Saturday, September 26, 2009

പ്രണയ ലേഖനം...

ദൂരെ പട്ടണത്തിൽ നിന്നും നാട്ടിൻ പുറത്തെ
ബന്ധു വീട്ടിൽ വിരുന്നു പാർക്കാൻ വന്നകുട്ടീ,
പുസ്തകങ്ങൾ പുരാവസ്തുക്കളെ പോലെ
ഉറക്കം തൂങ്ങുന്ന,
നിശ്ശബ്ദതതയിൽ അക്ഷരങ്ങളുടെ കൂർക്കംവലി മുഴങ്ങുന്ന
ആളൊഴിഞ്ഞവായനശാലയിൽ വച്ചാണല്ലൊ
നമ്മളാദ്യം തമ്മിൽ കണ്ടത്...
ഒരു ടാഗോർ കവിതയിൽ നിന്ന്
ദേശാടനത്തിനു വന്ന കടൽ പക്ഷിയായിരുന്നു നീ
ഞാനോ, തിരകളാർക്കുന്ന തീരവും....
അലസം പിന്നിയിട്ട മുടിയും നിറപകിട്ടില്ലാത്ത
വേഷവുമാ‍യി സ്വന്തം സൌന്ദര്യത്തോട്
ഒരു ചിറ്റമ്മ നയവുമായി നടക്കുന്ന നിന്റെ
പേര് പക്ഷെ ലക്ഷ്മി എന്നായിരിക്കുമെന്ന് എനിക്ക് തോന്നി....
ആദ്യമായി നിന്റെ സ്വരം കേട്ടപ്പോൾ അത്
“സൌമ്യ “എന്നും ആവാമെന്ന് ഞാൻ കരുതി...
ലൈബ്രററി സൂക്ഷിപ്പുകാരനൊട് നീയെപ്പോഴും കവിതകൾ
ആവശ്യപെട്ടു..
അതുകൊണ്ടാവാം നീ നിലാവു മാത്രം ഭക്ഷിക്കുന്ന ഒരു ജീവിയെ
പോലെ വിളർത്തു കാണപെട്ടത്...
നമ്മൾ തമ്മിൽ തമ്മിൽ ഒന്നും മിണ്ടിയില്ല ,പക്ഷെ
പരസ്പര പ്രണയം പറയാതിരുന്നുമില്ല..
നിന്റെ കണ്ണിൽ പ്രത്യക്ഷപെടാൻ തുടങ്ങിയകരി മഷികറുപ്പിലും
മുടിയിൽ പുതുതായി വിടരാൻ തുടങ്ങിയ മുല്ലപൂവിൻ ഗന്ധത്തിലും
നിന്ന് ഞാനത് വായിച്ചെടുത്തു.. പക്ഷെ ഇടക്കുവച്ച്
നീ തീരമുപേക്ഷിച്ച് തിരികേപറക്കുകയായിരുന്നു...
അന്നു മുറിഞ്ഞ് പോയ വായന നാളുകൾക്ക് ശേഷം
ഒരു ലൈബ്രറി പുസ്തകത്തിൽ നിന്നും
ഇന്നു ഞാൻ കണ്ടെടുത്ത
നാലായി മടക്കി വച്ചിരിക്കുന്ന
ഒരു തുണ്ട് കടലാസിലെ
വരികളിലൂടെ പൂർണ്ണമാവുകയാണ്..
* * * ** * *** ***
“ താരകാ , താങ്കളൊരു തടവറയാണ് ..തടവു പുള്ളി ഞാനും
ഇന്നലെയുറക്കം വരാതെ അഴികൾക്കപ്പുറമിപ്പുറം
മിഴികളിൽ നോക്കിയിരുന്നൂ ഞങ്ങൾ;
അകത്തു ഞാനും പുറത്തെന്റെ നിഴലും
തടവറയുടെ താക്കോൽ എവിടെയെന്ന് ഞങ്ങൾ ക്കറിയില്ലായിരുന്നു....“

9 comments:

Anil cheleri kumaran said...

:)

നരിക്കുന്നൻ said...

അതേ താരകാ, താങ്കൾ ഒരു തടവറ തന്നെയാണ്. ആ തടവറക്കുള്ളിൽ ഇനിയും എന്നെ ബന്ധിയാക്കിയിടൂ. നിന്റെ നനുത്ത വരികൾ പൊറുക്കി എടുക്കാൻ. മനസ്സിലിട്ടു പലയാവർത്തി വായിക്കാൻ ഇനിയും നിന്റെ അക്ഷരക്കൂട്ടങ്ങൾക്കായി ഈ തടവറയിൽ ഞാൻ ഏകനായിരിക്കാം.

താരകൻ said...

സുസ്വാഗതം സുഹൃത്തെ നരിക്കുന്നാ,പക്ഷെ തടവറത്താഴിന്റെ താക്കോൽ .....

കണ്ണനുണ്ണി said...

അകത്തു ഞാനും പുറത്തെന്റെ നിഴലും
തടവറയുടെ താക്കോൽ എവിടെയെന്ന് ഞങ്ങൾ ക്കറിയില്ലായിരുന്നു....“

>> ആ ലൈബ്രറി ഹാളില്‍ എവിടെ എങ്കിലും പോയി നോക്കിയെ..വെച്ച് മറന്നു കാണും..:-)
കവിത ഇഷ്ടായിട്ടോ

khader patteppadam said...

പ്രണയമുള്ള 'പ്രണയ ലേഖനം'

Jenshia said...

നല്ല പ്രണയലേഖനം...

വയനാടന്‍ said...

വല്ല്യ പിടിയില്ലാത്ത വിഷയമായിട്ടും വായിച്ചു കഴിഞ്ഞപ്പോൾ ഒരു സുഖം
:):)

സ്വതന്ത്രന്‍ said...

അതുകൊണ്ടാവാം നീ നിലാവു മാത്രം ഭക്ഷിക്കുന്ന ഒരു ജീവിയെ
പോലെ വിളർത്തു കാണപെട്ടത്...

ഈ വരികള്‍ എനിക്ക് വളരെ ഇഷ്ടപ്പെട്ടു ...

എനിക്കും ഒരു ബ്ലോഗ്‌ ഉണ്ട് എന്റെ ബ്ലോഗ്

hshshshs said...

ഈ വരികൾക്ക് നല്ല ഭംഗിയുണ്ട്...
ഗദ്യമോ പദ്യമോ എന്നു തിരിച്ചറിയാൻ പറ്റണീല്ല..
എന്തു തന്നെയായാലും സൌന്ദര്യത്തിനൊട്ടും കുറവില്ല താനും..