ഗിരീഷ് പുത്തഞ്ചേരി അതിന് ‘ട്ട’ കാരം ആവര്‍ത്തിച്ചുവരുന്ന പല്ലവി ആയിരുന്നു എഴുതിയിരുന്നത്. അപ്പോള്‍ ഇളയരാജ തന്നെയാണ് ‘അതിഖരം ഉപയോഗിക്കണ്ട, ട്ട ആവര്‍ത്തിക്കുന്നതിനു പകരം കുറ്ച്ചു കൂടി മൃദു പദങ്ങള്‍ ഉപയോഗിക്കുന്നതാണ് നല്ലത്’ (ഓര്‍മ്മയില്‍ നിന്ന് എഴുതുന്നതാണ്) എന്ന നിര്‍ദ്ദേശം പറഞ്ഞത്. മലയാളത്തേയും അക്ഷരങ്ങളേയും അവയുടെ ഉപയോഗത്തെക്കുറിച്ചും സാമാന്യജ്ഞാനമെങ്കിലും ഇല്ലെങ്കില്‍ ഇങ്ങിനെയൊരു നിര്‍ദ്ദേശം വരില്ലല്ലോ.
ഗാനങ്ങള്‍ റെക്കോര്‍ഡ് ചെയ്യപ്പെടുന്നതിനു മുന്‍പ് പറഞ്ഞു തീരേണ്ടിയിരുന്ന ഒരു അഭിപ്രായ ഭിന്നത ഈ സമയത്ത് വന്നത് തികച്ചും അനുചിതമായെന്നേ പറയുവാനുള്ളു.
ട്യൂണിട്ടതിനു ശേഷം പാട്ടെഴുതിയാലും നേരേ തിരിച്ചായാലും
നല്ല ഗാനങ്ങളുണ്ടാകും ,ഇവിടെ പാട്ടെഴുത്തുകാരന്റെയും
സംഗീതസംവിധായകന്റെയും പ്രതിഭയാണ് പ്രധാനം.
സിനിമയിലെ സന്ദർഭമനുസരിച്ച് എങ്ങനെ വേണമെങ്കിലും
ചെയ്യാവുന്നതാണ്. ആദ്യം ട്യൂൺ ആണ് സൃഷ്ടിക്കപെടുന്നതെങ്കിൽ
അതിനനുസരിച്ച് കവിതയെഴുതുക എന്ന വെല്ലുവിളി യാണ് ഗാന
രചയിതാവ് ഏറ്റെടുക്കേണ്ടത്.ഇവിടെ മ്യൂസിക് ഡൈറക്ടർക്കാണ്
സ്വാതന്ത്ര്യം കൂടുതൽ.നേരെ തിരിച്ചാവുമ്പോൾ വരികൾക്ക് അനുയോ
ജ്യമായ ട്യൂൺ നൽകുക എന്നത് മ്യൂസിക് ഡൈറക്ടറുടെ വെല്ലുവിളി
ആകുന്നു.അപ്പോൾ,ഒരു ഗാനത്തിന്റെ കാര്യത്തിൽ ലിറിസിസ്റ്റിനോ
മ്യുസീഷ്യനോ ഒരു എക്സ്ട്രാ ഷേക്ക് ഹാൻഡിന് അവകാശമുണ്ട്
എന്നു വരുന്നു.പിന്നെ ഒരു ഗാനത്തിലെ വരികളെ കവിതയെ അളക്കുന്ന
മാനദണ്ഡങ്ങൾ വെച്ച് ഒരിക്കലും അളക്കരുത് ,ഗാനത്തിൽ ഗനഗംഭീരമായ
ആശയങ്ങളെക്കാൾ പ്രാധാന്യം സംഗീതാത്മാകമയ
വാക്കുകൾക്കാണ്.ശ്രവണസുഖത്തിനുവേണ്ടി അർഥവും ആശയവുമൊക്കെ
ഒരല്പം ബലികഴിക്കേണ്ടി വരും.. പിന്നെ,വരികൾ ആസ്വദിക്കുമ്പോൾ
അതിന്റെ സ്രഷ്ടാവിന്റെ രാഷ്ട്രീയവും വിശ്വാസപ്രമാണങ്ങളുമൊന്നും
കണക്കിലെടുക്കേണ്ട കാര്യമില്ല. അല്ലെങ്കിൽ ,വയലാറൊക്കെ എഴുതിയ
ഭക്തി ഗാനങ്ങൾ കേട്ട് നമുക്ക് ചിരിക്കാനെ നേരമുണ്ടാകൂ...
പ്രീയ നാസേ,
"എഴുതിയ വരികള്‍ക്ക് ട്യൂണ്‍ കൊടുക്കുന്നത് മികച്ചതും എന്നൊരു ധ്വനി അങ്കിളിന്റെ കമന്റിലുള്ളതുകൊണ്ടാണ് ഇങ്ങിനെ എടുത്തു പറയുന്നത്." അങ്ങനെ ഒരു ധ്വനി വന്നുപോയിട്ടുണ്ടെങ്കിൽ അത് എന്റെ ഭാഷയുടെ കുറവു കൊണ്ടാകണം. ഞാൻ അങ്ങനെ ഉദ്ദേശിച്ചിട്ടില്ല.
പല കമന്റുകളിലും കണ്ടതു പോലെ ഓ.എൻ.വി. യെ ഒരു പാട്ടെഴുത്തുകാരനായി കാണാൻ എനിക്ക് കഴിയുന്നില്ല. അദ്ദേഹം ആദ്യമായും അവസാനമായും ഒരു കവിയാണു. അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിൽ എനിക്ക് താല്പര്യവുമില്ല.
ഓ.എൻ.വി യും ഇളയരാജയും അവരവരുടെ ഫീൽഡിൽ മികവുറ്റവരാണു.
താരകൻ,
ചുവപ്പുകണ്ണട എനിക്കുണ്ട് എന്നതിൽ സംശയിക്കണ്ട.പക്ഷേ അതിലും കടുംചുവപ്പാർന്ന കണ്ണട അരനൂറ്റാണ്ടിലധികം വെച്ചുനടക്കുകയും,സകലസർഗ്ഗക്രിയകളിലും അതിന്റെ മുദ്രകൾ പതിപ്പിക്കുകയും.താനെന്നും ചുവന്നകണ്ണടവെച്ചുനടക്കും എന്നും,അതു വെച്ചു മാത്രം മരിക്കും എന്നും നിരവധി തവണ നിരവധി വേദികളിൽ പ്രഖ്യാപിക്കുകയും ചെയ്ത ഒരു കവിയെക്കുറിച്ചു പറയുമ്പോഴാണ് എന്റെ കണ്ണടയുടെ രക്തവർണ്ണം പ്രകടമാകുന്നത് എന്നതിൽ സന്തോഷമേയുള്ളൂ.
സൌന്ദര്യശാസ്ത്രത്തെപ്പറ്റിയുള്ള താങ്കളുടെ വീക്ഷണം വായിച്ചു.പൂവിന്റെ എങ്ങനെ ആസ്വദിക്കണം എന്നത് ആസ്വാദകന്റെ ഇഷ്ടമാണു ചങ്ങാതീ.അഥവാ രസമുൽപ്പാദിതമാകുന്നത് സഹൃദയന്റെ മനസ്സിലാണ് എന്നു പാരമ്പര്യഭാഷയിൽ,ഭരതോക്തിയായി പറയാം.ഏതു ഭാവനാവ്യാപാരത്തെയും-അതു കവിതയാകട്ടെ,സിനിമാഗാനമാകട്ടെ,ഇനി കൊടുങ്ങല്ലൂർ ഭരണിപ്പാട്ടാവട്ടെ-പല മാനങ്ങളിൽ സമീപിക്കാം.അതുകൊണ്ട് പൂവിനെ പൂവായി ആസ്വദിച്ചാൽ മതി എന്ന ലളിതവായനയൊന്നും മറുപടി അർഹിക്കുന്നില്ല.മരണം വരെ ചുവന്ന വഴിയേ നടക്കുന്ന ആ മഹാപ്രതിഭയെ,ഏതെങ്കിലും സമയത്ത് വിമർശിക്കുന്നത് അദ്ദേഹത്തെ അത്രമേൽ സ്നേഹിക്കുന്നതിനാലാണെന്ന് തിരിച്ചറിയാനുള്ള കണ്ണട പോലും താങ്കൾക്കില്ലാതെ പോയതിലുള്ള ഖേദത്തോടെ,
സ്നേഹപൂർവ്വം,
വികടശിരോമണി.
പ്രിയപെട്ട വികടശിരോമണീ,
വീണ്ടും ഇതു വഴിവന്നതിനു നന്ദി.പ്രൌഢഗംഭീരമായ ഓരോ കമന്റുകളിൽ
നിന്നും ഓ എൻ വി യോടുള്ളസ്നേഹം മാത്രമല്ല,കവിതയും സംഗീതവും
താങ്കളുടെ ആത്മാവിന്റെ തന്നെ ഭാഗമാണെന്ന് എനിക്ക് മനസ്സിലാകുന്നുണ്ട്.ഉപരിപ്ലവമായ
ഈ പോസ്റ്റിന് താങ്കൾ അഗാധതയുടെ ഭാഷയിലാണ് മറുപടി പറഞ്ഞത്.
പ്രസ്തുതവിഷയത്തെ പറ്റി ഏറ്റവും ആശയസമ്പുഷ്ടമായ കമന്റുകൾ എഴുതിയതും
താങ്കളാണ്.ഞാനൊരല്പം ഇറിറ്റേറ്റിംഗ് ടോണിൽ മറുപടി എഴുതിയിട്ടുട്ടുണ്ടെങ്കിൽ
ഒന്നു പ്രകോപിപ്പിക്കുകയും ,അങ്ങനെ താങ്കൾക്ക് എഴുത്തിനുള്ള ഊർജ്ജം
നൽകുകയും ചെയ്യുക എന്നതു മാത്രമായിരുന്നു ലക്ഷ്യം.എങ്കിലും ഒരു സംശയം
ബാക്കിയുണ്ട് കവിതയും കവിയും ഒന്നാണെന്ന് താങ്കൾ പലപ്പോഴും ഭ്രമിച്ചു
പോകുന്നില്ലേ?
എനിക്കാ പാട്ടും ഇഷ്ട്ടായി , ട്യൂനും ഇഷ്ടായി , വരികളും ...
ആ tune കേക്കുമ്പോ സങ്കടം വരും ....
പ്രത്യേകിച്ച് സ്വാതന്ത്ര്യമേ ....എന്ന വിളി ...
സ്വാതന്ത്ര്യ ത്തിനു വേണ്ടി യുള്ള ദാഹം , പ്രാണവായു കിട്ടാന്‍ എന്ന പോലെ ...
നന്നായി ഉള്‍ക്കൊള്ളുന്നുണ്ട് .....
പിന്നെ എന്തിനാണാവോ ഇവരൊക്കെ വഴക്കുകൂടുന്നെ
പിന്നെ ഇളയ രാജാവിന്റെ കാര്യം ...
വിനോദ യാത്രയിലെ അദ്യത്തിന്റെ പാട്ടുകലെക്കാള് ഒരുപാട് ഒരുപാട് നല്ലതാണ് ഇത് ...
കയ് എത്ത ദൂരത്ത് കാല് എത്തനമെന്നോ മറ്റോ ഉള്ള ഒരു പാട്ട് ഉണ്ടല്ലോ, എന്റമ്മേ ..
ഓര്‍ത്തിട്ടു പേടി ആവണ്!
ഓഹോ,അങ്ങനെയാണു കാര്യം.
താങ്കൾ വ്യക്തമാക്കിയില്ല എന്നു പറയുന്നതു കേട്ട് ഞാൻ വ്യക്തമാക്കിയപ്പോൾ,ആ കമന്റുകൾ തന്നെ കാണാനില്ലാതാവുന്നു.ഞാൻ ആദ്യമിട്ട കമന്റ് മാത്രം ആണ് ഇപ്പോൾ അവശേഷിക്കുന്നത്.
മിടുക്കൻ.നല്ല സംവാദം.എന്റെ സമയം കളഞ്ഞതിൽ സ്വയം പശ്ചാത്തപിക്കുന്നു.
ബൈ.
kollaam vaarhha vimarshana nireekshnam...
ചേച്ചിപെണ്ണേ, ഇഷ്ടപെട്ടുവല്ലേ? ഗുഡ്.‘ഇഷ്ടം’
ആണ് വെറുപ്പിനെക്കാൾ എന്തുകൊണ്ടും ഉത്കൃഷ്ടമായവികാരം...
വിജയലക്ഷമീ സ്വാഗതം..
വികടശിരോമണീ..പ്രിയസുഹൃത്തെ,അൽ വിദാ..
കാമ്പുറ്റ കമന്റുകൾക്കെല്ലാം നന്ദി...ഫിർ കഭീ മിലേംഗേ...
ഈ പോസ്റ്റ് കണ്ടിരുന്നു. ഒരു അഭിപ്രായം പറയുന്നതിനു പഴശ്ശിരാജയിലെ പാട്ടുകൾ കേൾക്കുക മാത്രമല്ല, ആ സിനിമ കാണേണ്ടതു കൂടി ആവശ്യമാണെന്നു തോന്നിയതിനാൽ ഇതു വരെ ഒന്നും പറഞ്ഞില്ല. ആ പാട്ടുകളേയും അവയുടെ സിനിമയിലെ സന്ദർഭത്തേയും കുറിച്ചുള്ള താരകന്റെ അഭിപ്രായമാണ് ഈ പോസ്റ്റ് എന്ന നിലയിൽ അത് ഞാൻ വായിച്ചു,ഇഷ്ടപ്പെട്ടു. പക്ഷെ, ഒ.എൻ.വി കവിതകളെ മൊത്തത്തിൽ ചുരുങ്ങിയ വാക്കുകളിൽ അവലോകനം ചെയ്തു എന്നെനിക്കു തോന്നിയ, എനിക്കു വളരേ ഇഷ്ടപ്പെട്ട ഒരു കമന്റ് [വികടശിരോമണിയുടെ] ഡെലീറ്റ് ചെയ്തത് കഷ്ടമായിപ്പോയി. ഇവിടെ വന്ന് ഈ പോസ്റ്റ് വായിക്കാൻ സാധ്യതയുള്ള മറ്റു വായനക്കാർക്കു വേണ്ടിയെങ്കിലും അതിവിടെ സൂക്ഷിക്കണമായിരുന്നു. ഒരു റിപ്ലൈ ഇടുന്ന ആളുടെ അഭിപ്രായസ്വാതന്ത്ര്യത്തിലേക്കുള്ള ഒരു കടന്നു കയറ്റം [ആ അഭിപ്രായം ആരോഗ്യകരമായിരിക്കുന്നിടത്തോളം]ആയിത്തീർന്നു ആ കമന്റ് നീക്കം ചെയ്യൽ എന്നതും ഖേദകരമായിപ്പോയി
ലക്ഷ്മീ ,കമന്റുകൾ നീക്കിയിരിക്കുന്നകാര്യം ഇപ്പോഴാണ്ഞാൻശ്രദ്ധിച്ചത്. ആ കമന്റുകൾ നീക്കം ചെയ്തത് ഞാനല്ല,അതിട്ട ആൾ തന്നെയായിരിക്കണം..അല്പം വൈകിയാണെങ്കിലും ഞാനവയെ അനുമോദിക്കുകയാണ് ചെയ്തിട്ടുള്ളത്.(എന്റെലാസ്റ്റ് കമന്റ് നൊക്കുക).തീർച്ചയായും അത് വളരെ നിലവാർമുള്ള കമന്റുകളായിരുന്നു.
പാട്ടും ട്യൂണും മോശമായിത്തോന്നിയില്ല.
'പകല്‍ക്കൊള്ള'എന്ന പ്രയോഗം വേണ്ടായിരുന്നു. സമാനതകള്‍ സ്വാഭാവികമാണു. തകഴിയുടെ 'ചെമ്മീന്‍' വിക്ടര്‍ ഹ്യൂഗൊവിന്റെ 'കിഴവനും കടലും'എന്ന നോവലിന്റെ മോഷണമാണെന്നു പറഞ്ഞവരുണ്ട് നമ്മുടെ കൂട്ടത്തില്‍. 'ആദിയുഷസ്സ്' വളരെ നല്ല ഗാനമായില്ല. ഒരു തുടക്കക്കാരന്റെ അവിദഗ്ധതപോലെ...ആര്‍ക്കാണു പിഴച്ചത്..? പിന്നെ എല്ലാ പ്രതിഭകളില്‍ നിനും നല്ലതേ ഉണ്ടാകാവൂ എന്നു നമുക്ക് പ്രതീക്ഷിക്കാം,പക്ഷെ സംഭവ്യമാകണമെന്നില്ല.
ഖാദർജീ, കിഴവനും കടലും ‘എഴുതിയത് ഹെമിംഗ് വെ അല്ലേ?.ഹ്യുഗോ പാവങ്ങൾ ,നോത്ര് ദാമിലെ കൂനൻ ഇവ കൂടാതെ കടൽ പാശ്ചാത്തലമാക്കി “ടോയ്ലേഴ്സ് ഓഫ് ദ സീ“
എന്ന ഒരു നോവലും എഴുതിയിട്ടുണ്ട്.ഈ രണ്ട് നോവലിനും ചെമ്മിൻ ആയിട്ട് ഒരു സാമ്യവുമില്ലതാനും...
ചങ്ങാതീ,
ഞാൻ ഇട്ട ഒരു കമന്റും ഞാൻ നീക്കിയിട്ടില്ല.അതു കൊണ്ടു തന്നെയാണ് “ഞാൻ സംയം വെറുതേ കളഞ്ഞതിൽ പശ്ചാത്തപിക്കുന്നു”എന്നു പറഞ്ഞ് നിർത്തിപ്പോയത്.താങ്കൾ ഡിലീറ്റിയതാണ് എന്നാണ് കരുതിയത്.അങ്ങനെയല്ല എന്നിപ്പോൾ താങ്കൾ പറയുന്നു.ഞാൻ ബ്ലോഗിങ്ങിൽ അത്ര പുതുമുഖമൊന്നും അല്ലല്ലോ.എല്ലാവർക്കുമറിയാവുന്നതാണ്,എനിക്കുത്തമബോധ്യമുള്ള കാര്യങ്ങളിലേ സംസാരിക്കാൻ ഞാൻ മുതിരാറുള്ളു.അതു കഴിഞ്ഞാൽ അതു ഡിലീറ്റുന്നത് എന്റെ വഴിയല്ല.ത്തരത്തിൽ ചെയ്യേണ്ട ഒന്നും ഞാനിവിടെ എഴുതിയിട്ടില്ല താനും.തികച്ചും സൌഹാർദ്ദപരമായാണ് നമ്മുടെ ചർച്ച പുരോഗമിച്ചിരുന്നത്.പിന്നെ ഞാനെന്തിന് എന്റെ കമന്റുകൾ ഡിലിറ്റ് ചെയ്യണം?അതു ഡിലിറ്റ് ചെയ്തുകണ്ടപ്പോഴാണ് ഞാൻ ഇനി ഒന്നും പറയാനില്ലെന്നു പറഞ്ഞ് നിർത്തിപ്പോയത്.ഇപ്പോൾ താങ്കൾ പറയുന്നു അത് താങ്കൾ അല്ല ഡിലെറ്റ് ചെയ്തത് എന്ന്.ഞാൻ തീർച്ചയായും അല്ല.പിന്നെ ആർക്കാണതു കഴിയുക?മനസ്സിലാവുന്നില്ല.
ഒന്നുകിൽ മനപ്പൂർവ്വമോ,അല്ലാതെയോ താങ്കളതു ഡിലിറ്റിയിരിക്കുന്നു.
അല്ലെങ്കിൽ താങ്കളുടെ പാസ്വേഡ് കളവുപോയിരിക്കുന്നു.
ഞാൻ സംയം വെറുതേ കളഞ്ഞതിൽ പശ്ചാത്തപിക്കുന്നു”
എന്നത്
ഞാൻ സമയം വെറുതേ-എന്നു തിരുത്ത്.
പ്രീയ വികടശിരോമണി,
രണ്ടുപേരം കുറ്റക്കാരല്ലെന്നു തോന്നുന്നു. ഈയിടെ ബ്ലോഗിൽ നിന്നും സ്വയം മാഞ്ഞുപോയ കമന്റുകളെപറ്റി ധാരാളം റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. ഗൂഗിളിനു പരാതിയും പോയിട്ടുണ്ട്. അടുത്തിടെ കണ്ടു തുടങ്ങിയ പ്രതിഭാസമാണിത്.
പ്രീയ വികടശിരോമണി,
താങ്കളുടെ ശ്രദ്ധ ഇവിടേക്ക് ക്ഷണിക്കുന്നു.
ഞാനല്ല!താനല്ല!! പിന്നെയാര്???
വിമർശിക്കപെട്ടതിൽ അസഹിഷ്ണുത പൂണ്ട സാക്ഷാൽ ഓ എൻ വിയോ? അതോ അദ്ദേഹത്തിന്റെ അന്ധനായ ഒരു ആരാധകനോ..??
വികടശിരോമണീ, കമന്റുകൾ കാണാനില്ലെന്ന് പറഞ്ഞപ്പോൾ താങ്കൾ ആലങ്കാരികമായി പറഞ്ഞതാണെന്നാണ് ഞാൻ ധരിച്ചത്.ലക്ഷ്മിയുടെകമന്റുകണ്ടപ്പോഴാണ് ഒരടായാളം പോലും ബാക്കിവക്കാതെ സുന്ദരമായ ആ കമന്റുകൾ,മാസ് കൂടിയ നക്ഷത്രങ്ങൾ സ്വയം ബ്ലാക്ക് ഹോൾ ആയി അപ്രത്യക്ഷമായതുപോലെ മാഞ്ഞുപോയ വിവരം ഞാനറിയുന്നത്.. .എന്തായാലും ഓ എൻ വി കവിതകളെ കുറിച്ചുള്ള ഒരു ആസ്വാദനമെഴുതാനും ആ കമന്റിലേക്ക് ഒരു ലിങ്ക് ഇടാനുമുള്ള എന്റെ പദ്ധതികൾ പാളിയെന്നു മാത്രമല്ല തുടർന്നെഴുതുവാൻ തന്നെയുള്ള എന്റെ മൂഡ് നഷ്ട പെട്ടിരിക്കുന്നു....
താരകന് സുഹ്രുത്തേ...ഉറക്കപ്പിച്ചില്‍ പറ്റിയ തെറ്റു ചൂണ്ടിക്കാട്ടിയതിനു വളരെ നന്ദി. എന്റെ പിഴവില്‍ ഞാന്‍ ലജ്ജിക്കുന്നു.
ഈ വാർത്ത ഞാനും ഇപ്പോഴാണ് ആദ്യമായി അറിയുന്നത്.അങ്കിളിനു നന്ദി.
താരകൻ-മൂഡ് പോകേണ്ട ആവശ്യമൊന്നും ഇല്ലെന്നെ.എന്റെ മെയിൽ ബോക്സിൽ ആ കമന്റ് സുരക്ഷിതമായി ഉണ്ട്.വീണ്ടും ആവശ്യമെങ്കിൽ ഇവിടെ എത്തിക്കാം.പോസ്റ്റ് ഉപേക്ഷിക്കണ്ട.
Post a Comment