Monday, November 9, 2009

അസമയത്തെ അതിഥി...

വെയിൽ ചാഞ്ഞതോടെ ആരംഭിച്ച തുലവർഷമഴ അല്പം മുമ്പാണ്
തോർന്നത്.ഇടിവെട്ടും കാറ്റുമുണ്ടായിരുന്നു.സന്ധ്യായായിട്ടും കരണ്ട്
വന്നിട്ടില്ല..ആകാശം തെളിഞ്ഞു; അപ്പോഴേക്കും സൂര്യൻ മറയാൻ
തുടങ്ങിയിരുന്നു. വെയിലില്ല എങ്കിലും വെളിച്ചമുണ്ട് .പക്ഷെ മുറിയിൽ
ഇരുട്ടും ഉഷ്ണവും അഭയാർഥികളെപൊലെ വന്നെത്തികഴിഞ്ഞു.
മെഴുകുതിരിയൊന്നും തപ്പിയിട്ട് കാണത്തതിനാൽ പഴയനിലവിളക്കിൽ
എണ്ണയൊഴിച്ച് കത്തിച്ചു.മുറിയിൽ പരന്ന അരണ്ടവെളിച്ചത്തിനൊപ്പം
ചുമരിൽ ഭയപെടുത്തുന്ന നിഴലുകളും പ്രത്യക്ഷപെട്ടു. വാലും,വലിയ തലയും
വവ്വാൽ ചിറകും ദംഷ്ട്രകളുമൊക്കെയുള്ള രൂപങ്ങൾ......
ഇരുട്ടായിരുന്നു ഇതിലും ഭേദം...
പുറത്ത് വാതിലിൽ ആരോ മുട്ടിയോ...? ഞാൻ വാതിലിലെ സ്പൈ ഗ്ലാസ്സിലൂടെ
പുറത്തേക്ക് നോക്കി ...ഇല്ല .പുറത്താരുമില്ല .
ഞാൻ തിരിച്ചു നടക്കാൻ തുടങ്ങുമ്പോൾ വീണ്ടും മുട്ടുകേട്ടു..
എന്തോ എനിക്ക് പതിവില്ലാത്ത ഒരു ഭയം അനുഭവപെട്ടു.ആരോ പുറത്തുണ്ട്.
സന്ധ്യയാകുമ്പോഴേക്കും ഇതാണവസ്ഥയെങ്കിൽ ഞാനീ രാത്രി എങ്ങനെ
കഴിച്ചു കൂട്ടും..
ആരായിരിക്കും ഈ അസമയത്തെ അതിഥി?വാതിൽ തുറക്കാനൊരു മടി
വീണ്ടും സ്പൈ ഗ്ലാസിലൂടെ തന്നെ എത്തിനോക്കി..ഇല്ല..ആരുമില്ല..ഗേറ്റ് വരെ
കാണാം ..അതടഞ്ഞു കിടക്കുകയാണ്..പക്ഷേ, വരാന്തയിലെ ചൂരൽ
കസേരയിൽ എന്തോഅനങ്ങുന്നുണ്ട്..ഒരു പൂച്ചയാണ് .കസേരയിൽ സുഖമായി
ഇരിപ്പാണ് ചങ്ങാതി.വാതിൽ തുറന്ന് അതിനെ ഓടിച്ചു വിടണോ? വേണ്ട പൂച്ചയാണെങ്കിലും
ഈ അസമയത്ത് ഒരു കൂട്ടായി അതവിടെ ഇരിക്കട്ടെ..
ഏതായാലും വിളക്കു കത്തിച്ചു വച്ചതല്ലെ ..ഒന്നു പ്രാർഥിക്കാം. പതിവുള്ളതല്ല..പക്ഷെ
ഒറ്റക്കാവുമ്പോൾ പല പതിവുകളും തെറ്റിക്കേണ്ടി വരുമല്ലോ.....
“....അർജുനൻ ,ഫൽഗുനൻ ,പാർഥൻ .....”
അർജുനന്റെ പത്തുനാമങ്ങളും കൃത്യം എണ്ണി കഴിഞ്ഞപ്പോൾ ,വീണ്ടും പുറത്ത് മുട്ട് കേട്ടു.ഇത്തവണ
വളരെ ഉച്ചത്തിലും വ്യക്തവുമാണ്..മൂന്നു തവണ മുട്ടി..ഒരു പൂച്ചയോ മറ്റോ വാതിലിൽ മാന്തി
ശബദമുണ്ടാക്കുന്നതു പോലെയല്ല..വിരൽ മടക്കി ആരോ അക്ഷമയോടെ മുട്ടിയതാണ്.
വാതിൽ തുറക്കുകതന്നെ.ബോൾട്ടിൽ കയ് വച്ച് ഒരല്പനേരം ശങ്കിച്ചു നിന്നതിനു ശേഷം
ഞാൻ പെട്ടെന്ന് വാതിൽ വലിച്ചു തുറന്നു.. അപ്പോൾ....................,
അപ്പോൾ എന്റെ മുഖത്ത് തറച്ചു നോക്കി നിൽക്കുകകയാണ് വർഷങ്ങൾക്ക്
മുൻപ് മരിച്ചുപോയ സർവ്വശ്രീ ഗോപാലൻ നായർ,............(തുടരും)
സുഹൃത്തുക്കളെ ഇതൊരു കഥയല്ല അപസർപ്പകം തീരെയുമല്ല.എന്റെ ജീവിത
ത്തിലുണ്ടായ സത്യ സന്ധമായ ഒരനുഭവമാണ്.പക്ഷെ വാതിൽ തുറക്കുന്ന ആ നിമിഷം
വരെ ഞാനനുഭവിച്ച ഭയമുണ്ടല്ലോ,അതു വല്ലാത്തതാണ്..
എനിക്കു തോന്നുന്നു ഇത്തരം ഭയങ്ങളാണ് അപസർപ്പക കഥകളുടെ ബീജം.
ഞാനൊരു കോനൻ ഡോയലോ കോട്ടയം പുഷ്പ നാഥോ എന്തിന് ഒരു തോട്ടുങ്ങൽ അദ്രമാനോ
ഒന്നുമല്ല.. പക്ഷെ ഒരു അപസർപ്പകൻ എന്റെ ഉള്ളിലും ഉണ്ട്.എനിക്ക് തോന്നുന്നു
കഥകൾ ഇഷ്ടപെടുന്ന എല്ലാവരുടെ ഉള്ളിലും ഇത്തരമൊരാളുണ്ടാകുമെന്ന്.
ഈ കഥ എന്റെ ഒരു സുഹൃത്തിനോട് പറഞ്ഞപ്പോൾ അദ്ദേഹത്തിനും ഇത്തരം
ഒരനുഭവമുണ്ടായതായി പറഞ്ഞു.പക്ഷെ അതിന്റെ കഥാഗതി തികച്ചും വ്യത്യസ്തമായിരുന്നു
ആ കഥയും ഈ കഥയും ഒക്കെ വിശദമായി തന്നെ പോസ്റ്റുന്നുണ്ട്.ആ അപസർപ്പകങ്ങളുടെ
ഒരു ട്രെയ്ലർ മാത്രമാണ് ഈ പോസ്റ്റ്.പിന്നെ ഇതു വായിക്കുന്ന ആർക്കെങ്കിലും ഇത്തരം
അനുഭവങ്ങളുണ്ടെങ്കിൽ അഥവാ നിങ്ങൾ അനുഭവസമാനമായ ഭാവനാസൃഷ്ടികൾ
മെനെഞ്ഞെടുക്കാൻ കഴിവുള്ളവരാണെങ്കിൽ ഇതിന്റെ ബാക്കി നിങ്ങൾക്കൊന്ന് ശ്രമിച്ച്
നോക്കാവുന്നതാണ്.such comments are most welcome. അതു സമാനമായ
അനുഭവം തന്നെയാവാം.(അപ്പോൾ തുടർന്നൊരു പോസ്റ്റിടുന്നതിന്റെ സമയം ലാഭിക്കാമല്ലോ)
ചിലപ്പോൾ അതുവ്യത്യസ്തവും സുന്ദരവും ആയിരിക്കാം (എങ്കിൽ ഒരു കഥക്കുള്ള പ്ലോട്ട്
അതിൽ നിന്നടിച്ചെടുക്കാമല്ലോ) എങ്ങനെയായാലും സന്തോഷം..........
പിന്നെ ,നേരത്തെ പറഞ്ഞ നോവലിസ്റ്റുകളിൽ ആദ്യത്തെ രണ്ടുപേരെ നിങ്ങൾക്ക്
പരിചയംകാണും.മുന്നാമത്തെ പേരു കേട്ടിരിക്കാൻ വഴിയില്ല.അർഹിക്കുന്ന അംഗീകാരം
കിട്ടാതെ ചരിത്രതാ‍ളുകളിൽ മറഞ്ഞു പോയ ‘തോട്ടുങ്ങൽ അദ്രമാൻ’എന്ന അപസർപ്പക
സ്പെഷ്യലിസ്റ്റിനെകുറിച്ച് ‘കഥബാക്കി’ ക്കൊപ്പം അടുത്ത പോസ്റ്റിൽ .....

12 comments:

Anil cheleri kumaran said...

ശരിയാണ്. ഇതു പോലത്തെ അനുഭവം ഇല്ലാത്തവരുണ്ടാകില്ല.

khader patteppadam said...

അപ്പോള്‍ അവിടെയും കൈവെയ്ക്കുകയാണല്ലെ.. നല്ലത്

രാജീവ്‌ .എ . കുറുപ്പ് said...

അപ്പോള്‍ പോരട്ടെ ബാക്കി, കാത്തിരിക്കുന്നു, പിന്നെ ഭയം എന്നും മനുഷ്യന്റെ കൂടെ ഉണ്ട്. എനിക്കും ഇത്തരത്തില്‍ കുറച്ചു അനുഭവം ഉണ്ടായിട്ടുണ്ട്.

ഹന്‍ല്ലലത്ത് Hanllalath said...

ബാക്കി കൂടി വായിക്കാന്‍ കഴിയുമെന്നു പ്രത്യാശിക്കുന്നു.

Typist | എഴുത്തുകാരി said...

എനിക്കു ഭയം കുറച്ചല്ല, നന്നായിട്ടു തന്നെ ഉള്ള കൂട്ടത്തിലാണ്. വാതിലു തുറന്നിട്ടെന്തായി എന്നറിയാന്‍ ഒരു ആകാംക്ഷ.

hshshshs said...

തീർത്തും അപ്രതീക്ഷിതമായ മഴയും കാറ്റും കണ്ട് പെട്ടെന്നു സാധനങ്ങളെല്ലാം വാങ്ങി വാരി വലിച്ചു സഞ്ചിയിലിട്ട് ഗോപാലൻ നായർ ചന്തയിൽ നിന്നും തിരിഞ്ഞു വേഗം നടന്നു. നഗരത്തിലെ മഞ്ഞവെളിച്ചത്തിൽ നിന്നും മുന്നിരുട്ടിലേക്കിറങ്ങിയപ്പോളാണു സമയം തൃസ്സന്ധ്യ കഴിഞ്ഞിരിക്കുന്നൂവെന്ന കാര്യം അയാളോർത്തത്.. അല്ലേലും വയസ്സായതിൽ പിന്നെ എപ്പോൾ നേരം വെളുക്കുന്നു എപ്പോൾ സന്ധ്യയാവുന്നു എന്നൊന്നും അയാളറിയാറില്ല..! അല്ലെങ്കിലും ഈ ഷോപ്പിങ്ങ് ഒരു സ്ഥിരം പരിപാടിയല്ല..ഇന്നിപ്പോൾ മോളും മരുമോനും വളരെ വൈകിയേ എത്തൂവെന്നും അഛനു വേണമെങ്കിൽ മാർക്കറ്റിൽ പോയി പച്ചക്കറിയും സാമാനങ്ങളും വാങ്ങി വരാമല്ലേ എന്നു മരുമോൻ രാധയോട് ചോദിക്കുന്നതും കേട്ട് സ്വയം താൻ ഒരു തീരുമാനം എടുക്കുകയായിരുന്നു..! നടത്തത്തിടയിൽ കഴിഞ്ഞ കാലങ്ങളിങ്ങനെ അയാളോർത്തു..ഭാരതി പോയതിൽ‌പ്പിന്നെ ഒരേയൊരു മോളുടെ കൂടെ താമസം മാറ്റിയിട്ടധികമായിട്ടില്ലല്ലോ..അല്ലെങ്കിലും തനിക്കൊട്ടും താൽ‌പ്പര്യമുണ്ടായിട്ടല്ല..അവരുടെ ഒറ്റ നിർബന്ധം !!
“ഞങ്ങൾ നഗരത്തിൽ പുതിയ ഒരു വീടെടുത്തു അച്ഛാ..സതീഷേട്ടന്റെ ഒരു പഴയ സുഹൃത്ത് വഴി ചുളുവിനൊത്തു കിട്ടിയതാ ഒരു 85 സെന്റിൽ ഒരു പഴയ നാലുകെട്ട് ..ടൌണിൽ നിന്നും 2 കിലോമീറ്ററെ ഉള്ളൂ..” എന്നെല്ലാം പറയുമ്പോൾ ഒരു തിളക്കം കുഞ്ഞുമോളുടെ കണ്ണിൽ ഗോപാലൻ നായർ കണ്ടിരുന്നു..അവൾക്കച്ഛനെ കൂടെ കൊണ്ടുപോകണം..ഒരേയൊരു മകളുടെ ആവർത്തിച്ചുള്ള പരിവേദനങ്ങൾക്കൊടുവിൽ താൻ തോറ്റുകൊടുക്കുകയായിരുന്നു എന്നു പറയുന്നതാവും കൂടുതൽ ശരി....ഭാരതി പോകുവോളം താൻ പിടിച്ച് നിന്നതു പിന്നീട് പറ്റിയില്ല എന്നും വേണമെങ്കിൽ പറയാം എന്നാലും പടിഞ്ഞാറെ അതിർത്തിയിൽ നിൽക്കുന്ന കൂറ്റൻ ആഞ്ഞിലിയും ആറു മുറികളും മട്ടുപ്പാവുമുള്ള ആ വലിയ നാലുകെട്ടും ഉള്ളിൽ ജനിപ്പിച്ച അകാരണ ഭയം മറച്ചു വെച്ചു കൊണ്ടല്ലേ ..കഴിഞ്ഞ മാസം താനിവിടെ താമസം തുടങ്ങിയത്..? അടുത്ത താമസക്കാരിലൊരാൾ പിന്നീടൊരു കഥയും പറഞ്ഞിരുന്നു..!അതായിരിക്കണം തന്നെ കൂടുതൽ അസ്വസ്ഥനാക്കിയത്..ഈ നാലുകെട്ടിൽ അവസാ‍നം താമസിച്ചിരുന്ന ഒരു കവിയെപറ്റി..പുറം ലോകവുമായി ഒരു ബന്ധവും വെച്ചുപുലർത്താത്ത ഒരു അസാധാരണ ജന്മം !! ആ നാലുകെട്ടിന്റെ അവസാനത്തെ അവകാശി !! എവിടേക്കോ പാലായനം ചെയ്തു പോയ ആളെ കുറിച്ച് നാട്ടുകാർക്കും ബന്ധുക്കൾക്കും ഒരു വിവരവും കിട്ടാത്തതിനെ തുടർന്നു വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ അമേരിക്കയിലെ ബന്ധുക്കളെടുത്ത ഒരു തീരുമാനം ..തന്റെ മകൾക്കും ഭർത്താവിനും ഒരു ലാഭമുള്ള ഇടപാടായിരുന്നോ? അറിയില്ല !
എങ്കിലും ഒരിക്കൽപ്പോലും തന്റെ ആശങ്കയും ഭയവും മകളോടയാൾ പറഞ്ഞിരുന്നില്ല..അവളുടെ ചെറിയൊരങ്കലാപ്പു പോലും അത്രയും അയാളെ വേദനിപ്പിച്ചിരുന്നു..അതോണ്ടായിരിക്കണം ആദ്യ ദിവസം തന്നെ പുറത്തേക്കു വാതിലുള്ള കിഴക്കെ മുറി തൂത്തു വാരുമ്പോൾ ഒഴിഞ്ഞ സിഗരറ്റ് കൂടുകൾക്കും കുപ്പിമൂടികൾക്കും ഇടയിൽ കണ്ട ആ ഫോട്ടോ പോലും അയാൾ മോൾക്കോ മരുമകനോ കാണിച്ചു കൊടുക്കാഞ്ഞത്. താടിയും മുടിയും വളർത്തിയ ചെറുപ്പക്കാരന്റെ ആ ദ്രവിച്ച ബ്ലാക്ക് ഏന്റ് വൈറ്റ് ഫോട്ടോയിലെ പൂച്ചക്കണ്ണുകൾ അത്ര മാത്രം ഭീതിദായകങ്ങൾ ആയിരുന്നല്ലോ..
ആലോചിച്ചാലോചിച്ച് വീടെത്തിയതറിഞ്ഞില്ല.. വീടിന്റെ ഗേയ്റ്റിൽ എത്തിയപ്പോൾ ഇടത്തേക്കയ്യിലെ കുടയെ ഉലച്ചുകൊണ്ടു വീശിയ കാറ്റിൽ മഴത്തുള്ളികൾ കുളിരുണ്ടാക്കി.അതോടൊപ്പം നെഞ്ചിലും ഒരു കുളിർ വീശിക്കൊണ്ട് എല്ലായിടത്തും വിളക്കുകൾ അണഞ്ഞതും പടിഞ്ഞാപ്പുറത്തു നിൽക്കുന്ന കൂറ്റൻ ആഞ്ഞിലിയുടെ പശ്ചാത്തലത്തിൽ ഒരു പ്രേത ഗ്രുഹം പോലെ ,ഒരു ഇടിമിന്നലിൽ, ആ പഴയ നാലുകെട്ടൊന്നു തെളിഞ്ഞു മങ്ങിയതും ഗോപാലൻ നായർ കണ്ടു.. ഒരു തരി നാട്ടുവെളിച്ചം പോലുമില്ല !
പൂമുഖപ്പടിയിലേക്കു കയറുമ്പോൾ വീണ്ടും ഉൾക്കുളിരുണ്ടാക്കിക്കൊണ്ട് ഒരു കാര്യം കൂടി അയാളുടെ ശ്രദ്ധയിൽ പതിഞ്ഞു..അകത്ത് നിന്നും ചെറിയൊരു പ്രകാശം പഴകിയ ജനൽ പ്പഴുതിലൂടെ പുറത്തേക്ക് അരിച്ചിറങ്ങുന്നു..
“പുറത്തേക്കിറങ്ങുമ്പോൾ താൻ വിളക്കു കത്തിച്ച് വെച്ചിരുന്നോ?“
പുറത്തു നിന്നു പൂട്ട് തുറന്ന് വാതിൽ തള്ളിയപ്പോൾ വീണ്ടും ഞെട്ടി അകത്തു നിന്നും കുറ്റിയിട്ടിരിക്കുന്നു !! ഇനി മക്കളെങ്ങാനും നേരത്തേ വന്നോ??
അയാൾ മുൻ വാതിലിൽ പതുക്കെയൊന്നു മുട്ടി..ഒരനക്കവുമില്ല !!
പതുക്കെ മുറ്റത്തേക്കിറങ്ങി..വടക്കെ വശത്തെ അടുക്കള ജനൽ തുറന്നാണിരിക്കുന്നത് അകത്തേക്കു നോക്കി ..അകത്താരോ വിളക്ക് കത്തിച്ചു വച്ചിരിക്കുന്നു..ആടുന്ന ദീപനാളത്തിൽ അകത്തെ നിഴലാട്ടങ്ങളും അയാൾ ജനലിലൂടെ കണ്ടു..
കൌമാരങ്ങളിലെന്നൊ കൈവിട്ടുപോയ ഭയമെന്ന വികാരം ഈ എഴുപതാം വയസ്സിൽ വീണ്ടും തലപൊക്കിത്തുടങ്ങിയതയാൾ അറിഞ്ഞു.
വീണ്ടും തിരിഞ്ഞു വന്നു എവിടേ നിന്നോ ആവാഹിച്ചെടുത്ത ധൈര്യം വെച്ചു പൂമുഖ വാതിലിൽ ഒന്നാഞ്ഞു മുട്ടി..!! പൂമുഖത്തെ കസേരയിൽ നിന്നും ഒരു പൂച്ച പെട്ടെന്നു ചാടി..അയാളുടെ ചങ്കിടിപ്പു കൂടി.. ഉള്ളിൽ നിന്നും ഒരു കാലൊച്ച അടുത്തു വരുന്നു..നോക്കി നിൽക്കെ പൂമുഖവാതിൽ മലർക്കെ തുറന്നു..!!
അകത്തെ ഇരുളിൽ രണ്ടു പൂച്ചക്കണ്ണുകൾ തിളങ്ങുന്നതു കണ്ടയാൾ ഞെട്ടിയില്ല !!

താരകൻ said...

കൊള്ളാം hs4..കഥയിലെ അവസാനത്തെ വാചകത്തിനോട് നീതി പുലർത്തിയിട്ടില്ലെങ്കിലും,വ്യത്യസ്തമായ മറ്റൊരു ഭാവന.
എന്നാലും വാദിയെ പ്രതിയാക്കി കളഞ്ഞല്ലൊ..!!
ഞാൻ ഒന്നുകൂടെ പറയട്ടെ,എന്റെ ഈ കഥയിൽ
പതിവില്ലാതെ ഞാനെന്ന കഥാപാത്രം വീട്ടിൽ തനിച്ചായപ്പോൾ ഉണ്ടായ ഭയമെന്ന വികാരം മാത്രമാണ് ഒരു നിഗൂഢത സൃഷ്ടിക്കുന്നത് ,ഇതിലെ ഗോപാലൻ നായർ എന്ന കഥാപാത്രം വർഷങ്ങൾക്ക് മുൻപ് മരിച്ചു പോയതാണെങ്കിലും,ഈ കഥയിൽ അല്പം പോലും അതിശയോക്തിയോ അസാധരണത്വമോ ഇല്ലെന്ന് ഞാൻ ആവർത്തിക്കുന്നു.ആർക്കുമുണ്ടാവാകാവുന്ന ഒരു സാധാരണ അനുഭവം മാത്രമാണിതെന്ന് കഥ പൂർണ്ണരൂപത്തിൽ വായിക്കുമ്പോൾ വ്യക്തമാകുന്നതാണ്.

ചിതല്‍/chithal said...

എന്തു തന്നെയായാലും ബാക്കികേള്‍ക്കാന്‍ കാതോര്‍ത്തിരിക്കുന്നു. എഴുതുമല്ലൊ.
അപസര്‍പ്പക കഥകള്‍ എന്നും ഒരു ഹരമാണു്. പക്ഷെ അവയുടെ തുടക്കം ഇങ്ങിനെയാവും എന്ന് എന്തോ എനിക്കങ്ങോട്ട്‌ അംഗീകരിക്കാന്‍ പറ്റുന്നില്ല.

ശ്രീ said...

കൊള്ളാം മാഷേ. അപസര്‍പ്പക കഥകള്‍ എനിയ്ക്കും ഏറെ ഇഷ്ടമാണ്.

ഗീത said...

എന്റെ കൃഷ്ണാ! ഇപ്പോള്‍ മണി 11.59 pm.
വാതില്‍ തുറന്നതു വരെ വായിച്ചു. ഇന്നിനി ഇതു തുടര്‍ന്നു വായിക്കാന്‍ ധൈര്യമില്ല. നാളെ പകലാവട്ടെ , ധൈര്യം സംഭരിച്ചു വായിക്കാം.

താരകൻ said...

എന്റെ സയൻസ് ടിച്ചറെ!സയൻസിനു നിരാക്കാത്ത ഒന്നും ഈ കഥയിലുണ്ടാവില്ലെന്ന് ഞാൻ ഉറപ്പ് തരുന്നു. കഥ മുഴുവൻപോസ്റ്റുമ്പോൾ മുഴുവനായി തന്നെ വായിക്കുക

തൃശൂര്‍കാരന്‍ ..... said...

ആശംസകള്‍..ബാക്കി കൂടി പോരട്ടെ...