Wednesday, November 25, 2009

ടോപ് ട്വന്റി ഇൻഡ്യൻ ക്ലാസ്സിക്സ്........

സിനിമയെന്ന സ്വപ്നവ്യാപാരത്തിന് ഇന്ത്യയിൽ ഒരു നൂറ്റാണ്ടിന്റെ പഴക്കമുണ്ട്.ദാദാഫാൽകെ
1913ൽ ആദ്യത്തെ മുഴുനീള സിനിമയായ രാജാഹരിശ്ചന്ദ്ര എടുത്തതിനു ശേഷം,ഇവിടെ ഉണ്ടായിട്ടുള്ള
സിനിമകളുടെ എണ്ണം പരിശോധിച്ചാൽ നമ്മുടെ രാജ്യമായിരിക്കും ലോകത്തിൽ ഒന്നാം സ്ഥാനത്ത് എന്നത്
തർക്കമില്ലാത്ത കാര്യമാണ്.(എണ്ണത്തിൽ നമ്മൾ എന്നും ഒന്നാമതായിരുന്നു(ജനസംഖ്യയിൽ,അതിൽ തന്നെ
തൊഴിലില്ലാത്തവർ,രോഗികൾ,ദരിദ്രർ എന്നിവരുടെ എണ്ണത്തിൽ,ഭാഷയുടെ എണ്ണത്തിൽ,നഗരങ്ങളുടെ ,ഗ്രാമങ്ങളുടെ..) ഗുണത്തിൽ ഏറ്റവും
പിറകിലും....). അതാതു രാജ്യങ്ങളിൽഇന്നു വരെ ഷൂട്ട് ചെയ്തിട്ടുള്ള ഫിലിം
റോളുകൾ നിവർത്തി ചേർത്തു വച്ചാൽ ഫ്രഞ്ച് കാർക്ക്
ഈ ഭൂമിയെ ഒന്നു രണ്ട് വട്ടം വലം വക്കാം.ഇംഗ്ലീഷ്കാർക്ക് ഒന്നു ചന്ദ്രനിൽ പോയി വരാം .
പക്ഷെ നമുക്ക് സൌരയൂഥവും കടന്നു പോകാം...
ഈ നവംബർ മുപ്പതിന് ഗോവയിൽ വെച്ച് നടക്കുന്ന അന്തരാഷ്ട്രചലചിത്ര മേളയിൽ
ഏറ്റവും മികച്ച ഇരുപത് ഇൻഡ്യൻ സിനിമകൾ- ഇരുപത് ക്ലാസ്സിക്കുകൾ, തിരഞ്ഞെടുക്കുന്നു.മറ്റുപ്രമുഖർ
ക്കൊപ്പം കേരളത്തിൽ നിന്ന് ശ്യാമപ്രസാദും, തമിഴ്നാട്ടിൽ നിന്ന് ചേരനുമുണ്ട്-ജുറിയംഗങ്ങളിൽ.
ഇൻഡ്യയിൽ കൂടുതൽ സിനിമകൾപ്രധാനമായും ഹിന്ദി ,ബംഗാളി
,മലയാളം,തമിൾ ,തെലുങ്ക് ഭാഷകളിൽ നിന്നാണ് ഉണ്ടായിട്ടുള്ളത്.
അങ്ങനെ പല ഭാഷകളിലായി ഒരു പാ‍ടു സിനിമകൾ ഇവിടെ ഉണ്ടായിട്ടുണ്ടെങ്കിലും,ഭൂരിഭാഗവും
സംഗീതം നൃത്തം ഫൈറ്റ് മെലോഡ്രാമ ഇതൊക്കെ ഒരു പ്രത്യേക ചേരുവകളിൽ ചേർന്ന കെട്ടുകാഴ്ചകൾ
മാത്രമായ മസാല പടങ്ങളാണ് എന്നതാണ് വസ്തുത. കാലത്തിനെ അതിജീവിക്കുന്നതാണല്ലൊ ക്ലാസ്സിക്.
ആ അർഥത്തിൽ ഇവിടെ വളരെ കുറച്ച് ‌-വിരലിലെണ്ണാവുന്ന- പടങ്ങളെ ഉണ്ടായിട്ടുള്ളൂ.
അതുകൊണ്ടാണ് മറ്റു ലോകരാഷ്ട്രങ്ങളിലൊക്കെ ബെസ്റ്റ് ഹൻഡ്രഡ് തിരഞ്ഞെടുക്കുമ്പോൾ
നമ്മളിവിടെ ബെസ്റ്റ് ട്വന്റിയിലൊതുങ്ങി പോയത്...
.. പക്ഷെ ,ഈ ഇരുപതു സിനിമകളില് നിന്നും ക്ലാസ്സിക് ഓഫ് ദ ക്ലാസിക്സ്
തിരഞ്ഞെടുക്കാൻ, അതായത് ടോപ്പ് വൺ തിരഞ്ഞെടുക്കാൻ ആർക്കും ബുദ്ധിമുട്ട് ഉണ്ടാകുമെന്ന്
തോന്നുന്നില്ല...തീർച്ചയായും അത് സത്യജിത് റേ യുടെ അപുത്രയത്തിലെ ‘പഥെർ പാഞ്ചലി’ആയിരിക്കും.
(എത്രയോ വർഷങ്ങൾക്ക് മുൻപ് കണ്ടതാണെങ്കിലും അതിലെ ഓരോ സീനുകളും ഇന്നും ഓർ
മ്മയിൽ മിന്നുന്നു.നിഷ്ചിന്തിപൂരിലെ, മിഠായി വില്പനകാരനും ബയോസ്കോപ്പുമായി “ദില്ലി ദേഖോ..
ആഗ്രാ ദേഖോ..” എന്നൊക്കെ വിളിച്ചുകൊണ്ട് പോകുന്ന ചിത്രപെട്ടികാരനും കടന്നു പോകുന്നതെരുവ്,
പെരുമഴയിൽ വീണു നനഞ്ഞുകിടക്കുന്ന നാളികേരം, പാൽകടൽ
പോലെ നോക്കെത്താദൂരം പൂത്തുകിടക്കുന്ന കാശപുൽ വയലിലൂടെ കുട്ടികൾ തീവണ്ടികാണു
വാനോടുന്നത്..ഭാദ്രമാസത്തിലെ മഴകാറ്റിൽ ഗണേശവിഗ്രഹം ഇളകുന്നത്.ഒടുവിൽ
ആളൊഴിഞ്ഞവീടിന്റെ വരാന്തയിലൂടെ അകത്തേക്ക് ഒരു വലിയസർപ്പമിഴഞ്ഞുമറിയുന്നതും..
അങ്ങനെ എത്രയെത്ര ക്ലാസിക് ഷോട്ടുകൾ...!!)
പിഷിയും സർബോജയും ,നിഷ്കളങ്കരായ അപുവും ദുർഗയും ഒന്നും
ഒരിക്കൽ ആ സിനിമ കണ്ടിട്ടുള്ള ആരുടെയും മനസ്സിൽ നിന്ന് മാഞ്ഞ് പോവുകയില്ല..
മലയാളത്തിൽ നിന്ന് ഒരു സിനിമയെങ്കിലും ഈ ടോപ് ട്വന്റിയിൽ ഇടം
കാ‍ണാതിരിക്കില്ല. ആദ്യത്തെ നറുക്ക് വീഴുന്നത് രാമുകാര്യാട്ടിന്റെ “ചെമ്മീനാ“യിരിക്കും
മികച്ച ഒരു സിനിമ എന്നതിലുപരി അതിന്റെ അണിയറ പ്രവർത്തകരിൽ ,സലീൽ ചൌധരി
ഋഷികേശ് മുഖർജീ എന്നി നോർത്തിഡ്യൻസിന്റെ സാന്നിധ്യം ആ സിനിമയുടെ ചാൻസ്
വർധിപ്പിക്കുന്നുണ്ട്. രാമുകാര്യാട്ട് സിനിമയെടുത്തുവെങ്കിലും എഡിറ്റിംഗ് ടേബിളിൽ ഋഷികേശ്
സിനിമ പുന:സൃഷ്ടിക്കുകയായിരുന്നല്ലോ!!
നിരവധി മികച്ച സിനിമകൾ ചെയ്തിട്ടുള്ള അടൂരിന്റെയോ അരവിന്ദന്റെയോ സിനിമകൾ
പരിഗണിക്കപെടുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല.ഒരു ക്ലാസ്സിക് സിനിമയായി പരിഗണിക്കപെടാൻ
സംവിധാന മികവിനേക്കാൾ പോപുലാരിറ്റി,സംഗീതം ഉൾപെടെ മറ്റുപല ഘടകങ്ങളും കണക്കിലെടു
ക്കേണ്ടി വരുമെന്നതിനാലാണിത്..ഇനി അഥവാ പരിഗണിക്കപെടുകയാണെങ്കിൽമിക്കവാറും അത് അടൂരിന്റെ ‘
“അനന്തരം“ആയിരിക്കും.
ഭരതൻ-എം ടി ടീമിന്റെ വൈശാലി’, എംടി-അജയൻ കൂട്ടുകെട്ടിന്റെ ‘പെരും തച്ചൻ
‘,അതു പോലെ ഫാസിലിന്റെ ‘മണിചിത്രതാഴ്’ എന്നീ സിനിമകൾക്കും സാധ്യതയുണ്ടെന്ന് ഞാൻ കരുതുന്നു.
(പുരാണത്തിൽ ,ഒന്നോരണ്ടൊ ശ്ലോകങ്ങളിൽ വെറുതെ സൂചിപ്പിക്കുന്ന ഒരു ഉപകഥ, സർഗ്ഗവിലാസത്താൽ
ഒരു അതിസുന്ദരമായ പ്രണയ കഥയായി മാറുന്ന കാഴ്ചയാണ് വൈശാലിയിൽ.ഒരു മിത്തിനെ സിനിമയിലെ
മുത്താക്കി മാറ്റുന്നു “പെരും തച്ചൻ“.വ്യത്യസ്തമായ ഒരു സൈക്കോളജിക്കൽ ത്രില്ലർ,ആസൂത്രിതമായതിരക്കഥ,
എടുത്ത എല്ലാ ഭാഷാകളിലും ഹിറ്റ്...ഇതൊക്കെയാണ് മണിചിത്രതാഴിന്റെ പ്ലസ് പോയന്റ്സ്..)
പിന്നെ ഹിന്ദിയിൽ നിന്ന് സാധ്യതയുള്ള ഫിലിമുകൾ ,പ്യാസാ(ഗുരുദത്ത്) മദർ ഇൻഡ്യ(മെഹ്ബൂബഖാൻ)
,ദോ ബീഗാ സമീൻ(ബിമൽ റോയ്), മുഗൾ എ ആസാം, കാഗസ് കെ ഫൂൽ .,ഷോലെ.
എന്നീ ചിത്രങ്ങൾക്കാണെന്നു തോന്നുന്നു . മറ്റൊരു ഷുവർ ചാൻസ് ഫിലിം അശുതോഷ്
ഗവാരെക്കറുടെ മോഡേൺ ക്ലാസിക് ആയ ലഗാൻ ആണ്.,
ബെനഗൽ , ഘട്ടക്,മൃണാൾ സെൻ ഇവരുടെ ഒന്നോരണ്ടോ ഫിലിമെങ്കിലും കാണാതിരിക്കില്ല..,അതു പോലെ കർണ്ണാടകത്തിൽ നിന്ന്
തബരനകഥ.. , (തമിഴിൽ നിന്ന് ഒരുപടം പോലും ഞാൻ പ്രതീക്ഷിക്കുന്നില്ല) പക്ഷെ ഇപ്പോഴും ഇരുപത്
ഫിലിം ആയിട്ടില്ല.. എന്റെ സിനിമാവിജ്ഞാനം പോരെന്നു തോന്നുന്നു .എങ്കിലും ഞാൻ സൂചിപ്പിച്ച സിനിമകളിൽ
എൺപത് ശതമാനവും മികച്ച ഇരു പതിൽ ഇടം കണ്ടെത്തും എന്ന് തന്നെയാണ് എന്റെവിശ്വാസം.ബൂലോഗത്ത്
നിരവധി ,ഫിലിം ബഫുകളുണ്ട്.ആരെങ്കിലും ഇതു വഴിവരികയാണെങ്കിൽ
വരുന്നതിങ്കളാഴ്ച(nov.30) പ്രഖ്യാപിക്കാൻ പോകുന്ന ഈ ഇരുപത് സിനിമകൾ മുൻ കൂട്ടി പ്രഖ്യാപിക്കാൻ( ഇരുപതു ഫിലിമുകളും
അക്കമിട്ടെഴുതണം) അവരെ ക്ഷണിക്കുന്നു.ബൂലോഗത്തെയും ഭൂലോകത്തെയും നിഗമനങ്ങൾ
എത്രമാത്രം ഒത്തുപോകുന്നു എന്നുകൂടി അറിയാനുള്ള കൌതുകം കൊണ്ടാണ്.

8 comments:

hshshshs said...

ഹി ഹി..ഈ ഇരുപതെണ്ണം ഏതൊക്കെയെന്നു പറയാൻ പറ്റില്ലെങ്കിലും താങ്കൾ പരാമർശിക്കാതെ വിട്ടുപോയ ഒരു ഭാഷാചിത്രത്തെ കുറിച്ചു ഞാൻ തീർത്തു പറയാം താരകാ..
ഒരു മറാത്തി ചിത്രം ഉൾപ്പെട്ടിരിക്കുമെന്നതു നൂറു തരം..നൂറരത്തരം !! അതുപോലെ തമിഴിൽ നിന്നും ഒരെണ്ണം ഉണ്ടായിരിക്കുന്നതാണു..(കിഴക്കു പോകും റെയിൽ?)
മലയാളത്തിൽ നിന്നും ഒന്നിലധികം ചിത്രം ആദ്യ ഇരുപതിൽ ഉൾപ്പെട്ടാൽ ഞാൻ തല മുണ്ഠനം ചെയ്യുന്നതായിരിക്കും എന്ന കാര്യവും ഇതിനാൽ അറിയിച്ചു കൊള്ളുന്നു..

ഷൈജു കോട്ടാത്തല said...

ഉണ്ടെന്നു പറയാന്‍ നാവ് കൊതിയ്ക്കുകയാണ്
പത്മരാജന്റെ,ഭരതന്റെ,അടൂരിന്റെ,അരവിന്ദന്റെ....
ഓരോന്നെങ്കിലും, എവിടെ.

കണ്ടില്ല ഞാനിതുവരെ
പന്തലിചെന്റെ പുരയ്ക്കു മീതെ
അതിരു കടന്നയലത്തുന്നു
വന്നു നില്ക്കുന്ന മരങ്ങളെ.

കണ്ടില്ല,
എവിടെ പോകുന്നെന്നു
മതിലിലിരുന്നു ചോദിയ്ക്കുന്ന
കുമ്പളത്തിന്റെ വള്ളിയെ.

ശ്രീ said...

ശരി... നോക്കാം

khader patteppadam said...

ഒന്നു പരീക്ഷിച്ചു നോക്കാന്‍ എനിക്കു ത്രാണിയില്ലാതെ പോയി... കാത്തിരിക്കുന്നു നവംബര്‍ 30നായി.

Readers Dais said...

Hi!

That was a nice piece of review analysis,hmmm films are of my interest too,but in such an authentic manner...something great from you,
anyway lets hope for the best...
I will be defeniely around

hshshshs said...

ഹി ഹി...എന്തായി?? ഞാനിവിടെ പനാജി കലാഭവനു ചുറ്റും കറങ്ങി നടക്കാൻ തൊടങ്ങീട്ട് നേരം കൊറേയായി...‘പശൂം ചത്തു മോരിലെ പുളീം പോയി’ വെല്ല വെവരോം കിട്ട്യോ? നമ്മടെ ടോപ് ടൊന്റിയെ പറ്റി??

താരകൻ said...

കിട്ടി കിട്ടി.. ഇന്റർനെറ്റ് വോട്ടെടുപ്പിലൂടെ പത്തുലക്ഷത്തിലധികം പേരുടെ അഭിപ്രായങ്ങൾ ഒരു വിദഗ്ദ ജഡ്ജിംഗ് പാനൽ പരിശോധിച്ചാണ്
ടി 20 തിരഞ്ഞെടുത്തത്..ഏറ്റവും കൂടുതൽ പേർ തിരഞ്ഞെടുത്തത്..ദുൽഹനിയാദിൽ വാലെ ലേ ജായേംഗേ എന്ന പടമായിരുന്നു എന്നാണ് കേട്ടത്.പക്ഷെ ജഡ്ജസ് അതു കൂട്ടാക്കിയില്ല..
ദ് റിസൾട്ട് ഈസ്.
1.മേഘാ ധക്കെ ധാരെ(ഋത്വിക് ഘട്ടക്)
2.ചാരു ലത.
3.പഥെർ പാഞ്ചാലി
4.ഷോലെ
5.ദോ ബീഗാ സമീൻ
6.മുഗൾ എ ആസാം
7.മദർ ഇന്ത്യ
8എലിപത്തായം
9.മധുമതി
10.ആനന്ദ്.....മുഴുവൻ ഓർമ്മവരുന്നില്ല. മലയാളത്തിൽ നിന്ന് ഒരു പടം മാത്രം..

താരകൻ said...
This comment has been removed by the author.