ജീവിതമേ,
വസന്തങ്ങളെത്രയോ വാറ്റി
നീയെന്നും എന്റെ വീഞ്ഞു ഭരണികൾ നിറച്ചു..
സുന്ദരശില്പങ്ങൾ കൊത്തിയ ഗുഹാക്ഷേത്രത്തിലൂടെ
കൈ പിടിച്ചു നടത്തി,
എന്റെ രാത്രികളെ നീ
ഫാന്റ്സിയുടെ നീലപുൽപ്പാടങ്ങളിലേക്ക്
അഴിച്ചു വിട്ടു....
പക്ഷെ എന്റെ പകലുകളെ നീ
സദാചാരത്തിന്റെ കൂരക്കുള്ളിൽ തന്നെ തൊഴുത്തണച്ചു..
ഞാൻ കവിത കൊണ്ട് കലഹിച്ചപ്പോൾ
നൃത്തം തുടങ്ങും മുൻപ്
നീയവളിൽ നിന്ന്കാല്പനികതയുടെ
കാൽ ചിലമ്പുകളൂരി വാങ്ങി...
ആടകളും അലങ്കാരങ്ങളും അഴിച്ചെടുത്തു..
പിന്നെ നിർദയം വേദിയിൽ നിന്ന്
വേദനയുടെ വഴികളിലേക്കിറക്കിവിട്ടു...
നിന്റെ നഖപാടുകൾ എന്റെ ഹൃദയത്തിൽ
മുറിവിന്റെ അമ്പിളികലകളായി..
നീ നിലവിളക്കൂതിയിട്ടും
ഇവിടെ ശേഷിച്ച നേർത്ത വെളിച്ചം
ഒഴുകി പടർന്ന നിലാവല്ല,
എന്റെ നീലിച്ച രക്തമാണ്..
ഇതു തന്നെയാണ് ഇനി യെന്റെ തൂലികയിലെ മഷി..
ഇതുകൊണ്ടാണ് ഞാൻ നിനക്കിനി
പ്രേമലേഖനങ്ങളെഴുതാൻ പോകുന്നത്..
ഇതിൽ ,തുകലുപൊട്ടിയ ഒരു തബലയുടെ
ശിഥിലമായ അകമ്പടിതാളം നീ കേൾക്കും..
സിരകൾ മുറിഞ്ഞ സാരംഗിയുടെ
നോവുന്നൊരീണം നീയറിയും..
കണ്ണീർ കയത്തിൽ നിന്ന്
വലവീശിപിടിച്ച പരൽ മീനുകളെ പോലെ
നിന്റെ കാൽ കീഴിൽ കിടന്നുപിടക്കും ഇതിലെ
വാക്കുകളോരോന്നും...
Subscribe to:
Post Comments (Atom)
11 comments:
നന്നായിട്ടുണ്ട്. വ്യത്യസ്തമായൊരു വായനാനുഭവം
നീലിച്ച രക്തത്താല്‍ എഴുതിയ പിടയ്ക്കുന്ന വാക്കുകള്‍.മനസ്സിലെവിടെയോ ഒരു പിടച്ചില്‍.കൊള്ളാം താരകാ.നല്ല കവിത.
കവിതേ..,ചടുല നൃത്തമാടുക നീ വീണ്ടും
ഓഹോ
താരകാ,
“വലവീശിപിടിച്ച പരൽ മീനുകളെ പോലെ
നിന്റെ കാൽ കീഴിൽ കിടന്നുപിടക്കും ഇതിലെ
വാക്കുകളോരോന്നും“
ഹൃദ്യമായി.
.അതേ സമയം,
“ഇവിടെ ശേഷിച്ച നേർത്ത വെളിച്ചം
ഒഴുകി പടർന്ന നിലാവല്ല,
എന്റെ നീലിച്ച രക്തമാണ്.“
ഇതൊന്നുകൂടി പരിശോധിക്കാം; വെളിച്ചത്തിനും നിലാവിനും പകരം നിൽക്കുകില്ലല്ലോ നീലരക്തം!! ന്യായമുണ്ടെങ്കിൽ, നിൽക്കെട്ടെ.
ഗോപാൽ,ഹൃദയത്തിലെ അമ്പിളിതിരുമുറിവിൽ നിന്നൂറിയതുകൊണ്ടാവാം നീലിച്ചനിണം നിലാവുപോലെ തോന്നിച്ചത്..
കവിത കൊള്ളാം കേട്ടോ
പക്ഷെ തുടക്കവും അവസാനവും തമ്മില്‍ എന്തോ ഒരു പൊരുത്തക്കേട്.
ഒന്ന് കൂടി വായിച്ചു നോക്കിയിട്ട് തുടക്കം ഒന്ന് മാറ്റുക.ജീവിതമേ എന്നാ തുടക്കം.
എന്‍റെ എല്ലാ വിധ ആശംസകളും നേരുന്നു
ഷേർഷാ,
നിഷ്ഠൂരത കാണിച്ചിട്ടും,ഒരു പിടച്ചിലോടെ,പരിഭവത്തോടെ പ്രണയലേഖനം എഴുതുന്നത് ജീവിതത്തിന് തന്നെയാണ്..വെറുക്കുവാൻ നൂറുകാരണങ്ങളുണ്ടായിട്ടും ജീവിതപ്രണയം കൈവിടുന്നില്ല..അതിൽ അസാധാരണത്വം ഉണ്ടായിരിക്കാം..അപാകതയുണ്ടോ എന്നറിഞ്ഞു കൂടാ.
ത്രിസന്ധ്യ അല്ലേ ശരി?
കന്നിക്കൊയ്ത്തും ജീവിത നൈരന്തര്യവും ഓർമ്മ വന്നു...
വായിക്കാന്‍ സുഖമുള്ളതിനാല്‍ ആസ്വദിക്കാനും പറ്റി...
Post a Comment